Monday, March 24, 2014

ഒരു രക്തസാക്ഷിയുടെ രാസപരിണാമങ്ങൾ



ബി.ആർ.പി. ഭാസ്കർ

ടി.പി. ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടപ്പോൾ അതൊരു രാഷ്ടീയ കൊലപാതകമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. സി.പി.എമ്മിന് ഓഞ്ചിയം പ്രദേശത്ത് ചന്ദ്രശേഖരൻ ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നതിനാൽ കൊലയ്ക്കു പിന്നിൽ ആ പാർട്ടിയാണെന്ന നിഗമനം തികച്ചും സ്വാഭാവികമായിരുന്നു. സി.പി.എം. നേതാക്കൾ ആവർത്തിച്ചു പറഞ്ഞതുപോലെ, ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമനെന്ന തരത്തിലുള്ള നിഗമനം തന്നെയായിരുന്നു അത്. സംശയത്തിന് എന്തെങ്കിലും ഇടമുണ്ടായിരുന്നെങ്കിൽ അത് കൊലപാതകം ഏതെങ്കിലും പാർട്ടി ഘടകം എടുത്ത തീരുമാനത്തിന്റെ ഫലമായിരുന്നൊ അതൊ ഏതെങ്കിലും പാർട്ടി പ്രവർത്തകനൊ പ്രവർത്തകരൊ സ്വന്തനിലയിൽ നടത്തിയതായിരുന്നൊ എന്ന കാര്യത്തിൽ മാത്രമാണ്.

സി.പി.എമ്മിനെ പോലെ കർശനമായ അച്ചടക്കപാലന പാരമ്പര്യമുള്ള കക്ഷി അതിന്റെ അറിവൊ സമ്മതമൊ കൂടാതെ ഒരംഗം കുറ്റകൃത്യം നടത്തിയാൽ അയാൾക്കെതിരെ നടപടി എടുക്കുമെന്ന് ഉറപ്പാണ്. അങ്ങനെയൊന്നും ഉണ്ടായില്ലെന്നു തന്നെയല്ല കൊല നടന്നയുടൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വം സംശയം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാൻ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്തു. കൊലയാളി സംഘം ഉപയോഗിച്ച വാഹനത്തിൽ ‘മാഷെ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ചിരുന്നതു ചൂണ്ടിക്കാട്ടി തീവ്രവാദി ബന്ധം അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. കാറിന്റെ ഉടമ ഒരുയർന്ന കോൺഗ്രസ് നേതാവിന്റെ ബന്ധുവാണെന്ന് പറഞ്ഞതും ഒരു പാർട്ടി നേതാവു തന്നെ. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു മുമ്പ് പിണറായി വിജയൻ അദ്ദേഹത്തെ കുലംകുത്തി എന്ന് വിളിച്ചിരുന്നു. പാർട്ടി ഔപചാരികമായി കൊലപാതകത്തെ  അപലപിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി അതിനുശേഷവും കുലംകുത്തി പ്രയോഗം നടത്തി അതിന്റെ ഗൌരവം കുറച്ചു.

മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളിൽ ബന്ധപ്പെട്ട പാർട്ടികൾ നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കുകയാണ് പൊലീസ് കുറച്ചുകാലമായി ചെയ്തുകൊണ്ടിരുന്നതെന്നത് പരസ്യമായ രഹസ്യമാണ്.  ചന്ദ്രശേഖരന്റെ കൊലപാതകം സംസ്ഥാനത്തുയർത്തിയ അത്യപൂർവ്വമായ പൊതുവികാരം ആ രീതി അവലംബിക്കുന്നതിന് തടസമായി. പാർട്ടി നൽകുന്നവരെ പ്രതിചേർക്കുന്നതിനു പകരം അന്വേഷണ സംഘം പാർട്ടി ആപ്പീസുകളിലും പാർട്ടിഗ്രാമങ്ങളിലും കൊലയാളികളെ തിരക്കിച്ചെന്നു. കൊല ചെയ്തവരെന്ന് കരുതപ്പെട്ടവരെ പിടികൂടിയശേഷം അന്വേഷണം അവരെ ഒളിപ്പിച്ചവരിലേക്ക് നീങ്ങി. ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകരെ സർക്കാർ ബോധപൂർവ്വം കേസിൽ കുടുക്കുകയാണെന്ന് സി.പി.എം. ആരോപിച്ചു. അന്വേഷണം കൊന്നവരിൽ നിന്ന് കൊല്ലിച്ചവരിലേക്ക് നീങ്ങുമെന്ന് ഔദ്യോഗിക വക്താക്കൾ പ്രഖ്യാപിച്ചപ്പോൾ പാർട്ടി പ്രതിരോധം കൂടുതൽ ശക്തമാക്കി. അപ്പോൾ ഉന്നത നേതാക്കന്മാരെയും കുടുക്കാൻ ശ്രമിക്കുന്നെന്നായി ആരോപണം. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം താഴ്ന്ന തലങ്ങളിലെ പ്രവർത്തകർക്ക് സ്വന്ത നിലയിൽ കൊലപാതകം പോലെയുള്ള ഒരു കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കാൻ അനുവദിക്കുന്നതല്ല.  രണ്ടു ജില്ലകളിലെ പാർട്ടി ഘടകങ്ങളിൽ പെട്ടവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തൽ ഉയർന്ന തലത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന നിഗമനം അനിവാര്യമാക്കി. അതേസമയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് ചില കോൺഗ്രസ് നേതാക്കളും നടത്തിയ നിരുത്തരവാദപമായ പ്രസ്താവനകൾ സി.പി.എം നേതാക്കളെ കുടുക്കാൻ ശ്രമം നടക്കുന്നെന്ന പാർട്ടിയുടെ ആരോപണം ശക്തിപ്പെടുത്താൻ പോരുന്നതായി.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ നടത്തിയ പ്രസ്താവനകൾ പരിശോധിക്കുമ്പോൾ ആ സമയത്ത് പൊതുമണ്ഡലത്തിലുള്ള വിവരങ്ങൾക്ക് പാർട്ടി അണികൾക്കും അണിയായികൾക്കും സ്വീകരിക്കാൻ കഴിയുന്ന വിശദീകരണം നൽകാനായിരുന്നു ഓരോ ഘട്ടത്തിലും ശ്രമിച്ചതെന്ന് കാണാനാകും. സി.പി.എമ്മിനെ കൊലയാളി പാർട്ടിയായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത്. കണ്ണൂർ മേഖലയിലെ കൊലപാതക പരമ്പരകളെ കുറിച്ച് അറിവുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. കൊലപാതകങ്ങളുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് അവരെ വിശ്വസിപ്പിക്കാനാവില്ല. അതിനാൽ രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചാവിഷയമാകുമ്പോൾ തങ്ങൾ ഇരകളാണ്, വേട്ടക്കാരല്ല എന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രവർത്തകരെ നഷ്ടപ്പെട്ടിട്ടുള്ളത് സി.പി.എമ്മിനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മുകാർ സമാധാനപ്രിയരും എതിരാളികൾ കൊലയാളികളുമാണെന്ന ധാരണ പരത്താനാണ് പാർട്ടിയുടെ ശ്രമം. പാർട്ടി ഭാഷ്യത്തിൽ കൊലപാതകങ്ങൾ മറ്റുള്ളവർ ചെയ്യുന്നതാണ്. പാർട്ടി ചെയ്യുന്നത് പ്രതിരോധവും. സി.പി.എമ്മിന് മറ്റു പാർട്ടികളേക്കാൾ കൂടുതൽ ആൾനഷ്ടം സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്താൻ വലിയ പ്രയാസമില്ല. കൊലയിൽ കലാശിക്കുന്ന മിക്കവാറും എല്ലാ സംഘട്ടനങ്ങളിലും ഒരു വശത്ത് സി.പി.എമ്മാണ്. മറുവശത്താകട്ടെ ഒരു കക്ഷിയല്ല, പല കക്ഷികളാണ്. അതായത് ഒരു വശത്ത് കൊല്ലപ്പെടുന്നത് സി.പി.എമ്മുകാരാണെങ്കിൽ മറുവശത്ത് കൊല്ലപ്പെടുന്നത് വിവിധ പാർട്ടികളിൽ പെടുന്നവരാണ്. എല്ലാവരും ഒരു ജീവന് പകരം മറ്റൊന്ന് എന്ന അടിസ്ഥനത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് കൂട്ടിനോക്കുമ്പോൾ കൊല്ലപ്പെട്ട സി.പി.എമ്മുകാരുടേയും സി.പി.എമ്മിതരരുടേയും എണ്ണം ഏറെക്കുറെ സമമായിരിക്കും.

ചന്ദ്രശേഖരന്റെ കൊലപാതകം ആർ.എം.പി. ഒരു വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടു വരികയും അപ്പുക്കുട്ടൻ വള്ളിക്കുന്നിനെപ്പോലെയുള്ള മുൻ‌പാർട്ടി അംഗങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തപ്പോൾ സോഷ്യൽ മീഡിയയിലെ പാർട്ടി പ്രചാരകർ ഉയർത്തിയ പ്രധാന എതിർവാദം അവരൊക്കെ പാർട്ടിയിലുണ്ടായിരുന്ന കാലത്തും എതിരാളികൾ കൊല്ലപ്പെട്ടിരുന്നെന്നും അതിനെതിരെ അവർ ശബ്ദമുയർത്തിയിരുന്നില്ലെന്നതുമാണ്. ചന്ദ്രശേഖരന്റെ കൊലയിൽ പാർട്ടിക്കു പങ്കുണ്ടെന്ന നിലപാടെടുത്തിട്ടുള്ള വി.എസ്. അച്യുതാനന്ദൻ സെക്രട്ടറിയായിരുന്ന കാലത്തും കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും അവർ അത്യുത്സാഹത്തോടെ ചൂണ്ടിക്കാണിക്കുന്നു. മറ്റ് കൊലപാതകങ്ങളുടെ കാര്യത്തിൽ മൌനം പാലിച്ചവർക്ക് ചന്ദ്രശേഖരൻവധത്തെ കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നു വാദിക്കുന്നവരുടെ ആത്യന്തികലക്ഷ്യം സ്വന്തം നിലപാടിന്റെ സാധൂകരണമാണ്. പാർട്ടി പറയുന്നത് കളവാണെന്നറിഞ്ഞുകൊണ്ടു തന്നെ അതിനോടൊപ്പം നിൽക്കാൻ സ്വയമേവ തീരുമാനിക്കുകയൊ അതിന് നിർബന്ധിതരാവുകയൊ ചെയ്യുന്നവരാണവർ. അതിനു സഹായകമായ തിരക്കഥകൾ രചിക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്ന പാർട്ടി നേതാക്കളുടെ വൈഭവത്തെ കുറിച്ചു അവർക്ക് മതിപ്പുണ്ടാകാം. എന്നാൽ പുറത്തു നിന്നു നോക്കുന്നവരുടെ കണ്ണിൽ അവർ പാർട്ടി പട്ടേലരുടെ തൊമ്മിമാർ മാത്രമാണ്.

