Wednesday, December 19, 2007

മാധ്യമ സിന്‍ഡിക്കേറ്റിനെതിരായ തെളിവുമായി ഒരു പുസ്തകം

GREAT MANIPULATIONS എന്ന ഇംഗ്ലീഷ് പേരുള്ള മലയാളം പ്രസിദ്ധീകരണത്തിനു പല സവിശേഷതകളുണ്ട്. ഒന്നു ഇത് കണ്ടാല്‍ മാസിക പോലെയുണ്ടെങ്കിലും മാസികയല്ല, പുസ്തകമാണ് എന്നതാണ്. ടാബ്ലോയ്ട് സൈസിലാണ് ഇറക്കിയിട്ടുള്ളത്. അതുകൊണ്ടാണ് മാസികയാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. പുസ്തകത്തിന്‍റെ ഉള്ളടക്കം പത്രവാര്‍ത്തകളാണ്. സാധാരണ പുസ്തകത്തിന്‍റെ വലിപ്പത്തിലാണെങ്കില്‍ വാര്‍ത്തയുടെ ഫോട്ടോകോപ്പി വായിക്കാന്‍ പ്രയാസമാകും എന്നതുകൊണ്ടാകണം സൈസ് വലുതാക്കിയത്. "സമാഹരണവും ഇടപെടലും ബ്ലയ്സ് ജയപ്രകാശ്" എന്ന ക്രെഡിറ്റ്ലൈനിലുമുണ്ട് പുതുമ.

പ്രസാധകര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: "കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലെ പാപപങ്കിലമായ നാളുകളെ മുള്ളാണികള്‍ കൊണ്ടു വിചാരണ ചെയ്യുന്ന പുസ്തകം."

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് നടത്തിയ സദാചാരവിരുദ്ധ ഇടപെടലുകള്‍ തുറന്നു കാട്ടുന്ന പുസ്തകം."

സി. പി. എമ്മിനെ തകര്‍ക്കാന്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നെന്ന ആരോപണം പാര്‍ട്ടി നേതൃത്വം ഏതാനും കൊല്ലങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. ചില മാധ്യമ സ്ഥാപനങ്ങളുടെയും ഒന്നോ രണ്ടോ പത്രാധിപന്മാരുടെയും പേരുകള്‍ പിണറായി വിജയനും മറ്റ് പാര്‍ട്ടി നേതാക്കളും പറഞ്ഞിട്ടുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ആരോപണം സ്ഥാപിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. ആ ചുമതലയാണ് ബ്ലയ്സ് ജയപ്രകാശ് ഏറ്റെടുത്തിരിക്കുന്നത്.

പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ഡോ. കെ. എം. ഷാജഹാന്‍ 'മീഡിയ സിന്ഡിക്കേറ്റിന്‍റെ പ്രഭവകേന്ദ്രമായി ആരോപിക്കപ്പെടുന്ന' വ്യക്തിയെന്ന നിലയില്‍ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വി. എസ്. അച്യുതാനന്ദന്‍റെ പ്രതിച്ഛായ‌യെ പരമാവധി പൊലിപ്പിക്കുകയും ഒപ്പം ഉള്‍പാര്‍ട്ടി സമരത്തില്‍ അദ്ദേഹത്തിന്‍റെ എതിരാളികളായി അറിയപ്പെടുന്നവരെ ഏത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനും ഉദ്ദേശിച്ചു നടന്ന അധാര്‍മ്മിക പ്രവര്‍ത്തനമാണ് മാധ്യമ സിന്‍ഡിക്കേറ്റ്‌ നടത്തിയതെന്നു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉദ്ധരിച്ച് തെളിയിക്കാനാണ് പ്രസാധകര്‍ ശ്രമിക്കുന്നത്.

പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും കൂടാതെ ചില ചാനലുകളെയും ചാനല്‍ പ്രവര്‍ത്തകരെയും കുറിച്ചും പരാമര്ശങ്ങളുണ്ട്. മലപ്പുറം പാര്‍ട്ടി സമ്മേളന കാലത്താണ് ഊന്നല്‍ കൊടുക്കുന്നതെന്കിലും ലാവലിന് അഴിമതി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ മറ്റു പലതും ഇതിലുണ്ട്.

പ്രസിദ്ധീകരണത്തിന്‍റെ പിന്നില്‍ സി. പി. എം ഔദ്യോഗിക നേതൃത്വത്തെ പ്രതിരോധിക്കുന്ന എതിര്‍ മാധ്യമ സിന്‍ഡിക്കേറ്റ്‌ ആണുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അത് ശരിയല്ലെന്ന് സൂക്ഷിച്ചു നോക്കുമ്പോള്‍ മനസ്സിലാകും. ഔദ്യോഗിക നേതൃത്വത്തില്‍ നിന്നു സാധാരണഗതിയില്‍ പ്രതീക്ഷിക്കാനാവാത്ത സൌമനസ്യം ചിലയിടങ്ങളില്‍ ഇത് പാര്‍ട്ടിയുടെ വിമര്ശകരോട് കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ " തികച്ചും അധാര്മ്മികമായ സംഘടനാ നടപടിയിലൂടെ" ആണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതെന്നു പറയുന്നുണ്ട്. അതുകൊണ്ടു അപ്പുക്കുട്ടന് പാര്ട്ടിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടു എന്നും. ഈ സൌജന്യം പാര്‍ട്ടി നല്‍കുന്നതാവില്ല, ജയപ്രകാശ് നല്‍കുന്നതാവണം.

