കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായ CUSAT ന്‍റെ വൈസ് ചാന്‍സലര്‍ ആയി നിയമിതനായ ഡോ. ഗംഗന്‍ പ്രതാപ് കേരളത്തിനകത്ത് അറിയപ്പെടാത്ത കേരളീയനാണ്.
ഇപ്പോള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഗവേഷണ കൌണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലെ Centre for Mathematical Modelling and Computer Simulation ന്‍റെ മേധാവിയായ പ്രതാപ് മികച്ച ശാസ്ത്രജ്ഞനാണ്. മദിരാശിയിലെ ഐ. ഐ. ടി.യില്‍ നിന്നു എരോനാട്ടിക്കല്‍ ഇഞ്ചിനീയറിംഗില്‍ ബിരുദം എടുത്തശേഷം ബാംഗ്ലൂരിലെ നാഷണല്‍ എരോനാട്ടിക്കല്‍ ലബാറട്ടറിയില്‍ ചേര്‍ന്നു.
മാധ്യമം ദിനപ്പത്രത്തിന്‍റെ ഇന്നത്തെ ലക്കത്തില്‍ (ഡിസംബര്‍ 16) പ്രസിദ്ധീകരിച്ചിട്ടുള്ള "ഈ മലയാളി ഇനി തേരാളി" എന്ന ലേഖനത്തില്‍ എം. പി. ശ്യാംകുമാര്‍ ഗംഗന്‍ പ്രതാപിനെ പരിചയപ്പെടുത്തുന്നു. ആ ലേഖനത്തെ ആസ്പദമാക്കി ഒരു കുറിപ്പ് ഞാന്‍ Kerala Letter എന്ന ഇംഗ്ലീഷ് ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.
2 comments:
നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്ക് വേണ്ടത് അക്കാഡമിക് മികവോ, ഭരണനൈപുണ്യമോ, ദീര്‍ഘവീക്ഷണമോ ഉള്‍ക്കാഴ്ചയോ ഒന്നുമല്ലല്ലോ. ഡോക്ടര്‍ ഗംഗന്‍ പ്രതാപിനെയെങ്കിലും സര്‍വ്വകാലാശാലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അതിനെക്കാളുമുപരി നാട്ടിലെ രാഷ്ട്രീയക്കാരും അംഗീകരിക്കട്ടെ, സ്വന്തമായും സ്വതന്ത്രമായും ഭരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കട്ടെ.
കുസാറ്റ് കേന്ദ്രഭരണസ്ഥാപനമാക്കുന്നതിനു മുന്‍പ് സര്‍ക്കാരിന്റെയും മാര്‍ക്സ്‌സിറ്റ് പാര്‍ട്ടിയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ വി.സി യെ നിയമിച്ചതെന്നത് അടിസ്ഥാനമില്ലാത്ത ഒരു കോണ്‍സ്പിരസി തിയറി മാത്രമാവട്ടെ. നിയമവ്യവസ്ഥിതിക്കനുസരിച്ചുള്ള എല്ലാ പുരോഗമനങ്ങളും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും മറ്റു വ്യക്തിപരവും സങ്കുചിതവുമായ താത്പര്യങ്ങള്‍ക്കുമതീതമായി ഇനിയെങ്കിലും കുസാറ്റിനുണ്ടാവട്ടെ, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍. സിന്‍ഡിക്കേറ്റും രാഷ്ട്രീയക്കാരും ജീവനക്കാരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ ഭരിക്കുന്നതിനു പകരം അവരുടെയൊക്കെ നേതൃത്വം അദ്ദേഹത്തിന് കിട്ടട്ടെ. യഥാര്‍ത്ഥത്തിലുള്ള നല്ല കാര്യങ്ങള്‍ അദ്ദേഹം വഴി ആ സര്‍വ്വകലാശാലയ്ക്കുണ്ടാവട്ടെ. കൊല്ലത്തില്‍ ഒരു പേപ്പറെങ്കിലും നേച്ചറിലുണ്ടാവട്ടെ. ധാരാളം പേറ്റന്റുകള്‍ കിട്ടട്ടെ. ആ പേറ്റന്റുകള്‍ വിറ്റ് കാശാക്കിയും സര്‍വ്വകലാശാല വരുമാനമുണ്ടാക്കട്ടെ. നാടിന്റെ സാങ്കേതികവികസനത്തിനും ശാസ്ത്രവികസനത്തിനും സര്‍വ്വകലാശാല സഹായിക്കട്ടെ. നാടിനും നാട്ടുകാര്‍ക്കും പ്രയോജനമുള്ള ഗവേഷണങ്ങളും പഠനങ്ങളും നടക്കട്ടെ അവിടെ. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ലൈബ്രറി ഉണ്ടാവട്ടെ. പരീക്ഷണങ്ങള്‍ വായുവില്‍ നടത്തുന്നതിനു പകരം ഉപകരണങ്ങളില്‍ നടത്തട്ടെ. ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനോടൊപ്പം തന്നെ അതെല്ലാം നല്ല രീതിയില്‍ പരിപാലിക്കാനും സാധിക്കട്ടെ. ഉള്ള ഉപകരണങ്ങളൊക്കെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കട്ടെ. നല്ല നല്ല പഠനങ്ങളും ഗവേഷണങ്ങളും നടക്കട്ടെ...
(എല്ലായ്പ്പോഴും ഇങ്ങിനെയൊക്കെ ആഗ്രഹിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു മലയാളി- ഇന്ത്യയില്‍ മലയാളിക്ക് മാത്രം വിധിക്കപ്പെട്ട ഇത്തരം കുറെ ആഗ്രഹങ്ങളില്‍ ഒരാഗ്രഹം).
വക്കാരിമഷ്‌ടായുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. ഡോ. ഗംഗന്‍ പ്രതാപ് എനിക്ക് നല്ലപോലെ അറിയാവുന്ന വ്യക്തിയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ സര്‍വകലാശാലയ്ക്കും സംസ്ഥാനത്തിനും ഏറെ ഗുണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Post a Comment