അച്യുതാനന്ദൻ സംഘടനക്കുള്ളിൽ വിഷയം ഉയർത്തിയതാണ് ചന്ദ്രശേഖരന്റെ കൊലപാതകവുമായി പാർട്ടിക്കു ബന്ധമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അംഗീകരിച്ച കേന്ദ്ര നേതൃത്വത്തെ പാർട്ടിതല അന്വേഷണം നടത്തുമെന്നും ആർക്കെങ്കിലും കൊലയുമായി ബന്ധമുണ്ടെന്നു കണ്ടാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും പ്രഖ്യാപിക്കാൻ നിർബന്ധിതമാക്കിയത്. ആരാണ് അന്വേഷണം നടത്തുന്നത്, എന്തു പുരോഗതിയാണുള്ളത് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തപ്പെട്ടെങ്കിലും പ്രകാശ കാരാട്ട് അവയ്ക്ക് ഉത്തരം നൽകാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ ചന്ദ്രശേഖരൻ ചില കരാർ പണികൾ മുടക്കിയതിലുള്ള വൈരാഗ്യം മൂലം കെ.സി. രാമചന്ദ്രൻ എന്ന ലോക്കൽ കമ്മിറ്റി അംഗം കൊലയാളിസംഘത്തെ ഏർപ്പെടുത്തി അദ്ദേഹത്തെ വകവരുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടർന്ന് രാമചന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നുമുള്ള അറിയിപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. സംസ്ഥാന പാർട്ടി പത്രക്കുറിപ്പിലൂടെയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. സുപ്രധാനമായ പാർട്ടി കണ്ടെത്തൽ അറിയിക്കാൻ ജനറൽ സെക്രട്ടറിയൊ സംസ്ഥാന സെക്രട്ടറിയൊ മാധ്യമ പ്രവർത്തകരെ നേരിട്ട് കാണാതിരുന്നത് ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നെന്ന്  അനുമാനിക്കാവുന്നതാണ്.

വിചാരണക്കു മുൻപു തന്നെ കോടതി കേസിലെ നിരവധി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷൻ വിഭാഗത്തിന്റെയും പ്രവർത്തനം കുറ്റമറ്റതല്ലായിരുന്നെന്ന് സൂചിപ്പിക്കുന്നു. വിചാരണക്കിടയിൽ  നിരവധി സാക്ഷികൾ കൂറുമാറുകയും ചെയ്തു. അന്വേഷണസംഘം സമ്മർദ്ദം ചെലുത്തി സാക്ഷികളാക്കിയവർ കോടതിയിലെത്തിയപ്പോൾ പിൻ‌വാങ്ങിയെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അത് ശരിയാകാം. അതേസമയം ആ പിന്മാറ്റത്തിന്റെ പിന്നിൽ പാർട്ടിയുടെ സമ്മർദ്ദവുമുണ്ടായിരുന്നിരിക്കണം. വിചാരണക്കൊടുവിൽ  ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. കൊല നടത്തിയ എട്ടുപേരെ കൂടാതെ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ഉൾപ്പെടെ മുന്ന് സി.പി.എമ്മുകാരെയും കൊല ആസൂത്രണം ചെയ്തതിൽ പങ്ക് വഹിച്ചവരെന്ന നിലയിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ചു. അതിനു ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ കൊലയാളിസംഘത്തിൽ നിന്ന് ദൂരം പാലിക്കാൻ ഔപചാരികമായി ശ്രമിച്ചു. ശിക്ഷിക്കപ്പെട്ട പാർട്ടി അംഗങ്ങൾ നിരപരാധികളാണെന്നും അപ്പീൽ കോടതിയിൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യതെയെ പാർട്ടി ഏറ്റെടുത്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊലയാളി സംഘത്തിൽ പെട്ടവരെ മറ്റൊരു ജയിലിലേക്ക് മാറ്റുകയും അവിടെ അവർക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ  പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മറ്റ് പാർട്ടി എം.എൽ.എമാരും നടത്തിയ ഇടപെടൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി.
വിചാരണക്കോടതി വിധി വന്നശേഷം കൊല്യ്ക്ക് പ്രേരിപ്പിച്ച മുഴുവൻ പേരേയും കണ്ടെത്താൻ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ. കെ. രമ ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പിണറായി വിജയൻ അപ്പോൾ കേരള രക്ഷായാത്രയിലായിരുന്നു. അദ്ദേഹത്തിന്റെ യോഗങ്ങളിൽ ചന്ദ്രശേഖരൻ സ്ഥിരം വിഷയമായി. ഇ.പി. ജയരാജൻ, എളമരം കരിം, സി. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗങ്ങളിൽ ചന്ദ്രശേഖരനെതിരെ അധിക്ഷേപം ചൊരിഞ്ഞു. കരിമിന്റെ വാഗ്‌വിലാസത്തിൽ ആ രക്തസാക്ഷി മണ്ണാങ്കട്ട ആയി. അധിക്ഷേപങ്ങൾ പ്രതിഷേധം വിളിച്ചുവരുത്തിയപ്പോൾ പിണറായി വിജയൻ സഹപ്രവർത്തകരെ ന്യായീകരിച്ചു. ചന്ദ്രശേഖരൻ മഹത്വവത്കരിക്കപ്പെടുന്നെന്നും ആ പ്രദേശത്തുകാർക്ക് ചന്ദ്രശേഖരനെ കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ സംസാരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിചിത്രമെന്നു പറയട്ടെ ചന്ദ്രശേഖരനെ കുറിച്ച് എല്ലാമറിയാമായിരുന്ന സി.പി.എം. നേതാക്കൾക്ക് ആ ഘട്ടത്തിൽ രാമചന്ദ്രനെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നു. വ്യക്തിവിരോധം മൂലം രാമചന്ദ്രൻ കൊലയാളികളെ ഏർപ്പാടു ചെയ്ത് ചന്ദ്രശേഖരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അവർക്കൊ പിണറായി വിജയനുപോലുമൊ അപ്പോൾ അറിയില്ലായിരുന്നു!

വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ചന്ദ്രശേഖരന്റെ കൊലപാതകം കരാർ പണികൾ മുടക്കിയതിലുള്ള വിരോധം തീർക്കാൻ രാമചന്ദ്രൻ തനിച്ച് ആസൂത്രണം ചെയ്ത് ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടേ നടപ്പിലാക്കിയതാണെന്ന പോളിറ്റ്ബ്യൂറോയുടെ കണ്ടുപിടിത്തം ആ ഹീനകൃത്യത്തിന്റെ ഉത്തരവാദിത്തം ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ചുമലിൽ ഇറക്കിവെച്ചിട്ട് മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു മനസിലാക്കാനാകും. ഇതിലൂടെ വിചാരണക്കോടതി ശിക്ഷിച്ച ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തനെ സംരക്ഷിക്കാനും സി.ബി.ഐ.യുടെ ഗൂഢാലോചനാ‍ന്വേഷണം മുകളിലേക്ക് വ്യാപിക്കുന്നത് തടയാനും കഴിയുമെന്ന് പാർട്ടി കരുതുന്നുണ്ടാകണം. അജ്ഞാതവഴിയിലൂടെയുള്ള പാർട്ടി അന്വേഷണത്തിനിടയിൽ കുലംകുത്തിയും മണ്ണാങ്കട്ടയും കരാർമുടക്കിയുമായി രൂപാന്തരപ്പെട്ട ചന്ദ്രശേഖരൻ ജനങ്ങളുടെ കണ്ണിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയാണ്. അദ്ദേഹത്തെ ഉത്തമ കമ്മ്യൂണിസ്റ്റായി വിശേഷിപ്പിച്ച അച്യുതാനന്ദന്റെ അന്വേഷണ റിപ്പോർട്ട് പൂർണ്ണമല്ലെന്ന പരസ്യ പ്രസ്താവം പാർട്ടി നിലപാട് അന്തിമ തീരുമാനമായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് കാണിക്കുന്നത്. സി.ബി.ഐ. ഊർജ്ജിതമായ അന്വേഷണം നടത്തുകയും അച്യുതാനന്ദൻ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്താൽ ഇനിയും പിന്നോട്ടുപോകാൻ പാർട്ടി നിർബന്ധിതമാകം. (മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 17, 2014)

