Tuesday, November 4, 2008

ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം

‘അമ്മ’യ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിക്കുന്നതും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍‌ലാലും അഭിനയിക്കുന്നതുമായ റ്റ്വെന്റി 20 എന്ന ചിത്രത്തിനു ആദ്യത്തെ ഏതാനും ദിവസം ടിക്കറ്റ് നിരക്കില് 50 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

അവശകലാകാരന്മാരെ സഹായിക്കാനാണ് ഈ ചിത്രം നിര്മ്മിക്കുന്നതെന്നും ഭാരിച്ച നിര്‍മ്മാണച്ചിലവ് തിരിച്ചുപിടിക്കാന്‍ വില വര്ദ്ധന ആവശ്യമാണെന്നും കാണിച്ച് അമ്മ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഈ തീരുമാനം ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കമാണ്. ഉപഭോക്താക്കളുടെ ചിലവില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമുള്ളവരെ സഹായിക്കാനുതകുന്ന ഒരു വഴിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. അതുണ്ടാവില്ലെന്ന് ഉറപ്പാക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കുണ്ട്. ടിക്കറ്റ് നിരക്ക് സാധരണതലത്തിലെത്തിയശേഷം മാത്രം ഈ സിനിമ കണ്ടാല് മതിയെന്ന് അവര്‍ തീരുമാനിച്ചാല്‍ മതി.

സഹായം ആവശ്യമായ കലാകാരന്മാര്‍ക്കായി പണം സംഭരിക്കാനുള്ള അമ്മയുടെ ശ്രമം പിന്തുണ അര്ഹിക്കുന്നു. അതുകൊണ്ട് ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമ്പോള്‍ നമുക്ക് ഈ ചിത്രം കാണാം. നാം ആദ്യദിവസം എത്താത്തതുകൊണ്ട് സിനിമ പൊട്ടിപ്പോകുമെന്ന ഭയമൊന്നും വേണ്ട. ആ ദിവസങ്ങളില്‍ തിയേറ്റര്‍ നിറയ്ക്കാന്‍ വേണ്ട അംഗബലം താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ട്.

എത്ര നല്ല കാര്യത്തിനായാലും വ്യക്തിയൊ സംഘടനയൊ സാമ്പത്തിക പരിമിതി മനസ്സിലാക്കാതെ പണം ചിലവാക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കില്ല.

7 comments:

keralafarmer said...

ഇപ്പോഴത്തെ സിനിമയും ടെലി സീരിയലുകളുമെല്ലാം ചീത്ത കീഴ്വഴക്കം തന്നെ. ഇവയൊക്കെ കാണാതിരിക്കുകയാവും ഭേദം.

വടക്കൂടന്‍ | Vadakkoodan said...

ഇതൊരു പുതിയ കീഴ്വഴക്കമാണോ? ഇതിന് മുന്‍പും സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ആദ്യ ദിവസങ്ങളില്‍ റേറ്റ് വര്‍ധിപ്പിക്കാറുണ്ടല്ലോ... സിനിമാ പ്രതിസന്ധിയോ മറ്റോ ആണ് അന്ന് കാരണം പറഞ്ഞിരുന്നത്.
മൂന്നു ദിവസത്തിനുള്ളില്‍ പടത്തിന്റെ വ്യാജന്‍ ഇറങ്ങും എന്നിരിക്കേ പടം എടുത്തവര്‍ മുടക്കുമുതല്‍ എങ്കിലും തിരിച്ചു പിടിക്കണം എന്ന് ആഗ്രഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ?

ഭൂമിപുത്രി said...

ഏതായാലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിട്ടുണ്ട്.
ആദ്യദിവസംതന്നെ അധികം കാശുംകൊടുത്തു കാണണ്ട ഗുണമൊന്നും ആ സിനിമയ്ക്കുണ്ടാകില്ല എന്നുറപ്പ്!
അതെ, കുറെ ‘ഡെഡിക്കേറ്റഡ്’ഫാൻസുണ്ടല്ലൊ എത്രവേണമെങ്കിൽ ചിലവാക്കാൻ റെഡിയായിട്ട്!
(‘പരദേശി’യ്ക്കും ‘കയ്യൊപ്പി’നുമൊന്നും
വേണ്ടിയിറക്കാനുള്ള വക പാവങ്ങളുടെ കയ്യിലില്ലെന്ന് മാത്രം)

സൂരജ് :: suraj said...

കൊള്ളാവുന്ന വല്ല പടവും എടുത്തിട്ടാണ് ഈ “ജീവകാരുണ്യ” ഗീര്‍വ്വാണങ്ങളെങ്കില്‍ സഹിക്കാമായിരുന്നു. ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സിന് ഡയലോഗ് വീതം വയ്പ്പിനു തികയാതെ വന്നത് ആ പടത്തില്‍ തന്നെ കാണാം, അച്ചിങ്ങ പീച്ചിങ്ങ പാവല് പടവലം എന്നും പറഞ്ഞുള്ള തറ വളിപ്പുകള്. ഇനി ട്വന്റി ട്വന്റിയില് ഇതിപ്പൊ എങ്ങനെയാണോ ഫിഫ്റ്റി ഫിഫ്റ്റി വീതിക്കാന്‍ പോണത് !

വാനപ്രസ്ഥം പോലൊരു കലാമൂല്യമുള്ള പടം പൊളിഞ്ഞ് പാളീസായപ്പോള്‍ത്തന്നെയാണ് ലാല്‍ ഫാന്‍സ് നരസിംഹം പോലൊരു മെഗാ ചവറിന് നാലാം ആഴ്ചയും തീയറ്ററുകാരുമായി ‘ഇടപാട് നടത്തി’ ടിക്കറ്റ് ഹോള്‍സെയില് വാങ്ങി തീവിലയ്ക്ക് ബ്ലാക്കിനു വിറ്റത്.

ആദ്യ ആഴ്ചകളിലെ ഇതു പോലുള്ള ‘കൃത്രിമ’ ക്ഷാമത്തെ ലീഗലൈസ് ചെയ്യാനാണീ കളി എന്ന് മനസിലാക്കുന്നു. ബ്ലോഗിലിതിട്ടതിന് അഭിനന്ദനം.

ദുശാസ്സനന്‍ said...

താങ്കളുടെ നിരീക്ഷണം ശരിയാണ്. തികച്ചും തെറ്റായ ഒരു കീഴ്‌വഴക്കം തന്നെയാണ്. ഈ ചിത്രത്തിനെ പറ്റി മാധ്യമങ്ങളില്‍ ആദ്യം വന്ന വാര്‍ത്ത അമ്മയിലെ അംഗങ്ങള്‍ക്ക്‌ സഹായത്തിനായി നിര്‍മിക്കുന്ന ഒരു ചിത്രമാണെന്നാണ്. പിന്നെ കേട്ടു നടന്‍ ദിലീപ് ആണ് ഈ ചിത്രം നിര്‍മിക്കുന്നതെന്നും പകരമായി ഒരു കോടി രൂപ അമ്മക്ക് കൊടുക്കുമെന്നും. ചാരിറ്റിയുടെ പേരു പറഞ്ഞാണ്‌ ഇപ്പൊ ഈ 50 ശതമാനം വര്‍ധന എര്‍പെടുതിയിരിക്കുന്നത്. ഇതിനോടൊപ്പം വന്ന വേറൊരു വാര്‍ത്തയും താന്ങള്‍ ശ്രദ്ധിച്ചിരിക്കും. പടം ആദ്യ ദിവസം തന്നെ രണ്ടു കോടിയില്‍ പരം രൂപ നേടി എന്ന്. സാറ്റലൈറ്റ് റൈട്സ് വിറ്റിട്ടുമില്ല അത്രേ. അപ്പൊ ഈ പടം ഇങ്ങനെ ഓടിച്ചാല്‍ ആര്‍ക്കാണ് ലാഭം എന്ന് കോമണ്‍ സെന്‍സ് വച്ചു ചിന്തിച്ചാല്‍ തന്നെ മനസ്സിലാവും . അമ്മ കൊട്ടി ഘോഷിച്ചു മാസാമാസം കൈനീട്ടം കൊടുക്കുന്നതു തന്നെ അതിന് അര്‍ഹതയില്ലാത്ത ഒരു ഭൂരി ഭാഗത്തിനനെന്നു നടന്‍ തിലകന്‍ പറഞ്ഞതു കൂടി ഇതിനോട് ചേര്ത്തു വായിക്കേണ്ടതുണ്ട്...
കൂടാതെ വളരെ എളുപ്പത്തില്‍ ലാഭം കിട്ടുമായിരുന്ന ഈ പദ്ധതിയില്‍ മറ്റു സൂപ്പര്‍ സ്ടാരുകള്‍ താത്പര്യം കാനിക്കതിരുന്നതെന്തനാവോ ?

Unni(ജോജി) said...

ഈ സിനിമാ കാണല്‍ എന്നു പറഞാല്‍ അവശ്യ വസ്തു ഒന്നും അല്ലലൊ?
ആദ്യം കാണണം എന്നുള്ളവര്‍ അല്പം കൂടുതല്‍ കൊടുക്കട്ടെ!.
ഇവിടെ അരി,പച്ചക്കറി വില കേട്ടാല്‍ പെടി ആകും. അപ്പൊള്‍ ആണു സിനിമ ടികെറ്റ്

ppmd said...

കാശ് കൂടുതല്‍ വാങ്ങുന്ന/വാങ്ങിയ കലാകാരന്‍മാര്‍ കാശ് കിട്ടാതെ അവശരായിപ്പോയ കലാകാരന്മാരെ വ്യക്തിപരമായി സഹായിക്കുകയല്ലെ ഉചിതം. ഈ സംഘടനകളൊക്കെത്തന്നെ ജനങ്ങളെ പറ്റിക്കാനുള്ള ഏര്‍പ്പാടാണ്- അതിന്റെ തലപ്പത്തിരിക്കുന്നവര്‍ മമ്മുട്ടി ആയാലും ശരി, മോഹന്‍ ലാല്‍ ആയാലും ശരി, ഇന്നസെന്റ് ആയാലും ശരി!
നന്ദി ഈ നല്ല ലേഖനത്തിന്