Monday, December 29, 2008

സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബാംസെഫ്

സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടീ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നാണ് ബാംസെഫ് സ്വയം വിശേഷിപ്പിക്കുന്നത്.
ബാംസെഫ് എന്നത് ചുരുക്കപ്പേരാണ്. ആള്‍ ഇന്‍ഡ്യാ ബാക്ക്‍‌വേര്‍ഡ് (എസ്.സി, എസ്.ടി, ഒ.ബി.സി) ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എം‌‌പ്ലോയീസ് ഫെഡറേഷന്‍ എന്നാണ് മുഴുവന്‍ പേര്.

ദലിതര്‍, ആദിവാസികള്‍, മറ്റ് പിന്നോക്ക സമുദായങ്ങള്‍, പരിവര്‍ത്തിത ന്യൂനപക്ഷ സമുദായങ്ങള്‍ എനീ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാസമ്പന്നരായ ജീവനക്കാരുടെ സംഘടനയാണിത്. ഛത്രപതി ശിവാജി, ജ്യോതിറാവു ഫൂലെ, ബാബാസാഹെബ് അംബേദ്കര്‍, പെരിയാര്‍ ഇ.വി.രാമസ്വാമി, ബിര്‍സ മുണ്ട തുടങ്ങിയവരുടെ ജീവിതദൌത്യത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു ബ്രാഹ്മണിസത്തിന്റെ അന്തസത്തയായ അസമത്വം തുടച്ചുമാറ്റി മനുഷ്യത്വത്തിലും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നീ തത്ത്വങ്ങളിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹികക്രമം സ്ഥാപിക്കുകയെന്നതാണ് സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. ഈ പ്രക്രിയയിലൂടെ മാത്രമെ ഇന്ത്യയിലെ മൂലനിവാസികളായ ബഹുജനങ്ങളുടെ വിമോചനം സാദ്ധ്യമാകൂ എന്ന് അത് വിശ്വസിക്കുന്നു. വിദ്യാഭ്യാസം നേടിയവരെന്ന നിലയ്ക്ക് സ്വജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് ബാംസെഫ് അംഗങ്ങള്‍ വിശ്വസിക്കുന്നു.

മുപ്പത് കൊല്ലം മുമ്പാണ് ബാംസെഫ് പ്രവര്‍ത്തനം ആരംഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ 1978 ഡിസംബറില്‍ സംഘടന ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അടുത്ത കൊല്ലം ഡിസംബറില്‍ നാഗപ്പൂരില്‍ ആദ്യ ദേശീയ സമ്മേളനം നടന്നു. ഇക്കൊല്ലം അതേ നഗരത്തില്‍ ഇരുപത്തിയഞ്ചാം ദേശീയ സമ്മേളനം നടക്കുന്നു. (ഇടയ്ക്ക് അഞ്ചു കൊല്ലം എന്തുകൊണ്ടൊ സമ്മേളനങ്ങള്‍ ഉണ്ടായില്ല.) രജത ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ ബാംസെഫ് ഭാരവാഹികള്‍ എന്നെയാണ് ക്ഷണിച്ചത്.

നാലു ദിവസത്തെ സമ്മേളനം ഡിസംബര്‍ 27ന് ഞാന്‍ ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ 3,000 പ്രതിനിധികളാണ് അതില്‍ പങ്കെടുക്കുന്നത്. അക്കൂട്ടത്തില്‍ കേരളത്തില്‍നിന്ന് ആരുമില്ല.

വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഇവയാണ്:
മൂലനിവാസി സംസ്കാരം തിരിച്ചറിയുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും നേര്രിടുന്ന വെല്ലുവിളികള്‍.
മൂലനിവാസി ബഹുജന സമൂഹത്തിന് സാമ്പത്തിക നീതി ഉറപ്പാക്കുന്നതില്‍ ഇപ്പോഴത്തെ ദേശീയ സാമ്പത്തികനയം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍.
ബ്രാഹ്മണ തീവ്രവാദം മറ്റെല്ലാ തീവ്രവാദങ്ങളേക്കാളും അപകടകരമാണ്.
എന്‍.ആര്‍.ഐ. സെഷന്‍: ഫൂലെ അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പ്രവാസികള്‍ക്കുള്ള ചുമതല.
ആദിവാസികളുടെ നിര്‍ബ്രാഹ്മണീകരണവും സാമൂഹിക സാമ്പത്തിക മോചനവും.
സംവരണത്തിലെ ഉപജാതിവുഭജനം: മൂലനിവാസികളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചന.
ബാംസെഫിന്റെ പോഷക സംഘങ്ങളുടെ കര്‍മ്മ പരിപാടിയും ഉത്തരവാദിത്വവും.

ബാംസെഫിന്റെ ആസ്ഥാനം ന്യൂ ഡല്‍ഹിയാണ്.
മേല്‍‌വിലാസം:
BAMCEF, 10795 Phulwali Gali, Manak Pura, Karol Bagh, New Delhi 110005.
Fax 011-23614369
e-mail: feedback@bamcef.org
website: www.bamcef.org

ബാംസെഫ് സമ്മേളനത്തില്‍ ഞാന്‍ നടത്തിയ ഉത്ഘാടന പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം BABU BHASKAR Google Groupല്‍ വായിക്കാവുനതാണ്.

Wednesday, December 17, 2008

ഭീകരപ്രവര്‍ത്തനകാലത്തെ മനുഷ്യാവകാശങ്ങള്‍

മുംബായ് ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് രണ്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാര്‍ ഉത്ഘാടനം ചെയ്യവെ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്ത് മനുഷ്യാവകാശങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് പറയുകയുണ്ടായി.

സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ കാലത്തും മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ജ. ബാലകൃഷ്ണന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ദ് ഹിന്ദു ഇന്നലെ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലേക്ക് എല്ലാ സുഹ്റൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു.

ദ് ഹിന്ദുവിലേക്ക്

Monday, December 15, 2008

അഭയ കേസ്: പള്ളിയുടെ ഇടപെടലുകളെ എ.എച്ച്.ആർ.സി വിമർശിക്കുന്നു

അഭയ കൊലക്കേസിൽ രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണ ഏജൻസിക്കെതിരെ ക്രൈസ്തവ മതമേധാവികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണത്തെ ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്ന മനുഷ്യാവകാശ സംഘടന നിശിതമായി വിമർശിച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് എ.എച്ച്.ആർ.സി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം BHASKAR ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, December 10, 2008

ഇന്ന് മനുഷ്യാവകാശദിനം

ഐക്യരാഷ്ട്രസഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചിട്ട് 60 വര്‍ഷമാകുന്നു. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനുമിടയിലുമുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം നീണ്ടുപോയ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ക്രിസ്മസിനു പിരിയുന്നതിനു തൊട്ടുമുമ്പായി 1948 ദിസംബര്‍ 10ന് യു.എന്‍. ജനറല്‍ അസംബ്ലി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയായിരുന്നു.

അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പ്രതികൂല സാഹചരുങ്ങള്‍ നിമിത്തം ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്നം മനുഷ്യാവകാശങ്ങളുടെ സാര്‍വലൌകിക സ്വഭാവത്തെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയാണ്. ഭരണാധികാരികള്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ പോലും പലപ്പോഴും മനുഷ്യാവകാശങ്ങളെ കാണുന്നത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാവുന്നതും ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാവുന്നതുമായ ആനുകൂല്യങ്ങളായാണ്. ഓരോരുത്തരും അവരവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കാനും തയ്യാറാകുമ്പോള്‍ മാത്രമെ മനുഷ്യാവകാശങങള്‍ ഉറപ്പാക്കാനാവൂ.

Friday, December 5, 2008

ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവും

‘ഭീകരവാദികള്‍ക്ക് എന്ത് മനുഷ്യാവകാശം?‘ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്.

അടുത്തകാലാംവരെ ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിയിരുന്നത് ഹിന്ദു വോട്ട് സമാഹരണം ലക്ഷ്യമിട്ട് തീവ്രവാദം ഇസ്ലാമിക പ്രവര്‍ത്തനമാണെന്ന തരത്തില്‍ പ്രചാരണം നടത്തിവന്നിരുന്ന സംഘ പരിവാര്‍ സംഘടനകളാണ്. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിച്ചത് ഹിന്ദുക്കളാണെന്ന നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ എത്തുകയും സംഘ പരിവാര്‍ ബന്ധമുള്ള ഏതാനും ‌പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ അവരുടെ നിലപാടില്‍ ഒരു ചെറിയ മാറ്റമുണ്ടായി. ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അവര്‍ പരാതികള്‍ ഉന്നയിച്ചുതുടങ്ങി. ഭീകരര്‍ക്ക് മതമില്ലെന്ന് പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി.

പൊലീസ് ഐ.ജി. ഡോ. ബി. സന്ധ്യ ‘ഭീകരവാദം നേരിടാന്‍ ജാഗ്രത’ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചില മനുഷ്യാവകാശ സംഘടനകളുടെയെങ്കിലും പ്രവര്‍ത്തനം ഭീകരവാദികള്‍ക്ക് സഹായകമാണെന്ന ദു:സൂചനയുണ്ട്. സന്ധ്യ എഴുതുന്നു: “ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നാം സശ്രദ്ധം വീക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെക്കുറിച്ചും സുരക്ഷാ ഏജന്‍സികളെക്കുറിച്ചും വളരെ മോശമായ അഭിപ്രായം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാക്കാന്‍ ശ്രമിക്കുന്നതും അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം.”

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ പരസ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഫ്രന്റ്’ സംഘടനകള്‍ ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. അത്തരം സംഘടനകളുടെ പ്രവര്‍ത്തനം എല്ലാക്കാലത്തും പൊലീസ് സശ്രദ്ധം
വീക്ഷിച്ചുപോന്നിട്ടുണ്ട്. പൊലീസിനെ കൂടാതെ ജനങ്ങളും അവയുടെ പ്രവര്‍ത്തനം സശ്രദ്ധം വീക്ഷിക്കണം എന്നാവണം സന്ധ്യ ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം തെറ്റാണെന്ന് പറയാനാവില്ല. അതേസമയം സശ്രദ്ധ വീക്ഷണം, ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ, പൊലീസിന്റെ ഒത്താശയോടെ പാര്‍ട്ടി പ്രവര്ത്തകരും ‘ജാഗ്രതാ സമിതി’കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനങ്ങള്‍ പൊലീസിനെയും മറ്റു സുരക്ഷാ ഏജന്‍സികളെയും വിലയിരുത്തുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടും അല്ലാതെയും കിട്ടുന്ന അറിവിന്റെ അടിസ്ഥനത്തിലാണ്, ഏതെങ്കിലും സംഘടനകള്‍ നടത്തുന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലല്ല. കാലാകാലങ്ങളില്‍ പുറത്തുവരുന്ന ഉരുട്ടിക്കൊലകളുടെയും പീഡനങ്ങളുടെയും കഥകള്‍ക്കപ്പുറം ആര്, എന്ത് പ്രചരണമാണ് ഇവിടെ നടത്തുന്നത്?

സന്ധ്യ എഴുതുന്നു: “നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് നാം ഏറെ വില കല്പിക്കുന്നു.” ഈ ബോധം ഉണ്ടാവുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്നിടത്തോളം ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രമുള്ളവയുള്‍പ്പെടെ ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തനവും സുരക്ഷാസേനകളെ അലോസരപ്പെടുത്തേണ്ടതില്ല. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നല്ലാതെ ഭീകരപ്രവര്ത്തനം തടയരുതെന്ന് ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല.

Monday, December 1, 2008

സി.പി.എം. സംഘ പരിവാര്‍ അജണ്ട ഏറ്റെടുക്കുന്നു

ഡല്‍ഹി സര്‍വകലാശാലാ അദ്ധ്യാപകന്‍ എസ്. എ.ആര്‍. ഗീലാനിയുടെ ആലപ്പുഴയിലെയും കൊച്ചിയിലെയും പൊതുപരിപാടികള്‍ തടഞ്ഞ പൊലീസ് നടപടി സി.പി.എം എടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ടതാണെന്ന് ന്യായമായും അനുമാനിക്കാം.

അടുത്തുവരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയസാദ്ധ്യത മെച്ചപ്പെടുത്താന്‍ പറ്റിയ മാര്‍ഗ്ഗം സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ ഹിന്ദുത്വ അജണ്ട ഏറ്റെടുക്കുകയാണെന്ന് സി.പി.എം. നേ‌തൃത്വം തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൊച്ചി അനുഭവത്തിനുശേഷം ഗീലാനി പുറപ്പെടുവിച്ച പ്രസ്താവന KERALA LETTER ബ്ലോഗില്‍ വായിക്കാവുന്നതാണ്.

Tuesday, November 25, 2008

പള്ളിയിലെ കൊലപാതകം ചർച്ചാവിഷയമാകുന്നു

കാലിഫോർണിയയിൽനിന്ന് കാർ ഓടിച്ച് ന്യൂ ജേഴ്സിയിലെത്തി സെന്റ് തോമസ് ക്നാനയ പള്ളിയിൽ വെച്ച് ഭാര്യയെയും മറ്റൊരാളെയും വെടിവെച്ചു കൊന്ന മലയാളിയെ പൊലീസ് ജോർജിയയിലെ അറ്റ്ലാന്റാ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

മലയാള ചാനലുകളും പത്രങ്ങളും ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. SAJAFORUM വെബ്സൈറ്റിൽ സംഭവം ഒരു ചർച്ചാവിഷയമായിരിക്കുന്നു. ലിങ്ക് ഇതാ

Friday, November 21, 2008

വിഴിഞ്ഞം സ്ഥലമെടുപ്പ് വിജ്ഞാപനം പിന്‍‌വലിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടത്താന്നായി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സമരപരിപാടിയും ആരംഭിച്ചിരുന്നു. ഇതെക്കുറിച്ച് കഴിഞ്ഞ മാസം ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു.

വിജ്ഞാപനം പിന്‍‌വലിക്കാന്‍ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതില്‍ സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. ആ വിജ്ഞാപനം സദുദ്ദേശ്യത്തോടെ ഇറക്കിയതല്ലെന്ന് അത് വായിച്ച ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

സര്‍ക്കാര്‍ പറയുന്നതുപോലെ ബ്രഹത്തായ ഒരു പദ്ധതിയാണിതെങ്കില്‍ കൂടുതല്‍ ഭൂമി തീര്‍ച്ചയായും വേണ്ടി വരും. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എത്ര ഭൂമി ആവശ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചശേഷം അത്രയും ഭൂമി എവിടെ എങ്ങനെ കണ്ഡെത്താം എന്നതിനെക്കുറിച്ച് പ്രദേശത്തെ ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭൂമി മാഫിയയുടെ താല്പര്യം മുന്‍‌നിര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ടാണ് എതിര്‍പ്പുണ്ടായത്. ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, November 19, 2008

അഭയ കേസില്‍ മൂന്ന് അറസ്റ്റുകള്‍

പല സംഘങ്ങള്‍ പതിനാറ് കൊല്ലത്തിലധികമായി അന്വേഷണം നടത്തിയിട്ടും എങ്ങും എത്താതെ നിന്ന അഭയ കൊലക്കേസില്‍ സി.ബി.ഐ. ഒടുവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടു പാതിരിമാരും ഒരു കന്യാസ്ത്രീയുമാണ് പ്രതികളെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ കേസിന്റെ അന്വേഷണത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് വിശ്വസിക്കാന്‍ വകയുണ്ട്. ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ തേളിവുകള്‍ നശിപ്പിച്ചതായ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അഭയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എഴുതി കേസ് ഒതുക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

തേഞ്ഞുമാഞ്ഞുപോകുമെന്നു കരുതിയ കേസ് വിചാരണ ഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാവുന്ന അവസ്ഥ ഉണ്ടാക്കിയെടുത്തതിന് ജോമോന്‍ പുത്തന്‍പുരയ്ക്കലിനും ഹൈക്കോടതിക്കുമാണ് നന്ദി പറയേണ്ടത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. ആ നിലയ്ക്ക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ നിരത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയുമോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്.

Tuesday, November 18, 2008

അച്ചടിമാദ്ധ്യമങ്ങള്‍ നടത്തുന്ന പകര്‍പ്പവകാശലംഘനം

രാജ് നീട്ടിയത്ത് എന്‍.പി.രാജേന്ദ്രനും എനിക്കുംഅയച്ച ഒരു മെയില്‍ ചുവടെ ചേര്‍ക്കുന്നു. അച്ചടി മാദ്ധ്യമങ്ങള്‍ ബ്ലോഗുകളില്‍ വരുന്ന ലേഖനങളും പടങ്ങളും പകര്‍പ്പവകാശനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്നു എന്ന് രാജ് ചൂണ്ടിക്കാണിക്കുന്നു. ചോദിച്ചുവാങ്ങുന്ന ലേഖനങ്ങള്‍ക്കുപോലും പ്രതിഫലം നല്‍കാത്ത പ്രസിദ്ധീകരണങ്ങളുണ്ട്. ദൃശ്യമാദ്ധ്യമങ്ങളും ഈ വിധത്തില്‍ ചൂഷണം നടത്തുന്നുണ്ട്. ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’ എന്ന ആശയം കാശു കൊടുക്കാതെ ആളുകളുടെ സേവനം സംഘടിപ്പിക്കുന്ന പരിപാടിയാണ്. ഈ പ്രശ്നത്തിന് പ്രായോഗികമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ എനിക്കാവുന്നില്ല. പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിനെ പ്രായോഗിക പദ്ധതിയായി കാണാനാവില്ല. ആര്‍ക്കെങ്കിലും പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കാന്നുണ്ടോയെന്ന് അറിയാനാണ് രാജ് നീട്ടിയത്തിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ മെയില്‍ ഇവിടെ ചേര്‍ക്കുന്നത്.

അഭിവന്ദ്യരെ,

മലയാളത്തിലെ മുഖ്യധാരാ അച്ചടിമാധ്യമങ്ങൾ തങ്ങളുടെ കഴിവുകേടാലോ അശ്രദ്ധയാലോ തുടർന്നുപോരുന്ന കണ്ടന്റ് മോഷണത്തെ കുറിച്ചൊരു ഇമെയിലാണിത്. നിങ്ങൾ ഇരുവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ബ്ലോഗെഴുതുന്ന മുതിർന്ന പത്രപ്രവർത്തകരാകയാൽ ഒരു അപേക്ഷയെന്നോളം ചിലകാര്യങ്ങൾ ധരിപ്പിക്കുവാനുണ്ട്. തുടർന്നു വായിക്കുവാൻ താല്പര്യപ്പെടുമെന്നു കരുതട്ടെ,

ബ്ലോഗുകളുടെയും മറ്റു നവ ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെയിലും പ്രൊഫഷണലുകളോടു കിടപിടിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളുമായി പല ബ്ലോഗെഴുത്തുകാരും മലയാളികളിലുണ്ട്. ഇവരുടെ ചിത്രങ്ങളും മറ്റും പലപ്പോഴും മുഖ്യധാരയിലെ അച്ചടിമാധ്യമങ്ങൾ പകർപ്പവകാശനിയമങ്ങൾ ലംഘിച്ചുകൊണ്ടു അനുവാദമില്ലാതെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ചേർക്കുക പതിവായിരിക്കുകയാണ്. പേരെടുത്തു ഒരു പ്രസിദ്ധീകരണത്തെക്കുറിച്ചും പറയുവാനാഗ്രഹിക്കുന്നില്ലെങ്കിലും അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളിൽ എന്നപോലെയാണു കാര്യങ്ങൾ. ഇന്ത്യയിലെ ഐ.ടി / ബൗദ്ധികസ്വത്തവാകശ നിയമങ്ങൾ അവയുടെ ബാല്യദശയിലാകയാൽ നിയമപരമായി കോടതികളുടെ സഹായം തേടുവാനും നേരാംവണ്ണം സാധിക്കുന്നില്ല, പലപ്പോഴും പകർപ്പവകാശ ലംഘനത്തിനു വിധേയരായവർ കേരളത്തിലെ സ്ഥിരതാമസക്കാരാവുകയുമില്ല. ഇന്റർനെറ്റിൽ ചെറുതായി ഒന്നു പരതിയാൽ, തെയ്യത്തിന്റേയും നെല്ലുകൊയ്യുന്നവരുടേയും ചിത്രങ്ങൾ ലഭിക്കുവാൻ എളുപ്പമാകുമ്പോൾ ഒരു സ്റ്റോക്ക് ഇമേജ് തേടിപ്പോകേണ്ടതിന്റെ ആവശ്യമെന്തെന്നു കരുതുകയാണെന്നു തോന്നുന്നു അച്ചടിമാധ്യമരംഗത്തെ പ്രൊഫഷണലുകൾ. സ്ഥിരോത്സാഹത്തോടെ ചിത്രങ്ങളെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണു അവർക്കു നേരെയുള്ള പകർപ്പവകാശ ലംഘനങ്ങൾ. നെറ്റിൽ ലഭിക്കുന്ന ചിത്രങ്ങൾ അനുമതി കൂടാതെ ആർക്കും ഉപയോഗിക്കുവാൻ കഴിയുന്നതല്ല എന്നു അറിയാത്തതിനാലുള്ള പ്രശ്നമാണോ ഇതെന്നും തീർച്ചയില്ല. എന്തു തന്നെയായാലും ഇത്തരം ഒട്ടനവധി സംഭവങ്ങൾ പല ബ്ലോഗ് സുഹൃത്തുക്കളും പങ്കുവച്ചു കാണുന്നു.