Tuesday, March 11, 2014

തൂക്കുകയർ എന്ന മിഥ്യാനീതിസങ്കല്പം

ബി.ആർ.പി. ഭാസ്കർ

രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളെ വധശിക്ഷയിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് തമിഴ് നാട് സർക്കാർ അവരെ മോചിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എതിർപ്പുമായി മുന്നോട്ടു വന്ന രാഹുൽ ഗാന്ധി ചോദിച്ചു: “രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ പ്രധാനമന്ത്രിക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ സാധാരണക്കാർക്ക് നീതി നൽകാനാകുമോ?” അച്ഛനെ നഷ്ടപ്പെട്ട മകന്റെ ദു:ഖം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നതിനെ തികച്ചും സ്വാഭാവികമായി കാണണം. അതേ സമയം അവയിൽ പ്രതിഫലിക്കുന്ന നീതി സങ്കല്പം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ചെന്നൈക്ക് സമീപമുള്ള ശ്രീപെരുമ്പുതൂരിൽ ഒരു തെരഞ്ഞെടുപ്പു റാലിയിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ശ്രീലങ്കയിൽ നിന്നുള്ള ചാവേറായ ധനു എന്ന ഗായത്രി ധരിച്ചിരുന്ന ബെൽറ്റ് ബോംബ് പൊട്ടി രാജീവ് ഗാന്ധി 1991 മേയ് 21ന് കൊല്ലപ്പെട്ടത്. കേസന്വേഷിച്ച പ്രത്യേക സംഘം ഒരു കൊല്ലത്തിലധികം സമയമെടുത്ത് തയ്യാറാക്കിയ1,000 പേജുള്ള കുറ്റപത്രത്തിൽ 41 പ്രതികളുടെ പേരുണ്ടായിരുന്നു. എൽ.ടി.ടി.ഇ. തലവൻ വി. പ്രഭാകരൻ ആയിരുന്നു ഒന്നാം പ്രതി. പ്രഭാകരനും സഹായികളുമുൾപ്പെടെ പ്രധാന പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എന്നാൽ അവരെല്ലാം ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിനിടിയിൽ കൊല്ലപ്പെടുകയൊ ആത്മഹത്യ ചെയ്യുകയൊ ചെയ്തു.  വിചാരണ നേരിട്ട 26 പേരിൽ എൽ.ടി.ടി.ഇ നിയോഗിച്ച കൊലയാളി സംഘത്തിലെ അംഗമെന്ന് അന്വേഷണ സംഘം കണ്ടെത്തിയ നളിനിയും ഭർത്താവ് മുരുകൻ എന്ന ശ്രീഹരനും ഉൾപ്പെട്ടിരുന്നു. മിക്കവർക്കും കൊല നടത്താനുള്ള എൽ.ടി.ടി.ഇ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കൊലയാളി സംഘത്തിന് കൊലക്കു മുൻപോ പിൻപോ സഹായങ്ങൾ ചെയ്തുകൊടുത്തെന്നതായിരുന്നു അവർ ചെയ്ത കുറ്റം. ഇൻഡ്യൻ പീനൽ കോഡ് വകുപ്പുകൾ കൂടാതെ ടാഡ എന്ന ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് അന്വേഷണം സംഘം കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ 15 ദിവസം പൊലീസ് കസ്റ്റഡിയിൽ വെക്കാനെ സാധാരണ നിയമം അനുവദിക്കുന്നുള്ളു. ടാഡ പ്രകാരം 60 ദിവസം വരെ പൊലീസ് കസ്റ്റഡിയിൽ വെക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യാം. കൂടാതെ പൊലീസിന് നൽകുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കുകയും ചെയ്യാം.

അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ചിലർ പിൽക്കാലത്ത് നൽകിയ വിവരങ്ങൾ അന്വേഷണത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങളുയർത്തിയിട്ടുണ്ട്. അന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്ന എം.കെ. നാരായണൻ താല്പര്യമെടുത്ത് തെളിവ് പൂഴ്ത്തിയെന്ന അതീവ ഗുരുതരമായ ആരോപണമാണ് ഒരുദ്യോഗസ്ഥൻ ഉന്നയിച്ചിട്ടുള്ളത്. ബോംബ് പൊട്ടിക്കാനുപയോഗിച്ച ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങിക്കൊടുത്തെന്നതായിരുന്നു പേരരിവാളൻ എന്ന പ്രതിക്കെതിരായ കുറ്റം. ബാറ്ററി വാങ്ങുന്നതെന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് പേരരിവാളൻ അന്വേഷണസംഘത്തിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. മൊഴി എഴുതിയെടുത്ത സി.ബി.ഐ. പൊലീസ് സൂപ്രണ്ട് വി. ത്യാഗരാജൻ ഈ വിവരം രേഖപ്പെടുത്തിയില്ല. അദ്ദേഹം തന്നെ ഇക്കാര്യം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.  
സുരക്ഷാ പരിഗണ മുൻ‌നിർത്തി പൊതുജനങ്ങളെ കോടതി മുറിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വധശ്രമത്തിനു ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട ശിവരാജന്റെ ആത്മഹത്യക്കു ശേഷം ലഭിച്ച എൽ.ടി.ടി.ഇ രേഖകളിൽ നിന്ന് നളിനിയൊഴികെയാർക്കും അയാളുടെ ദൌത്യത്തെ കുറിച്ച് അറിവില്ലായിരുന്നെന്ന് വ്യക്തമായിരുന്നു. എന്നിട്ടും പ്രോസിക്യൂഷൻ വിചാരണ നേരിട്ട 26 പേർക്കും വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ടാഡ കോടതി ആ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
കൊലപാതകം നടന്ന് ഏഴു വർഷം കഴിഞ്ഞ് 1998 ജൂൺ 28നാണ് വിധി വന്നത്.

ടാഡ കോടതി വിധിക്കെതിരെ അപ്പീൽ കേൾക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലാത്തതുകൊണ്ട് ശിക്ഷിക്കപ്പെട്ടവർ സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ.ടി. തോമസിന്റെ അദ്ധ്യക്ഷതയിലുള്ള മുന്നംഗ ബെഞ്ച് 1999 മേയ് 11 ന് നടത്തിയ വിധിപ്രസ്താവത്തിൽ നളിനി, മുരുകൻ, ശാന്തൻ, പേരരിവാളൻ എന്നിവരുടെ വധശിക്ഷ സ്ഥിരീകരിക്കുകയും മറ്റുള്ളവരുടെ ശിക്ഷ വിവിധ കാലാവധിക്കുള്ള തടങ്കലായി കുറയ്ക്കുകയും ചെയ്തു. വധശിക്ഷക്കു വിധിക്കപ്പെട്ട എല്ലാവരും രാഷ്ട്രപതിക്ക് ദയാഹർജി നൽകി. കെ. ആർ. നാരായണനായിരുന്നു പ്രസിഡന്റ്. മുന്നിലെത്തിയ 10 ഹർജികളിൽ രണ്ടെണ്ണത്തിൽ അദ്ദേഹം അനുകൂല തീരുമാനമെടുത്തു. എന്നാൽ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുൾപ്പെടെയുള്ളവരുടെ  അപേക്ഷകളിൽ അദ്ദേഹം തീരുമാനമെടുത്തില്ല. തടങ്കലിലായിരിക്കെ പ്രസവിച്ച കൊച്ചു കുട്ടിയുള്ളതിനാൽ നളിനിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടർന്ന് അവരുടെ ശിക്ഷ ജീവപര്യന്തം തടവായി മാറ്റപ്പെട്ടു. കെ.ആർ. നാരായണനെപ്പോലെ എ.പി.ജെ. അബ്ദുൾ കലാമും ദയാഹർജികളിൽ തീരുമാനമെടുക്കാൻ മടിച്ചു. അദ്ദേഹം ഒരപേക്ഷ നിരസിച്ചു. കൊൽക്കത്തയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊന്നതിനു ശിക്ഷിക്കപ്പെട്ട ധനഞ്ജയ ചാറ്റർജിയുടെ അപേക്ഷയാണ് അദ്ദേഹം തള്ളിയത്. മറ്റ് അപേക്ഷകൾ തീരുമാനമെടുക്കാതെ അദ്ദേഹം പിൻ‌ഗാമിയായ പ്രതിഭാ പാട്ടിലിനു വിട്ടു. ഏതാനും കൊടും‌കുറ്റവാളികളുൾപ്പെടെ 35 പേരുടെ വധശിക്ഷ അവർ ഇളവു ചെയ്തു. ആരെയും തൂക്കിലേറ്റാൻ ആഗ്രഹിക്കാഞ്ഞതുകൊണ്ടാകാം രാജീവ് വധക്കേസ് പ്രതികളുടെ കാര്യത്തിൽ അവരും തീരുമാനമെടുത്തില്ല.  

കെട്ടിക്കിടക്കുന്ന ദയാഹർജികൾ ഒന്നൊന്നായെടുത്ത പ്രണബ് മുഖർജി ഏഴു മാസത്തിൽ ഏഴു പേരെ കഴുമരത്തിലേക്കയച്ചു. അദ്ദേഹം 2011 ആഗസ്റ്റിൽ മുരുകന്റെയും ശാന്തന്റെയും പേരരിവാളന്റെയും ദയാഹർജികൾ തള്ളിയതിനെ തുടർന്ന് സെപ്തംബർ 9ന് മൂവരെയും തൂക്കിക്കൊല്ലാൻ തീരുമാനമായി. എന്നാൽ മദ്രാസ് ഹൈക്കോടതി ഇടപെട്ട് ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞു. പിന്നീട് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റപ്പെട്ടു.
ഇതിനിടെ, 2010ൽ, നളിനി തന്നെ മോചിപ്പിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താൻ 20 കൊല്ലമായി തടങ്കലിലാണെന്നും ജീവപര്യന്തം തടവിന് വിധിക്കപ്പെടുന്നവരെ 14 കൊല്ലം കഴിയുമ്പോൾ മോചിപ്പിക്കുന്ന പതിവ് തന്റെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ആ വാദം അംഗീകരിച്ചില്ല.

ആഗസ്റ്റ് മാസത്തിൽ മറ്റൊരു കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ഒരു സുപ്രധാന തത്വം ആവിഷ്കരിച്ചു. ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് അകാരണമായി വൈകിയാൽ ശിക്ഷയിൽ ഇളവു നൽകുന്നതിന് അത് മതിയായ കാരണമാകുമെന്ന് കോടതി പറഞ്ഞു. ദീർഘകാലം കഴുമരത്തിന്റെ തണലിൽ കഴിയേണ്ടി വരുന്ന ഒരാൾ അനുഭവിക്കുന്ന മാൻസിക സംഘർഷം കണക്കിലെടുത്തുകൊണ്ടാണ് കോടതി അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ രാജീവ് ഗാന്ധി കൊലക്കേസിൽ വധശിക്ഷ കാത്തു രണ്ട് പതിറ്റാണ്ടിലധികമായി കഴിഞ്ഞിരുന്ന മൂന്നു പേരുടെയും ശിക്ഷ ജീവപര്യന്തം തടവായി മാറ്റപ്പെട്ടു.

തമിഴ് നാട് നിയമസഭ നേരത്തെ ഒരു പ്രമേയത്തിലൂടെ പ്രസിഡന്റിനോട് അവരുടെ ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സുപ്രീം കോടതി വിധി വന്നയുടൻ തമിഴ് നാട് സർക്കാർ എല്ലാ കുറ്റവാളികളും ഇതിനകം 22ൽ പരം കൊല്ലം തടവ് അനുഭവിച്ചതിനാൽ അവരെ മോചിപ്പിക്കുവൻ തീരുമാനിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൽ അതിനെതിരെ രംഗത്തു വന്നതിനെ തുടർന്ന് അവരുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കോടതി ഉടൻ തന്നെ അവരുടെ മോചനം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് നൽകി.

ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംഘടനയെന്ന നിലയിൽ എൽ.ടി.ടി.ഇ.ക്ക് അനുകൂലമായ ജനവികാരം തമിഴ് നാട്ടിൽ നിലനിന്നിരുന്നു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം ബഹുജനങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടായെങ്കിലും പല രാഷ്ട്രീയ കക്ഷികളും തുടർന്നും അതിനെ പിന്തുണച്ചു. എന്നാൽ അതിനെ ഒരു തീവ്രവാദി സംഘടനയായി കണ്ടുകൊണ്ട് എല്ലാക്കാലവും ശക്തമായി എതിർത്തിരുന്ന നേതാവാണ് മുഖ്യമന്ത്രി ജെ. ജയലളിത. ആ നിലയ്ക്ക് ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്ന ഏഴു പേരെയും മോചിക്കാനുള്ള ജയലളിത സർക്കാരിന്റെ തീരുമാനത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അത് തന്റെ പാർട്ടിക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടൽ തീർച്ചയായുമുണ്ടാകണം. അതേ സമയം 1993 മുതൽ തുടർച്ചയായി തടവിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള തീരുമാനം മാനുഷികപരിഗണയുടെ അടിസ്ഥാനത്തിൽ ന്യായീകരണമുള്ളതാണ്.

ശ്രീലങ്കയിലെ മറ്റ് തമിഴ് സംഘടനകളുടെ നേതാക്കളെ കൊന്നൊടുക്കിക്കൊണ്ടാണ് എൽ.ടി.ടി.ഇ. പ്രവർത്തനം ആരംഭിച്ചത്. ഒന്നൊ രണ്ടൊ പേർ ചെന്നൈയിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ആ കേസുകൾ സത്യസന്ധമായി അന്വേഷിച്ച് പ്രഭാകരനെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നിരുന്നെങ്കിൽ പിന്നീട് നടന്ന പല കൊലകളും ഒഴിവാക്കാൻ കഴിയുമായിരുന്നു. പ്രഭാകരനെപ്പോലെ ഒരാൾ മനുഷ്യൻ ജീവൻ വെച്ച് പന്തു കളിക്കുന്നത് മനസിലാക്കാവുന്നതാണ്. എന്നാൽ  രാജീവ് വധം സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരും കോടതികളും, കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും, അറിഞ്ഞൊ അറിയാതെയൊ, മനുഷ്യജീവൻ വെച്ചു കളിക്കുകയായിരുന്നില്ലേ എന്ന് സംശയിക്കാവുന്നതാണ്. വധശിക്ഷ പൂർണ്ണമായും ഒഴിവാക്കിയാൽ ഇത്തരം അപചയം പരിമിതപ്പെടുത്താനെങ്കിലും തീർച്ചയായും കഴിയും. (മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 3, 2014)

Thursday, March 6, 2014

ശശി തരൂർ വീണ്ടും ജനങ്ങളെ നേരിടുമ്പോൾ

ബി.ആർ.പി. ഭാസ്കർ

തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിന് സവിശേഷമായ ഒരു ചരിത്രമുണ്ട്. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ആനി മസ്ക്രീൻ, എസ്. ഈശ്വരയ്യർ, പി.എസ്. നടരാജപിള്ള എന്നിവർ ഏതെങ്കിലും വലിയ സമുദായത്തിൽ പെട്ടവരായിരുന്നില്ല. മൂവരും ഇടതു പക്ഷത്തിന്റെ പിന്തുണയുള്ള സ്വതന്ത്രരായിരുന്നു. വലിയ സമുദായങ്ങളിൽപെട്ടവരെ തോല്പിച്ചുകൊണ്ടാണ് അവർ പാർലമെന്റിലെത്തിയത്. കന്നിക്കാരനായ ഈശ്വരയ്യർ തോല്പിച്ചത് തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരത്തിന്റെ സമുന്നത നേതാവായിരുന്ന പട്ടം താണുപിള്ളയെയാണ്. പിന്നീട് പി. വിശ്വംഭരൻ, വി.കെ. കൃഷ്ണമേനോൻ, എം. എൻ. ഗോവിന്ദൻ നായർ എന്നിവർ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു. പുതുമുഖമായ എ. നീലലോഹിതദാസൻ നാടാർ എം. എൻനെ തോല്പിക്കുകയും തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പികളിൽ കോൺഗ്രസിന്റെ എ. ചാൾസ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ഹിന്ദു നാടാർക്കൊ ക്രൈസ്തവ നാടാർക്കൊ മാത്രമെ ഇവിടെ ജയിക്കാനാകൂ എന്നൊരു ധാരണ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ രൂപപ്പെട്ടു. പിൽക്കാല തെരഞ്ഞെടുപ്പുകൾ അത് അന്ധവിശ്വാസം മാത്രമാണെന്ന് തെളിയിച്ചെങ്കിലും  അതിൽ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്.

ഐക്യരാഷ്ട്ര സഭാ അണ്ടർസെക്രട്ടറി ജനറൽ ആയിരുന്ന ശശി തരൂർ സെക്രട്ടറി ജനറൽ ആകാനുള്ള ശ്രമം പരാജയപ്പെട്ടശേഷം ഇന്ത്യയിൽ തിരിച്ചുവന്നു കോൺഗ്രസ് പാർട്ടിയിൽ ചേർന്നപ്പോൾ മലയാളിയെന്ന നിലയിൽ  തിരുവനന്തപുരം ടിക്കറ്റ് നൽകപ്പെട്ടു. സെക്രട്ടറി ജനറലിന്റേത് ഒരു രാഷ്ട്രീയ നിയമനമാണ്. ഒരാൾ മാത്രമെ മുമ്പ് അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചശേഷം സെക്രട്ടറി ജനറൽ ആയി നിയമിക്കപ്പെട്ടിട്ടുള്ളു. അത് പെറുവിൽ നിന്നുള്ള ഹാവിയെ പെറെസ് ഡി ക്വയാർ (Javier Perez de Cuellar) ആണ്. അദ്ദേഹം പെറുവിൽ നയതന്ത്രജ്ഞനായും മറ്റും സേവനം അനുഷ്ഠിച്ചശേഷമാണ് യു.എന്നിലെത്തിയത്.  ഐക്യരാഷ്ട്ര സഭയിലെ അഞ്ചു സ്ഥിരാംഗങ്ങളുടെയും പിന്തുണ നേടിയാലെ സെക്രട്ടറി ജനറലാകാൻ കഴിയൂ എന്നിരിക്കെ ഒരു ഇന്ത്യാക്കാരൻ അവരോധിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണെന്ന് വ്യക്തമായിരുന്നു. ആ നിലയ്ക്ക് തരൂറിനെ സ്ഥാനാർത്ഥിയാക്കിയ ഇന്ത്യാ ഗവണ്മെന്റ് ഒരു വ്യക്തിയുടെ പദവിമോഹത്തിന് രാജ്യതാല്പര്യത്തേക്കാൾ പ്രാധാന്യം കല്പിക്കുകയായിരുന്നു. അത് വിവേകത്തോടെയുള്ള തീരുമാനമായിരുന്നെന്ന് പറഞ്ഞുകൂട. പക്ഷെ അതിന് കുറ്റപ്പെടുത്തേണ്ടത് തരൂറിനെയല്ല, അദ്ദേഹത്തെ സ്ഥാനാർത്ഥിയായി അംഗീകരിച്ച സർക്കാരിനെയാണ്.

ദീഘകാലത്തെ അന്താരാഷ്ട്രതല പ്രവർത്തനത്തിലൂടെ ആർജിച്ച പ്രതിച്ഛായ തരൂറിന് തിരുവനന്തപുരത്ത് തുണയായി. തമ്മിലടിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പുകൾ കാലു വാരിയില്ലെങ്കിൽ ജയിക്കാനാകുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം. വമ്പിച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയാവുകയും ചെയ്തു. പാർട്ടി ടിക്കറ്റ് നൽകിയാൽ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അഞ്ചു കൊല്ലം എം.പി. എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ പരിപാടികൾ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. പക്ഷെ ഈ കാലയളവിലുണ്ടായ ചില സംഭവങ്ങൾ സ്ഥിതി 2009ലേതിൽ നിന്ന് വളരെ വ്യത്യസ്തമാക്കുന്നു. 

മന്ത്രിയായി ഒരു കൊല്ലം പൂർത്തിയാകും മുമ്പ് ശശി തരൂർ പെട്ട ഐ.പി.എൽ. ക്രിക്കറ്റ് വിവാദമാണ് അതിലൊന്ന്. അദ്ദേഹത്തിന്റെകൂടി പരിശ്രമഫലമായി കൊച്ചി ഐ.പി.എൽ ടീമിന് അംഗീകാരം കിട്ടിയതിനു പിന്നാലെ ടീമിന്റെ ഉടമയായ കമ്പനി ദുബായിയിൽ ബിസിനസുകാരിയായിരുന്ന സുനന്ദ പുഷ്കറിന് ‘വിയർപ്പിന്റെ കൂലി’യായി 70 കോടി രൂപയുടെ ഓഹരികൾ നൽകിയെന്ന വിവരം പുറത്തു വന്നു. കാനഡക്കാരിയായ രണ്ടാം ഭാര്യയിൽനിന്ന് വിവാഹമോചനം നേടിയശേഷം തരൂർ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന സ്ത്രീയാണ് സുനന്ദ എന്നത് അതിനിടെ പരക്കെ അറിയപ്പെട്ടിരുന്നു. എന്തു സേവനമാണ് തന്നെ വിയർപ്പ് ഓഹരിക്ക് അർഹയാക്കിയതെന്ന് വിശദീകരിക്കാനാകാഞ്ഞ സുനന്ദ അതു ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനിയിൽ തനിക്ക് സാമ്പത്തിക താല്പര്യമില്ലെന്ന് ശശി തരൂർ പറഞ്ഞെങ്കിലും ആ വിശദീകരണം കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിനും ബോധ്യപ്പെട്ടില്ല. അവർ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ പേരിൽ പുറത്തു പോകുന്നവരെ വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ തിരിച്ചെടുക്കുന്ന പാരമ്പര്യം കോൺഗ്രസിനുണ്ട്. ശശി തരൂർ അങ്ങനെ വീണ്ടും മന്ത്രിയായെങ്കിലും അദ്ദേഹത്തെ രാജിവെക്കാൻ നിർബന്ധിച്ച സംഭവത്തിൽ അടങ്ങിയിരിക്കുന്ന ധാർമ്മികപ്രശ്നം ഇപ്പോഴും അവശേഷിക്കുന്നു.

