Sunday, June 26, 2011

മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്: സ്വാശ്രയപ്രശ്നം ഇക്കൊല്ലം തന്നെ പരിഹരിക്കണം

ശ്രീ. ഉമ്മൻ ചാണ്ടി,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി.

ആദരണീയനായ മുഖ്യമന്ത്രി,

പത്തു കൊല്ലമായി കേരളത്തിന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ഇക്കൊല്ലം തന്നെ ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കാനാണ് ഈ കത്ത്.

അഞ്ചു കൊല്ലം യു.ഡി.എഫും അഞ്ചു കൊല്ലം എൽ.ഡി.എഫും ഭരണത്തിലിരുന്നുകൊണ്ട് ഈ പ്രശ്നവുമായി മല്ലടിച്ചു. അഞ്ചു കൊല്ലം വീതം ഇരുമുന്നണികളും (പ്രധാനമായും വിദ്യാർത്ഥി സംഘടനകളെ ഉപയോഗിച്ച്) പ്രതിപക്ഷത്തിരുന്നുകൊണ്ടും മല്ലടിച്ചു. കൂടാതെ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാലമത്രയും മല്ലടിച്ചു. പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

എ.കെ. ആന്റണിയാണ് 2001ൽ 12 സ്വകാര്യ പ്രൊഫഷനൽ കോളെജുകൾക്ക് അനുമതി നൽകിക്കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ ഘട്ടത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തു നിന്നുള്ള ധാരാളം കുട്ടികൾ ഓരോ കൊല്ലവും വൻതുകകൾ തലവരിയായി നൽകി അയൽ സംസ്ഥാനങ്ങളിൽ പ്രവേശനം നേടുന്നുണ്ടായിരുന്നു. പുറത്തേക്ക് ഒഴുകുന്ന പണം ഇവിടെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് ആ തീരുമാനം എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

സ്വാശ്രയ സ്ഥാപനങ്ങൾ പകുതി സീറ്റുകളിലേക്ക് സർക്കാരിന്റെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്തണമെന്നും അങ്ങനെ പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് സർക്കാർ കോളെജുകളിൽ നിലവിലുള്ള ഫീസ് മാത്രമെ വാങ്ങാവൂ എന്നും ആന്റണി നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ “രണ്ട് സ്വകാര്യ കോളെജുകൾ സമം ഒരു സർക്കാർ കോളെജ്“ എന്ന സുന്ദരമായ സമവാക്യവും അദ്ദേഹം രൂപപ്പെടുത്തി. എന്നാൽ മാനേജ്മെന്റുകളെ ഈ നിബന്ധനകൾ പാലിക്കുന്നതിന് നിർബന്ധിക്കുന്ന നിയമമൊ ചട്ടമൊ സർക്കാർ ഉണ്ടാക്കിയില്ല: സാമ്പത്തികശേഷിയുള്ള പല വിഭാഗങ്ങളും പ്രൊഫഷണൽ കോളെജുകൾ തുടങ്ങാൻ അനുമതി നേടുകയും മുഴുവൻ സീറ്റുകളും കിട്ടാവുന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തു തുടങ്ങി. ഈ സ്ഥിതി നിയന്ത്രിക്കാൻ സർക്കാരിനൊ കോടതികൾക്കൊ കഴിയാത്തത് ലജ്ജാകരമാണ്.

ഓരോ കോളെജ് വർഷം തുടങ്ങുമ്പോഴും മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച തുടങ്ങും. ക്ലാസുകൾ തുടങ്ങേണ്ട സമയമാകുമ്പൊഴേക്കും സർക്കാർ പൂർണ്ണമായൊ ഭാഗികമായൊ കീഴടങ്ങിക്കൊണ്ട് ചർച്ച അവസാനിക്കും. അതോടൊപ്പം അടുത്ത അധ്യയന വർഷം ശാശ്വതപരിഹാരം കണ്ടെത്തുമെന്ന പ്രഖ്യാപനവുമുണ്ടാകും. അടുത്ത കൊല്ലവും ഇതേ നാടകം അരങ്ങേറും.