ഒരു സംഭാഷണത്തിലൂടെ ചിലപ്പോൾ പരിഹരിക്കുവാൻ പറ്റാവുന്നതായേക്കും ഈ പ്രശ്നമെന്നു തോന്നുന്നു. പ്രസ്സ് കൗൺസിൽ, പത്രപ്രവർത്തകസംഘടനകൾ, അച്ചടി മാധ്യമങ്ങൾ പങ്കുവയ്ക്കുന്ന മറ്റിടങ്ങൾ എന്നിവയിൽ ഇന്റർനെറ്റിൽ നിന്നും പ്രത്യേകിച്ചും ബ്ലോഗുകളിൽ നിന്നും ചിത്രങ്ങളും ലേഖനങ്ങളും പകർത്തുന്നതിന്റെ എത്തിക്സിനെ കുറിച്ചു നിങ്ങൾ ഇരുവരേയും പോലുള്ള മുതിർന്ന പത്രപ്രവർത്തകർക്കു സംസാരിക്കുവാൻ സാധിക്കുകയാണെങ്കിൽ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നു തന്നെ പ്രത്യാശിക്കുന്നു. പകർപ്പവകാശലംഘനം നിയമപരമായി ഗുരുതരമായ കുറ്റമാണെങ്കിലും മാധ്യമങ്ങൾ യാതൊരു കൂസലുമില്ലാതെ അതു തുടരുന്നതു കാണുന്നതിൽ ഖേദമുണ്ട്, നല്ലൊരു മാറ്റം പ്രതീക്ഷിച്ചുകൊള്ളുന്നു.

സ്നേഹാദരങ്ങളോടെ,

രാജ് നീട്ടിയത്ത്

Monday, November 17, 2008

ഒരു ഗ്രാമം ചന്ദ്രദൌത്യ വിജയം ആഘോഷിക്കുന്നു

രാഷ്ട്രപതിയും പ്രധാന മന്ത്രിയും മുതല്‍ താഴോട്ട് എല്ലാവരും ചന്ദ്രദൌത്യത്തിന്റെ വിജയത്തില്‍ ബഹിരാകാശ ശാസ്ത്രഞ്ജന്മാരെ അഭിനന്ദിച്ചു. രാജ്യമൊട്ടുക്കുള്ള ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു. പക്ഷെ കോയമ്പത്തൂരിനടുത്തുള്ള കോത്തവാടി ഗ്രാമത്തിലെ ജനങ്ങളെപ്പോലെ ഒരാഘോഷം മറ്റാരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല.

ചന്ദ്രയാന്‍-ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായ എം. അണ്ണാദുരൈയുടെ ജന്മനാടാണ് ആ ഗ്രാമം. ഹിന്ദു പത്രത്തിന്റെ ചെന്നൈ എഡിഷനില്‍ കണ്ട റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു പതിറ്റാണ്ടിനുശേഷം ഇന്നലെ (ഞാറ്യറാഴ്ച)ഗ്രാമത്തിലെത്തിയ അണ്ണാദുരൈയെയും ഭാര്യയെയും സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കമെത്തി. കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന തെരുവിലൂടെ അവര്‍ അതിഥികളെ നാഗസ്വരത്തിന്റെ അകമ്പടിയോടെ ആനയിച്ചു. സ്ത്രീകള്‍ അണ്ണാദുരൈയെ കുങ്കുമം അണിയിച്ചു. “ചന്ദ്രയാന്‍ അയച്ച ശാസ്ത്രഞ്ജന്‍ നീണാള്‍ വാഴട്ടെ” എന്ന മുദ്രവാക്യം ഗ്രാമത്തില്‍ മുഴങ്ങിക്കേട്ടു.

അണ്ണാദുരൈ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച പഠിച്ച പഞ്ചായത്ത് സ്കൂളിലായിരുന്നു സ്വീകരണയോഗം. നാലാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും അണ്ണാദുരൈയുടെ അധ്യാപകനായിരുന്ന എ.ആര്‍. നടരാജന്‍ പറഞ്ഞു: “അണ്ണാദുരൈയുടെ അധ്യാപകരാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”

ഈ ഗ്രാമമാണ് തനിക്ക് അടിത്തറ നല്‍കിയതെന്ന് അണ്ണാദുരൈ പറഞ്ഞു. “വിദേശത്ത് പോകേണ്ട കാര്യമില്ല. നമുക്ക് ഇവിടെത്തന്നെ പലതും നേടാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, November 16, 2008

സ്ത്രീസമത്വം എത്ര അകലെ

വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിക്കുന്ന ‘ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്ട്ട്‘ അനുസരിച്ച്, ഇക്കൊല്ലം പഠനവിധേയമായ 130 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 113 ആണ്.

നോര്‍‌വേ, ഫിന്‍‌ലന്‍ഡ്, സ്വീഡന്, ഐസ്‌ലന്‍ഡ് എനീ നോര്‍ഡിക് രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും പദവികള്‍ തമ്മിലുള്ള വിടവ് ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.

സ്ത്രീപുരുഷ സമത്വത്തില്‍ ഏറ്റവും മുന്പില്‍ നില്‍ക്കുന്ന ഏഷ്യന്‍ രാജ്യം ഫിലിപ്പീന്‍സ് ആണ്. ആഗോളതലത്തില്‍ അത് ആറാം സ്ഥാനത്ത് നില്‍ക്കുന്നു. ആദ്യ 20 സ്ഥാനങ്ങളില്‍ മറ്റൊരു ഏഷ്യന്‍ രാജ്യം കൂടിയേയുള്ളു. അത് പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശ്രീലങ്കയാണ്. രണ്ടു രാജ്യങ്ങളും ഈ സ്ഥാനങ്ങള്‍ മൂന്ന് കൊല്ലമായി തുടര്‍ച്ചയായി നിലനിര്‍ത്തിവരികയാണ്`.

ചൈനയുടെ സ്ഥാനം 57 ആണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശും (90) മാല്‍ഡീവ്സും (91) ഇന്ത്യയുടെ മുന്നിലാണ്. നേപാളും (120) പാകിസ്ഥാനും (127) ഇന്ത്യക്ക് പിന്നിലും. കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് ഇന്ത്യയില്‍ സ്ത്രീപദവി മെച്ചപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശ്വാസപ്രദമാണ്.

ഓരോ രാജ്യവും വിഭവങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില് എങ്ങനെ വിഭജിക്കുന്നുവെന്നതിനെ ആസ്പദമാക്കി തയ്യാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിലാണ്`അതിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാണെങ്കിലും കേരളം വികസിത പാശ്ചാത്യരാജ്യങ്ങളോടൊപ്പമാണ് നില്‍ക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ സ്ത്രീപദവിയുടെ കാര്യത്തില്‍ അതാണ് അവസ്ഥയെന്ന് തോന്നുന്നില്ല.

ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുള്ളവര്‍ വേള്‍ഡ് എക്കണോമിക് ഫോറം വെബ്സൈറ്റ് കാണുക.

Wednesday, November 12, 2008

പി.എസ്.സിയിലെ ലൈംഗിക പീഡനം

ലൈംഗിക പീഡനാ‍ാരോപണം ഉന്നയിച്ച പബ്ലിക് സര്‍വീസ് കമ്മിഷന്‍ ജീവനക്കാരിയയ ഗീതയുടെ അനുഭവത്തെക്കുറിച്ച് പി.ഇ.ഉഷ കലാകൌമുദിയുടെ പുതിയ ലക്കത്തില്‍ എഴുതുന്നു: ഗീത എഴുതിയ പി.എസ്.സി.പരീക്ഷ

Monday, November 10, 2008

ആരാധകരെ തല്ലുന്ന സൂപ്പര്‍സ്റ്റാറുകള്‍?


നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ ആരാധകരെ തല്ലുന്നവരാണോ?

ഹെഡ്‌ലൈന്‍സ് ടുഡെ എന്ന ദേശീയ ചാനല്‍ ഇന്നലത്തെ ഒരു ബുള്ളറ്റിനില്‍ മോഹന്‍ലാല്‍ ഒരു ആരാധകനെ സ്റ്റേജില്‍നിന്ന് തള്ളിയിടുന്നത് കാണിക്കുകയുണ്ടായി.

ഏതാനും മാസം മുമ്പ് മമ്മൂട്ടിയും ഒരു ആരാധകനെ തല്ലിയതായി ചാനല്‍ പറഞ്ഞു. അതിന്റെ ദൃശ്യവും ചാനല്‍ കാണിച്ചു.

ചെന്നൈയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടായിരുന്നു അത്.

നമ്മുടെ ചാനലുകള്‍ ഇതെക്കുറിച്ച് എന്തു പരയുന്നെന്നറിയാന്‍ അവയുടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ നോക്കി. ഞാന്‍ കണ്ട ബുള്ളറ്റിനുകളിലൊന്നും അതെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല. നമ്മുടെ പത്രങ്ങളിലും ഒന്നും കണ്ടില്ല.

ഹെഡ്‌ലൈന്‍സ് ടുഡെ വാര്‍ത്ത തെറ്റായിരുന്നൊ? അതൊ സൂപ്പര്‍സ്റ്റാറുകളുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനായി സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് നമ്മുടെ മാധ്യമങ്ങള്‍ തീരുമാനിക്കുകയായിരുന്നോ?

Sunday, November 9, 2008

വൈദ്യുതി മന്ത്രിയുടെ വിലാപങ്ങള്‍

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അത് വിഴിഞ്ഞം പദ്ധതിയെയും മറ്റും ബാധിക്കുമെന്നും മന്ത്രി എ.കെ.ബാലന്‍.

ഈ സാഹചര്യത്തില്‍ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി ചാനല്‍ വാര്‍ത്തയില്‍ കേട്ടു.

കുറേ കാലമായി നമ്മുടെ മന്ത്രിമാര്‍ വാ തുറക്കുമ്പോഴെല്ലാം കേള്‍ക്കുന്നത് ഇത്തരത്തിലുള്ള വിലാപങ്ങളാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവരാരും പറയുന്നില്ല. എന്തെങ്കിലും ചെയ്യുന്നെങ്കിലല്ലേ പറയാനാവൂ. രണ്ട് കൊല്ലം മുമ്പ് വമ്പിച്ച പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു മോങ്ങുന്ന സര്‍ക്കാരായി അധ:പതിചിരിക്കുകയാണ്.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ബാലന്റെ ആദ്യ ചുമതല ലാവ്‌ലിന്‍ കേസ് സംബന്ധിച്ച ചില രേഖകള്‍ സി. ബി.ഐ.യുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ആവശ്യപ്പെട്ട രേഖകളെല്ലാം അധികൃതര്‍ നല്‍കിയില്ലെന്ന് സി.ബി. ഐ. ഒന്നിലധികം തവണ പറയുകയുണ്ടായി. പക്ഷെ ബാലന്‍ കുലുങ്ങിയില്ല. ഒടുവില്‍ സി.ബി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച് പരിശോധന നടത്തി ആവശ്യമുള്ളത് എടുത്തുകൊണ്ടുപോയി.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ വെളിച്ചത്തില്‍ വൈദ്യുതി ബോര്‍ഡ് പുന:സംഘടിപ്പിക്കാനുള്ള ചുമതല നിറവേറ്റാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ പടിയിറങ്ങിയത്. ആ ചുമതല നിറവേറ്റാനുള്ള ധൈര്യം ബാലനുമുണ്ടായില്ല. ആറു മാസത്തിലൊരിക്കല്‍ ഡല്‍ഹിയില്‍ പോയി പുന:സംഘടനയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുക മാത്രമാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ തവണ ഈ ആവശ്യവുമായി ചെന്നപ്പോള്‍ കേന്ദ്ര മന്ത്രി സുശീല്‍ ഷിന്‍ഡെ പറ്റില്ലെന്ന് പറഞ്ഞു. ആ പ്രശ്നം അങ്ങനെ കിടക്കുകയാണ്.

കേരളവും തമിഴ് നാടും തമ്മിലുള്ള പറമ്പിക്കുളം ആലിയാര്‍ കരാര്‍ ഒപ്പിട്ടിട്ട് 50 കൊല്ലമാകുന്നു. അതിലെ വ്യവസ്ഥകള്‍ പുതുക്കാന്‍ നമുക്കാവുന്നില്ല. ഈ കരാറിനു വളരെയൊന്നും അറിയപ്പെടാത്ത ഒരു ചരിത്രമുണ്ട്. അത് ഒപ്പിടുന്ന കാലത്ത് കെ. കാമരാജ് ആയിരുന്നു തമിഴ് നാട് മുഖ്യമന്ത്രി. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയും. കേരളത്തിന്റെ താല്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള കരാര്‍ സ്വീകരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറൊ ഇ.എം.എസിനോട് ആവശ്യപ്പെടുകയായിരുന്നു. തമിഴ് നാട്ടിലെ സി.പി.ഐ. നേതാക്കളിലൂടെയാണ് കാമരാജ് പോളിറ്റ്ബ്യൂറോയെ സ്വാധീനിച്ചത്.

ഇപ്പോള്‍ കേരളത്തെപ്പോലെ തമിഴ് നാടും വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. പക്ഷെ തമിഴ് നാട്ടിലെ വൈദ്യുതി മന്ത്രി മോങ്ങിക്കൊണ്ട് നടക്കുകയല്ല. പ്രശ്നം പരിഹരിക്കാന്‍ വഴി തേടുകയാണ്. മൊബൈല്‍ ജെനറേറ്ററുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് എവിടെയും വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുന്നതിനു കഴിവുള്ള കമ്പനികളുമായി തമിഴ് നാട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരുന്നതായി ചെന്നൈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജിങ് ഒളിമ്പിക്സിനു ചൈന ഈ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്രെ.

Saturday, November 8, 2008

ആ ഔദാര്യം ആവശ്യമായിരുന്നില്ല

‘അമ്മ‘ മക്കളെ സഹായിക്കുന്നതിന് പണം സ്വരൂപിക്കാനായി നിര്‍മ്മിച്ച ‘ട്വെന്റി 20’ എന്ന ചിത്രത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം അനാവശ്യമായിരുന്നെന്ന് തെളിഞ്ഞിരിക്കുന്നു.

ഒരുപാട് പണം ചിലവാക്കിയെടുത്ത പടത്തെ രക്ഷിക്കാന്‍, അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച്, ആദ്യ ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി.

ഒന്നാം ദിവസം 115 തിയേറ്ററുകളില്‍ നിന്നുള്ള ഈ പടത്തിന്റെ കളക്ഷന്‍ 1.74 കോടി രൂപ ആയിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് ഒരു റിക്കോര്‍ഡ് ആണത്രെ.

ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതുകൊണ്ട് ഈ സിനിമയ്ക്ക് ഉയര്‍ന്ന നിരക്കിന്റെ ഗുണം ഒരു ദിവസം മാത്രമെ ലഭിച്ചുള്ളു. രണ്ടാം ദിവസത്തെ വരുമാനം ആദ്യ ദിവസത്തേക്കാള്‍ 20 ശതമാനം കുറവായിരുന്നു. ഈ കുറഞ്ഞ തോതിലാണ് വരും ദിവസങ്ങളിലെ വരുമാനമെങ്കില്‍ പോലും ‘ട്വെന്റി 20’ മലയാളത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാകുമെന്നാണ് കരുതപ്പേടുന്നത്.

Friday, November 7, 2008

പത്രസ്വാതന്ത്ര്യത്തിനു നിരക്കാത്ത പൊലീസ് നടപടി

കണ്ണൂര്‍ പൊലീസ് ഒരു വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തേജസ് പത്രത്തിന്റെ ഒരു ലേഖകനു നോട്ടീസ് നല്‍കിയിരിക്കുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിനു നിരക്കാത്ത നടപടിയാണ്.

തേജസിന്റെ ഒരു ലേഖകന്‍ പൊലീസ് നല്‍കിയ നോട്ടീസിനെക്കുറിച്ച് ഇന്നലെ എന്നെ അറിയിക്കുകയും എന്റെ പ്രതികരണം ആരായുകയും ചെയ്തു. ഇന്നത്തെ പത്രത്തില്‍ എന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ചുവടെ ഉദ്ധരിക്കുന്നു:

വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തേണ്ഡതില്ല: ബി.ആര്‍.പി.ഭാസ്കര്‍


തിരുവനന്തപുരം: ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ പാടില്ലെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്കര്‍ പറഞ്ഞു. അതിനെ നിഷേധിക്കുന്നതരത്തിലുള്ള നടപടിയുണ്ടായാല്‍ അത് പത്രസ്വാതന്ത്ര്യത്തിനു ഹാനികരമാണ്. ഇത് പത്രപ്രവര്‍ത്തകരുടെ സംഘടന ഏറ്റെടുക്കേണ്ട പ്രശ്നമാണ്. അന്വേഷണങ്ങള്‍ക്കാവശ്യമായ വിവരം ശേഖരിക്കാനുള്ള അവകാശം പൊലീസിനുണ്ട്. അതേപോലെ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മുരുകെപ്പിടിക്കാനുള്ള അവകാശം പത്രപ്രവര്‍ത്തകനുമുണ്ട്.

Thursday, November 6, 2008

നിക്ഷേപങ്ങളില്‍ നിന്നുള്ള സി.പി.എമ്മിന്റെ വരുമാനം

സ്റ്റോക്ക് മാര്ക്കറ്റില്‍ നിക്ഷേപങ്ങളുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഈയിടെ പറയുകയുണ്ടായി. അതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ഓരോ കൊല്ലവും നിക്ഷേപങ്ങളില്‍ നിന്ന് പാര്‍ട്ടി രണ്ടു കോടി രൂപ വരുമാനമുണ്ടാക്കുന്നതായി ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രം കണ്ടെത്തി.

പാര്‍ട്ടി 2002 മുതല്‍ 2006 വരെയുള്ള കാളയളവില്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് പലിശ, ഡിവിഡന്റ് എന്നീ ഇനങ്ങളിലെ അതിന്റെ വരുമാനം ഇപ്രകാരമായിരുന്നതായി പത്രം വെളിപ്പെടുത്തി:

2002 രൂ. 1.88 കോടി
2003 രൂ. 1.17 കോടി
2004 രൂ. 2.10 കോടി
2005 രൂ. 2.15 കോടി
2006 രൂ. 1.92 കോടി

Tuesday, November 4, 2008

ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം

‘അമ്മ’യ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിക്കുന്നതും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍‌ലാലും അഭിനയിക്കുന്നതുമായ റ്റ്വെന്റി 20 എന്ന ചിത്രത്തിനു ആദ്യത്തെ ഏതാനും ദിവസം ടിക്കറ്റ് നിരക്കില് 50 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

അവശകലാകാരന്മാരെ സഹായിക്കാനാണ് ഈ ചിത്രം നിര്മ്മിക്കുന്നതെന്നും ഭാരിച്ച നിര്‍മ്മാണച്ചിലവ് തിരിച്ചുപിടിക്കാന്‍ വില വര്ദ്ധന ആവശ്യമാണെന്നും കാണിച്ച് അമ്മ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഈ തീരുമാനം ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കമാണ്. ഉപഭോക്താക്കളുടെ ചിലവില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമുള്ളവരെ സഹായിക്കാനുതകുന്ന ഒരു വഴിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. അതുണ്ടാവില്ലെന്ന് ഉറപ്പാക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കുണ്ട്. ടിക്കറ്റ് നിരക്ക് സാധരണതലത്തിലെത്തിയശേഷം മാത്രം ഈ സിനിമ കണ്ടാല് മതിയെന്ന് അവര്‍ തീരുമാനിച്ചാല്‍ മതി.

സഹായം ആവശ്യമായ കലാകാരന്മാര്‍ക്കായി പണം സംഭരിക്കാനുള്ള അമ്മയുടെ ശ്രമം പിന്തുണ അര്ഹിക്കുന്നു. അതുകൊണ്ട് ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമ്പോള്‍ നമുക്ക് ഈ ചിത്രം കാണാം. നാം ആദ്യദിവസം എത്താത്തതുകൊണ്ട് സിനിമ പൊട്ടിപ്പോകുമെന്ന ഭയമൊന്നും വേണ്ട. ആ ദിവസങ്ങളില്‍ തിയേറ്റര്‍ നിറയ്ക്കാന്‍ വേണ്ട അംഗബലം താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ട്.

എത്ര നല്ല കാര്യത്തിനായാലും വ്യക്തിയൊ സംഘടനയൊ സാമ്പത്തിക പരിമിതി മനസ്സിലാക്കാതെ പണം ചിലവാക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കില്ല.

Monday, November 3, 2008

പത്രത്തിലൂടെ പ്രചരിക്കുന്ന സംസ്കാരം

പത്രത്തിലൂടെ സംസ്കാരം പ്രചരിപ്പിക്കുന്നെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ ഏതോ പരസ്യനിര്‍മ്മാതാവിന്റെ ഭാവനയില്‍ പൊട്ടിവിടര്‍ന്ന ഒരു മുദ്രാവാക്യമായെ ഞാന്‍ അതിനെ കണ്ടുള്ളു. മതങ്ങളും ഭാഷകളും, എന്തിനു, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും, സംസ്കാരത്തിന്റെ പ്രചാരകരുടെ വേഷം കെട്ടാറുണ്ടല്ലൊ. പക്ഷെ ഒരു മതത്തില്‍ വിശ്വസിക്കുന്നവരിലും ഒരു ഭാഷ സംസാരിക്കുന്നവരിലും ഒരു രാഷ്ട്രീയകക്ഷിയില്‍ അംഗത്വമുള്ളവരിലും സാംസ്കാരികമായി വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവരുണ്ടെന്ന് മനസ്സിലാക്കാന്‍ ചുറ്റും ഓടിച്ചൊന്ന് നോക്കിയാല്‍ മതി. മതത്തിലൂടെയും ഭാഷയിലൂടെയും പ്രത്യയശാസ്ത്രതിലൂടെയും സാംസ്കാരത്തിന്റെ അംശങ്ങള്‍ കൈമാറപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനു അവയുടെ വക്താക്കള്‍ കല്പിക്കുന്ന പ്രാധാന്യമുണ്ടോയെന്ന് സംശയിക്കണം.

മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ എനിക്ക് അത് വിശ്വസനീയമായി തോന്നിയില്ല. മതങ്ങളെയും ഭാഷകളെയും രാഷ്ട്രീയപ്രസ്ഥാനത്തെങ്ങളെയും പോലെ സംസ്കാരത്തിന്റെ പ്രചാരകരെന്ന് അവകാശപ്പെടാന്നുള്ള അര്‍ഹത പത്രങ്ങള്‍ക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഇപ്പോള്‍ ആ അഭിപ്രായം ഭേദഗതി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. എന്നാല്‍ അതിന് എന്നെ പ്രേരിപ്പിച്ചത് മാത്രുഭൂമിയല്ല, മലയാള മനോരമയാണ്. കൃത്യമായി പറഞ്ഞാല്‍, മലയാള മനോരമ നവമ്പര്‍ 2നു പ്രസിദ്ധീകരിച്ച വരാപ്പുഴയില്‍നിന്നുള്ള നാട്ടുവിശേഷം: മലയാളത്തിന്റെ നിത്യകാമുകി. സെറ്റ് മുണ്ടുടുത്ത്, കൂനമ്മാവിലെ വീട്ടിലിരുന്ന് നിറഞ്ഞ ചിരിയുമായി യഥാര്‍ഥ ഈന്ണവും ചന്തവുമുള്ള മലയാളം സംസാരിക്കുന്ന തക്കാക്കോ എന്ന ജപ്പാന്‍‌കാരിയെക്കുറിച്ചാണ് ലേഖനം. കൂനമ്മാവ് മുല്ലൂര്‍ തോമസിന്റെ ഭാര്യയാണ് തക്കാക്കോ.

ലേഖകന്‍ എഴുതുന്നു:

ജപ്പാനിലെ ഒരു ബസ് ടെര്‍മിനലില്‍ 1960ലാണ് തക്കാ‍ാക്കോ തന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടിയത്. പ്രണയം പൂത്തുനിന്ന കാലത്താണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍‘ തോമസ് തക്കാക്കോയ്ക്ക് നല്‍കിയത്. കയറിന്റെ പരിഭാഷ വായിച്ചപ്പോള്‍ നാമ്പിട്ട മോഹമാണ് തക്കാ‍ാക്കോയെ തികഞ്ഞ മലയാളിയാക്കിയത്. കേരളത്തിലെത്തിയ തക്കാക്കോ കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ ഹിലാരിയയുടെ ശിക്ഷണത്തില്‍ മലയാളപഠനം തുടങ്ങി. മൂന്നു വര്‍ഷം കൊണ്ട് സംസാരിക്കാനും വായിക്കാനും എഴുതാനും പഠിച്ച് തക്കാക്കോ ഗുരുവിനെ ഞെട്ടിച്ചു.

അന്നു മുതല്‍ മലയാള മനോരമയുടെ പതിവു വായനക്കാരിയാണു താനെന്നു തക്കാക്കോ പറയുന്നു. തകഴിയുടെ അനുമതിയോടെ കയര്‍ ജപ്പാനീസ് ഭാഷയിലെക്കു തക്കാക്കോ മൊഴിമാറ്റുകയും ചെയ്തു...


വാര്‍ത്ത്കള്‍ക്ക് കൊഴുപ്പേകാന്‍ വസ്തുതകള്‍ മാറ്റിമറിക്കുന്ന ആധുനിക പത്രസംസ്കാരമാണ് മേല്‍കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍ പ്രതിഫലിക്കുന്നത്. തക്കാക്കോ കയര്‍ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെന്നത് ശരിയാവാം. പക്ഷെ തോമസ് 1960ല്‍ കാമുകിക്ക് കയറിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ വായിക്കാന്‍ കൊടുത്തെന്ന പ്രസ്താവം ശുദ്ധ അസംബന്ധമാണ്. കാരണം 1960ല്‍ കയറിന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നില്ല. എങ്ങനെ ഉണ്ടാകാനാണ്? കയര്‍ അന്ന് മലയാളത്തില്‍തന്നെ ലഭ്യമായിരുന്നില്ല. തകഴി അത് എഴുതിക്കഴിഞ്ഞിരുന്നില്ല.

വാര്‍ത്തയിലെ സത്യത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ എത്തിച്ചേരാവുന്ന നിഗമനം തോമസ് തക്കാക്കോക്ക് നല്‍കിയത് തകഴിയുടെ ചെമ്മീന്‍ ആണെന്നാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ യൂനെസ്കോയുടെ ആഭിമുഖ്യത്തില്‍ 1960കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ തക്കാക്കോ ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തതും അതാവണം. താന്‍ വായിച്ചതും പരിഭാഷപ്പെടുത്തിയതും ഏത് കൃതിയാണെന്ന കാര്യത്തില്‍ തക്കാക്കോക്ക് തെറ്റുപറ്റിയെന്ന് കരുതാന്‍ ന്യായമില്ല. ചെമ്മീനെ കയറാക്കിയത് മനോരമ ലേഖകന്റെ ചെപ്പടി വിദ്യയാകണം. ചെമ്മീനേക്കാള്‍ എത്രയോ കൂടുതല്‍ വലിപ്പമുണ്ടല്ലൊ കയറിന്.

മനോരമ പ്രചരിപ്പിക്കുന്ന ഈ പത്രസംസ്കാരത്തെക്കുറിച്ച് ഞാന്‍ ആദ്യം ബോധവാനായത് രണ്ട് പതിറ്റാണ്ട് മുന്‍പ് മൊയ്തു എന്ന ഒരു പഴയ പട്ടാളക്കാരണെക്കുറിച്ച് അത് പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്. അതില്‍ അവതരിപ്പിച്ച, രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച മലപ്പുറം സ്വദേശി മൊയ്തുവിന്റെ കദനകഥ ഏതാണ്ട് ഇങ്ങനെയായിരുന്നു (പൂര്‍ണ്ണമായും ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത വാക്കുകളില്‍ എഴുതുന്നതുകൊണ്ടാണ് ‘ഏതാണ്ട്’ എന്ന് പറയുന്നത്):

രാജ്ഞിയുടെ കിരീദം കാക്കാനാണ് മൊയ്തു പടക്കളത്തിലേക്ക് കുതിച്ചത്. ഡച്ച് യുദ്ധക്കളത്തില്‍ ഘോര്‍ഘോരം പൊരുതി, മുറിവേറ്റ് ബോധംകെട്ടുവീണു. ബോധം തെളിഞ്ഞപ്പോള്‍ ജപ്പാന്‍‌കാരുടെ തടവുകാരന്‍‍. യുദ്ധം കഴിഞ്ഞാണ് മോചിതനായത്. പിന്നീട് രണ്ടു കൊല്ലം വടക്കേ ഇന്ത്യയിലായിരുന്നു. അക്കാലത്ത് അലഹബാദില്‍ നെഹ്രുവിന്റെ ഡ്രൈവറായി പണിയെടുത്തു. അന്ന് മൊയ്തു ഇന്ദിരയെ കാറില്‍ സ്കൂളില്‍ കൊണ്ടുപോയിരുന്നു.

ഉപജീവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്ന മൊയ്തുവിനെ രാജ്ഞിയുടെ കിരീടത്തിന്റെ കാവല്‍ക്കാരനാക്കിയത് ലേഖകന്റെ മനോധര്‍മമാവണം. രണ്ടാം മഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേയും ഇന്ത്യയിലേയും കിരീടം ധരിച്ചിരുന്നത് ജോര്‍ജ് ആറാമനാണ്. കഥ കൊഴുപ്പിക്കാന്‍ ലേഖകന്‍ എലിസബെത്ത് രാജ്ഞിയെ മുന്‍‌കാലപ്രാബല്യത്തോടെ രാജ്ഞിയാക്കി.

അദ്ദേഹത്തിന്റെ ഭാവനാവിലാസം അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അദ്ദേഹം മൊയ്തുവിനെ ഡച്ച് കോളനിയായിരുന്ന ഇന്തൊനേഷ്യയില്‍നിന്ന് ഹോളണ്ടിലേക്ക് സ്ഥലം മാറ്റി. (മറ്റൊരു ഡച്ച് പോര്‍ക്കളത്തിലും ജപ്പാന്‍‌കാര്‍ എത്തിയിരുന്നില്ല. ജപ്പാന്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ഇന്തൊനേഷ്യ തിരിച്ചുപിടിക്കാന്‍ വേണ്ട സൈനികശക്തി ഡച്ചുകാര്‍ക്കില്ലാതിരുന്നതുകൊണ്ട് ബ്രിട്ടീഷുകാര്‍ ആ ദൌത്യം ഏറ്റെടുക്കുകയുണ്ടായി. അതിനവര്‍ ഇന്ത്യന്‍ പട്ടാളക്കാരെയാണ് ഉപയോഗിച്ചത്.)

യുദ്ധം അവസാനിച്ചത് 1945 ആഗസ്റ്റിലാണ്. തടവില്‍ന്നു നേരേ അലഹബാദില്‍ ചെന്ന് നെഹ്രുവിന്റെ ഡ്രൈവര്‍ ആയെന്ന് കരുതിയാല്‍ പോലും മൊയ്തുവിനു ഇന്ദിരയെ സ്കൂളില്‍കൊണ്ടുപോകാന്‍ ആവുമായിരുന്നില്ല. കാരണം ഇന്ദിര അപ്പൊഴേക്കും കല്യാണം കഴിച്ച് അമ്മയായി കഴിഞ്ഞിരുന്നു. പക്ഷെ അതൊന്നും ലേഖകന്റെ നിലയ്ക്കാത്ത ഭാവനാവിലാസത്തിനു പ്രശ്നമായില്ല. അദ്ദേഹം ഇന്ദിരയെ യൂണിഫാം അണിയിച്ച് മൊയ്തുവിന്റെ വണ്ടിയില്‍ കയറ്റി സ്കൂളിലേക്കയച്ചു.

നിന്ദ്യം, നീചം, മനുഷ്യത്വരഹിതം

ചെങ്ങറയിലെ സമരഭൂമിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കേട്ടു.

എന്റെ ഓര്‍മ്മയില്‍ കേരളത്തിന്റെ 52 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രമാത്രം നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായ ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടില്ല.

Friday, October 31, 2008

ചെങ്ങറയിലെ സുഖവാസം: ചില സംശയങ്ങള്‍

കൃഷിഭൂമി ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ചെങ്ങറയില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന് ഭൂരഹിതരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്. തോട്ടമുടമയുടെ ചിലവില്‍ കഴിയുന്ന ഗൂണ്ടകളെയും തോട്ടം തൊഴിലാളികളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ കുറച്ചു കാലമായി സി.പി.എം. ശ്രമിച്ചുവരികയാണ്. ഭയമൊ പക്ഷപാതമൊ കൂടാതെ നീതിപൂര്‍വം പ്രവര്‍ത്തിക്കാമെന്ന ഭരണഘടനാപരമായ പ്രതിജ്ഞ അവഗണിച്ചുകൊണ്ട് പാര്‍ട്ടിക്ക് വിധേയനായി കഴിയാനുള്ള ബാദ്ധ്യത നിറവേറ്റുകയാണ് മുഖ്യമന്ത്രി ആ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.

ഒരു ലക്ഷം രൂപ കൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പതിനഞ്ച് മാസം സുഖജീവിതം നയിക്കാമെങ്കില്‍ എന്തിനാണ് 20 മന്ത്രിമാര്‍ക്കും 140 എം.എല്‍.എ. മാര്‍ക്കുമായി കോടിക്കണക്കിന് രൂപ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരോ കൊല്ലവും ബജറ്റില്‍ വകയിരുത്തുന്നത്?

ചെങ്ങറയില്‍ കഴിയുന്നവര്‍ തുറന്ന ജീവിതമാണ് നയിക്കുന്നത്. അവര്‍ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തുന്നെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. മുഖ്യമന്ത്രി പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ തന്നെയും ഭൂമി കിട്ടിയാല്‍ ഉപജീവനം നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.

രാഷ്ട്രീയ കക്ഷികളുടെ തണലില്‍ അറിയപ്പെടുന്ന വരുമാനമാര്‍ഗ്ഗങ്ങളില്ലാത്ത ധാരാളം ആളുകളുണ്ട്. അവരില്‍ പലരും നാട്ടില്‍ സുഖമായി കഴിയുക മാത്രമല്ല കുടുംബസമേതം വിദേശത്തും സുഖവാസത്തിന് പോകാറുണ്ട്. അവര്‍ അതിനുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നതെന്നുകൂടി മുഖ്യമന്ത്രി വെളിപ്പെടുത്തുമോ?

കൃഷി ചെയ്യാന്‍ ഭൂമി ആവശ്യപ്പെടുന്നവരോട് വേണമെങ്കില്‍ കേറിക്കിടക്കാന്‍ പത്തു സെന്റ് കൊടുക്കാമെന്ന് പറയുമ്പോള്‍ ഭരണകൂടം അവരെ കാണുന്നത് ജന്മി കുടിയാനെ കണ്ടതുപോലെയാണെന്ന് വ്യക്തമാകുന്നു.

Friday, October 24, 2008

നേപാളിലെ മാവോയിസ്റ്റ് പരീക്ഷണം

കേരളത്തില്‍ 1957ല്‍ നടന്നതുപോലുള്ള ഒരു ജനാധിപത്യ പരീക്ഷണമാണ് നേപാളില്‍ ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറ്റ് കക്ഷികളുടെ സഹായം കൂടാതെ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട്, ഇതില്‍നിന്ന് വ്യത്യസ്തമായി, മറ്റ് കക്ഷികളുമായി അധികാരം പങ്കിടാന്‍ നേപാളിലെ മാവോയിസ്റ്റുകള്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സികള്‍ക്കും വലിയ പത്രങ്ങള്‍ക്ക് ആ രാജ്യത്ത് പ്രതിനിധികള്‍ ഉണ്ടെങ്കിലും കൂട്ടു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നമുക്ക് വലിയ വിവരമൊന്നും ലഭിക്കുന്നില്ല.

നേപാളിലെ മാവോയിസ്റ്റുകള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഇടതുപക്ഷ വിശകലനങ്ങള്‍ Democracy and Class Struggle എന്ന ബ്ലോഗില്‍ ലഭ്യമാണ്.

‘ജനാധിപത്യ റിപ്പബ്ലിക്’ ആണോ ‘ജനകീയ റിപ്പബ്ബ്ലിക്’ ആണോ വേണ്ടത് എന്ന കാര്യത്തില്‍ അവിടെ ഭിന്നാഭിപ്രായങ്ങള്‍ ഉള്ളതായി നേപാള്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാവ് ഹാരി പവ്വല്‍ ഒരു ലേഖനത്തില്‍ പറയുന്നു: Democratic Republic or People's Republic?

Thursday, October 23, 2008

മനുഷ്യാവകാശത്തിന്റെ കണ്ണും കാതും

ഇന്നത്തെ കേരള കൌമുദിയില്‍ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ ഈ തലക്കെട്ടിലുള്ള ലേഖനം വായിക്കാവുന്നതാണു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: http://www.keralakaumudi.com/news/102308M/feature.shtml

ഈ ലേഖനത്തോടെ ‘നേര്‍ക്കാഴ്ച’ പംക്തി അവസാനിക്കുകയാണു. ഇതിന്റെ ഒരേകദേശ പരിഭാഷ നേരത്തെ KERALA LETTER ബ്ലോഗില്‍ കൊടുത്തിരുന്നു.

Thursday, October 16, 2008

ഒരു കരാറും ഇന്ത്യയുടെ ഭാവിയും

അന്‍‌വാറുല്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ‘വോയ്സ് ഓഫ് അന്‍‌വാര്‍ശേരി‘യുടെ വാര്‍ഷികപ്പതിപ്പില്‍ ‘ഒരു കരാറും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ട്. ഹുസ്സൈന്‍ രണ്ടത്താണി, ഒ. അബ്ദുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍ നംമ്പൂതിരി, എ.പി. അബ്ദുള്‍ വഹാബ്, സുമേഷ് ശ്രീമംഗലം എന്നിവരോടൊപ്പം എന്നോടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു:

ഇന്ത്യയെന്നല്ല എല്ലാ രാജ്യങ്ങളും ആണവോര്‍ജ്ജം പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള അതിന്റെ ഉപയോഗവും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സോവിയറ്റ് യൂണിയനിലെ ചെര്‍ണോബിലിലും അമേരിക്കയുടെ ത്രീ മൈല്‍ ദ്വീപിലും നടന്ന അപകടങ്ങള്‍ ഇതിനു തെളിവാണ്. ഉപയോഗിച്ച ഇന്ധനവും അപകടകാരിയാണ്. അത് നിക്ഷേപിക്കാന്‍ ഭദ്രമായ സ്ഥലം കണ്ടെത്താന്‍ ഒരു രാജ്യത്തിനും ഇനിയും കഴിഞ്ഞിട്ടില്ല.

ഇന്ത്യ ആണവോര്‍ജ്ജം ഉത്പാദിക്കാന്‍ തുടങ്ങിയിട്ട് പല പതിറ്റാണ്ടുകളായി. ഇപ്പോള്‍ സൈനികാവശ്യങ്ങള്‍ക്കും അത് ഉപയോഗിച്ചുവരുന്നു. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കോണ്ടുകൊണ്ടുവേണം ആണവ കരാറിന്റെ കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. ആണവ പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍നിന്ന് നമുക്ക് ഇന്ധനം കിട്ടാതായി. തന്മൂലം ആണവോര്‍ജ്ജ ഉത്പാദനം ഗന്യമായി കുറഞ്ഞിട്ടുണ്ട്. അമേരിക്കയുമായുള്ള കരാര്‍ ഇന്ധ്നം ലഭ്യമാക്കും. ആ നിലയ്ക്ക് പുതിയ ആണവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ പോലും ഇത്തരത്തിളുള്ള കരാര്‍ രാജ്യ താല്പര്യത്തിന് അനുസൃതമാണ്.

ഇടതുപക്ഷത്തിന്റെ എതിര്‍പ്പിന്റെ അടിസ്ഥാനം കരാറിലെ മറുകക്ഷി അമേരിക്ക ആണെന്നതാണ്. ഈ കരാര്‍ രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്. അവര്‍ ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുണ്ടാവാം. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും നമ്മുടെ ഭരണാധികാരികള്‍ ആംഗ്ലോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കികളാണെന്നും പറഞ്ഞപ്പോഴും അവര്‍ ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ആ വിശ്വാസം തെറ്റായിരുന്നെന്ന് ഇന്ന് നമുക്കറിയാം. അമേരിക്കയുടെയൊ മറ്റേതെങ്കിലും രാജ്യത്തിന്റെയൊ ദാസന്മാരാകാന്‍ തയ്യാറുള്ളവര്‍ രാജ്യത്ത് തീര്‍ച്ചയായും ഉണ്ട്. അവരെ അധികാരത്തിലേറ്റാതിരിക്കാനുള്ള വിവേകം നമുക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം അധികാരത്തിലേറ്റുന്നവര്‍ രാജ്യ താല്പര്യം അടിയറ വെച്ചാല്‍ അവരെ പുറത്താകാനുള്ള കഴിവും നമുക്കുണ്ട്.

അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ ഇടപെടലുകളുടെയും പലസ്തീന്‍ പ്രശ്നത്തില്‍ എല്ലാക്കാലത്തും എടുത്തിട്ടുള്ള നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ആ രാജ്യവുമായുള്ള കരാര്‍ മുസ്ലിം താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ധാരണ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ ചില വസ്തുതകള്‍ ബോധപൂര്‍വം തമസ്കരിക്കുകയാണ്. ഒന്നാമതായി ഓര്‍ക്കാനുള്ളത് ഈ വിഷയങ്ങളില്‍ അമേരിക്കയുടെ നിലപാടിനെ എതിര്‍ക്കുന്നത് മുസ്ലിംകള്‍ മാത്രമല്ലെന്നതാണ്. രണ്ടാമതായി ഓര്‍ക്കാനുള്ളത് ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും അതിക്രമങ്ങള്‍ സാധ്യമാക്കുന്നതിന് അമേരിക്കയെ സഹായിക്കുന്നവരില്‍ മുസ്ലിം രാഷ്ട്രങ്ങളും ഉണ്ടെന്നതാണ്. അമേരിക്കയുടെ പ്രാദേശിക സൈനിക ആസ്ഥാനം ധാരാളം മലയാളികള്‍ പണിയെടുക്കുന്ന ഒരു ഗള്‍ഫ് രാജ്യത്തിലാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിക്ഷേപത്തിനു വലിയ പങ്കുണ്ട്. ഏതായാലും ബുഷിനെ കുറിച്ച് ഖത്തറിലെ ഷേക്കിനില്ലാത്ത ആകാംക്ഷ പാണക്കാട് തങ്ങള്‍ക്കുണ്ടാകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അമേരിക്കയ്ക്ക് ഗുണം ചെയ്യുന്ന വകുപ്പുകള്‍ ആണവ കരാറിലുണ്ടെന്നതില്‍ സംശയമില്ല. അതുപോലെതന്നെ ഇന്ത്യക്ക് ഗുണം ചെയ്യന്നവയുമുണ്ട്. നമുക്ക് ദോഷകരമായ വ്യവസ്ഥകള്‍ അതിലുണ്ടെന്ന് ഇവിടെയുള്ള വിമര്‍ശകര്‍ പറയുന്നതുപോലെ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ അതിലുണ്ടെന്ന് അവിടെയുള്ള വിമര്‍ശകര്‍ പറയുന്നുണ്ട്. രണ്ടൂ കൂട്ടരുടെ വാദങ്ങളിലും സത്യത്തിന്റെ അംശങ്ങളുണ്ട്.

ആണവോര്‍ജ്ജവത്തില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷ അമിതവും അനാവശ്യവും ആണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിക്കണം. നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നതുകൊണ്ട് സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കരാറിന്റെ ഫലമായി സര്‍ക്കാര്‍ സ്വതന്ത്ര നയങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

Tuesday, October 14, 2008

മർഡോക്കിനെ കേരളം പേടിക്കുന്നില്ലെ?

മർഡോക്ക് എന്ന മാധ്യമ ചക്രവർത്തി കേരളത്തിൽ പ്രവേശിക്കുന്നതിനെതിരെ ശബ്ദമുയർത്താൻ സി,പി.എം. സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. പക്ഷെ വലിയ ശബ്ദം എവിടെനിന്നും കേൾക്കാനില്ല. എന്താ, കേരളത്തിനു ഈ മാധ്യമ ഭീകരനെ പേടിയില്ലേ?

ഈ വിഷയത്തിൽ ഇൻഡോ ഏഷ്യൻ ന്യൂസ് സേർവീസിനു വേണ്ടി എഴുതിയ ലേഖനം ഉവിടെ വായിക്കാം.

Thursday, October 9, 2008

ഭരണകൂട ഭീകരത വിരുദ്ധ സമിതി

ഒക്ടോബർ ഏഴിനു പാലക്കാട് ചേർന്ന മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനതല കൺ‌വെൻഷൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി അഡ്വ. തുഷാർ നിർമൽ സാരത്ഥി അറിയിക്കുന്നു.

പി.യു.സി.എൽ, മനുഷ്യാവകാശ കൂട്ടായ്മ, തൃശ്ശൂർ, കേരള ജനതാ പാർട്ടി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എൻ.സി.എച്ച്.ആർ.ഒ. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

യോഗം സംസ്ഥാനത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മുത്തങ്ങ വെടിവെയ്പ്, പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയുടെ അറസ്റ്റ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ, ചെങ്ങറ ഉപരോധം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്ന ഭരണകൂടത്തിന്റെ അക്രമോത്സുകമായ ഇടപെടലുകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ചെറുക്കുന്നതിനായി ഭരണകൂട ഭീകരത വിരുദ്ധ സമിതി എന്ന പേരിൽ ഒരു പൊതുവേദി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി അഡ്വ. തുഷാർ നിർമൽ സാരത്ഥി കൺ‌വീനറായി ഒരു സംഘാടക സമിതിയും രൂപീകരിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് തുഷാർ നിർമൽ സാരത്ഥിയുമായി ബന്ധപ്പെടാവുന്നതാണ്.
e-mail address: thusharnirmal@gmail.com

ന്യായാധിപന്റെ രാഷ്ട്രീയം

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2008 ഒക്ടോബർ 13ലെ ലക്കത്തിൽ ‘നാനാവതി പിന്നെ എങ്ങനെ എഴുതുമെന്നാണു നിങ്ങൾ വിചാരിച്ചത്?’ എന്ന പൊതുതലക്കെട്ടിൽ മൂന്നു ലേഖനങ്ങളുണ്ട്. ലേഖനങ്ങൾ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ.നാനാവതി കമ്മിഷന്റെ റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങളാണ്.

‘പൊലീസിന്റെ കാക്കി ആർ.എസ്.എസ്. യൂണിഫോമല്ല‘ എന്ന ആദ്യ ലേഖനം ഗുജറാത്ത് മുൻ ഡി.ജി.പി. ആർ. ബി. ശ്രീകുമാറുമായി സവാദ് റഹ്‌മാൻ നടത്തിയ അഭിമുഖ സംഭാഷണമാണ്.

മറ്റ് ലേഖനങ്ങൾ:

ന്യായാധിപന്റെ രാഷ്ട്രീയം - ബി.ആർ.പി.ഭാസ്കർ (ഞാനുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ബി. ഗിരീഷ് എഴുതിയതാണിത്.)

ഒരിക്കൽകൂടി നിയമം പരാജയപ്പെടുന്നു – അഡ്വ. കാളീശ്വരം രാജ്

Tuesday, October 7, 2008

സമരവും ജനതയും – പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍

ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓറ മാസികയുടെ ഒക്ടോബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി ‘സമരവും ജനതയും: പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചര്‍ച്ചയാണ്. ആ ചര്‍ച്ചയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു. കെ.എന്‍.ഗണേഷ്, സി.ആര്‍. നീലകണ്ഠന്‍, സി.വിജയന്‍ കലവൂര്‍, എം.ടി.ചന്ദ്രസേന്‍, രാമചന്ദ്രന്‍ കപ്പക്കട എന്നിവരാണ് ചര്‍ചയില്‍ പങ്കെടുക്കുന്ന മറ്റാളുകള്‍.


സമരങ്ങള്‍ മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തോറ്റ ചരിത്രമില്ലെന്ന പ്രഖ്യാപനം സമരവീര്യം നിലനിര്‍ത്താന്‍ ആശ്രയിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഒരു ജനതയും സദാ നേര്‍വരയിലൂടെന്നപോലെ മുന്നേറുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ ചിലപ്പോള്‍ ദിശ മാറി പോകേണ്ടി വരും. പിന്‍‌വാങ്ങേണ്ടതായും വന്നേക്കാം. സാഹചര്യങ്ങള്‍ അനുകൂലമായി മാറുമ്പോള്‍ വീണ്ടും മുന്നോട്ട് നീങ്ങാന്‍ കഴിയും.

പുന്നപ്ര-വയലാര്‍ കേരള ജനതയുടെ ആദ്യ സമരമല്ല, അവസാനത്തേതുമല്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന നിലയ്ക്ക് ആ പാര്‍ട്ടിയില്‍നിന്ന് പൊട്ടിമുളച്ച കക്ഷികള്‍ അതിനെ ഐതിഹാസികമായ ഒന്നായി ചിത്രീകരിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അത് നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാല്‍ ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ആ സമരവും ഒരു പതിറ്റാണ്ടിനുശേഷം അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഭൂപരിഷ്കരണവും നിര്‍ണ്ണായകമായെന്ന കമ്മ്യൂണിസ്റ്റ് അവകാശവാദം നിലനില്‍ക്കുന്നതല്ല.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളാണു കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയെ തകര്‍ത്തത്. ഇതില്‍ ആദ്യത്തേത് ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന, മാറ് മറയ്ക്കാന്‍ഊള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്‍. ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ആനുകൂല്യം നല്‍കി പ്രശ്നം ബ്രിട്ടീഷ് അധികാരികളെ തൃപ്തിപ്പെടുത്താനാണു രാജഭരണകൂടം ശ്രമിച്ചത്. ബ്രിട്ടീഷ് റസിഡന്റ് ജാതിമതഭേദം കൂടാതെ എല്ലാ പ്രജകളെയും താന്‍ ഒരുപോലെ കാണുന്നെന്ന വിക്ടോറിയാ രാജ്ഞിയുടെ പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ആ ശ്രമം ഉപേക്ഷിക്കുകയും അസമത്വത്തില്‍ അധിഷ്ഠിതമായ പഴയ ആചാരങ്ങള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്തു. തലസ്ഥാന നഗരിയിലൂടെ വില്ലുവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ട് അയ്യങ്കാളി സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒരു കൊല്ലം പാടത്ത് പണിയ്ക്കിറങ്ങാതെ അദ്ദേഹത്തിന്റെ അനുയായികള്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പൊരുതി. വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ സാമൂഹിക തലത്തില്‍ വൈക്കം സത്യഗ്രഹത്തിലും രാഷ്ട്രീയ തലത്തില്‍ നിവര്‍ത്തന പ്രക്ഷോഭണത്തിലും ഒന്നിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ വന്നവര്‍ സാമ്പത്തിക രംഗത്ത് സജീവമായിരുന്നു. ഇന്ന് പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നവയില്‍ പലതും അവര്‍ കെട്ടിപ്പടുത്തവയാണ്. ആദ്യ തൊഴിലാളി സംഘടന ഉണ്ടാക്കിയതും അവരാണ്. മാപ്പിള ലഹള എന്ന പേരില്‍ അറിയപ്പെടുന്ന സമരത്തെയും ഈ പോരാട്ട പരമ്പരയുടെ ഭാഗമായി കാണണം. അതിനെ ജന്മി-കുടിയാന്‍ പ്രശ്നവും ഹിന്ദു-മുസ്ലിം ചേരിതിരിവുമൊക്കെയായി ചിത്രീകരിക്കുന്നവര്‍ അത് ഒരു ജനതയുടെ വിമോചന സമരം കൂടിയായിരുന്നെന്ന വസ്തുത, ബോധപൂര്‍വമൊ അല്ലാതെയൊ, തമസ്കരിക്കുകയാണു ചെയ്യുന്നത്. ഇതെല്ലാം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുത്തിട്ടുപോലുമുണ്ടായിരുന്നില്ലെന്നത് വിസ്മരിച്ചുകൂടാ.

പുന്നപ്ര-വയലാര്‍ സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തുടങ്ങിയ വിമോചന പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടൂപോയെന്ന് പറയാവുന്നതാണ്. അത് ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല. ആ കാലഘട്ടത്തില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തില്‍ നടന്ന അക്രമസമരങ്ങള്‍ പരിശോധിക്കുമ്പോള്‍ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം തികച്ചും ബാലിശമായ ആശയങ്ങളാണു വെച്ചുപുലര്‍ത്തിയിരുന്നതെന്ന് കാണാം. വയലാര്‍-പുന്നപ്ര സമരം പരാജയമായിരുന്നെങ്കിലും ജനങ്ങള്‍ക്ക് നേതൃത്വത്തിന്റെ ആത്മാര്‍ത്ഥതയിലുള്ള വിശ്വാസവും സമരഭടന്മാരുടെ ത്യാഗമനോഭാവത്തോടുള്ള ആദരവും അതിനു അസാമാന്യമായ പ്രേരകശക്തി പ്രദാനം ചെയ്തു. ഇതേകാരണത്താലാണ് പില്‍ക്കാലത്ത് നക്സലൈറ്റ് ആഭിമുഖ്യത്തില്‍ നടന്ന പോരാട്ടങ്ങളും നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്.

ഓറ (Organ for Radical Action)പത്രാധിപസമിതി:
മാനേജിങ് എഡിറ്റര്‍: ഫാ. അലോഷ്യസ് ഫെര്‍ണാന്റസ്
ചീഫ് എഡിറ്റര്‍: എന്‍.ജി.ശാസ്ത്രി
ജനറല്‍ എഡിറ്റര്‍: സി.പി.സുധാകരന്‍

ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ

മേല്‍‌വിലാസം: ഓറ മാസിക, പറവൂര്‍, പുന്നപ്ര നോര്‍ത്ത്, ആലപ്പുഴ 688 014
e-mail: oraeditors@gmail.com

Monday, October 6, 2008

വിഴിഞ്ഞം പദ്ധതിയുടെ പേരിൽ കുടിയിറക്ക് പരിപാടി

വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംബന്ധിച്ച് സർക്കരിനു വ്യക്തമായ രൂപം ഇപ്പോഴില്ല. പദ്ധതിയുടെ നടത്തിപ്പിന് വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് എന്ന പേരിൽ ഒരു സർക്കാർ കമ്പനി രൂപീകരിച്ചിട്ടിട്ടുണ്ട്. പദ്ധതിക്ക് എത്ര സ്ഥലം വേണമെന്നും അതിന്റെ നടത്തിപ്പിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നും വ്യക്തമല്ല. എന്നാൽ അതിനിടെ സർക്കാർ സ്ഥലമെടുപ്പിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

പദ്ധതിക്ക് 227 കുടുംബങ്ങളെ മാത്രമെ ഒഴിപ്പിക്കേണ്ടിവരൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. എന്നാൽ വിഴിഞ്ഞം, വെങ്ങാനൂർ, പള്ളിച്ചൽ, കാഞ്ഞിരം‌കുളം, കോട്ടുകാൽ, തിരുപുരം എന്നീ ആറു പഞ്ചായത്തുകളിലെ എട്ടു ബ്ലോക്കുകളിൽപെടുന്ന 1,088 ഹെക്ടർ സ്ഥലത്ത് താമസിക്കുന്ന ആളുകൾക്ക് ഒരു പത്രപ്പരസ്യത്തിലൂടെ സെപ്തംബറിൽ സർക്കാർ ഒഴിഞ്ഞു പോകാൻ നോട്ടീസ് കൊടുത്തു.

പുനരധിവാസ പരിപാടി തയ്യാറാക്കാതെയുള്ള കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സ്ഥലവാസികൾ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തിൽ‌പെടുന്ന കാഞ്ഞിരംകുളത്ത് ഇന്ന് (ഒക്ടോബർ 6) ഒരു സാംസ്കാരിക സംഗമം നടക്കുകയുണ്ടായി. സി.ആർ.നീലകണ്ഠൻ, പ്രൊ. ജി.എൻ. പണിക്കർ എന്നിവരോടൊപ്പം സംഗമത്തിൽ ഞാനും പങ്കേടുത്തു.

ജനകീയ പ്രതിരോധ സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിൽ പറയുന്നു:

കേരള ജനതയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന വലിയൊരു ജനവിഭാഗം കടുത്ത ആശങ്കയിലാണ്.

227 കുടുംബങ്ങളെയാണു കുടിയൊഴിപ്പിക്കാനുള്ളതെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുണ്ടെങ്കിലും, സർക്കാർ ഉത്തരവ് പ്രകാരം ആരു പഞ്ചായത്തുകളിലായി 1,088 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതുവഴി ആറായിരത്തോളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കേണ്ടിവരും. ഈ ഏറ്റെടുക്കൽ തുറമുഖാവശ്യങ്ങൾക്കു മാത്രമല്ലെന്നും അനുബന്ധ വ്യവസായങ്ങൾക്കും കൂടിയാണെന്നും ഉത്തരവിൽ സൂചനയുണ്ട്.

പ്രസ്തുത ഉത്തരവ് വലിയൊരു ഭീഷണിയായാണ് പ്രദേശവാസികൾ കാണുന്നത്. ഇത് വലിയ പരിഭ്രാന്തിയും അങ്കലാപ്പും അസ്വസ്ഥതകളും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ ആ ഉത്തരവ് എത്രയും വേഗം പിൻ‌വലിക്കുവാൻ കനിവുണ്ടാകണമെന്ന് ഞങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടഭ്യർത്ഥിക്കുന്നു.

രണ്ടാമതായി മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ 227 കുടുംബങ്ങളെ മാത്രമെ ഒഴിപ്പിക്കേണ്ടിവരൂ എന്ന് കരുതിയാൽ പോലും അവരുടെ പുനരധിവാസം സുപ്രധാനമാണ്. ഒഴിപ്പിക്കപ്പെടുന്നവർക്ക് യോജിച്ച വിധത്തിൽ സ്ഥലം പുനരധിവാസത്തിൻ യോഗ്യമായവിധം ഏർപ്പാട് ചെയ്യാതെ കുടിയൊഴിപ്പിക്കുന്നത് എന്ത് ഉദ്ദേശ്യത്തോടെയായാലും തികച്ചും ജനദ്രോഹകരമായ പ്രവൃത്തിയായി മാത്രമെ കണക്കാക്കപ്പെടുകയുള്ളു.

വികസനം എന്തുകൊണ്ടും സ്വാഗതാർഹമാണ്. പക്ഷെ അതിന്റെ ഫലമായി ഒരു വിഭാഗം ജനങ്ങൾക്ക് പാർപ്പിടം നഷ്ടപ്പെടുവാനും അതുവഴി ജീവിതംതന്നെ ദുസ്സഹമാകുവാനും ഇടയായാൽ ആ പ്രവൃത്തികൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണു ഉണ്ടാകുക എന്ന കാര്യം വിസ്മരിക്കത്തക്കതല്ല. അതിനാൽ പുനരധിവാസത്തിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കാതെ കുടിയൊഴിപ്പിക്കുവാനുള്ള എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Sunday, October 5, 2008

വൈക്കത്തുനിന്ന് ചെങ്ങറയിലെത്തുമ്പോൾ

എൺപതില്പരം കൊല്ലം മുമ്പ് ഗാന്ധിജി കേരളത്തെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.

കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വൈക്കം സത്യഗ്രഹം നടക്കുമ്പോൾ, അദ്ദേഹം എഴുതി: ‘ഒരുപാട് വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് ധാരാളം അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് തൊട്ടുകൂടായ്മ ഇത്ര വീറോടെ പാലിക്കുന്നത് എങ്ങനെയാണ്?

ഇന്ന് കേരളം വിദ്യാഭ്യാസപരമായി അന്നത്തേതിലും ഏറെ മുന്നിലാണ്. ഭരണം അന്നത്തേതിലേറെ നല്ലത്. അവകാശങ്ങളാണെങ്കിൽ അതിലുമേറെയുണ്ടിന്ന്.
പക്ഷെ സാധുജന വേദിയുടെ ആഭിമുഖത്തിൽ ഭൂരഹിതർ ചെങ്ങറയിൽ ഒരു വർഷം മുമ്പ് ആരംഭിച്ച സഹന സമരം തുടരുമ്പോൾ, ആ ചോദ്യം വീണ്ടും പ്രസക്തമാകുന്നു: ഇത്രയേറെ വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് പാവപ്പെട്ട ജനങ്ങളെ ഇത്ര വീറോടെ ദ്രോഹിക്കുന്നത് എങ്ങനെയാണ്?

സ്വന്തം ചോദ്യത്തിന് ഗാന്ധി തന്നെ ഒരുത്തരം നൽകുകയുണ്ടായി: ‘ഇതാണ് പ്രാചീന രീതിയുടെ ഭംഗി. പാരമ്പര്യത്തിന്റെ അംഗീകാരമുണ്ടെങ്കിൽ അജ്ഞത പോലും അറിവായി സ്വീകരിക്കപ്പെട്ടെന്നിരിക്കും.
ഭരണകൂടം അതിന്റെ പാരമ്പര്യം തുടരുന്നു. ജനകീയ പ്രസ്ഥാനങ്ങൾ അവയുടെ പാരമ്പര്യവും. ചെങ്ങറ വൈക്കത്തിന്റെ തുടർച്ചയാണ്.

Thursday, October 2, 2008

എം.എൻ. രാവുണ്ണിയെ ജയിൽ മോചിതനാക്കുക

കേരളത്തലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകരിലൊരാളും പോരാട്ടം കൺ‌വീനറുമായ എം.എ.രാവുണ്ണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ ഭരണകൂട നടപടിയിൽ ഞങ്ങൾ ശക്തിയായി പ്രതിഷേധിക്കുന്നു.

സുനിൽ സാബു, വിനോദ് എന്ന രണ്ട് രാഷ്ട്രീയപ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലേടുക്കുകയും മൂന്ന് ദിവസം അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അഗളി പൊലീസിന്റെ മനുഷ്യാവകാശലംഘനത്തിനെതിരെ എം.എൻ. രാവുണ്ണി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി കൊടുത്തിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന പാലക്കാട് എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എഴുപത് വയസ്സിലധികം പ്രായമുള്ള എം.എൻ.ഇന്നും കേരള രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന മുന്നണി പോരാളി ഭരണകൂടത്തിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കുന്നതിലും രാഷ്ട്രീയ വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണു നടത്തിവരുന്നത്. സെസ്സിനു അനുമതി നൽകാനുള്ള ഭരണകൂടനീക്കം, ആദിവാസി ഭൂപ്രശ്നം, ചെങ്ങറ ഭൂസമരം തുടങ്ങി കേരളത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന ഭൂപ്രശ്നങ്ങളിലും മറ്റും തനതായ രാഷ്ട്രീയ നിലപാട് വെച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ പരസ്യമായി പ്രവർത്തിക്കുന്ന എം.എൻ.രാവുണ്ണിയെ രാഷ്ട്രീയമായി ഇല്ലാതാക്കനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണു അദ്ദേഹത്തിന്റെ അറസ്റ്റ് എന്ന് ഞങ്ങൾ സംശയിക്കുന്നു.

രാജ്യവ്യാപകമായി ഭരണകൂടം നടപ്പിലാക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ച തന്നെയാണു എം.എൻ.രാവുണ്ണിയുടെ അറസ്റ്റ്. ഡോ. ബിനായക് സെൻ, എ.കെ. സെൻ ഗുപ്ത തുടങ്ങിയ മനുഷ്യാവകാശ രാഷ്ട്രീയ പ്രവറ്ര്ത്തകർ കാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവറയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്നിട്ടുള്ള രാഷ്ട്രീയ തടവുകാരനാണു എം.എൻ.രാവുണ്ണി. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി നമ്മുടെ സാമൂഹ്യസ്ഥിതിയിൽ ഉയർന്നുവന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഭാഗമായാണു അദ്ദേഹം ജയിൽമോചിതനായത്. വീണ്ടും അദ്ദേഹത്തെ തികച്ചും നിയമവിരുദ്ധമായി തടവിൽ അടയ്ക്കാനുള്ള ഭരണകൂടനീക്കം തികച്ചും അപലപനീയമാണ്.

രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശമാണ്. അത് തടയുന്നതിനുള്ള് നീകം ജനാധിപത്യ ഭരണകൂടത്തിനു ഭൂഷണമല്ല. അതുകൊണ്ട് എം.എൻ.രാവുണ്ണിയെ അന്യായമായി തടവിലാക്കിയ നടപടി ഉടൻ പിൻ‌വലിച്ച് അദ്ദേഹത്തെ നിരുപാധികം മോചിതനാക്കണമെന്ന് ഞങൽ ആവശ്യപ്പെടുന്നു.

ഗ്രോ വാസു, കെ.ജി.ശങ്കരപ്പിള്ള, കെ. വേണു, അഡ്വ.പി.എ.പൌരൻ (പി.യു.സി.എൽ. സംസ്ഥാന സെക്രട്ടറി), അഡ്വ. ചന്ദ്രശേഖരൻ (പി.യു.സി.എൽ. സംസ്ഥാന പ്രസിഡന്റ്), ഡോ. അബ്ദുൾ സലാം (എൻ.സി.എച്ച്.ആർ.ഒ. സെക്രട്ടറി), എൻ. സുബ്രഹ്മണ്യൻ, ഡോ. പി. ഗീത, പ്രൊ. പി. കോയ, അഡ്വ. തുഷാർ സാരത്ഥി എന്നിവരോടൊപ്പം ഞാനും ഒപ്പുവെച്ച ഒരു പ്രസ്താവനയാണു മുക്കളിൽ കൊടുത്തിട്ടുള്ളത്.

ഇവിടെ പിടിപ്പത് പണി, പിന്നെ എന്തിനീ ഡൽഹി ഇടപാട്?

ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്താനുള്ള സി.പി.എം. തീരുമാനത്തിന്റെ ഔചിത്യം പരിശോധിക്കുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ http://www.keralakaumudi.com/news/100208M/feature.shtml

ഇംഗ്ലീഷ് പരിഭാഷ KERALA LETTER ബ്ലോഗിൽ

Friday, September 26, 2008

മുതലാളിത്ത സ്വയംസഹായക സംഘം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കയെ കരകയറ്റാന് ചൈന ഉള്‍‌പ്പെടെയുള്ള രാജ്യങ്ങള് ഓടിയെത്തുന്നത് എന്തുകൊണ്ട്? ഈ വിഷയമാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില് ചര്‍ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില് ആറാം പേജില്

ഓണ്‍‌ലൈന് എഡിഷനില് ഫീച്ചര് വിഭാഗത്തില്: അമേരിക്ക ചീനി ഭായി ഭായി

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്

Thursday, September 18, 2008

സ്ഫോടനത്തിന്റെ കേന്ദ്രബിന്ദു

സമീപകാലത്തെ ഭീകരപ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണത്തെയും ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ വിശകലനം ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: http://www.keralakaumudi.com/news/091808M/feature.shtml
ഏകദേശ ഇംഗ്ലീഷ് രൂപം BHASKAR ബ്ലോഗില്‍

Thursday, September 11, 2008

ട്രിവാൻഡ്രം ഡവലപ്മെന്റ് ഫ്രണ്ട്

ട്രിവാൻഡ്രം ഡവലപ്മെന്റ് ഫ്രണ്ട് എന്ന സന്നദ്ധ സംഘടന തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി ചില നടപടികൾ സ്വീകരിച്ചിട്ടുള്ളതായി അജയ് പ്രസാദ് ട്രിവാൻഡ്രം ബ്ലോഗ്ഗേഴ്സിന് അയച്ച സന്ദേശത്തിൽ പറയുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ടി.ഡി.എഫിന്റെ
വെബ്സൈറ്റ് സന്ദർശിക്കുക: http://www.tribiz.in

സെസ്സിന് yes പറയും‌മുമ്പ്

സെസ് കേരളത്തിൽ ഒരു ചർച്ചാവിഷയമാണ്. ഇപ്പോൾതന്നെ ഏതാനും സെസുകൾ ഉള്ള സ്ഥിതിക്ക് നമ്മുടെ മുന്നിലുള്ള പ്രശ്നം സെസ് വേണമോ വേണ്ടയോ എന്നതല്ല, ഇതുവരെ അനുവദിച്ചതിൽ കൂടുതൽ വേണമോ എന്നതാണ്. സെസ് വിഷയത്തിൽ ഉയർന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള ഒരു നിർദ്ദേശം കേരള കൌമുദിയിൽ ഈയാഴ്ച ‘നേർക്കാഴ്ച’ പംക്തിയിൽ മുന്നോട്ടുവെയ്ക്കുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺ‌ലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: “സെസ്സിന് yes പറയും‌മുമ്പ്”
ഏകദേശ ഇംഗ്ലീഷ് രൂപം KERALA LETTER ബ്ലോഗിൽ

Monday, September 8, 2008

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന കേസരി അതിന്റെ വാര്‍ഷികപ്പതിപ്പില്‍ ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍: സാധ്യതകളും പരിമിതികളും’എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. എം.ജി.എസ്. നാരായണന്‍, ഹമീദ് ചേന്നമംഗലൂര്‍, എം. ആര്‍. ചന്ദ്രശേഖരന്‍, പ്രൊ. കെ. രാമന്‍‌പിള്ള, ഡോ. എം. ഗംഗാധരന്‍, എം. കെ.ദാസ്, സിവിക് ചന്ദ്രന്‍, പി. രാജന്‍, അഡ്വ. എ. ജയശങ്കര്‍, പി. കേശവന്‍ നായര്‍, ഡോ. ജി. ഗോപകുമാര്‍ എന്നിവരോടൊപ്പം അതില്‍ പങ്കെടുക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

നവസാമൂഹ്യനിര്‍മ്മിതിക്ക് വേണ്ട കക്ഷിയെന്ന് ജനങ്ങള്‍ അംഗീകരിക്കുന്നില്ല


പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയതും കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടുവരെ തുടര്‍ന്നതുമായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയത്. അതിന്റെ ആകെത്തുകയായി എടുത്തുകാണിക്കാവുന്നത് ശ്രീ നാരായണ ഗുരു അവതരിപ്പിച്ച 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാരാജ്യമാണിത്' എന്ന സങ്കല്പമാണ്‍. ആദ്യം രംഗത്ത് വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിനുള്ളില്‍ ജനിച്ച് പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ സങ്കല്പം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിബദ്ധതയുള്ളവയെന്ന നിലയിലാണ് ജനങ്ങളെ സമീപിച്ചതും അംഗീകാരം നേടിയതും. പ്രായോഗിക തലത്തില്‍ അതില്‍നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കിലും തത്വത്തില്‍ അവയെല്ലാം ഇപ്പോഴും ആ സങ്കല്പം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് 1967ല്‍ തത്വദീക്ഷയില്ലാതെ ഒരു സപ്തമുന്നണി തല്ലിക്കൂട്ടി അധികാരം നേടിയശേഷം ആരുമായി കൂട്ടുചേര്‍ന്നും അധികാരം കൈക്കലാക്കുന്നത് കേരളത്തില്‍ അംഗീകൃത പ്രായോഗിക രാഷ്ട്രീയശൈലിയായി.

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ജാതി മത വിഭാഗങ്ങള്‍ക്കിടയില്‍, സ്വാധീനമുള്ള കക്ഷികള്‍ക്ക് രാഷ്ട്രീയ രംഗത്ത് അവരുടെ യഥാര്‍ത്ഥ ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടതിലും ഉയര്‍ന്ന സ്ഥാനം നേടാന്‍ ഈ സാഹചര്യം സഹായിച്ചിട്ടുണ്ട്. പക്ഷെ ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ വിശ്വാസമുള്ളതായി ജനങ്ങള്‍ കരുതുന്ന കക്ഷികള്‍ക്കെ നേതൃസ്ഥാനം കാംക്ഷിക്കാനാവൂ. ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി.യെ അത്തരത്തിലുള്ള സാമൂഹ്യനിര്‍മ്മിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന കക്ഷിയായി ജനങ്ങള്‍ കാണാത്തതാണ് അതിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതെന്ന് ഞാന്‍ കരുതുന്നു

വാര്‍ഷികപ്പതിപ്പിന്റെ വില: 30 രൂപ

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് ആണ് കേസരിയുടെ പ്രസാധകര്‍. മുഖ്യ പത്രാധിപര്‍: ആര്‍. സഞ്ജയന്‍

മേല്‍‌വിലാസം: കേസരി കാര്യാലയം, സ്വസ്തിദിശ, മാധവന്‍ നായര്‍ റോഡ്, കോഴിക്കോട്-2

Friday, September 5, 2008

പാറശ്ശാലയിലെ റൂറൽ പ്രസ്സ് ക്ലബ്

പാറശ്ശാല കേന്ദ്രമായി മലയാളം തമിഴ് മാധ്യമ ലേഖകരുടെ ഒരു കൂട്ടായ്മ റൂറൽ പ്രസ്സ് ക്ലബ് എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്.

റൂറൽ പ്രസ്സ് ക്ലബ്ബിന്റെ അഞ്ചാമത് വാർഷികം സെപ്തംബർ 10ന് നടക്കുന്നതാണെന്ന് പ്രസിഡന്റ് എ.വി.സജിലാൽ അറിയിക്കുന്നു. വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തിന്റെ സമഗ്രമായ വിവരങ്ങളും സഹൃദയരുടെ കലാസൃഷ്ടികളും അടങ്ങുന്ന ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നതാണ്.

സജിലാൽ ആവശ്യപ്പെട്ടതനുസരിച്ച് സ്മരണികയിൽ ചേർക്കാൻ അയച്ചുകൊടുത്ത സന്ദേശം താഴെ ചേർക്കുന്നു:

അഞ്ചാം വാർഷികം ആഘോഷിക്കുന്ന റൂറൽ പ്രസ്സ് ക്ലബ്ബിന്റെ പ്രവർത്തകർക്ക് അഭിവാദനങ്ങൾ.

മാദ്ധ്യമരംഗത്ത് അടുത്തകാലത്തുണ്ടായിട്ടുള്ള മാറ്റങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. വലിയ പത്രങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രാദേശികവത്കരണ പ്രക്രിയ പുരോഗമിക്കുന്നത് ചെറിയ പത്രങ്ങളെ വിഴുങ്ങിക്കൊണ്ടാണ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പത്രങ്ങളുടെ വളർച്ച ശ്രദ്ധാപൂർവം പഠിച്ചിട്ടുള്ള ഡോ. റോബിൻ ജെഫ്രി കേരളം ഏറെക്കുറെ ഒരു ഇരുപത്ര സമൂഹമായി മാറിക്കഴിഞ്ഞെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ദീർഘ കാലമായി നമ്മുടെ മാദ്ധ്യമലോകത്ത് നിലനിന്നിരുന്ന ബഹുസ്വരത ക്രമേണ ഇല്ലാതാവുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

വിപണിയിൽ വിജയം കണ്ട പത്രത്തിന്റെ രീതികൾ സ്വീകരിക്കുന്നതാണ് അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന വിശ്വാസത്തിൽ പല ചെറിയ പത്രങ്ങളും അതിനെ അനുകരിക്കുകയാണ്. വലിയ പത്രങ്ങളുടെ രീതികൾ സ്വീകരിക്കുമ്പോൾ അവ നിശ്ചയിക്കുന്ന വ്യവസ്ഥകളനുസരിച്ച് മത്സരിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. മാത്രമല്ല അത് വൈവിദ്ധ്യം ഇല്ലാതാക്കുകയും ചെയ്യുന്നു.

ബഹുസ്വരത നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ശക്തിപകരാൻ റൂറൽ പ്രസ്സ് ക്ലബ്ബിനു കഴിയട്ടെ.

ബി. ആർ. പി. ഭാസകർ
തിരുവനന്തപുരം

Thursday, September 4, 2008

കയ്യൂക്കുള്ളവൻ കാര്യക്കാരൻ

ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച‘ പംക്തിയില്‍ ജമ്മു-കാശ്മീരിലെയും ഒറീസയിലെയും കേരളത്തിലെയും സംഭവങ്ങളുടെ വെളിച്ചത്തില്‍ കയ്യൂക്കിനെ ആശ്രയിച്ചുള്ള സമരങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍


ഏകദേശ ഇംഗ്ലീഷ് രൂപം KERALA LETTER ബ്ലോഗിൽ

Friday, August 29, 2008

അജയ് ടി.ജി. തന്നെക്കുറിച്ചും തന്റെ പ്രവർത്തനത്തെക്കുറിച്ചും സംസാരിക്കുന്നു


അജയ് ടി. ജി. അദ്ദേഹം ചേരിപ്രദേശത്ത് സ്ഥാപിച്ച സ്കൂളിലെ കുട്ടികളുമൊത്ത്. ഫോട്ടൊ: ദ് ഹിന്ദു

ഛത്തിസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി സിനിമാപ്രവർത്തകൻ അജയ് ടി.ജി. യെക്കുറിച്ച് ഇവിടെയും (ഛത്തിസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി സിനിമാപ്രവര്ത്തകൻ) ഇംഗ്ലീഷിലുള്ള ബ്ലോഗുകളിലും ഞാൻ പരാമർശിച്ചിരുന്നു.

വർഷങ്ങൾക്കുമുമ്പ് ഉരുക്കു നഗരമായ ഭിലായിയിലേക്ക് കുടിയേറിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ മകനാണ് അജയ്. ചിത്ര പത്മനാഭൻ എന്ന പത്രപ്രവർത്തകയുമായുള്ള സംഭാഷണത്തിൽ അജയ് തന്നെക്കുറിച്ചും തന്റെ പ്രവർത്തനത്തെക്കുറിചും കൂടുതൽ വിവരങ്ങൾ നൽകുകയുണ്ടായി. റിപ്പോർട്ട് ഇന്നത്തെ ‘ഹിന്ദു’ പത്രത്തിൽ: “Documenting reality under a tarpaulin sky”.

പ്രതീക്ഷ മങ്ങുമ്പോൾ

ഇന്ത്യാ ടുഡേ മലയാളം എഡിഷന്റെ ഓഗസ്റ്റ് 27ന് പുറത്തിറങ്ങിയ സെപ്തംബര്‍ 2, 2008 ലക്കത്തിലെ (വാല്യം 19, ലക്കം 35) കവര്‍ സ്റ്റോറി കേരളത്തിലെ സി.പി.എം സംഭവവികാസങ്ങളാണ്. ‘പുതിയ തീവ്രവാദി’ എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറി എഴുതിയിരിക്കുന്നത് വാരികയുടെ പ്രത്യേക ലേഖകന്‍ എം.ജി. രാധാകൃഷണൻ‍.

കവര്‍ സ്റ്റോറിയോടൊപ്പം നല്‍കാൻ, വാരിക ആവശ്യപ്പെട്ടതനുസരിച്ച്, എല്‍.ഡി.എഫ്. സര്‍ക്കാരിനെ വിലയിരുത്തിക്കൊണ്ട് ഞാന്‍ എഴുതിയ ലേഖനം ‘വീക്ഷണം’ പംക്തിയില്‍: “പ്രതീക്ഷ മങ്ങുമ്പോള്‍”, പേജ് 32.

