Monday, May 25, 2015

മോടി നിലനിർത്താൻ പാടുപെടുന്ന മോദി

ബി.ആർ.പി. ഭാസ്കർ                                                                                                                               കേരള കൌമുദി                                                                                                                                                                                                                                                                                                           

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകിയത്. തന്നേക്കാൾ മൂപ്പുള്ള നേതാക്കളായ ലാൽ കിഷൻ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഒതുക്കിയിട്ട് വ്യവസായികളുടെ വിമാനങ്ങളിൽ നാടാകെ പറന്നു നടത്തിയ പ്രചണ്ഡ പ്രചാരണത്തിലൂടെ അദ്ദേഹം പാർട്ടിയെ അധികാരത്തിലെത്തിച്ചു. അതിനു ശേഷം എട്ട് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടന്നു. ആ സംസ്ഥാനങ്ങളിലും അദ്ദേഹം തന്നെ പ്രചാരണം നയിച്ചു. അതിൽ ഏഴിടത്തു ബി.ജെ.പിക്ക് അധികാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ അത് ഒറ്റക്ക് ഭരിക്കുന്നു. കൂട്ടു മന്ത്രിസഭകളുള്ള സംസ്ഥാനങ്ങളിൽ ജമ്മു-കശ്മീർ ഒഴികെ എല്ലായിടത്തും ഭരണത്തിന് നേതൃത്വം നൽകുന്നത് ബി.ജെ.പി. തന്നെ. ഇതിന്റെയൊക്കെ ഫലമായി കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായി വളർന്നു. അങ്ങനെ പാർട്ടിയുടെ മോടി കൂട്ടാൻ കഴിഞ്ഞ മോദി അധികാരത്തിൽ ഒരു വർഷം പിന്നിടുമ്പോൾ സ്വന്തം മോടി നിലനിർത്താൻ പാടുപെടേണ്ട അവസ്ഥയിലാണ്. ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മോദിയുടെ ജാലവിദ്യ ഫലിച്ചില്ല. പക്ഷെ ആരാധകർ ഇപ്പോഴും അദ്ദേഹത്തെ അമാനുഷികനായി കാണുന്നു. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കാട്ടിയ പ്രാഗത്ഭ്യം ഭരണത്തിൽ കാട്ടാൻ അദ്ദേഹത്തിനായിട്ടില്ല.ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ച മാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ വളർച്ചാനിരക്ക് കുറഞ്ഞ ഘട്ടത്തിലാണ് മൻ‌മോഹൻ സിങ്ങിന്റെ പിൻ‌ഗാമിയായി മോദിയെത്തിയത്. ഇപ്പോൾ വളർച്ചാനിരക്ക് വീണ്ടും വർദ്ധിക്കുകയാണ്. എന്നാൽ ഇതിന്റെ പിന്നിലെ മുഖ്യ ചാലകശക്തി മോദി സ്വീകരിച്ച നയപരിപാടികളല്ല, അമേരിക്കയുടെയും മറ്റ് വികസിത രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതിയിലുണ്ടായ അഭിവൃദ്ധിയാണ്. മോദിയുടെ നയങ്ങളുടെ ഫലം ഇനിയും കണ്ടുതുടങ്ങേണ്ടിയിരിക്കുന്നു. ബി.ജെ.പി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് അലയൻസിന് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ഉദ്ദേശിച്ച നയമാറ്റങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല. ഓർഡിനൻസിലൂടെയൊ ചില പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെയൊ പാസാക്കിയ നിയമങ്ങളിൽ പലതും കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. വ്യവസായികളുടെ താല്പര്യങ്ങൾ മുൻ‌നിർത്തി ഭൂനിയമത്തിലും തൊഴിൽ നിയമത്തിലും വരുത്തിയ മാറ്റങ്ങൾ ഇക്കൂട്ടത്തിൽ‌പെടുന്നു.  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാരിന്റെ വാദം.ചൈന ചെയ്തതുപോലെ വിദേശികളുടെ സഹായത്തോടെ ഇന്ത്യയെ വലിയ ഉല്പാദന കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത്.  എന്നാൽ ചൈന അതു ചെയ്തതെങ്ങനെയാണെന്ന് അദ്ദേഹം ശരിയ്ക്ക് മനസിലാക്കിയിട്ടില്ല. മാവോ എല്ലാവർക്കും തൊഴിൽ നൽകി. പക്ഷെ പ്രതിമാസ ശമ്പളം 100 യുവാൻ മാത്രമായിരുന്നു. തൊഴിലാളിക്ക് പ്രതിമാസം 300 യുവാൻ നൽകണമെന്ന വ്യവസ്ഥയിലാണ് ഡെങ് രാജ്യം വ്യവസായികൾക്കു തുറന്നു കൊടുത്തത്. ഏഴ് കൃഷിക്കാരുടെ ഭൂമി അവരിലൊരാൾ “മാസ്റ്റർ കൃഷിക്കാര“നെന്ന നിലയിൽ പങ്കാളിത്താടിസ്ഥാനത്തിൽ കൃഷി ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ആറു പേർക്ക് മറ്റ് തൊഴിലുകൾ ചെയ്യാൻ ചൈനയിലെ ഭരണകൂടം അവസരം നൽകി. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി കൃഷിക്കാരുടെയും തൊഴിലാളികളുടെയും താല്പര്യം സംരക്ഷിക്കാതെയുള്ള വ്യാവസായിക വളർച്ചയാണ് മോദി വിഭാവന ചെയ്യുന്നത്.സാമ്പത്തിക രംഗത്തെ പുതിയ ഉണർവ് സർക്കാരിന്റെ നടപടികളുടെ ഫലമല്ലെങ്കിലും മോദിക്ക് അത് സ്വന്തം നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ്.. പക്ഷെ ഇന്ത്യ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നാകുമെന്ന് മോദി ദേശീയതലത്തിലെത്തുന്നതിന് വളരെ മുമ്പെ ലോക ബാങ്കു  പ്രവചിച്ചിരുന്നെന്നതു ഓർമ്മയിലുണ്ടാകണംമോദി സർക്കാരിന് ധന കമ്മി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോക വിപണിയിൽ എണ്ണവില കുറഞ്ഞത് ഇക്കാര്യത്തിൽ ഏറെ സഹായകമായി. ആന്തരികവിപണിയിലാകട്ടെ മോദി വന്നശേഷം എണ്ണവില കൂടുകയാണുണ്ടായത്. സർക്കാർ സ്വീകരിച്ച ചില ചെലവുകുറയ്ക്കൽ നടപടികൾ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ചില സബ്‌സിഡികൾ പരിമിതപ്പെടുത്തിയതും പാവങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള കൂലി വൈകിപ്പിച്ചതും ഉദാഹരണങ്ങൾ..അതേസമയം എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ശുചിത്വ ഭാരതം തുടങ്ങിയ പദ്ധതികളിലൂടെ ബഹുജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കാനും അതിൽ പങ്കാളികളാക്കാനും മോദി ശ്രമിച്ചിട്ടുണ്ട്.രാഷ്ട്രീയ എതിരാളികൾ മോദിക്കെതിരെ ഉയർത്തിയിട്ടുള്ള ഏറ്റവും വലിയ ആരോപണം സർക്കാർ കോർപ്പറേറ്റ് താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു എന്നതാണ്. എന്നാൽ മുതലാളിമാരുടെ താൽപര്യ സംരക്ഷണാർത്ഥം പ്രവർത്തിക്കുന്ന അസോഷ്യേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് മോദി സർക്കാരിന്റെ ആദ്യ കൊല്ലത്തെ പ്രവർത്തനത്തിനു പത്തിൽ ഏഴു മാർക്കെ നൽകിയിട്ടുള്ളൂ. വ്യവസായികൾ സർക്കാരിൽ നിന്ന് കൂടുതൽ അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നെന്ന് ഇത് സൂചിപ്പിക്കുന്നു. അവ സാധാരണ ജനങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമാവില്ല. ഭരണാധികാരിയെന്ന നിലയിലുള്ള മോദിയുടെ പ്രവർത്തനം മോശമാണെന്നു ഇതിനർത്ഥമില്ല. അമിതപ്രതീക്ഷ ഉയർത്തിയതുകൊണ്ടാണ് അത് തൃപ്തികരമല്ലെന്ന് തോന്നുന്നത്.മോദിയുടെ ആദ്യ വർഷം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ആശങ്ക ഉയർത്തുന്നതാണ്. അദ്ദേഹത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സാംസ്കാരിക സംഘടന എന്ന നാട്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ നേരിട്ടിറങ്ങിയിരിക്കുകയാണ്  നിരവധി ആർ.എസ്. എസ് പ്രമുഖർ കഴിഞ്ഞ കൊല്ലം ബി.ജെ.പി ഭാരവാഹികളായി. ചിലർ ഗവർണർമാരും മുഖ്യമന്ത്രിമാരുമായി. സംഘ പരിവാറിന്റെ സ്വാധീനത്തിൽ എം.പിമാരായ ചില കാവിവേഷ ധാരികളുടെ പ്രകോപനപരമായ പ്രസ്താവനകളും പരിവാറുമായി ബന്ധമുള്ള പ്രാദേശിക സംഘടനകളുടെ മത പുന:പരിവർത്തനം, പള്ളി ആക്രമണം തുടങ്ങിയ പ്രവർത്തനങ്ങളും രാജ്യത്തിനകത്തും പുറത്തും മോദി സർക്കാരിന് ദുഷ്പേരു നൽകിയിട്ടുണ്ട്. ഇതു മനസിലാക്കി അവരെനിയന്ത്രിക്കാൻശ്രമിക്കുന്നതുകൊണ്ടാവണം അത്തരം പ്രവർത്തനങ്ങൾ അടുത്ത കാലത്ത് കുറഞ്ഞിട്ടുണ്ട്. പക്ഷെ വർഗ്ഗീയ ധ്രുവീകരണം ഒരു വലിയ ഭീഷണിയായി നമ്മുടെ മുന്നിൽ ഇപ്പോഴുമുണ്ട്.ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായി മോദി കാണുന്നത് കോൺഗ്രസിനെയും ജവഹർലാൽ നെഹ്രുവിനെക്കുറിച്ചുള്ള നല്ല ഓർമ്മയേയുമാണ്. അതുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ്‌മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയതും അധികാരത്തിലേറിയശേഷം നെഹ്രുവിന്റെ പേരു  കളങ്കപ്പെടുത്താനും മായ്ച്ചുകളയാനും ബോധപൂർവ്വം ശ്രമിച്ചതും. ദീർഘകാലം രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായിരുന്നു കോൺഗ്രസ്.  ബി.ജെ.പിക്ക് ശക്തിക്ഷയം സംഭവിച്ചാൽ വീണ്ടും ഒന്നാം സ്ഥാനത്തെത്താൻ കഴിവുള്ള പാർട്ടിയുമാണത്. അതിന്റെ തിരോധാനം ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽ‌പ്പിനു തന്നെ ഭീഷണിയാകും. എതിർപ്പ് ഉപേക്ഷിച്ച് വികസന പദ്ധതികളിൽ സഹകരിക്കണമെന്ന് അരുൺ ജെയ്‌റ്റ്ലിലി കഴിഞ്ഞയാഴ്ച കോൺഗ്രസിനോട് ആവശ്യപ്പെടുകയുണ്ടായി. ഇത് മോദി  ക്യാമ്പിൽ യാഥാർത്ഥ്യബോധം ഉദിക്കുന്നതിന്റെ സൂചനയാണെങ്കിൽ സ്വ്വാഗതാർഹമാണ്.
മോദി സർക്കാരിന്റെ ജനകീയവിരുദ്ധത ഏറ്റവും ശക്തമായി പ്രതിഫലിക്കുന്നത് സർക്കാരിതര സംഘടനകളോടുള്ള സമീപനത്തിലാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ വംശീയഹത്യ സംബന്ധിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ടീസ്റ്റാ സെതൽ‌വാദിനെ തുറുങ്കിലടയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. കേന്ദ്ര സർക്കാരാകട്ടെ അവരുടെ സംഘടനയുടെ സാമ്പത്തികസ്രോതസുകൾ അടയ്ക്കാനും. വികസനത്തിന്റെ പേരിലുള്ള പരിസ്ഥിതി നശീകരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഗ്രീൻപീസ് എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ട് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു. ഇത് ജനാധിപത്യം അർത്ഥപൂർണ്ണമാക്കുന്ന പൊതുസമൂഹ സംവിധാനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ്.

No comments: