Monday, May 25, 2015

മോടി നിലനിർത്താൻ പാടുപെടുന്ന മോദി

ബി.ആർ.പി. ഭാസ്കർ                                                                                                                               കേരള കൌമുദി                                                                                                                                                                                                                                                                                                           

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകിയത്. തന്നേക്കാൾ മൂപ്പുള്ള നേതാക്കളായ ലാൽ കിഷൻ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഒതുക്കിയിട്ട് വ്യവസായികളുടെ വിമാനങ്ങളിൽ നാടാകെ പറന്നു നടത്തിയ പ്രചണ്ഡ പ്രചാരണത്തിലൂടെ അദ്ദേഹം പാർട്ടിയെ അധികാരത്തിലെത്തിച്ചു. അതിനു ശേഷം എട്ട് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടന്നു. ആ സംസ്ഥാനങ്ങളിലും അദ്ദേഹം തന്നെ പ്രചാരണം നയിച്ചു. അതിൽ ഏഴിടത്തു ബി.ജെ.പിക്ക് അധികാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ അത് ഒറ്റക്ക് ഭരിക്കുന്നു. കൂട്ടു മന്ത്രിസഭകളുള്ള സംസ്ഥാനങ്ങളിൽ ജമ്മു-കശ്മീർ ഒഴികെ എല്ലായിടത്തും ഭരണത്തിന് നേതൃത്വം നൽകുന്നത് ബി.ജെ.പി. തന്നെ. ഇതിന്റെയൊക്കെ ഫലമായി കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായി വളർന്നു. അങ്ങനെ പാർട്ടിയുടെ മോടി കൂട്ടാൻ കഴിഞ്ഞ മോദി അധികാരത്തിൽ ഒരു വർഷം പിന്നിടുമ്പോൾ സ്വന്തം മോടി നിലനിർത്താൻ പാടുപെടേണ്ട അവസ്ഥയിലാണ്. ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മോദിയുടെ ജാലവിദ്യ ഫലിച്ചില്ല. പക്ഷെ ആരാധകർ ഇപ്പോഴും അദ്ദേഹത്തെ അമാനുഷികനായി കാണുന്നു. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കാട്ടിയ പ്രാഗത്ഭ്യം ഭരണത്തിൽ കാട്ടാൻ അദ്ദേഹത്തിനായിട്ടില്ല.ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ച മാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ വളർച്ചാനിരക്ക് കുറഞ്ഞ ഘട്ടത്തിലാണ് മൻ‌മോഹൻ സിങ്ങിന്റെ പിൻ‌ഗാമിയായി മോദിയെത്തിയത്. ഇപ്പോൾ വളർച്ചാനിരക്ക് വീണ്ടും വർദ്ധിക്കുകയാണ്. എന്നാൽ ഇതിന്റെ പിന്നിലെ മുഖ്യ ചാലകശക്തി മോദി സ്വീകരിച്ച നയപരിപാടികളല്ല, അമേരിക്കയുടെയും മറ്റ് വികസിത രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതിയിലുണ്ടായ അഭിവൃദ്ധിയാണ്. മോദിയുടെ നയങ്ങളുടെ ഫലം ഇനിയും കണ്ടുതുടങ്ങേണ്ടിയിരിക്കുന്നു. ബി.ജെ.പി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് അലയൻസിന് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ഉദ്ദേശിച്ച നയമാറ്റങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല. ഓർഡിനൻസിലൂടെയൊ ചില പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെയൊ പാസാക്കിയ നിയമങ്ങളിൽ പലതും കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. വ്യവസായികളുടെ താല്പര്യങ്ങൾ മുൻ‌നിർത്തി ഭൂനിയമത്തിലും തൊഴിൽ നിയമത്തിലും വരുത്തിയ മാറ്റങ്ങൾ ഇക്കൂട്ടത്തിൽ‌പെടുന്നു.  