Monday, December 31, 2007

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണം

ഒറീസയില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘ പരിവാര്‍ നടത്തിയ ആക്രമണം കേരളത്തിലെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഡല്‍ഹിയും കേരളവും ഉള്‍പ്പെടെ പലയിടങ്ങളിലും അക്രമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി നവീന്‍ പട്നായക് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ക്രിസ്മസ്പൂര്‍വ സന്ധ്യക്ക്‌ ആരംഭിച്ച അക്രമത്തില്‍ മുപ്പത് പള്ളികളും പള്ളിക്കൂടങ്ങളും കോണ്‍വെന്റുകളും പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടതായി അനൌദ്യോഗിക സംഘടനകള്‍ അറിയിച്ചു. നാല് ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു.

Sunday, December 30, 2007

പീപ്പിള്‍സ്‌ മാര്‍ച്ച് പത്രാധിപര്‍ ആശുപത്രിയില്‍

ഏഴ് വര്‍ഷമായി People's March എന്ന പേരില്‍ ഒരു മാസികയും വെബ് സൈറ്റും നടത്തിയിരുന്ന പി. ഗോവിന്ദന്‍കുട്ടിയെ ഡിസംബര്‍ 16നു പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്ര പ്രദേശത്ത് നിന്നുള്ള മാവോയിസ്റ്റ്‌ നേതാവ് മല്ലരാജ റെഡ്ഡിയെ ആ സംസ്ഥാനത്തുനിന്നു വന്ന ഒരു പൊലീസ് സംഘം ഈയിടെ ആലുവയില്‍ നിന്നു അറസ്റ്റ് ചെയ്തിരുന്നു. അതിനെത്തുടര്‍ന്നു എറണാകുളം പൊലീസ് കമ്മിഷണര്‍ നല്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഗോവിന്ദന്‍ കുട്ടിയുടെ താമസസ്ഥലം പരിശോധിക്കുകയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും മറ്റും എടുത്തുകൊണ്ട് പോവുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രാജ്യമൊട്ടുക്കുള്ള മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെയും മറ്റു തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ത്തകളും ലേഖനങ്ങളും പീപ്പിള്‍സ്‌ മാര്‍ച്ച് മാസിക പതിവായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ പ്രവര്‍ത്തനം തടയാനാണ് പൊലീസ് ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു.

ആലുവ മജിസ്ട്രെട്ടു കോടതി ഗോവിന്ദന്‍ കുട്ടിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടര്‍ന്നു അദ്ദേഹം നിരാഹാരവ്രതം ആരംഭിച്ചു. ആരോഗ്യനില വഷളായതിനാല്‍ പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് നീക്കിയതായി പീപ്പിള്‍'സ മാര്‍ച്ച് വെബ് സൈറ്റ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
അറുപതുകാരനായ ഗോവിന്ദന്‍ കുട്ടി ഒരു കേന്ദ്ര സ്ഥാപനത്തില്‍ എഞ്ചിനീയര്‍ ആയിരുന്നു. ഏതാനും കൊല്ലം മുമ്പ് അദ്ദേഹം ജോലി ഉപേക്ഷിച്ച് പീപ്പിള്‍സ്‌ മാര്‍ച്ച് മാസിക ആരംഭിക്കുകയായിരുന്നു.

Saturday, December 29, 2007

ഇന്‍ഫോസിസ് സി. ഇ. ഓ.യുമായി ചാറ്റ്

ഇന്‍ഫോസിസ് സി.ഇ.ഓ. എസ്. ഗോപാലകൃഷ്ണനുമായി 'ചാറ്റ്' ചെയ്യാനുള്ള അവസരം rediff.com നല്‍കുന്നു.

മലയാളിയായ ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസിന്‍റെ ഒരു സ്ഥാപക അംഗമാണ്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് അദ്ദേഹം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി നിയമിതനായത്.

ഡിസംബര്‍ 31 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞു 3 മണിക്കാണ് ചാറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് rediff site സന്ദര്‍ശിക്കുക: http://specials.rediff.com/money/2007/dec/29gkchat.htm

കാലിക്കറ്റ്‌ ഹെരിറ്റെജ് ഫോറം


വാസ്കോ ഡ ഗാമ 1498 മെയ് 21നു കോഴിക്കോട് നഗരത്തില്‍ പ്രവേശിച്ചതിന്‍റെ ചിത്രീകരണം.
കടപ്പാട്: www.angelfire.com

കോഴിക്കോടിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ്‌ ഹെരിറ്റെജ് ഫോറം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ഫോറത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: http://calicutheritageforum.googlepages.com/

Friday, December 28, 2007

കേരളീയം കൂട്ടായ്മ സഹായം തേടുന്നു

തൃശ്ശൂരില്‍ നിന്നു 1998ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കേരളീയം എന്ന സാംസ്കാരിക മാസിക 125 ലക്കങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പലപ്പോഴും നിലനില്‍ക്കാറില്ല. ആ നിലക്ക് ഏതാണ്ട് പത്തു കൊല്ലത്തില്‍ ഇത്രയും ലക്കങ്ങള്‍ ഇറക്കിയതിനെ ഒരു വലിയ നേട്ടമായി കാണണം. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിബദ്ധതയും സംഘടനാപാടവവും അഭിനന്ദനം അര്‍ഹിക്കുന്നു.

കേരളീയത്തിന്‍റെ പത്രാധിപര്‍ കെ. എസ്. പ്രമോദ് ആണ്. സഹായികളായി പേരു നല്‍കിയിട്ടുള്ളവരുടെ കൂട്ടത്തില്‍ എന്‍. ചന്ദ്രന്‍, ഡോ. ബേബി എ.എ., വി. എം. ഗിരിജ, ഷീബ അമീര്‍, എന്‍. പി. ജോണ്‍സണ്‍, വി. എസ്. ഗിരീശന്‍, രഫീഖ് അഹമ്മദ്, സി. ആര്‍. നീലകണ്ഠന്‍, അഡ്വ. ആശ, കെ. എസ്. സുബിദ്, അനിവര്‍ അരവിന്ദ്, ഡോ. എം. എച്ച്. ഇല്യാസ്, പ്രൊഫ. കുസുമം ജോസഫ് എന്നിവരുണ്ട്.

ഒട്ടേറെ പരിമിതികള്‍ക്കിടയിലും വിശാലമായ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ബദല്‍ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അതിന്റേതായ ഇടപെടലുകള്‍ നടത്താനും ഈ സമയം കൊണ്ട് കേരളീയത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശ്രദ്ധേയമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അതാത് സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം പ്രധാനപ്പെട്ട സമരങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും നേരിട്ടു പങ്കെടുക്കുവാനും കേരളീയം ശ്രദ്ധിച്ചിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും ജീവിക്കാനായുള്ള സമരങ്ങള്‍ക്കും പ്രാധാന്യം നല്കി നിലവിലുള്ള ലോക- കേരളീയ മാധ്യമ പരിസരത്ത് നീതിക്കു കൂടുതല്‍ ഇടം കിട്ടാന്‍ കേരളീയം ശ്രമിക്കുന്നു.

കേരളത്തിലെ ബദല്‍ ജനകീയ പ്രതിരോധ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പോതുവേടിയായി വളരാന്‍ അത് ശ്രമിക്കുന്നു. പ്രസിദ്ധീകരണത്തിന് പുറമെ കലവറ ഇക്കോഷോപ്, കേരളീയം പുസ്തകശാല എന്നിവയ്ക്കും കേരളീയം തുടക്കം കുറിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം വളര്‍ച്ചയ്ക്കും വികാസത്തിനും കേരളീയം കൂട്ടായ്മ സഹകരണം തേടുന്നു.

കേരളീയം കൂട്ടായ്മയുടെ അംഗത്വം: 10,000 രൂപ.
ആജീവനാന്ത വരിസംഖ്യ: വിദേശത്തേക്ക്: 8,000 രൂപ. ഇന്ത്യയില്‍ 5,000 രൂപ
വാര്‍ഷിക വരിസംഖ്യ: ഇന്ത്യയില്‍ 240 രൂപ, സ്ഥാപനങ്ങള്‍ക്ക് 400 രൂപ. വിദേശത്തേക്ക്: 1,000 രൂപ.

കേരളീയം താഴെ പറയുന്ന തരത്തിലുള്ള സംഭാവനകളും തേടുന്നു:
സാമഗ്രികള്‍/ ഉപകരണങ്ങള്‍: ഡിജിറ്റല്‍ റെക്കോര്‍ഡര്‍/ ടേപ്പ് റെക്കോര്‍ഡര്‍, ഡിജിറ്റല്‍ ക്യാമറ/ക്യാമറ, മൊബൈല് ഫോണ്‍, ഡിജിറ്റല്‍ ഡയറി, സിഡി, പെന്‍ഡ്രൈവ്.
കേരളീയം ഡോക്യുമെന്റേഷന്‍ സെന്ററിനു പുസ്തകങ്ങള്‍, പത്രമാസികകളുടെ വാര്‍ഷിക വരിസംഖ്യ സ്പോണ്‍സര്‍ ചെയ്യല്‍.
കലവറ ഇക്കൊഷോപ്പിനു ഗള്‍ഫിലും നാട്ടിലും പ്രദര്‍ശന സൌകര്യം, കൌണ്ടര്‍, ബിസിനസ് വിപുലീകരണത്തിന് സാമ്പര്തിക പങ്കാളിത്തം/ വായ്പ.
കേരളീയം പുസ്തകശാലയ്ക്ക് പുസ്തക പ്രസിദ്ധീകരണത്തിന് ധനസഹായം/ പലിശരഹിത വായ്പ.
ബന്ധപ്പെടേണ്ട മേല്‍വിലാസം:
Keraleeyam, Kokkaale, Thrissur-21.
Phone 0480-2720144, 9447674375
e-mail: keralaeeyamtcr@rediffmail.com

Thursday, December 27, 2007

സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍

ഒന്നരക്കൊല്ലം പിന്നിട്ടുകഴിഞ്ഞ സര്‍ക്കാരിനെ വിലയിരുത്തേണ്ടത് വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്.

അനംഗാരിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടണം: "ഈ ഭരണം നന്നാക്കമായിരുന്നു". ഈ സര്‍ക്കാരിന്‍റെ മുന്നില്‍ ഇനിയും നീണ്ട മൂന്നു വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നു. അത് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം.

കോണ്‍ഗ്രസ്‌ പഠിക്കേണ്ട പാഠം

ഈയാഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്നു കോണ്‍ഗ്രസ്‌ പഠിക്കേണ്ട പാഠത്തെ പറ്റി.

Please go to http://www.keralakaumudi.com/ and click on ഫീച്ചര്‍

Wednesday, December 26, 2007

മാവോയുടെയും സാംസ്കാരിക വിപ്ലവത്തിന്‍റെയും ഓര്‍മ്മപുതുക്കല്‍

മധുര മനോജ്ഞ ചൈന കേരളത്തിന് പ്രിയങ്കരമാണല്ലോ. അതുകൊണ്ട് ഒരോര്‍മ്മപ്പെടുത്തല്‍. ഇന്നു, ഡിസംബര്‍ 26, മാവോ സേതുങ്ങിന്‍റെ 114ആം ജന്മദിനം ആണ്.

കമ്മ്യൂണിസ്റ്റ് ലോകം മാവോയെ മറന്നു തുടങ്ങി. ചൈനയിലെ ഇംഗ്ലീഷ് പത്രമായ ചൈന ഡെയ്‌ലി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ പീപ്പിള്‍സ്‌ ഡെയ്‌ലി, കേരള സി. പി. എമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനി എന്നിവയുടെ വെബ് സൈറ്റുകളിലൊന്നും മാവോയെക്കുറിച്ച് ഒരു പരാമര്‍ശവും കണ്ടില്ല.

ഇരുപത് കൊല്ലം മുമ്പ് ബീജിംഗ് സന്ദര്‍ശിച്ചപ്പോള്‍ മവോയുടെ അന്ത്യവിശ്രമസ്ഥലത്ത് കണ്ടതിനേക്കാള്‍ നീണ്ട ക്യൂ മാക്ഡോനാള്‍ഡിനു മുമ്പില്‍ കാണുകയുണ്ടായി.

സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ അമേരിക്കന്‍ മീഡിയ എന്ന വാര്‍ത്താ ഏജന്‍സി ഏതാനും ദിവസം മുമ്പ് വിതരണം ചെയ്ത ഒരു റിപ്പോര്‍ട്ട് മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്‍റെ ഓര്‍മ്മ പുതുക്കി. സാംസ്കാരിക വിപ്ലവ കാലത്തെ അക്രമങ്ങളുടെ പ്രതീകമായി മാറിയ സൊങ് ബിന്‍ബിന്‍ എന്ന പെണ്‍കുട്ടി ഇപ്പോള്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞയാണത്രേ. Kerala Letter ഇംഗ്ലീഷ് ബ്ലോഗില്‍ ആ ഏജന്‍സി റിപ്പോര്‍ട്ടും ആ പെണ്‍കുട്ടിയുമായുള്ള മാവോയുടെ പടവും കൊടുത്തിട്ടുണ്ട്. ന്യൂ അമേരിക്കന്‍ മീഡിയയുടെ റിപ്പോര്‍ട്ടിലേക്കുള്ള ലിങ്കും അവിടെയുണ്ട്.

Tuesday, December 25, 2007

ചോദ്യങ്ങളും ഉത്തരങ്ങളും തുടരട്ടെ

"കേരളം ചോദിക്കുന്നു, നമുക്കും നല്‍കാം മറുപടി" എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

കമന്‍റ് നീണ്ടു പോയെന്നോര്‍ത്തു വിഷമിക്കേണ്ട കാര്യമില്ല, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി. ഇന്‍റര്‍നെറ്റ് വരികയും പത്രങ്ങള്‍ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ഉടമ സമീര്‍ ജെയിന്‍ പറഞ്ഞത് "സ്ഥലപരിമിതി മറികടക്കാന്‍ ഇത് അവസരം നല്കുന്നു" എന്നാണ്. പത്രങ്ങള്‍ നേരിടുന്ന ഒരു വലിയ പ്രശ്നം സ്ഥലപരിമിതിയാണല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുന്നതിലും അവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിലും എടുക്കുന്ന താല്‍പര്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.

ഭരണകൂടത്തിന്‍റെ പ്രകടനത്തില്‍ നിലനില്‍ക്കുന്ന അസംപ്തൃപ്തിയാണ് keralafarmer , ഫസല്‍, സുരലോഗ്, വഴിപോക്കന്‍ തുടങ്ങിയ സുഹൃത്തുക്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നത്.

മുന്നണി സമ്പ്രദായം കേരളത്തില്‍ വളരെക്കാലം നിലനിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരുത്തിയെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് ഇപ്പോള്‍ ഗുണത്തിലേറെ ദോഷം ചെയ്യുന്നു എന്നാണ് എന്‍റെ പക്ഷം. കഴിഞ്ഞ നാലോ അഞ്ചോ തെരഞ്ഞെടുപ്പുകളിലെ ഫലം നല്‍കുന്ന സൂചന ജനങ്ങളെ ഒറ്റ മനസ്സുള്ള ഒരു സമൂഹമായി കണ്ടാല്‍ ആര്‍ക്കും അഞ്ചു കൊല്ലത്തിലധികം കൊടുക്കേണ്ടെന്നു അവര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ്. അതിനെ ഒരു നല്ല തന്ത്രമായി കാണാവുന്നതാണ്. എന്നാല്‍ അത് ഇനിയും പ്രയോജനം ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തുടര്‍ച്ചയായി ഈ തന്ത്രം പ്രയോഗിച്ചതിന്‍റെ ഫലമായി തെരഞ്ഞെടുപ്പ് ഫലം ആര്‍ക്കും പ്രവചിക്കാവുന്ന ഒന്നായിരിക്കുന്നു. വോട്ടര്‍മാര്‍ എന്ത് ചെയ്യുമെന്ന് കൃത്യമായി അറിയാവുന്ന രാഷ്ട്രീയക്കാര്‍ അവരെ എന്തിന് ഭയപ്പെടണം? രാഷ്ടീയ നേതാക്കളെ അല്‍പമെങ്കിലും പേടിപ്പിച്ചു നിര്‍ത്താന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞാലേ ജനാധിപത്യം വിജയിക്കൂ.

നമുക്കു ചര്‍ച്ച തുടരാം. നമുക്കു ഇനിയും ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരങ്ങള്‍ നല്‍കാം.

Monday, December 24, 2007

സംഗീതസാന്ദ്രമായ ക്രിസ്തുമസ് പൂര്‍വസന്ധ്യ

സിംഫണി ടിവി യുടെ രണ്ടാം വാര്‍ഷികാഘോഷം ക്രിസ്തുമസ് പൂര്‍വസന്ധ്യ സംഗീതസാന്ദ്രമാക്കി. വിവിധ ചാനലുകള്‍ക്ക് സംഗീത പരിപാടികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഫണി.

മലയാള ഉപഗ്രഹ ടെലിവിഷന്‍റെ ആരംഭം മുതല്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന വി. കൃഷ്ണകുമാറാണ് സിംഫണിയുടെ മുഖ്യസാരഥി. ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അദ്ദേഹം അതിന്‍റെ കേബിള്‍ വിതരണ സംവിധാനത്തിന്‍റെ ചുമതലക്കാരനായിരുന്നു. പിന്നീട് കൈരളി ചാനലിന്‍റെ സി. ഇ. ഓ. ആയി. അതിന്‍റെ ഭരണകര്‍ത്താവ്‌ ആയിരിക്കുമ്പോള്‍തന്നെ ഒരു സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ട് കൃഷ്ണകുമാര്‍ പ്രേഷകശ്രദ്ധ ആകര്‍ഷിച്ചു. കൈരളി വിട്ടശേഷം സംഗീത പരിപാടികള്‍ നിര്‍മ്മിക്കാനായി അദ്ദേഹം സിംഫണി ടിവി തുടങ്ങി.

