Tuesday, March 4, 2014

കേരള രാഷ്ട്രീയത്തിലെ മൂന്നാമിടം

ബി.ആർ.പി. ഭാസ്കർ

ഏറെക്കുറെ ദൃഢമായ ഇരുമുന്നണി സമ്പ്രദായം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനും സി.പി.എം. നയിക്കുന്ന എൽ.ഡി.എഫിനും പുറത്ത് ഒരു മുന്നാമിടം കണ്ടെത്താൻ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയുടെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഒന്നൊ ഒന്നരയൊ ശതമാനം വോട്ടു പോലും നേടാനാകാത്ത കക്ഷികൾ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിയമസഭയിലും മന്ത്രിസഭയിലും സ്ഥാനം നേടുമ്പോൾ ആറു ശതമാനം വോട്ടുള്ള ബി.ജെ.പിക്ക് അക്കൌണ്ട് തുറക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം ഇടം ഇല്ലെന്നു തന്നെയല്ല ഉണ്ടാകാനുള്ള സാധ്യതയും ഇല്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുള്ള ആം ആദ്മി പാർട്ടി കേരളത്തിലും കണ്ണു നട്ടിട്ടുണ്ടെന്ന വാർത്തയോടുള്ള മുഖ്യധാരാ കക്ഷികളുടെ പ്രതികരണങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് 75 ശതമാനമായിരുന്നു. അതായത് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവരിൽ 25 ശതമാനം വോട്ടു രേഖപ്പെടുത്തിയില്ല. പട്ടിക കുറ്റമറ്റതാകണമെന്നില്ല. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയുമൊക്കെ പേരുകൾ അതിലുണ്ടാകാം. പട്ടികയിൽ തെറ്റുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താലും മത്സരിക്കുന്ന പാർട്ടികളിലൊ സ്ഥാനാർത്ഥികളിലൊ താല്പര്യമില്ലാത്തതുകൊണ്ട് വോട്ടു ചെയ്യാൻ കൂട്ടാക്കാത്ത 15 ശതമാനം പേരെങ്കിലുമുണ്ടാകും. അവർ ഒരു മുന്നാമിടമല്ലേ?

തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോർട്ടനുസരിച്ച് 2011ൽ ആറ് ദേശീയ കക്ഷികളും, അഞ്ചു സംസ്ഥാന കക്ഷികളും അഞ്ചു ഇതരസംസ്ഥാന കക്ഷികളും 14 അംഗീകാരമില്ലാത്ത, എന്നാൽ രജിസ്റ്റർ ചെയ്യപ്പേട്ടിട്ടുള്ള കക്ഷികളും മത്സരരംഗത്തുണ്ടായിരുന്നു. ചെറിയ കക്ഷികളും സ്വതന്ത്രരും കൂടി 29 ശതമാനം വോട്ടു കൊണ്ടു പോയി. ഈ കക്ഷികളിൽ ചിലത് ഭരണ-പ്രതിപക്ഷ മുന്നണികളിൽ പെടുന്നവരാണ്. അവയും ഒരർത്ഥത്തിൽ മുന്നാമിടത്തിന്റെ അവകാശികളാണ്. 

മുന്നണി സമ്പ്രദായം നിലനിർത്തുന്നത് സി.പി.എം, കോൺഗ്രസ് എന്നീ കക്ഷികളാണ്. യു.ഡി.എഫിലെ മുസ്ലിം ലീഗും കേരളാ കോൺഗ്രസും സ്വന്തനിലയിൽ ഏതാനും സീറ്റുകൾ ജയിക്കാൻ കഴിവുള്ള കക്ഷികളാണ്. അതിന്റെ ബലത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവർ അടുത്ത കാലത്ത് വെള്ളം കുടിപ്പിച്ചിട്ടുമുണ്ട്. ലീഗ് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് അത് അംഗീകരിക്കേണ്ടി വന്നു. കെ.എം. മാണി നേടിക്കൊടുത്ത ചീഫ് വിപ്പ് പദവിയുമായി പി.സി. ജോർജ് കോൺഗ്രസ് നേതാക്കളെ നിരന്തരം അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിക്കു നോക്കിനിൽക്കാനേ ആയുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭീമമായ പരാജയം ഏറ്റുവാങ്ങിയതിന്റെ ഫലമായി യു.ഡി.എഫിന്റെ നിയമസഭയിലെ ഭൂരിപക്ഷം വളരെ നേരിയതായതാണ് മുഖ്യമന്ത്രിയെ ഇത്രമാത്രം നിസ്സഹായനാക്കിയത്. പക്ഷെ അത് കോൺഗ്രസിന്റെ മുന്നണിയിലെ വല്യേട്ടൻ പദവി ഇല്ലാതാക്കിയിട്ടില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന് കോൺഗ്രസിന്റെ മൂന്നിലൊന്നു വലിപ്പം പോലുമില്ല. സമാനമായ സ്ഥിതിയാണ് എൽ.ഡി.എഫിലും. അതിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐക്ക് സി.പി.എമ്മിന്റെ മൂന്നിലൊന്നു വലിപ്പം പോലുമില്ല. അതേസമയം സി.പി. എമ്മിനും കോൺഗ്രസിനും ലഭിക്കുന്ന വോട്ടുകൾ അവ വലിയ രാഷ്ട്രീയ ശക്തികളല്ലെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ കക്ഷികൾക്ക് കിട്ടിയ വോട്ടിന്റെ കണക്ക് ഇങ്ങനെയാണ്:

