Friday, February 29, 2008

ഏഷ്യന്‍ മനുഷ്യാവകാശ സംഘടന വാരാണസി ഗ്രാമത്തില്‍ ക്ഷയരോഗ പഠനം തുടങ്ങുന്നു

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ എന്ന മനുഷ്യാവകാശ സംഘടന വാരാണസിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ക്ഷയരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ സേവനം തേടുന്ന വിവരം ഈ ബ്ലോഗില്‍ നേരത്തെ ഞാന്‍ പരാമര്‍ശിച്ചിരുന്നു. നിരവധി ഡോക്ടര്‍മാര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. അവരില്‍ നിന്നു ഒരാളെ തെരഞ്ഞെടുത്തുകൊണ്ട് ഒരു പഠനം നാളെ ആരംഭിക്കുന്നതാണെന്ന് എ. എച്ച്. ആര്‍. സി അറിയിക്കുന്നു, എ. എച്ച്. ആര്‍. സി.യുടെ പത്രക്കുറിപ്പ് Bhaskar ബ്ലോഗില്‍.

Thursday, February 28, 2008

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍: എ. എല്‍. ആര്‍. സി. റിപ്പോര്‍ട്ട്

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍റെ കീഴിലുള്ള ഏഷ്യന്‍ ലീഗല്‍ റിസോഴ്സസ്‌ സെന്‍റര്‍ (എ. എല്‍. ആര്‍. സി.) ഇന്ത്യയിലെ മനുഷ്യാവകാശ അവസ്ഥയെക്കുറിച്ച് യു. എന്‍. ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സിലിന്റെ കീഴിലുള്ള യൂണിവേഴ്സല്‍ പീരിയോടിക്കല്‍ റിവ്യൂ (യു.പി.ആര്‍) പ്രക്രിയയ്ക്കായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു.

ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, പോലീസ് പ്രവര്‍ത്തനവും പീഡനവും പട്ടിണി മരണങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ ഇവിടെ കാണാം.

യു. പി. ആര്‍ വര്‍ക്കിംഗ് ഗ്രൂപ്‌ ഈ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തില്‍ പരിഗണിക്കുന്നതാണ്.

മണ്ട -- തെങ്ങിന്റെയും മറ്റുള്ളവരുടെയും

ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍: 'മണ്ട -- തെങ്ങിന്റെയും മറ്റുള്ളവരുടെയും'
http://www.keralakaumudi.com/
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്
‍പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Wednesday, February 27, 2008

പീഡനത്തിനും അഴിമതിക്കും മാതൃക

ഫെബ്രുവരി 13നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മൂര്‍ഷിദബാദ് ജില്ലയിലെ ജാലങ്ങി പോലീസ് സ്റ്റേഷന്‍ മാതൃകാ പോലീസ് സ്റ്റേഷന്‍ ആയി പ്രഖ്യാപിച്ചു.

ഫെബ്രുവരി 17 ലെ The Statesman പത്രത്തില്‍ റജീബ് ചക്രവര്‍ത്തി എന്ന റിപ്പോര്‍ട്ടര്‍ എഴുതി: ഈ 'ഏറ്റവും നല്ല' പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയുള്ള മനുഷ്യാവകാശലംഘന പരാതികളുടെ എണ്ണം 2007 ല്‍ ഇരട്ടിച്ച വസ്തുത മുഖ്യമന്ത്രി അറിഞ്ഞിരിക്കില്ല.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് 2007 ല്‍ ഈ പോലീസ് സ്റ്റേഷനെതിരെ 25 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 21 എണ്ണം മാനബധികാര്‍ സുരക്ഷാ മഞ്ച (മസും) എന്ന മനുഷ്യാവകാശ സംഘടന നല്കിയവയാണ്. (റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. )

മസും സംഘടനയുടെ നേതാവായ കിരിറ്റ്‌ റോയ് പറഞ്ഞു: ജാലങ്ങി പോലീസ് സ്റ്റേഷനില്‍ നിന്നു നിരവധി പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ അഴിമതിയും കൂടുതലാണ്. ഇതാണ് മാതൃകാ പോലീസ് സ്റ്റേഷനിലെ അവസ്ഥയെങ്കില്‍ സംസ്ഥാനത്തെ മറ്റു പോലീസ് സ്റ്റേഷനുകളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.

Tuesday, February 26, 2008

ബ്രിട്ടീഷ് മലയാളികള്‍ക്ക് ഒരു വെബ്സൈറ്റ്

ബ്രിട്ടീഷ് മലയാളികള്‍ക്കായി മലയാളത്തില്‍ ഒരു വെബ്സൈറ്റ് തുടങ്ങിയതായി പ്രശസ്ത കായികതാരം ബോബി അലോഷ്യസ് അറിയിക്കുന്നു.