കഴിഞ്ഞ കൊല്ലം ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിംഫണി പി. ഭാസ്കരന് കലാസാഹിത്യ രംഗത്ത് നല്കിയ സേവനങ്ങളെ മാനിച്ച് ആജീവനാന്ത സേവന പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി. ഇത്തവണ സിംഫണി ഒ. എന്‍. വി. കുറുപ്പിനെ അതെ രീതിയില്‍ ആദരിച്ചു. പ്രധാനമന്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ ടി. കെ. എ. നായര്‍ ഒ. എന്‍. വിക്കു പുരസ്കാരം സമ്മാനിച്ചു.

രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം സിംഫണി സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച രംഗോലി പരിപാടിയുടെ 'ഗ്രാന്‍ഡ്‌ ഫിനാലെ' ആയിരുന്നു. രംഗോലി ഒരു റിയാലിറ്റി ഷോ ആണ്. എന്നാല്‍ ചാനലുകളില്‍ സാധാരണയായി കാണുന്ന ഷോകളില്‍ നിന്നു വ്യത്യസ്തതമായി "ഇത് മത്സരമല്ല, ആഘോഷമാണ്" എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. നാല്‍പത് കോളേജുകളില്‍നിന്നുള്ള 200 പേര്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. മോഹന്‍ലാലും കെ. എസ്. ചിത്രയും സമ്മാനദാനം നിര്‍വഹിച്ചു.

ചിത്രയുടെ ഗാനാലാപനത്തോടെ ആരംഭിച്ച കലാപരിപാടിയില്‍ രംഗോലിയില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പങ്കെടുത്തു.

വെള്ളത്തിനു കാശ് കൊടുക്കാത്ത പഞ്ചായത്തുകള്‍

കഴിഞ്ഞ കൊല്ലം കേരള വാട്ടര്‍ അതോറിറ്റിക്ക് വെള്ളം വിതരണം ചെയ്ത വകയില്‍ 732 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുണ്ടായിരുന്നത്. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നു കിട്ടാനുണ്ടായിരുന്നത് 61 കോടി രൂപയ്ക്ക് താഴെ മാത്രം. കുടിശ്ശികയുടെ നാലില്‍ മൂന്നും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെതായിരുന്നു.
വിശദവിവരങ്ങള്‍:
ഉപഭോക്തൃ വിഭാഗം കുടിശ്ശിക (കോടി രൂപ)
ഗാര്‍ഹികം 60.82 (8.31%)
ഗാര്‍ഹികേതരം 103.64 (14.15%)
വ്യാവസായികം 24.70 (3.37%)
പഞ്ചായത്ത് 255.41 (34.88%)
മുനിസിപ്പാലിറ്റി 153.95 (21.03%)
കോര്‍പറേഷന്‍ 133.71 (18.26%)

Saturday, December 22, 2007

കേരളം ചോദിക്കുന്നു, നമുക്കും നല്‍കാം മറുപടി

എല്‍. ഡി. എഫ്. സര്‍ക്കാര്‍ അതിന്‍റെ അഞ്ചു വര്‍ഷ കാലാവധിയുടെ മൂന്നിലൊന്നു പിന്നിട്ടിരിക്കുന്നു. ഈ വിവരം അറിയിച്ചുകൊ ണ്ട് കേരള കൌമുദി അറിയപ്പെടുന്നവരും അല്ലാത്തവരും ആയ പലരോടും സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു.

ഇന്നലെയും ഇന്നുമായി പലരുടെയും അഭിപ്രായം പത്രം അച്ചടിച്ചിട്ടുണ്ട്. അതില്‍ ചിലത് ഇങ്ങനെ (ഓരോരുത്തരും പറഞ്ഞത് മുഴുവന്‍ ഇവിടെ ഉദ്ധരിക്കുന്നില്ല):

ഡി. ബാബു പോള്‍: ഈ സര്‍ക്കാരില്‍നിന്നു ഒന്നും പ്രതീക്ഷിക്കാത്തതിനാല്‍ ഒരു നിരാശയുമില്ല.

ഷാജി എന്‍. കരുണ്‍,: പുതിയൊരു ഗവര്‍മെന്റിന്‍റെ പോരായ്മകളും പരിമിതികളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ സമയം ഇനിയുമുണ്ട്.

എസ്. ജോസഫ് (മലയാളം അദ്ധ്യാപകന്‍, മഹാരാജാസ് കോളേജ്, എറണാകുളം): പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു.

"കേരളം ചോദിക്കുന്നു" എന്ന തലക്കെട്ടിലാണ് പത്രം അഭിപ്രായങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ചിലരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മറുപടി പറയുന്നുമുണ്ട്.

സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനം നമുക്കും വിലയിരുത്താം. വായന ബ്ലോഗ് സന്ദര്‍ശകരുടെ അഭിപ്രായം ക്ഷണിക്കുന്നു. കേവലം Yes/No എന്നോ കൊള്ളാം/മോശം എന്നോ പറയാതെ കാര്യകാരണ സഹിതം അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്വന്തം ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ട് ഇവിടെ ലിങ്ക് കൊടുത്താലും മതി.

Friday, December 21, 2007

അനന്തമൂര്‍ത്തിയുമായുള്ള സംഭാഷണം

ജനശക്തി വാരിക ആവശ്യപ്പെട്ടതനുസരിച്ച് യു. ആര്‍. അനന്തമൂര്‍ത്തിയുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്‍റെ രണ്ടാം ഭാഗം ലക്കം 68 ല്‍: http://janashakthionline.com/newsdetails.php?id=190&mn=5
ഒന്നാം ഭാഗം: http://janashakthionline.com/newsissues/issue_67.pdf

ഐക്യരാഷ്ട്രസഭ വധശിക്ഷക്കെതിരെ

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി വധശിക്ഷക്ക് അവധി നല്‍കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ച 54 വോട്ടിനെതിരെ 104 വോട്ടോടെ പാസ്സാക്കി. വോട്ടെടുപ്പില്‍ നിന്നു 29 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇന്ത്യ പ്രമേയത്തിനെതിരായി വോട്ട് ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലോക സംഘടനയുടെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്ന കമ്മിറ്റിയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ 99 രാജ്യങ്ങള്‍ മാത്രമാണ് അനുകൂലമായി വോട്ട ചെയ്തത്. പൊതുസഭയില്‍ അനുകൂല വോട്ടിന്‍റെ കാര്യത്തിലെന്ന പോലെ പ്രതികൂല വോട്ടിന്‍റെ കാര്യത്തിലും രണ്ടിന്‍റെ വര്‍ദ്ധനവുണ്ടായി.

ലോക സമൂഹം ധീരമായ ഒരു തീരുമാനം എടുത്തിരിക്കുന്നതായി യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പിന്നീട് പറഞ്ഞു.

രണ്ടായിരം കൊല്ലം പഴക്കമുള്ള റോമിലെ കൊളോസ്സിയം പൊന്‍വെളിച്ചം തെളിച്ച് യു. എന്‍ വോട്ട് ആഘോഷിച്ചു. അറുപത് കൊല്ലം മുമ്പ് വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ് ഇറ്റലി. കൊളോസിയത്തിനു മുന്നില്‍ 1999ല്‍ വധശിക്ഷക്കെതിരായ നിരവധി പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. അതിനുശേഷം ലോകത്തെവിടെയെങ്കിലും വധശിക്ഷ സംബന്ധിച്ച് ഒരു നല്ല തീരുമാനമുണ്ടായാല്‍ ആഹ്ലാദം പ്രകടിപ്പിക്കാനായി കൊളോസ്സിയത്തില്‍ വെള്ള വെളിച്ചത്തിനു പകരം സ്വര്‍ണ വെളിച്ചം തെളിക്കുന്ന രീതി അധികൃതര്‍ സ്വീകരിച്ചു. ഏതെങ്കിലും രാജ്യത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍ മോചിപ്പിക്കപ്പെട്ടാലൊ അയാളുടെ ശിക്ഷ ഇളവു ചെയ്യപ്പെടുകയോ ചെയ്‌താല്‍ അവിടെ പൊന്‍ വെളിച്ചം തെളിയും.

കഴിഞ്ഞയാഴ്ച രണ്ടു ദിവസം പൊന്‍വെളിച്ചം ഉണ്ടായി. ആദ്യം അമേരിക്കയിലെ ന്യൂ ജേഴ്സി വധശിക്ഷ നിര്‍ത്തലാക്കിയതിന്‍റെ ആഘോഷമായിരുന്നു. പിന്നീട് യു. എന്‍. വോട്ടിന്‍റെ ആഘോഷം.

തിരുവിതാംകൂര്‍ മഹാരാജാവ് 1946 ല്‍ ഒരു വിളംബരത്തിലൂടെ വധശിക്ഷ നിര്‍ത്തലാക്കിയിരുന്നു. നാലു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. അതോടെ തിരുവിതാംകൂറില്‍ വധശിക്ഷ തിരിച്ചുവന്നു.

വധശിക്ഷ യഥാര്‍ത്ഥത്തില്‍ ഒരു ശിക്ഷയല്ല, പ്രതികാര നടപടിയാണ്. കണ്ണിനു കണ്ണ്, പല്ലിനു പല്ലു എന്ന പ്രാകൃത നിയമത്തിന്‍റെ തുടര്‍ച്ചയാണത്. ഹീന കുറ്റങ്ങള്‍ തടയാന്‍ വധശിക്ഷ കൂടുയേതീരൂ എന്ന് ധാരാളം പേര്‍ വിശ്വസിക്കുന്നു. എന്നാല്‍ വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂറില്‍ ഹീന കുറ്റങ്ങള്‍ കൂടിയിരുന്നില്ലെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

വധശിക്ഷ ഇല്ലാതിരുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മ കേരളീയര്‍, കുറഞ്ഞപക്ഷം തിരുവിതാംകൂറുകാര്‍ പുതുക്കേണ്ടതാണ്. ഒരു വധശിക്ഷ നടക്കുമ്പോള്‍ ഒരു പൊതു സ്ഥലത്ത് കൂടി മെഴുകുതിരി കത്തിച്ച് നമുക്കു വധശിക്ഷക്കെതിരായ വികാരം പ്രകടിപ്പിക്കാവുന്നതാണ്.

Thursday, December 20, 2007

മന്ത്രി വിദഗ്ദ്ധന്‍ ആകുമ്പോള്‍

സാമ്പത്തിക ശാസ്ത്രജ്ഞനായ കേരള ധന മന്ത്രി റോഡ് നവീകരണത്തിനുള്ള കെ. എസ്. ടി. പി. യില്‍ നടത്തിയ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാക്കിയ നഷ്ടവും ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരിതവും ആണ് ഈ ആഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച' പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നത്: അടുത്ത ഇനം പാപപരിഹാരം
Print Edition: http://www.kaumudi.com/print/dec20/page6.pdf

Wednesday, December 19, 2007

മാധ്യമ സിന്‍ഡിക്കേറ്റിനെതിരായ തെളിവുമായി ഒരു പുസ്തകം

GREAT MANIPULATIONS എന്ന ഇംഗ്ലീഷ് പേരുള്ള മലയാളം പ്രസിദ്ധീകരണത്തിനു പല സവിശേഷതകളുണ്ട്. ഒന്നു ഇത് കണ്ടാല്‍ മാസിക പോലെയുണ്ടെങ്കിലും മാസികയല്ല, പുസ്തകമാണ് എന്നതാണ്. ടാബ്ലോയ്ട് സൈസിലാണ് ഇറക്കിയിട്ടുള്ളത്. അതുകൊണ്ടാണ് മാസികയാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. പുസ്തകത്തിന്‍റെ ഉള്ളടക്കം പത്രവാര്‍ത്തകളാണ്. സാധാരണ പുസ്തകത്തിന്‍റെ വലിപ്പത്തിലാണെങ്കില്‍ വാര്‍ത്തയുടെ ഫോട്ടോകോപ്പി വായിക്കാന്‍ പ്രയാസമാകും എന്നതുകൊണ്ടാകണം സൈസ് വലുതാക്കിയത്. "സമാഹരണവും ഇടപെടലും ബ്ലയ്സ് ജയപ്രകാശ്" എന്ന ക്രെഡിറ്റ്ലൈനിലുമുണ്ട് പുതുമ.

പ്രസാധകര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: "കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലെ പാപപങ്കിലമായ നാളുകളെ മുള്ളാണികള്‍ കൊണ്ടു വിചാരണ ചെയ്യുന്ന പുസ്തകം."

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് നടത്തിയ സദാചാരവിരുദ്ധ ഇടപെടലുകള്‍ തുറന്നു കാട്ടുന്ന പുസ്തകം."

സി. പി. എമ്മിനെ തകര്‍ക്കാന്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നെന്ന ആരോപണം പാര്‍ട്ടി നേതൃത്വം ഏതാനും കൊല്ലങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. ചില മാധ്യമ സ്ഥാപനങ്ങളുടെയും ഒന്നോ രണ്ടോ പത്രാധിപന്മാരുടെയും പേരുകള്‍ പിണറായി വിജയനും മറ്റ് പാര്‍ട്ടി നേതാക്കളും പറഞ്ഞിട്ടുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ആരോപണം സ്ഥാപിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. ആ ചുമതലയാണ് ബ്ലയ്സ് ജയപ്രകാശ് ഏറ്റെടുത്തിരിക്കുന്നത്.

പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ഡോ. കെ. എം. ഷാജഹാന്‍ 'മീഡിയ സിന്ഡിക്കേറ്റിന്‍റെ പ്രഭവകേന്ദ്രമായി ആരോപിക്കപ്പെടുന്ന' വ്യക്തിയെന്ന നിലയില്‍ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വി. എസ്. അച്യുതാനന്ദന്‍റെ പ്രതിച്ഛായ‌യെ പരമാവധി പൊലിപ്പിക്കുകയും ഒപ്പം ഉള്‍പാര്‍ട്ടി സമരത്തില്‍ അദ്ദേഹത്തിന്‍റെ എതിരാളികളായി അറിയപ്പെടുന്നവരെ ഏത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനും ഉദ്ദേശിച്ചു നടന്ന അധാര്‍മ്മിക പ്രവര്‍ത്തനമാണ് മാധ്യമ സിന്‍ഡിക്കേറ്റ്‌ നടത്തിയതെന്നു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉദ്ധരിച്ച് തെളിയിക്കാനാണ് പ്രസാധകര്‍ ശ്രമിക്കുന്നത്.

പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും കൂടാതെ ചില ചാനലുകളെയും ചാനല്‍ പ്രവര്‍ത്തകരെയും കുറിച്ചും പരാമര്ശങ്ങളുണ്ട്. മലപ്പുറം പാര്‍ട്ടി സമ്മേളന കാലത്താണ് ഊന്നല്‍ കൊടുക്കുന്നതെന്കിലും ലാവലിന് അഴിമതി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ മറ്റു പലതും ഇതിലുണ്ട്.

പ്രസിദ്ധീകരണത്തിന്‍റെ പിന്നില്‍ സി. പി. എം ഔദ്യോഗിക നേതൃത്വത്തെ പ്രതിരോധിക്കുന്ന എതിര്‍ മാധ്യമ സിന്‍ഡിക്കേറ്റ്‌ ആണുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അത് ശരിയല്ലെന്ന് സൂക്ഷിച്ചു നോക്കുമ്പോള്‍ മനസ്സിലാകും. ഔദ്യോഗിക നേതൃത്വത്തില്‍ നിന്നു സാധാരണഗതിയില്‍ പ്രതീക്ഷിക്കാനാവാത്ത സൌമനസ്യം ചിലയിടങ്ങളില്‍ ഇത് പാര്‍ട്ടിയുടെ വിമര്ശകരോട് കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ " തികച്ചും അധാര്മ്മികമായ സംഘടനാ നടപടിയിലൂടെ" ആണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതെന്നു പറയുന്നുണ്ട്. അതുകൊണ്ടു അപ്പുക്കുട്ടന് പാര്ട്ടിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടു എന്നും. ഈ സൌജന്യം പാര്‍ട്ടി നല്‍കുന്നതാവില്ല, ജയപ്രകാശ് നല്‍കുന്നതാവണം.