തെരഞ്ഞെടുപ്പ്
  
വോട്ട് വിഹിതം (ശതമാനത്തിൽ)
കൊല്ലംകോൺഗ്രസ്
 സിപി.എം

1991      32.07

           21.74


1996      30.43

            21.59


2001       31.40

21.36


2006        24.07

 30.45


2011        26.40

 28.18ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളുടെ എണ്ണം വ്യത്യസ്തമായിരിക്കെ വോട്ടുകൾ താരതമ്യം ചെയ്യാനാകുമോ എന്നു സംശയിക്കാവുന്നതാണ്.  എന്നാൽ വലിയ കക്ഷികൾക്ക് സീറ്റ് വിഭജന സമയത്ത് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള കഴിവുള്ളതുകൊണ്ട് വോട്ടു വിഹിതത്തിൽ അവരുടെ യഥാർത്ഥ ശക്തി പ്രതിഫലിക്കുന്നെന്ന് കരുതാവുന്നതാണ്. ഈ കണക്കുകളനുസരിച്ച് കോൺഗ്രസിനും സി.പി.എമ്മിനും കൂടി തെരഞ്ഞെടുപ്പിൽ കിട്ടുന്നത് 52 ശതമാനത്തിനും 55 ശതമാനത്തിനും ഇടയ്ക്ക് വോട്ടുകളാണ്. അതായത് പോൾ ചെയ്യുന്ന വോട്ടുകളിൽ 45 ശതമാനത്തിനു മുകളിൽ അവരുടെ നിയന്ത്രണത്തിനു പുറത്താണ്. ഇത് മൂന്നാമിടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.  വോട്ടു സംഭരിക്കാൻ കഴിവുള്ള മറ്റ് കക്ഷികളെ മുന്നണികളിൽ നിർത്തിക്കൊണ്ട് വലിയ കക്ഷികൾ മൂന്നാമിടം അദൃശ്യമാക്കിയിരിക്കുന്നു.

വലിയ കക്ഷികൾ കടം വാങ്ങിയ തൂവലണിഞ്ഞ് മയിലാട്ടം നടത്തുന്ന ഇരുമുന്നണി സമ്പ്രദായം പ്രവർത്തിക്കുന്നതെങ്ങനെയാണെന്ന് മനസിലാക്കാൻ ഈ വോട്ടിന്റെ കണക്കുകൾ സഹായിക്കുന്നു. ബി.ജെ.പി യും മുന്നണികളുടെ ഭാഗമല്ലാത്ത മറ്റുള്ളവരും ചേർന്ന് കുറഞ്ഞത് 10 ശതമാനം വോട്ടു കൊണ്ടുപോകും. ബാക്കിയുള്ള 90 ശതമാനത്തിന്റെ പകുതിയായ 45 ശതമാനത്തിനു മുകളിൽ വോട്ട് നേടിയാലെ അധികാരം നേടാനാകൂ. കോൺഗ്രസിന് ഈ കാലയളവിൽ കിട്ടിയ ഏറ്റവും കൂടുതൽ വോട്ട് 32.07 ശതമാനവും സി.പി.എമ്മിനു കിട്ടിയ ഏറ്റവും കൂടുതൽ വോട്ട് 30.45 ശതമാനവും ആണ്. അതായത് അധികാരം നേടാൻ സ്വന്തം സ്വാധീനത്തിനു പുറത്തു നിന്ന് 15 ശതമാനം വോട്ടു വരെ സംഘടിപ്പിക്കണം. കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ ലീഗിന്റെ വോട്ട് വിഹിതം എട്ടു ശതമാനത്തിനു താഴെയാണ്. കേരളാ കോൺഗ്രസിന്റേത് അഞ്ചു റതമാനത്തിനു താഴെയും. സി.പി.എമ്മിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ സി.പി.ഐയുടെ വോട്ടു വിഹിതം എട്ടു ശതമാനത്തിനും ഒമ്പത് ശതമാനത്തിനുമിടയ്ക്കാണ്. ജയിച്ചു കയറാൻ ഇവരുടെ വോട്ടുകൾ മത്രം പോരെന്നർത്ഥം. അതുകൊണ്ടാണ് പാർട്ടികൾ പിളരുമ്പോൾ കിട്ടുന്നവർ ആരായിരുന്നാലും, അവരുടെ പൂർവകാല ചരിത്രം എന്തായിരുന്നാലും, ഒപ്പം കൂട്ടാൻ രണ്ടു മുന്നണികളും തയ്യാറാകുന്നത്. ജാതിമത ശക്തികളെ അവർ നിർലജ്ജം പ്രീണിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