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാരിന്റെ വാദം.ചൈന ചെയ്തതുപോലെ വിദേശികളുടെ സഹായത്തോടെ ഇന്ത്യയെ വലിയ ഉല്പാദന കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത്.  എന്നാൽ ചൈന അതു ചെയ്തതെങ്ങനെയാണെന്ന് അദ്ദേഹം ശരിയ്ക്ക് മനസിലാക്കിയിട്ടില്ല. മാവോ എല്ലാവർക്കും തൊഴിൽ നൽകി. പക്ഷെ പ്രതിമാസ ശമ്പളം 100 യുവാൻ മാത്രമായിരുന്നു. തൊഴിലാളിക്ക് പ്രതിമാസം 300 യുവാൻ നൽകണമെന്ന വ്യവസ്ഥയിലാണ് ഡെങ് രാജ്യം വ്യവസായികൾക്കു തുറന്നു കൊടുത്തത്. ഏഴ് കൃഷിക്കാരുടെ ഭൂമി അവരിലൊരാൾ “മാസ്റ്റർ കൃഷിക്കാര“നെന്ന നിലയിൽ പങ്കാളിത്താടിസ്ഥാനത്തിൽ കൃഷി ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ആറു പേർക്ക് മറ്റ് തൊഴിലുകൾ ചെയ്യാൻ ചൈനയിലെ ഭരണകൂടം അവസരം നൽകി. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി കൃഷിക്കാരുടെയും തൊഴിലാളികളുടെയും താല്പര്യം സംരക്ഷിക്കാതെയുള്ള വ്യാവസായിക വളർച്ചയാണ് മോദി വിഭാവന ചെയ്യുന്നത്.സാമ്പത്തിക രംഗത്തെ പുതിയ ഉണർവ് സർക്കാരിന്റെ നടപടികളുടെ ഫലമല്ലെങ്കിലും മോദിക്ക് അത് സ്വന്തം നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ്.. പക്ഷെ ഇന്ത്യ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നാകുമെന്ന് മോദി ദേശീയതലത്തിലെത്തുന്നതിന് വളരെ മുമ്പെ ലോക ബാങ്കു  പ്രവചിച്ചിരുന്നെന്നതു ഓർമ്മയിലുണ്ടാകണംമോദി സർക്കാരിന് ധന കമ്മി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോക വിപണിയിൽ എണ്ണവില കുറഞ്ഞത് ഇക്കാര്യത്തിൽ ഏറെ സഹായകമായി. ആന്തരികവിപണിയിലാകട്ടെ മോദി വന്നശേഷം എണ്ണവില കൂടുകയാണുണ്ടായത്. സർക്കാർ സ്വീകരിച്ച ചില ചെലവുകുറയ്ക്കൽ നടപടികൾ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ചില സബ്‌സിഡികൾ പരിമിതപ്പെടുത്തിയതും പാവങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള കൂലി വൈകിപ്പിച്ചതും ഉദാഹരണങ്ങൾ..അതേസമയം എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ശുചിത്വ ഭാരതം തുടങ്ങിയ പദ്ധതികളിലൂടെ ബഹുജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കാനും അതിൽ പങ്കാളികളാക്കാനും മോദി ശ്രമിച്ചിട്ടുണ്ട്.രാഷ്ട്രീയ എതിരാളികൾ മോദിക്കെതിരെ ഉയർത്തിയിട്ടുള്ള ഏറ്റവും വലിയ ആരോപണം സർക്കാർ കോർപ്പറേറ്റ് താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു എന്നതാണ്. എന്നാൽ മുതലാളിമാരുടെ താൽപര്യ സംരക്ഷണാർത്ഥം പ്രവർത്തിക്കുന്ന അസോഷ്യേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് മോദി സർക്കാരിന്റെ ആദ്യ കൊല്ലത്തെ പ്രവർത്തനത്തിനു പത്തിൽ ഏഴു മാർക്കെ നൽകിയിട്ടുള്ളൂ. വ്യവസായികൾ സർക്കാരിൽ നിന്ന് കൂടുതൽ അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നെന്ന് ഇത് സൂചിപ്പിക്കുന്നു. അവ സാധാരണ ജനങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമാവില്ല. ഭരണാധികാരിയെന്ന നിലയിലുള്ള മോദിയുടെ പ്രവർത്തനം മോശമാണെന്നു ഇതിനർത്ഥമില്ല. അമിതപ്രതീക്ഷ ഉയർത്തിയതുകൊണ്ടാണ് അത് തൃപ്തികരമല്ലെന്ന് തോന്നുന്നത്.