എന്നെക്കുറിച്ചും ഒരു പരാമര്‍ശം ഇതിലുണ്ട്. അതിങ്ങനെ: "സി. പി. ഐ. (എം) രാഷ്ട്രീയത്തിന്‍റെ ഭാഗത്തല്ല ഒരു കാലത്തും ബി. ആര്‍. പി. ഭാസ്കര്‍ നിലകൊണ്ടിട്ടുള്ളത്. ഇ. എം. എസിന്‍റെ രാഷ്ട്രീയത്തോടും സംവരണ നയത്തോടും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വമായി കെ. എന്‍. ഗണേശ് ഇ. എം. എസിന്‍റെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ അപലപിക്കാന്‍ തയ്യാറായ വ്യക്തിയാണ് ബി. ആര്‍. പി. ഭാസ്കര്‍. മറ്റെല്ലാവരും ശ്രീനാരായണ ഗുരുവിന്‍റെ പേരു പറഞ്ഞപ്പോള്‍ കെ. എന്‍. ഗണേശ് മാത്രമാണ് ഇ. എം. എസിന്‍റെ പേരു നിര്ദ്ദേശിച്ചത്. അതിനെ ജനാധിപത്യപരമായി കാണാന്‍ കഴിയാത്ത കടുത്ത ഇ. എം. എസ്. വിരുദ്ധനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മാധ്യമ ഇടപെടലുകളെ ആദരവോടെയാണ് സമീപിക്കേണ്ടത്. എന്നാല്‍ സി. പി. ഐ. (എം) ന്‍റെ ഉള്‍പാര്‍ട്ടി സമരത്തില്‍ വി. എസ്. പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഇദ്ദേഹം നടത്തുന്ന 'നിഷ്പക്ഷ' ഇടപെടലുകള്‍ കേരള കൌമുദിയുടെ ഇടപെടലുകള്‍ പോലെ സംശയാസ്പദമാണ്."

ബ്ലയ്സ് ജയപ്രകാശിന്‍റെ ഇടപെടല്‍ എങ്ങനെയാണ് കാണേണ്ടത്? പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിലരുടെ താല്പര്യമാണ് ഈ പ്രതിരോധ ശ്രമത്തിനു പിന്നിലെന്ന് തോന്നുന്നു. ഇവിടെ കൊല്ലം ബന്ധം പ്രസക്തമാകുന്നു. പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ച പഴയ പത്രവാര്‍ത്തകളും ലേഖനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകം കാണുക. നേതൃത്വത്തോടൊപ്പം നില്‍ക്കുന്നവരുടെ വിശ്വാസം ഉറപ്പിക്കാന്‍ ഈ തെളിവുകള്‍ക്ക്‌ കഴിയും. മറ്റുള്ളവര്‍ക്ക്‌ ഇത് ആരോപണത്തിന് മതിയായ തെളിവായി കാണാന്‍ പ്രയാസമുണ്ടാകും.

നല്ല ആര്‍ട്ട് പേപ്പര്‍ കവര്‍ ഉള്ള പുസ്തകത്തിന്‍റെ വില 80 രൂപയാണ്.
പ്രസാധകര്‍: BLAZE Publications, Mangadu PO, Kollam 15

Tuesday, December 18, 2007

'ദയവായി വരിസംഖ്യ അയക്കരുത്'

'ദയവായി വരിസംഖ്യ അയക്കരുത്'. ഇങ്ങനെയൊരു അപേക്ഷ ഒരു പ്രസിദ്ധീകരണത്തില്‍ ഈയിദെ കണ്ടു. കോഴിക്കോട് നിന്നു എ. പി. കുഞ്ഞാമു, ടോമി മാത്യു, സിവിക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു ഇറക്കുന്ന പാഠഭേദം എന്ന പ്രസിദ്ധീകരണത്തിലാണ് ഈ അറിയിപ്പ് വന്നത്. അതിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

തോന്നുമ്പോള്‍ ഇറങ്ങുന്ന ഒരു പ്രസിദ്ധീകരണത്തിന് നിങ്ങളെന്തിനു വരിസംഖ്യയും സംഭാവനയുമയക്കണം? തുടര്‍ച്ചയായി ഇറങ്ങാതെ ദയവായി പാഠഭേദത്തിനു വരിസംഖ്യ അയക്കരുത്. വായനക്കാര്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ മേലും സമ്മര്‍ദം ചെലുത്താനാവണം, അല്ലേ?
പാഠഭേദം, കസ്റ്റംസ്‌ റോഡ്, കോഴിക്കോട് - 32 . Ph: 2384073, 2765783


കേരളത്തില്‍ ബദല്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സംവിധാനങ്ങള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്ന പലരും പതിവായി ഈ പ്രസിദ്ധീകരണത്തില്‍ എഴുതാറുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനം മുകളില്‍ കൊടുത്ത അറിയിപ്പിലുണ്ട്. മാസിക പതിവായി ഇറങ്ങാത്തതുകൊണ്ട് ആളുകള്‍ വരിസംഖ്യ അയക്കില്ല. വരിസംഖ്യ കിട്ടാതതുകൊണ്ട് സമയത്ത് മാസിക ഇറക്കാനാവില്ല.
താല്പര്യമുള്ളവരുടെ അറിവിലേക്കായി പറയട്ടെ, പാഠഭേദത്തിന്‍റെ ഒറ്റ പ്രതി വില 10 രൂപയാണ്.

Monday, December 17, 2007

ഇടക്കാല ആശ്വാസത്തിനായി പത്രപ്രവര്‍ത്തകരുടെ സമരം

കേരള യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റിന്‍റെയും ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഇന്നു ഒരു ഉപവാസ സമരം നടന്നു.

സമരം ഞാന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തശേഷം പിരപ്പന്‍കോട് മുരളി (സി.പി.എം), വി. എസ്. ശിവകുമാര്‍ (കോണ്ഗ്രസ്) തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ അഭിവാദനം അര്‍പ്പിച്ചു.

ഒന്നാം പ്രസ്സ് കമ്മിഷന്‍റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമ്പതില്‍പരം വര്‍ഷം മുമ്പ് കേന്ദ്രം പാസ്സാക്കിയ നിയമം അനുസരിച്ചാണ് പത്രപ്രവര്‍ത്തകര്ക്കായി വേജ് ബോര്‍ഡ് ഉണ്ടാക്കുന്നത്. മുന്ജഡ്ജി അദ്ധ്യക്ഷന്‍ ആയുള്ള ബോര്‍ഡില്‍ പത്ര ഉടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികള്‍ കൂടാതെ നിഷ്പക്ഷരായ അംഗങ്ങളും ഉണ്ടാകും.

ഈ നിയമപ്രകാരം രൂപീകരിച്ച ആദ്യ ബോര്‍ഡിലെ പത്രപ്രവര്‍ത്തകരുടെ രണ്ടു പ്രതിനിധികളില്‍ ഒരാള്‍ പില്ക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായ ആര്‍. വെങ്കടരാമന്‍ ആയിരുന്നു. അക്കാലത്ത് മദിരാശിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന വക്കീലായിരുന്നു അദ്ദേഹം.

മൂന്നു കൊല്ലത്തില്‍ ഒരിക്കല്‍ വേജ് ബോര്‍ഡ് രൂപീകരിക്കണമെന്നാണു ആദ്യം നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് കാലപരിധി എടുത്തുകളഞ്ഞു. അതിനുശേഷം നിരന്തരം ആവശ്യപ്പെട്ടശേഷമെ ബോര്‍ഡ് രൂപീകരിക്കാറുള്ളു.

ഏതാനും കൊല്ലത്തെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിയമം ഭേദഗതി ചെയ്തു പത്രപ്രവര്‍ത്തകരല്ലാത്ത ജീവനക്കാര്ക്കു വേണ്ടിയും ബോര്‍ഡ് ഉണ്ടാക്കാന്‍ തുടങ്ങി. ഒരേ ചെയര്‍മാന്‍റെ കീഴില്‍ പ്രത്യേകം ബോര്ഡുകള്‍ ഉണ്ടാക്കുകയാണു ചെയ്യുന്നത്.

കഴിഞ്ഞ ബോര്ഡുകള്‍ 1999ലാണു റിപ്പോര്‍ട്ട് നല്കിയത്. ഏതാനും കൊല്ലങ്ങളായി പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടതിന്‍റെ ഫലമായി കഴിഞ്ഞ കൊല്ലം ജ. നാരായണ ക്കുറുപ്പ് അദ്ധ്യക്ഷനായി പുതിയ ബോര്ഡുകള്‍ രൂപീകരിച്ചു. അതിനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു യൂണിയനുകള്‍ ഇടക്കാല ആശ്വാസ നടപടി ആവശ്യപ്പെടുന്നത്.

സര്‍ക്കാരിനും ബോര്‍ഡിനും ആത്മാര്ത്ഥതയുണ്ടെങ്കില്‍ കഴിഞ്ഞ ബോര്‍ഡ് പ്രവര്ത്തിച്ച കാലത്തിനുശേഷം വില സൂചികയില്‍ ഉണ്ടായ ഉയര്ച്ചയുടെ അടിസ്ഥാനത്തില്‍ ഇടക്കാല ആശ്വാസം നല്കാന്‍ ഉത്തരവ് ഇടാവുന്നതേയുള്ളു. ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും വേജ് ബോര്‍ഡുകളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Sunday, December 16, 2007


കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായ CUSAT ന്‍റെ വൈസ് ചാന്‍സലര്‍ ആയി നിയമിതനായ ഡോ. ഗംഗന്‍ പ്രതാപ്‌ കേരളത്തിനകത്ത്‌ അറിയപ്പെടാത്ത കേരളീയനാണ്‌.


ഇപ്പോള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഗവേഷണ കൌണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലെ Centre for Mathematical Modelling and Computer Simulation ന്‍റെ മേധാവിയായ പ്രതാപ്‌ മികച്ച ശാസ്ത്രജ്ഞനാണ്. മദിരാശിയിലെ ഐ. ഐ. ടി.യില്‍ നിന്നു എരോനാട്ടിക്കല്‍ ഇഞ്ചിനീയറിംഗില്‍ ബിരുദം എടുത്തശേഷം ബാംഗ്ലൂരിലെ നാഷണല്‍ എരോനാട്ടിക്കല്‍ ലബാറട്ടറിയില്‍ ചേര്‍ന്നു.

മാധ്യമം ദിനപ്പത്രത്തിന്‍റെ ഇന്നത്തെ ലക്കത്തില്‍ (ഡിസംബര്‍ 16) പ്രസിദ്ധീകരിച്ചിട്ടുള്ള "ഈ മലയാളി ഇനി തേരാളി" എന്ന ലേഖനത്തില്‍ എം. പി. ശ്യാംകുമാര്‍ ഗംഗന്‍ പ്രതാപിനെ പരിചയപ്പെടുത്തുന്നു. ആ ലേഖനത്തെ ആസ്പദമാക്കി ഒരു കുറിപ്പ് ഞാന്‍ Kerala Letter എന്ന ഇംഗ്ലീഷ് ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

റീയാലിറ്റി ഷോയെക്കുറിച്ച് ചര്‍ച്ച

റീയാലിറ്റി ഷോയെക്കുറിച്ച് ഇന്നലെ കേരളവാച്ച് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഒരു ചര്‍ച്ച നടന്നു.

മോഡറേറ്റര്‍ എന്ന നിലയില്‍ ഞാന്‍ ആദ്യമേ ഒരു സംശയം ഉന്നയിച്ചു. നാം നിത്യവും രാത്രി ചാനലുകളില്‍ കാണുന്നതാണോ കേരള യാഥാര്‍ത്ഥ്യം? ടെലിവിഷന്‍ ഒരു പുതിയ മാധ്യമമാണ്. പുതിയ സാങ്കേതിക വിദ്യകള്‍ ഇന്നു ലഭ്യമാണ്. പുതിയ തലമുറ ഇതൊക്കെ ഉപയോഗിക്കും. പഴയ തലമുറക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നു വരും. പുതിയ തലമുറയ്ക്ക് പുതിയ രീതികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. റീയാലിറ്റി ഷോകള്‍ പുതിയ തലമുറയ്ക്ക്‌ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്കുന്നെന്ന വസ്തുത അംഗീകരിക്കണം. അതേസമയം പുതിയത് സ്വീകരിക്കുമ്പോള്‍ അത് നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കണം.

പത്രപ്രവര്‍ത്തകയായ ആര്‍. പാര്‍വതീദേവി വിഷയം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു: വാര്‍ത്ത പോലും ഉല്പന്നമാകുന്ന കാലമാണിത്. വിനോദ ചാനലുകളുടെ റീയാലിറ്റി ഷോകള്‍ പണം ഉണ്ടാക്കാനുള്ള പരിപാടികള്‍ മാത്രമാണ്. എഡിറ്റ് ചെയ്തു കാണിക്കുന്ന പരിപാടി എങ്ങനെ റീയാലിറ്റി ആകും? പരിപാടി റെക്കോഡ് ചെയ്ത ശേഷവും എസ്.എം.എസ്. അയക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതില്‍ കബളിപ്പിക്കല്‍ ഉണ്ട്. സീരിയലുകളുടെ അതിപ്രസരം ഉണ്ടായപ്പോള്‍ ആളുകള്‍ക്ക് താത്പര്യം കുറഞ്ഞതുപോലെ റീയാലിറ്റി ഷോകളുടെ അതിപ്രസരംമൂലം അതിലുള്ള താല്പര്യവും പെട്ടെന്ന് കുറയുമെന്നും കാലക്രമത്തില്‍ കൂടുതല്‍ കലാമൂല്യമുള്ള പരിപാടികളുണ്ടാകുമെന്ന് പ്രത്യാശിക്കാമെന്നും പാര് വതീദേവി പറഞ്ഞു.

തോറ്റ മത്സരാര്തികള്‍ കരഞ്ഞുകൊണ്ടു പോകുന്ന രംഗങ്ങള്‍ അരോചകമാണെന്നു ടി. എന്‍. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു മാധ്യമത്തിലും സമൂഹത്തിലെ യാഥാര്‍ത്യങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്നു അമൃത ടിവി ചീഫ് പ്രൊട്യുസര്‍ അജിത്‌ എം. ഗോപിനാഥ് പറഞ്ഞു. സീരിയല്‍ ഫിക്ഷന്‍ ആണ്. അതിലെ കഥാപാത്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പ്രേക്ഷകന് കഴിയില്ല. അത് മറ്റാരോ നിശ്ചയിച്ചിരിക്കുന്നു. ഇവിടെ ഓരോരുത്തരുടെയും ഭാവി പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം. അത് അതിനെ റീയാലിറ്റി ആക്കുന്നു. ഷോയില്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരും തമ്മില്‍ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നു. അത് റീയാലിറ്റി ആകുന്നു. തോറ്റവര്‍ കരഞ്ഞുകൊണ്ടു പോകുന്നതും റീയാലിറ്റി ആണ്. ചിലപ്പോള്‍ നല്ല കലാകാരന്മാരും പുറത്താകുന്നു. അതും റീയാലിറ്റി തന്നെ. അമൃത പരിപാടി ഓരോ ആഴ്ചയിലും റെക്കോഡ് ചെയ്യുകയാണെന്നും റെക്കോഡ് ചെയ്യുന്നതിന്റെ മുന്‍പിലത്തെ ദിവസം വരെയുള്ള എസ്. എം. എസ്. എടുക്കാറുണ്ടെന്നും അജിത്‌ പറഞ്ഞു. വനിതാരത്നം പരിപാടിയുടെ ഫൈനല്‍ ലൈവ് ആയിരുന്നു. അതില്‍ തല്‍സമയ എസ്. എം. എസ്. സ്വീകരിച്ചിരുന്നു.

എഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ചര്‍ച്ചയ്ക്ക് വരാമെന്ന് പറഞ്ഞിരുന്നെന്കിലും വന്നില്ല.

ചര്‍ച്ചയില്‍ പന്കെടുത്ത പലരും എസ്.എം.എസ്. കൊണ്ടു പണം ഉണ്ടാകുന്ന മൊബൈല് കമ്പനികളും ചാനലുകളും ചേര്ന്നു പ്രേക്ഷകരെ കൊള്ള അടിക്കുകയാണെ ന്നു ചൂണ്ടിക്കാണിച്ചു.

Friday, December 14, 2007

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടുന്നു

വളരെക്കാലമായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാന്‍ ബ്രിട്ടീഷ് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു.

ഒന്നിലധികം തലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്ത ഈ വായനശാലയുടെ തിരോധാനം ഒരു വന്‍നഷ്ടമാകുമെന്നതില്‍ സംശയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ദ ഹിന്ദു പത്രത്തിലെ റിപ്പോര്‍ട്ട് കാണുക.

ലൈബ്രറി നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യത്തെ പിന്തുണക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാവുന്നതാണ്. http://www.petitiononline.com/bcl64lib/petition.html

Thursday, December 13, 2007

ദ ഗ്രെയ്റ്റ് പീപ്പിള്‍

റഷീദ് മഞ്ഞപ്പാറ രചിച്ച 'The Great People' എന്ന ചെറിയ പുസ്തകത്തെക്കുറിച്ച്. പേരു ഇംഗ്ലീഷിലാണ് കൊടുത്തിരിക്കുന്നത്, പക്ഷെ രചന മലയാളത്തിലാണ്.

പത്തൊമ്പത് പ്രശസ്തരുടെ ജീവിതം റഷീദ് കുറഞ്ഞ വാക്കുകളില്‍ വിവരിക്കുന്നു. കലാ സാഹിത്യ പ്രതിഭകളായ ജി. ദേവരാജന്‍, ശ്രീവിദ്യ, കേശവദേവ്, കുഞ്ഞുണ്ണിമാഷ്‌, കെ. അയ്യപ്പപണിക്കര്‍, എം. കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഹൈദരാലി, എം. ആര്‍. ഡി. ദത്തന്‍, ഇ. വാസു, സ്വാതന്ത്ര്യസമര സേനാനി കെ. ഇ. മാമ്മന്‍, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എന്‍. പണിക്കര്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ട്.