ഏതാനുംകൊല്ലം മുമ്പ് ഉപരിപഠനത്തിനു ഇംഗ്ലണ്ടില്‍ പോയ ബോബി നേരത്തെ ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഒരു വെബ്സൈറ്റ് (www.ukstudyadvice.com) തുടങ്ങിയിരുന്നു.

ബ്രിട്ടനില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ പുതിയ സൈറ്റില്‍ ഉണ്ടാകുമെന്ന് ബോബി പറയുന്നു. ഉദാഹരണത്തിന് കുറഞ്ഞ ചെലവില്‍ എങ്ങനെ നാട്ടിലേക്ക് ഫോണ്‍ ചെയ്യാം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു എങ്ങനെ പണം ഉണ്ടാക്കാം എന്നിങ്ങനെയുള്ള വിവരം അവിടെ ലഭ്യമാണ്.

ബോബി അലോഷ്യസ് ചെയര്‍പേഴ്സണ്‍ ആയുള്ള ഒരു ഗ്രൂപ്പാണ് വെബ്സൈറ്റ് നടത്തുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റും ബോബിയുടെ ഭര്‍ത്താവുമായ ഷാജന്‍ സ്കറിയ ആണ് ചീഫ് എഡിറ്റര്‍.

ഇതാണ് പുതിയ വെബ്സൈറ്റിന്‍റെ URL: www.britishmalayali.co.uk

Monday, February 25, 2008

നര്‍മ്മദ / നിതാരി / നന്ദിഗ്രാം

കെ. ജി. ശങ്കരപ്പിള്ള
ഫാസിസം നാടുവാണീടുംകാലം
പാവങ്ങളെല്ലാരുമൊന്നുപോലെ
ഈ രണ്ടുവരിക്കവിത കേരളീയം മാസികയുടെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്.

Friday, February 22, 2008

സാന്ത്വന ചികിത്സാ സംവിധാനങ്ങള്‍

കേരളത്തില്‍ സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകളെക്കുറിച്ച് എനിക്ക് കിട്ടിയ വിവരങ്ങള്‍ Kerala Letter ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.

Thursday, February 21, 2008

പൂര്‍വികരുടെ തെറ്റിനു ഒരു പ്രധാനമന്ത്രി മാപ്പു പറയുന്നു

ലോകചരിത്രം അനീതി നിറഞ്ഞതാണ്. തങ്ങളുടെ പൂര്‍വികര്‍ ചെയ്ത അനീതിക്ക് പിന്‍ഗാമികള്‍ മാപ്പു പറഞ്ഞിട്ടുള്ള അവസരങ്ങള്‍ വളരെയൊന്നും ചരിത്രത്തിന്‍റെ ഏടുകളില്‍ ഇല്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ഏതാനും ദിവസം മുമ്പ് ആ രാജ്യത്തെ പാര്‍ലമെന്റില്‍ അവിടത്തെ ആദിമ ജനങ്ങള്‍ക്കെതിരെ വെള്ളക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് മാപ്പു പറഞ്ഞത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

Monday, February 18, 2008

പോസ്റ്റ്മോര്‍ട്ടം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ തങ്ങളെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിയമം ഭേദഗതി ചെയ്യുന്ന കാര്യ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രസ്താവിച്ചിട്ടുള്ളതായി വധശിക്ഷാ വിരുദ്ധ സമിതി കണ്‍വീനര്‍ കെ. ഗിരീഷ് കുമാര്‍ അറിയിക്കുന്നു.

പോലീസിന്റെ ക്രിമിനല്‍ നിയമ നടപടികളുടെ ഭാഗമായ മെഡിക്കോ ലീഗല്‍ നടപടിയാണ് പോസ്റ്റ്മോര്‍ട്ടം പരിശോധന. ഇത് സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നത്‌ ദേശീയ നീതിന്യായ തത്വങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഗിരീഷ് കുമാര്‍ പറയുന്നു.

ഈ നീക്കത്തിനെതിരെ സര്‍ക്കാരിനും എം. എല്‍. എ. മാര്‍ക്കും നിവേദനം നല്‍കാനുള്ള ശ്രമത്തിലാണ് വധശിക്ഷാ വിരുദ്ധ സമിതി.

