Friday, December 28, 2018


നവോത്ഥാനം പ്രകടനങ്ങളിലൂടെ വരില്ല

ബി.ആര്‍..പി. ഭാസ്കര്‍

ബുധനാഴ്ച സന്ധ്യക്ക് കേരളത്തിലെ തെരുവുകളില്‍ അയ്യപ്പദീപം തെളിഞ്ഞു. പരിപാടിയില്‍ 21 ലക്ഷം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. അവര്‍ ദീപം തെളിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി ഒന്നിന് നവോത്ഥാനം വീണ്ടെടുക്കുക, കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാതിരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 30 ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  നീളുന്ന മനുഷ്യമതില്‍ തീര്‍ക്കാനുള്ള പരിപാടിക്ക് അന്തിമരൂപം നല്‍കുകയായിരുന്നു.
അര നൂറ്റാണ്ടുകാലം എല്ലാവരും സൌകര്യപൂര്‍വ്വം മറന്ന നവോത്ഥാനം വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാരണം അതാണ്‌ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ സാമൂഹ്യതലത്തില്‍ മുന്‍നിര പ്രദേശമാക്കിയത്. പുതിത രാഷ്ട്രീയ സംവിധാനം അത് മുന്നോട്ടു കൊണ്ടുപോകാതിരുന്നതുകൊണ്ട് സമൂഹത്തില്‍ പലതരത്തിലുള്ള ജീര്‍ണ്ണതകള്‍ പടര്‍ന്നതായി ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ജാതിമതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരുന്ന മലയാളികളെ യോജിപ്പിച്ച് ഒരു എകീകൃത സമൂഹമായി വികസിക്കാന്‍ സഹായിച്ച ഒന്നായിരുന്നു നവോത്ഥാനകാല പ്രവര്‍ത്തനങ്ങള്‍. ഉപ്പോള്‍ നടക്കുന്ന പരിപാടികള്‍ സമൂഹത്തെ വീണ്ടും വിഭജിക്കുകയാണ്.
അയ്യപ്പദീപവും വനിതാ മതിലും ശക്തിപ്രകടനങ്ങളാണ്. അവയുടെ  സംഘാടകര്‍ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ശബരിമലയില്‍  പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയുകയാണ് അയ്യപ്പദീപക്കാരുടെ പ്രഖ്യാപിത ലക്‌ഷ്യം. ആ വിധി ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള സ്ത്രീസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ നിലയ്ക്ക് അത് നവോത്ഥാന മൂല്യങ്ങള്‍ക്ക് അനുസൃതമായതാണ്. നിശ്ചിതപ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത്‌ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു പരമ്പരാഗത ആചാരമാണെന്നാണ് വിധിയെ എതിര്‍ക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് അടുത്തകാലത്ത് --- കൃത്യമായി പറഞ്ഞാല്‍ നവോത്ഥാന മുന്നേറ്റം നിലച്ച ശേഷം --– നിലവില്‍ വന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ പ്രാചീനകാലം മുതല്‍ നിലനിന്ന ആചാരമാണെങ്കില്‍ തന്നെ അത് പുതിയ കാലത്തിനു ചേര്‍ന്നതല്ലെന്ന് മനസിലാക്കി ഉപേക്ഷിക്കാന്‍ ആധുനിക മനസുകള്‍ക്ക് കഴിയേണ്ടതാണ്. വിവേചനം കൂടാതെ ആചാരങ്ങള്‍ അന്ധമായി പിന്‍തുടരുന്നതുകൊണ്ടാണ് ചിലര്‍ക്ക്‌ അതിനു കഴിയാത്തത്.
ശക്തിപ്രകടനമെന്ന നിലയില്‍ കേരളം മുമ്പും കണ്ടിട്ടുള്ള ഒന്നാണ് മനുഷ്യ മതില്‍. എന്നാല്‍ വനിതാ മതില്‍ ഒരു പുതിയ ആശയമാണ്. തീരുമാനം സ്ത്രീസംഘടനകളുടേതായിരുന്നെങ്കില്‍ സ്ത്രീശാക്തീകരണ പരിപാടിയായി അതിനെ കാണാമായിരുന്നു. പെണ്ണുങ്ങളോട് ആലോചിക്കാതെ ആണുങ്ങള്‍ എടുത്ത തീരുമാനമെന്ന നിലയില്‍ അത് നവോത്ഥാനവുമായി നിരക്കാത്ത ഒരു ആണധികാര പരിപാടിയാണ്. തീരുമാനമെടുത്തത് സര്‍ക്കാരോ ഭരണകക്ഷികളോ അല്ലെങ്കിലും അതിന്റെ നടത്തിപ്പ് ഇപ്പോള്‍ സര്‍ക്കാരിന്റെയും സി,പി.എമ്മിന്റെയും ചുമതല ആയിരിക്കുകയാണ്. പരിപാടി ഒരു രാഷ്ട്രീയ മത്സരത്തിന്റെ ഭാഗമാകയാല്‍ അതിനെ വിജയിപ്പിക്കേണ്ടത് ഭരണ മുന്നണിയുടെ മാത്രമല്ല എതിര്‍ഭാഗം ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ബാധ്യതയുമായിട്ടുണ്ട്.
മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രാഷ്ടീയകക്ഷികളാണ്. ശബരിമലയിലെ സ്ത്രീപ്രവേശവും നവോത്ഥാനത്തിന്റെ വീണ്ടെടുക്കലും ഇപ്പോള്‍ നേരിടുന്ന പരിമിതികളെ മറികടക്കാന്‍ അവര്‍ കണ്ടുപിടിച്ച സൂത്രങ്ങള്‍ മാത്രമാണ്. ജനസംഘത്തിന്റെ കാലം മുതല്‍ ശ്രമിച്ചിട്ടും ഹിന്ദുത്വ രാഷ്ട്രീയത്തിന് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രദേശമാണ് കേരളം. നിയമസഭയില്‍ ആദ്യമായി ഒരു സീറ്റ് കിട്ടിയത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. നവോത്ഥാനം സൃഷ്ടിച്ച മതനിരപേക്ഷ പരിസരമാണ് ഒരു ഹിന്ദു വോട്ട്‌ ബാങ്ക് ഉണ്ടാക്കാനുള്ള സംഘ പരിവാര്‍ ശ്രമങ്ങളെ ഇത്രകാലവും തടഞ്ഞു നിര്‍ത്തിയത്. തത്വത്തില്‍ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന ബി.ജെ.പി.യും ആര്‍.എസ്.എസും ശബരിമലയില്‍ ആചാരലംഘനം നടക്കുന്നെന്ന വാദം ഏറ്റെടുത്ത് ഹിന്ദു വികാരം ആളി കത്തിച്ച് ആ പ്രതിബന്ധം മറികടക്കാനുള്ള ശ്രമത്തിലാണ്. കോണ്ഗ്രസും ആദ്യം ആ വാദം ഏറ്റുപിടിച്ചെങ്കിലും അത് ബി.ജെ.പിക്കാവും ഗുണം ചെയ്യുക എന്നു തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഏറക്കുറെ നിശ്ശബ്ദമായിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഇനിയും പ്രസക്തിയില്ലെന്നായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 1995ലെ വിലയിര്ത്തല്‍. അതിനെ പിന്തുടര്‍ന്ന്‍ പാര്‍ട്ടിയുടെ അക്കാദമിക പണ്ഡിതര്‍ ഇവിടെ ജാതിസമൂഹ പരിഷ്കരണങ്ങളല്ലാതെ നവോത്ഥാനം എന്ന് വിളിക്കാവുന്ന ഒന്നും ഉണ്ടായിട്ടില്ലെന്ന്‍ സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പി. ഗോവിന്ദപ്പിള്ള പിന്നീട് നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി.  
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സത്യസന്ധമല്ല. വിധിയെ എതിര്‍ക്കുന്നവര്‍ സ്റ്റേ ആവശ്യപ്പെട്ടെങ്കിലും കോടതി ആ ആവശ്യം അംഗീകരിച്ചില്ല, വിധി നടപ്പാക്കുമെന്ന്‍ മുഖ്യമന്ത്രി ആവര്ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും ദരശനത്തിനെത്തുന്ന സ്ത്രീകളെ  പോലീസ് പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകള്‍ സംഘ പരിവാര്‍ ഗൂണ്ടകളുടെ അധിക്ഷേപങ്ങളെ നേരിട്ടു കൊണ്ട് മല ചവിട്ടുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു: “ഭക്തജനങ്ങള്‍ പ്രകോപിതരാണ്, പോലീസിനു യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും.”
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന സര്ക്കാരിന്റെ പ്രഖ്യാപനം വീണ്‍ വാക്കായി. രണ്ടായിരം കൊല്ലം മുമ്പ് കൊളീസിയത്തിലിരുന്നു റോമാക്കാര്‍ കൂട്ടില്‍ നിന്ന് തുറന്നു വിട്ട സിംഹങ്ങള്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് കണ്ടു രസിച്ചതുപോലെ പ്രബുദ്ധ മലയാളികള്‍ ടിവി സെറ്റിനു മുന്നിലിരുന്നു ആക്രമണോല്സുകരായ പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ചെത്തിയ സ്ത്രീകളെ വേട്ടയാടുന്നത കണ്ടു രസിക്കുകയായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും അയ്യപ്പദര്‍ശനം നിഷേധിക്കപ്പെട്ട് തിരിച്ചത്തിയ സ്ത്രീകളുടെ വീടുകള്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറുള്ള പൊലീസുദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സേനയിലെ തന്നെ ചിലര്‍ അവരുടെ നീക്കങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് ചോര്ത്തിക്കൊടുത്തുകൊണ്ട് അവരുടെ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു. നേരത്തെ പോലീസില്‍ ഘടകങ്ങളുണ്ടാക്കിയ സി.പി.എം ഇപ്പോള്‍ സേനയില്‍ പ്രകടമാകുന്ന ഹിന്ദുത്വ സ്വാധീനത്തെ കുറിച്ച് എങ്ങനെ പരാതിപ്പെടാനാണ്? പതിറ്റാണ്ടുകളായി മാറിമാറി ഭരിക്കുന്ന മുന്നണികളെ നയിക്കുന്ന കോണ്ഗ്രസും സി.പി.എമ്മും ഈ കാലയളവില്‍ നടന്ന, നവോത്ഥാനത്തെ പിന്നോട്ടടിച്ച നടപടികള്‍ക്ക് കൂട്ടുത്തരവാദികളാണ്. നവോത്ഥാനം വന്നത് പ്രകടനപരമായ പരിപാടികളിലൂടെയല്ല, ലക്ഷ്യബോധത്തോടും ദൃഡനിശ്ചയത്തോടുമുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണ്. അടുത്ത തെരഞ്ഞെടുപ്പ് എങ്ങനെയും ജയിക്കുക എന്ന പരിമിതമായ ലക്ഷ്യത്തിനപ്പുറം കേരളത്തെ വീണ്ടും നവോത്‌ഥാന പാതയിലേക്ക് നയിക്കണമെന്ന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആത്മാര്‍ത്‌ഥമായി ആഗ്രഹിക്കുന്നെങ്കില്‍ ചില പഴയ തെറ്റുകള്‍ തിരുത്തിക്കൊണ്ട് അതിനു തുടക്കം കുറിക്കാവുന്നതാണ്. (മാധ്യമം, ഡിസംബര്‍ 28, 2018) 

Sunday, December 23, 2018

നവോത്ഥാനം കോമാളിക്കളി ആവുകയാണോ?

ബി.ആര്‍.പി. ഭാസ്കര്‍                                                                                           ജനശക്തി

ചരിത്രം ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞത് കാള്‍ മാര്‍ക്സ് ആണ്. ആ ദുര്‍ഗതിയാണോ കേരള നവോത്ഥാനത്തിനുണ്ടായിരിക്കുന്നത്? 

അതിന്റെ ദുരന്തഘട്ടം അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ചു. അത് നാം തിരിച്ചറിഞ്ഞില്ല. അതിന്റെ ഒരു കാരണം ദുരന്തത്തിന്റെ ദുഃഖം പേറേണ്ടി വന്നത് നൂറ്റാണ്ടുകളായി അടിച്ചമര്ത്തലിന്റെ വേദന കടിച്ചിറക്കി അരികുകളില്‍ കഴിഞ്ഞിരുന്ന ആദിവാസി, ദലിത് വിഭാഗങ്ങളും ആണാധിപത്യത്തിന്‍ കീഴില്‍ ചവിട്ടി മെതിക്കപ്പെട്ട സ്ത്രീകളും ആയിരുന്നതുകൊണ്ടാണ്. മറ്റൊന്ന് നവോത്‌ഥാന മുന്നേറ്റം നിലയ്ക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ പുറത്തുനിന്നു പണമൊഴുക്ക് ആരംഭിക്കുകയും അതിന്റെ ഗുണം നേരിട്ടോ അല്ലാതെയോ ലഭിച്ചതുമൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറുകയും ചെയ്തെന്നതാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും അത്ന്റെ ഗുണം ലഭിച്ചില്ല. അതുകൊണ്ട് അവര്‍ പുറന്തള്ളപ്പെട്ടു എന്ന് എളുപ്പത്തില്‍ മനസിലാക്കാനായി.

കേരളത്തിനു പുറത്ത് തൊഴില്‍ ജിവിതം നയിച്ചശേഷം 25 കൊല്ലം മുമ്പ് തിരിച്ചെത്തിയപ്പോള്‍ ആദിവാസികളും ദലിതരും സ്ത്രീകളും പിന്നാക്കം പോയതിനെ കുറിച്ച് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അന്വേഷണങ്ങള്‍ നടത്തുകയും എന്റെ നിഗമനങ്ങള്‍ ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രാഷ്രീയ പ്രസ്ഥാനങ്ങള്‍ നവോത്ഥാനം മുനോട്ടു കൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് അവര്‍ പിന്നാക്കം പോയി എന്നായിരുന്നു എന്‍റെ കണ്ടെത്തല്‍. ലേഖനങ്ങളില്‍ ചിലത് 2003ല്‍ “പിന്തിരിഞ്ഞോടുന്ന കേരളം” എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടു. പതിനഞ്ചു കൊല്ലങ്ങള്‍ക്കു ശേഷം ചില രാഷ്ട്രീയ നേതാക്കളെങ്കിലും കേരളം നവോത്ഥാനത്തില്‍ നിന്ന് തിരിച്ചുനടക്കുകയായിരുന്നെന്നു ഏറ്റുപറയുകയും അതിനെ മുന്നോട്ടു കൊണ്ടുപോകാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ഞാന്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല. ദുരന്ത ഘട്ടം വിട്ട് നവോത്ഥാനം കോമാളിക്കളിയായി മാറുകയാണോ  എന്ന് ഞാന്‍ സംശയിക്കുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനം എടുത്തു കളഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടിയും കോണ്ഗ്രസും തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോഴാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനത്തിന്റെ വീണ്ടെടുക്കല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. ശബരിമലയിലെ സ്ത്രീനിരോധനം ചിലര്‍ അവകാശപ്പെടുന്നതു പോലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമല്ല. അത് ഒരു ഹൈക്കോടതി വിധിയിലൂടെ 1991ല്‍ നിലവില്‍ വന്നതാണ്. നവോത്ഥാന മുന്നേറ്റം തടയപ്പെട്ടശേഷം വന്ന നിയന്ത്രണമെന്ന നിലയില്‍ അതിനെതിരായ നീക്കത്തെ നവോത്ഥാനത്തിന്റെ വീണ്ടെടുക്കലായി കാണാവുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി നവോത്ഥാന പ്രഭാഷണങ്ങള്‍ നടത്തുമ്പോഴും ഭക്തവേഷത്തില്‍ ശബരിമല പാതയില്‍ തമ്പടിച്ച ഗൂണ്ടകളെ മറികടന്നു സന്നിധാനത്തെത്തിയ സ്ത്രീകളെ പോലീസ് തന്ത്രപരമായി തിരിച്ചയക്കുകയാണ് ചെയ്തത്.
നവോത്ഥാനം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് നിലച്ചതെങ്ങനെയെന്ന് മനസിലാക്കണം. ശ്രീനാരായണ ഗുരു ഉഴുതു മറിച്ച മണ്ണില്‍ വിത്തുപാകിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നതെന്ന്അതിന്റെ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഗുരു ഉള്‍പ്പെട്ട നവോത്ഥാനത്തെ കുറിച്ച് മുഖ്യമന്ത്രുക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇപ്പോഴും നല്ല പിടിയില്ല.  
നവോത്‌ഥാനം ബഹുതലസ്പര്‍ശിയായ പ്രസ്ഥാനമാണ്. ഗുരു അതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുക മാത്രമല്ല ഒരു മാതൃകാസ്ഥാന സങ്കല്പം അവതരിപ്പിച്ചുകൊണ്ട് അതിന് ലക്‌ഷ്യബോധം നല്‍കുകയും ചെയ്തു. അദ്ദേഹത്തിനു മുമ്പും പിമ്പുമായി വൈകുണ്‍ഠ സ്വാമി, ചട്ടമ്പി സ്വാമി, അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍ മൌലവി, പൊയ്കയില്‍ യോഹന്നാന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങി നിരവധി പേര നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് രൂപപ്പെട്ടത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കൃതികളില്‍ അവരില്‍ പലരുടെയും പേരില്ലാത്തതുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് ചരിത്രം പഠിച്ചവര്‍ക്ക് അവരുടെ സംഭാവനകളെ കുറിച്ച് അറിയില്ല.
ഇവിടെ നവോത്ഥാനമൊന്നും ഉണ്ടായില്ലെന്നും ചിലര്‍ താന്താങ്ങളുടെ ജാതിസമൂഹങ്ങളില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണുണ്ടായതെന്നും വാദിക്കുന്ന അക്കാദമിക പണ്ഡിതന്മാരുണ്ട്. ജാതീയമായി വിഭജിച്ചു നിന്ന സമൂഹത്തില് ജാതിയുടെ മതില്ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നല്ലാതെ എങ്ങനെയാണ് മാറ്റമുണ്ടാവുക? നവോത്ഥാന നേതാക്കളുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ അവരും അനുയായികളും സാമൂഹ്യപരിഷ്കരണം കൂടാതെ വിവിധ മേഖലകളില്‍ മാറ്റത്തിനു തുടക്കം  കുറിച്ചതായി  കാണാം. ഒരു രാഷ്ട്രീയ കക്ഷിയും ഇല്ലാതിരുന്ന കാലത്ത് അവര്‍ ജാതിമതിലുകള്‍ ഭേദിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുകയും അതിന്റെ ഫലമായി രാജഭരണകൂടം പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചാണ് അയ്യങ്കാളി ദലിതര്‍ക്ക് വിദ്യഭ്യാസാവകാശം നേടിയത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ കൊല്ലത്ത് 1915ല്‍ ബോണസ് സമരം നടത്തുകയും ആലപ്പുഴയില്‍ തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തു. കൃഷി, വ്യവസായം  എന്നിവയിലൂടെ അഭിവൃദ്ധി നേടാനുള്ള ഗുരുവിന്‍റെ ഉപദേശം നിരവധി പേര്‍ ചെവിക്കൊണ്ടു. ഗുരുവിന്റെ സ്വാധീനത്തില്‍ കോടതി വ്യവഹാരങ്ങള്‍ കുറഞ്ഞതായി അക്കാലത്തെ ഒരു തിരുവിതാംകൂര്‍ സര്‍ക്കാര്‍ രേഖ സാക്ഷ്യപ്പെടുത്തുന്നു. കീഴാള പ്രസ്ഥാനങ്ങള്‍ സമൂഹത്തില് വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന തിരിച്ചറിവ് ജാതീയ അവശതകള്‍ ഇല്ലാതിരുന്ന വിഭാഗങ്ങളെ അനാചാരങ്ങള്‍ ഇല്ലാതാക്കി പുതിയ കാലത്ത് തങ്ങളുടെ സമുദായങ്ങളുടെ നില ഭദ്രമാക്കാന്‍ പ്രേരിപ്പിച്ചു. കാലക്രമത്തില്‍ നവോത്ഥാന സ്വാധീനം മലയാള സാഹിത്യത്തിലും നാടകത്തിലും സിനിമയിലും പ്രകടമായി.
നവോത്ഥാനം മുന്നേറുമ്പോള്‍ തന്നെ പിന്നോട്ട് വലിക്കലും തുടങ്ങിയിരുന്നു. ഗുരുവിന്‍റെ ആശയങ്ങള്‍ പരിപാലിക്കാന്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി.പി. യോഗം ജാതി സംഘടനയായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം അതിനെ ഉപേക്ഷിച്ചു. തുടര്‍ന്ന് താന്‍ ജാതിയെയും മതത്തെയും മറികടന്നതായും ഒരു ജാതിയിലും മതത്തിലും പെടുന്നില്ലെന്നും  ഗുരു പ്രഖ്യാപിച്ചു. ഗുരുവിന്റെ ശിഷ്യര്‍  എന്നവകാശപ്പെടുന്നവര്‍ക്ക് ഒരുപക്ഷെ ഇന്നും വിഭാവന ചെയ്യാന്‍ പോലുമാകാത്ത ഒരവസ്ഥയാണത്. അയ്യങ്കാളിയും വിഭാഗീയതകള്‍ക്കതീതമായി സാധുജന പരിപാലനമാണ് ലക്ഷ്യമിട്ടത്. പക്ഷെ അനുയായികള്‍ പുലയ സംഘടന ഉണ്ടാക്കി.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തപ്പോള്‍ നവോത്ഥാനം സക്രിയരാക്കിയ കീഴാളര്‍ ആദ്യം കോണ്ഗ്രസിനു കീഴില്‍ അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്ഗ്രസ് വിട്ടു പുറത്തു വന്നപ്പോള്‍ അവര്‍ ഗുരുസങ്കല്പത്തോട് അടുത്തു നില്‍ക്കുന്ന സ്ഥിതിസമത്വം വാഗ്ദാനം ചെയ്യുന്ന അതിന്റെ ഭാഗമായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1957ലെ തെരഞ്ഞെടുപ്പിലെ വിജയം നവോത്ഥാനത്തിന്റെ രാഷ്ട്രീയ രംഗത്തെ പ്രതിഫലനമായിരുന്നു. കമ്മ്യൂണീസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നിയമം പ്രത്യക്ഷത്തില്‍ തന്നെ ഒരു നവോത്ഥാന പരിപാടിയായിരുന്നു. ഇന്ത്യയില്‍ തന്നെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതിരുന്ന കാലത്ത് എസ്.എന്‍.ഡി.പി. യോഗം പള്ളുരുത്തി സമ്മേളനത്തില്‍ ഭൂപരിഷ്കരണം ആവശ്യപ്പെട്ടിരുന്നു. ആ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിന്റെ ലക്‌ഷ്യം അധ്യാപക ചൂഷണം അവസാനിപ്പിക്കുകയായിരുന്നു. ആ നിലയ്ക്ക് അതിനെയും നവോത്‌ഥാന പരിപാടിയായി കാണാം.  
ഈ രണ്ടു നിയമങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം ആരംഭിച്ച ജാതിമത സംഘടനകളും അവരെ പിന്തുണച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമാണ് നവോത്ഥാനം അട്ടിമറിയ്ക്കാന്‍ ആദ്യം സംഘടിതമായി മുന്നോട്ടു വന്നവര്‍. നേരത്തെ നവോത്ഥാനത്തിനൊത്ത് സഞ്ചരിച്ചവരായിരുന്നു അവരില്‍ ചിലര്‍. രാഷ്ട്രീയ സാമൂഹ്യ താല്പര്യങ്ങള്‍ മൂലമാണ് അവര്‍ വഴിമാറി സഞ്ചരിച്ചത്.
ജാതിമതഭേദം മറികടക്കാന്‍ മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങി പല നിര്‍ദ്ദേശങ്ങളും നവോത്‌ഥാനകാലത്തുണ്ടായി. ഏറ്റവും വിപ്ലവകരമായ ആശയം വി.ടി ഭട്ടതിരിപ്പാട് അവതരിപ്പിച്ച നാനാജാതിമതസ്ഥര്‍ ഒന്നിച്ചു താമസിക്കുന്ന സമ്പ്രദായമാണ്. എന്നാല്‍ സ്വജാതി വിവാഹം, വിധവാ വിവാഹം എന്നീ ആവശ്യങ്ങള്‍ നേടിയതോടെ നമ്പൂതിരി യുവാക്കളുടെ പരിഷ്കരണത്വര ശമിച്ചിരുന്നു. അവര്‍ വി.ടി.യെ കൈവിട്ടു. ഇ.എം.എസിന്റെ വാക്കുകളില്‍ അവര്‍ കുറേക്കൂടി ഉദാത്തമായ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ പിന്തുടര്ന്നു.
കമ്മൂണിസ്റ്റ് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗിന്റെ സഹകരണം തേടിയ കോണ്ഗ്രസ് അതിനെ വര്‍ഗീയ കക്ഷിയായി കണ്ടുകൊണ്ട് അധികാരത്തിന് പുറത്ത് നിര്‍ത്തി. സ്പീക്കര്‍ സ്ഥാനം നല്‍കിയതു തന്നെ   സ്ഥാനാര്‍ഥി ലീഗില്‍ നിന്നു രാജിവെക്കണമെന്ന നിബന്ധനയോടെ ആയിരുന്നു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തായതോടെ നവോത്ഥാനം നിലച്ചില്ല. അതിനെ മുന്നോട്ടു കൊണ്ടു പോകാന് ആഗ്രഹിച്ചവരും പിന്നോട്ട് വലിക്കാന്‍ ശ്രമിച്ചവരും തുടര്‍ച്ചയായി സംഘട്ടനത്തിലേര്‍പ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്ഗ്രസും പിളര്‍ന്നത് രാഷ്ട്രീയ രംഗത്ത് അനിശ്ചിതത്വം വളര്‍ത്തുകയും രണ്ടു കക്ഷികളുടെയും നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്തു. രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ട് എന്ത് മാര്‍ഗത്തിലൂടെയും അധികാരത്തിലെത്തുക എന്നതായി എല്ലാവരുടെയും ലക്‌ഷ്യം. ‘വിമോചന സമര’ത്തിന്റെ എട്ടാം വര്ഷം അതില്‍ ഭാഗഭാക്കായവരും ഉള്‍പ്പെടുന്ന മുന്നണി രൂപീകരിച്ച് ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രിയായി. അതോടെ ആര്‍ക്കും ആരുമായും കൂട്ട്  കൂടാമെന്നായി. വര്‍ഗീയ രാഷ്ട്രീയത്തിനു മാന്യത ലഭിച്ചു. കോണ്ഗ്രസും കമ്മൂണിസ്റ്റ് പാര്‍ട്ടിയും പിളര്ന്നുണ്ടായ കക്ഷികളും ഒന്നിച്ചു ചേര്‍ന്ന് ഭരിക്കുന്ന അവസരങ്ങളും ഉണ്ടായി. അങ്ങനെയുള്ള ഒരു സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമാക്കിയ ഭൂപരിഷ്കരണ നിയമം പാസാക്കിയെടുത്തു. കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ അതിന്റെ പരിധിയില്‍ പെടാതിരുന്നതുകൊണ്ട് സാമൂഹിക ഘടനയില്‍ മാറ്റങ്ങള്‍ ആവശ്യമായില്ല. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നു കോടതി വിധിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരും ധൈര്യപ്പെട്ടില്ല. 
കേന്ദ്ര പ്രേരണയില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് തിരികെ നല്‍കാന്‍ ഒരു നിയമം എല്ലാ കക്ഷികളുടെയും പിന്തുണയോടെ 1975ല്‍ പാസാക്കപ്പെട്ടു. അത് നടപ്പാക്കേണ്ടെന്നും എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെ ദലിതര്‍ക്കൊപ്പം ആദിവാസികളും പുറത്തായി.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനത്തോടെ തുടങ്ങിയ  ഭിന്നതാല്പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം 1980കളില്‍ ഇന്നത്തെ ഇരുമുന്നണി സമ്പ്രദായം നിലവില്‍ വന്നതോടെ അവസാനിച്ചു. അടിസ്ഥാനപരമായി സാമൂഹ്യതലത്തില്‍ തല്സ്ഥിതി നിലനിര്‍ത്താനുള്ള ഒരു അലിഖിത ഉടമ്പടി ആയിരുന്നു അത്. അതോടെ നവോത്‌ഥാനം പൂര്‍ണ്ണമായി നിലച്ചു. ഇരുമുന്നണി സമ്പ്രദായം നിലനിര്‍ത്തിക്കൊണ്ട് നവോത്ഥാനം വീണ്ടെടുക്കാനാവില്ല. അതുകൊണ്ട് ഇപ്പോള്‍ കേള്‍ക്കുന്ന നവോത്ഥാന ഗീര്‍വാണങ്ങള്‍ മുഖവിലയ്ക്ക് എടുക്കാനാവില്ല.
മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സമ്മേളനത്തിലെ ക്ഷണിതാക്കളുടെ പട്ടികയില്‍ 200നടുത്ത് സംഘടനകള്‍ ഉണ്ടായിരുന്നു. നവോത്ഥാന നായകരുടെ ജീവിതകാലത്ത് തന്നെ ആ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോയവര്‍ അക്കൂട്ടത്തിലുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ക്ക് എതിരായ ലക്ഷ്യങ്ങളോടെ അടുത്ത കാലത്ത് സ്ഥാപിതമായ ഹിന്ദു പാര്‍ലമെന്റ് പോലുമുണ്ട് ആ പട്ടികയില്‍. എന്ത് നവോത്ഥാന പൈതൃകമാണ് സര്‍ക്കാര്‍ അവരില്‍ കണ്ടെത്തിയത്? 
എത്ര അസംബന്ധമാണെങ്കിലും വനിതാ മതില്‍ എന്ന സമ്മേളന തീരുമാനം നടപ്പിലാക്കേണ്ടത് ഇനി ഭരണ മുന്നണിയുടെ, കൃത്യമായി പറഞ്ഞാല്‍ അതിനെ നയിക്കുന്ന സി.പി.എമ്മിന്റെ, ആവശ്യമാണ്‌. ശബരിമല നിലപാടിന്റെ ഫലമായി ഹിന്ദു വോട്ട്‌ ചോരുന്നത് തടയാനുള്ള അടവ് കൂടി അതില്‍ ഉള്പ്പെട്ടിട്ടുണ്ട്.
നവോത്ഥാനം വീണ്ടെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ നേരത്തെ പുറന്തള്ളപ്പെട്ടവരെ മുന്നോട്ടു കൊണ്ടു വരാന്‍ അത് ശ്രമിക്കണം. ആദിവാസി ഊരുകളെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കാനുള്ള സന്മനസ് സര്‍ക്കാര്‍ കാട്ടുമോ? പുതിയ കേരളത്തില്‍ ദലിതരെ കോളനികള്‍ ഒതുക്കില്ലെന്നു പ്രഖ്യാപിക്കാന്‍ അതിനു കഴിയുമോ? അത്ര പ്രബുദ്ധമൊന്നുമല്ലാത്ത ഒഡിഷയിലെ അസംബ്ലി ഈയിടെ നിയമസഭയില്‍ മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയുണ്ടായി. അങ്ങനെയൊന്നു നമ്മുടെ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കാനുള്ള ആര്‍ജ്ജവം സെക്കാര്‍ കാട്ടുമോ? (ജനശക്തി, ഡിസംബര്‍ 16-31 2018)