മന്ത്രിയല്ലാതിരുന്ന ഇടവേളയിൽ ശശി തരൂറും സുനന്ദ പുഷ്കറും വിവാഹിതരായി. കഴിഞ്ഞ ജനുവരിയിൽ സുനന്ദ ഇനിയും പൂർണ്ണമായും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യങ്ങളിൽ മരിച്ചു. സ്ത്രീപീഡന മരണങ്ങൾ വ്യാപകമായ സാഹചര്യം കണക്കിലെടുത്തുകൊണ്ട് പാർലമെന്റ് പാസാക്കിയ നിയമപ്രകാരം വിവാഹം കഴിഞ്ഞ് എഴു കൊല്ലത്തിനുള്ളിൽ ഭാര്യ മരിക്കുകയാണെങ്കിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ട്. ആറാഴ്ചയായി അന്വേഷണം നടത്തുന്ന ഡൽഹി പൊലീസിന് സുനന്ദ ആത്മഹത്യ ചെയ്യുകയായിരുന്നൊ കൊല്ലപ്പെടുകയായിരുന്നൊ എന്ന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.
തിരുവനന്തപുരത്തു നിന്ന് തരൂറിനൊപ്പം വിമാനത്തിൽ ഡൽഹിയിലെത്തിയ സുനന്ദ അടുത്ത ദിവസം നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ദിവസം മുഴുവനും ഒരു കോൺഗ്രസ് സമ്മേളനസ്ഥലത്ത് ചെലവഴിച്ചശേഷം വൈകിട്ട് ഹോട്ടലിൽ എത്തിയപ്പോഴാണ് തരൂർ ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. സുനന്ദയുടെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നെന്നും അവ സ്വയം ഉണ്ടാക്കിയവയായിരുന്നില്ലെന്നും ചിലത് രണ്ടൊ മൂന്നൊ ദിവസം മുമ്പ് ഉണ്ടായവയാകാമെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വെളിപ്പെടുത്തുകയുണ്ടായി. തങ്ങൾക്ക് യാതൊരുവിധ സംശയവുമില്ലെന്ന് സുനന്ദയുടെ സഹോദരനും മുൻ‌വിവാഹത്തിലെ പുത്രനും പറഞ്ഞിട്ടുണ്ട്. “പൊലീസ് അന്വേഷണം നടക്കുകയാണ്. എനിക്കെതിരെ ഒരു പരാതിയുമില്ല,” എന്ന് തരൂർ പറഞ്ഞതായി ഒരു പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയതു. അവസാന ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്ന ശശി തരൂറിന് സുനന്ദയുടെ ദേഹത്തെ പരിക്കുകൾ എങ്ങനെയുണ്ടായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതലയുണ്ട്.
സുനന്ദയുടെ മരണത്തെ കുറിച്ച് ചില മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളും റഷ്യൻ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണവും മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതേസമയം തരൂർ മന്ത്രിയായി തുടരുമ്പോൾ പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ജനപ്രതിനിധിയുടെ നിരപരാധിത്വം പൊലീസിന് മാത്രം ബോധ്യപ്പെട്ടാൽ പോര. സമ്മതിദായകർക്കും അത് ബോധ്യപ്പെടണം.

ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ശ്രീലങ്കയുടെ ഓണററി കോൺസുലേറ്റ് തുറക്കുകയുണ്ടായി. ഓണററി കോൺസൽ ആയി നിയമിതനായ ജോമോൻ ജോസഫ് എന്ന മലയാളി ബിസിനസുകാരൻ ക്രിമിനൽ കേസിൽ അന്വേഷണം നേരിടുന്ന ആളാണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതിനെ തുടർന്ന് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തനിക്കെതിരായ പരാതിയിലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നാണ് ജോമോൻ ജോസഫ് പറഞ്ഞിട്ടുള്ളത്. സ്റ്റേയുടെ ഫലമായി കേസ് ഇല്ലാതാകുന്നില്ല. അതായത് ജോമോൻ ജോസഫ് ആരോപണവിധേയനായി തുടരുകയാണ്. ആ നിലയ്ക്ക് കോൺസുലേറ്റ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും തീരുമാനം ഉചിതമായിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ശശി തരൂർ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു. അതിന് ന്യായീകരണമായി അദ്ദേഹം പറഞ്ഞത് ജോമോൻ ജോസഫ് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ്. കോടതി ശിക്ഷിക്കുന്നതുവരെ ആരോപണവിധേയൻ നിരപരാധിയാണെന്ന് അനുമാനിക്കണം എന്ന പൊതുതത്വത്തിന്റെ ദുരുപയോഗമാണിത്. ജനപ്രതിനിധി സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയിൽ നിന്ന് ദൂരം പാലിക്കണം. സ്വയം സംശയത്തിന്റെ നിഴലിൽ നിൽക്കുകയുമരുത്. (ജനയുഗം, മാർച്ച് 5, 2014)

Tuesday, March 4, 2014

കേരള രാഷ്ട്രീയത്തിലെ മൂന്നാമിടം

ബി.ആർ.പി. ഭാസ്കർ

ഏറെക്കുറെ ദൃഢമായ ഇരുമുന്നണി സമ്പ്രദായം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനും സി.പി.എം. നയിക്കുന്ന എൽ.ഡി.എഫിനും പുറത്ത് ഒരു മുന്നാമിടം കണ്ടെത്താൻ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയുടെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഒന്നൊ ഒന്നരയൊ ശതമാനം വോട്ടു പോലും നേടാനാകാത്ത കക്ഷികൾ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിയമസഭയിലും മന്ത്രിസഭയിലും സ്ഥാനം നേടുമ്പോൾ ആറു ശതമാനം വോട്ടുള്ള ബി.ജെ.പിക്ക് അക്കൌണ്ട് തുറക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം ഇടം ഇല്ലെന്നു തന്നെയല്ല ഉണ്ടാകാനുള്ള സാധ്യതയും ഇല്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുള്ള ആം ആദ്മി പാർട്ടി കേരളത്തിലും കണ്ണു നട്ടിട്ടുണ്ടെന്ന വാർത്തയോടുള്ള മുഖ്യധാരാ കക്ഷികളുടെ പ്രതികരണങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് 75 ശതമാനമായിരുന്നു. അതായത് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവരിൽ 25 ശതമാനം വോട്ടു രേഖപ്പെടുത്തിയില്ല. പട്ടിക കുറ്റമറ്റതാകണമെന്നില്ല. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയുമൊക്കെ പേരുകൾ അതിലുണ്ടാകാം. പട്ടികയിൽ തെറ്റുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താലും മത്സരിക്കുന്ന പാർട്ടികളിലൊ സ്ഥാനാർത്ഥികളിലൊ താല്പര്യമില്ലാത്തതുകൊണ്ട് വോട്ടു ചെയ്യാൻ കൂട്ടാക്കാത്ത 15 ശതമാനം പേരെങ്കിലുമുണ്ടാകും. അവർ ഒരു മുന്നാമിടമല്ലേ?

തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോർട്ടനുസരിച്ച് 2011ൽ ആറ് ദേശീയ കക്ഷികളും, അഞ്ചു സംസ്ഥാന കക്ഷികളും അഞ്ചു ഇതരസംസ്ഥാന കക്ഷികളും 14 അംഗീകാരമില്ലാത്ത, എന്നാൽ രജിസ്റ്റർ ചെയ്യപ്പേട്ടിട്ടുള്ള കക്ഷികളും മത്സരരംഗത്തുണ്ടായിരുന്നു. ചെറിയ കക്ഷികളും സ്വതന്ത്രരും കൂടി 29 ശതമാനം വോട്ടു കൊണ്ടു പോയി. ഈ കക്ഷികളിൽ ചിലത് ഭരണ-പ്രതിപക്ഷ മുന്നണികളിൽ പെടുന്നവരാണ്. അവയും ഒരർത്ഥത്തിൽ മുന്നാമിടത്തിന്റെ അവകാശികളാണ്. 

മുന്നണി സമ്പ്രദായം നിലനിർത്തുന്നത് സി.പി.എം, കോൺഗ്രസ് എന്നീ കക്ഷികളാണ്. യു.ഡി.എഫിലെ മുസ്ലിം ലീഗും കേരളാ കോൺഗ്രസും സ്വന്തനിലയിൽ ഏതാനും സീറ്റുകൾ ജയിക്കാൻ കഴിവുള്ള കക്ഷികളാണ്. അതിന്റെ ബലത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവർ അടുത്ത കാലത്ത് വെള്ളം കുടിപ്പിച്ചിട്ടുമുണ്ട്. ലീഗ് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് അത് അംഗീകരിക്കേണ്ടി വന്നു. കെ.എം. മാണി നേടിക്കൊടുത്ത ചീഫ് വിപ്പ് പദവിയുമായി പി.സി. ജോർജ് കോൺഗ്രസ് നേതാക്കളെ നിരന്തരം അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിക്കു നോക്കിനിൽക്കാനേ ആയുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭീമമായ പരാജയം ഏറ്റുവാങ്ങിയതിന്റെ ഫലമായി യു.ഡി.എഫിന്റെ നിയമസഭയിലെ ഭൂരിപക്ഷം വളരെ നേരിയതായതാണ് മുഖ്യമന്ത്രിയെ ഇത്രമാത്രം നിസ്സഹായനാക്കിയത്. പക്ഷെ അത് കോൺഗ്രസിന്റെ മുന്നണിയിലെ വല്യേട്ടൻ പദവി ഇല്ലാതാക്കിയിട്ടില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന് കോൺഗ്രസിന്റെ മൂന്നിലൊന്നു വലിപ്പം പോലുമില്ല. സമാനമായ സ്ഥിതിയാണ് എൽ.ഡി.എഫിലും. അതിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐക്ക് സി.പി.എമ്മിന്റെ മൂന്നിലൊന്നു വലിപ്പം പോലുമില്ല. അതേസമയം സി.പി. എമ്മിനും കോൺഗ്രസിനും ലഭിക്കുന്ന വോട്ടുകൾ അവ വലിയ രാഷ്ട്രീയ ശക്തികളല്ലെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ കക്ഷികൾക്ക് കിട്ടിയ വോട്ടിന്റെ കണക്ക് ഇങ്ങനെയാണ്:

തെരഞ്ഞെടുപ്പ്
  
വോട്ട് വിഹിതം (ശതമാനത്തിൽ)
കൊല്ലം



കോൺഗ്രസ്
 സിപി.എം

1991



      32.07

           21.74


1996



      30.43

            21.59


2001



       31.40

21.36


2006



        24.07

 30.45


2011



        26.40

 28.18











ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളുടെ എണ്ണം വ്യത്യസ്തമായിരിക്കെ വോട്ടുകൾ താരതമ്യം ചെയ്യാനാകുമോ എന്നു സംശയിക്കാവുന്നതാണ്.  എന്നാൽ വലിയ കക്ഷികൾക്ക് സീറ്റ് വിഭജന സമയത്ത് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള കഴിവുള്ളതുകൊണ്ട് വോട്ടു വിഹിതത്തിൽ അവരുടെ യഥാർത്ഥ ശക്തി പ്രതിഫലിക്കുന്നെന്ന് കരുതാവുന്നതാണ്. ഈ കണക്കുകളനുസരിച്ച് കോൺഗ്രസിനും സി.പി.എമ്മിനും കൂടി തെരഞ്ഞെടുപ്പിൽ കിട്ടുന്നത് 52 ശതമാനത്തിനും 55 ശതമാനത്തിനും ഇടയ്ക്ക് വോട്ടുകളാണ്. അതായത് പോൾ ചെയ്യുന്ന വോട്ടുകളിൽ 45 ശതമാനത്തിനു മുകളിൽ അവരുടെ നിയന്ത്രണത്തിനു പുറത്താണ്. ഇത് മൂന്നാമിടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.  വോട്ടു സംഭരിക്കാൻ കഴിവുള്ള മറ്റ് കക്ഷികളെ മുന്നണികളിൽ നിർത്തിക്കൊണ്ട് വലിയ കക്ഷികൾ മൂന്നാമിടം അദൃശ്യമാക്കിയിരിക്കുന്നു.

വലിയ കക്ഷികൾ കടം വാങ്ങിയ തൂവലണിഞ്ഞ് മയിലാട്ടം നടത്തുന്ന ഇരുമുന്നണി സമ്പ്രദായം പ്രവർത്തിക്കുന്നതെങ്ങനെയാണെന്ന് മനസിലാക്കാൻ ഈ വോട്ടിന്റെ കണക്കുകൾ സഹായിക്കുന്നു. ബി.ജെ.പി യും മുന്നണികളുടെ ഭാഗമല്ലാത്ത മറ്റുള്ളവരും ചേർന്ന് കുറഞ്ഞത് 10 ശതമാനം വോട്ടു കൊണ്ടുപോകും. ബാക്കിയുള്ള 90 ശതമാനത്തിന്റെ പകുതിയായ 45 ശതമാനത്തിനു മുകളിൽ വോട്ട് നേടിയാലെ അധികാരം നേടാനാകൂ. കോൺഗ്രസിന് ഈ കാലയളവിൽ കിട്ടിയ ഏറ്റവും കൂടുതൽ വോട്ട് 32.07 ശതമാനവും സി.പി.എമ്മിനു കിട്ടിയ ഏറ്റവും കൂടുതൽ വോട്ട് 30.45 ശതമാനവും ആണ്. അതായത് അധികാരം നേടാൻ സ്വന്തം സ്വാധീനത്തിനു പുറത്തു നിന്ന് 15 ശതമാനം വോട്ടു വരെ സംഘടിപ്പിക്കണം. കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ ലീഗിന്റെ വോട്ട് വിഹിതം എട്ടു ശതമാനത്തിനു താഴെയാണ്. കേരളാ കോൺഗ്രസിന്റേത് അഞ്ചു റതമാനത്തിനു താഴെയും. സി.പി.എമ്മിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ സി.പി.ഐയുടെ വോട്ടു വിഹിതം എട്ടു ശതമാനത്തിനും ഒമ്പത് ശതമാനത്തിനുമിടയ്ക്കാണ്. ജയിച്ചു കയറാൻ ഇവരുടെ വോട്ടുകൾ മത്രം പോരെന്നർത്ഥം. അതുകൊണ്ടാണ് പാർട്ടികൾ പിളരുമ്പോൾ കിട്ടുന്നവർ ആരായിരുന്നാലും, അവരുടെ പൂർവകാല ചരിത്രം എന്തായിരുന്നാലും, ഒപ്പം കൂട്ടാൻ രണ്ടു മുന്നണികളും തയ്യാറാകുന്നത്. ജാതിമത ശക്തികളെ അവർ നിർലജ്ജം പ്രീണിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

പരക്കെ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ നീക്കാനും ഈ കണക്കുകൾ സഹായകമാണ്. കേരളത്തിലെ ഏറ്റവും വലിയ കക്ഷി തങ്ങളാണെന്ന്‌ വളരെ കാലമായി സി.പി.എം. അവകാശപ്പെടുന്നുണ്ട്. കോൺഗ്രസുകാർ പോലും അത് ഏറെക്കുറെ സമ്മതിച്ചു കൊടുത്തിട്ടുമുണ്ട്. എന്നാൽ 2006നു മുമ്പ് സി.പി.എമ്മിന് കോൺഗ്രസിനേക്കാൾ വോട്ട് നേടാൻ കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽ 40 സീറ്റ് നേടി നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായതോടെയാണ് സി.പി.എമ്മിന്റെ വലിപ്പത്തെ കുറിച്ച് അത്യുക്തി കലർന്ന ധാരണ പടരാൻ തുടങ്ങിയത്. അന്ന് അതിനു 19.87 ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്.  കോൺഗ്രസിനാകട്ടെ 33.55 ശതമാനം കിട്ടി. മൂന്ന് തെരഞ്ഞെടുപ്പുകളിൽ (1991, 1996, 2001) 30 ശതമാനത്തിനു മേൽ വോട്ട് കിട്ടിയ കോൺഗ്രസിന്റെ വിഹിതം 2006ൽ 24.09 ശതമാനമായി ചുരുങ്ങുകയും  അതുവരെ 22 ശതമാനത്തിനു താഴെ മാത്രം കിട്ടിയിരുന്ന സി.പി.എമ്മിന്റെ വിഹിതം 30.45 ശതമാനമായി ഉയരുകയും ചെയ്തു. അന്നു നേടിയ മേൽകൈ സി.പി.എമ്മിനു 2011ലും നിലനിർത്താനായി. വോട്ടു വിഹിതം ഇങ്ങനെ:  സി.പി.എം. 28.18 ശതമാനം, കോൺഗ്രസ് 26.40 ശതമാനം. രണ്ടു കക്ഷികളുടെയും വോട്ടർ പിന്തുണയിൽ 2006ലുണ്ടായ നാടകീയമായ മാറ്റത്തിന് ഒരു വിശദീകരണമേയുള്ളു. അത് സി.പി.എം. സംസ്ഥാന നേതൃത്വം മത്സരരംഗത്തു നിന്ന് ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിച്ച വി.എസ്. അച്യുതാനന്ദന്റെ സാരഥ്യമാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ 2001-2006 കാലത്ത് ജനകീയ പ്രശ്നങ്ങളിൽ നടത്തിയ സജീവമായ ഇടപെടലുകളിലൂടെ അദ്ദേഹം സ്റ്റാലിനിസ്റ്റ് പ്രതിച്ഛായ മറികടന്ന് നേടിയ ജനസമ്മതി ആ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും എൽ.ഡി.എഫിനും ഏറെ ഗുണം ചെയ്തു. സംസ്ഥാന സെക്രട്ടറി നൽകിയ ഇണ്ടാസുകൾ മൂലം മുഖ്യമന്ത്രിയെന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ അച്യുതാനന്ദന് കഴിഞ്ഞില്ലെങ്കിലും എൽ.ഡി.എഫിന് ഒരവസരം കൂടി നൽകിയാൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ മുന്നണികളെ മാറി മാറി പിന്തുണക്കുന്ന വോട്ടർമാരിൽ ഒരു നല്ല വിഭാഗത്തിനുണ്ടായിരുന്നു. പതിവുപോലെ ഭരിക്കുന്ന മുന്നണിയെ താഴെയിറക്കി മറ്റേതിനെ അധികാരത്തിലേറ്റാൻ അവർ ആഗ്രഹിച്ചില്ല. തന്മൂലം 2011ൽ യു.ഡി.എഫിന് പ്രതീക്ഷിച്ച അളവിലുള്ള വിജയം ലഭിച്ചില്ല. അപ്രതീക്ഷിതമായി എൽ.ഡി.എഫ് വിജയത്തിന്റെ പടിവാതിക്കൽ എത്തുകയും ചെയ്തു. ഈ രാഷ്ട്രീയ യാഥാർത്ഥ്യം സി.പി.എം. സംസ്ഥാന നേതൃത്വത്തിന് പരസ്യമായി അംഗീകരിക്കാനാവുന്ന ഒന്നല്ല. വി.എസ്. ഘടകത്തിന്റെ സ്വാധീനം ഇല്ലാതായാൽ 2006ലും 2011ലും ലഭിച്ച മേൽകൈ നിലനിർത്താൻ എൽ.ഡി.എഫിന് ആകുമോയെന്ന് സംശയിക്കണം. ഏതായാലും 2011ലെ ജനവിധിയിൽ നിന്ന് ഒരു കാര്യം വായിച്ചെടുക്കാം. അത് അടിമമനോഭാവത്തോടെ ഏതെങ്കിലുമൊരു പാർട്ടിക്ക് സ്ഥിരമായി വോട്ടു ചെയ്യുന്നവരുണ്ടെങ്കിലും കണ്ണൂമടച്ച് ഏതെങ്കിലും കക്ഷിക്കൊ മുന്നണിക്കൊ വോട്ടു ചെയ്യാതെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവേകപൂർവ്വം വോട്ടു ചെയ്യുന്ന ഒരു വിഭാഗവും ഇവിടെയുണ്ടെന്നതാണ്. മുന്നാമിടത്തിനു വേണ്ടി  തെരയുമ്പോൾ ഈ വസ്തുതക്ക് പ്രസക്തിയുണ്ട്.