എന്നെക്കുറിച്ചും ഒരു പരാമര്‍ശം ഇതിലുണ്ട്. അതിങ്ങനെ: "സി. പി. ഐ. (എം) രാഷ്ട്രീയത്തിന്‍റെ ഭാഗത്തല്ല ഒരു കാലത്തും ബി. ആര്‍. പി. ഭാസ്കര്‍ നിലകൊണ്ടിട്ടുള്ളത്. ഇ. എം. എസിന്‍റെ രാഷ്ട്രീയത്തോടും സംവരണ നയത്തോടും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വമായി കെ. എന്‍. ഗണേശ് ഇ. എം. എസിന്‍റെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ അപലപിക്കാന്‍ തയ്യാറായ വ്യക്തിയാണ് ബി. ആര്‍. പി. ഭാസ്കര്‍. മറ്റെല്ലാവരും ശ്രീനാരായണ ഗുരുവിന്‍റെ പേരു പറഞ്ഞപ്പോള്‍ കെ. എന്‍. ഗണേശ് മാത്രമാണ് ഇ. എം. എസിന്‍റെ പേരു നിര്ദ്ദേശിച്ചത്. അതിനെ ജനാധിപത്യപരമായി കാണാന്‍ കഴിയാത്ത കടുത്ത ഇ. എം. എസ്. വിരുദ്ധനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മാധ്യമ ഇടപെടലുകളെ ആദരവോടെയാണ് സമീപിക്കേണ്ടത്. എന്നാല്‍ സി. പി. ഐ. (എം) ന്‍റെ ഉള്‍പാര്‍ട്ടി സമരത്തില്‍ വി. എസ്. പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഇദ്ദേഹം നടത്തുന്ന 'നിഷ്പക്ഷ' ഇടപെടലുകള്‍ കേരള കൌമുദിയുടെ ഇടപെടലുകള്‍ പോലെ സംശയാസ്പദമാണ്."

ബ്ലയ്സ് ജയപ്രകാശിന്‍റെ ഇടപെടല്‍ എങ്ങനെയാണ് കാണേണ്ടത്? പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിലരുടെ താല്പര്യമാണ് ഈ പ്രതിരോധ ശ്രമത്തിനു പിന്നിലെന്ന് തോന്നുന്നു. ഇവിടെ കൊല്ലം ബന്ധം പ്രസക്തമാകുന്നു. പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ച പഴയ പത്രവാര്‍ത്തകളും ലേഖനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകം കാണുക. നേതൃത്വത്തോടൊപ്പം നില്‍ക്കുന്നവരുടെ വിശ്വാസം ഉറപ്പിക്കാന്‍ ഈ തെളിവുകള്‍ക്ക്‌ കഴിയും. മറ്റുള്ളവര്‍ക്ക്‌ ഇത് ആരോപണത്തിന് മതിയായ തെളിവായി കാണാന്‍ പ്രയാസമുണ്ടാകും.

നല്ല ആര്‍ട്ട് പേപ്പര്‍ കവര്‍ ഉള്ള പുസ്തകത്തിന്‍റെ വില 80 രൂപയാണ്.
പ്രസാധകര്‍: BLAZE Publications, Mangadu PO, Kollam 15

3 comments:

കിരണ്‍ തോമസ് തോമ്പില്‍ said...


പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിലരുടെ താല്പര്യമാണ് ഈ പ്രതിരോധ ശ്രമത്തിനു പിന്നിലെന്ന് തോന്നുന്നു.

വളരേ ശരിയാകാനാണ് സാധ്യത. ജനശക്തിക്കും മാതൃഭൂമിക്കും സമകാലിക മലയാളത്തിനും ബദലായീ പാ‍വം പിണറായിക്കുള്ളത്ത് ഫാരിസ് ദീപിക മാത്രം. അതിനാണെങ്കില്‍ ഇപ്പോള്‍ ചില പരിമിതികളുമുണ്ട്. പിണറായി സഭക്കെതിര് പിന്നെ ദീപിക വായിക്കുന്നവരും കുറവ്‌. കൈരളിക്കും ഉണ്ട് പരിമിതികള്‍ കാരണം അവര്‍ക്ക് പരസ്യമായി അച്ചുതാനന്ദനെ എതിര്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ ജയപ്രകാശും ബ്ലെയ്‌സുമൊക്കെ തുണ. ഒരെണ്ണം വാങ്ങണം ഇത് പരിചയപ്പെടുത്തിയതിന് നന്ദി

ബൈജു said...

സ്വന്തം ബ്ലോഗിന്റെ പബ്ലിസിറ്റി കമന്റ്സിലൂടെ ചെയ്യുന്നതു ശരിയല്ലെങ്കിലും, മാധ്യമ സിന്‍ഡിക്കേറ്റ് എന്നു കണ്ടപ്പോള്‍ കമന്റ് ഇടണമെന്നു തോന്നി. പിന്നെ ഞാന്‍ ബ്ലോഗെഴുത്തുനിര്‍ത്തിയ്യെന്നതും കൂടെ കണക്കിലെടുത്തു നാണമില്ലാതെ സ്വന്തം ബ്ലോഗിലേക്കുള്ള അഡ്രസ് കുറിക്കുന്നു.www.conspiracyofsilence-baiju.blogspot.com

BHASKAR said...

കിരണ്‍ തോമസ് തോമ്പില്‍, പുസ്തകം വായിച്ച ശേഷം ദയവായി അഭിപ്രായം അറിയിക്കുക.
സ്വന്തം ബ്ലോഗിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതില്‍ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മലയാള മനോരമയുടെ ടിവി പരിപാടികള്‍ ശ്രദ്ധിച്ചു നോക്കൂ. മനോരമ എടുത്ത സീരിയല്‍ ഏതെങ്കിലും ചാനലില്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് തലക്കെട്ടില്‍ ഉണ്ടാകും. ബൈജു ബ്ലോഗ് ഉപേക്ഷിച്ചതെന്തേ?