ആമുഖത്തില്‍ മാവേലിക്കര രാമചന്ദ്രന്‍ എഴുതുന്നു: 'ഇതില്‍ സ്ഥാനം പിടിച്ചിട്ടുള്ളവരെല്ലാം ജീവിതത്തിന്‍റെ മധുരസംഗീതവും താളഭംഗിയും ഉള്ള കാലമത്രയും ജനമനസ്സുകളില്‍ ജീവിച്ച് അമരത്വം കൈവരിക്കും.'

പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ റഷീദ് മഞ്ഞപ്പാറ കുറെക്കാലം ജര്‍മനിയിലായിരുന്നു. ഇപ്പോള്‍ കേരള ജേര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്. പുസ്തകത്തിന്‍റെ വില: 100 രൂപ. പ്രസാധകര്‍: Kerala Journal, 13/2125 (!) Swathy Nagar, Kannammoola, Thiruvananthapuram 695011.

ഒരു കടക്കെണിയുടെ ആഘോഷം

ഒരു കാലത്ത് വിജയകരമായി പ്രവര്‍ത്തിച്ചിരുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഇപ്പോള്‍ കടത്തിലാണ്. അതിനെ രക്ഷിക്കാന്‍ സഹകരണ മന്ത്രി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടി എത്രമാത്രം ഉചിതമാണെന്നു കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഞാന്‍ പരിശോധിക്കുന്നു.

പ്രിന്റ്എഡിഷന്‍: http://www.keralakaumudi.com/news/print/dec13/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/121307M/feature.shtml

Wednesday, December 12, 2007

മുകുന്ദന്‍ സി. മേനോന്‍


പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനും ആയിരുന്ന മുകുന്ദന്‍ സി. മേനോന്‍ അന്തരിച്ചിട്ടു ഇന്നു (ഡിസംബര്‍ 12) രണ്ടു വര്‍ഷം തികയുന്നു.


ദേശീയതലത്തില്‍ പത്രപ്രവര്‍ത്തനരംഗത്തും മനുഷ്യാവകാശപ്രവര്‍ത്തനരംഗത്തും സ്തുത്യര്‍ഹമായ സേവ നം നടത്തിയിട്ട്‌ മുകുന്ദന്‍ കേരളത്തില്‍ എത്തിയശേഷം പല പ്രശ്നങ്ങളി‍ലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു പത്തു കൊല്ലക്കാലം അദ്ദേഹം കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നു. അദ്ദേഹത്തിന്‍റെ വേര്‍പാട് അവശേഷിപ്പിച്ച വിടവ് ഇനിയും നികത്തപ്പെട്ടിട്ടില്ല. അത് എളുപ്പം നികത്തപ്പെടാവുന്ന ഒന്നല്ല എന്നതാണ് വാസ്തവം.


തേജസ്‌ എന്ന മലയാള ദിനപ്പത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുംപോഴാണ്‌ മുകുന്ദന്‍ അന്തരിച്ചത്. തേജസ്‌ പത്രാധിപര്‍ എന്‍. പി. ചെക്കുട്ടി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ മുകുന്ദനെ അനുസ്മരിക്കുന്നു. http://www.chespeak.blogspot.com/

Tuesday, December 11, 2007

ഗാന്ധിജിയും മനുഷ്യാവകാശങ്ങളും


ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമാണ്. ഗാന്ധി സ്മാരക നിധിയും ഗാന്ധി പീസ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിന ചടങ്ങില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായി.

ഗാന്ധിജിയുടെ സമരങ്ങളൊക്കെയും മനുഷ്യാവകാശ സമരങ്ങള്‍ ആയിരുന്നു. അടിസ്ഥാനപരമായി പൌരാവകാശങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്ന രണ്ടു വിഭാഗങ്ങളില്‍ പെടുന്നവ.

ആഫ്രിക്കയില്‍വെച്ചു തീവണ്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഞാന്‍ ഒരു ബാരിസ്ടരാണ്, എന്‍റെ കയ്യില്‍ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് ഉണ്ട് എന്നാണ്. ഒരു ഇന്ത്യാക്കാരനായത് കൊണ്ടാണ് തന്നോടു വിവേചനം കാട്ടിയതെന്നു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഇന്ത്യാക്കാരെ സംഘടിപ്പിച്ചു അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതി.

അപ്പോഴും അദ്ദേഹം കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് നെല്‍സണ്‍ മണ്ടെലയും അമേരിക്കയില്‍ മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങും ഗാന്ധിയെ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്‌ പ്രചോദനം നല്കിയ വ്യക്തിയായി കണ്ടു.

ഗാന്ധി ജീവിച്ചിരുന്ന കാലത്ത് മനുഷ്യാവകാശങ്ങള്‍ എന്ന പദം പ്രയോഗത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം 1948 ജനുവരിയില്‍ കൊല്ലപ്പെട്ടു. അക്കൊല്ലം ഡിസംബര്‍ മാസത്തിലാണ് യു. എന്‍. സാര്‍വ ലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിചത്. പക്ഷെ ഇന്നു ലോകമൊട്ടുക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാന്ധിജിയെ മാര്‍ഗ്ഗ ദര്ശിയായി കാണുന്നു. ഗാന്ധിജിയുടെ മരണാനന്തര വളര്‍ച്ചയ്ക്ക് തെളിവാണിത്.

Monday, December 10, 2007

ആത്മഹത്യയില്‍ കേരളം എവിടെ നില്ക്കുന്നു?

ധാരാളം ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനമാണ്‌ നമ്മുടെതെന്ന് ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. ഇത് എത്രമാത്രം ശരിയാണ്?

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ എല്ലാ കൊല്ലവും ശേഖരിച്ചു പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോള്‍ തയ്യാറായിട്ടുള്ള 2006ലെ കണക്കനുസരിച്ച് ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്ത് പശ്ചിമ ബംഗാള്‍ ആണെന്ന് sify.com റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നില്‍ മഹാരാഷ്ട്ര. അടുത്ത മൂന്നു സ്ഥാനങ്ങളില്‍ ആന്ധ്ര പ്രദേശ്, തമിഴ് നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്.

സിഫിയുടെ റിപ്പോര്‍ട്ടില്‍ കേരളം പരാമര്ശിക്കപ്പെടുന്നേയില്ല. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്‌സൈറ്റില്‍ 2005ലെ വിവരമേ കാണുന്നുള്ളൂ. അതുകൊണ്ട് കേരളത്തിന്‍റെ കണക്കു അറിയാന്‍ അവിടെ 2006ലെ പട്ടിക വരുന്നതുവരെ കാത്തിരിക്കേണ്ടി വര്രും.

കേവലം എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സ്ഥാനം നിര്‍ണയിക്കുന്നത് ശരിയല്ലെന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജനസംഖ്യയുമായി ബന്ധപ്പെടുത്തി നോക്കുംപോഴെ ആത്മഹത്യാ നിരക്ക് കൂടുതലാണോ അല്ലയോ എന്ന് പറയാനാവൂ.

Sunday, December 9, 2007

കേരളത്തിലെ റോഡ് അപകടങ്ങള്‍

പെരുകുന്ന റോഡ് അപകടങ്ങളും അവ ഉയര്‍ത്തുന്ന പ്രശ്നങ്ങളും ഡോ. ഗിരീഷ് ഭാസ്കര്‍ കൌമുദി സിംഗപ്പൂര്‍ വെബ്സൈറ്റില്‍ ചര്‍ച്ച ചെയ്യുന്നു. കാണുക Kerala's Death Trap

Saturday, December 8, 2007

വിദ്യാഭ്യാസത്തിന്‍റെ നേര്‍വഴികള്‍

ഉന്നത വിദ്യാഭ്യാസ വിഷയത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍റെ അദ്ധ്യക്ഷനായ ഡോ. യു. ആര്‍. അനന്തമൂര്‍ത്തി ഈയിടെ തിരുവനന്തപുരത്ത് വന്നപ്പോള്‍ ജനശക്തി ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ അദ്ദേഹവുമായി വിദ്യാഭ്യാസ പരിഷ്കാരത്തെക്കുറിച്ച് സം സാരിക്കുകയുന്റായി. റെക്കോഡ് ചെയ്ത സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ വാരിക രണ്ടു ലക്കങ്ങളിലായി നല്കുന്നു. ആദ്യ ഭാഗം പുതിയ ലക്കത്തില്‍ (പുസ്തകം രണ്ടു, ലക്കം 67, ഡിസംബര്‍ 14, 2007)

Friday, December 7, 2007

ലത്തീന്‍ സമുദായ ദിനം

ഞായര്‍, ഡിസംബര്‍ 9 കേരളത്തിലെ ലത്തീന്‍ സമുദായാംഗങ്ങള്‍ സമുദായദിനമായി ആചരിക്കുകയാണ്. ഇതു സംബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സമുദായ മഹാസംഗമത്തില്‍ ആര്‍ച്ചുബിഷപ്പുമാരായ ഡാനിയല്‍ അച്ചാരുപറമ്പില്‍, സൂസപാക്യം എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന്‌ പുരോഹിതരും കന്യാസ്ത്രീകളും രാഷ്ട്രീയ സാമുദായിക നേതാക്കളും പങ്കെടുക്കുമെന്ന് ഒരു അറിയിപ്പില്‍ കാണുന്നു.

ഒരു പിന്നാക്ക സമുദായമായാണ് ലത്തീന്‍ കത്തോലിക്കര്‍ അറിയപ്പെടുന്നത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംവരണ ചട്ടങ്ങള്‍ പ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ പോയ ഒരു വിഭാഗം ആണിത്.

ക്രിസ്ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി ആന്‍റണി എം. അമ്പാട്ട് സമുദായ ദിനാചരണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു ലേഖനം സൊസൈറ്റിയുടെ മാസികയായ 'സമയ'ത്തിന്‍റെ ഡിസംബര്‍ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: "ഇതര സമുദായങ്ങളെപ്പോലെ സാമൂഹ്യ ഉദ്ഗ്രഥനം ഈ സമുദായത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. വിവിധ ചരിത്ര സാമൂഹ്യ പാരമ്പര്യങ്ങളുള്ള ഒരു 'മൊസയിക് സമുദായ'മാണ് ലത്തീന്‍ കത്തോലിക്കര്‍....തിരുവനന്തപുരം-നെയ്യാറ്റിങ്കര കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സാമൂഹ്യ പാരമ്പര്യമുള്ള നാടാര്‍ വിഭാഗം, പുനലൂര്‍-വിജയപുരം ആസ്ഥാനമാക്കിയുള്ള ദളിത ക്രൈസ്തവ വിഭാഗം, മധ്യ കേരളത്തെ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറ്റി-എഴുനൂറ്റി വിഭാഗങ്ങള്‍, സെന്‍റ് തോമസ് പാരമ്പര്യം അവകാശപ്പെടാവുന്ന വിഭാഗങ്ങള്‍, യൂറേഷ്യന്‍ പാരമ്പര്യക്കാരായ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍, പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേകിച്ച് കൊല്ലം, തങ്കശ്ശേരി, അര്‍ത്തുങ്കല്‍, കൊച്ചി, എറണാകുളം, കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സമുദായ വിഭാഗങ്ങള്‍, കേരളത്തിന്‍റെ കടല്‍- കായല്‍ തീരങ്ങളെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനവര്‍ഗ്ഗ മല്‍സ്യതൊഴിലാളികള്‍ എന്നിവയൊക്കെ ലത്തീന്‍ സമുദായത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ്.... കഴിഞ്ഞ കാലങ്ങളിലുണ്ടായ ശിഥിലസ്വഭാവമാണ് വളര്‍ച്ചയുടെ പുതിയ മേഖലകളെ വെട്ടിപ്പിടിക്കാന്‍ തടസ്സമായി നിന്നിട്ടുള്ളത് എന്ന് ആദ്ധ്യാത്മിക നേതൃത്വവും സാമുദായിക സാമൂഹ്യ നേതൃത്വവും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."

Tuesday, December 4, 2007

വിദ്യാഭ്യാസ പരിഷ്കാരത്തിലെ പ്രശ്നങ്ങള്‍

കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈ ആഴ്ച ഞാന്‍ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്.
പ്രിന്‍റ്
എഡിഷന്‍: http://www.keralakaumudi.com/news/print/dec6/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/120607M/feature.shtml

Monday, December 3, 2007

പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി. പി. ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചൊവ്വാഴ്ച തോറും അവതരിപ്പിക്കുന്ന 'വിദേശ വിചാരം' പരിപാടിയില്‍ നാളെ പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മറ്റൊരു മുന്‍ നയതന്ത്രജ്ഞനായ എം. കെ. ഭദ്രകുമാറിനോടൊപ്പം ഈ ചര്‍ച്ചയില്‍ ഞാനും പങ്കെടുക്കുന്നു.

ശ്രീനിവാസന്‍ ഔദ്യോഗിക ജീവിതകാലത്തെ അനുഭങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള Words, Words, Words: Adventures in Diplomacy എന്ന പുസ്തകം ഏതാനും ദിവസം മുമ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ചു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്യുകയുണ്ടായി. വില: Rs. 600. പ്രസാധകര്‍: Pearson Education, Dorling Kindersley (India) Pvt. Ltd., 482 FIE, Patparganj, Delhi 110092.

Videsa Vicharam is telecast on Tuesday at 6.30 p.m. Repeats: Friday 3.00 a.m., Sunday 6.30 a.m.

ഭൂപരിഷ്കരണം: അടുത്ത കാല്‍വെയ്പ് മുന്നോട്ടോ പിന്നോട്ടോ?

ജനശക്തി വാരികയുടെ പുതിയ ലക്കത്തില്‍ ( ഡിസംബര്‍ 7) ഈ വിഷയത്തില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍നിന്നു ഏതാനും വരികള്‍:

വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന് തടസ്സം നില്‍ക്കുന്നതെല്ലാം പോകണമെന്നു അദ്ദേഹം പറയുന്നത് മനസ്സിലാക്കുകയും ചെയ്യാം. പക്ഷെ വ്യവസായ വകുപ്പിലെ മുഖ്യ കാര്യസ്ഥന്‍റെ മനസില്‍ വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓടിവരേണ്ടത് വന്‍ പാര്‍പ്പിട പദ്ധതികളും അമ്യു‌സ്മെന്റ് പാര്‍ക്കുകളും വാണിജ്യകേന്ദ്രങ്ങളുമാണോ? ഇതെല്ലാം ഇന്നു സി. പി. എം. സംസ്ഥാന നേതൃത്വതിന്റെയും അതിന്റെ ആവശ്യങ്ങളറിഞ്ഞു പണം കൊടുത്തു സഹായിക്കുന്നവരുടെയും പ്രിയപദ്ധതികളില്‍ പെടുന്നവയാനെന്നത് തീര്‍ച്ചയായും യാദൃശ്ചികമാവില്ല. ഇതെല്ലാം വന്‍ ലാഭസാധ്യതയുള്ള പരിപാടികള്‍ തന്നെ. പക്ഷെ അവ വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളുമല്ലവ.

കേരളം അടിയന്തിരമായി ഭൂവിനിയോഗം ഗൌരവപൂര്‍വ്വം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ... കൃഷിയ്ക്കും വ്യവസായത്തിനും മറ്റു എല്ലാവിധ ന്യായമായ ആവശ്യങ്ങള്‍ക്കും ഭൂമി വകയിരുത്തിക്കൊണ്ട് പുതിയ ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുകയും അത് സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയ രക്ഷാധികാരത്തിന്‍ കീഴില് മനോമാത്യുമാരും ഫാരിസുമാരും ഉയര്‍ന്നുവരുന്നത്.

Sunday, December 2, 2007

'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'

മരണവിളംബരമോ ചരിത്രരേഖയോ അവശേഷിപ്പിക്കാതെ നിലനില്‍പ്പിനായി പൊരുതി മരിച്ചവരുണ്ട്. അവരെ നമുക്കു അറിയില്ല. കാരണം അവരോടൊപ്പം അവരുടെ ചരിത്രവും അപ്രത്യക്ഷമായി. അങ്ങനെ അപ്രത്യക്ഷമായ ഒരു ജനതയുടെ കഥ പറയുന്ന നോവലാണ് 'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'.

ഫ്യൂഡല്‍ അധികാരം ഉന്‍മൂലനം ചെയ്ത മാക്കോതയുടെയും ആ പോരാളി നയിച്ച അടിമ ജനതയുടെയും കഥ ഗ്രന്ഥകാരനായ രാജാനന്ദന്‍ ആവിഷ്കരിക്കുന്നു. ലോകത്തെ മറ്റു അടിമകളേക്കാള്‍ ഭീകരമായ ഭാരമാണ് ഇരുണ്ട കാലത്ത് കേരളത്തിലെ അടിമല്‍ പേറിയതെന്നു രാജാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്ക് ജാതിവ്യവസ്ഥയുടെ ക്രൂരതയും അനുഭവിക്കേണ്ടിവന്നു. ഭൂതകാലത്തേക്ക് നോക്കുമ്പോഴാണ്‌ വര്‍ത്തമാനത്തെ ആഴത്തില്‍ അറിയാന്‍ കഴിയുന്നതെന്ന ചിന്തയാണ് ഇത്തരത്തില്‍ ഒര് നോവലെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

രണ്ടു കഥാസമാഹാരങ്ങളുടെ കര്‍ത്താവാണ് 57കാരനായ രാജാനന്ദന്‍. രണ്ടു കൊല്ലം മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്ത അദ്ദേഹം എഴുത്തകം എന്ന കലാസാംസ്കാരിക സംഘടനയുടെ കണ്‍വീനര്‍ ആണ്.