പരക്കെ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ നീക്കാനും ഈ കണക്കുകൾ സഹായകമാണ്. കേരളത്തിലെ ഏറ്റവും വലിയ കക്ഷി തങ്ങളാണെന്ന്‌ വളരെ കാലമായി സി.പി.എം. അവകാശപ്പെടുന്നുണ്ട്. കോൺഗ്രസുകാർ പോലും അത് ഏറെക്കുറെ സമ്മതിച്ചു കൊടുത്തിട്ടുമുണ്ട്. എന്നാൽ 2006നു മുമ്പ് സി.പി.എമ്മിന് കോൺഗ്രസിനേക്കാൾ വോട്ട് നേടാൻ കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽ 40 സീറ്റ് നേടി നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായതോടെയാണ് സി.പി.എമ്മിന്റെ വലിപ്പത്തെ കുറിച്ച് അത്യുക്തി കലർന്ന ധാരണ പടരാൻ തുടങ്ങിയത്. അന്ന് അതിനു 19.87 ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്.  കോൺഗ്രസിനാകട്ടെ 33.55 ശതമാനം കിട്ടി. മൂന്ന് തെരഞ്ഞെടുപ്പുകളിൽ (1991, 1996, 2001) 30 ശതമാനത്തിനു മേൽ വോട്ട് കിട്ടിയ കോൺഗ്രസിന്റെ വിഹിതം 2006ൽ 24.09 ശതമാനമായി ചുരുങ്ങുകയും  അതുവരെ 22 ശതമാനത്തിനു താഴെ മാത്രം കിട്ടിയിരുന്ന സി.പി.എമ്മിന്റെ വിഹിതം 30.45 ശതമാനമായി ഉയരുകയും ചെയ്തു. അന്നു നേടിയ മേൽകൈ സി.പി.എമ്മിനു 2011ലും നിലനിർത്താനായി. വോട്ടു വിഹിതം ഇങ്ങനെ:  സി.പി.എം. 28.18 ശതമാനം, കോൺഗ്രസ് 26.40 ശതമാനം. രണ്ടു കക്ഷികളുടെയും വോട്ടർ പിന്തുണയിൽ 2006ലുണ്ടായ നാടകീയമായ മാറ്റത്തിന് ഒരു വിശദീകരണമേയുള്ളു. അത് സി.പി.എം. സംസ്ഥാന നേതൃത്വം മത്സരരംഗത്തു നിന്ന് ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിച്ച വി.എസ്. അച്യുതാനന്ദന്റെ സാരഥ്യമാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ 2001-2006 കാലത്ത് ജനകീയ പ്രശ്നങ്ങളിൽ നടത്തിയ സജീവമായ ഇടപെടലുകളിലൂടെ അദ്ദേഹം സ്റ്റാലിനിസ്റ്റ് പ്രതിച്ഛായ മറികടന്ന് നേടിയ ജനസമ്മതി ആ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും എൽ.ഡി.എഫിനും ഏറെ ഗുണം ചെയ്തു. സംസ്ഥാന സെക്രട്ടറി നൽകിയ ഇണ്ടാസുകൾ മൂലം മുഖ്യമന്ത്രിയെന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ അച്യുതാനന്ദന് കഴിഞ്ഞില്ലെങ്കിലും എൽ.ഡി.എഫിന് ഒരവസരം കൂടി നൽകിയാൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ മുന്നണികളെ മാറി മാറി പിന്തുണക്കുന്ന വോട്ടർമാരിൽ ഒരു നല്ല വിഭാഗത്തിനുണ്ടായിരുന്നു. പതിവുപോലെ ഭരിക്കുന്ന മുന്നണിയെ താഴെയിറക്കി മറ്റേതിനെ അധികാരത്തിലേറ്റാൻ അവർ ആഗ്രഹിച്ചില്ല. തന്മൂലം 2011ൽ യു.ഡി.എഫിന് പ്രതീക്ഷിച്ച അളവിലുള്ള വിജയം ലഭിച്ചില്ല. അപ്രതീക്ഷിതമായി എൽ.ഡി.എഫ് വിജയത്തിന്റെ പടിവാതിക്കൽ എത്തുകയും ചെയ്തു. ഈ രാഷ്ട്രീയ യാഥാർത്ഥ്യം സി.പി.എം. സംസ്ഥാന നേതൃത്വത്തിന് പരസ്യമായി അംഗീകരിക്കാനാവുന്ന ഒന്നല്ല. വി.എസ്. ഘടകത്തിന്റെ സ്വാധീനം ഇല്ലാതായാൽ 2006ലും 2011ലും ലഭിച്ച മേൽകൈ നിലനിർത്താൻ എൽ.ഡി.എഫിന് ആകുമോയെന്ന് സംശയിക്കണം. ഏതായാലും 2011ലെ ജനവിധിയിൽ നിന്ന് ഒരു കാര്യം വായിച്ചെടുക്കാം. അത് അടിമമനോഭാവത്തോടെ ഏതെങ്കിലുമൊരു പാർട്ടിക്ക് സ്ഥിരമായി വോട്ടു ചെയ്യുന്നവരുണ്ടെങ്കിലും കണ്ണൂമടച്ച് ഏതെങ്കിലും കക്ഷിക്കൊ മുന്നണിക്കൊ വോട്ടു ചെയ്യാതെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവേകപൂർവ്വം വോട്ടു ചെയ്യുന്ന ഒരു വിഭാഗവും ഇവിടെയുണ്ടെന്നതാണ്. മുന്നാമിടത്തിനു വേണ്ടി  തെരയുമ്പോൾ ഈ വസ്തുതക്ക് പ്രസക്തിയുണ്ട്.