സർക്കാരിനു പുറത്തും നാടകങ്ങളുണ്ടാകും. വിദ്യാർത്ഥി സംഘടനകൾ സ്വാശ്രയ കോളെജുകളിലേക്ക് മാർച്ച് നടത്തും, നേതാക്കൾ തീപ്പൊരി പ്രസംഗങ്ങൾ നടത്തും. പിന്നെ അടിച്ചുതകർക്കൽ, കല്ലേറ്, ലാത്തിച്ചാർജ്, വെള്ളംചീറ്റൽ തുടങ്ങിയ പരിപാടികളുണ്ടാകും. അനന്തരം ഒരു കൊല്ലത്തേക്ക് എല്ലാം ശാന്തം.

ഇപ്പോൾ മനേജ്മെന്റൂകളുമായി സർക്കാർ നടത്തുന്ന ചർച്ചയും ജൂലൈ 15 മുതൽ പ്രക്ഷോഭം തുടങ്ങുമെന്ന പ്രതിപക്ഷത്തിന്റെ അറിയിപ്പും ചാക്രിക പരിപാടികളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു.

ഇരുഭാഗത്തെയും യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം ഈ വാർഷിക പരിപാടികൾ ഗുണകരമാണ്. മാനേജ്മെന്റുകൾക്ക് തുടർന്നും തന്നിഷ്ടപ്രകാരം പ്രവേശനം നടത്താനാകുന്നു. വിദ്യാർത്ഥി നേതാക്കൾക്ക് കഴിവ് തെളിയിച്ച് രാഷ്ട്രീയ ഭാവി ഉറപ്പാക്കാൻ കഴിയുന്നു. കക്ഷിനേതാക്കൾക്ക് ബന്ധുക്കൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടാനാകുന്നു. രാഷ്ട്രീയ സ്വാധീനമൊ സാമ്പത്തികശേഷിയൊ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് മാത്രം അത് ദോഷം ചെയ്യുന്നു.

തികച്ചും യാദൃശ്ചികമായി ഇക്കൊല്ലം ഒരു കോൺ‌ഗ്രസ് നേതാവും ഒരു മുസ്ലിം ലീഗ് നേതാവും (ഇരുവരും അപ്പോൾ മന്ത്രിപദം കാത്തിരിക്കുകയായിരുന്നു) ഒരു സി.പി.എം. നേതാവും പണം കൊടുത്ത് മക്കൾക്ക് സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ പ്രവേശനം നേടിയ വസ്തുത പുറത്തു വരികയും മൂവരും സീറ്റുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഇതിൽ രണ്ട് സീറ്റുകൾ വിറ്റത് പരിയാരം മെഡിക്കൽ കോളെജിന്റെ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന്റെ ഉന്നത നേതാവായ എം.വി.ജയരാജനാണ്. എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ജയരാജൻ പറയുന്നു. അതു ശരിയാണു താനും. കാരണം ഇന്ന് നിയമതടസം കൂടാതെ സ്വാശ്രയ കോളെജുകൾക്ക് സീറ്റ് വിൽക്കാനും കാശുള്ളവർക്ക് അവ വാങ്ങാനും കഴിയും. എന്നിട്ടും മൂന്നു പേർക്ക് വങ്ങിയ സീറ്റ് തിരിച്ചു നൽകേണ്ടി വന്നത് ഇടപാടുകളിൽ പണത്തിന്റെ സ്വാധീനം കൂടാതെ രാഷ്ട്രീയ സ്വാധീനവും അടങ്ങിയിരുന്നതുകൊണ്ടാണ്.

സർക്കാരുകൾ പത്തു കൊല്ലം നടത്തിയ ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടെന്ന് പറയാനാവില്ല. രണ്ട് വിഷയങ്ങളാണ് പ്രശ്നത്തിൽ അടങ്ങിയിരിക്കുന്നത്. ഒന്ന് ഫീസ് നിരക്കുകളെ സംബന്ധിക്കുന്നത്. മറ്റേത് സീറ്റുകളെ സംബന്ധിക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലും ചില മാനേജ്മെന്റുകളുടെ സമീപനത്തിൽ അല്പം മാറ്റം ഉണ്ടായിട്ടുണ്ട്.

ഫീസ് നിരക്കുകൾ നിശ്ചയിക്കാൻ ഒരു മുൻ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിലവിലുണ്ട്. മാനേജ്മെന്റുകൾ അതിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്തപ്പോൾ കോടതി അവ റദ്ദാക്കുകയും സ്വന്തം തീരുമാനം നൽകുകയും ചെയ്തു. കമ്മിറ്റി അതിനെതിരെ അപ്പീൽ നൽകിയപ്പോൾ അതിനുള്ള അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. നിലവിലുള്ള സമിതിക്ക് നിയമപരമായി നിലനിൽക്കുന്ന തീരുമാനങ്ങൾ എടുക്കാനാവുന്നില്ലെങ്കിൽ അതിനെ പിരിച്ചുവിട്ട് മറ്റൊന്നിനെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണം.

സീറ്റുകളെ കാര്യത്തിൽ 50:50 ഫോർമുല ഭൂരിപക്ഷം സ്വകാര്യ കോളെജുകളും തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ക്രൈസ്തവ മാനേജ്മെന്റുകളുടെ സംഘടന മാത്രമാണ് അത് അംഗീകരിക്കാത്തത്. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ഇന്റർചർച്ച് കൌൺസിൽ പ്രതിനിധികളുമായി സംഭാഷണം നടത്തിയശേഷം ഇക്കൊല്ലം മുഴുവൻ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്താൻ ക്രൈസ്തവ മാനേജ്മെന്റുകളെ അനുവദിച്ചതായും അടുത്ത കൊല്ലം ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സഭയുടെ വിശ്വസ്ത വിധേയനായി കരുതപ്പെടുന്ന മാണിയെ കൌൺസിലുമായുള്ള ചർച്ചയെ നയിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയത് ഭീമമായ അബദ്ധമായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി മാണി കമ്മിറ്റി ഇന്റർചർച്ച് കൌൺസിലുമായുണ്ടാക്കിയ ധാരണ മറ്റ് സ്വകാര്യ മാനേജ്മെന്റുകളെ നേരത്തെ അംഗീകരിച്ച 50:50 ഫോർമുലയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഇതിനകം ഉണ്ടായ നേട്ടം അത് അപകടത്തിലാക്കിയിരിക്കുന്നു. ഇത് തടഞ്ഞെ മതിയാകൂ.

കോൺ‌ഗ്രസും സി.പി.എമ്മും ഉൾ‌പ്പെടെ മിക്ക രാഷ്ട്രീയ കക്ഷികളും 50:50 ഫോർമുല അംഗീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐയും കെ.എസ്.യു.വും എ. ഐ.എസ്.എഫും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും അതിനെ അനുകൂലിക്കുന്നു. കക്ഷികളും വിദ്യാർത്ഥി സംഘടനകളും ഒന്നിച്ചു നിൽക്കാതെ താത്കാലിക രാഷ്രീയ ലാഭം നോക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് സ്വകാര്യ മാനേജ്മെന്റുകൾക്ക് ബഹുജനതാല്പര്യങ്ങൾ ധാർഷ്ട്യപൂർവം അവഗണിക്കാൻ കഴിയുന്നത്.

ഇന്റർചർച്ച് കൌൺസിലിന്റെ കീഴിൽ അമല (തൃശ്ശൂർ), ജൂബിലി മിഷൻ (തൃശ്ശൂർ), മലങ്കര ഓർത്തൊഡോക്സ് സിറിയൻ (കോലഞ്ചേരി), പുഷ്പഗിരി (തിരുവല്ല) എന്നിങ്ങനെ നാല് മെഡിക്കൽ കോളെജുകളാണുള്ളത്. നാലും നിരവധി വിദ്യാർത്ഥി പ്രകടനങ്ങൾക്ക് വേദിയായിട്ടുണ്ട്. സമരങ്ങൾ വിഭാഗീയാടിസ്ഥാനത്തിലുള്ളവയും അക്രമസ്വഭാവം മൂലം അവയ്ക്ക് വേണ്ടത്ര ജനപിന്തുണയില്ലാത്തവയും ആയതു കൊണ്ടാണ് മാനേജ്മെന്റുകൾക്ക് അവയെ മറികടക്കാനാകുന്നത്. അവരുടെ നയം മൂലം അവസരങ്ങൾ നഷ്ടപ്പെടുന്ന ബഹുജനങ്ങൾ മുന്നോട്ടു വന്ന് സമാധാനപരമായി ഉപരോധം തീർത്താൽ അതിനെ മറികടക്കാൻ അവർക്കാകില്ല. അങ്ങനെയൊരു ജനമുന്നേറ്റം ഒഴിവാക്കാനുള്ള അവസാന അവസരം ഇതാണ്. സ്വാശ്രയപ്രശ്നത്തിന് ശാശ്വതപരിഹാരം ഇക്കൊല്ലം തന്നെ ഉണ്ടാകണമെന്ന ഉറച്ച നിലപാട് എടുത്തുകൊണ്ട് ഈ മെഡിക്കൽ കോളെജുകളെയും ഡീംഡ് യൂണിവേഴ്സിറ്റി പദവിയുടെ ബലത്തിൽ സർക്കാർ മെറിറ്റ് ലിസ്റ്റ് അവഗണിക്കുന്ന അമൃതയുടെയും മാനേജ്മെന്റുകളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി മുൻ‌കൈ എടുക്കണം. വലിയ തോതിൽ കച്ചവടം നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ മറ്റ് രംഗങ്ങളുടെ ശുദ്ധീകരണം എളുപ്പമാകും.

ഇക്കാര്യത്തിൽ അടിയന്തിരമായ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയോടെ,

ബി.ആർ.പി.ഭാസ്കർ
ജൂൺ 21, 2011

(കേരളശബ്ദം)

Saturday, June 25, 2011

തെസ്‌നി ബാനുവിന് പിന്തുണ

ഐടി ജീവനക്കാരിയായ തെസ്‌നി ബാനു കാക്കനാട്ട് വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഫിഫ്ത് എസ്റ്റേറ്റ് കഴിഞ്ഞ ദിവസം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. നിരവധി സുഹൃത്തുക്കൾ നേരിട്ടും ഇന്റർനെറ്റിലൂടെയും അതിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. വിമർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഫിഫ്ത് എസ്റ്റേറ്റ് ഇന്ന് ആ പ്രസ്താവന നിരുപാധികം പിൻ‌വലിക്കുകയും വിവരം വെബ്സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഫിഫ്ത് എസ്റ്റേറ്റ് കൺ‌വീനറെന്ന നിലയിൽ അതെടുത്ത തെറ്റായ നിലപാടിൽ പങ്കാളിയായത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമായ അനുഭവമാണ്. പ്രസ്താവന ഔപചാരികമായി പി‌ൻവലിച്ചതോടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവായതായി ഞാൻ കരുതുന്നില്ല.

കാക്കനാട് സംഭവം അവതരിപ്പിക്കുന്നതിലും അപഗ്രഥിക്കുന്നതിലും ഫിഫ്ത് എസ്റ്റേറ്റിന് ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിലേക്ക് ഇവിടെ കടക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് സംഭവിക്കുന്ന അപചയങ്ങൾക്ക് തടയിടുക, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗ്ഗദർശനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട വേദിയെന്ന നിലയിൽ പ്രശ്നത്തിൽ ഇടപെടാനുള്ള ഫിഫ്ത് എസ്റ്റേറ്റിന്റെ തീരുമാനം തെറ്റായിരുന്നില്ല. എന്നാൽ വേദിക്കുള്ളിൽ ചർച്ച ചെയ്യാതെ അതിന്റെ പേരിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് തെറ്റായിപ്പോയി.

വസ്തുതകൾ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും തെറ്റുപറ്റിയെന്ന് സമ്മതിക്കാതെ വയ്യ.‘അപഥസഞ്ചാരിണിയെന്ന് തെറ്റിദ്ധരിക്കപ്പെട്ട‘ തെസ്‌നിയും ‘നാട്ടുകാരും‘ തമ്മിലുള്ള ഒരു പ്രശ്നമായി സംഭവത്തെ അവതരിപ്പിച്ചതും ഐ.ജിക്ക് തെസ്‌നി പരാതിപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ട് പോകാൻ തുടങ്ങിയെന്ന വിലയിരുത്തലും ഉദാഹരണങ്ങൾ. പ്രതികൾക്കായി ലുക്കൌട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത് അപരാധമാണെന്ന തരത്തിലുള്ള പരാമർശം ഒഴിവാക്കേണ്ടതായിരുന്നു.