വില 180 രൂപ.
പ്രസാധകര്‍: Ezhuthakam Publishers, Santhi Gardens IIIrd Street, Kamaleswaram, Manacaud PO, Thiruvananthapuram.

Saturday, December 1, 2007

ഒരു മറുനാടന്‍ മലയാളി മാസിക

ഉരുക്കു നഗരമായ ഭിലായിയില്‍ നിന്നു ഒക്ടോബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'സമഷ്ടി' സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: കാലിക പ്രസക്തമായ ഒരു സാമൂഹ്യ സാംസ്കാരിക മാസിക.

എനിക്ക് ലഭിച്ച നവംബര്‍ ലക്കത്തില്‍ മാസികയുടെ പ്രകാശന ചടങ്ങിന്‍റെ റിപ്പോര്‍ട്ടുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഭിലായിയിലെ മൈത്രി കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് നാഗ്പൂര്‍ തുക്ടോളജി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ വി. സി. കുമാരന്‍ കവി ഉണ്ണികൃഷ്ണന്‍ നെടുങ്ങാടിക്ക് ആദ്യ പ്രതി നല്കി.

കഥകളും കവിതകളുമാണ് പ്രധാന വിഭവങ്ങള്‍. ഭിലായി സന്ദര്‍ശിച്ച എം. മുകുന്ദനുമായുള്ള ഒരു അഭിമുഖം, മായാവതിയുടെ ഗാന്ധി വിമര്‍ശനത്തെ വിമര്‍ശിക്കുന്ന മുഖപ്രസംഗം, അങ്ങനെ പലതും. പൊതുവിജ്ഞാനം എന്ന വകുപ്പില്‍ പെടുന്ന ചില കാര്യങ്ങളും ഇതിലുണ്ട്.

എഴുത്തുകാരനായ ഓച്ചിറ സുധാകരന്‍ ആണ് ചീഫ് എഡിറ്റര്‍. ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ.

മേല്‍വിലാസം: 'Maithri", Plot 11, Street 31/B, Ispat Nagar, Risali, Bhilai, Chhattisgarh

ധിഷണ: ഒരു സാഹിത്യ സാംസ്കാരിക മാസിക

"ധിഷണ" എല്ലാ അര്‍ത്ഥത്തിലും ഒരു 'കൊച്ചു മാസിക' ആണ്. ടെക്സ്റ്റ് ബുക്ക് വലിപ്പത്തില്‍ 24 പേജുകള്‍. മേനി കടലാസ്. നിരവധി കൊച്ചു കഥകളും, കൊച്ചു കവിതകളും.

എന്‍റെ കൈയില്‍ ഉള്ളത് നവംബര്‍ ലക്കമാണ്. അത് നാലാമത്തെ ലക്കമാണ്. എം. എന്‍. വിജയനേയും സി. വി. ശ്രീരാമനെയും കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള്‍ കവര്‍ പേജില്‍ തുടങ്ങി ഉള്‍പേജുകളില്‍ തുടരുന്നു. സി. രാധാകൃഷ്ണന്‍ മണല്‍ വാരി അഷ്ടിക്ക് വഴി തേടുന്ന തന്‍റെ നാട്ടുകാരെപ്പറ്റി എഴുതുന്നു. അക്കിത്തം, ചെമ്മനം തുടങ്ങി അറിയപ്പെടുന്ന പല പേരുകളും വേറെ.

തുടക്കക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരിടം എന്നതാണ് ധിഷണയുടെ കാഴ്ചപ്പാട്. സഹൃദയ ഭാഗത്ത് നിന്നു ക്രിയാല്മക സമീപനം കുറവെന്ന് മുഖക്കുറിയില്‍ പത്രാധിപര്‍ പറയുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെ അദ്ദേഹം തുടരുന്നു: 'ഒരു കൈ കൂടി.'

ചെറിയ മുന്ടം അബ്ദുര്‍ റസാഖ് ആണ് എഡിറ്റര്‍.
മേല്‍വിലാസം: ധിഷണ, കല്പകഞ്ചേരി പി. ഓ. മലപ്പുറം ജില്ല പിന്‍ 676 551

Thursday, November 29, 2007

"സ്ത്രീയവസ്ഥ കേരളത്തില്‍"

ചരിത്രാദ്ധ്യാപകനും നിരൂപകനുമായ ഡോ. എം. ഗംഗാധരന്‍റെ "സ്ത്രീയവസ്ഥ കേരളത്തില്‍" എന്ന പുസ്തകം തിരുവനന്തപുരത്ത് കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് പ്രശസ്ത കന്നട സാഹിത്യകാരനും മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. യു. ആര്‍. അനന്തമൂര്‍ത്തി കഴിഞ്ഞ തിങ്കളാഴ്ച പ്രകാശനം ചെയ്തു. അദ്ദേഹത്തില്‍നിന്നു പുസ്തകം ഏറ്റുവാങ്ങിയത് ഞാനാണു. ബി. രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

വളരെയധികം കാപട്യങ്ങള്‍ നിലനില്ക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് കാപട്യം വളരെ വ്യക്തമായി കാണാനാകും. അത് തുറന്നു കാട്ടുന്നു ഡോ. ഗംഗാധരന്‍.

അദ്ദേഹം എഴുതുന്നു: "കേരളത്തിലെ ചെറുപ്പക്കാരുടെമേല്‍ ആധിപത്യമുള്ള പ്രത്യയശാസ്ത്രമായിത്തീര്‍ന്നിട്ടുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസം യാഥാസ്ഥിതികരും മൂ‌രാച്ചികളുമായ വിഭാഗത്തിന്‍റെ സദാചാരബോധമാണ് സ്ത്രീപുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത്.... സ്ത്രീപുരുഷബന്ധങ്ങള്‍ കാപട്യമില്ലാത്തതും കൂടുതല്‍ പരസ്പരം പ്രചോദിപ്പിക്കുന്നതുമാവാതെ കേരളീയജിവിതത്തിന്‍റെ ഒരു തുറയിലും --- സാംസ്കാരികം, സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയിലൊന്നും --- ഒരിഞ്ചു മുന്നോട്ടുനീങ്ങലുണ്ടാകില്ല."

ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സ്വന്തം ജീവിതകഥ എഴുതിക്കൊണ്ട് ആ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദുരിതങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത നളിനി ജമീലയാണ് സ്ത്രീയവസ്തയെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ഡോ. ഗംഗാധരന്‍ പറയുന്നു. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് നളിനി ജമീലയ്ക്കാണ്.

സൈന്‍ ബുക്സ് (Sign Books), തിരുവനന്തപുരം 11 ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 80 രൂപ.

വായന വീണ്ടും സജീവമാകുന്നു

വായനയിലേക്ക്‌ വീണ്ടും സ്വാഗതം. ക്ഷമയോടെ കാത്തിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു ദിവസം അവധിയെടുക്കേണ്ടി വന്നു. വീട്ടിനു പുറത്തുനിന്നു, മലയാളം യൂണികോഡ് സംവിധാനം ഇല്ലാത്ത കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇടവേള എടുക്കുന്നെന്ന സന്ദേശം അയച്ചത്. അതുകൊണ്ട് അതില്‍ കുറെ അച്ചടിത്തെറ്റുകളുണ്ടായി. ദയവായി ക്ഷമിക്കുക.

പതിവു പംക്തികള്‍ അവധിക്കാലത്തും നിലനിര്‍ത്തി. ഷാര്‍ജയിലെ ഗള്‍ഫ് ടൈംസിലെ കേരള ലെറ്റര്‍ വിദ്യാഭ്യാസരംഗത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനെക്കുറിച്ചായിരുന്നു. "War clouds gathering over education sector". കേരള കൌമുദിയിലെ നേര്‍ക്കാഴ്ച ഭൂസമരങ്ങളെക്കുറിച്ച്. "ഭൂപ്രശ്നം വഴിത്തിരിവില്‍" . (Print edition edit page)

Sunday, November 25, 2007

ഒരു ഛെരിയ ഇടവേള

ഞാന് ഒരു ഛെറിയ ഇദവേല എദുക്കുന്നു. ഛാനലുകള് പറയുന്നഥുപോലെ, please don't go away...

Friday, November 23, 2007

ഒരു പുസ്തകം പരിചയപ്പെടുത്തുന്നു


കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് ഡോ. ആര്‍. ഗോപിമണി എഴുതിയ 'ആകാശത്തിനുമപ്പുറം'.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പ്ലാന്റ് ബ്രീടിംഗ് ആന്‍ഡ്‌ ജനറ്റിക്സ് തലവനായിരുന്ന ഡോ. ഗോപിമണി മുപ്പതോളം ശാസ്ത്രഗ്രന്ഥങ്ങളും അമ്പതില്‍പരം ഗവേഷണപ്രബന്ധങ്ങളും മൂവായിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ലോക വാണിജ്യ കരാര്‍ നടപ്പില്‍ വരുന്നതിനുമുമ്പ് കേരളത്തില്‍ അത് സംബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.


പുതിയ പുസ്തകത്തിന്‍റെ മുഖവുരയില്‍ ഡോ. ഗോപിമണി എഴുതുന്നു: "മനുഷ്ടന് ശാസ്ത്രത്തിലുള്ള താല്‍പര്യം കുറയുകയാണോ? ആത്മീയതയിലുള്ള അഭിനിവേശം വര്‍ദ്ധിക്കുകയാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ നാം ഇന്നു ചെന്നെത്തിനില്ക്കുന്ന ശാസ്ത്ര-സാംസ്കാരിക ഭൂമികകളെപ്പറ്റി ഒരേകദേശ ധാരണ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള ഒരെളിയ പരിശ്രമമായി ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തെ വീക്ഷിക്കണമെന്നാണ് ഗ്രന്ഥകാരന്‍റെ ആഗ്രഹം."


മനുഷ്യന്‍റെ വികാസത്തിന്‍റെ ചരിത്രം പരിശോധിക്കുന്നതിനിടയില്‍ ഡോ. ഗോപിമണി ഇന്ത്യയിലെ വിവാഹസമ്പ്രദായങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. സഗോത്ര-സജാതീയ വിവാഹങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡി. സി. ബുക്സ്, കോട്ടയം, ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 65 രൂപ.


Thursday, November 22, 2007

സാറാ ജോസഫിനെതിരെ സുധാകരന്‍റെ തെറിയഭിഷേകം

സാറാ ജോസഫ് സ്വന്തം സ്വത്ത് വിവരം വെളിപ്പെടുത്തിയത് സി. പി. എം. നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കുന്നു.

പാര്‍ട്ടിക്കുവേണ്ടി വിമര്‍ശകരെ തെറി വിളിക്കാന്‍ നിയോഗിക്ക‌പ്പെട്ടിട്ടുള്ള മന്ത്രി ജി. സുധാകരന്‍ രാഷ്ട്രീയ ജീര്‍ണ്ണതയുടെ ഇതുവരെ നാം കണ്ടിട്ടില്ലാത്ത മുഖം കൊല്ലത്ത് അനാവരണം ചെയ്തു.

സുധാകരന്‍ കൊല്ലത്ത് ചെയ്ത പ്രസംഗത്തിന്‍റെ റിപ്പോര്‍ട്ട് കാണുക. (പേജില്‍ ക്ലിക്ക് ചെയ്യുക)






തസ്ലീമാ നാസ്രീന്‍ രാജസ്ഥാനില്‍


ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നാസ്രീനിനെ പശ്ചിമ ബംഗാള്‍ പൊലീസ് രാജസ്ഥാനിലേക്ക് മാറ്റി.

തസ്ലീമാ രാജസ്ഥാനില്‍ എത്തിയതായി സംസ്ഥാന പൊലീസ് മേധാവി സ്ഥിരീകരിച്ചതായി ഐബിഎന്‍-സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ മതമൌലികവാദികള്‍ കൊലവിളി നടത്തിയതിനെ തുടര്‍ന്നു 1994 ല്‍ രാജ്യം വിട്ട തസ്ലീമാ നാസ്രീന്‍ ഏതാനും കൊല്ലം യൂറോപ്പില്‍ കഴിഞ്ഞശേഷമാണ് ഇന്ത്യയിലെത്തി കൊല്‍ക്കത്തയില്‍ താമസമാക്കിയത്.

നന്ദിഗ്രാം അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം സംഘടിപ്പിച്ച പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയുണ്ടായി. മുസ്ലിം മൌലികവാദികള്‍ ഈ അവസരം ഉപയോഗിച്ചു തസ്ലീമയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നു സി. പി. എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് അക്രമം ഒഴിവാക്കാന്‍ തസ്ലീമ പോകണമെന്നു അഭിപ്രായപ്പെട്ടു.

തസ്ലീമ നാസ്രീനിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്: http://taslimanasrin.com/

തേങ്ങയുടെ രാഷ്ട്രീയം

പാമോയില്‍ ഇറക്കുമതി നിരോധനം സംബന്ധിച്ച വിവാദത്തിന്‍റെ വെളിച്ചത്തില്‍ കേരകൃഷിയുടെ അവസ്ഥ പഠിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ഈ ആഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി അതിനെക്കുറിച്ചാണ്: തേങ്ങയുടെ രാഷ്ട്രീയം.

പ്രിന്‍റ് എഡിഷന്‍: http://www.keralakaumudi.com/news/print/nov22/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/112207M/feature.shtml

Wednesday, November 21, 2007

ആനുകാലികങ്ങളില്‍ നിറയുന്ന ഒരു വിവാദം

"ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വിദേശത്ത് കോടികള്‍ ചെലവിട്ടു പഠിക്കുന്നു. ഈ വാര്‍ത്ത വിഴുങ്ങാന്‍ പാകത്തില്‍ നിശബ്ദമായി വിദ്യാര്‍ഥി-യുവജന സംഘടനകളെയും പാര്‍ട്ടിയെയും നേതാക്കള്‍ മാറ്റിയിരിക്കുകയാണ്. " സാറാ ജോസഫ് കോഴിക്കോട്ട് ഒരു പ്രാസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനോട് ടി. പത്മനാഭന്‍ ഇങ്ങനെ പ്രതികരിച്ചു: "പിണറായി വിജയനെക്കുറിച്ച് പറയുന്ന ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്? മകന്‍ ഇംഗ്ലണ്ടില്‍ പോയി പഠിക്കുന്നു, മകള്‍ അമൃത ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്നു എന്നൊക്കെയാണ് കുറ്റമായി പറയുന്നത്. ഇതൊക്കെ പറയുന്നവര്‍ക്ക് അതിനുള്ള യോഗ്യത എന്താണ്? എസ്. എഫ്. ഐ. ഇതിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നാണ് വാദം. ഹ കഷ്ടം!"

കലാകൌമുദി ഒരു ലക്കത്തില്‍ ( 2007 നവംബര്‍ 11 ) ഇത് ചര്‍ച്ചാവിഷയമാക്കി. സക്കറിയ എഴുതി: "പഠിക്കാന്‍ മിടുക്കരാണ് നമ്മുടെ കുട്ടികള്‍. അവര്‍ ഇഷ്ടമുള്ളിടത്ത് പോയി പഠിക്കട്ടെ. " കെ. ഇ. എന്‍. കുഞ്ഞഹമ്മദ് എഴുതി: "രാഷ്ട്രീയ നേതാവ് ജീവിത സൌകര്യമൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നത് നമ്മുടെ ഫ്യൂഡല്‍ കാഴ്ചപ്പാടാണ്. " പി. കെ. പോക്കര്‍: " വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികില്‍സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല."

മറ്റു ചില പ്രസിദ്ധീകരണങ്ങള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുന്നു. സി. പി. എമ്മിലെ ഉള്‍പാര്‍ട്ടി പോരില്‍ പിണറായിക്കെതിരെ വി. എസ്. അച്യുതാനന്ദനോടൊപ്പം നില്‍ക്കുന്ന ജനശക്തി (നവംബര്‍ 23, 2007) കലാകൌമുദിയെപ്പോലെ ഇത് കവര്‍ സ്റ്റോറി ആക്കിയിരിക്കുന്നു. "ബര്‍മിംഗ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍?" എന്ന് തനേഷ്‌ തമ്പി മുഖ്യലേഖനത്തില്‍ ചോദിക്കുന്നു. മറ്റൊരു ലേഖനത്തില്‍ സുപാര്‍ശന്‍ ആവശ്യപ്പെടുന്നു: "പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ." ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ "കമ്മ്യൂണിസ്റ്റ് മക്കളുടെ വിദേശപഠനത്തെപ്പറ്റി" എഴുതുന്നു. സാറാ ജോസഫ് "അമേരിക്കന്‍ ഏജണ്ട്" എന്ന ആരോപണത്തിന് മറുപടിയായി സ്വന്തം സ്വത്ത് വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം വാരികയുടെ ( 23 നവംബര്‍ 2007) "വിമോചന സമരക്കാര്‍ സി. പി. എമ്മിന്‍റെ മേല്‍ത്തട്ടാകുമ്പോള്‍" എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറി പിണറായി വിജയനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിട്ടുള്ള സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, സക്കറിയ എന്നിവരുടെ മുന്‍കാല നിലപാടുകള്‍ പരിശോധിക്കുന്നു. ലേഖകന്‍ ഐ. വി. ബാബു.