മോദിയുടെ ആദ്യ വർഷം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ആശങ്ക ഉയർത്തുന്നതാണ്. അദ്ദേഹത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സാംസ്കാരിക സംഘടന എന്ന നാട്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ നേരിട്ടിറങ്ങിയിരിക്കുകയാണ്  നിരവധി ആർ.എസ്. എസ് പ്രമുഖർ കഴിഞ്ഞ കൊല്ലം ബി.ജെ.പി ഭാരവാഹികളായി. ചിലർ ഗവർണർമാരും മുഖ്യമന്ത്രിമാരുമായി. സംഘ പരിവാറിന്റെ സ്വാധീനത്തിൽ എം.പിമാരായ ചില കാവിവേഷ ധാരികളുടെ പ്രകോപനപരമായ പ്രസ്താവനകളും പരിവാറുമായി ബന്ധമുള്ള പ്രാദേശിക സംഘടനകളുടെ മത പുന:പരിവർത്തനം, പള്ളി ആക്രമണം തുടങ്ങിയ പ്രവർത്തനങ്ങളും രാജ്യത്തിനകത്തും പുറത്തും മോദി സർക്കാരിന് ദുഷ്പേരു നൽകിയിട്ടുണ്ട്. ഇതു മനസിലാക്കി അവരെനിയന്ത്രിക്കാൻശ്രമിക്കുന്നതുകൊണ്ടാവണം അത്തരം പ്രവർത്തനങ്ങൾ അടുത്ത കാലത്ത് കുറഞ്ഞിട്ടുണ്ട്. പക്ഷെ വർഗ്ഗീയ ധ്രുവീകരണം ഒരു വലിയ ഭീഷണിയായി നമ്മുടെ മുന്നിൽ ഇപ്പോഴുമുണ്ട്.ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായി മോദി കാണുന്നത് കോൺഗ്രസിനെയും ജവഹർലാൽ നെഹ്രുവിനെക്കുറിച്ചുള്ള നല്ല ഓർമ്മയേയുമാണ്. അതുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ്‌മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയതും അധികാരത്തിലേറിയശേഷം നെഹ്രുവിന്റെ പേരു  കളങ്കപ്പെടുത്താനും മായ്ച്ചുകളയാനും ബോധപൂർവ്വം ശ്രമിച്ചതും. ദീർഘകാലം രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായിരുന്നു കോൺഗ്രസ്.  ബി.ജെ.പിക്ക് ശക്തിക്ഷയം സംഭവിച്ചാൽ വീണ്ടും ഒന്നാം സ്ഥാനത്തെത്താൻ കഴിവുള്ള പാർട്ടിയുമാണത്. അതിന്റെ തിരോധാനം ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽ‌പ്പിനു തന്നെ ഭീഷണിയാകും. എതിർപ്പ് ഉപേക്ഷിച്ച് വികസന പദ്ധതികളിൽ സഹകരിക്കണമെന്ന് അരുൺ ജെയ്‌റ്റ്ലിലി കഴിഞ്ഞയാഴ്ച കോൺഗ്രസിനോട് ആവശ്യപ്പെടുകയുണ്ടായി. ഇത് മോദി  ക്യാമ്പിൽ യാഥാർത്ഥ്യബോധം ഉദിക്കുന്നതിന്റെ സൂചനയാണെങ്കിൽ സ്വ്വാഗതാർഹമാണ്.
മോദി സർക്കാരിന്റെ ജനകീയവിരുദ്ധത ഏറ്റവും ശക്തമായി പ്രതിഫലിക്കുന്നത് സർക്കാരിതര സംഘടനകളോടുള്ള സമീപനത്തിലാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ വംശീയഹത്യ സംബന്ധിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ടീസ്റ്റാ സെതൽ‌വാദിനെ തുറുങ്കിലടയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. കേന്ദ്ര സർക്കാരാകട്ടെ അവരുടെ സംഘടനയുടെ സാമ്പത്തികസ്രോതസുകൾ അടയ്ക്കാനും. വികസനത്തിന്റെ പേരിലുള്ള പരിസ്ഥിതി നശീകരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഗ്രീൻപീസ് എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ട് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു. ഇത് ജനാധിപത്യം അർത്ഥപൂർണ്ണമാക്കുന്ന പൊതുസമൂഹ സംവിധാനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ്.