Sunday, February 17, 2008

യു. ഡി. എഫ്. ഹര്‍ത്താല്‍ ഉപേക്ഷിക്കണം

ജ. വി. ആര്‍. കൃഷ്ണയ്യര്‍, ഡോ. സുകുമാര്‍ അഴിക്കോട്, എം. ടി. വാസുദേവന്‍ നായര്‍, ഓ.എന്‍.വി. കുറുപ്പ്, ബി. ആര്‍. പി. ഭാസ്കര്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന:

പ്രതിഷേധിക്കുവാനുള്ള അവകാശം ജനാധിപത്യവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. അതിനെ അപകടപ്പെടുത്താന്‍ പോരുന്ന ചില പ്രവണതകള്‍ ഇന്നു കേരളത്തില്‍ കാണാനുണ്ട്. ഇതിലൊന്ന് അടിയ്ക്കടിയുണ്ടാകുന്ന പ്രാദേശികവും സംസ്ഥാനവ്യാപകവും ആയ ഹര്‍ത്താലുകളുടെ അതിപ്രസരം അതിന്‍റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളിലുളവാക്കുന്ന മടുപ്പാണ്. ന്യായമായ അവകാശസമരങ്ങളോടുപോലും അധികൃതര്‍ പലപ്പോഴും കാട്ടുന്ന നിഷേധാത്മക മായ സമീപനമാണ് മറ്റൊന്ന്. രണ്ടിനും അറുതിവരുത്തേണ്ടത് ആവശ്യമാണെന്നു ഞങ്ങള്‍ കരുതുന്നു.

ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാനുള്ള ചുമതല ജനങ്ങള്‍ മാറിമാറി അധികാരത്തിലേറ്റുന്ന രണ്ട് മുന്നണികള്‍ക്കുമുണ്ട്. ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ്. ഫെബ്രുവരി 19നു ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ഉപേക്ഷിച്ച് ജനജീവിതം ദുസ്സഹമാക്കാത്ത തരത്തിലുള്ള ബദല്‍ പരിപാടികള്‍ സ്വീകരിച്ചുകൊണ്ട് മാതൃക കാട്ടണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

യു.ഡി.എഫ്. ഉയര്‍ത്തിയിട്ടുള്ള വിലക്കയറ്റപ്രശ്നം ഗൌരവപൂര്‍ണമായ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്. സങ്കീര്‍ണമായ ഈ പ്രശ്നത്തിന്‍റെ ഉത്തരവാദിത്തം യു.ഡി.എഫ്. ചെയ്യുന്നതുപോലെ സംസ്ഥാന സര്‍ക്കാരിന്‍റെ മേലിലോ എല്‍.ഡി.എഫ്. ചെയ്യുന്നതുപോലെ കേന്ദ്ര സര്‍ക്കാരിന്‍റെ മേലിലോ മാത്രമായി ഇറക്കിവെയ്ക്കാവുന്നതല്ല. ജനങ്ങളുടെ ഉത്തമ താല്‍പര്യം പരിഗണിച്ച് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം തെടനമെന്നു ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Saturday, February 16, 2008

ജഡ്ജിമാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ സിറിയക് ജോസഫും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ എസ്. ആര്‍. നായകും ഫെബ്രുവരി ഒമ്പതിന് നടത്തിയ പ്രസംഗങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ലിംഗനീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും സ്ത്രീകള്‍ ഒരു ഓണ്‍ലൈന്‍ പെറ്റിഷന്‍ തയ്യാറാക്കിയിരിക്കുന്നു.

അവരുടെ പ്രസ്താവനയും, ജ. സിറിയക് ജോസഫിന്റെയും ജ. നായകിന്റെയും പ്രസംഗങ്ങളുടെ പത്ര റിപ്പോര്‍ട്ടുകളിലേക്കും ഓണ്‍ലൈന്‍ പെറ്റിഷനിലേക്കും ഉള്ള ലിങ്കുകളും Kerala Letter ബ്ലോഗില്‍.

Friday, February 15, 2008

പാഠഭേദം ആ അറിയിപ്പ് പിന്‍‌വലിക്കുന്നു

'ദയവായി വരിസംഖ്യ അയക്കരുത്' എന്ന അറിയിപ്പ് പാഠഭേദം മാസികയില്‍ കണ്ട കാര്യം ഞാന്‍ ഈ പംക്തിയില്‍ നേരത്തെ എഴുതിയിരുന്നു. തോന്നുമ്പോള്‍ ഇറങ്ങുന്ന പ്രസിദ്ധീകരണമായതുകൊണ്ട് നി‌ങ്ങള്‍ എന്തിന് വരിസംഖ്യയും സംഭാവനയും അയക്കണം എന്നാണ് അതിന്‍റെ നടത്തിപ്പുകാര്‍ ചോദിച്ചത്.