പിണറായിയുടെ മകന്‍ വിവേക് കിരണിന് എവിടെ വേണമെങ്കിലും പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്‍റെ പേരില്‍ പിണറായിയെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതെസമയം അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. പിണറായിയുടെ മകന് വിദേശത്ത് പോയി ഉന്നതവിദ്യാഭ്യാസം നേടാനാകുന്നതിന്‍റെ അര്‍ത്ഥം പാവപ്പെട്ടവന് ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിച്ചുതുടങ്ങിയിരിക്കുന്നു എന്നാണെന്ന തരത്തിലുള്ള വ്യാഖ്യാനം അസംബന്ധമാണ്. പാര്‍ട്ടി സെക്രട്ടറിക്ക് മകനെ വിദേശത്ത് അയച്ചു പഠിപ്പിക്കാനാകും എന്നേ അതിനു അര്‍ത്ഥമുള്ളൂ.

അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തുന്നു

നന്ദിഗ്രാമില്‍ സി. പി. എം. സംഘടിപ്പിച്ച ഗൂണ്ടാ പ്രവര്‍ത്തനത്തെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ന്യായീകരിച്ചപ്പോള്‍ ജ്യോതി ബസുവിന്‍റെ ആദ്യ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ മൌനം പാലിച്ചാല്‍ ജീവിതാവസാനം വരെ കുറ്റബോധവുമായി കഴിയേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഏറ്റവും വലിയ ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

മിത്ര ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനുമാണ്.

അശോക് മിത്രയുടെ ലേഖനം ദേബര്ഷി ദാസ് ചുരുക്കി പരിഭാഷപ്പെടുത്തിയത് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം പ്രസിദ്ധീകരിക്കുകയുന്ടായി. നന്ദിഗ്രാമില്‍ സി. പി. എം. നടത്തിയ യുദ്ധത്തില്‍ അഭിമാനം കൊള്ളുന്ന പാര്‍ട്ടി അംഗങ്ങളും അനുഭാവികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി 60 കൊല്ലത്തെ ബന്ധം അവകാശപ്പെടുന്ന മിത്രയുടെ വാക്കുകള്‍ ശ്രദ്ധിക്കണം. അത് ഇവിടെ വായിക്കാം.

Monday, November 19, 2007

ദലിത് ആദിവാസി വിഭാഗങ്ങളുടെ ഭൂസമരങ്ങള്‍

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദലിതരും ആദിവാസികളും മറ്റ് ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവരുമായ ഭൂരഹിതര്‍ ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഈ സമരങ്ങളില്‍ മതിയായ താല്‍പര്യം എടുത്തു കാണുന്നില്ല. മാധ്യമങ്ങളും അവയെ ഏറെക്കുറെ അവഗണിക്കുകയാണ്.

മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഒരു രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതിനായി വ്യക്തമായ ഒരു പരിപാടിയും തയ്യാറാക്കിയിട്ടില്ല. എല്ലാ സര്‍ക്കാരുകളും ഭൂരഹിതര്‍ക്ക് മിച്ച ഭൂമി വിതരണം നല്‍കുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ വരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടാതെ പോകുന്നു.

ഒരു പിന്നാക്ക സംസ്ഥാനമായ ഉത്തര പ്രദേശില്‍ ദലിതര്‍ക്കിടയില്‍ കേരളത്തില്‍ ഉള്ളത്ര ഭൂരഹിതരില്ലെന്നത് ശ്രദ്ധിക്കപ്പെടെണ്ടതാണ്.

ഷാര്‍ജയിലെ
Gulf Today എന്ന ഇംഗ്ലീഷ് പത്രത്തില്‍ ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനം Kerala Letter ബ്ലോഗില്‍ കാണാവുന്നതാണ്.

Sunday, November 18, 2007

നന്ദിഗ്രാം ഐക്യദാര്‍ഢ്യ സമിതി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍

  • നന്ദിഗ്രാമില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുക
  • സി. പി. എം സേനകള്‍ നന്ദിഗ്രാമില്‍ നിന്നു പിന്‍മാറുക
  • മാദ്ധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും അടിയന്തിരമായി നന്ദിഗ്രാമിലേക്ക് കടത്തിവിടുക
  • നന്ദിഗ്രാം അതിക്രമങ്ങളെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുക
  • കേരളത്തിലെ സി. പി. എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നന്ദിഗ്രാം അതിക്രമങ്ങളെ അപലപിക്കാന്‍ തയ്യാറാവുക.
ഇതില്‍ ഒരാവശ്യത്തിന്‍റെ കാര്യത്തില്‍ എനിക്ക് പൂര്‍ണയോജിപ്പില്ല. അത് ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കണമെന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടനമെന്നും റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അതിന്മേല്‍ ഉചിതമായ നടപടി എടുക്കണമെന്നും ആണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ സി. പി. എം. സര്‍ക്കാര്‍ നന്ദിഗ്രാം പ്രശ്നത്തില്‍ സത്യസന്ധമായ സമീപനം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു.

കൊല്‍ക്കത്തയും തിരുവനന്തപുരവും ഐക്യദാര്‍ഢ്യപ്രകടനത്തില്‍ ഒന്നിക്കുന്നു

നന്ദിഗ്രാമിലെ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ നന്ദിഗ്രാം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംഘം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ ശനിയാഴ്ച (നവംബര്‍ 17) വൈകിട്ട് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പില്‍ ഒത്തുചേര്‍ന്നു.

സാമൂഹ്യ പ്രവര്‍ത്തകയായ നളിനി നായക്‌, മല്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ പീറ്റര്‍, സെന്റര്‍ ഫോര്‍ ഡവലപ്മെന്ട്ട് സ്ടഡീസിലെ ഡോ. ജെ. ദേവിക, ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തക രണ്ജിനി എന്നിവരും ഞാനും സംസാരിച്ചു. കവി ഡി. വിനയചന്ദ്രന്‍ കവിത ആലപിച്ചു.

നന്ദിഗ്രാമില്‍ സി. പി. എം. നേതൃത്വത്തില്‍ നടന്ന അതിക്രമത്തിനെതിരെ കൊല്‍ക്കത്തയില്‍ സംഘടിതമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ രണ്ടു പ്രതിനിധികള്‍ തിരുവനന്തപുരത്തെ ചടങ്ങില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തു. മൊബൈല്‍ ഫോണ്‍ വഴി ലഭിച്ച അവരുടെ ശബ്ദം ഉച്ചഭാഷിണിയിലൂടെ എല്ലാവരിലും എത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുനിന്നു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നന്ദിഗ്രാമിലേക്ക് ഇപ്പോഴും കടത്തിവിടുന്നില്ലെന്നു അവര്‍ പറഞ്ഞു.

Friday, November 16, 2007

എല്ലാവരെയും പൂട്ടിക്കെട്ടുന്നത് ജനാധിപത്യ പ്രവര്‍ത്തനമാണോ?

മുരളി മേനോന്‍ ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആഴ്ച തീരാറായതുകൊന്ട് മാധ്യമത്തിനു എതിര്‍പ്പുന്ടാകില്ലെന്നു കരുതുന്നു. പേജില്‍ ക്ലിക്ക് ചെയ്‌താല്‍ എന്‍ലാര്‍ജ് ചെയ്ത് കിട്ടും.



ഒരേ തൂവല്‍ പക്ഷികള്‍?

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും തമ്മില്‍ എന്തെങ്കിലും സാമ്യം ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സംശയമാണ്, അല്ലെ? സത്യ സാഗര്‍ വളരെ സാമ്യങ്ങള്‍ കണ്ടെത്തുന്നു. അത് എന്തൊക്കെ എന്നറിയാന്‍ countercurrents.org യുടെ വെബ്സൈറ്റ് കാണുക.

അങ്ങോട്ട് പോകും മുമ്പ് ഒരു കാര്യം കൂ‌ടി പറയട്ടെ. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റ് ഒരു ബദല്‍ മാധ്യമ സം വിധാനമാണ്.

ഇനി വെബ്സൈറ്റിലേക്ക്.

Thursday, November 15, 2007

'വായന'യുടെ ആഭിമുഖ്യത്തില്‍
പുസ്തക പ്രകാശനം

ഡോ. സുധാവാര്യര്‍ രചിച്ച 'ആഖ്യായികയിലെ ആഖ്യാനഭേദങ്ങള്‍' എന്ന പുസ്തകം 'വായന' കു‌ട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 2007 നവംബര്‍ 19 തിങ്കളാഴ്ച 5 മണിക്ക് തിരുവനതപുരത്ത് ഗോര്‍ക്കി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെടുന്നതാണ്.
ഡോ. ഡി. ബഞ്ചമിന്‍ ആദ്യ പ്രതി ആര്‍. പാര്‍വതീദേവിക്ക് നല്‍കും. ടി. എന്‍. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

പട്ടിണി അകറ്റാന്‍ സഹായിക്കുക

കയ്യില്‍ നിന്നു പണം കൊടുക്കാതെ നിങ്ങള്‍ക്ക് പട്ടിണി കിടക്കുന്നവരെ സഹായിക്കാം. ഒരു വെബ് സൈറ്റില്‍ പോയി ക്ലിക്ക് ചെയ്‌താല്‍ മതി. സൈറ്റിന്‍റെ പ്രായോജകരായ കമ്പനികള്‍ അത് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കണക്കാക്കി സംഭാവന നല്കുന്നു. ഇതാണ് URL: http://www.thehungersite.com/clickToGive/home.faces?siteId=1

അല്പം വൈദ്യവിശേഷം കു‌ടി. നവംബര്‍ 14 ലോക പ്രമേഹ ദിനം ആയിരുന്നു. കൌമുദി സിംഗപ്പൂര്‍ സൈറ്റില്‍ വന്ന ഒരു ലേഖനത്തിലേക്ക് ഈ വിഷയത്തില്‍ താല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ലേഖകന്‍, ഡോ. ഗിരീഷ് ഭാസ്കര്‍ എന്‍റെ സഹോദരനാണ്. അമേരിക്കയില്‍ ഫ്ലോറിഡയിലെ ലേക്ക് സിറ്റിയില്‍ ഡോക്ടറാണ്. Please go to Kaumudisingapore and look in "Spotlight" Section.

സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത്

സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത് -- ഇതാണ് കേരള കൌമുടിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഇന്ന് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഓണ്‍ ലൈന് എഡിഷനിലേക്കു ലിങ്ക്:
http://www.keralakaumudi.com/news/111507M/feature.shtml

പ്രിന്‍റ് എഡിഷന്‍ ലിങ്ക്: http://www.keralakaumudi.com/news/print/nov15/page6.pdf

ചുരിദാര്‍ പ്രശ്നത്തില്‍ ഞാന്‍ നടത്തിയ പരമാര്‍ശത്തോടുള്ള ഒ. വി. ഉഷയുടെ പ്രതികരണവും ഈ ലക്കത്തില്‍ കാണാം. ലിങ്കുകള്‍ മുകളില്‍ കൊടുത്തവ തന്നെ.

Wednesday, November 14, 2007

നാം നിസ്സഹായരല്ല

പണ്ടെവിടെയൊ വായിച്ച വരികളാണ്: What we lack is will, not strength. നമുക്ക് ഇല്ലാത്തത് ഇച്ഛാശക്തിയാണ്, ശക്തിയല്ല. നെഹ്രു ആരുടെയോ ഓട്ടോഗ്രാഫ്‌ ബുക്കില്‍ എഴുതിയ വാക്കുകളാണെന്നാണ് ഓര്‍മ്മ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യപു‌ര്‍വകാല സ്ഥിതി മനസ്സില്‍ വെച്ചുകൊണ്ട് എഴുതിയതാവണം. സ്വാതന്ത്യത്തിനു ശേഷവും അവ പ്രസക്തമാണെന്ന് എനിക്ക് തോന്നി. പലരുടെയും ഓട്ടോഗ്രാഫ്‌ ബുക്കുകളില്‍ ഞാനും അവ കോറിയിട്ടു. ഇപ്പോള്‍ ഇവിടെ അവ വീണ്ടും കുറിക്കുന്നത് നന്ദിഗ്രാം സംഭവങ്ങളോട് പ്രതികരിച്ച ചില സുഹൃത്തുക്കള്‍ TINA (there is no alternative) മനോഭാവം പ്രകടിപ്പിച്ചുകാണുന്നതുകൊണ്ടാണ്. വ്യക്തികളെന്ന നിലയില്‍ നാമോരോരുത്തരും നിസ്സഹായരാകാം. എന്നാല്‍ സമൂഹമെന്ന നിലയില്‍ നാം നിസ്സഹായരല്ല. നമുക്ക് ഇല്ലാത്തത് ഇച്ഛാശക്തിയാണ്, ശക്തിയല്ല.

അപര്‍ണ സെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു


നന്ദിഗ്രാം പ്രശ്നത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധം അപര്‍ണ സെന്‍ citizen journalist ആയി CNN-IBN നു റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ ഇവിടെ

നന്ദിഗ്രാം

നന്ദിഗ്രാം സംബന്ധിച്ച രണ്ടു റിപ്പോര്ട്ടുകളിലേക്ക് മാന്യ സന്ദര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുന്നു:

ഒന്നു, ഇന്നത്തെ മാധ്യമം പത്രത്തില്‍ അവിടെ നിന്നുള്ള പ്രത്യേക ലേഖകന്‍റെ റിപ്പോര്‍ട്ട്: http://www.madhyamam.com/fullstory.asp?nid=45401&id=1

രണ്ടു, ഏഷ്യന്‍ ഹ്യൂമന്‍ റൈട്സ് കമ്മിഷന്‍റെ പ്രസ്താവന: http://www.ahrchk.net/statements/mainfile.php/2007statements/1268

ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍ക്കുമ്പോള്‍

ജവഹര്‍ലാല്‍ നെഹ്രു മഹാത്മാ ഗാന്ധിയുമൊത്ത്
നാളെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. ആദ്യ പ്രധാന മന്ത്രിയുടെ ഏറ്റവും വലിയ സംഭാവനയായി ഞാന്‍ കാണുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഉറച്ച അടിത്തറ ഇട്ടെന്നതാണ്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് എനിക്ക് ഒരു പരാതി ഉണ്ടായിരുന്നു. അത് അദ്ദേഹം പാര്‍ട്ടിയിലും രാജ്യത്തും അദ്ദേഹത്തിനുള്ള വമ്പിച്ച സ്വാധീനം വേണ്ടപോലെ ഉപയോഗിക്കുന്നില്ല എന്നതായിരുന്നു. ആ സ്വാധീനം ഉപയോഗിച്ച് കു‌ടുതല്‍ വേഗത്തിലുള്ള പുരോഗതി നേടാനാകുമായിരുന്നെന്നു ഞാന്‍ കരുതി. അത് ശരിയല്ലെന്ന് പിന്നീട് ബോധ്യമായി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയാണ് അധികാരം വിവേകപു‌ര്‍വം ഉപയോഗിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത്.
നെഹ്രു മകളെ പ്രധാന മന്ത്രിയാക്കാന്‍ ബോധപു‌ര്‍വം ശ്രമിച്ചെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് ഇന്ദിര കോണ്ഗ്രസ് പ്രസിഡണ്ട്‌ ആയെന്നത് നേരാണ്. അതിനെ ഇന്ദിരക്ക് രാഷ്ട്രീയത്തില്‍ ഇടം നേടിക്കൊടുക്കാനുള്ള നടപടിയായി കാണാവുന്നതാണ്. എന്നാല്‍ അതിനും എത്രയോ മുമ്പ് നെഹ്രു കോണ്ഗ്രസ് വിട്ടു സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ച ജയപ്രകാശ് നാരായണനെ കോണ്‍ഗ്രസില്‍ തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ നേതാവെന്ന നിലയില്‍ അന്ന് രാജ്യത്ത് ഏറ്റവും അധികം തിളങ്ങി നിന്നിരുന്ന യുവ നേതാവ് ജെ. പി. ആയിരുന്നു. ഇന്ദിരയെ തന്‍റെ പിന്‍ഗാമി ആക്കണമെന്ന ഉദ്ദേശ്യം നെഹ്രുവിനു ഉണ്ടായിരുന്നെങ്കില്‍ ജെ. പി. യെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നോ?
ഞങ്ങള്‍ക്ക് പതിനഞ്ച് കൊല്ലം തരൂ, ഈ രാജ്യത്തെ വികസിത രാജ്യമാക്കാം -- അങ്ങനെ നെഹ്രു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുന്ട്ട്. അത്രയും കൊല്ലം അദ്ദേഹത്തിനു കിട്ടി. അതിനിടയില്‍ ഇന്ത്യ വികസിത രാജ്യമായില്ല. പക്ഷെ അതിനിടയില്‍ അത് ജനാധിപത്യ രാജ്യമായി. നെഹ്രു അദ്ദേഹത്തിന്‍റെ ജനസമ്മതിയുടെ ബലത്തില്‍ അധികാര പ്രമത്തത കാട്ടിയിരുന്നെങ്കില്‍ ഇന്നത്തെ അളവിലുള്ള ജനാധിപത്യം സാധ്യമാകുമായിരുന്നില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

Monday, November 12, 2007

ബന്ദും ഹര്‍ത്താലും നമ്മളും

ഈ വിഷയത്തില്‍ എന്‍റെ അഭിപ്രായം മാധ്യമം ആഴ്ച്ചപ്പതിപ്പിന്‍റെ പുതിയ ലക്കത്തില്‍ (2007 നവമ്പര്‍ 19).