Wednesday, May 20, 2015

മാവോയിസ്റ്റു ഭീഷണിയുടെ പേരിൽ നടക്കുന്നത്‌

ബി.ആർ.പി.. ഭാസ്കർ                                                                                                                                              ജനയുഗം                                                                                                                                                                                                                                                                                                                                                                  കേരളം നേരിടുന്ന മാവോയിസ്റ്റ്‌ ഭീഷണി സംബന്ധിച്ച്‌ സത്യസന്ധമായ വിലയിരുത്തൽ ആവശ്യമാണ്‌. ഒരു കൊല്ലത്തിലധികമായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പല വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്‌. അവ പ്രധാനമായും ഇരു സർക്കാരുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ളവയാണ്‌. വിവരങ്ങൾ ശേഖരിച്ച്‌ വിശകലനം നടത്തുകയാണ്‌ ഒരു രഹസ്യാന്വേഷണ ഏജൻസി ചെയ്യുന്നത്‌, അഥവാ ചെയ്യേണ്ടത്‌. കേസ്‌ അന്വേഷിക്കുന്ന പൊലീസിനെപ്പോലെ തെളിവുകൾ ശേഖരിച്ച്‌ ഒരു കോടതിയെ ബോധ്യപ്പെടുത്തേണ്ട ആവശ്യം അതിനില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ മേലാളന്മാരുടെ താൽപര്യത്തിനു യോജിച്ച തരത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്ന രീതി വ്യാപകമാണ്‌. അതിനാൽ നല്ല ഭരണാധികാരികൾ കരുതലോടെയാണ്‌ അത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത്‌.

കഴിഞ്ഞ കൊല്ലം വയനാട്‌ ജില്ലയിലെ തിരുനെല്ലിയിലൊരു റിസോർട്ടും ഇന്തോജാപ്പനീസ്‌ സംയുക്ത സംരംഭമായ നിറ്റാ ജെലാറ്റിന്റെ തൃശൂരിലെ ഓഫീസും ആക്രമിക്കപ്പെട്ടിരുന്നു. രണ്ട്‌ സംഭവങ്ങളിലും മാവോയിസ്റ്റുകൾ ഉൾപ്പെട്ടിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശ്ചര്യവും ആശങ്കയും പ്രകടിപ്പിച്ചു. തുടർന്ന്‌ സംസ്ഥാന ഇന്റലിജൻസ്‌ വിഭാഗം പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയിൽ ആദിവാസി ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള റിസോർട്ടുകൾ മാവോയിസ്റ്റുകൾ ആക്രമിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടു ചെയ്തു. ഇത്തരം റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഉത്തരവാദിത്വബോധമുള്ള ഒരു ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്‌ മാവോയിസ്റ്റുവേട്ടയ്ക്ക്‌ ഉത്തരവിടുകയല്ല, റിസോർട്ടുടമകൾ ആദിവാസി ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ ഭൂമി ആദിവാസികൾക്ക്‌ തിരിച്ചുപിടിച്ചു നൽകുകയാണ്‌.

മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്നതിനായി ആദിവാസി മേഖലയിൽ ചില നടപടികൾ സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. അതിന്റെ ഭാഗമായി ആദിവാസി യുവാക്കൾക്ക്‌ ആയുധപരിശീലനം നൽകുമെന്നും പറഞ്ഞു കേൾക്കുകയുണ്ടായി. ഛത്തീസ്ഗഡിൽ ഇത്തരത്തിലുള്ള നടപടി എടുത്തതിന്റെ ദുരനുഭവം നമ്മുടെ മുന്നിലുണ്ട്‌. ഗണ്യമായ ആദിവാസി സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ പലതരം അവശതകൾ അനുഭവിക്കുന്ന ആ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മാവോയിസ്റ്റ്‌ പാർട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ആ നിലയ്ക്ക്‌ മറ്റിടങ്ങളിലും അവർ സമാനമായ സമീപനം സ്വീകരിക്കുന്നത്‌ മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ കേരളത്തിലെ അവസ്ഥ തികച്ചു വ്യത്യസ്തമാണ്‌.
ആദിവാസികൾ ഇവിടെ തീരെ ചെറിയ ഒരു വിഭാഗമാണ്‌. മറ്റിടങ്ങളിലെന്നപോലെ ഇവിടെയും അവർ പലതരം അവശതകൾ അനുഭവിക്കുന്നുണ്ടെങ്കിലും പ്രശ്നം ഏറ്റെടുത്ത്‌ പരിഹാരം കാണുന്നതിനു ശ്രമിക്കാൻ അവർക്കിടയിൽ നിന്നു തന്നെ ഉയർന്നു വന്നിട്ടുള്ള നേതൃത്വവുമുണ്ട്‌. ആദിവാസി മേഖലയിൽ സമാധാനം നിലനിൽക്കുന്നുവെന്നുറപ്പാക്കാൻ ആയുധങ്ങൾ ആവശ്യമില്ല. ആദിവാസി ഗോത്രമഹാസഭാ നേതാവ്‌ സി കെ ജാനുവുമായി സർക്കാർ ഒപ്പിട്ട ഉടമ്പടിയിലെ വ്യവസ്ഥകൾ ആത്മാർത്ഥതയോടെ നടപ്പാക്കിയാൽ മതി.