Thursday, August 28, 2008

മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു വിഭാഗം

കഴിഞ്ഞ ദിവസം ഇവിടെ കേട്ട ഒരശരീരിയിൽ ഇങ്ങനെയുണ്ടായിരുന്നു: “കമന്റിടുന്നവരില് ആണും പെണ്ണും കെട്ടവരുണ്ടോ?“ ബൂലോക അശരീരികൾ ആണാണൊ പെണ്ണാണോ എന്ന് അന്വേഷിക്കാൻ ശ്രമിക്കാത്തതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കാവില്ല. എന്നാൽ വിശാല സമൂഹത്തിൽ ഒരു മൂന്നാം വിഭാഗമുണ്ട്. അവരുടെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ഡോ. ഷോമാ ചാറ്റർജി എന്ന ഫ്രീലാൻസ് പത്രപ്രവർത്തക എഴുതിയ ഉപന്യാസം ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് എന്ന മനുഷ്യാവകാശ സംഘടന നടത്തിയ മത്സരത്തിൽ സമ്മാനം നേടിയിരിക്കുന്നു.

താല്പര്യമുള്ളവരുടെ അറിവിലേക്കായി ഇതു സംബന്ധിച്ച ഹ്യൂമൻ റൈറ്റ്സ് ഡിഫൻസിന്റെ അറിയിപ്പ് ചുവടെ ചേർക്കുന്നു:

The International Human Rights Day comes and goes every year. Human Rights activists talk of torture of under trials in police custody. They talk about human beings being subjected to medical experimentation without their conscious knowledge. They discuss socially relevant subjects like violence against women, child abuse, trafficking or exploitation of child labour in TW countries. But the lot of the community of eunuchs is largely ignored even by their own. It is also true that at every stage of their existence, their rights to live and work like normal human beings are violated with impunity.

The above is the first paragraph from Shoma A. Chatterji’s* “Eunuchs of India - Deprived of Human Rights”. With this essay she came second in Human Rights Defence's Essay competition 2008. If you like to read more from the essay, you will find it at: www.humanrightsdefence.org

Yours sincerely,

Tomas Eric Nordlander
HumanRightsDefence

*Shoma is a freelance journalist and author based in Kolkata, India. She holds a Ph.D. in History and writes prolifically on ciinema, gender issues, human rights and child rights for around ten Indian print media and electronic publications. She has authored 16 published books till date and has been writing for 30 years.

കത്തുന്ന കാശ്മീർ

ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ കാശ്മീരിലും ജമ്മുവിലും നടക്കുന്ന അക്രമസംഭവങ്ങളുടെ വെളിച്ചത്തിൽ ജമ്മു കാശ്മീർ പ്രശ്നം പരിശോധിക്കുന്നു.

പ്രിന്റ് എഡിഷനിൽ: ആറാം പേജിൽ
ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: കത്തുന്ന കാശ്മീർ

ഇംഗ്ലീഷിൽ BHASKAR ബ്ലോഗിൽ

Wednesday, August 27, 2008

കേരളത്തിൽ ഒരു ഡൈനാമിക്ക് സമൂഹമുണ്ടാകട്ടെ

ഒരു പഴയ പോസ്റ്റിനുള്ള കമന്റിന്റെ തുടർച്ചയായി കിരൺ തോമസ് തോമ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

കമ്പ്യൂട്ടര് തകരാറുകാരണം കമന്റാന് രണ്ട് ദിവസം വൈകി. 30 ഓളം കമന്റ് വന്നത് എന്നെ അത്ഭുതപ്പെടുത്തി എന്നാല് ഒരു സംവാദത്തിന് മുതിരാതെ പതിവുപോലെ BRP വലിഞ്ഞു കളഞ്ഞു. സാരമില്ല ഇത് ഒരു സ്റ്റാറ്റിക്ക് ബ്ലോഗാളാണ് ഡൈനാമിക്ക് സ്വഭാവമുള്ള രീതിയില് സംവേദിക്കല് പുതിയ തലമുറയിലെ സമ്പ്രദായമാണല്ലോ എല്ലാവരും കാലഘട്ടത്തിനനുസ്സരിച്ച് മാറാന് നമ്മുക്ക് നിര്ബന്ധം പിടിക്കാന് കഴിയില്ല. BRP ക്ഷമിക്കുക ചരിത്രം ഓര്ക്കാതെ വീണ്ടും കമന്റിയതിന്.

പ്രിയപ്പെട്ട കിരണിന്,
മുപ്പതോളം കമന്റ് വന്നത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ലക്ഷക്കണക്കിനു അംഗങ്ങളുള്ള പാർട്ടി ബ്ലോഗുകളിൽ ഇടപെടാൻ കല്പിച്ചതിന്റെ പിന്നാലെയാണല്ലൊ അത് സംഭവിച്ചത്. (ഇപ്പോൾ കമന്റിന്റെ എണ്ണം കുറച്ചുകൂടി കൂടിയിട്ടുണ്ട് പക്ഷെ കിരൺ ഉറ്റുനോക്കുന്ന ഡൈനാമിസം ഇപ്പോഴുമില്ല.) സംവാദത്തിന് ആളുകൂടുകയും ശബ്ദമുണ്ടാക്കുകയും ചെയ്താൽ മാത്രം പോരാ. പറയാൻ കാര്യങ്ങളും വേണം. മറഞ്ഞു നിന്ന് ശബ്ദമുണ്ടാക്കുന്നത് ബഹളംവെയ്ക്കലാണ്, സംവാദമല്ല.

പുതിയ തലമുറയുടെ സമ്പ്രദായത്തെപ്പറ്റി കിരൺ പറയുന്നതിനോട് പൂർണ്ണമായി യോജിക്കുന്നു. കുട്ട്യോൾക്ക് കുട്ട്യോളുടെ രീതി, എനിക്ക് എന്റേത്. പുതിയ തലമുറയിൽ കിരണിനെപ്പോലെ പേര് വെളിപ്പെടുത്തിക്കൊണ്ട് അഭിപ്രായപ്രകടനം നടത്താൻ കഴിവുള്ളവർ കൂടുതലായി ഉണ്ടാകട്ടെ. അപ്പോൾ ബൂലോകം മാത്രമല്ല കേരള സമൂഹം തന്നെ ഡൈനാമിക്കാകും.

ജനസംഖ്യാ നിയന്ത്രണ പാതയിലെ തടസങ്ങൾ

ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസിന് എഴുതിയ Bumps on Kerala's ride to zero population growth എന്ന ലേഖനം webindia123.com വെബ്സൈറ്റിൽ വായിക്കാവുന്നതാണ്.

Tuesday, August 26, 2008

ചെങ്ങറയിൽ ഭൂസമര സംരക്ഷണ വലയം

ആഗസ്റ്റ് 30നു ചെങ്ങറയിലെ സമരഭൂമിയിലേക്ക് റാലിയും ഭൂസമര സംരക്ഷണ വലയം സൃഷ്ടിക്കലും സംഘടിപ്പിക്കുന്നതാണെന്ന് ചെങ്ങറ ഭൂസമര ഐക്യദാർഢ്യ സമിതി സംസ്ഥാന കമ്മിറ്റി ജനറൽ കൺ‌വീനർ എം. ഡി. തോമസ്, പത്തനംതിട്ട ജില്ലാ സമിതി കൺ‌വീനർ ബിജോയ് ഡേവിഡ് എന്നിവർ അറിയിക്കുന്നു.

സമിതിയുടെ ഭാരവാഹികൾ: പ്രൊ. ഫിലിപ്പ് എൻ. തോമസ് (ചെയർമാൻ), സൈമൺ ജോൺ (വർക്കിങ് ചെയർമാൻ), ശ്രീരമൻ കൊയ്യോൻ, കെ. കെ. കൊച്ച്, കെ. അംബുജാക്ഷൻ, പി. രാമഭദ്രൻ (വൈസ് ചെയർമാന്മാർ), എം.ഡി. തോമസ് (ജനറൽ കൺ‌വീനർ), സണ്ണീ എം. കപ്പിക്കാട്, ജോൺസൺ തിരുവല്ല, പി.ടി.അനിൽകുമാർ, പി. പി. സന്തോഷ്, രഘു ഇരവിപേരൂർ, സി.ബി.രമണൻ (കൺ‌വീനർമാർ).

ഫോൺ:
എം. ഡി. തോമസ് 9847749641
ബിജോയ് ഡേവിഡ് 9961024658, 9745848735

കുട്ട്യോൾക്ക് രസിക്കാൻ കൂടുതൽ വക

ഷാര്‍ജയിലെ ഗള്‍ഫ് ടുഡെ പത്രം ഇന്നലെ പ്രസിദ്ധീകരിച്ച എന്റെ ലേഖനം പതിവുപോലെ KERALA LETTER ബ്ലോഗില്‍ കൊടുക്കുന്നു. രസം തേടിയെത്തിയിട്ടുള്ള കുട്ട്യോള്‍ക്കും അത് സന്തോഷകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Monday, August 25, 2008

സെതൽവാദിൽനിന്ന് പഠിച്ച പാഠം

ഈ വരികള്‍ മുന്‍പോസ്റ്റിനോടുള്ള പ്രതികരണങ്ങളുടെ കീഴില്‍ അനുബന്ധമായി ചേര്‍ക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് ഇത് വായിക്കാന്‍ ഒരുപാട് താഴെ മുങ്ങിപ്പോകേണ്ടിവരുമായിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമന്റ് ഇട്ടുകഴിയുമ്പോള്‍ അത് വായിക്കാന്‍ പിന്നെയും താഴോട്ട് മുങ്ങേണ്ടി വരും. ആ ബുദ്ധിമുട്ടൊഴിവാക്കാനായി ഇതിനെ ഒരു പുതിയ പോസ്റ്റ് ആക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ അറ്റോര്‍ണി ജനറല്‍ ആയിരുന്ന പ്രശസ്ത അഭിഭാഷകന്‍ എം.സി.സെതല്‍വാദില്‍ നിന്ന് പഠിച്ച ഒരു പാഠം പങ്ക് വെയ്ക്കട്ടെ.

പത്രപ്രവര്‍ത്തകരുടെ സേവന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുന്നതിനും കാലാകാലങ്ങളില്‍ അവരുടെ ശമ്പള സ്കെയിലുകള്‍ നിശ്ചയിക്കുന്നതിന് വേജ് ബോര്‍ഡ് രൂപീകരിക്കുന്നതിനുമുള്ള നിയമത്തിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് ചില പത്ര ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ അഭിഭാഷകനെന്ന നിലയില്‍ നിയമത്തെ സാധൂകരിക്കേണ്ട ചുമതല സെതല്‍വാദിനായിരുന്നു. നിയമം നില്‍നില്‍ക്കണമെന്നത് പത്രപ്രവര്‍ത്തകരുടെ ആവശ്യമായതുകൊണ്ട് ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് അതിനുവേണ്ടി വാദിക്കാന്‍ മറ്റൊരു അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിരുന്നു. (അത് ഹൈക്കോടതി ജഡ്ജിയും ഹിന്ദുമഹാസഭാ പ്രസിഡന്റുമായിരുന്ന എന്‍.സി.ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ലോക് സഭാ സ്പീകര്‍ സോമനാഥ് ചാറ്റര്‍ജി)

സെതല്‍വാദിന്റെ വാദം രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു. ഓരോ ദിവസവും വാദത്തിനെടുക്കുന്ന കാര്യത്തെക്കുറിച്ച് തലേദിവസം രാത്രി പത്രപ്രവര്‍ത്തക ഫെഡറേഷന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാദം തുടരുന്ന സമയത്ത് (1958 ജനുവരിയില്‍) മറ്റൊരു കാര്യത്തിനായി എനിക്ക് ഡല്‍ഹിയില്‍ പോകേണ്ടിവന്നു. ഒരു ദിവസം സെതല്‍¬വാദിന്റെ വാദം കേള്‍ക്കാന്‍ ഞാന്‍ കോടതിയില്‍ പോയി. ഒരു മികച്ച പ്രകടനമാണു അവിടെ കണ്ടത്. അദ്ദേഹം വാദിച്ചുകൊണ്ടിരിക്കുമ്പോള്‍, ജീവന്‍ ലാല്‍ കപൂര്‍ എന്ന ജഡ്ജി ഒരു ചോദ്യം ചോദിച്ചു: “What about Kutchmitra?” അതിനു ഉടന്‍ മറുപടി പറയാന്‍ സെതല്‍വാദ് കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: “That rag, my lord? I shall come to that later”.

വേജ് ബോര്‍ഡ് നിശ്ചയിച്ച വേതനം നല്‍കാന്‍ പത്രസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്നതായിരുന്നു പത്ര ഉടമകളുടെ ഒരു വാദം. അതിലേക്ക് സെതല്‍¬വാദ് കടക്കുമ്പോഴായിരുന്നു ജ. കപൂറിന്റെ ചോദ്യം. ഭുജ്ജില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു കൊച്ചുപത്രമാണു കച്ഛ്മിത്ര. മുംബായ്, രാജ്കോട്ട് എന്നിവിടങ്ങളില്‍നിന്നും വലിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ട്രസ്റ്റാണു കച്ഛ്മിത്രയും പ്രസിദ്ധീകരിച്ചിരുന്നത്. ട്രസ്റ്റ് നേരിട്ട് ഹര്‍ജി കൊടുത്താല്‍ ധനശേഷിയില്ലെന്ന വാദം നിലനില്‍ക്കില്ലെന്നതുകൊണ്ടാണ് അവര്‍ കൊച്ചു പത്രത്തിന്റെ പേരില്‍ ഹര്‍ജി കൊടുത്തത്. ആ ഘട്ടത്തില്‍ കച്ഛ്മിത്രയിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ജ. കപൂറിന്റെ ശ്രമം സെതല്‍വാദിനു ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണു ‘ആ പീറപത്രമോ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം അപ്പോള്‍ ഒഴിഞ്ഞുമാറിയത്.

അന്നു രാത്രി സെതല്‍വാദിനെ ബ്രീഫ് ചെയ്യാന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്‍ സെക്രട്ടറി ജെനറല്‍ എം. കെ. രാമമൂര്‍ത്തിയോടൊപ്പം ഞാനും പോയിരുന്നു. ജ. കപൂറിന്റെ ചോദ്യത്തെ അദ്ദേഹം ഒഴിവാക്കിയതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ചില ജഡ്ജിമാര്‍ ഇങ്ങനെയാണ്. വക്കീല്‍ ഒരു വാദം ഉന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റെന്തെങ്കിലും എടുത്തിടും.” എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: “These children! They must have their fun!”.

Thursday, August 21, 2008

ചെങ്ങറ: ദേശാഭിമാനി ഇന്റെർനെറ്റ് ക്യാമ്പെയിനെ താറടിക്കുന്നു

ചെങ്ങറയിൽ സമരം നടത്തുന്ന ഭൂരഹിതർക്കെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലും സർക്കാരിന്റെ രക്ഷാധികാരത്തിലും തോട്ടം തൊഴിലാളി യൂണിയനുകളുടെ പേരിലും ആഗസ്റ്റ് മൂന്നിനു ആരംഭിച്ച ഉപരോധത്തിനെതിരെ ഇന്റെർനെറ്റിലൂടെ മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും നടത്തുന്ന ക്യാമ്പെയിൻ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നു.

ക്യാമ്പെയിനെ താറടിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് പാർട്ടി പത്രമായ ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ചു.

സി.പി.എമ്മിന്റെ കണ്ണിൽ സമരം ചെയ്യുന്ന ഭൂരഹിതരായ ദലിതരും ആദിവാസികളും നടത്തുന്നത് കൈയ്യേറ്റമാണു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മനുഷ്യാവകാശ സംഘടനകളെ കടലാസ് സംഘങ്ങളും.

ദേശാഭിമാനി വാർത്ത ഇവിടെ വായിക്കാം

വാഴുന്നോരും അടിമകളും

രണ്ടാം ഭൂപരിഷ്കരണവാദം തീവ്രവാദി വായാടിത്തമാണെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവത്തെയും അവസരവാദികളാണ് തീവ്രവാദികളെ ഭയപ്പെടുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും മുന്‍നിര്‍ത്തിയുള്ള ഒരു വിശകലനമാണ് ഈയാഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: വാഴുന്നോരും അടിമകളും

ഏകദേശ ഇംഗ്ലീഷ് പരിഭാഷ KERALA LETTER ബ്ലോഗില്‍.

Wednesday, August 20, 2008

മെഹ്‌മൂദ് ദർവേശിന് അഞ്ജലി

ഈയിടെ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് അമേരിക്കയില്‍ അന്തരിച്ച മെഹ്‌‌മൂദ് ദര്‍വേശിനെക്കുറിച്ച് കൌണ്ടര്‍കറന്റ്സ് വിതരണം ചെയ്ത ഒരു ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

Mahmoud Darwish: the anger, the longing, the hope

ദര്‍വേശിനെ കായിക്കരയിലെ ആശാന്‍ അസോസിയേഷന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആശാന്‍ അന്താരാഷ്ട്ര സമ്മാനത്തിനു തെരഞ്ഞെടുത്തിരുന്നു.

മൂന്ന് കൊല്ലത്തിലൊരിക്കലാണ് അസോസിയേഷന്‍ അന്താരാഷ്ട്ര സമ്മാനം നല്‍കിയിരുന്നത്. സമ്മാനത്തിന് ഒരു അറബി കവിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന വക്കം റഷീദ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഇതിലേക്കായി രണ്ട് അറബി സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന ജൂറി രൂപീകരിച്ചു. ഒ.എന്‍.വി. നിര്‍ദ്ദേശിച്ച സിറിയയില്‍ നിന്നുള്ള കവിയും മറ്റൊരു സുഹൃത്ത് നിര്‍ദ്ദേശിച്ച ഈജിപ്റ്റില്‍നിന്നുള്ള പ്രൊഫെസറുമായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. മൂന്ന് പേരുകളുള്ള പാനല്‍ തയ്യാറാക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. അറബി സാഹിത്യവുമായി പരിചയമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഞാനും ഒരു പാനലുണ്ടാക്കി. പാനലുകള്‍ കൈമാരിയപ്പോള്‍ മൂന്നിലും ദര്‍വേശിന്റെ പേര്‍. അങ്ങനെ അദ്ദേഹത്തിനു സമ്മാനം നല്‍കാന്‍ ഞങ്ങള്‍ ഏകകണ്ഠേന ശുപാര്‍ശ ചെയ്തു.

നേരത്തെ ആശാന്‍ സമ്മാനത്തിന് ക്യൂബയിലെ ഒരു കവിയെ തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ കഴിയാത്തതുകൊണ്ട് അന്ന് അസോസിയേഷന്റെ അധ്യക്ഷനായിരുന്ന ആര്‍. പ്രകാശം ഹവാനയില്‍ പോയി സമ്മാനം നല്‍കുകയായിരുന്നു. ദര്‍വേശിനെ സമ്മാനം സ്വീകരിക്കാന്‍ കേരളത്തില്‍ കൊണ്ടു വരുന്നതിനു ഞാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. യാസ്സര്‍ അരഫാത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹവുമായി ഡല്‍ഹിയിലെ പി.എല്‍.ഒ. ആഫീസു മുഖേന ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ബെല്‍ഗ്രേഡില്‍ ചേരിചേരാ രാജ്യങ്ങക്കളുടെ ഉച്ചകോടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പി.എല്‍.ഒ. പ്രതിനിധി സംഘവുമായി ബന്ധപ്പെട്ടു.അപ്പോൾ ദര്‍വേശ് പി.എല്‍.ഒ.യിലെ സ്ഥാനം ഉപേക്ഷിച്ച് പാരീസിലേക്ക് പോയതായി അവര്‍ പറഞ്ഞു.

Monday, August 18, 2008

മസനോബു ഫുകുവോക അന്തരിച്ചു

പ്രകൃതിയുമായി പൊരുത്തപ്പെടുന്ന കൃഷിയുടെ വക്താവായിരുന്ന മസനോബു ഫുകുവോക ശനിയാഴ്ച ജപ്പാനിലെ ഇയോയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു.

രാസവളങ്ങളൊ കീടനാശിനികളൊ ഉപയോഗിക്കാതെയുള്ള ‘സ്വാഭാവിക കൃഷി’ (natural farming) പ്രചരിപ്പിക്കുന്നതിനായി ഫുകുവോക എഴുതിയ പുസ്തകം ‘The One-Straw Revolution’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യയില്‍ നിന്ന് ദേശികോത്തമ പുരസ്കാരവും ഫിലിപ്പീന്‍സില്‍ നിന്ന് മഗ്സേസെ സമ്മാനവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ജൈവകൃഷിക്കുമപ്പുറം പോയ അദ്ദേഹത്തിന്റ് ആശയങ്ങളെക്കുറിച്ചറിയാന്‍ http://fukuokafarmingol.info/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Sunday, August 17, 2008

മരണമില്ലാത്ത അംബേദ്കർ

തിരുവനതപുരത്തെ ഒരു സ്വകാര്യ ആശുപത്രിയായ ജി. ജി. ഹോസ്പിറ്റൽ ഉടമ ഡോ. ജി. വേലായുധൻ അവിടത്തെ പുതിയ ബ്ലോക്ക് ബി. ആർ. അംബേദ്കർ സ്മാരകമാക്കിയിരിക്കുന്നു. ഇന്ന് അവിടെ ബാബാസഹിബ് അംബേദ്കറുടെ പ്രതിമ അനാവരണം ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ കേരള കൌമുദിയിൽ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ അംബേദ്കറുടെ പ്രസക്തി ചർച്ച ചെയ്യുന്നു.: മരണമില്ലാത്ത അംബേദ്കർ

Friday, August 15, 2008

പാഠഭേദം ആഗസ്റ്റ് ലക്കത്തിൽ

ആഗസ്റ്റ് ലക്കത്തിൽ പാഠഭേദം പല ചോദ്യങ്ങളും ഉയർത്തുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു.

‘ഇടതുപക്ഷം പരാജയപ്പെടുന്നതിങ്ങനെ‘ എന്ന എഡിറ്റോറിയലിൽ പാഠഭേദം ചോദിക്കുന്നു: പാർലമെന്റിനകത്തൊരു രാഷ്ട്രീയ ബലാബലത്തിൽ ഇടതുപക്ഷം മുങ്കൈ നേറ്റിയാൽപോലും അത് ധാർമികമായി മുങ്കൈ നേടുന്നില്ല. എന്തേ?

‘ഹർത്താലിനു ഒരു വാഴ്ത്തു പാട്ട്‘ എന്ന ലേഖനത്തിൽ പി. വി. മോഹനൻ: ആരു എന്തിനുവേണ്ടീ ആഹ്വാനം ചെയ്യുന്ന ബന്ധുകളും ഹർത്താലുകളും നണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ മാനസികാവസ്ഥ എപ്രകാരം അപഗ്രഥിക്കപ്പെടണം?

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ച് കെ. വേണു എക്ഴുതുന്നു: ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മായാവതിയെപ്പോലൊരാൾ പ്രധാനമന്ത്രിയാവുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.

ഡോ.എസ്.ശാന്തി ചോദിക്കുന്നു: ‘നമ്മെ ആരു ഊട്ടും?

പ്രോഫഷനൽ നാടകങ്ങൾ മൂന്നാം തരംഗത്തിനൊരുങ്ങുന്നു? സംവിധായകനായ മനോജ് നാരായണനും രചയിതാവായ പ്രദീപ് കാവുന്തറയുമായി ഒരു സംഭാഷണം.

‘മൈ മദേഴ്സ് ലാപ്ടോപ്‘ സംവിധാനം ചെയ്ത രൂപേഷ് പോൾ പറയുന്നു: സിനിമക്ക് ഒരു തന്തയേ ഉള്ളു.

കെ.അരവിന്ദാക്ഷൻ എഴുതുന്നു: ഹിന്ദ് സ്വരാജ് എങ്ങനെ വായിക്കാം

ഈ ലക്കത്തിലെ മറ്റൊരാകർഷണം: മഹാശ്വേതാദേവിയുടെ നൊവലെറ്റ് ‘നൈഷദം’. വിവർത്തനം: എ.പി.കുഞ്ഞാമു. ചിത്രീകരണം: ദീപ കെ.പി.

അഷീസ് നന്ദിയുടെ ‘സെക്കുലറിസത്തിനെതിരെ ഒരു പ്രകടന പത്രിക’യുടെ പരിഭാഷ ഇതിലുണ്ട്. അത് പക്ഷെ ഈ ലക്കത്തിൽ പൂർത്തിയാകുന്നില്ല.

വില: 10 രൂപ
പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോഡ്-32
ഇ-മെയിൽ: patabhedam@gmail.com

Thursday, August 14, 2008

ഇവിടെ പുലരുമൊ ഒളിമ്പിക്സ് യുഗം?

അഭിനവ് ബിന്ദ്രയുടെ ഒളിമ്പിക്സ് സ്വർണ്ണ പതക്കത്തിന്റെ വെളിച്ചത്തിൽ ഒരന്വേഷണം ഈയാഴ്ച കേരള കൌമുദിയിലെ പംക്തിയിൽ.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ.

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: ഇവിടെ പുലരുമൊ ഒളിമ്പിക്സ് യുഗം?

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗിൽ

Saturday, August 9, 2008

നാഷനൽ റിവ്യു: മഅദനിയുടെ മാസിക

‘നാഷനൽ റിവ്യു’ എന്ന പേരിൽ ഒരു പുതിയ മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ മുഖ്യ പത്രാധിപർ അബ്ദുൾ നാസർ മ്അദനിയാണ്.

ആദ്യലക്കത്തിലെ വിഭവങ്ങളിൽ ചിലത്”
ചരിത്രം മൻ‌മോഹൻ സിങിന് മാപ്പ് നൽകില്ല -- ഡോ. എൻ. അ. കരീം
ഒമ്പതര വർഷവും ഒരു വർഷവും – മ്അദനിയുമായി ഒരഭിമുഖസംഭാഷണം
ആറളം മറ്റൊരു മുത്തങ്ങയാകുമോ? - എം. ഗീതാനന്ദൻ

എന്റെ ഒരു ലേഖനവും ഇതിലുണ്ട്: “യു.പി.എയൊ എൻ.ഡി.എയോ?” വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനെ മുൻ‌നിർത്തിയുള്ള ഒരു രാഷ്ട്രീയ വിശകലനമാണത്. ഇതിന്റെ പൂർണ്ണരൂപം skydrive’live.com ൽ വായിക്കാവുന്നതാണ്.

തുടർലക്കങ്ങളിൽ മ‌അദനിയുടെ ‘കനലെരിയുന്ന കഥകൾ’ ഉണ്ടാകുമെന്ന് ഒരു അറിയിപ്പിൽ കാണുന്നു.
ഒറ്റപ്രതി വില 10 രൂപാ
മാസികയുടെ മേൽ‌വിലാസം:
നാഷനൽ റിവ്യു, മസ്ജിദ് ബിൽഡിങ്, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി 682017

Friday, August 8, 2008

ബീജിങ് ഒളിമ്പിക്സ്: വർണാഭമായ തുടക്കം


ചൈനയുടെ ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന ഉത്ഘാടനച്ചടങ്ങ് നടന്ന ‘കിളിക്കൂട്’

വെടിക്കെട്ടിനെത്തുടർന്ന് പ്രകാശമാനമായ കിളിക്കൂട്


ഉത്ഘാടനച്ചടങ്ങിൽ ഒളിമ്പിക്സ് വളയങ്ങൾ തെളിയുന്നു


ഉത്ഘാടനച്ചടങ്ങിൽ പെരുമ്പറ മുഴക്കുന്നവർ


ആയിരം നർത്തകർ താഴെ വിസ്മയം സൃഷ്ടിക്കുമ്പോൾ ഒരു ബാലിക പട്ടവുമായി മുകളിൽ

ദൂർദർശൻ ചടങ്ങ് തത്സമയം സമ്പ്രേഷണം ചെയ്തു പക്ഷെ അത് നടക്കുന്നതിനിടയിൽ വൈദ്യുതി ബോർഡ് പല തവണ ഇടങ്കോലിട്ടതുകൊണ്ട് കേരളത്തിൽ അത് മുഴുവൻ കാണാൻ ആർക്കെങ്കിലും കഴിഞ്ഞോയെന്നറിയില്ല.

Pix: Courtesy: rediffmail.com

കൂടുതൽ പടങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ചെങ്ങറ: പ്രശ്നവും പരിഹാരവും


ചെങ്ങറ സമരഭൂമി. ചിത്രം: ഭാസി (Courtesy: www.indiatogether.org)

ചെങ്ങറ സമരത്തിന്റെ ഒന്നാം വാര്‍ഷികച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ തപന്‍ ഗാംഗുലി, സി.ആര്‍. നീലകണ്ഠന്‍, ഫാ. എബ്രഹാം ജോസഫ് എന്നിവരെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തോട്ടം തൊഴിലാളികള്‍ തടയുകയും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക്കയും ചെയ്ത സംഭവത്തെ മുന്‍‌നിര്‍ത്തി ഇന്നത്തെ കേരള കൌമുദി പംക്തിയില്‍ പ്രശ്നവും പരിഹാരവും ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ചെങ്ങറ ഒരു തുടര്‍ക്കഥ

Saturday, August 2, 2008

ആൾദൈവങ്ങളുടെ സ്വന്തം നാട്

വർത്തമാനം ദിനപത്രം ‘ആൾദൈവങ്ങളുടെ സ്വന്തം നാട്’ എന്ന പേരിൽ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. മാസികയുടെ രൂപത്തിൽ 100 പേജുകൾ.

ലേഖനങ്ങളിൽ ചിലത്:
വ്യാജസിദ്ധന്മാരെ സൃഷ്ടിക്കുന്നതും വളർത്തുന്നതും മാധ്യമങ്ങൾ -- സക്കറിയ
ഒരു ആൾദൈവത്തിന്റെ ദാരുണ അന്ത്യം –- എൻ.വി.അബ്ദുർറഹ്മാൻ
പരിഹാരം ഒന്നു മാത്രം – സി.പി.ഉമർ സുല്ലമി
ആൾദൈവങ്ങൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും – ഡോ. ഇ.കെ.അഹ്‌മദ്കുട്ടി
ആത്മീയനേതാക്കളും പുരോഹിതന്മാരും ഇല്ലാത്ത യഥാർഥ മതം – ഡോ.ഹുസൈൻ മടവൂർ
ആൾദൈവങ്ങളുടെ കേരളഭൂമി – വി.ആർ.ജയരാജ്
ആൾദൈവ വിരുദ്ധ സമരം പാതിവഴിയിൽ അവസാനിച്ചതെങ്ങനെ? – മുജിബുർ‌റഹ്‌മാൻ കിനാലൂർ
ആൾദൈവവ്യവസായത്തിന്റെ അടിസ്ഥാനം – ശ്രീനി പട്ടത്താനം

എന്റേതായി ‘അശാന്തമാകുന്ന മനസ്സും കപട ആത്മീയതയും‘ എന്നൊരു ലേഖനവും ഇതിൽ ചേർത്തിട്ടുണ്ട്. ഇത് ഞാൻ ലേഖനമായി എഴുതുകയായിരുന്നില്ല. പത്രത്തിന്റെ ഒരു ലേഖകൻ എന്നോട് സംസാരിച്ചശേഷം ഞാൻ പറഞ്ഞ കാര്യങ്ങൾ ലേഖന രൂപത്തിലാക്കുകയായിരുന്നു.

ഈ പ്രത്യേക പതിപ്പിന്റെ വില 15 രൂപയാണ്.

വർത്തമാനം ദിനപ്പത്രമായി കോഴിക്കോട്, കൊച്ചി, ദോഹ എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു.
മേൽ‌വിലാസം: വർത്തമാനം, ചാലപ്പുറം, കോഴിക്കോട് 673002
ഫോൺ 0495-2304555
Email: official@varthamanam.com

Thursday, July 31, 2008

നിങ്ങളുടെ ഇ-മെയിൽ ഐ.ഡി ആരെങ്കിലും ദുരുപയോഗം ചെയ്താൽ എന്ത് ചെയ്യണം?

ഭീകരര്‍ ഒരാളുടെ ഇ-മെയില്‍ ഐ.ഡി. മോഷ്ടിച്ച് ദുരുപയോഗം ചെയ്ത ഒരു സംഭവം അടുത്ത കാലത്ത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന്റെ വെളിച്ചത്തില്‍, ഇത്തരം സാഹചര്യത്തില്‍പെട്ടാല്‍, ഒരാള്‍ക്ക് സ്വന്തം നിരപരാധിത്വം എങ്ങനെ സ്ഥാപിക്കാമെന്ന് ഇന്നത്തെ ‘ദ് ഹിന്ദു’ പത്രത്തില്‍ ഐ.ടി ലേഖകന്‍ ആനന്ദ് പാര്‍ത്ഥസാരഥി വിശദീകരിക്കുന്നു.

പാര്‍ത്ഥസാരഥിയുടെ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും വായിക്കേണ്ടതാണ്. ലിങ്ക് ചുവടെ:
Tech-savvy cyber crooks could steal your Net identity

വഞ്ചനയുടെ ഇരുപുറങ്ങൾ

സി.പി.എം. വഞ്ചകൻ എന്ന് മുദ്രകുത്തുന്ന ലോക് സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നിലപാടിന്റെ വെളിച്ചത്തിൽ ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ രാഷ്ട്രീയപാർട്ടി അംഗത്വമുള്ള സർക്കാർ ജീവനക്കാരുടെ കൂർ ആരോട് എന്ന ചോദ്യം ഉയർത്തുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: വഞ്ചനയുടെ ഇരുപുറങ്ങൾ
ഏകദേശ ഇംഗ്ലീഷ് രൂപം BHASKAR ബ്ലോഗിൽ

Thursday, July 24, 2008

മു‌ന്നാം മുന്നണി ഉണ്ടാകുമ്പോള്‍

ലോക സഭയില്‍ സര്‍ക്കാര്‍ ഭു‌രിപക്ഷം തെളിയിച്ച ശേഷമുള്ള
സ്ഥിതിവിശേഷമാണ് ഈയാഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ചര്ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ ‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്‍.

Tuesday, July 22, 2008

ജ്ഞാനനിര്‍മിതി

ഒരു സ്കൂള്‍ പാഠപുസ്തകം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തില്‍ എന്റെ വിദ്യാഭ്യാസ കാലത്തേക്ക് തിരിഞ്ഞുനോക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആവശ്യപ്പെട്ടു. ഒരു തലമുറ എങ്ങനെ അറിവ് സമ്പാദിച്ചു എന്നതരത്തിലുള്ള ഒരന്വേഷണം നടത്താന്‍ ആ അവസരം ഉപയോഗിക്കാമെന്ന് കരുതി. എഴുതിവന്നപ്പോള്‍ അത് തലമുറയുടെ അനുഭവത്തില്‍നിന്ന് വ്യക്തിയുടെ അനുഭവമായി ചുരുങ്ങിപ്പോയി.

ലേഖനം: ജ്ഞാനനിര്‍മിതി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 86, ലക്കം 21, 2008 ജൂലായ് 27

Friday, July 18, 2008

നെല്‍‌സണ്‍ മണ്ടേല നവതിയുടെ നിറവില്‍

ഇന്ന്, ജൂലൈ 18ന്, ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയ്ക്ക് 90 വയസാകുന്നു.

ത്യാഗത്തിന്റെപേരില്‍ അദ്ദേഹത്തിന‍ ‍ഒരുപക്ഷെ ആജീവനാന്ത പ്രസിഡന്റ് ആകാമായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ തീരുമാനിച്ചു.

അദ്ദേഹത്തിന് സര്‍‌വമംഗളങ്ങളും നേരുന്നു.

Thursday, July 17, 2008

തവളയും കുഞ്ഞും മോഹിക്കുമ്പോള്‍

സമാധാനപരമായി വ്യവസ്ഥാപിത രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് കേരള സമൂഹത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ നടത്തുന്നത്.

പ്രിന്റ് എഡിഷന്‍: ആറാം പേജില്

ഓണ്‌ലൈന്‍ എഡിഷന്‍: ഫീച്ചര്‍ വിഭാഗത്തില്‍ -- “തവളയും കുഞ്ഞും മോഹിക്കുമ്പോള്‍”

Tuesday, July 15, 2008

ബ്ലോഗ് മുത്തശ്ശിക്ക് അഞ്ജലിശനിയാഴ്ച ആസ്ത്രേലിയയില്‍ അന്തരിച്ച ഒളിവ് റിലിക്ക് പ്രണാമം.

മുത്തശ്ശിയുടെ ബ്ലോഗ്: All About Olive
മുത്തശ്ശി ആശുപത്രിയിലായപ്പോള്‍ അവര്‍ക്കുവേണ്ടി മറ്റൊരു ബ്ലോഗര്‍ തുടങ്ങിയ ബ്ലോഗ്: The world’s oldest blogger

ധിഷണ തുടരും

ധിഷണ മാസിക കഴിഞ്ഞ ലക്കത്തില്‍ അത് നിര്‍ത്താന്‍ പോവുകയാണെന്ന് എഴുതിയത് ഇവിടെ പരാമര്‍ശിക്കുകയുണ്ടായി. ആ തീരുമാനം പുനപരിശോധിച്ചതായി ജൂലൈ ലക്കം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ലക്കത്തിലെ അറിയിപ്പ് വായിച്ച വായനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസാധകര്‍ തീരുമാനം മാറ്റിയിട്ടുള്ളത്.

മാനേജര്‍ എഴുതുന്നു: “ശരി. നോക്കാം. ‘ധിഷണ’ തുടരുകയാണ്.“

എപ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്തിയാലും വരിക്കാരുടെ ഒരു പൈസയും നഷ്ടപ്പെടില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കുന്നു.

മേല്‌വിലാസം: ധിഷണ മാസിക, കല്പകഞ്ചേരി പി. ഒ. മലപ്പുറം ജില്ല.

Friday, July 11, 2008

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന മലയാളി സിനിമാപ്രവര്‍ത്തകന്‍

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന ഡോ. ബിനായക് സെന്നിന്റെ കാര്യം കേരളത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് -- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സംഘടനയുടെ ഇടപെടലിനുശേഷം. എന്നാല്‍ മലയാളി സിനിമാ പ്രവര്‍ത്തകനായ അജയ് ടി. ജി.യുടെ അറസ്റ്റും പീഡനവും അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

സെന്നിനെപ്പോലെ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരം പുറംലോകത്തെ അറിയിച്ചതിനാണ് ഛത്തിസ്‌ഗഢ് പൊലീസ് അജയിനെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലില്‍ അടച്ചത്.

രാജസ്ഥാന്‍ പി,യു.സി.എല്‍. ജനറല്‍ സെക്രട്ടറി കവിത ശ്രീവാസ്തവ ഛത്തിസ്‌ഗഢ് സന്ദര്‍ശിച്ചശേഷം എഴുതിയ ഒരു കത്ത് BHASKAR ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതില്‍ അജയിന്റെ കേസ് സംബന്ധിച്ച പുതിയ വിവരങ്ങളുണ്ട്.

Thursday, July 10, 2008

ആണവനാടകം

ആണവ കരാറിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ആണവനാടകം

ഏകദേശ ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്

Monday, July 7, 2008

കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്ക്

കര്‍ഷക ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് കേരളമാണത്രെ. ഛത്തിസ്‌ഗഢിലെ പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ശുഭ്രാന്‍ഷു ചൌധരി എഴുതിയ ഒരു ലേഖനത്തിലാണ് ഈ വിവരം ഞാന്‍ കണ്ടത്.

ചൌധരി ഉദ്ധരിക്കുന്ന നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2006ലെ കണക്കുകള്‍ അനുസരിച്ച് ഛത്തിസ്ഗഢില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 6.49 കര്‍ഷക ആത്മഹത്യ നടന്നപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെയായിരുന്നു: മഹാരാഷ്ട്ര 4.28, കേരളം 3.35, ആന്‍ഡ്ര പ്രദേശ് 3.24, കര്‍ണാടകം 2.57.

ഈ കണക്കുകള്‍ കര്‍ഷക ആത്മഹത്യയെ മൊത്തം ജനസംഖ്യയുടെ അംശമായാണ് കണക്കാക്കുന്നതെന്ന് ചൌധരി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ എണ്ണവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ചിത്രം മാറുന്നു, കേരളം ഒന്നാം സ്ഥാനത്ത് വരുന്നു. കേരളത്തില്‍ ഒരു ലക്ഷം കര്‍ഷകര്‍ക്കിടയില്‍ 142.9 ആത്മത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകം ഏറെ പിന്നിലാണ്: ഒരു ലക്ഷത്തില്‍ 36.4 ആത്മഹത്യകള്‍ മാത്രം. മൂന്നാം സ്ഥാനത്താണ് ഛത്തിസ്ഗഢ്: 33.7

ഈ വിവരം അടങ്ങുന്ന ശുഭ്രാന്‍ഷു ചൌധരിയുടെ ലേഖനം Infochangeindia.org സൈറ്റില്‍: Farmer suicides in Chhattisgarh: A state in denial

Thursday, July 3, 2008

പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു

പൊതുസമൂഹത്തിന്റെ ഇടപെടലുകള് ഫലപ്രദമാകാറുണ്ടോ? ചിലപ്പോഴെങ്കിലും അവ ഫലം കാണാറുണ്ട്. ഫലപ്രദമായ ഒരു ഇടപെടലിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.

പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമാകാറുണ്ടോ? ചിലപ്പോഴെങ്കിലും അവ ഫലം കാണാറുണ്ട്. ഫലപ്രദമായ ഒരു ഇടപെടലിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ഒന്നര കൊല്ലം മുമ്പ് കാസര്‍കോട്ട് കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്കു പോയശേഷം അപ്രത്യക്ഷയായ സഫിയ എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനതപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണയെക്കുറിച്ച് ഒരു മാസം മുന്‍പ് ഞാന്‍ എഴുതിയിരുന്നു.

പൊതുസമൂഹത്തിന്റെ ഇടപെടല്‍ വെറുതേയായില്ല. ഹംസയെ പൊലീസ് അറസ്റ്റ് ചെയ്തതായും അയാള്‍ കുട്ടിയെ മാനഭംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതായി സമ്മതിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അന്വേഷണം വഴിതെറ്റിച്ച ഒരു പൊലീസുദ്യോഗസ്ഥനും കേസില്‍ പ്രതി ചേറ്ക്കപ്പെട്ടിരിക്കുന്നു.

മാധ്യമം റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

തോല്‍‍വി ഇരന്ന് വാങ്ങുന്ന നിയമം

കേരള കൌമുദിയിലെ ‘നേര്ക്കാഴ്ച’ പംക്തിയില്‍ ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത് ലോകായുക്ത നിയമത്തിലെ പഴുതികള്‍. അത് ജനസേവകരില്‍നിന്ന് സ്വത്ത് വിവരം ശേഖരിക്കുന്നു. എന്നാല്‍ ലഭിക്കുന്ന വിവരം വെളിപ്പെടുത്തുന്നില്ല. ശരിയായ വിവരം നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥയുമില്ല.

ലേഖനം ആറാം പേജില്‍: തോല്‍‍വി ഇരന്ന് വാങ്ങുന്ന നിയമം

ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്‍

Monday, June 30, 2008

കേന്ദ്ര സര്‍ക്കാരിന്റെ പരാതിപ്പെട്ടി

ഇന്ത്യാ ഗവണ്മെന്റ് പൊതുജനങ്ങള്‍ക്ക് പരാതി രേഖപ്പെടുത്താനായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്.

ഇതാണ് URL: http://pgportal.gov.in/index.html

Sunday, June 29, 2008

‘ ബിട്ടീഷ് മലയാളി‘ക്കൊപ്പം ‘ഗള്‍ഫ് മലയാളി‘യും ‘അമേരിക്കന്‍ മലയാളി‘യും

ബ്രിട്ടീഷ് മലയാളികള്‍ക്കായി മലയാളത്തില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങിയ വിവരം ഞാന്‍ ഫെബ്രുവരിയില്‍ ഈ ബ്ലോഗില്‍ എഴുതിയിരുന്നു.

ബ്രിട്ടീഷ് മലയാളി വെബ്‌സൈറ്റ് ഓരോ ദിവസവും 3,000 സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായി അതിന്റെ മുഖ്യ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ അറിയിച്ചിരിക്കുന്നു.

ഒരു ഇ-മെയില്‍ നന്ദേശത്തില്‍ ഷാജന്‍ എഴുതുന്നു:

I think British Malayali is the most successful website that addresses non-resident Malayalis. I don’t think any other site (of this kind) is attracting so many visitors. The concept has been widely accepted and now I am thinking about similar sites for Gulf Malayalis and American Malayalis.

പുതിയ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒന്നിച്ചുവരാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. അത് പ്രയോജനപ്പെടുത്താനന്‍ മുന്നോട്ടുവരുന്ന പുതിയ തലമുറയ്ക്ക് വിജയം ആശംസിക്കുന്നു.

Friday, June 27, 2008

മനുഷ്യാവകാശങ്ങള്‍: ഒരു കൈപ്പുസ്തകം

നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സ്, കേരള ചാപ്റ്റര്‍, മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

അന്താരാഷ്ട്ര പീഡനവിരുദ്ധ ദിനം സംബന്ധിച്ച് എന്‍.സി.എച്ച്.ആര്‍.ഓയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് പുസ്തകത്തിന്റെ ഒരു കോപ്പി ചെങ്ങറ സമര നേതാക്കളിലൊരാളായ സെലീന പ്രക്കാനത്തിനു കൊടുത്തുകൊണ്ട് ഞാനാണ് ഔപചാരികമായി അത് പ്രകാശനം ചെയ്തത്.

മനുഷ്യാവകാശങ്ങള്‍ എന്താണ്, അവ ലംഘിക്കപ്പെടുമ്പോള്‍ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിവരം നല്കുന്ന കൈപുസ്തകം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ പൌരന്മാര്‍ക്കും ഏറെ പ്രയോജനം ചെയ്യും.
വില 30 രൂപ

പ്രസാധകര്‍:
National Confederation of Human Rights Organizations,
5/3274-A Bank Road,
Kozhikode 673 001.

e-mail: nchrokeralam@gmail.com
Tel 98473 20011

Thursday, June 26, 2008

പാഠപുസ്തക വിവാദം

വിവാദത്തില്‍ പെട്ടിരിക്കുന്ന ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തെക്കുറിച്ചാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ എഴുതുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍: പാഠം പഠിക്കാതെ
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്.

അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനം

ഇന്ന് (ജൂണ് 26) അന്താരാഷ്ട്ര പീഡനവിരുദ്ധ ദിനമാണ്.

ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമാണ് 1987 മുതല്‍ ഈ ദിവസം പീഡന വിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്.
കേരളത്തില്‍ 2000 മുതല്‍ മനുഷ്യാവകാശ ഏകോപന സമിതി (Confederation of Human Rights Organizations -CHRO)ഈ ദിനം ആചരിക്കുന്നു. ഒരുപക്ഷെ കേരളത്തില്‍ ഈ ദിനം മുടങ്ങാതെ ആചരിക്കുന്ന മറ്റൊരു സംഘടനയുമില്ല.

CHRO അതിന്റെ പ്രവര്ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇനിമേല്‍ അത് National CHRO (NCHRO) എന്നാവും അറിയപ്പെടുക. CHRO അതോടെ NCHROയുടെ കേരളാ ഘടകമാകും.

Monday, June 23, 2008

കേരളത്തില്‍ ദലിതര്‍ക്കെതിരെ വിവേചനമുണ്ടോ?

ഇപ്പോള്‍ വിവാദവിഷയമായിട്ടുള്ള ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം ടെക്സ്റ്റ് ബുക്കിലെ ഒരു പാഠം ദലിത വിഭാഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ചാണ്.

മറ്റൊരു സംസ്ഥാനത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള പത്രവാര്ത്ത ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം വിഷയം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പണ്ട് നമ്മുടെ നാട്ടിലും പലതരം വേര്‍തിരിവ് നിലന്നിരുന്നതായി അത് പറയുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിശോധന അര്‍ഹ്ക്കുന്നു. ഇതിന് സഹായകമാകുമെന്നതുകൊണ്ട് യൂട്യൂബിലുള്ള രണ്ട് വീഡിയൊ ക്ലിപ്പുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

Caste in Kerala: Let’s assume it doesn’t exist: Part I

Caste in Kerala: Let’s assume it doesn’t exist: Part II

Grey Youth Movement എന്ന Google ഗ്രൂപ്പിലൂടെ ഈ വീഡിയോകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ആര്‍. പ്രകാശിന് (R.PRAKASH ) നന്ദി.

Saturday, June 21, 2008

റഷ്യയിലെ മാവോയിസ്റ്റ് പാര്‍ട്ടി

റഷ്യയില്‍ ഒരു മാവോയിസ്റ്റ് പാര്‍ട്ടിയുണ്ടെന്നറിയാമോ?

ഈയാഴ്ച നേപാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ലഭിച്ച അഭിനന്ദന സന്ദേശങ്ങളിലൊന്ന് റഷ്യന്‍ മാവോയിസ്റ്റ് പാര്‍ട്ടി അയച്ചതായിരുന്നു.

സന്ദേശത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ:

The Russian Maoist Party (RMP) salutes the excellent and glorious Communist Party of Nepal (Maoist) and its leader, Chairman Prachanda, personally, sends you our fraternal greetings and extends to you, comrades, our warmest and sincerest congratulations on your well-deserved landslide electoral victory in the Constituent Assembly of your country. Apart from being a beacon for revolutionary and
progressive forces worldwide with the splendid example of the People’s War in Nepal and the daring theoretical contributions of Prachanda Path, your Party is also, in our opinion, the only solution domestically, the only political force capable of solving the very complicated problems faced by the peoples of your multinational country in a genuinely democratic fashion that would benefit the vast majority of the Nepalese masses and help them make serious strides along the path of class, national, regional and gender liberation.

Dar I. ZHUTAYEV,
Chairman and International Secretary,
Russian Maoist Party.

നേപാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) പ്രസിദ്ധീകരണമായ ദ് റെഡ് സ്റ്റാറിന്റെ പുതിയ ലക്കത്തില്‍നിന്നുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ BHASKAR, KERALA LETTER എന്നീ ബ്ലോഗുകളില്‍ വായിക്കാം.

Friday, June 20, 2008

പാഠഭേദം മാസികയുടെ ജൂണ് ലക്കത്തില്‍

പുതിയ ലക്കത്തിലെ വിഭവങ്ങളില്‍ ചിലത്

മലയാളത്തില്‍ ചുണക്കുട്ടികള്‍ കുറ്റിയറ്റുപോയോ? മഹാശ്വേതാ ദേവി ചോദിക്കുന്നു.

എം. ജി. ശശിയുമായി അഭിമുഖം: കെ. ഗിരീഷ്‌കുമാര്‍

വിജയ് ടെണ്ടുല്‍‌കര്‍: ഓര്‍മ

എന്തുകൊണ്ട് ആള്‍ദൈവങ്ങള്‍: സിവിക് ചന്ദ്രന്‍. “രാഷ്ട്രീയവും മതവും മനുഷ്യനെ കൈയൊഴിഞ്ഞ ഒരു മഹാശൂന്യതയിലാണ് ആള്ദൈവങ്ങള്‍ മുളച്ചുപൊന്തുന്നത്”

ഇടതിന്റെ സ്വത്വ സന്ദിഗ്ദ്ധതകള്‍: വടക്കേടത്ത് പത്മനാഭന്‍. “ബേബിയുടെ അച്ചടിവടിവുപോലെ, സുധാകരന്റെ ഞഞ്ഞ പിഞ്ഞ വായാടിത്തവും ഒരു കോമിക് റിലീഫ് പോലുമാകുന്നില്ല എന്നിടത്ത് ഈ രണ്ടു വര്‍ഷത്തെ ബാക്കിപത്രത്തില്‍ നേട്ടത്തിന്റെയും പ്രതീക്ഷയുടെയും കോളങ്ങള്‍ ശുദ്ധമേ ശൂന്യം”

സ്ത്രീകള്‍ നയിക്കുന്നതാവും ഭാവിയിലെ വിപ്ലവം: എസ്. എന്. നാഗരാജന്‍. “വ്യവസായ തൊഴിലാളികള്‍ വിപ്ലവം സാധ്യമാക്കുമെന്ന മിഥ്യാധാരണയൊക്കെ നമ്മള്‍ പണ്ടേ കയ്യൊഴിഞ്ഞു. പിന്നെ ആരാണ് നാളത്തെ വിപ്ലവത്തിന്റെ മുന്നണിയിലുണ്ടാവുക? ഞാന്‍ എത്തിയിരിക്കുന്ന നിഗമനം മനുഷ്യ ബന്ധങ്ങളുടെ സര്‍വതലങ്ങളിലും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിലും സ്നേഹം പുന:സ്ഥാപിക്കുന്നതിന് സ്ത്രീകള്‍ നയിക്കുന്നതായിരിക്കും ഭാവിയിലെ ഏറ്റവും വലിയ വിപ്ലവമെന്നാണ്.”

‘ആദിയില്‍ സ്ത്രീയുണ്ടായി, അവളില്‍നിന്ന് അവളുടെ പുരുഷനും’: ഡോ. ഖദീജാ മുംതാസ്. ആമീന വദൂദിന്റെ ‘ഖുര്‍¬ആന്‍ -- ഒരു പെണ്‍‌വായന’ എന്ന പുസ്തകത്തെ ആസ്പദമാക്കി.

ഇന്നവള്‍ പറയും വിധം: ഗാര്‍ഗി. ബൂലോകത്ത് സ്ത്രീകള്‍ നടത്തുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ലേഖനം.

പാഠഭേദം. കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
Tel 0495-2384073, 2765783, 9946769862
e-mail: patabhedam@gmail.com

Thursday, June 19, 2008

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആഭ്യന്തര യുദ്ധങ്ങള്‍

ഈയാഴ്ച കേരള കൌമുദിയിലെ ‘നേറ്ക്കാഴ്ച’ പംക്തിയില്‍ കേരളത്തില്‍ ഇപ്പോള്‍ പലതലങ്ങളില്‍ നടക്കുന്ന സംഘട്ടനങ്ങളുടെ പ്രസക്തി പരിശോധിക്കുന്നു.
പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: എന്തിനീ യുദ്ധങ്ങള്‍?
ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്‍

Wednesday, June 18, 2008

ഒരു സാഹിത്യ സാംസ്കാരിക മാസികയുടെ ആസന്ന മരണം

മലപ്പുറം ജില്ലയിലെ കല്‍പ്പകന്‍ചേരിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ധിഷണ സാഹിത്യ സാംസ്കാരിക മാസികയെക്കുറിച്ച് നേരത്തെ ഇവിടെ പരാമര്‍ശിച്ചിരുന്നു. അത് അന്ത്യശ്വാസം വലിയ്ക്കുകയാണ്.

ധിഷണയുടെ ജൂണ്‍ ലക്കത്തില്‍ മാനേജര്‍ എഴുതുന്നു: “ധിഷണ ഒരുലക്കംകൂടി മാത്രം.“

മനേജരുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:

വരും ലക്കത്തോടെ ധിഷണ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. അനുഭവങ്ങള്‍ തന്ന തീരുമാനം ഈവിധം മാസിക മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്നാണ്.

ഉള്ളത് പറഞ്ഞാലല്‍ ധിഷണയ്ക്ക് വരിക്കാരില്ല. വായനക്കാരുണ്ടെന്ന് തോന്നുന്നു. ഒന്നാം ലക്കം തൊട്ട് രണ്ടായിരം കോപ്പി തപാലിലല്‍ ഓരോ ലക്കവും പതിനായിരക്കണക്കില്‍ അക്ഷരസ്നേഹികളുടെ കൈകളില്‍ മാറി മാറി എത്തിച്ചിട്ടും വരിചേര്‍ന്നു സഹകരിച്ചവര്‍ മൂന്നക്കം തികഞ്ഞിട്ടില്ല. അടുത്ത ലക്കത്തോടെ അതും അവധി തീര്‍ന്നു നിലയ്ക്കുന്നു….

അല്പം പ്രയാസം സഹിച്ച് സാമ്പത്തികം പരിഹരിച്ച് നിലവിലുള്ള രീതിയിലല്‍ മുന്നോട്ടുപോകാന്‍ ധിഷണക്ക് കഴിയുമെങ്കിലും അനര്‍ഹര്‍ക്ക് ഇത്ര വലിയ സൌജന്യം അനുവദിക്കുന്നത് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന കാര്യമാണല്ലൊ. അതിനാല്‍ അടുത്ത ലക്കത്തോടെ ഇനിയൊരറിയിപ്പുവരെ തല്‍കാലം നിര്‍ത്തുന്നു. തീരെ ചെറുത് ഒന്ന് വല്ലപ്പോഴുമായി വേണമെങ്കില്‍ ആവാം. വായനക്കാരുടെ അഭിപ്രായം പോലെ.

Monday, June 16, 2008

സഖിയുടെ ഭക്ഷ്യസുരക്ഷാ ചര്‍ച്ച

തിരുവനന്തപുരം ആസ്ഥാനമായുള്ള സഖി വിമന്‍സ് റിസോഴ്സ് സെന്റര് പ്രസിദ്ധീകരിക്കുന്ന സഖി മാസികയുടെ ജൂണ് ലക്കം ഭക്ഷ്യസുരക്ഷാ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുന്നു.

പത്രാധിപക്കുറിപ്പ് ഇങ്ങനെ പറയുന്നു:

ആഗോളതലത്തിലും നമ്മുടെ നാട്ടിലും ഭക്ഷ്യസുരക്ഷയ്ക്ക് ഉണ്ടായിരിക്കുന്ന വെല്ലുവിളി വളരെ, വളരെ ഗൌരവമാണ്. പാവപ്പെട്ടവരെ, പ്രത്യേകിച്ച് സ്ത്രീകളെ ഏറ്റവുമധികം ബാധിക്കാന് പോകുന്ന ഈ പ്രശ്നത്തെക്കുറിച്ചാണ് ഈ ലക്കം സഖി ചറ്ച്ച ചെയ്യുന്നത്. ഭക്ഷ്യപ്രതിസന്ധിയുടെ കാരണങ്ങള്, മാനങ്ങള്, അവയ്ക്കെതിരെ പട്ടിണീമരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും നാടായ ആന്‍ഡ്ര പ്രദേശിലെ മേധക് ജില്ലയില് ദലിത് സ്ത്രീയുടെ മുങ്കൈയില് നടക്കുന്ന ചെറുത്തുനില്‍പ്പുകള് തുടങ്ങിയവയും ചര്‍ച്ച ചെയ്യുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള് വഴി കാര്ഷികമേഖലയെ നിയന്ത്രിക്കാന് കുത്തകകള് നടത്തുന്ന ശ്രമത്തെപ്പറ്റി (എസ്.) ഉഷ എഴുതിയ ലേഖനവും ഏറെ ശ്രദ്ധ അറ്ഹിക്കുന്നു. സ്ത്രീകള് സ്വയംസഹായകസംഘങ്ങളായി കോ‍ാടിവരുമ്പോള്, എന്തിനാണു നാം പ്രാമുഖ്യം നല്‍കേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. വായ്പയും നിക്ഷേപവും സ്വരുകൂട്ടി ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗമാകാനാണോ അതോ ഭക്ഷ്യരംഗത്തെ പരമാധികാരത്തിനായുള്ള പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പാണോ വേണ്ടത് എന്ന് നാം ഗൌരവപൂര്വം ആലോചിക്കണം. കേരളത്തില് കഞ്ഞിക്കുഴി പോലെ, പച്ചക്കറിയുടെയും മറ്റും ഉല്ത്പാദനത്തില് മാതൃകാപരമായ പ്രവറ്ത്തനങ്ങള് പല പഞ്ചായത്തുകളിലും നടക്കുന്നുണ്ട്. എന്നാല് ഭക്ഷ്യധാന്യങ്ങളുടെ കൃഷിയില്, ഭക്ഷ്യരീതിയില് വരുത്താവുന്ന മാറ്റങ്ങളുടെ കാര്യത്തില് ഒക്കെ ബദല്മാതൃകകള് രൂപപ്പെടുത്തേണ്ടതുണ്ട്.

സഖി മാസികയുടെ എഡിറ്റോറിയല് ടീം അംഗങ്ങള്: ഏലിയാമ്മ വിജയന്, രെജിത ജി, രമാദേവി എല്.
മേല്‍വിലാസം:
Sakhi Women’s Resource Centre,
TC 27/1872, Convent Road,
Vanchiyoor,
Thiruvananthapuram 695035

Phone 0471-2462251, Fax 0471-2574939
E-mail: sakhi@md2.vsnl.net.in