പ്രശ്നപരിഹാരത്തിന് ഫിഫ്ത് എസ്റ്റേറ്റിന്റേതായി മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിലും അപാകതകളുണ്ട്. സമാധാനം നിലനിർത്തുന്നതിന് നടപടികൾ കൈക്കൊള്ളാനുള്ള ചുമതല അധികൃതർക്കുണ്ട്. എന്നാൽ കാക്കനാട് സംഭവം വെളിപ്പെടുത്തുന്ന സാമൂഹ്യപ്രശ്നം ഔദ്യോഗിക ഇടപെടലിലൂടെ ഒത്തുതീർപ്പാക്കേണ്ട ഒന്നല്ല. സമൂഹത്തെ പിന്നോട്ടു വലിക്കുന്ന ശക്തികളുമായി സമവായമുണ്ടാക്കുകയെന്നത് നല്ല ആശയമല്ല. അവർ എത്ര തന്നെ ശക്തരായാലും അവരെ നേരിടുക തന്നെ വേണം. അതിനുള്ള ആർജ്ജവം കാട്ടിയ വ്യക്തിയെന്ന നിലയിൽ തെസ്‌നി ബാനുവിന് പൂർണ്ണ പിന്തുണ നൽകാനുള്ള ചുമതല എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

Friday, June 24, 2011

രാജാ രവിവര്‍മ പുരസ്‌കാരത്തിന് എന്തുപറ്റി?

ബി.ആർ.പി.ഭാസ്കർ മാധ്യമം

വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ ചരമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെല്ലാം കേരള സര്‍ക്കാര്‍ അദ്ദേഹത്തെ രാജാ രവിവര്‍മ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത കാര്യം പറഞ്ഞിരുന്നു. എന്നാല്‍, ആ സമ്മാനം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം തമസ്‌കരിക്കപ്പെട്ടു.

എല്‍.ഡി.എഫ് സര്‍ക്കാറില്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ. ബേബി 2007 മേയിലാണ് വിവന്‍ സുന്ദരം എന്ന പ്രശസ്ത ചിത്രകാരന്‍ ചെയര്‍മാനായുള്ള സമിതി ഹുസൈനെ കേരളത്തിന്റെ മഹാനായ കലാകാരന്റെ പേരിലുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സമ്മാനം ഹുസൈന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ബേബി പറഞ്ഞു. പക്ഷേ, അതുണ്ടായില്ല.

സുന്ദരം ഹുസൈനെ ഫോണ്‍ ചെയ്ത് പുരസ്‌കാര വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷവും നന്ദിയും പ്രകടിപ്പിച്ചതോടൊപ്പം അത് സ്വീകരിക്കാന്‍ കേരളത്തില്‍ വരാനാകുമോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായി വരാമെന്ന് ബേബി അറിയിച്ചു.

ചടങ്ങിന് ഏതാനും ദിവസം മുമ്പ് ഹുസൈന് പുരസ്‌കാരം നല്‍കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു പൊതുതാല്‍പര്യ ഹരജി കേരള ഹൈകോടതിയിലെത്തി. കോടതി അത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു. ദേവതകളുടെ അശ്ലീല ചിത്രങ്ങള്‍ വരച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ ഹുസൈന് പുരസ്‌കാരം നല്‍കുന്നത് അശ്ലീല കലക്ക് പ്രോത്സാഹനമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ചീഫ് ജസ്റ്റിസ് എച്ച്.എന്‍. ദത്തുവും കെ.ടി. ശങ്കരനും അടങ്ങുന്ന ബെഞ്ച് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ത്തന്നെ സര്‍ക്കാറിന് അതില്‍ മാറ്റം വരുത്താന്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സവര്‍ണപ്രീണന പാതയിലായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് ചെയ്തില്ല.