കേരളത്തിൽ 1979 വരെ ദൃശ്യമായിരുന്ന മൂന്നാമിടം അപ്രത്യക്ഷമായ സാഹചര്യം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. കോൺഗ്രസ് പിന്തുണയോടെ ഭരണത്തിന് നേതൃത്വം കൊടുത്ത പട്ടം താണുപിള്ള (1960-62), സി. അച്യുത മേനോൻ (1969-1977), പി.കെ. വാസുദേവൻ നായർ (1978-79) എന്നിവർ മൂന്നാമിടത്തിൽ നിന്നു വന്നവരായിരുന്നു. സി.പി.ഐ. നിർദ്ദേശപ്രകാരം ഇടതുപക്ഷ ഐക്യം യാഥാർത്ഥ്യമാക്കുവാനായി പി.കെ.വി. രാജിവെച്ചശേഷം 51 ദിവസം മുഖ്യമന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ ആ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ്. കോൺഗ്രസും സി.പി.എമ്മും മുഹമ്മദ് കോയ സർക്കാരിന്റെ പതനത്തിനുശേഷം സ്വീകരിച്ച നയമാണ് മുന്നാമിടം ഇല്ലാതാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

മുസ്ലിം ലീഗാണ് കേരളത്തിലെ ആം ആദ്മി പാർട്ടി എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഈയിടെ പറയുകയുണ്ടായി. ഒരു ലീഗ് നേതാവിന്  സ്വന്തം നിലയിൽ മുഖ്യമന്ത്രിപദത്തിലെത്താൻ കഴിഞ്ഞെന്നതോർക്കുമ്പോൾ അത് പുച്ഛിച്ച് തള്ളേണ്ട അവകാശവാദമല്ല. എന്നാൽ മുന്നാമിടം ഉറപ്പിക്കാൻ എന്തുകൊണ്ടാണ് ലീഗിനാകാതെ പോയതെന്നത് പരിശോധിക്കപ്പെടണം. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കക്ഷികൾക്കു മാത്രമെ മൂന്നാമിടത്ത് നിലനിൽക്കാനാകൂ.  ജാതിമത പാർട്ടികൾക്കു അതിനാകില്ല. ലീഗിന്റെ അധികാര രാഷ്ട്രീയരംഗത്തെ വളർച്ച കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നേതാക്കൾക്ക് തൃപ്തികരമായി തോന്നിയേക്കാം. മുസ്ലിം സമുദായത്തിനായി എന്തൊക്കെയൊ ചെയ്യാൻ കഴിഞ്ഞെന്ന് അവരും അനുയായികളും വിശ്വസിക്കുന്നുമുണ്ടാകാം. എന്നാൽ ലീഗ് പ്രതിനിധാനം ചെയ്യുന്ന വിഭാഗീയ രാഷ്ട്രീയം മുസ്ലിങ്ങളുടെ വിശാല താല്പര്യങ്ങളെ ഹനിച്ചിട്ടുണ്ട്. അര നൂറ്റാണ്ടു മുമ്പ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ധാരാളം മുസ്ലിം യുവാക്കളെ ആകർഷിച്ചിരുന്നു. ലീഗ് അധികാര രാഷ്ട്രീയത്തിൽ സ്ഥാനം നേടിയതോടെ തങ്ങളുടെ ഭാവി ഭദ്രമാക്കാൻ ആ പാർട്ടിയാണ് കൂടുതൽ നല്ലതെന്ന ധാരണ യുവാക്കൾക്കിടയിൽ പടരുകയും മതേതര കക്ഷികളിലേക്കുള്ള ഒഴുക്ക് കുറയുകയും ചെയ്തു. കോൺഗ്രസിന്റെ നേതൃനിരയിൽ ഉയർന്നു കൊണ്ടിരുന്ന ചിലർ ആ ഘട്ടത്തിൽ ലീഗിലേക്ക് പോയി. സപ്തമുന്നണി സർക്കാരിൽ രണ്ട് മന്ത്രിമാരോടെ 1967ൽ ജൈത്രയാത്ര ആരംഭിച്ച ലീഗ് ഇപ്പോൾ അഞ്ചു മുസ്ലിങ്ങളെ മന്ത്രിമാരാക്കാൻ കഴിവുള്ള കക്ഷിയാണ്. എന്നാൽ മന്ത്രിമാരുടെ എണ്ണത്തിനൊത്ത വളർച്ച പാർട്ടിക്കില്ല. സപ്തമുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോൾ ലീഗിന് കിട്ടിയത് 6.75 ശതമാനം വോട്ടാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടു കാലത്ത് ജനസംഖ്യയിൽ ഏറ്റവുമധികം വളർച്ചയുണ്ടായത് ലീഗിന്റെ സ്വാധീനമേഖലയിലാണ്. ഇപ്പോൾ സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം മുസ്ലിങ്ങളാണെന്ന് കരുതപ്പെടുന്നു. എന്നാൽ ലീഗിന്റെ വോട്ടു വിഹിതം എട്ടു ശതമാനത്തിനു താഴെയാണ്. ലീഗ് എം.എൽ.എ.മാരും മന്ത്രിമാരും ഒരു ഭൂപ്രദേശത്തുനിന്നു മാത്രം വരുന്നവരാണ്. ചുരുക്കത്തിൽ, സംസ്ഥാനത്തെ മുഴുവൻ മുസ്ലിങ്ങളുടെയും രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത പാർട്ടിയാണ് ലീഗ്.

യു.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിന്റെ ചരിത്രവും ഇത്തരത്തിലുള്ള കഥയാണ് പറയുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിമറിയുന്ന ഒരു കാലഘട്ടത്തിലാണ് കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്ന കെ.എം. മാണി കേരളാ കോൺഗ്രസുകാരനായി നിയമസഭയിലെത്തിയത്. മുഖ്യമന്ത്രിപദം വരെ പ്രതീക്ഷിക്കാമായിരുന്ന ആളായിരുന്നു അന്നദ്ദേഹം. ഇരുമുന്നണി സംവിധാനം അദ്ദേഹത്തെ മന്ത്രിപദത്തിനപ്പുറം പോകാൻ അനുവദിച്ചില്ല. ലീഗിനെപ്പോലെ കേരളാ കോൺഗ്രസിനും ശരിയായ അർത്ഥത്തിൽ ഒരു അഖില കേരള കക്ഷിയാകാനായിട്ടില്ല. അതിന്റെ സ്വാധീനവും പ്രാദേശിക-ജാതിമതാടിസ്ഥാനത്തിൽ പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാൽ ലീഗ് അതിന്റെ കൊടിക്കീഴിലെത്താതിരുന്ന മുസ്ലിങ്ങളുടെ വിശാല താല്പര്യങ്ങൾ ഹനിച്ചതു പോലെ  കേരളാ കോൺഗ്രസ് അതിന് ഊർജ്ജം നൽകുന്ന ക്രൈസ്തവ-നായർ വിഭാഗങ്ങളുടെ താല്പര്യങ്ങളെ ഹനിച്ചിട്ടില്ല. അതിന്റെ കാരണം ഈ വിഭാഗങ്ങളിൽനിന്ന് മുഖ്യധാരാ കക്ഷികളിലേക്കുള്ള ഒഴുക്ക് തടയാനൊ അവർക്ക് അവയിലൂടെ ഉയരാനുള്ള സാദ്ധ്യത ഇല്ലാതാക്കാനൊ ആ കക്ഷിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ്. രണ്ട് കക്ഷികളും പിളരുകയും വീണ്ടും കൂടിച്ചേരുകയും പിന്നെയും പിളരുകയും ചെയ്തിട്ടുണ്ട്. പിളർപ്പിനെ തുടർന്ന് ഒരു മുന്നണി വിട്ടുപോകുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി എപ്പോഴും തയ്യാറാണ്. എന്നാൽ കേരളാ കോൺഗ്രസ് പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണെന്ന കെ.എം. മാണിയുടെ പ്രശസ്തമായ പ്രസ്താവം തെരഞ്ഞെടുപ്പു കണക്കുകൾ ശരിവെക്കുന്നില്ല. നേരേമറിച്ച് രണ്ട് മുന്നണികളുടെ കീഴിലും മാണിയുടെയും പി.ജെ. ജോസഫിന്റെയും പാർട്ടികൾ ക്ഷയിക്കുകയായിരുന്നെന്ന് അവ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പു                            വോട്ട് വിഹിതം (ശതമാനത്തിൽ)
കൊല്ലം

മാണി-കേരള
ജോസഫ- കേരള

1991


4.32

3.37


1996


3.18

3.10


2001


3.54

2.90


2006


3.26

1.75


2011


4.94

കുറേക്കാലം സി.പി.എമ്മുമായി സഹവസിച്ച ജോസഫും പി.സി. ജോർജും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് മാണിയുടെ കൂടാരത്തിൽ അഭയം പ്രാപിച്ചതും അദ്ദേഹം അവരെ സ്വീകരിച്ചതും വേറേ വേറേ തുടർന്നാൽ വൈകാതെ ശോഷിച്ച് ഇല്ലാതാകുമെന്ന ഭയമായിരുന്നെന്ന് ഈ കണക്കുകളിൽ നിന്ന് മനസിലാക്കാം. വ്യത്യസ്ത മുന്നണികളിൽ ആയിരുന്നപ്പോൾ മാണി, ജോസഫ് ഗ്രൂപ്പുകൾക്കു 2006ൽ 5.01 ശതമാനം വോട്ട് കിട്ടി. അവ ഒന്നിച്ചിട്ടും 2011ൽ അത്രയും വോട്ട് നേടാനായില്ല.  ആർ. ബാലകൃഷ്ണപിള്ളയുടെയും ടി.എം. ജേക്കബിന്റെയും കേരളാ കോൺഗ്രസുകൾ ലോപിച്ച് നിയമസഭയിൽ ഒരു സീറ്റ് മാത്രമുള്ള അവസ്ഥയിലാണിപ്പോൾ. ഇരുവരുടെയും വോട്ട് വിഹിതം ഒരു ശതമാനത്തിനു താഴെയാണ്. കെ.ആർ.ഗൌരിയമ്മയുടെ ജെ.എസ്.എസും എം.വി.രാഘവന്റെ സി.എം.പിയും ഒരു സീറ്റുപോലും ജയിക്കാനാവാത്ത അവസ്ഥയിൽ എത്തിനിൽക്കുകയാണ്.

സ്വാതന്ത്യത്തിന്റെ ആദ്യനാളുകളിൽ തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നയമെന്ന നിലയിൽ തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ ഒരു കക്ഷിയുമായി കൂട്ടുകെട്ടില്ലാതെയാണ് – ഏതാനും സ്വതന്ത്രരുടെ സഹായം മാത്രമാണുണ്ടായിരുന്നത് -- 1957ലെ തെരഞ്ഞെടുപ്പിനെ അത് നേരിട്ടതും 35.28 ശതമാനം വോട്ടോടെ ജയിച്ചതും. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി മന്ത്രിമാരെ സൃഷ്ടിച്ച് കുറച്ചുകാലം വിലസിയശേഷം ശോഷിച്ച് പൂർണ്ണമായും ഇല്ലാതായ കക്ഷികൾ നിരവധിയാണ്. പി.എസ്.പി, എസ്.എസ്.പി, ജനതാ പാർട്ടി (ജി), മത്തായി മാഞ്ഞൂരാന്റെ കെ.എസ്.പി, ഫാ. വടക്കന്റെ കർഷക തൊഴിലാളി പാർട്ടി, ലോനപ്പൻ നമ്പാടന്റെ കേരളാ കോൺഗ്രസ്, എൻ.എസ്.എസ്. ഉണ്ടാക്കിയ നാഷണൽ ഡമോക്രാറ്റിക് പാർട്ടി, എസ്.എൻ.ഡി.പി. യോഗം ഉണ്ടാക്കിയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയവ അക്കൂട്ടത്തിൽ പെടുന്നു. അന്ത്യം കാത്തുകിടക്കുന്ന ചില കക്ഷികൾ രണ്ട് മുന്നണികളിലും ഇപ്പോഴുമുണ്ട്. നിലവിലുള്ള മുന്നണി സംവിധാനത്തിൽ മുഖ്യ കക്ഷികളും ഘടക കക്ഷികളും ഒരുപോലെ ക്ഷയിക്കുകയാണ്. എന്നിട്ടും അവർ ആ സംവിധാനം ഉപേക്ഷിക്കാത്തത് അതില്ലാതെ അധികാരത്തിലെത്താൻ കഴിയില്ലെന്ന തിരിച്ചറിവു മൂലമാണ്.