മാവോയിസ്റ്റ്‌ എന്നു കേൾക്കുമ്പോൾ എടുത്തു ചാടി നടപടിയെടുക്കുന്ന പ്രവണത ഇപ്പോൾ കാണാനുണ്ട്‌. സ്വിറ്റ്സർലൻഡിൽ നിന്നു വന്ന വിനോദസഞ്ചാരിയായ ജോനാഥൻ ബോഡ്‌ എന്ന യുവാവിനെ സിനോജ്‌ എന്ന മാവോയിസ്റ്റ്‌ പ്രവർത്തകനെ അനുസ്മരിക്കാൻ തൃശൂരിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തെന്നാരോപിച്ച്‌ പൊലീസ്‌ അറസ്റ്റു ചെയ്തു കേസെടുത്തിരുന്നു. അയാൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി എഫ്‌ഐആർ റദ്ദു ചെയ്തു. പൊലീസ്‌ നേതൃത്വം അവധാനതയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ആ അറസ്റ്റ്‌ ഒഴിവാക്കാമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വക്കേറ്റ്‌ തുഷാർ നിർമൽ സാരഥി, സോഷ്യൽ ആക്ടിവിസ്റ്റ്‌ ജെയ്സൺ സി കൂപ്പർ എന്നിവരെ അറസ്റ്റു ചെയ്തു യുഎപിഎ ചുമത്തിയതും ഒഴിവാക്കേണ്ടതായിരുന്നു.

സിപിഐ മാവോയിസ്റ്റ്‌ വിധ്വംസനപ്രവർത്തനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ടിട്ടുള്ള പാർട്ടിയാണ്‌. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വിധ്വംസനപ്രവർത്തനങ്ങളുടെ പേരിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നിരോധിക്കപ്പെട്ടിട്ടുള്ളവയാണ്‌ നമ്മുടെ മിക്ക മുഖ്യാധാരാ രാഷ്ട്രീയകക്ഷികളും. അക്രമ പ്രവർത്തനങ്ങൾ തടയുവാനും അവയിലേർപ്പെടുന്നവർക്കെതിരെ ഉചിതമായ നടപടികൾ എടുക്കുവാനുമുള്ള ചുമതല സർക്കാരിനുണ്ട്‌. വ്യവസ്ഥാപിതമാർഗ്ഗങ്ങളിലേക്ക്‌ അവരെ കൊണ്ടുവരാനുള്ള പാത തുറന്നിട്ടുകൊണ്ടാണ്‌ ഒരു ജനാധിപത്യ ഭരണകൂടം ആ ചുമതല നിറവേറ്റേണ്ടത്‌. പൊലീസ്‌ സമീപനവും രാഷ്ട്രീയ സമീപനവും തമ്മിലുള്ള വ്യത്യാസം അവിടെ പ്രസക്തമാകുന്നു.