ഭാരതമാതാവിന്റെയും ഹിന്ദുദേവതകളുടെയും ഏതാനും ചിത്രങ്ങളുടെ പേരില്‍ വര്‍ഗീയവാദികള്‍ ഹുസൈനെ രാജ്യവ്യാപകമായി വേട്ടയാടുകയായിരുന്നു അന്ന്. അദ്ദേഹം 1970കളിലായിരുന്നു ആ ചിത്രങ്ങള്‍ വരച്ചത്. അന്ന് അവക്കെതിരെ ആരും ശബ്ദമുയര്‍ത്തിയിരുന്നില്ല. വിയോജിപ്പുള്ളവര്‍ ഉണ്ടായിരുന്നിരിക്കാം. അവര്‍ അവയെ സര്‍ഗാത്മകതയുടെ വികലപ്രകടനമായി കണ്ടിരിക്കാം. പക്ഷേ, അവരാരും ഹുസൈന്റെ തലക്കുവേണ്ടി മുറവിളി കൂട്ടിയില്ല. ഹിന്ദു വര്‍ഗീയത വര്‍ധിത വീര്യം പ്രാപിച്ച 1991കളില്‍ സ്ഥിതിഗതികള്‍ മാറി. വിചാര മീമാംസ എന്ന പേരില്‍ ഇറങ്ങിയിരുന്ന ഒരു ഹിന്ദി മാസിക 'ഹുസൈന്‍: ചിത്രകാരനോ അറവുകാരനോ' എന്ന തലക്കെട്ടിനു കീഴില്‍ 1996ല്‍ ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടു. അവര്‍ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയും ചിത്രപ്രദര്‍ശനങ്ങള്‍ തടയുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ചിത്രങ്ങള്‍ അശ്ലീലമാണെന്നും അവ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ വളര്‍ത്തുന്നുവെന്നും ആരോപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം അത്തരത്തിലുള്ള എട്ടു കേസുകള്‍ ദല്‍ഹി കോടതിയിലേക്ക് മാറ്റപ്പെട്ടു. ഇത്തരം കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്ര സര്‍ക്കാറിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ അനുവാദം വേണമെന്നും അനുമതിയുടെ അഭാവത്തില്‍ അവ നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈകോടതി ജഡ്ജി ജെ.ഡി. കപൂര്‍ എല്ലാം തള്ളി.

അതിനുശേഷം ഹിന്ദുത്വവാദികള്‍ ഹുസൈന്‍വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. സൈബര്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രതാ സമിതി 'ഹിന്ദു ദേവന്മാരുടെയും ദേവികളുടെയും നഗ്‌നചിത്രങ്ങള്‍ വരച്ച' ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും നിയമനടപടികളെടുക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ഹിന്ദുക്കളോട് ആഹ്വാനംചെയ്തു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി 1250 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. മജിസ്‌ട്രേറ്റു കോടതികളില്‍നിന്ന് നിരന്തരം നോട്ടീസുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഹുസൈന് ജീവിതകാലം മുഴുവന്‍ കോടതികള്‍ കയറിയിറങ്ങി കഴിയേണ്ടിവരുമെന്ന അവസ്ഥയായി. ഈ സാഹചര്യത്തില്‍ അദ്ദേഹം 2006ല്‍ വീടും നാടും വിടാന്‍ നിര്‍ബന്ധിതനായി.

ലണ്ടനിലായിരുന്ന സചിന്‍ ടെണ്ടുല്‍കര്‍ അവിടെ ഹുസൈനെ സന്ദര്‍ശിച്ചതായ വാര്‍ത്ത വന്നയുടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതാ സമിതി ക്രിക്കറ്റ് താരത്തിന് കത്തെഴുതുകയും മറ്റുള്ളവരോട് കത്തുകളയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രവിവര്‍മ പുരസ്‌കാര വാര്‍ത്ത വന്നപ്പോള്‍ സമിതി അതിനെതിരെയും പ്രചാരണം ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു കേരള ഹൈകോടതിയില്‍ കൊച്ചിയിലെ മുന്‍ രാജകുടുംബത്തില്‍പെടുന്ന രവിവര്‍മയും ശബരിമല തന്ത്രിയുടെ മകളുടെ മകനായ രാഹുല്‍ ഈശ്വറും നല്‍കിയ ഹരജി.

തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിന്റെ തലവനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ മുന്നില്‍ നിര്‍ത്തി ഹിന്ദു പാര്‍ലമെന്റ് എന്ന പേരില്‍ ഒരു പുനരുത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന ഊര്‍ജസ്വലനായ യുവാവാണ് രാഹുല്‍. കോടതിയെ സമീപിക്കുന്നതിനുമുമ്പ് തുടങ്ങിയ ബ്ലോഗില്‍ രാഹുല്‍ ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തിയ ഹുസൈന്‍ ചിത്രങ്ങള്‍ നല്‍കിക്കൊണ്ട് ഇങ്ങനെ എഴുതുകയുണ്ടായി: 'കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഈ ചിത്രങ്ങളെക്കുറിച്ച് അസ്വസ്ഥനായിരുന്നു. ഈ ചിത്രങ്ങള്‍ എന്നെ അതീവ ദുഃഖിതനും വിഷാദാത്മകനും ആക്കിയിരുന്നു.' കോടതിയെ സമീപിക്കുന്ന സമയത്തെ രാഹുല്‍ ഈശ്വറിന്റെ മാനസികാവസ്ഥ ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഹുസൈന്റെ ചരമവാര്‍ത്ത വന്നശേഷം ട്വിറ്ററില്‍ രാഹുല്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ കടുത്ത ചിന്താകുഴപ്പത്തിന് തെളിവാണ്. 'നഗ്‌നഭാരതമാതാവിനെതിരെ പ്രതിഷേധിക്കുക' എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയ രാഹുല്‍ ഇപ്പോള്‍ പറയുന്നു: 'പ്രശ്‌നം നഗ്‌നതയല്ല. നഗ്‌നചിത്രങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഹുസൈനെ എതിര്‍ക്കുന്നതെന്നത് കൗശലകരമായ പ്രചാരണമാണ്.'ഹുസൈന്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് ബ്ലോഗില്‍ എഴുതുകയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ വളര്‍ത്തുന്നെന്ന് കോടതിയില്‍ പരാതിപ്പെടുകയും ചെയ്ത രാഹുല്‍ ഇപ്പോള്‍ പറയുന്നു: 'ഹുസൈന്‍ ഒരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല.' കോടതിയില്‍ ഹരജി നല്‍കിയശേഷം മുസ്‌ലിംലീഗിനെ സമീപിച്ചിരുന്നതായും അവര്‍ തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതായും രാഹുല്‍ അവകാശപ്പെടുന്നു.

എല്‍.ഡി.എഫ് സര്‍ക്കാറിന് ഹിന്ദുത്വ ചേരിയെ കോടതിയില്‍ നേരിടാനുള്ള ധൈര്യമുണ്ടായിരുന്നെങ്കില്‍ അനുകൂല വിധി ലഭിക്കുമായിരുന്നെന്ന് കരുതാന്‍ ന്യായമുണ്ട്. രാജ്യത്തെ വിവിധഭാഗങ്ങളിലുള്ള കോടതികള്‍ തനിക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറന്റുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹുസൈന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പിന്നെയും പല കേസുകളും ദല്‍ഹിയിലേക്ക് മാറ്റിയിരുന്നു. ദല്‍ഹി ഹൈകോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ 2008 മേയ് എട്ടിന് ഒരു സുപ്രധാനവിധിയിലൂടെ എല്ലാ വാറന്റുകളും റദ്ദാക്കുകയും കേസുകള്‍ തള്ളുകയും ചെയ്തു.

ലോകോത്തര ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ഈ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജ. കൗൾ ശ്രദ്ധേയമായ വിധി തുടങ്ങിയത്: 'കല ഒരിക്കലും വിശുദ്ധമല്ല. അജ്ഞരായ നിഷ്‌കളങ്കര്‍ക്ക് അത് നിഷേധിക്കപ്പെടണം; വേണ്ടത്ര തയാറെടുപ്പില്ലാത്തവരെ അതുമായി ബന്ധപ്പെടാന്‍ ഒരിക്കലും അനുവദിക്കരുത്. അതെ, കല ആപല്‍ക്കരമാണ്. വിശുദ്ധമാണെങ്കില്‍ അത് കലയല്ല.' വിധി പ്രസ്താവിക്കുമ്പോള്‍ ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ച് രാജ്യത്തിനു പുറത്ത് അഭയാര്‍ഥിയായി കഴിയുകയായിരുന്നു. ആ വസ്തുത ഓര്‍ത്തുകൊണ്ട് ജ. കൗൾ ഇങ്ങനെ ഉപസംഹരിച്ചു: 'തൊണ്ണൂറാം വയസ്സില്‍ ചിത്രകാരന് കാന്‍വാസില്‍ വരച്ചുകൊണ്ട് വീട്ടിലിരിക്കാന്‍ അര്‍ഹതയുണ്ട്.'

ഏതാനും മാസങ്ങള്‍ക്കുശേഷം വിഷയം സുപ്രീം കോടതിയുടെ മുന്നിലുമെത്തി. ഹുസൈനെതിരെ അശ്ലീല ചിത്രങ്ങള്‍ വരച്ചതിന് ക്രിമിനല്‍ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിക്കൊണ്ട് അങ്ങനെയുള്ള നിരവധി ചിത്രങ്ങളും ശില്‍പങ്ങളുമുണ്ടെന്നും അവയില്‍ ചിലത് ക്ഷേത്രങ്ങളിലാണെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ഹുസൈന്‍ തന്റെ പ്രായവും പ്രശസ്തിയും ഉപയോഗിച്ച് ശിക്ഷയില്‍ നിന്നൊഴിവാകാന്‍ ശ്രമിക്കുകയാണെന്ന ഹരജിക്കാരുടെ വാദം കോടതിക്ക് ബോധ്യപ്പെട്ടില്ല.