കേരളത്തിൽ 1979 വരെ ദൃശ്യമായിരുന്ന മൂന്നാമിടം അപ്രത്യക്ഷമായ സാഹചര്യം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. കോൺഗ്രസ് പിന്തുണയോടെ ഭരണത്തിന് നേതൃത്വം കൊടുത്ത പട്ടം താണുപിള്ള (1960-62), സി. അച്യുത മേനോൻ (1969-1977), പി.കെ. വാസുദേവൻ നായർ (1978-79) എന്നിവർ മൂന്നാമിടത്തിൽ നിന്നു വന്നവരായിരുന്നു. സി.പി.ഐ. നിർദ്ദേശപ്രകാരം ഇടതുപക്ഷ ഐക്യം യാഥാർത്ഥ്യമാക്കുവാനായി പി.കെ.വി. രാജിവെച്ചശേഷം 51 ദിവസം മുഖ്യമന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ ആ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ്. കോൺഗ്രസും സി.പി.എമ്മും മുഹമ്മദ് കോയ സർക്കാരിന്റെ പതനത്തിനുശേഷം സ്വീകരിച്ച നയമാണ് മുന്നാമിടം ഇല്ലാതാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

മുസ്ലിം ലീഗാണ് കേരളത്തിലെ ആം ആദ്മി പാർട്ടി എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഈയിടെ പറയുകയുണ്ടായി. ഒരു ലീഗ് നേതാവിന്  സ്വന്തം നിലയിൽ മുഖ്യമന്ത്രിപദത്തിലെത്താൻ കഴിഞ്ഞെന്നതോർക്കുമ്പോൾ അത് പുച്ഛിച്ച് തള്ളേണ്ട അവകാശവാദമല്ല. എന്നാൽ മുന്നാമിടം ഉറപ്പിക്കാൻ എന്തുകൊണ്ടാണ് ലീഗിനാകാതെ പോയതെന്നത് പരിശോധിക്കപ്പെടണം. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കക്ഷികൾക്കു മാത്രമെ മൂന്നാമിടത്ത് നിലനിൽക്കാനാകൂ.  ജാതിമത പാർട്ടികൾക്കു അതിനാകില്ല. ലീഗിന്റെ അധികാര രാഷ്ട്രീയരംഗത്തെ വളർച്ച കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നേതാക്കൾക്ക് തൃപ്തികരമായി തോന്നിയേക്കാം. മുസ്ലിം സമുദായത്തിനായി എന്തൊക്കെയൊ ചെയ്യാൻ കഴിഞ്ഞെന്ന് അവരും അനുയായികളും വിശ്വസിക്കുന്നുമുണ്ടാകാം. എന്നാൽ ലീഗ് പ്രതിനിധാനം ചെയ്യുന്ന വിഭാഗീയ രാഷ്ട്രീയം മുസ്ലിങ്ങളുടെ വിശാല താല്പര്യങ്ങളെ ഹനിച്ചിട്ടുണ്ട്. അര നൂറ്റാണ്ടു മുമ്പ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ധാരാളം മുസ്ലിം യുവാക്കളെ ആകർഷിച്ചിരുന്നു. ലീഗ് അധികാര രാഷ്ട്രീയത്തിൽ സ്ഥാനം നേടിയതോടെ തങ്ങളുടെ ഭാവി ഭദ്രമാക്കാൻ ആ പാർട്ടിയാണ് കൂടുതൽ നല്ലതെന്ന ധാരണ യുവാക്കൾക്കിടയിൽ പടരുകയും മതേതര കക്ഷികളിലേക്കുള്ള ഒഴുക്ക് കുറയുകയും ചെയ്തു. കോൺഗ്രസിന്റെ നേതൃനിരയിൽ ഉയർന്നു കൊണ്ടിരുന്ന ചിലർ ആ ഘട്ടത്തിൽ ലീഗിലേക്ക് പോയി. സപ്തമുന്നണി സർക്കാരിൽ രണ്ട് മന്ത്രിമാരോടെ 1967ൽ ജൈത്രയാത്ര ആരംഭിച്ച ലീഗ് ഇപ്പോൾ അഞ്ചു മുസ്ലിങ്ങളെ മന്ത്രിമാരാക്കാൻ കഴിവുള്ള കക്ഷിയാണ്. എന്നാൽ മന്ത്രിമാരുടെ എണ്ണത്തിനൊത്ത വളർച്ച പാർട്ടിക്കില്ല. സപ്തമുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോൾ ലീഗിന് കിട്ടിയത് 6.75 ശതമാനം വോട്ടാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടു കാലത്ത് ജനസംഖ്യയിൽ ഏറ്റവുമധികം വളർച്ചയുണ്ടായത് ലീഗിന്റെ സ്വാധീനമേഖലയിലാണ്. ഇപ്പോൾ സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം മുസ്ലിങ്ങളാണെന്ന് കരുതപ്പെടുന്നു. എന്നാൽ ലീഗിന്റെ വോട്ടു വിഹിതം എട്ടു ശതമാനത്തിനു താഴെയാണ്. ലീഗ് എം.എൽ.എ.മാരും മന്ത്രിമാരും ഒരു ഭൂപ്രദേശത്തുനിന്നു മാത്രം വരുന്നവരാണ്. ചുരുക്കത്തിൽ, സംസ്ഥാനത്തെ മുഴുവൻ മുസ്ലിങ്ങളുടെയും രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത പാർട്ടിയാണ് ലീഗ്.

യു.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിന്റെ ചരിത്രവും ഇത്തരത്തിലുള്ള കഥയാണ് പറയുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിമറിയുന്ന ഒരു കാലഘട്ടത്തിലാണ് കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്ന കെ.എം. മാണി കേരളാ കോൺഗ്രസുകാരനായി നിയമസഭയിലെത്തിയത്. മുഖ്യമന്ത്രിപദം വരെ പ്രതീക്ഷിക്കാമായിരുന്ന ആളായിരുന്നു അന്നദ്ദേഹം. ഇരുമുന്നണി സംവിധാനം അദ്ദേഹത്തെ മന്ത്രിപദത്തിനപ്പുറം പോകാൻ അനുവദിച്ചില്ല. ലീഗിനെപ്പോലെ കേരളാ കോൺഗ്രസിനും ശരിയായ അർത്ഥത്തിൽ ഒരു അഖില കേരള കക്ഷിയാകാനായിട്ടില്ല. അതിന്റെ സ്വാധീനവും പ്രാദേശിക-ജാതിമതാടിസ്ഥാനത്തിൽ പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാൽ ലീഗ് അതിന്റെ കൊടിക്കീഴിലെത്താതിരുന്ന മുസ്ലിങ്ങളുടെ വിശാല താല്പര്യങ്ങൾ ഹനിച്ചതു പോലെ  കേരളാ കോൺഗ്രസ് അതിന് ഊർജ്ജം നൽകുന്ന ക്രൈസ്തവ-നായർ വിഭാഗങ്ങളുടെ താല്പര്യങ്ങളെ ഹനിച്ചിട്ടില്ല. അതിന്റെ കാരണം ഈ വിഭാഗങ്ങളിൽനിന്ന് മുഖ്യധാരാ കക്ഷികളിലേക്കുള്ള ഒഴുക്ക് തടയാനൊ അവർക്ക് അവയിലൂടെ ഉയരാനുള്ള സാദ്ധ്യത ഇല്ലാതാക്കാനൊ ആ കക്ഷിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ്. രണ്ട് കക്ഷികളും പിളരുകയും വീണ്ടും കൂടിച്ചേരുകയും പിന്നെയും പിളരുകയും ചെയ്തിട്ടുണ്ട്. പിളർപ്പിനെ തുടർന്ന് ഒരു മുന്നണി വിട്ടുപോകുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി എപ്പോഴും തയ്യാറാണ്. എന്നാൽ കേരളാ കോൺഗ്രസ് പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണെന്ന കെ.എം. മാണിയുടെ പ്രശസ്തമായ പ്രസ്താവം തെരഞ്ഞെടുപ്പു കണക്കുകൾ ശരിവെക്കുന്നില്ല. നേരേമറിച്ച് രണ്ട് മുന്നണികളുടെ കീഴിലും മാണിയുടെയും പി.ജെ. ജോസഫിന്റെയും പാർട്ടികൾ ക്ഷയിക്കുകയായിരുന്നെന്ന് അവ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പു                            വോട്ട് വിഹിതം (ശതമാനത്തിൽ)
കൊല്ലം

മാണി-കേരള
ജോസഫ- കേരള

1991


4.32

3.37


1996


3.18

3.10


2001


3.54

2.90


2006


3.26

1.75


2011


4.94





കുറേക്കാലം സി.പി.എമ്മുമായി സഹവസിച്ച ജോസഫും പി.സി. ജോർജും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് മാണിയുടെ കൂടാരത്തിൽ അഭയം പ്രാപിച്ചതും അദ്ദേഹം അവരെ സ്വീകരിച്ചതും വേറേ വേറേ തുടർന്നാൽ വൈകാതെ ശോഷിച്ച് ഇല്ലാതാകുമെന്ന ഭയമായിരുന്നെന്ന് ഈ കണക്കുകളിൽ നിന്ന് മനസിലാക്കാം. വ്യത്യസ്ത മുന്നണികളിൽ ആയിരുന്നപ്പോൾ മാണി, ജോസഫ് ഗ്രൂപ്പുകൾക്കു 2006ൽ 5.01 ശതമാനം വോട്ട് കിട്ടി. അവ ഒന്നിച്ചിട്ടും 2011ൽ അത്രയും വോട്ട് നേടാനായില്ല.  ആർ. ബാലകൃഷ്ണപിള്ളയുടെയും ടി.എം. ജേക്കബിന്റെയും കേരളാ കോൺഗ്രസുകൾ ലോപിച്ച് നിയമസഭയിൽ ഒരു സീറ്റ് മാത്രമുള്ള അവസ്ഥയിലാണിപ്പോൾ. ഇരുവരുടെയും വോട്ട് വിഹിതം ഒരു ശതമാനത്തിനു താഴെയാണ്. കെ.ആർ.ഗൌരിയമ്മയുടെ ജെ.എസ്.എസും എം.വി.രാഘവന്റെ സി.എം.പിയും ഒരു സീറ്റുപോലും ജയിക്കാനാവാത്ത അവസ്ഥയിൽ എത്തിനിൽക്കുകയാണ്.