രൂപേഷ്‌ ഷൈന ദമ്പതികളുൾപ്പെടെ ഏതാനും പേർ പിടിയിലായതോടെ കേരളത്തിലെ മാവോയിസ്റ്റ്‌ പ്രസ്ഥാനം ദുർബലമായെന്ന്‌ ഔദ്യോഗിക കേന്ദ്രങ്ങൾ വിലയിരുത്തിയിട്ടുണ്ട്‌. അവരുടെ അറസ്റ്റ്‌ നടന്നത്‌ പൊലീസ്‌ പറയുന്നതുപോലെ തമിഴ്‌നാട്ടിലാണോ അതോ രൂപേഷ്‌ പറയുന്നതുപോലെ ആന്ധ്രയിലാണോ എന്ന വിഷയത്തിലേക്ക്‌ ഇവിടെ കടക്കേണ്ടതില്ല. ഇവരെ കൂടാതെ നീണ്ടകാല തീവ്ര ഇടതുപക്ഷ പാരമ്പര്യമുള്ള മുരളി കണ്ണമ്പള്ളിയും പിടിയിലായിട്ടുണ്ട്‌. അദ്ദേഹത്തെ അറസ്റ്റു ചെയ്തത്‌ മഹാരാഷ്ട്ര പൊലീസാണ്‌. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു തുറുങ്കിലടച്ചത്‌. സംസ്ഥാനത്തിനു പുറത്തു കഴിയുന്ന മലയാളികളുടെ ക്ഷേമത്തിൽ പ്രത്യേക താൽപര്യമെടുക്കുന്ന സർക്കാർ കസ്റ്റഡിയിലായ മുരളിക്ക്‌ ചികിത്സ ഉറപ്പാക്കാൻ ഒന്നും ചെയ്തില്ല. മാവോയിസ്റ്റായാൽ മലയാളി എന്ന പരിഗണന ഇല്ലാതാകുമൊ?

ഇതെഴുതുന്ന സമയത്തും കേരള പൊലീസിന്‌ സംസ്ഥാനത്തിനു പുറത്തു അറസ്റ്റിലായവരെ കസ്റ്റഡിയിൽ കിട്ടിയിട്ടില്ല. പക്ഷെ മാവോയിസ്റ്റ്‌ ഭീഷണി പെരുപ്പിച്ചു കാട്ടുന്ന കഥകൾ മെനയുന്നതിന്‌ അത്‌ തടസമായിട്ടില്ല. അറസ്റ്റു ചെയ്യപ്പെട്ടവരിൽ നിന്ന്‌ കിട്ടിയ വിവരങ്ങളല്ല, രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനങ്ങളാണ്‌ അവയുടെ അടിസ്ഥാനം എന്നു തോന്നുന്നു.അവയെ ആസ്പദമാക്കി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മാവോയിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വേരറുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
അദ്ദേഹത്തിന്റെ വാക്കുകൾ വായിച്ചപ്പോൾ പഴയ മദ്രാസ്‌ സംസ്ഥാനത്ത്‌ 1952ൽ കമ്മ്യൂണിസ്റ്റ്‌ പിന്തുണയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതു തടയാനായി മുഖ്യമന്ത്രിപദം ഏറ്റെടുത്ത മുൻ ഗവർണർ ജനറൽ സി രാജഗോപാലാചാരി നടത്തിയ പ്രഖ്യാപനം ഞാൻ ഓർത്തു. ‘കമ്മ്യൂണിസ്റ്റുകാരാണ്‌ ഒന്നാം നമ്പർ ശത്രു,’ അദ്ദേഹം പറഞ്ഞു. പക്ഷെ അദ്ദേഹം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുത്തിരുന്നില്ലെന്ന്‌ അനുഭവത്തിൽ നിന്ന്‌ എനിക്ക്‌ പറയാനാകും.