ഹുസൈനെതിരായി രാജ്യവ്യാപകമായി നടന്ന നീക്കങ്ങള്‍ക്കു പിന്നിലുണ്ടായിരുന്ന ഹിന്ദുത്വശക്തികള്‍ മരണശേഷം അദ്ദേഹത്തിനെതിരായ നിലപാട് മയപ്പെടുത്തി. ആര്‍.എസ്.എസും ബി.ജെ.പി.യും ശിവസേനയും അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയില്‍ കൊണ്ടുവന്നു ഖബറടക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. ഇന്ത്യാ ഗവണ്‍മെന്റും അങ്ങനെ താല്‍പര്യപ്പെട്ടെങ്കിലും മരിക്കുന്നിടത്തു തന്നെയാകണം അന്ത്യവിശ്രമമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ച് കുടുംബാംഗങ്ങള്‍ ഇംഗ്ലണ്ടില്‍ ഖബറടക്കുകയായിരുന്നു.

ഹുസൈന് രവിവര്‍മ പുരസ്‌കാരം നല്‍കിക്കൊണ്ടുള്ള കേരള സര്‍ക്കാര്‍ പ്രഖ്യാപനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് വരാനാകില്ലെങ്കിലും സമ്മാനദാനം നടത്താനുള്ള സര്‍ക്കാറിന്റെ ചുമതല ഇല്ലാതാകുന്നില്ല. ഹൈകോടതി നല്‍കിയ തടയുത്തരവ് നിലനില്‍ക്കുന്നെങ്കില്‍ സര്‍ക്കാര്‍ ധൈര്യപൂര്‍വം അത് നീക്കാന്‍ ആവശ്യപ്പെടണം. അതിനുശേഷം ഹുസൈന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചുവരുത്തി പുരസ്‌കാരം കൈമാറണം. രാജാ രവിവര്‍മയോടും എം.എഫ്. ഹുസൈനോടും കേരളം അങ്ങനെ ആദരവ് പ്രകടിപ്പിക്കണം. (മാധ്യമം, ജൂൺ 24, 2011)

Wednesday, June 15, 2011

പി.യു.സി.എൽ. നേതാവ് അഡ്വ. പി.എ.പൌരന് കേരള പൊലീസിന്റെ മാവോയിസ്റ്റ് മുദ്ര

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.പി.എ.പൗരനെ മാവോയിസ്റ്റ് തീവ്രവാദിയായി ചിത്രീകരിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നു.

ആ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇന്ന് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും വിവിധ ജനകീയ പ്രക്ഷോഭങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരെ പൊതുസമൂഹത്തില്‍ സംശയകരമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവർ പറഞ്ഞു. ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ എതിര്‍ക്കുന്ന അഡ്വ.പി.എ.പൗരനെ പോലെയുള്ളവരെ വേട്ടയാടാനും ഒറ്റപ്പെടുത്താനുമുള്ള ഭരണകൂടത്തിന്റെ തന്ത്രമാണിത്.

മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ ഭീകരവാദികളെന്ന് മുദ്രകുത്തി ജനങ്ങള്‍ക്കു മേല്‍ ഭീകരത അടിച്ചേല്‍പ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവർ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പ്രസ്താവനയില്‍ ഒപ്പിട്ടവര്‍

1.ബി.ആര്‍.പി.ഭാസ്‌കര്‍
2.സച്ചിദാനന്ദന്‍
3.കെ.ഇ.എന്‍
4.ഒ.അബ്ദുറഹ്മാന്‍
5.സി.ആര്‍.നീലകണ്ഠന്‍
6.പി.സുരേന്ദ്രന്‍
7.ശൈഖ് മുഹമ്മദ് കാരക്കുന്ന്
8.ഡോ.എസ്.ബലരാമന്‍
9.ഫാ.എബ്രഹാം ജോസഫ്
10.കെ.കെ.കൊച്ച്
11.ളാഹ ഗോപാലന്‍
12.പി.ഐ.നൗഷാദ്
13.അഡ്വ.എസ്.ചന്ദ്രശേഖരന്‍
14.ജോയ് കൈതാരം