Sunday, November 11, 2007

പീതാംബര‌ന്‍ കുന്നത്തൂര്‍ എഴുതുന്നു

ഡല്‍ഹിയില്‍നിന്നു പത്രപ്രവര്‍ത്തകനും വിജില്‍ ഇന്ത്യാ മൂവ്മെന്ടിലെ പഴയ സഹപ്രവര്‍ത്തകനും ആയ പീതാംബര‌ന്‍ കുന്നത്തൂര്‍ എഴുതുന്നു:

പ്രിയപ്പെട്ട ശ്രീ. ഭാസ്കര്‍ സാര്‍,
ബ്ലോഗ് വായിച്ചു തുടങ്ങി. വളരെ നന്നായിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിനും ഭാരതത്തിനും പുറത്തുള്ള മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളും അഭിപ്രായങ്ങളും കു‌ടി ഉള്‍പ്പെട്ടിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ഡല്‍ഹിയിലെ മലയാളി വിശേഷങ്ങള്‍, മാദ്ധ്യമങ്ങളില്‍ തെളിയാത്തത്, ഞാന്‍ അറിയിക്കാം. കമ്മ്യു‌ണിക്കേഷന്‍റെ ഏറ്റവും നു‌തന മാര്‍ഗങ്ങള്‍ താങ്കള്‍ പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതില്‍ അഭിമാനം തോന്നുന്നു.

ആശംസകള്‍ നേര്‍ന്നുകൊണ്ട്,

പീതാംബര‌ന്‍ കുന്നത്തൂര്‍
ന്യൂഡല്‍ഹി 9-11-07.

എനിക്ക് അഭിപ്രായം പറയാനുള്ള വേദിയെന്നതിനേക്കാള്‍ ഒരു ചര്‍ച്ചാവേദിയെന്ന നിലയിലാണ് ഞാന്‍ ഈ ബ്ലോഗിനെ കാണുന്നതെന്നു തുടക്കത്തില്‍ത്തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമല്ല മറ്റു വിഷയങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താന്‍ മാന്യ സന്ദര്‍ശകരെ ക്ഷണിക്കുന്നു. Commentsന്‍റെ രൂപത്തിലല്ലാത്തവ നേരിട്ടു ഇ-മെയില്‍ ചെയ്തുതരാവുന്നതാണ്.

സി. പി. എമ്മും പാര്‍ലമെന്ടറി ജനാധിപത്യവും

മേധാ പട്ക്കറുടെ അറസ്റ്റ് സംബന്ധിച്ച എന്‍റെ കുറിപ്പിനോടുള്ള വേണാടന്‍റെ പ്രതികരണത്തില്‍ രണ്ടു സുപ്രധാന നിരീക്ഷണങ്ങളുണ്ട്. ഒന്ന്, സി. പി. എം. ജനാധിപത്യ പാര്‍ട്ടിയല്ല. രണ്ട്, പ്രതിഷേധം രേഖപ്പെടുതിയതുകൊണ്ട് പ്രയോജനമില്ല.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ സി. പി. എം. നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന പാര്‍ലമെന്ടറി സമ്പ്രദായത്തില്‍ വിശ്വാസമുള്ള പാര്‍ട്ടിയല്ല. ഇതു ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അത് ശരിയായ ജനാധിപത്യമല്ലെന്നും ആ പാര്‍ട്ടി വിശ്വസിക്കുന്നു. യഥാര്‍ത്ഥ ജനാധിപത്യം അക്രമാസക്തമായ വിപ്ലവത്തിലു‌ടെ രൂപപ്പെടുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ മാത്രമെ ഉണ്ടാകൂ എന്നത് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

കഴിഞ്ഞ 90 കൊല്ലക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പല രാജ്യങ്ങളിലും അധികാരത്തില്‍ വന്നിട്ടുണ്ട്. അതില്‍ ഒരിടത്തുപോലും ഈ ബൂര്‍ഷ്വാ ജനാധിപത്യത്തിനേക്കാള്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചനീചത്വം കുറവുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കുവാന്‍ ആ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു.

പാളിച്ചകള്‍ നിറഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും വിശ്വാസ പ്രമാണങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവില്ലാതെ ഉഴറുന്നവയാണ് ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. അമ്പത് കൊല്ലം മുമ്പ് ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുംപോള്‍ ഇ. എം. എസ്. പറഞ്ഞത് ബൂര്‍ഷ്വാ വ്യവസ്ഥിതിയെ അകത്തുനിന്ന് തകര്‍ക്കുകയാണ് ലക്‌ഷ്യം എന്നാണു. ഇടതു സര്‍ക്കാരുകളുടെ ചില നടപടികളെ ഇതിന് തെളിവായി കാണാമെങ്കിലും വാസ്തവത്തില്‍ പാര്‍ലമെന്ടറി സംപ്രദായവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ കക്ഷികളാണ് സി. പി. ഐ.യും സി. പി. എമ്മും. വിപ്ലവത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകാനുള്ള കഴിവ് അവയ്ക്കിന്നില്ല. കാരണം ഇന്നവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട്.
അത് പരസ്യമായി അംഗീകരിക്കാന്‍ ആകുന്നില്ലെന്നു മാത്രം.

സി. പി. എം. പൊതുജനാഭിപ്രായത്തിനു വഴങ്ങി ചില തീരുമാനങ്ങള്‍ തിരുത്തിയത് ജനാധിപത്യ വ്യവസ്ഥ അതിനെ സ്വാധീനിക്കുന്നതിനു തെളിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ കടുത്ത അച്ചടക്കം നിലനില്ക്കുന്ന ഒരു പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗിക നേതൃത്വത്തിന് എതിരഭിപ്രായം അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി തെറ്റായ നടപടികള്‍ എടുക്കുമ്പോള്‍ പുറത്ത് ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി ചെറുക്കേണ്ടതുണ്ട്.

Friday, November 9, 2007

മേധാ പട്ക്കര്‍ക്കെതിരെ ആക്രമണം

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലേക്ക് പോകവേ പ്രശസ്‌ത സാമൂഹ്യ പ്രവര്‍ത്തക മേധാ പട്ക്കറെ സി. പി. എം. അനുകൂലികള്‍ ആക്രമിച്ചതായി റിപ്പോര്ട്ട്.

നന്ദിഗ്രാമിലെ ജനങ്ങള്‍ അവരുടെ ഭൂമി ഒരു വന്‍ വ്യവസായ സംരഭത്തിനായി എടുത്തുകൊടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ മാസങ്ങളായി സമരത്തിലാണ്. ഇടതു മുന്നണി സര്‍ക്കാരിന്‍റെ രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്ഗ്രസ്, സി. പി.ഐ. (എം. എല്‍.) തുടങ്ങിയ സംഘടനകള്‍ അവരുടെ സഹായത്തിനെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ ഒഴിപ്പിക്കല്‍ നടപടിക്ക് പിന്തുണ നല്കിയ സ്ഥലത്തെ സി. പി. എം. കാര്‍ക്ക് കുടുംബസമേതം സ്ഥലം വിടേണ്ടിവന്നു. അത്ര ശക്തമാണ് ഭൂമി സംരക്ഷണ പ്രസ്ഥാനം.
പൊലീസും സി. പി. എം കാരും ഒരു വശത്തും നാട്ടുകാരും നക്സലൈറ്റുകളും തൃണമൂല്‍ കൊണ്ഗ്രസുകാരും മറു വശത്തുമായി പല സംഘട്ടനങ്ങള്‍ ഇതിനകം ഉണ്ടായിട്ടുന്ട്ട്. സ്ഥലവാസികളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ മേധാ പട്കര്‍ പല തവണ നന്ദിഗ്രാമില്‍ വരുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മേധാ ആക്രമിക്കപ്പെട്ടത്.

എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ കത്തുകള്‍ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ഇ-മെയില്‍ ആയി അയക്കാവുന്നതാണ്. ഇ-മെയില്‍ ഐ.ഡി: cm@wb.gov.in

A specimen letter:

Dear Chief Minister,

I am writing to express my shock at the reported physical assault on Ms. Medha Patkar and other social activists, while on their way to Nandigram, by CPI (M) supporters. Medha Patkar is known the world over as one who champions the cause of the poor in a non-violent manner. It is sad that such a person should be attacked by persons who are under the control of the ruling party.

This is a direct attack on democracy. We request you to kindly order a proper investigation of the incident and bring the assailants before the law.

We are very concerned about the escalation of violence in Nandigram. We request you to ensure the safety and security of the all people -- activists, journalists and ordinary citizens.

With regards,

Yours sincerely,

നേരിട്ടു എഴുതാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഒരു മനുഷ്യാവകാശ സംഘടന തയ്യാറാക്കിയിട്ടുള്ള ഓണ്‍ ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാവുന്നതാണ്. അതിന്‍റെ URL: <http://petitions.aidindia.org/medha_assault/index.php>

Thursday, November 8, 2007

ദീപാവലി ഓര്‍മ്മകള്‍

ദീപാവലി ആശംസകള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ചെന്നൈ മുതല്‍ ശ്രീനഗര്‍ വരെ ഞാന്‍ പണിയെടുത്ത സ്ഥലങ്ങളിലൊക്കെ എന്‍റെ ഭാര്യ ഈ ദിവസം ദീപങ്ങള്‍ തെളിയിച്ച് ആഘോഷിച്ചിരുന്നു.

ഇത് ഒരു മത വിഭാഗത്തിന്‍റെ ആഘോഷമായി തീര്‍ന്നിട്ടുണ്ടെങ്കിലും അതിനു മതവുമായുള്ള ബന്ധം സംശയാസ്പദമാണ്. ചില ഹിന്ദുക്കള്‍ക്ക് ഇത് ശ്രീരാമന്‍ വനവാസം കഴിഞ്ഞു അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്‍റെ‍ ആഘോഷമാണ്. മറ്റു ചിലര്‍ക്ക് ശ്രീകൃഷ്ണന്‍ നരകാസുരനെ കൊന്നതിന്‍റെത്. ചിലയിടങ്ങളില്‍ വിഷ്ണു ബലിയെ നരകത്തിലയച്ച ദിവസമാണിത്. മതവുമായി ഈ ആഘോഷത്തിനുള്ള ബന്ധം ദുര്‍ബലമാണെന്നല്ലേ ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്?

മതങ്ങള്‍ രു‌പം കൊള്ളുന്നതിനു മുമ്പെ നിലവിലിരുന്ന ആഘോഷങ്ങളെ മതങ്ങള്‍ അവയുടെ ഭാഗമാക്കി. യേശു ക്രിസ്തുവിന്‍റെ കാലത്തിനു മുമ്പെ നിലനിന്ന ഉത്സവമാണ് ക്രിസ്മസ് ആയി മാറിയതെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു.

ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്തോനേഷ്യയില്‍ പോയപ്പോള്‍ അവിടത്തെ രാമായണം കളി കാണാന്‍ അവസരമുണ്ടായി. കളിക്കാരെല്ലാം മുസ്ലിംകളാണ്. അവരെ സംബന്ധിച്ചിടത്തോളം രാമായണം അവരുടെ പൂര്‍വികരുടെ മതത്തിന്‍റെ ഭാഗമല്ല, അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടു രാമനും ഇസ്ലാമും തമ്മില്‍ അവിടെ ശത്രുതയില്ല. ഇത്തരത്തിലുള്ള സാംസ്കാരിക വളര്‍ച്ച ഒരു കാലത്ത് നമുക്കും നേടാനാകുമെന്നു പ്രതീക്ഷിക്കാം, അല്ലേ?

ദീപാവലി എനിക്ക് അല്പം പ്രയാസം ഉണ്ടാക്കുന്ന ദിവസമാണ്. അമ്പത് കൊല്ലം മുമ്പ് ഒരു ദീപാവലി നാളില്‍ ഞാന്‍ ആപ്പീസില് നിന്നു ഹോസ്ടലില്‍ തിരിച്ചെത്തി ( അന്ന് കുടുംബ ജീവിതം ആരംഭിച്ചിരുന്നില്ല) ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ രണ്ടു സ്നേഹിതന്മാര്‍ സിനിമക്കു പോകാന്‍ വിളിച്ചു. ഞാന്‍ പോയില്ല. സിനിമ കഴിഞ്ഞു വന്നപ്പോള്‍ അവര്‍ എന്‍റെ മുറിക്കകത്തും പുറത്തും കുറെ പടക്കങ്ങള്‍ കത്തിച്ചു വെച്ചിട്ട് പോയി. പടക്കങ്ങള്‍ പൊട്ടിയപ്പോള്‍ ഉണര്‍ന്ന ഞാന്‍ രണ്ടു പേരുടേയും മുറികളില്‍ പോയി ചീത്ത വിളിച്ചു. ഒരാള്‍ അതുകേട്ട് മിണ്ടാതെ കിടന്നു. മറ്റേയാള്‍ വളരെയേറെ അടുപ്പമുള്ള ആളായിരുന്നു. അയാള്‍ ഞാന്‍ ചീത്ത പറയാന്‍ തുടങ്ങിയപ്പോഴേ ചിരിക്കാന്‍ തുടങ്ങി. പിന്നെ എനിക്ക് ചീത്തപറയാന്‍ കഴിഞ്ഞില്ല. ആദ്യത്തെയാള്‍ പിന്നെ ഒരിക്കലും എന്നോട് സംസാരിച്ചില്ല. വീണ്ടും കൂട്ടുകു‌ടാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അത് അസുഖകരമായ ഒരോര്‍മയായി ഇപ്പോഴും മനസ്സില്‍ കിടക്കുന്നു.

ദീപാവലി ആശംസകള്‍

ചുരിദാറിന്‍റെ സാമൂഹികശാസ്ത്രം



ചുരിദാര്‍ ധരിച്ച് ചെല്ലുന്നത് ഗുരുവായൂരപ്പന് ഇഷ്ടമല്ലെന്ന വാര്‍ത്തയുടെയും അതിനോടുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ ചില നിരീക്ഷണങ്ങള്‍. ഇന്നത്തെ കേരള കൌമുദിയിലെ എന്‍റെ നേര്‍ക്കാഴ്ച പംക്തിയില്‍ http://www.keralakaumudi.com/
പിന്‍ കുറിപ്പ്: ഇന്നു കാലത്താണ് പംക്തി പ്രത്യക്ഷപ്പെട്ടത്. പത്ത് മണിയോടെ ബാലരാമപുരത്തെ കൈത്തറി സംരക്ഷണ സമിതി വക്താവ് ഫോണ്‍ ചെയ്ത് പ്രതിഷേധം അറിയിച്ചു. ചുരിദാര്‍ വരും മുമ്പ് സ്ത്രീകള്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചാണ് അമ്പലങ്ങളില്‍ പോയിരുന്നതെന്നും ചുരിദാര്‍ നിരോധിച്ചാല്‍ കൈത്തറി രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചുരിദാര്‍ ഉണ്ടാക്കാന്‍ പറ്റിയ തുണി കൈത്തറിക്കാര്‍ ഉണ്ടാക്കിയാല്‍ പ്രശ്നം പരിഹരിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനു എന്‍റെ മറുപടി എന്തുകൊണ്ടോ തൃപ്തികരമായി തോന്നിയില്ല.

കണ്ണൂരിലെ കത്തികള്‍

കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു. സി. പി. എമ്മും ആര്‍. എസ്. എസും തമ്മില്‍ അവിടെ വളരെക്കാലമായി നടന്നുവന്നിരുന്ന സംഘട്ടനങ്ങള്‍ ശമിച്ചെന്നു കരുതിയിരുന്നപ്പോഴാണ് വീണ്ടും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ടിവി ചര്‍ച്ചയില്‍ ഒരു എസ്. എഫ്. ഐ. നേതാവ് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായതുകൊണ്ട് സി. പി. എമ്മിനു അക്രമം കൊണ്ട് ഒന്നും നേടാനില്ല, നഷ്ടപ്പെടാനേയുള്ളു എന്ന് പറയുന്നത് കേട്ടു. ചെറിയ കക്ഷിയായ ബി. ജെ. പി. അക്രമത്തിലൂടെ വളരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ സത്യമുണ്ടെന്നു എനിക്ക് തോന്നുന്നു. പക്ഷെ അത് പൂര്‍ണ സത്യമാണോ? വലിയ കക്ഷി സ്ഥാനം നിലനിര്‍ത്താന്‍ അക്രമം ഉപയോഗിക്കുന്ന സാദ്ധ്യത തള്ളിക്കളയാവുന്നതല്ല. എസ്. എഫ്. ഐ. നേതാവിന്‍റെ വാക്കുകളില്‍ മറ്റൊരു സത്യം ഒളിച്ചിരിപ്പുണ്ടെന്നും പറയാവുന്നതാണ്. അത് ഇന്നത്തെ വലിപ്പം ഇല്ലാതിരുന്ന കാലത്ത് സി. പി. എം അക്രമം നടത്തിയിരുന്നെന്നും അങ്ങനെയാണ് അത് വളര്‍ന്നതെന്നുമാണ്. പഴയതൊക്കെ ചിതഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാവില്ല. സി. പി. എമ്മും ബി. ജെ. പി.യും അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായ പാര്‍ട്ടികളാണ്. അവയ്ക്ക് കത്തിക്കുത്ത് ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കടമയുണ്ട്. ഓരൊ പാര്‍ട്ടിയും നല്ലപോലെ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടത് അതിന്‍റെ അംഗങ്ങളാണ്. അവര്‍ അത് ചെയ്യാത്തതാണു പാര്‍ട്ടികളും നാടും നന്നാകാത്തത്.

Wednesday, November 7, 2007

കേരള റീയാലിറ്റി

നമ്മുടെ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്ന റീയാലിറ്റി ഷോകളില്‍ മലയാളത്തെക്കാലേറെ തമിഴാണെന്ന ഭൂമിപുത്രിയുടെ നിരീകഷണത്തോട് യോജിക്കുന്നു. നവംബര്‍ മു‌ന്നിനു കേരള സര്‍വകലാശാല സംഘടിപ്പിച്ച ഒരു മാധ്യമ സെമിനാറില്‍ പങ്കെടുത്തപ്പോള്‍ ഇക്കാര്യം ഞാന്‍ പറയുകയുണ്ടായി. ഇന്നു നാം സംസാരിക്കുന്നത് കൃത്രിമ ഭാഷയാണെന്ന് അടുരിന്‍റെ സിനിമയക്കുറിച്ചുള്ളകുറിപ്പില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് നാം പഠിച്ച ഭാഷയാണിത്. മലയാളി കഴിഞ്ഞ മു‌ന്നോ നാലോ പതിറ്റാണ്ടു കാലത്ത് പത്രഭാഷ സംസാരിക്കാന്‍ പഠിച്ചു. അടുത്ത തലമുറ സംസാരിക്കുന്നത് ടെലിവിഷന്‍ പഠിപ്പിക്കുന്ന ഭാഷയാവാം. (അതോ ബ്ലോഗ് ഭാഷയാകുമോ?) ഭാഷ മാറ്റം കു‌ടാതെ നിലനിക്കണ‌മെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ മാറ്റം നല്ലതിനാണെന്ന് ഉറപ്പു വരുത്തണം. കുറഞ്ഞ പക്ഷം ദോഷം ചെയ്യുന്നില്ലെന്നെന്കിലും.

Tuesday, November 6, 2007

ജ്വലിച്ചു നില്കുന്ന ആണ്‍ താരങ്ങളും അസ്തമിക്കുന്ന പെണ്‍ താരങ്ങളും

പണ്ടത്തേക്കാള്‍ വേഗത്തില്‍ ലോകത്ത് മാറ്റങ്ങള്‍ നടക്കുന്നതായി ആല്‍വിന്‍ ടോഫ്ലര്‍ Future Shock എന്ന പുസ്തകതിലെഴുതിയത് 1970 ലാണ്. അതിനുശേഷം ഒരുപക്ഷെ മാറ്റം കു‌ടുതല്‍ വേഗത്തിലായി. മുമ്പ് കലാകാരന്മാര്‍ വളരെക്കാലം പിടിച്ചു നിന്നപ്പോള്‍ പുതിയ കാലത്ത് താരങ്ങള്‍ വേഗം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ടോഫ്ലര്‍ ചൂണ്ടിക്കാണിച്ചു. അത് അമേരിക്കയിലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍. ഇവിടെ അര നുറ്റാണ്ടും കാല്‍ നുറ്റാണ്ടും സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ രാഷ്ട്രീയ നേതാക്കളുണ്ട്, സിനിമാതാരങ്ങളുണ്ട്. അപ്പോള്‍ കേരളം ടോഫ്ലറുറെ തിയറിക്ക് അപവാദമാണോ? അപവാദമാണെങ്കില്‍ എന്തുകൊണ്ടാണ് നടന്മാര്‍ക്ക് മാത്രം നിലനില്‍ക്കാനാകുന്നത്? നടിമാരെല്ലാം വേഗം സ്ഥലം വിടുന്നു. എന്‍റെ മനസ്സില്‍ ഉദിച്ച ചില ചോദ്യങ്ങളാണ്. ആരുടെയെങ്കിലും പക്കല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുണ്ടെങ്കില്‍‍ അറിയാന്‍ താല്പര്യമുണ്ട്.

Monday, November 5, 2007

അടൂരിന്‍റെ നാല് പെണ്ണുങ്ങള്‍


തകഴി നാല് ചെറുകഥകളിലായി അവതരിപ്പിച്ച പെണ്ണുങ്ങളെ പ്രശസ്ത സംവിധായകന്‍ അടു‌ര്‍ ഗോപാലകൃഷ്ണന്‍ വെള്ളിത്തിരയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നാല് കഥകളിലുമായി ആറു പെണ്ണുങ്ങളുണ്ട്. സിനിമയിലു‌ടെയും സീരിയലുകളിലൂടെയും നമുക്കു പരിചിതരായ കലാകാരികള്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടു‌രിന്‍റെ പ്രതിഭ അവരുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. അടു‌രിന്‍റെ ചലച്ചിത്ര ശൈലി ഇഷ്ടപ്പെടുന്ന എനിക്ക് 'നാല് പെണ്ണുങ്ങള്‍' പ്രതീക്ഷക്കു അനുസൃതമായ ഒന്നായി അനുഭവപ്പെട്ടു. എന്നാല്‍ സംഭാഷണം അല്പം പ്രയാസമുണ്ടാക്കി. തകഴിയുടെ പെണ്ണുങ്ങള്‍ സംസാരിക്കുന്ന സ്വാഭാവിക ഭാഷയല്ല ഇന്നു മലയാളികള്‍ സംസാരിക്കുന്ന കൃത്രിമ ഭാഷയാണ് അടു‌രിന്‍റെ പെണ്ണുങ്ങള്‍ സംസാരിക്കുന്നത്.

Sunday, November 4, 2007

ഒരു പത്രത്തിനെതിരെ മുന്‍ ജീവനക്കാര്‍

കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രത്തിലെ മുന്‍ ജീവനക്കാര്
മാനേജ്മെന്റ് തങ്ങളെ കബളിപ്പിച്ചതായി ബ്ലോഗില്‍ ആരോപിക്കുന്നു.
രണ്ടു ബാങ്കുകളില്‍നിന്നായി പത്രത്തിന്റെ ആവശ്യത്തിന് മാനേജ്മെന്റ് ലക്ഷക്കണക്കിന്‌ രു‌പ കടമെടുത്തു. ജീവനക്കാരുടെ ജാമ്യത്തിലാണ് ബാന്കുകള്‍ കടം കൊടുത്തത്. മാനേജ്മെന്റ് പണം തിരിച്ചടച്ചില്ല. അതോടെ ജീവനക്കാര്‍ കുടുങ്ങി.
ഹുസൈന്‍ മടവു‌രിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗം ഈ പത്രം തുടങ്ങുമ്പോള്‍ സുകുമാര്‍ അഴിക്കോട് ആയിരുന്നു ചീഫ് എഡിറ്റര്‍. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൊല്ലം ഞാന്‍ അതില്‍ പംക്തി എഴുതിയിരുന്നു.
വര്‍ത്തമാനം കൊച്ചിയില്‍ എഡിഷന്‍ തുടങ്ങിയെങ്കിലും അത് അടയ്ക്കേണ്ടിവന്നു. ഇപ്പോള്‍ ഖത്തറില്‍ എഡിഷനുണ്ട്.
ഇപ്പോഴും പത്രത്തില്‍ തുടരുന്ന ചില ജീവനക്കാരും ഈവിധത്തില്‍ കടബാദ്ധ്യത ഉള്ളവരാണെന്ന് അറിയുന്നു.
മാനേജുമെന്റുകള്‍ ജീവനക്കാരെ ഈ വിധത്തില്‍ കെണിയില്‍ പെടുത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന തൊഴില്‍ മന്ത്രിക്കു കഴിയണം. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര് ജാഗ്രത പാലിക്കണം.
പരാതിക്കരുടെ ബ്ലോഗ് കാണുക: http://www.varthamanamwalkouts.blogspot.com/

Saturday, November 3, 2007

വ്യത്യസ്തമായ ഒരു മാസിക

ഒരു മാസികയെ പരിചയപ്പെടുത്തുന്നു. പേരു: മഹര്‍ഷി. ഇക്കൊല്ലം ജുണില്‍ പ്രസിദ്ധീകരണം
ആരംഭിച്ചു. ഓരോ ലക്കത്തിലും ഓരോ ഉപനിഷത്തിന് വ്യാഖ്യാനം നല്കുന്നെന്നതാണ് ഇതിന്‍റെ സവിശേഷത. മാസികയുടെ പേരും വേദോപനിഷത്തുക്കളില്‍ അതെടുക്കുന്ന താല്പര്യവും ഇതൊരു ഹിന്ദുത്വ പ്രസിദ്ധീകരണ‌മാണെന്ന ധാരണ നല്‍കുന്നെങ്കില്‍ തെറ്റി. നവംബര്‍ ലക്കത്തിലെ ലേഖനങ്ങളില്‍ ചിലത്:
ബഹുമതസമൂഹങ്ങളില്‍ ക്രിസ്തുമതം എന്ത് ചെയ്യുന്നു --- റവ. ഡോ. എ. അടപ്പു‌ര്‍.
ശ്രീ. അയ്യന്കാളി - മഹാനായ സാമു‌ഹിക വിപ്ലവകാരി -- പ്രൊ. ടോണി മാത്യു
സക്കാത്തിന്റെ സാമു‌ഹികപ്രസക്തി --- ഷബാനാ ഷമീം
ചീഫ് എഡിറ്റര്‍ ജി. വിലാസിനി "ലോകമേ നന്ദി" എന്ന തലക്കെട്ടില്‍ എഴുതുന്ന ആത്മകഥാപരമായ പരമ്പര വായനക്കാരെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കവിതകളുണ്ട്. കഥ‌കളില്ല.
ഒറ്റപ്രതി വില രു‌പ 15. ആറ് മാസത്തെ വരിസംഖ്യ രു‌പ 80.
പ്രസാധകര്‍: ശ്രീ നാരായണ വൈദിക മഠം, കുരുവിക്കോണം, അരീപ്ലാച്ചി, പുനലു‌ര്‍ 691333.
ജനറല്‍ എഡിറ്റര്‍: ഡോ. കിളികൊല്ലൂര്‍ ശിവദാസന്‍
മാനേജിംഗ് എഡിറ്റര്‍: ശശിധരന്‍ ചെമ്പഴന്തിയില്‍

Friday, November 2, 2007

വായനയില്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ക്

വായന എന്ന പേരില്‍ ഒരു കു‌ട്ടായ്മ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച അഞ്ചു മണിക്ക് ഗോര്‍ക്കി ഭവനില്‍ യോഗം ചേര്‍ന്ന് പുതിയ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. താല്പര്യമുള്ളവര്‍ക്ക് വരാം.
നവംബര്‍ 19നു ഒരു പുസ്തകപ്രകാശനച്ചടങ്ങുമുണ്ട്. ഡോ. സുധാ വാര്യര്‍ രചിച്ച "ആഖ്യായികയിലെ ആഖ്യാനഭേദങ്ങള്‍" ഡോ. ഡി. ബഞ്ചമിന്‍ പ്രകാശനം ചെയ്യുന്നു.
ഞാന്‍ ഈ കൂട്ടായ്മയുടെ സംഘാടന സമിതിയിലെ ഒരംഗമാണ്.

Thursday, November 1, 2007

അധികപ്രസംഗം

ജനശക്തി വാരിക വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു. ഇതാണ് URL: http://janashakthionline.com/
അവിടെ കണ്ടത്:
*BREAKING NEWS *രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില് മന്ത്രി എം എ ബേബി പ്രോട്ടോക്കോള് ലംഘിച്ചു *BREAKING NEWS *അനുവദിച്ചതിനേക്കാള് മൂന്നിരട്ടിയിലേറെ സമയം പ്രസംഗിക്കാനെടുത്താണ് പ്രോട്ടോക്കോള് ലംഘിച്ചത് *
അധികപ്രസംഗം! അല്ലാതെന്ത്?
ബ്രെക്കിംഗ് ന്യു‌സിലെ ചില്ലുകള്‍ കട്ടുചെയ്ത് പേസ്റ്റ് ചെയ്തപ്പോള്‍ രു‌പഭേദം വന്നു! അത് യൂണിക്കോഡ്‌ പ്രശ്നം.

ക്യാമ്പസ് അക്രമത്തിന്‍റെ രാഷ്ട്രീയ പിതൃത്വം

ഈ വിഷയത്തിലുള്ള എന്‍റെ അഭിപ്രായം ഇന്നത്തെ കേരള കൌമുദിയില്‍. http://www.keralakaumudi.com/news/110107M/feature.shtml

മലയാളത്തിന്‍റെ ഭാവി

മലയാളവും മലയാളിയും ഇല്ലാത്ത ഒരു കാലമുണായിരുന്നു. ഇന്നത്തെ കേരളം തമിഴകത്തിന്തെ ഭാഗമായിരുന്ന കാലം. ഒരു ഘട്ടത്തി‍ല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ പുറത്തുനിന്ന് വന്നവരുമായുള്ള ബന്ധങ്ങളുടെ ഫലമായി തമിഴകത്തിലെ മറ്റു ജനങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ വികസിക്കാന്‍ തുട‌ങ്ങി. മലയാളഭാഷ രൂപപ്പെട്ടു, മലയാളികളുണ്ടായി. ഇന്ന് മലയാളത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയ്ക്ക് വകയുണ്ട്.

ഉപജീവനത്തിനായി കേരള‌ത്തിനുപുറത്ത് കഴിയുന്നവരുടെ കുട്ടികള്‍ക്ക് പലപ്പോഴും മലയാളം പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഏതാനും കൊല്ലം മുമ്പുവരെ തൊഴില്‍ തേടി നാടുവിടുന്നവര്‍ക്ക് ഭാഷയുമായുള്ള ബന്ധം
നിലനിര്‍ത്താന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. മലയാള ടെലിവിഷന്‍ ചാനലുകളുടെ വരവും പത്രങ്ങള് പുറത്ത് എഡിഷനുകള്‍ തുടങ്ങുകയും ചെയ്തതോടെ ഭാഷയുമായുള്ള ബന്ധം വലിയ പ്രയാസം കൂടാതെ നിലനിര്‍ത്താനുള്ള അവസരമുണ്ട്. പക്ഷെ ഭാഷയിലുള്ള താല്പ‌‌ര്യം കുറഞ്ഞിരിക്കുന്നു. ചെന്നൈയിലെ ആശാന്‍ സ്കൂള്‍
സ്ഥാപിച്ചത് ആ നഗരത്തിലെ മലയാളിക്കുട്ടികള്‍ക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള സൌകര്യമൊരുക്കാനാണു. ഇപ്പോള്‍
അവിടെയെത്തുന്ന ബഹുഭൂരിപക്ഷം കുട്ടികളും മറേറതെങ്കിലും ഭാഷ രണ്ടാം ഭാഷയായി തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ തന്നെയും കൂടുതല്‍കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് അദ്ധ്യയനഭാഷയായി സ്വീകരിക്കുകയും മലയാളത്തെ അവഗണിക്കുകയും ചെയ്യുന്നു.

ഭാഷയെ രക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. നാം അത് ഉപയോഗിച്ചുകൊണ്ടിരിക്കണം. ഭാഷയിലൂടെ അറിവ് സമ്പാദിക്കാനും ഉപജീവനം നടത്താനും കഴിഞ്ഞാലെ കുട്ടികള്‍ അത് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യൂ.

ഒ. എന്‍ . വി.ക്ക് അഭിനന്ദ‌നങ്ങള്‍



എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ഒ.എന്‍.വി. കുറുപ്പിന് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.

Monday, October 29, 2007

ചിത്രലേഖ പുനരധിവാസ സമിതി സഹായം തേടുന്നു

കണ്ണൂര്‍ ജില്ലയിലെ പയ്യനൂരിനടുത്തുളള എടത്തയിലെ ചിത്രലേഖ എന്ന ദലിത്‌ യുവതി ഓട്ടോ ഓടിച്ചു ഉപജീവനം നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകരായ ആണ്‍ ഡ്രൈവര്‍മാര്‍ ജാതിനാമം പറഞ്ഞും മറ്റും അവരെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. രണ്ടു കൊല്ലം മുന്‍പ്‌ ഒരാള്‍ ഓട്ടോയുടെ മുകള്‍ ഭാഗം വലിച്ചുകീറി. പിന്നീട് അവര്‍ ശാരീരികമായി ആക്രമിക്കപ്പെടുകയും ആരോ ഓട്ടോയ്ക്ക് തിവെക്കുക‌യും ചെയ്തു. അന്ന് മുതല്‍ ചിത്രലേഖയുടെ ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. ഓട്ടോ തൊഴിലാളികളുടെ യു‌ണിയന്‍ ചിത്രലേഖയെ പീഡിപ്പിച്ചവരെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.
ദലിത്‌ പ്രവര്‍‌ത്തകര്‍ മുന്‍കൈ എടുത്തു ഇക്കൊല്ലം ഓഗസ്ത് 29നു കണ്ണൂ‌രില്‍ യോഗം ചേര്‍ന്നു രൂപീകരിച്ച ചിത്രലേഖ പുനരധിവാസ കമ്മിറ്റി ചിത്രലേഖയ്ക്ക് ഒരു പുതിയ ഓട്ടോ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു താഴെ കൊടുക്കുന്ന മേല്‍വിലാസത്തില്‍ അയക്കാവുന്നതാണ്.

Dr. D. Surendranath,
Chairman,
Chithralekha Rehabilitation Committee,
Pallikkunnu P.O.,
Kannur,
Kerala.
Payment may be made in the form of cheque or draft payable to Chithralekha Rehabilitation Committee SB A/c No. 1, CDCC Bank, Thalap branch, Kannur.

Sunday, October 28, 2007

മലയാളം ബ്ലോഗ്

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു മലയാളം ബ്ലോഗ് തുടങ്ങുന്നതാണ്.
ബ്ലോഗിനു മുന്കു‌റായി സ്വാഗതമരുളിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
കേരളത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.