ഒരു മനുഷ്യാവകാശ പ്രശ്നത്തിൽ ഞാൻ ഇടപെട്ടപ്പോൾ അന്ന്‌ ഹിന്ദു പത്രത്തിൽ ജോലി ചെയ്തിരുന്ന എന്റെ രാഷ്ട്രീയ പശ്ചാത്തലം അറിയിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ്‌ പൊലീസ്‌ തിരു-കൊച്ചി പൊലീസിനെഴുതി. ഞാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ പണം വാങ്ങി രസീത്‌ ഒപ്പിട്ട്‌ നൽകിയിട്ടുണ്ടെന്നായിരുന്നു തിരുവനന്തപുരത്തു നിന്നുള്ള മറുപടി. ഫയൽ മുന്നിലെത്തിയപ്പോൾ രാജഗോപാലാചാരി അതിൽ എഴുതി: ‘ഞാൻ ഇത്‌ വിശ്വസിക്കുന്നില്ല.’രാജഗോപാലാചാരിയുടെ മകൻ സി ആർ കൃഷ്ണസ്വാമി ഹിന്ദുവിൽ എന്റെ മേലാവായിരുന്നു. അദ്ദേഹത്തിൽ നിന്നാണു ഞാൻ ഈ വിവരം അറിഞ്ഞത്‌. ഞാൻ പണം വാങ്ങി രസീത്‌ നൽകി എന്ന റിപ്പോർട്ടിലെ ഭാഗം ശരിയായിരുന്നു. പക്ഷെ പണം പിരിച്ചത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു വേണ്ടിയായിരുന്നില്ല, വിദ്യാർത്ഥി ഫെഡറേഷനുവേണ്ടിയായിരുന്നു. - ജനയുഗം, മേയ് 20, 2015.

Sunday, May 3, 2015

എം.പി. നാരായണപിള്ളയുടെ രോഗം സാഹിത്യത്തിൽ നിന്ന് മറ്റ് വല്ല ഉന്മാദത്തിലേക്കും തിരിയാഞ്ഞതെന്ത്?




കറന്റ് ബുക്സ്, തൃശ്ശൂർ, 1969 മേയിൽ പ്രസിദ്ധീകരിച്ച അന്തിക്കൂട്ട് എം.പി. നാരായണപിള്ളയുടെ രണ്ടാമത്തെ കഥാസമാഹാരമാണ്. അതിന്റെ ഉപക്രമത്തിൽ കഥാകൃത്ത് ഇങ്ങനെ എഴുതി:

ഇതെന്റെ രണ്ടാമത്തെ* പുസ്തകമാണ്.

പക്ഷെ ആദ്യകാലങ്ങളിൽ എഴുതിയ രണ്ടു കഥകൾ ഇതിലാണ് പ്രസിദ്ധീകരിക്കുന്നത്; കള്ളൻ, അന്തിക്കൂട്ട് എന്നീ കഥകൾ. ഇതിൽ കള്ളൻ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം  പ്രസിദ്ധീകരിച്ചതും പ്രായപൂർത്തിയായതിനുശേഷം ആദ്യം എഴുതിയതും.

അതുകൊണ്ടീ കഥയോട് എനിക്കല്പം കൂടുതൽ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്തവ്യവുമാണ്. എഴുതിത്തീർക്കാൻ രണ്ടു മാസം വേണ്ടിവന്നു. തിരിച്ചയക്കുമോയെന്ന ഭയം കൊണ്ട് ഞാനിത് പോക്കറ്റിലിട്ടുകൊണ്ടു നടക്കുകയായിരുന്നു. അന്നിത് പ്രസിദ്ധീകരണത്തിനയക്കാൻ എന്നെ നിർബന്ധിച്ചതും എനിക്കതിനുവേണ്ട ധൈര്യം ഉണ്ടാക്കിത്തന്നതുമായ ഒരാളുണ്ട്: ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ. ആ ചെറിയ സഹായം –പ്രചോദനം അല്ലെങ്കിൽ പുഷ് – വളരെ വിലയേറിയതായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം അന്നാ പുഷ് കിട്ടിയില്ലെങ്കിൽ ഈ കഥ പ്രസിദ്ധീകരണത്തിനയക്കില്ലായിരുന്നു. അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തേടത്തി യമുനയിൽ ഇതടിച്ചു നനച്ചേനേ. എന്റെ രോഗം സാഹിത്യത്തിൽനിന്ന് മറ്റുവല്ല ഉന്മാദത്തിലേക്കും തിരിഞ്ഞേക്കാമായിരുന്നു!

എം.പി. നാരായണപിള്ള
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
*ആദ്യത്തെ പുസ്തകം ‘മുരുകൻ എന്ന പാമ്പാട്ടി’, കറന്റ് ബുക്സ്, തൃശ്ശൂർ.