മുന്നാമിടം ഇല്ലെന്നല്ല, വിഭാഗീയ താല്പര്യങ്ങൾ മൂലം പാർട്ടികൾക്ക് അവിടെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പൊതുതാല്പര്യങ്ങളേക്കാൾ വിഭാഗീയ താല്പര്യങ്ങളാലൊ വ്യക്തി താല്പര്യങ്ങളാലൊ നയിക്കപ്പെടുന്ന കക്ഷികൾക്കും നേതാക്കൾക്കും മുന്നാമിടം കണ്ടെത്താനാവില്ല. ഇപ്പോൾ അവിടെ സ്ഥാനം തേടുന്ന കക്ഷികൾ മുൻ‌ഗാമികളുടെ പരാജയത്തിന്റെ കാരണങ്ങൾ മനസിലാക്കി ഉചിതമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഒറ്റക്ക് നിന്നപ്പോഴാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഏറ്റവുമധികം വോട്ടു നേടിയതെങ്കിലും ഇന്ന് ഒറ്റക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസം ഇരുവർക്കുമില്ല.  ജനസംഘത്തിന്റെ കാലം മുതൽ ഹിന്ദുത്വ ചേരി ചുവടുറപ്പിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം ഫലം കാണാത്തത് അതിന്റെ രാഷ്ട്രീയ സാമൂഹിക ചിന്താപദ്ധതി കേരള നവോത്ഥാനത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒന്നായതുകൊണ്ടാണ്. കേരളീയർക്കു മുന്നിൽ ഒരു മാതൃകാസ്ഥാന സങ്കല്പം അവതരിപ്പിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച ധർമ്മസംഘം ഈയിടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിക്കുകയുണ്ടായി. ഇത് ആ മൂല്യങ്ങൾ കൈമോശം വന്നുകൊണ്ടിരിക്കുന്നെന്നതിന് തെളിവാണ്. ചില സമീപകാല സംഭവങ്ങൾ കേരളത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചിട്ടുമുണ്ട്. ഇത് ബി.ജെ.പി.ക്ക് പ്രതീക്ഷക്കു വക നൽകുന്നുണ്ടെങ്കിലും മൂന്നാമിടത്ത് സ്ഥാനം ഉറപ്പിക്കാനാവശ്യമായ വിശാലമായ കാഴ്ചപ്പാട് ആ കക്ഷി പ്രകടിപ്പിച്ചിട്ടില്ല.

ഇക്കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ചില പുതിയ കക്ഷികൾ കൂടി രംഗപ്രവേശം ചെയ്യുന്നുണ്ട്. ആം ആദ്മി പാർട്ടി, ജമാത്തെ ഇസ്ലാമി മുൻ‌കൈയെടുത്ത് ദേശീയ തലത്തിൽ രൂപീകരിച്ചിട്ടുള്ള വെൽഫെയർ പാർട്ടി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ രാഷ്ട്രീയ വാഹനമായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (എസ്.ഡി.പി.ഐ)  എന്നിവ അക്കൂട്ടത്തിൽ പെടുന്നു. വെൽഫെയർ പാർട്ടി മൂന്ന് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും അബ്ദുൾ നാസർ മഅ്ദനിയുടെ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയെപ്പോലെ ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ളവയാണ്. പി.ഡി.പിയിലേക്ക് ആദ്യം ആകർഷിച്ച പല പിന്നാക്കവിഭാഗ നേതാക്കളെയും ഏറെക്കാലം കൂടെ നിർത്താൻ മഅ്ദനിക്കായില്ല. മുസ്ലിം സമൂഹത്തിൽ നിലനിൽക്കുന്ന അസംതൃപ്തിയും അതിന്റെ വളരുന്ന ജനസംഖ്യയും സാമ്പത്തികശേഷിയുമാണ് ഈ കക്ഷികളുടെ ആവിർഭാവത്തിനു പിന്നിൽ. ലീഗിൽ നിന്നും പി.ഡി.പിയിൽ നിന്നും വ്യത്യസ്തമായി മൂന്നാമിടത്തു സ്ഥാനം നേടാനുള്ള കഴിവുണ്ടെന്ന് അവ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.

ഡൽഹിയിൽ വിഭാഗീയതകളെ മറികടന്നു പുതിയ തലമുറയെ ആകർഷിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടി രാജ്യത്ത് ശ്രദ്ധാ‍കേന്ദ്രമായത്. അമ്പതു കൊല്ലത്തിലേറെയായി വിഭാഗീയ കക്ഷികളും ജാതിമത സംഘടനകളും സജീവമായി തെരഞ്ഞെടുപ്പു രംഗത്ത് ഇടപെടുന്ന കേരളത്തിൽ ഡൽഹി ആവർത്തിക്കുക എളുപ്പമല്ല. വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് ആനയിക്കപ്പെടുകയും അദ്ധ്വാനം കൂടാതെ ജീവിക്കാൻ പഠിക്കുകയും ചെയ്തിട്ടുള്ള യുവാക്കൾ ഇവിടെയുണ്ട്. രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ തണലിലും നേതാക്കളുടെ രക്ഷാധികാരത്തിലും വളർന്നവരെ ആകർഷിക്കാൻ ആം ആദ്മിയെ പോലുള്ള ഒരു പാർട്ടിക്കാവില്ല. എന്നാൽ നിലവിലുള്ള സംവിധാനത്തിൽ അതൃപ്തിയുള്ള ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട്. കൊല്ലപ്പെട്ട ആർ.എം.പി. നേതാവ് ടി.പി. ചന്ദശേഖരന്റെ ഭാര്യ കെ.കെ. രമ തിരുവനന്തപുരത്ത് നിരാഹാര സത്യഗ്രഹം നടത്തിയപ്പോൾ ഐക്യദാർഢ്യം രേഖപ്പെടുത്താൻ വിവിധ തുറകളിൽ നിന്നുള്ളവർ വലിയ തോതിൽ മുന്നോട്ടു വരികയുണ്ടായി. അത് കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വികാരപ്രകടനമായിരുന്നു. സി.പി. എമ്മിന്റെ സഖ്യ കക്ഷികൾ ആ വിഷയത്തിൽ മൌനം പാലിച്ചു. സി.പി.എമ്മിനകത്തു തന്നെയും പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ ഭർത്സനങൾ ഏറ്റുപറയാൻ വളരെപ്പേരുണ്ടായില്ല.

മാറിമാറി ഭരിച്ച മുന്നണികളുടെ പ്രവർത്തനം പരിശോധിച്ചാൽ ഓരോ സർക്കാരും അതിനു മുമ്പിലത്തേതിനേക്കാൾ മോശമായിരുന്നെന്ന് കാണാം. അച്യുതാനന്ദനെ രണ്ടു കൈകളും കെട്ടിയിട്ടിട്ടാണ് സി.പി.എം. മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുത്തിയത്.  പാർട്ടിക്കുള്ളിൽ നിന്ന് ഒരെതിർപ്പുമില്ലാതെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ ആപ്പീസാകട്ടെ തട്ടിപ്പുകാരുടെ താവളമായി. എന്നാൽ തട്ടിപ്പു കേസുകൾ ഉയർത്തിക്കാട്ടി ലക്ഷത്തിൽ‌പരം ആളുകളെ അണിനിരത്തിയും കോടിക്കണക്കിന് രൂപ ചെലവഴിച്ചും സി.പി.എം. സംഘടിപ്പിച്ച സമര പരമ്പരകൾ ഒന്നൊന്നായി പരാജയപ്പെട്ടു. ഇതെല്ലാം കാണിക്കുന്നത് ജീർണ്ണത ബാധിച്ച ഇരുമുന്നണി സമ്പ്രദായം ജനങ്ങൾക്ക് മടുത്തിരിക്കുന്നെന്നാണ്. അതിൽ വിള്ളലുണ്ടാക്കി മൂന്നാമിടത്ത് അടിത്തറ കെട്ടിപ്പടുക്കാനുള്ള സാധ്യത തുറന്നു കിടക്കുകയാണ്. ആ സാധ്യത പ്രയോജനപ്പെടുത്താൻ കഴിവുള്ള കക്ഷികളുണ്ടോ എന്നാണ് അറിയേണ്ടത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് 2, 2014)

No comments: