Wednesday, November 19, 2008

അഭയ കേസില്‍ മൂന്ന് അറസ്റ്റുകള്‍

പല സംഘങ്ങള്‍ പതിനാറ് കൊല്ലത്തിലധികമായി അന്വേഷണം നടത്തിയിട്ടും എങ്ങും എത്താതെ നിന്ന അഭയ കൊലക്കേസില്‍ സി.ബി.ഐ. ഒടുവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടു പാതിരിമാരും ഒരു കന്യാസ്ത്രീയുമാണ് പ്രതികളെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ കേസിന്റെ അന്വേഷണത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് വിശ്വസിക്കാന്‍ വകയുണ്ട്. ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ തേളിവുകള്‍ നശിപ്പിച്ചതായ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അഭയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എഴുതി കേസ് ഒതുക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

തേഞ്ഞുമാഞ്ഞുപോകുമെന്നു കരുതിയ കേസ് വിചാരണ ഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാവുന്ന അവസ്ഥ ഉണ്ടാക്കിയെടുത്തതിന് ജോമോന്‍ പുത്തന്‍പുരയ്ക്കലിനും ഹൈക്കോടതിക്കുമാണ് നന്ദി പറയേണ്ടത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. ആ നിലയ്ക്ക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ നിരത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയുമോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്.

2 comments:

ഭൂമിപുത്രി said...

സർ,അല്പനേരം മുൻപ് അനിലിന്റെ പോസ്റ്റിനിട്ട കമന്റ് ആവർത്തിച്ചെഴുതേണ്ടല്ലൊ എന്ന് കരുതി കോപ്പി ചെയ്യുന്നു.

ഈ വിജയം പൂർണ്ണമായും കോടതിയുടെതാൺ.
കാര്യങ്ങൾ നേരായവഴിയിൽ നീങ്ങണമെങ്കിൽ അത് ജുഡിഷ്യൽ ആക്റ്റിവിസം
കൊണ്ടുമാത്രമേ നടക്കൂ എന്നത് അത്ര ആശാസ്യമായ വസ്തുതയല്ല.
ആദർശത്തിനും സത്യത്തിനും വേണ്ടി ജോലി വരെ രാജിവെയ്ക്കേണ്ടിവന്ന വർഗ്ഗീസ് പി തോമസ്സിൻ നമ്മൾ മറക്കരുത്.
അതിനിടെ അറസ്റ്റിൽ ‘ദുരൂഹത’
എന്നാരോപിച്ച് കോട്ടയം അതിരൂപത പരിഹാസം ക്ഷണിച്ചുവാങ്ങുന്നു..
രാഷ്ട്രീയ ബന്ധങ്ങളുടെ കലക്കവെള്ളത്തിൽ
മീൻപിടിയ്ക്കാൻ ബിജെപ്പി കൊച്ചുതോണിയുമായിറങ്ങുന്നു..ജോമോൻ കെ.എം.മാണിയ്ക്കെതിരെ ചൂണ്ടുന്ന വിരൽ,
വർഷങ്ങൾക്ക് പിൻപേ നരസിംഹറാവുവിന്റെ
ഓഫീസ് വരെ നീളുന്നു..പ്രതിപ്പട്ടിക നീണ്ടതാകും..രാഷ്ട്രീയരംഗത്തെ വലിയ മത്സ്യങ്ങൾ രക്ഷപ്പെടുമെന്നുറപ്പ്.
എന്നാലും ഒരാശ്വാസം! എന്തെക്കൊയോ നന്മകൾ എവിടെയൊക്കെയോ ബാക്കിയുണ്ട്.

chithrakaran ചിത്രകാരന്‍ said...

പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ... സത്യം അറിയേണ്ടത് സാമൂഹ്യ നന്മയുടെ പൊതു ആവശ്യമാണ്.

ചിത്രകാരന്റെ പോസ്റ്റ്:അഭയ-സഭക്ക് കുംബസരിക്കാമായിരുന്നു.

qw_er_ty