ആ അറിയിപ്പ് പാഠഭേദം പിന്‍‌വലിച്ചിരിക്കുന്നു. ജനുവരി ലക്കത്തിലെ പുതിയ അറിയിപ്പ് ഇങ്ങനെ: 'നാല് മാസം തുടര്‍ച്ചയായി പാഠഭേദം നിങ്ങളുടെ കൈകളില്‍ എത്തിയതിനാല്‍ വരിസംഖ്യയും സംഭാവനയും അടക്കുക. ഒരു കാര്‍ഡെങ്കിലും.'

ജനുവരി ലക്കത്തിലെ ലേഖനങ്ങളില്‍ ചിലത്:
കൊച്ചു കാര്യങ്ങളുടെ ദൈവമെന്തേ സ്വന്തം നാട്ടിലെത്താത്തത്? --പി. എന്‍. അശോകന്‍
ഏത് ചെഗുവേര? --സുമന്താ ബാനര്‍ജി
ടൂറിസം സ്വര്‍ഗ്ഗവാതില്‍ തുറക്കുമ്പോള്‍ --ഡോ. ടി. ടി. ശ്രീകുമാര്‍
ഏതാണ്‌ ഇടതുപക്ഷം? --ഡോ. എം. ഗംഗാധരന്‍
വിപണിയുടെ രാഷ്ട്രീയം --ടോമി മാത്യു
രീതിശാസ്ത്രം തന്നെയാണ് പ്രശ്നം -- കെ. വേണു
രാജാ രവി വര്‍മ വിമര്ഷിക്കപ്പെടുന്നു -- ഗായത്രി
മുഖപ്രസംഗം: സഖാക്കളെ ദൈവം രക്ഷിക്കട്ടെ.

പാഠഭേദത്തിലെ മറ്റൊരു അറിയിപ്പില്‍ നിന്നു ഒരു വിദ്യാഭ്യാസ ചലച്ചിത്രോത്സവം നടത്താനുള്ള വക അത് സംഘടിപ്പിച്ചിട്ടുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള 18 ചലച്ചിത്രങ്ങള്‍ ആണ് പ്രദര്‍ശനത്തിനുള്ളത്. നിങ്ങളുടെ പ്രദേശത്ത് ചലച്ചിത്രോത്സവം സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പാഠഭേദവുമായി ബന്ധപ്പെടുക.
പാഠഭേദം, കസ്ടംസ് റോഡ്, കോഴിക്കോട് -32
patabhedam@gmail.com

Thursday, February 14, 2008

എന്തിനീ ഹര്‍ത്താല്‍?

യു.ഡി.എഫ്. ഫെബ്രുവരി 19ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ഉപേക്ഷിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നു ഇന്നത്തെ കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച" പംക്തിയില്‍.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍.

ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍.

Wednesday, February 13, 2008

ബ്ലോഗര്‍മാരുടെ അഭിപ്രായം എങ്ങനെ അധികൃതരെ അറിയിക്കാം?

വല്ലാര്‍പാടം ചര്‍ച്ചയ്ക്കിടയില്‍ റോബി ഉന്നയിച്ച ബ്ലോഗര്മാരുടെ അഭിപ്രായം സര്‍ക്കാരിനെയും പത്രക്കാരെയും അറിയിക്കാന്‍ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്.

ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ എല്ലാ സര്‍ക്കാരുകളും ശ്രമിക്കാറുണ്ട്. അതിന് സര്‍ക്കാരിന് സംവിധാനങ്ങളുമുണ്ട്. പത്രങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് പബ്ലിക് റിലേഷന്‍സ്‌ വകുപ്പിന്റെ ചുമതലകളില്‍പ്പെടുന്നു. പത്രങ്ങളില്‍ വരാത്ത കാര്യങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു നല്കുന്നു.

ബ്ലോഗര്‍മാരുടെ അഭിപ്രായം ഇപ്പോള്‍ തന്നെ ചില രാജ്യങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. പത്രങ്ങളുടെ അഭിപ്രായത്തിനു തന്നെ നമ്മുടെ രാജ്യത്ത് അധികാരികള്‍ വലിയ വില കല്‍പ്പിക്കാറില്ല. അതിന് അവരെ കുറ്റപ്പെടുത്താനുമാവില്ല. മായാവതിയും ലാലു പ്രസാദും ഒക്കെ ഉയര്‍ന്നുവന്നത് മാധ്യമങ്ങളുടെ സഹായത്തോടെയല്ല, അവയുടെ എതിര്‍പ്പിനെ അതിജീവിച്ചാണ്. അപ്പോള്‍ മാദ്ധ്യമങ്ങളില്‍ പ്രതിഫലിക്കുന്ന പൊതുജനാഭിപ്രായത്തിനു അവര്‍ എന്ത് വില കല്പ്പിക്കാനാണ്?

