ബി.ആർ.പി. ഭാസ്കർ
തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിന് സവിശേഷമായ ഒരു ചരിത്രമുണ്ട്. ആദ്യ
മൂന്നു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ആനി മസ്ക്രീൻ, എസ്. ഈശ്വരയ്യർ, പി.എസ്. നടരാജപിള്ള
എന്നിവർ ഏതെങ്കിലും വലിയ സമുദായത്തിൽ പെട്ടവരായിരുന്നില്ല. മൂവരും ഇടതു പക്ഷത്തിന്റെ
പിന്തുണയുള്ള സ്വതന്ത്രരായിരുന്നു. വലിയ സമുദായങ്ങളിൽപെട്ടവരെ തോല്പിച്ചുകൊണ്ടാണ് അവർ
പാർലമെന്റിലെത്തിയത്. കന്നിക്കാരനായ ഈശ്വരയ്യർ തോല്പിച്ചത് തിരുവിതാംകൂറിലെ സ്വാതന്ത്ര്യ
സമരത്തിന്റെ സമുന്നത നേതാവായിരുന്ന പട്ടം താണുപിള്ളയെയാണ്. പിന്നീട് പി. വിശ്വംഭരൻ,
വി.കെ. കൃഷ്ണമേനോൻ, എം. എൻ. ഗോവിന്ദൻ നായർ എന്നിവർ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു.
പുതുമുഖമായ എ. നീലലോഹിതദാസൻ നാടാർ എം. എൻനെ തോല്പിക്കുകയും തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പികളിൽ
കോൺഗ്രസിന്റെ എ. ചാൾസ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ഹിന്ദു നാടാർക്കൊ
ക്രൈസ്തവ നാടാർക്കൊ മാത്രമെ ഇവിടെ ജയിക്കാനാകൂ എന്നൊരു ധാരണ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ
രൂപപ്പെട്ടു. പിൽക്കാല തെരഞ്ഞെടുപ്പുകൾ അത് അന്ധവിശ്വാസം മാത്രമാണെന്ന് തെളിയിച്ചെങ്കിലും അതിൽ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്.
ഐക്യരാഷ്ട്ര സഭാ അണ്ടർസെക്രട്ടറി ജനറൽ ആയിരുന്ന ശശി തരൂർ സെക്രട്ടറി
ജനറൽ ആകാനുള്ള ശ്രമം പരാജയപ്പെട്ടശേഷം ഇന്ത്യയിൽ തിരിച്ചുവന്നു കോൺഗ്രസ് പാർട്ടിയിൽ ചേർന്നപ്പോൾ മലയാളിയെന്ന
നിലയിൽ തിരുവനന്തപുരം ടിക്കറ്റ്
നൽകപ്പെട്ടു. സെക്രട്ടറി ജനറലിന്റേത് ഒരു രാഷ്ട്രീയ
നിയമനമാണ്. ഒരാൾ മാത്രമെ മുമ്പ് അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചശേഷം സെക്രട്ടറി
ജനറൽ ആയി നിയമിക്കപ്പെട്ടിട്ടുള്ളു. അത് പെറുവിൽ നിന്നുള്ള ഹാവിയെ പെറെസ് ഡി ക്വയാർ
(Javier Perez de Cuellar) ആണ്. അദ്ദേഹം പെറുവിൽ നയതന്ത്രജ്ഞനായും മറ്റും സേവനം അനുഷ്ഠിച്ചശേഷമാണ്
യു.എന്നിലെത്തിയത്. ഐക്യരാഷ്ട്ര സഭയിലെ അഞ്ചു
സ്ഥിരാംഗങ്ങളുടെയും പിന്തുണ നേടിയാലെ സെക്രട്ടറി ജനറലാകാൻ കഴിയൂ എന്നിരിക്കെ ഒരു ഇന്ത്യാക്കാരൻ
അവരോധിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണെന്ന് വ്യക്തമായിരുന്നു. ആ നിലയ്ക്ക് തരൂറിനെ
സ്ഥാനാർത്ഥിയാക്കിയ ഇന്ത്യാ ഗവണ്മെന്റ് ഒരു വ്യക്തിയുടെ പദവിമോഹത്തിന് രാജ്യതാല്പര്യത്തേക്കാൾ
പ്രാധാന്യം കല്പിക്കുകയായിരുന്നു. അത് വിവേകത്തോടെയുള്ള തീരുമാനമായിരുന്നെന്ന് പറഞ്ഞുകൂട.
പക്ഷെ അതിന് കുറ്റപ്പെടുത്തേണ്ടത് തരൂറിനെയല്ല, അദ്ദേഹത്തെ സ്ഥാനാർത്ഥിയായി അംഗീകരിച്ച
സർക്കാരിനെയാണ്.
ദീഘകാലത്തെ അന്താരാഷ്ട്രതല പ്രവർത്തനത്തിലൂടെ ആർജിച്ച പ്രതിച്ഛായ തരൂറിന്
തിരുവനന്തപുരത്ത് തുണയായി. തമ്മിലടിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പുകൾ കാലു
വാരിയില്ലെങ്കിൽ ജയിക്കാനാകുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം. വമ്പിച്ച ഭൂരിപക്ഷത്തോടെ
അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയാവുകയും ചെയ്തു.
പാർട്ടി ടിക്കറ്റ് നൽകിയാൽ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
അഞ്ചു കൊല്ലം എം.പി. എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ
പരിപാടികൾ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. പക്ഷെ ഈ കാലയളവിലുണ്ടായ
ചില സംഭവങ്ങൾ സ്ഥിതി 2009ലേതിൽ നിന്ന് വളരെ വ്യത്യസ്തമാക്കുന്നു.
മന്ത്രിയായി
ഒരു കൊല്ലം പൂർത്തിയാകും മുമ്പ് ശശി തരൂർ പെട്ട ഐ.പി.എൽ.
ക്രിക്കറ്റ് വിവാദമാണ് അതിലൊന്ന്. അദ്ദേഹത്തിന്റെകൂടി പരിശ്രമഫലമായി കൊച്ചി
ഐ.പി.എൽ
ടീമിന് അംഗീകാരം കിട്ടിയതിനു പിന്നാലെ ടീമിന്റെ ഉടമയായ കമ്പനി ദുബായിയിൽ
ബിസിനസുകാരിയായിരുന്ന സുനന്ദ പുഷ്കറിന് ‘വിയർപ്പിന്റെ കൂലി’യായി 70 കോടി
രൂപയുടെ
ഓഹരികൾ നൽകിയെന്ന വിവരം പുറത്തു വന്നു. കാനഡക്കാരിയായ രണ്ടാം
ഭാര്യയിൽനിന്ന് വിവാഹമോചനം
നേടിയശേഷം തരൂർ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന സ്ത്രീയാണ് സുനന്ദ എന്നത്
അതിനിടെ പരക്കെ അറിയപ്പെട്ടിരുന്നു. എന്തു സേവനമാണ് തന്നെ വിയർപ്പ്
ഓഹരിക്ക് അർഹയാക്കിയതെന്ന്
വിശദീകരിക്കാനാകാഞ്ഞ സുനന്ദ അതു ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
കമ്പനിയിൽ തനിക്ക്
സാമ്പത്തിക താല്പര്യമില്ലെന്ന് ശശി തരൂർ പറഞ്ഞെങ്കിലും ആ വിശദീകരണം
കോൺഗ്രസ് പ്രസിഡന്റ്
സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ബോധ്യപ്പെട്ടില്ല. അവർ
അദ്ദേഹത്തിന്റെ
രാജി ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ പേരിൽ പുറത്തു പോകുന്നവരെ വിവാദങ്ങൾ
കെട്ടടങ്ങുമ്പോൾ
തിരിച്ചെടുക്കുന്ന പാരമ്പര്യം കോൺഗ്രസിനുണ്ട്. ശശി തരൂർ അങ്ങനെ വീണ്ടും
മന്ത്രിയായെങ്കിലും
അദ്ദേഹത്തെ രാജിവെക്കാൻ നിർബന്ധിച്ച സംഭവത്തിൽ അടങ്ങിയിരിക്കുന്ന
ധാർമ്മികപ്രശ്നം ഇപ്പോഴും അവശേഷിക്കുന്നു.
മന്ത്രിയല്ലാതിരുന്ന
ഇടവേളയിൽ ശശി തരൂറും സുനന്ദ പുഷ്കറും വിവാഹിതരായി.
കഴിഞ്ഞ ജനുവരിയിൽ സുനന്ദ ഇനിയും പൂർണ്ണമായും
വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യങ്ങളിൽ
മരിച്ചു. സ്ത്രീപീഡന മരണങ്ങൾ വ്യാപകമായ സാഹചര്യം കണക്കിലെടുത്തുകൊണ്ട്
പാർലമെന്റ് പാസാക്കിയ
നിയമപ്രകാരം വിവാഹം കഴിഞ്ഞ് എഴു കൊല്ലത്തിനുള്ളിൽ ഭാര്യ മരിക്കുകയാണെങ്കിൽ
പൊലീസ് കേസ്
രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ട്. ആറാഴ്ചയായി അന്വേഷണം നടത്തുന്ന
ഡൽഹി പൊലീസിന് സുനന്ദ ആത്മഹത്യ ചെയ്യുകയായിരുന്നൊ കൊല്ലപ്പെടുകയായിരുന്നൊ
എന്ന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.