Tuesday, December 18, 2018


വനിതാ മതില്‍ വിജയിക്കേണ്ടത് പുരോഗമന ചേരിയുടെ ആവശ്യം

ദിശാബോധത്തോടെ പൊതുപ്രവര്ത്തനം നടത്തുന്നവരെന്ന നിലയില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന സാറാ ജോസഫും കെ.അജിതയും പെണ്‍മതില്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സ്ത്രീപീഡനാരോപണം നേരിടുന്ന സി.പി.എം. എം.എല്‍.എ പി.കെ.ശശിയെ പുറത്താക്കാതെ മതില്‍ പരിപാടിയുമായി സഹകരിക്കില്ലെന്ന് സാറാ ജോസഫ് പറയുന്നു. വനിതാ മതില്‍ കാലത്തിന്റെ  ആവശ്യമാണെന്നും രാഷ്ട്രീയം മറന്നു എല്ലാവരും അതില്‍ പങ്കാളികളാകണമെന്നും അജിത. 

അതിനിടെ ശബരിമലയിലെത്തുന്ന സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡറുകളെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മൈത്രേയന്‍ വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നു. ഏതാനും കൊല്ലം പൊതുരംഗത്തു നിന്ന് വിട്ടുനിന്ന മൈത്രേയന്‍ സ്വന്ത നിലയില്‍ ആവിഷ്കരിച്ച #ഭരണഘടനയ്ക്കൊപ്പം” പരിപാടിയാണ് സര്‍ക്കാരും സി.പി.എമ്മും ഏറ്റെടുത്ത്, ബലൂണ്‍ പറത്തിയും മെഴുകുതിരി കത്തിച്ചും ഈയിടെ ആഘോഷിച്ച “വീ ദി പീപ്പിള്‍”.    

വനിതാ മതിലിനോപ്പം താനുമുണ്ടെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പിന്നീടാണറിഞ്ഞതെന്നു പറഞ്ഞുകൊണ്ട് നടിയും പരസ്യ മോഡലുമായ  മഞ്ജു വാര്യര്‍ പിന്‍വാങ്ങി. 

മതില്‍ പരിപാടി എന്താണെന്നതും അതിന്റെ സ്വഭാവം എന്താണെന്നതും സംബന്ധിച്ച് ചിന്താകുഴപ്പം നിലനില്‍ക്കുന്നെന്നു ഇതെല്ലാം കാണിക്കുന്നു.  

ശബരിമല പ്രശ്നം ഇതിനകം ഗുണകരമായ ഒരു ഫലം നല്‍കിയിട്ടുണ്ട്. അത് പത്തൊമ്പതാം നുറ്റാണ്ടില്‍ തെക്കന്‍ തിരുവിതാംകൂറിലെ പിന്നാക്ക വിഭാഗങ്ങളില്‍ തുടങ്ങി  ക്രമേണ കേരളത്തിന്റെ ഇതര പ്രദേശങ്ങളിലേക്കും ഇതര ജനവിഭാഗങ്ങളിലേക്കും പടര്‍ന്ന കേരള നവോത്ഥാനത്തെ കുറിച്ച് ചിന്തിക്കാന്‍ പലരെയും പ്രേരിപ്പിച്ചു എന്നതാണ്. അത്‌ ഒരു ഡ വിഞ്ചിയെ സൃഷ്ടിക്കാഞ്ഞതിനാലും അതിന്റെ തുടര്‍ച്ചയായി ഒരു യുക്തി യുഗം പിറക്കാഞ്ഞതിനാലും അത് നവോത്ഥാനം എന്ന വിശേഷണം അര്‍ഹിക്കുന്നോ എന്ന് സംധയിക്കുന്ന പണ്ഡിതന്മാരുണ്ട്. അവരും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് കഴിഞ്ഞെന്ന്‍ അംഗീകരിക്കുന്നുണ്ട്‌.       
ആരോ തയ്യാറാക്കിയ ഒരു ലിസ്റ്റില്‍ പെട്ടവരെ വേണ്ടത്ര പരിശോധന കൂടാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമല പ്രശ്നം സംസ്ഥാനത്തെ അന്തരീക്ഷം  കലുഷിതമാക്കിയ പശ്ചാത്തലത്തില്‍ വിളിച്ചുകൂട്ടിയ ആലോചനായോഗത്തിലേക്ക്, നവോത്ഥാന പൈതൃകമുള്ള സംഘടനകളുടെ നേതാക്കളെന്ന നിലയില്‍, ക്ഷണിച്ചത്. ശബരിമല തന്ത്രി കണ്‍ഠരര് മഹേശ്വരരെയും തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിലെ പത്മനാഭ വര്‍മ്മയെയും മുന്നില്‍ നിര്‍ത്തി, മാര്‍ത്താണ്ഡ വര്‍മ്മ രക്ഷാധികാരിയായി, ചിലര്‍ ഏഴെട്ടു കൊല്ലം മുമ്പ് രൂപീകരിച്ച ഹിന്ദു പാര്‍ലമെന്‍റ് ആയിരുന്നു അതിലൊരു സംഘടന. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ അതില്‍ എന്ത് നവോത്ഥാന പൈതൃകമാണാവോ  കണ്ടത്? അതിന്റെ  പ്രതിനിധിയായ സി.പി. സുഗതന്‍ ശബരിമല പാതയില്‍ സ്ത്രീകളെ തടയുകയും ഒരു മാധ്യമ പ്രവര്‍ത്തകയെ മര്‍ദ്ദിക്കുകയും ചെയ്ത ആളാണ്‌. ജീവിതകാലത്തു  തന്നെ ശ്രീനാരായണ ഗുരു തള്ളിപ്പറഞ്ഞ എസ്.എന്‍.ഡി.പി യോഗത്തെ പ്രതിനിധീകരിച്ച് വെള്ളാപ്പള്ളി നടേശനും അയ്യങ്കാളിയുടെ ചില ബന്ധുക്കളും അനുയായികളും അദ്ദേഹം ഉണ്ടാക്കിയ  സംഘടനയെ ഉപേക്ഷിച്ചശേഷം രൂപീകരിച്ച പുലയ മഹാസഭയെ പ്രതിധീകരിച്ച് പുന്നല ശ്രീകുമാറും യോഗത്തില്‍ പങ്കെടുത്തു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതില്‍ എന്ന നിര്‍ദ്ദേശം യോഗം അംഗീകരിച്ചെന്നും അതിനായി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനും ശ്രീകുമാര്‍ സെക്രട്ടറിയും സുഗതന്‍ സംഘാടകനുമായുള്ള ഒരു സമിതി രൂപീകരിച്ചെന്നും  യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും സുഗതനെയും പോലെ പിണറായി വിജയനെയും നവോത്ഥാന നായകനായി കാണാനാവില്ല. കഴിഞ്ഞ 60 കൊല്ലക്കാലത്ത് നടന്ന നവോത്ഥാനവിരുദ്ധ നടപടികളിലെല്ലാം കോണ്ഗ്രസിനൊപ്പം സി.പി.എമ്മും ഉണ്ടായിരുന്നു. ആ നടപടികളില്‍ ഒന്നുപോലും പാര്‍ട്ടി സെക്രട്ടറിയായി പ്രവര്ത്തിച്ചപ്പോഴോ മുഖ്യമന്ത്രിയായ ശേഷമോ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. നവോത്ഥാന നായക വേഷം അണിഞ്ഞ ശേഷവും പ്രഭാഷണങ്ങള്‍ നടത്തുകയല്ലാതെ നവോത്ഥാനത്തിന്റെ വീണ്ടെടുക്കല്‍ എന്ന് പറയാവുന്ന ഒരു നടപടി പോലും അദ്ദേഹം‍ എടുത്തിട്ടുമില്ല.  