സ്വാതന്ത്യത്തിന്റെ ആദ്യനാളുകളിൽ തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നയമെന്ന നിലയിൽ തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ ഒരു കക്ഷിയുമായി കൂട്ടുകെട്ടില്ലാതെയാണ് – ഏതാനും സ്വതന്ത്രരുടെ സഹായം മാത്രമാണുണ്ടായിരുന്നത് -- 1957ലെ തെരഞ്ഞെടുപ്പിനെ അത് നേരിട്ടതും 35.28 ശതമാനം വോട്ടോടെ ജയിച്ചതും. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി മന്ത്രിമാരെ സൃഷ്ടിച്ച് കുറച്ചുകാലം വിലസിയശേഷം ശോഷിച്ച് പൂർണ്ണമായും ഇല്ലാതായ കക്ഷികൾ നിരവധിയാണ്. പി.എസ്.പി, എസ്.എസ്.പി, ജനതാ പാർട്ടി (ജി), മത്തായി മാഞ്ഞൂരാന്റെ കെ.എസ്.പി, ഫാ. വടക്കന്റെ കർഷക തൊഴിലാളി പാർട്ടി, ലോനപ്പൻ നമ്പാടന്റെ കേരളാ കോൺഗ്രസ്, എൻ.എസ്.എസ്. ഉണ്ടാക്കിയ നാഷണൽ ഡമോക്രാറ്റിക് പാർട്ടി, എസ്.എൻ.ഡി.പി. യോഗം ഉണ്ടാക്കിയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയവ അക്കൂട്ടത്തിൽ പെടുന്നു. അന്ത്യം കാത്തുകിടക്കുന്ന ചില കക്ഷികൾ രണ്ട് മുന്നണികളിലും ഇപ്പോഴുമുണ്ട്. നിലവിലുള്ള മുന്നണി സംവിധാനത്തിൽ മുഖ്യ കക്ഷികളും ഘടക കക്ഷികളും ഒരുപോലെ ക്ഷയിക്കുകയാണ്. എന്നിട്ടും അവർ ആ സംവിധാനം ഉപേക്ഷിക്കാത്തത് അതില്ലാതെ അധികാരത്തിലെത്താൻ കഴിയില്ലെന്ന തിരിച്ചറിവു മൂലമാണ്.

മുന്നാമിടം ഇല്ലെന്നല്ല, വിഭാഗീയ താല്പര്യങ്ങൾ മൂലം പാർട്ടികൾക്ക് അവിടെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പൊതുതാല്പര്യങ്ങളേക്കാൾ വിഭാഗീയ താല്പര്യങ്ങളാലൊ വ്യക്തി താല്പര്യങ്ങളാലൊ നയിക്കപ്പെടുന്ന കക്ഷികൾക്കും നേതാക്കൾക്കും മുന്നാമിടം കണ്ടെത്താനാവില്ല. ഇപ്പോൾ അവിടെ സ്ഥാനം തേടുന്ന കക്ഷികൾ മുൻ‌ഗാമികളുടെ പരാജയത്തിന്റെ കാരണങ്ങൾ മനസിലാക്കി ഉചിതമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഒറ്റക്ക് നിന്നപ്പോഴാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഏറ്റവുമധികം വോട്ടു നേടിയതെങ്കിലും ഇന്ന് ഒറ്റക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസം ഇരുവർക്കുമില്ല.  ജനസംഘത്തിന്റെ കാലം മുതൽ ഹിന്ദുത്വ ചേരി ചുവടുറപ്പിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം ഫലം കാണാത്തത് അതിന്റെ രാഷ്ട്രീയ സാമൂഹിക ചിന്താപദ്ധതി കേരള നവോത്ഥാനത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒന്നായതുകൊണ്ടാണ്. കേരളീയർക്കു മുന്നിൽ ഒരു മാതൃകാസ്ഥാന സങ്കല്പം അവതരിപ്പിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച ധർമ്മസംഘം ഈയിടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിക്കുകയുണ്ടായി. ഇത് ആ മൂല്യങ്ങൾ കൈമോശം വന്നുകൊണ്ടിരിക്കുന്നെന്നതിന് തെളിവാണ്. ചില സമീപകാല സംഭവങ്ങൾ കേരളത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചിട്ടുമുണ്ട്. ഇത് ബി.ജെ.പി.ക്ക് പ്രതീക്ഷക്കു വക നൽകുന്നുണ്ടെങ്കിലും മൂന്നാമിടത്ത് സ്ഥാനം ഉറപ്പിക്കാനാവശ്യമായ വിശാലമായ കാഴ്ചപ്പാട് ആ കക്ഷി പ്രകടിപ്പിച്ചിട്ടില്ല.

ഇക്കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ചില പുതിയ കക്ഷികൾ കൂടി രംഗപ്രവേശം ചെയ്യുന്നുണ്ട്. ആം ആദ്മി പാർട്ടി, ജമാത്തെ ഇസ്ലാമി മുൻ‌കൈയെടുത്ത് ദേശീയ തലത്തിൽ രൂപീകരിച്ചിട്ടുള്ള വെൽഫെയർ പാർട്ടി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ രാഷ്ട്രീയ വാഹനമായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (എസ്.ഡി.പി.ഐ)  എന്നിവ അക്കൂട്ടത്തിൽ പെടുന്നു. വെൽഫെയർ പാർട്ടി മൂന്ന് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും അബ്ദുൾ നാസർ മഅ്ദനിയുടെ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയെപ്പോലെ ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ളവയാണ്. പി.ഡി.പിയിലേക്ക് ആദ്യം ആകർഷിച്ച പല പിന്നാക്കവിഭാഗ നേതാക്കളെയും ഏറെക്കാലം കൂടെ നിർത്താൻ മഅ്ദനിക്കായില്ല. മുസ്ലിം സമൂഹത്തിൽ നിലനിൽക്കുന്ന അസംതൃപ്തിയും അതിന്റെ വളരുന്ന ജനസംഖ്യയും സാമ്പത്തികശേഷിയുമാണ് ഈ കക്ഷികളുടെ ആവിർഭാവത്തിനു പിന്നിൽ. ലീഗിൽ നിന്നും പി.ഡി.പിയിൽ നിന്നും വ്യത്യസ്തമായി മൂന്നാമിടത്തു സ്ഥാനം നേടാനുള്ള കഴിവുണ്ടെന്ന് അവ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.

ഡൽഹിയിൽ വിഭാഗീയതകളെ മറികടന്നു പുതിയ തലമുറയെ ആകർഷിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടി രാജ്യത്ത് ശ്രദ്ധാ‍കേന്ദ്രമായത്. അമ്പതു കൊല്ലത്തിലേറെയായി വിഭാഗീയ കക്ഷികളും ജാതിമത സംഘടനകളും സജീവമായി തെരഞ്ഞെടുപ്പു രംഗത്ത് ഇടപെടുന്ന കേരളത്തിൽ ഡൽഹി ആവർത്തിക്കുക എളുപ്പമല്ല. വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് ആനയിക്കപ്പെടുകയും അദ്ധ്വാനം കൂടാതെ ജീവിക്കാൻ പഠിക്കുകയും ചെയ്തിട്ടുള്ള യുവാക്കൾ ഇവിടെയുണ്ട്. രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ തണലിലും നേതാക്കളുടെ രക്ഷാധികാരത്തിലും വളർന്നവരെ ആകർഷിക്കാൻ ആം ആദ്മിയെ പോലുള്ള ഒരു പാർട്ടിക്കാവില്ല. എന്നാൽ നിലവിലുള്ള സംവിധാനത്തിൽ അതൃപ്തിയുള്ള ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട്. കൊല്ലപ്പെട്ട ആർ.എം.പി. നേതാവ് ടി.പി. ചന്ദശേഖരന്റെ ഭാര്യ കെ.കെ. രമ തിരുവനന്തപുരത്ത് നിരാഹാര സത്യഗ്രഹം നടത്തിയപ്പോൾ ഐക്യദാർഢ്യം രേഖപ്പെടുത്താൻ വിവിധ തുറകളിൽ നിന്നുള്ളവർ വലിയ തോതിൽ മുന്നോട്ടു വരികയുണ്ടായി. അത് കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വികാരപ്രകടനമായിരുന്നു. സി.പി. എമ്മിന്റെ സഖ്യ കക്ഷികൾ ആ വിഷയത്തിൽ മൌനം പാലിച്ചു. സി.പി.എമ്മിനകത്തു തന്നെയും പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ ഭർത്സനങൾ ഏറ്റുപറയാൻ വളരെപ്പേരുണ്ടായില്ല.

മാറിമാറി ഭരിച്ച മുന്നണികളുടെ പ്രവർത്തനം പരിശോധിച്ചാൽ ഓരോ സർക്കാരും അതിനു മുമ്പിലത്തേതിനേക്കാൾ മോശമായിരുന്നെന്ന് കാണാം. അച്യുതാനന്ദനെ രണ്ടു കൈകളും കെട്ടിയിട്ടിട്ടാണ് സി.പി.എം. മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുത്തിയത്.  പാർട്ടിക്കുള്ളിൽ നിന്ന് ഒരെതിർപ്പുമില്ലാതെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ ആപ്പീസാകട്ടെ തട്ടിപ്പുകാരുടെ താവളമായി. എന്നാൽ തട്ടിപ്പു കേസുകൾ ഉയർത്തിക്കാട്ടി ലക്ഷത്തിൽ‌പരം ആളുകളെ അണിനിരത്തിയും കോടിക്കണക്കിന് രൂപ ചെലവഴിച്ചും സി.പി.എം. സംഘടിപ്പിച്ച സമര പരമ്പരകൾ ഒന്നൊന്നായി പരാജയപ്പെട്ടു. ഇതെല്ലാം കാണിക്കുന്നത് ജീർണ്ണത ബാധിച്ച ഇരുമുന്നണി സമ്പ്രദായം ജനങ്ങൾക്ക് മടുത്തിരിക്കുന്നെന്നാണ്. അതിൽ വിള്ളലുണ്ടാക്കി മൂന്നാമിടത്ത് അടിത്തറ കെട്ടിപ്പടുക്കാനുള്ള സാധ്യത തുറന്നു കിടക്കുകയാണ്. ആ സാധ്യത പ്രയോജനപ്പെടുത്താൻ കഴിവുള്ള കക്ഷികളുണ്ടോ എന്നാണ് അറിയേണ്ടത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് 2, 2014)