Saturday, May 2, 2015

എം. വി. ദേവനില്ലാത്ത ഒരു വർഷം


എം.വി. ദേവൻ ഇല്ലാത്ത ഒരു വർഷം കടന്നുപോയിരിക്കുന്നു. ഏപ്രിൽ 29നായിരുന്നു അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികം.


വർഷങ്ങൾക്കുമുമ്പ് ഒരു പ്രഭാഷണത്തിൽ ലോക സമസ്താ: സുഖിനോ ഭവന്തു എന്ന വരികളടങ്ങുന്ന ശ്ലോകം ദേവൻ നിശിതമായി വിമർശിച്ചതായി വായിച്ചപ്പോൾ അതിന്റെ പൂർണ്ണരൂപം അറിയാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന് എഴുതുകയുണ്ടായി. മടക്കത്തപാലിൽ മറുപടി വന്നു. 

ചിതലെടുത്ത ആ കത്തിലെ അവശേഷിക്കുന്ന ഭാഗത്ത് ഇങ്ങനെ വായിക്കാം:

പ്രിയപ്പെട്ട ഭാസ്കർജി,

ആവശ്യപ്പെട്ട ശ്ലോകം കയ്യോടെ എഴുതി അയക്കുന്നു. ഓർമ്മ വെക്കേണ്ടതാണ്. പക്ഷെ ഇടയ്ക്ക് ഉപയോഗിക്കാൻ ഇടവന്നാലേ മനസ്സിൽ നിൽക്കൂ. പ്രായവും തടസ്സമാകുന്നു.

ഏതായാലും താങ്കൾ ചെറുപ്പമാണല്ലോ. കരുതി ഉരുവിട്ടാൽ മനസ്സിൽ തങ്ങും. ഉപയോഗത്തിന്നു പറ്റിയതാണ്. പക്ഷെ ഗീർവാണക്കാർക്കുള്ള ഗുണം ഇത് വ്യാഖ്യാനിച്ച് ഗുണത്തിന്നും ലാഭത്തിന്നും ഉപയുക്തമാക്കാം. …..ടെയും അവരുടെ കുത്സിതബുദ്ധിയുടെയും മുമ്പിൽ തോൽക്കുകയേ നിവൃത്തിയുള്ളു.

ദേവൻ ശ്ലോകം കുറിച്ച ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. ആ വരികൾ ഇതാ:

'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാര്‍ഗേണ മഹീം മഹീശാ 
ഗോബ്രാഹ്മനെഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ: സുഖിനോ ഭവന്തു

ഈ ശ്ലോകത്തിന്റെ അർത്ഥം വിശദീകരിച്ചുകൊണ്ട്  അഡ്വക്കേറ്റ് എം. പ്രഭ ഇടനേരം ഓൺലൈൻ മാസികയിൽ 2012 നവംബർ 30ന് എഴുതിയ “മതസൌഹാർദമോ വർഗീയസൌഹാർദമോ?” എന്ന ലേഖനം ഇവിടെ വായിക്കാം.                                                                                                                                                                                             എം.വി. ദേവൻ അന്തരിച്ചപ്പോൾ ദ് ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ട്

Friday, May 1, 2015

വി കെ എന്നിന്റെ അന്വേഷണങ്ങൾ


VKN                                                                                                                                                        തിരുവില്വാമല
680594
തൃശ്ശൂർ
29.10.‘02
പ്രിയ ബാബു
ബഹറീനിൽ Middle East Publishing House (?) ന്റെ മേൽവിലാസം തരാമോ? വേറേ വല്ലരേയും കാണണമെങ്കിൽ അവരുടേയും. ഒരാൾ (literate) അവിടെ ഉള്ളതായി ഇവിടുത്തെ ഒരു ഡോക്ടർ പറയുന്നു. അവിടെ കാണേണ്ടവരെ വിസ്തരിക്കുകയാണെങ്കിൽ ഏറെ നന്ന്.


ലണ്ടനിൽ ഒരു ബാങ്കിൽ തൃപ്രയാർ സ്വദേശി ഒരു പയ്യനുണ്ട്. ഇവനും സാക്ഷരൻ. അവിടെ കാണേണ്ട വല്ലവരുമുണ്ടോ?

Sir Chathu synopsis ഉണ്ട്. Written against the backdrop of British Colonial era in India and in defiance of the time element etc.



മറുപടി പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവം

വി.കെ.എൻ.