രണ്ടു മാസമായി പ്രതിപക്ഷം സുപ്രീം കോടതിയുടെ ശബരിമല വിധിക്കെതിരെ നടത്തുന്ന പ്രക്ഷോഭവും സര്‍ക്കാരിന്റെ പ്രതിരോധവും ഒരസംബന്ധ നാടകമായി മാറിയിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും കേരളത്തില്‍ വളരാന്‍ കഴിയാതിരുന്ന ബി.ജെ.പി ആ വിധിയില്‍ ഒരു സുവര്‍ണ്ണാവസരം കണ്ടു. പക്ഷെ ആ അവസരം മുതലാക്കാനുള്ള അതിന്റെ ശ്രമം നഷ്ടക്കച്ചവടം ആയി മാറിയിരിക്കുകയാണ്‌. ആദ്യം ഒപ്പം കൂടിയവര്‍ പിന്‍വാങ്ങിയതോടെ ബി.ജെ.പി. ഒറ്റയ്ക്കായി. പുലിവാല്‍ പിടിച്ച പി.എസ്. ശ്രീധരന്‍ പിള്ള ഇപ്പോള്‍ രക്ഷാമാര്‍ഗ്ഗം തേടുകയാണ്. ബി.ജെ.പിക്ക് പിന്നാലെ എടുത്തു ചാടിയ കോണ്ഗ്രസും അതെ അവസ്ഥയില്‍ തന്നെ. മറുവശത്തു നിന്ന്‍ വെള്ളാപ്പള്ളി നടേശനെയും സുഗതനെയും പോലുള്ള ചില ബാധ്യതകളെ ആകര്‍ഷിച്ച മുഖ്യമന്ത്രിയും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. "നവോത്ഥാന പിന്തുടര്ച്ചക്കാരുടെ യോഗം” അദ്ദേഹത്തെ മതില്‍ പരിപാടിയുടെ ചുമതല എല്പിച്ചിരുന്നില്ലെങ്കിലും അത് വിജയിപ്പിക്കേണ്ടത് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ചുമതലയായിട്ടുണ്ട്. പരിപാടി പരാജയപ്പെട്ടാല്‍ അത് നവോത്ഥാനത്തിന്റെ തിരസ്കാരവും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന പ്രതിലോമ ചേരിയുടെ വിജയവുമാകും. അതിനാല്‍ പെണ്‍മതില്‍ പരിപാടി വിജയിപ്പിക്കേണ്ടണ്ടത് ഇപ്പോള്‍ മുഴുവന്‍ പുരോഗമന ചിന്താഗതിക്കാരുടെയും ബാധ്യതയായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍, മരത്തിനപ്പുറം കണ്ണോടിച്ച്, മുഴുവന്‍ കാടും കണ്ടുകൊണ്ട്, ഇതൊരു മണ്ടന് പരിപാടിയാണെങ്കിലും അതിന്റെ വിജയം നവോത്ഥാനത്തിന്റെ വീണ്ടെടുക്കലിലേക്ക് നയിക്കുമെന്ന് വിശ്വസിക്കാന്‍ കാരണം കാണുന്നില്ലെങ്കിലും, നോട്ടാ (NOTA) അവസ്ഥയില്‍ വനിതാ മതില്‍ വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.  

ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ് നേരത്തെ തിരിച്ചയച്ച നാല് ട്രാന്‍സ്‌ജെന്‍ഡര്‍ ഭക്തര്‍ വീണ്ടും മല കയറിയെന്നും തടസങ്ങളൊന്നും നേരിടാതെ ദര്‍ശനം നടത്തിയെന്നുമുള്ള വാര്‍ത്ത കണ്ടത്. എന്റെ നിഗമനം തെറ്റിയെങ്കിലും സര്‍ക്കാന്‍ ഒടുവില്‍ ഒരു നവോത്ഥാന തീരുമാനം എടുത്തല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോള്‍ സന്തോഷം അസ്ഥാനത്തായിരുന്നെന്നു മനസിലായി. മല ചവിട്ടുന്നതിനു  തടസമില്ലെന്ന് തന്ത്രിയും മുന്‍ പന്തളം രാജകുടുംബാംഗവും അറിയിച്ചതിനെ തുടര്‍ന്നായിരുന്നത്രേ അവര്‍ രണ്ടാമതും പോയത്.