തിരുവനന്തപുരത്തു നിന്ന് തരൂറിനൊപ്പം വിമാനത്തിൽ ഡൽഹിയിലെത്തിയ സുനന്ദ
അടുത്ത ദിവസം നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ദിവസം മുഴുവനും
ഒരു കോൺഗ്രസ് സമ്മേളനസ്ഥലത്ത് ചെലവഴിച്ചശേഷം വൈകിട്ട് ഹോട്ടലിൽ എത്തിയപ്പോഴാണ് തരൂർ
ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. സുനന്ദയുടെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നെന്നും അവ
സ്വയം ഉണ്ടാക്കിയവയായിരുന്നില്ലെന്നും ചിലത് രണ്ടൊ മൂന്നൊ ദിവസം മുമ്പ് ഉണ്ടായവയാകാമെന്നും
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വെളിപ്പെടുത്തുകയുണ്ടായി. തങ്ങൾക്ക് യാതൊരുവിധ സംശയവുമില്ലെന്ന്
സുനന്ദയുടെ സഹോദരനും മുൻവിവാഹത്തിലെ പുത്രനും പറഞ്ഞിട്ടുണ്ട്. “പൊലീസ് അന്വേഷണം നടക്കുകയാണ്.
എനിക്കെതിരെ ഒരു പരാതിയുമില്ല,” എന്ന് തരൂർ പറഞ്ഞതായി ഒരു പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ടു
ചെയതു. അവസാന ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്ന ശശി തരൂറിന് സുനന്ദയുടെ ദേഹത്തെ
പരിക്കുകൾ എങ്ങനെയുണ്ടായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതലയുണ്ട്.
സുനന്ദയുടെ മരണത്തെ കുറിച്ച് ചില മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളും
റഷ്യൻ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ
ആരോപണവും മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതേസമയം തരൂർ മന്ത്രിയായി തുടരുമ്പോൾ പൊലീസ്
നടത്തുന്ന അന്വേഷണത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.
ജനപ്രതിനിധിയുടെ നിരപരാധിത്വം പൊലീസിന് മാത്രം ബോധ്യപ്പെട്ടാൽ പോര. സമ്മതിദായകർക്കും
അത് ബോധ്യപ്പെടണം.
ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് ശ്രീലങ്കയുടെ ഓണററി കോൺസുലേറ്റ്
തുറക്കുകയുണ്ടായി. ഓണററി കോൺസൽ ആയി നിയമിതനായ ജോമോൻ ജോസഫ് എന്ന മലയാളി ബിസിനസുകാരൻ
ക്രിമിനൽ കേസിൽ അന്വേഷണം നേരിടുന്ന ആളാണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവരം
നൽകിയതിനെ തുടർന്ന് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തലയും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തനിക്കെതിരായ പരാതിയിലെ അന്വേഷണം
ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നാണ് ജോമോൻ ജോസഫ് പറഞ്ഞിട്ടുള്ളത്. സ്റ്റേയുടെ
ഫലമായി കേസ് ഇല്ലാതാകുന്നില്ല. അതായത് ജോമോൻ ജോസഫ് ആരോപണവിധേയനായി തുടരുകയാണ്. ആ നിലയ്ക്ക്
കോൺസുലേറ്റ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും
തീരുമാനം ഉചിതമായിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ശശി തരൂർ കോൺസുലേറ്റ് ഉദ്ഘാടനം
ചെയ്തു. അതിന് ന്യായീകരണമായി അദ്ദേഹം പറഞ്ഞത് ജോമോൻ ജോസഫ് ശിക്ഷിക്കപ്പെട്ടിട്ടില്ല
എന്നാണ്. കോടതി ശിക്ഷിക്കുന്നതുവരെ ആരോപണവിധേയൻ നിരപരാധിയാണെന്ന് അനുമാനിക്കണം എന്ന
പൊതുതത്വത്തിന്റെ ദുരുപയോഗമാണിത്. ജനപ്രതിനിധി സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയിൽ
നിന്ന് ദൂരം പാലിക്കണം. സ്വയം സംശയത്തിന്റെ നിഴലിൽ നിൽക്കുകയുമരുത്. (ജനയുഗം, മാർച്ച് 5, 2014)
No comments:
Post a Comment