റോബി ഭാഷയുടെ കാര്യവും പരാമര്‍ശിച്ചിരുന്നു. അധികൃതരും വായനക്കാരും ബ്ലോഗുകളെ ഗൌരവപൂര്‍വ്വം പരിഗണിക്കണമെങ്കില്‍ നാം ഉത്തരവാദിത്തബോധത്തോടെ അഭിപ്രായ പ്രകടനം നടത്തണം. ഒരാള്‍ തെരുവിലൂടെ തെറി വിളിച്ചു നടന്നാല്‍ അത് സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമാണെന്ന് നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അതിനെ അറിയിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ കരുതുമെന്ന് തോന്നുന്നില്ല.

അധികൃതര്‍ ഉണര്‍ന്നു വരുന്നതുവരെ കാത്തിരിക്കണമെന്നില്ല. ബ്ലോഗര്‍മാര്‍ക്ക് തന്നെ അഭിപ്രായം ശേഖരിച്ചു അവര്‍ക്ക് എത്തിക്കാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടാക്കാവുന്നതാണ്.

Sunday, February 10, 2008

വല്ലാര്‍പാടം: ജനശക്തി പത്രാധിപരുടെ പ്രതികരണം

വല്ലാര്‍പാടം കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച കിരണ്‍ തോമസ് തോമ്പിലിന്റെ സന്ദേശത്തില്‍ ജനശക്തിയെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു. അതിലേക്ക് ഞാന്‍ ജനശക്തി പത്രാധിപര്‍ ജി. ശക്തിധരന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രതികരണം താഴെ കൊടുക്കുന്നു:

പ്രിയ ബി ആര്‍ പി

വല്ലാര്‍പാടം വിഷയം ജനശക്തിയുടെ മുന്‍ലക്കങ്ങളില്‍ ശ്രീ സി ആര്‍ നീലകണ്‌ഠന്‍ വിശദമായി എഴുതിയിരുന്നതാണ്‌. ഇക്കാര്യത്തില്‍ ജനശക്തി നിലപാടില്‍ യാതൊരു ആശയക്കുഴപ്പത്തിനും വഴിവെച്ചിട്ടില്ല. ഈ കുടിയൊഴിപ്പിക്കലിനെതിരെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ എറണാകുളത്ത്‌ എത്തിയിരുന്ന പലരുമായും ആ ദിവസങ്ങളില്‍ നിരന്തരം ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ നിലപാടിന്‌ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട്‌ ഇടപെടുന്നില്ല എന്ന ഈ പൊതുപ്രവര്‍ത്തകരുടെ ആശങ്കക്കൊപ്പം തന്നെ ആയിരുന്നു ജനശക്തിയും.

മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത ദിവസം നോക്കിയാണ്‌ ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നത്‌ യാദൃശ്‌ചികമല്ലെന്ന്‌ ചിലര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെയും മറ്റും സന്ദര്‍ശിക്കുന്നതിന്‌ മുഖ്യമന്ത്രി ദില്ലിയില്‍ ആയിരുന്നതുകാരണം ആ ദിവസം മുഖ്യമന്ത്രിയെ ബന്ധപ്പെടുന്നതിന്‌ ഈ പൊതുപ്രവര്‍ത്തകര്‍ക്ക്‌ ഏറെ ക്ലേശം സഹിക്കേണ്ടി വന്നുവെന്നാണ്‌ മനസിലാക്കാന്‍ കഴിയുന്നത്‌. പ്രധാനമന്ത്രിക്കു പുറമെ മറ്റുചില കേന്ദ്രമന്ത്രിമാരെ കൂടി മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നല്ലോ. സംഭവദിവസം വളരെ വൈകിയാണെങ്കിലും ദില്ലിയില്‍ നിന്നുതന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുകയും ഇപ്പോഴത്തെ നടപടി തുടരരുതെന്ന്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തുവെന്നാണ്‌ ഈ പൊതുപ്രവര്‍ത്തകരില്‍ നിന്ന്‌ പിന്നീട്‌ മനസിലാക്കാന്‍ കഴിഞ്ഞത്‌. മാത്രവുമല്ല ദില്ലിയില്‍ നിന്ന്‌ തിരിച്ചെത്തിയ ശേഷം ഈ കുടിയൊഴിപ്പിക്കലിനെതിരെ രംഗത്തെത്തിയ അജിതയടക്കമുള്ള പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകരെ മുഖ്യമന്ത്രി ബന്ധപ്പെടുകയും പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തിക്കഴിഞ്ഞതായി അറിയിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അജിത തന്നെ ശനിയാഴ്‌ച ജനശക്തിയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ ആരെയെങ്കിലും രക്ഷിക്കുന്നതിനോ എന്തെങ്കിലും മറച്ചു പിടിക്കുന്നതിനോ അല്ല ജനശക്തി ഈ വസ്‌തുതകള്‍ ഇവിടെ വെളിപ്പെടുത്തുന്നത്‌. ഈ പ്രശ്‌നം ഒത്തുതീര്‍പ്പാവുന്നില്ലെങ്കില്‍ ജനശക്തിയുടെ അടുത്തുപുറത്തിറങ്ങുന്ന ലക്കത്തില്‍ അതിശക്തമായ രീതിയില്‍ പ്രതികരിക്കണമെന്നു തന്നെയായിരുന്നു ഞങ്ങള്‍ ആലോചിച്ചിരുന്നത്‌. പൊതുമുതല്‍ കവര്‍ന്നെടുക്കകയും ജനങ്ങളുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കുകയും അധികാരദണ്ഡുപയോഗിച്ച്‌ കുടിയൊഴിപ്പിക്കലടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ മുഖം നോക്കാതെ തന്നെ ജനശക്തി ഇതേവരെയുള്ള ലക്കങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്‌.

മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെയും ഈ വിമര്‍ശനം പലവട്ടം ഉയര്‍ത്തിയിട്ടുണ്ട്‌. ഈ സമീപനം ഇനിയും തുടരുകയും ചെയ്യും. ഇക്കാര്യത്തില്‍ ശ്രീ ബി ആര്‍ പിയുടെ നിലപാടുകള്‍ക്ക്‌ ഒപ്പം നില്‍ക്കാനാണ്‌ ജനശക്തിയും ആഗ്രഹിക്കുന്നത്‌. അതേസമയം ശ്രീ ബി ആര്‍ പി ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇടയാക്കിയ ബ്ലോഗര്‍ ഇത്തരം വിഷയങ്ങളില്‍ സ്വീകരിച്ചുകാണാറുള്ള നിലപാടുകള്‍ പലപ്പോഴും ഏതെങ്കിലും പക്ഷത്തിനു വേണ്ടിയുള്ളതാണോ എന്ന്‌ പ്രഥമദൃഷ്ട്യാ തന്നെ സംശയിക്കേണ്ട സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ സദുദ്ധേശപരമല്ലാത്ത വിമര്‍ശനങ്ങള്‍ നിരന്തരം ബ്ലോഗുകളില്‍ കൂടി നടത്തിക്കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. അതില്‍ അദ്ദേഹത്തിന്‌ ഉള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ പല കാര്യങ്ങളിലും അവസാന വിധിതീര്‍പ്പിലെത്തുമ്പോള്‍ ഈ ഘടകം നമുക്ക്‌ വിസ്‌മരിക്കാനുമാവില്ല.

Saturday, February 9, 2008

വല്ലാര്‍പാടം കുടിയൊഴിപ്പിക്കല്‍

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥവൃന്ദം വമ്പിച്ച സന്നാഹത്തോടെ ചെന്നു കൊച്ചിയില് ഏതാനും കുടോംബങ്ങളെ കുടിയൊഴിപ്പിക്കുകയുണ്ടായി. വല്ലാര്പാടം പദ്ധതി വരുമ്പോഴേക്കും ആവശ്യമായ നാല് വരി പാതക്കുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായിരുന്നത്രേ ഈ നടപടി. ചെന്നൈയില് എനിക്ക് കാണാന് കഴിഞ്ഞ പതങ്ങളില് ഇക്കാര്യം കണ്ടില്ല. കെ.അജിതയില് നിന്നാണ് ഞാന് ഇതേക്കുറിച്ച് അറിഞ്ഞത്. ഒരു ചെറിയ പ്രതിഷേധക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നു അജിത അറിയിച്ചു. ആ പ്രതിഷേധത്തില് പങ്കു ചേരാന് തയ്യാറാണെന്ന് ഞാന് പറഞ്ഞു.

അടുത്ത ദിവസം കിരണ് തോമസ് തോമ്പില് ഈ വിഷയത്തെക്കുറിച്ച് മരീച്ചന് എഴുതിയ "വിവാദങ്ങളില് രമിക്കുന്ന അറുവഷളന് ഭരണം" എന്ന ബ്ലോഗ് പോസ്റ്റ് എന്റെ ശ്രദ്ധയില് പെടുത്തി.

ഇപ്പോള് ഈ കാര്യം ഇവിടെ എഴുതാന് കാരണം കിരണ് തോമസ് തോമ്പില് അയച്ച ഒരു സന്ദേശം ആണ്. അത് താഴെ കൊടുക്കുന്നു.

ബി.അര്.പി.
എന്റ ചില സംശയങ്ങള് ഈ അവസരത്തില് പങ്കുവയ്ക്കട്ടേ.1) എന്തുകൊണ്ട് ഈ വിഷയത്തിന് മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല. മാധ്യമങ്ങള് മറ്റ് വിവാദ വിഷയങ്ങള് കൈകാര്യം ചെയ്യുന്ന രീതിയില് ഈ വിഷയം കൈകാര്യം ചെയ്താല് കേരളത്തില് ഇതിനെതിരെ ഒരു പൊതു വികാരം ഉണ്ടാകില്ലേ. വെടിയുണ്ട വിവാദത്തിനും പൂമൂടല് വിവാദത്തിനും ലഭിക്കുന്ന പ്രാധാന്യം എന്തുകൊണ്ട് ഇതിനില്ലാതെ പോകുന്നു. 2) എന്താണ് ഈ വിഷയത്തില് വി.എസിന്റെ നിലപാട്. സമരക്കാര്ക്ക് നേതൃത്വം നല്കുന്ന സി.അര്. നീലകണ്ഠനും സാറാ ജോസഫിനും താങ്കള്ക്കുമൊക്കെ ഈ വിഷയം വി.എസിനേ ധരിപ്പിക്കാന് കഴിയാതെ പോകുന്നത് എന്തുകൊണ്ട്. കാരണം വി.എസിന് വേണ്ടി അദ്ദേഹത്തിന്റെ നിലപാടുകള്ക്ക് ചാനലുകള് തോറും കയറി ഇറങ്ങുന്നവര്ക്ക് ഇതില് വി.എസ്. നിലപാട് പറയണം എന്ന് ഉറക്കെപ്പറയാന് എന്താണ് ബുദ്ധിമുട്ട്. പണ്ട് അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോള് ഈ സമരങ്ങളില് അദ്ദേഹം പങ്കാളി ആയിരുന്നല്ലോ. എന്നാല് സ്മാര്ട്ട് സിറ്റിക്ക് വേന്റിയുള്ള് കുടി ഒഴിപ്പിക്കലായാലും വല്ലാര്പ്പാടമായലും അദ്ദേഹം ഇപ്പോള് മൌനം പാലിക്കുന്നു. എന്നാല് അദ്ദേഹത്തിന്റെ മൌനത്തെ എന്തെ ആരും ചോദ്യം ചെയ്യാത്തത്. അദ്ദേഹത്തിന്റെ ഇമേജിനെ ഇത് ബാധിക്കും എന്ന് തോന്നിയാല് അദ്ദേഹം ഇടപെടില്ലെ. എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല. 3) തീവ്ര കമ്യുണിസ്റ്റുകള് എന്ന് അവകാശപ്പെടുന്ന ജനശക്തിക്കാരു പോലും ഇതില് മൌനം പാലിക്കുകയാണോ. പിണറായി പക്ഷത്ത് നിന്ന് ഒരു ഇരയെ ലഭിച്ചാല് മാത്രമേ തീവ്ര ഇടത് പക്ഷക്കാര്ക്ക് ഇത് വിഷമാകുകയുള്ളോ?

എസ്ടാബ്ലിഷ്മെന്റിന്റെ ചില പൊതു താല്പര്യങ്ങളുണ്ട്. അവയുടെ കാര്യത്തില് മാദ്ധ്യമങ്ങള് ഒന്നിക്കുന്നു. വല്ലാര്പാടം കുടിയൊഴിപ്പിക്കല് മാധ്യമങ്ങള് പൂഴ്ത്തിയത് ഈ പദ്ധതി എസ്ടാബ്ലിഷ്മെന്ട്ട് സ്വന്തം പദ്ധതിയായി ഏറ്റെടുത്തത് കൊണ്ടാവണം. അതില് വിമര്ശനാത്മകമായ നിലപാട് സ്വീകരിച്ചാല് വിരുദ്ധരായി മുദ്ര കുത്തപ്പെടും എന്ന ഭയം അവര്ക്കുണ്ടാവാം.

ഞങ്ങള്ക്കു കാര്യങ്ങള്‍ വി. എസിനെ ധരിപ്പിക്കാന്‍ കഴിയാതതെന്തു എന്ന് കിരണ്‍ ചോദിക്കുന്നു. എന്റെ കാര്യമേ എനിക്ക് പറയാനാകൂ. ഞാന് സാധാരണഗതിയില്‍ ഈ വക കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് ലേഖനങ്ങള്‍, പ്രസ്താവനകള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെയാണ്. നേരിട്ടു ഭരണാധികാരികളുമായി ബന്ധ പ്പെടുന്നത് അപൂര്‍വമായി മാത്രം. അത് ഏതെങ്കിലും സംഘടനയോ മറ്റോ നിവേദനം നടത്താന്‍ തീരുമാനിക്കുകയും അതില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്യുമ്പോള്‍.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി. എസ്. ചെയ്യാന്‍ ആഗ്രഹിച്ചതൊക്കെ ചെയ്യാന്‍ എസ്ടാബ്ലിഷ്മെന്ട്ട് മുഖ്യ മന്ത്രിയായ വി. എസിനെ അനുവദിക്കില്ലെന്നു ഇതിനകം വ്യക്ത മായിട്ടുണ്ടല്ലോ.

Friday, February 8, 2008

ചൂട് ആറ് ഡിഗ്രി കൂടിയാല്‍ എന്ത് സംഭവിക്കും?

ആഗോള താപനിലയിലെ വര്‍ദ്ധനവിനെക്കുറിച്ച് ആശന്ക നിലനില്‍ക്കുന്നതിനിടയില്‍ നാഷണല്‍ ജോഗ്രഫിക് ഓരോ ഡിഗ്രിയുടെ വര്‍ദ്ധനവും എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക: How 6° CouldChange Our World

Thursday, February 7, 2008

കരിനിഴലുകള്‍ കഥ പറയുന്നു

എച്ച്.എം.ടി. ഭൂമി ഇടപാട് അസ്ഥിരപ്പെടുതുന്നതിനു തടസ്സം നില്‍കുന്നവരുടെ മനസ്സും കൈകളും ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കേരള കൌമുടിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഇന്നത്തെ ലേഖനം ഈ വിഷയത്തെക്കുറിച്ചാണ്.

"കരിനിഴലുകള്‍ കഥ പറയുന്നു" http://www.keralakaumudi.com/.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

Wednesday, February 6, 2008

ബംഗാളില്‍ ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ ബന്ദ്

മുപ്പതില്‍ പരം കൊല്ലങ്ങളായി പശ്ചിമ ബംഗാള്‍ ഭരിക്കുന്ന ഇടതു മുന്നണിയിലെ ഒരു ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലൊക് ആഹ്വാനം ചെയ്ത ബന്ദ് ഇന്നു ജനജീവിതം സ്തംഭിപ്പിച്ചു.

ഇതു സംബന്ധിച്ച ഒരു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്ട്ട് ഇവിടെ.

ബ്ലോഗര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ഇവിടെ

Sunday, February 3, 2008

ജാതിയും ലിംഗനീതിയും കേരളത്തില്‍

കണ്ണൂര്‍ പയ്യനൂരിലെ ചിത്ര ലേഖയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ നടത്തിയ ഒരു പഠനത്തിന്‍റെ റിപ്പോര്‍ട്ട് ലഭ്യമായിരിക്കുന്നു.

വിശദ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ Chithra Lekha.doc കാണുക.

Saturday, February 2, 2008

കരഞ്ജിയക്ക്‌ ആദരാഞ്ജലികള്‍

ബ്ലിട്സ് ആഴ്ച്ചപ്പതിപ്പിന്റെ സ്ഥാപക പത്രാധിപര്‍ ആര്‍. കെ. കരഞ്ജിയക്ക്‌ ആദരാഞ്ജലികള്‍.
എനിക്ക് വ്യക്തിപരമായി കടപ്പാടുള്ള ഒരു പത്രാധിപരായിരുന്നു അദ്ദേഹം. ആ കടപ്പാടിന്റെ കഥ ഞാന്‍ BHASKAR ബ്ലോഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജനയുഗം പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരഞ്ജിയയെക്കുരിച്ച് ഒരു ചെറു കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുണ്ട്. അത് നാളത്തെ പത്രത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

Friday, February 1, 2008

ഒറീസ്സയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക

ഒറീസ്സയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ഓണ്‍ലൈന്‍ പെടിറേന്‍ റവ. എം. മധു ചന്ദ്ര തുറന്നിട്ടുണ്ട്. ആ ആവശ്യത്തെ പിന്തുണക്കുന്നവര്‍ക്ക് അവിടെ ഒപ്പിടാവുന്നതാണ്. http://www.PetitionOnline.com/orissa/