Friday, December 28, 2018


നവോത്ഥാനം പ്രകടനങ്ങളിലൂടെ വരില്ല

ബി.ആര്‍..പി. ഭാസ്കര്‍

ബുധനാഴ്ച സന്ധ്യക്ക് കേരളത്തിലെ തെരുവുകളില്‍ അയ്യപ്പദീപം തെളിഞ്ഞു. പരിപാടിയില്‍ 21 ലക്ഷം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. അവര്‍ ദീപം തെളിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി ഒന്നിന് നവോത്ഥാനം വീണ്ടെടുക്കുക, കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാതിരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 30 ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  നീളുന്ന മനുഷ്യമതില്‍ തീര്‍ക്കാനുള്ള പരിപാടിക്ക് അന്തിമരൂപം നല്‍കുകയായിരുന്നു.
അര നൂറ്റാണ്ടുകാലം എല്ലാവരും സൌകര്യപൂര്‍വ്വം മറന്ന നവോത്ഥാനം വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാരണം അതാണ്‌ കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ സാമൂഹ്യതലത്തില്‍ മുന്‍നിര പ്രദേശമാക്കിയത്. പുതിത രാഷ്ട്രീയ സംവിധാനം അത് മുന്നോട്ടു കൊണ്ടുപോകാതിരുന്നതുകൊണ്ട് സമൂഹത്തില്‍ പലതരത്തിലുള്ള ജീര്‍ണ്ണതകള്‍ പടര്‍ന്നതായി ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ജാതിമതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരുന്ന മലയാളികളെ യോജിപ്പിച്ച് ഒരു എകീകൃത സമൂഹമായി വികസിക്കാന്‍ സഹായിച്ച ഒന്നായിരുന്നു നവോത്ഥാനകാല പ്രവര്‍ത്തനങ്ങള്‍. ഉപ്പോള്‍ നടക്കുന്ന പരിപാടികള്‍ സമൂഹത്തെ വീണ്ടും വിഭജിക്കുകയാണ്.
അയ്യപ്പദീപവും വനിതാ മതിലും ശക്തിപ്രകടനങ്ങളാണ്. അവയുടെ  സംഘാടകര്‍ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ശബരിമലയില്‍  പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയുകയാണ് അയ്യപ്പദീപക്കാരുടെ പ്രഖ്യാപിത ലക്‌ഷ്യം. ആ വിധി ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള സ്ത്രീസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ നിലയ്ക്ക് അത് നവോത്ഥാന മൂല്യങ്ങള്‍ക്ക് അനുസൃതമായതാണ്. നിശ്ചിതപ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത്‌ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു പരമ്പരാഗത ആചാരമാണെന്നാണ് വിധിയെ എതിര്‍ക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് അടുത്തകാലത്ത് --- കൃത്യമായി പറഞ്ഞാല്‍ നവോത്ഥാന മുന്നേറ്റം നിലച്ച ശേഷം --– നിലവില്‍ വന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ പ്രാചീനകാലം മുതല്‍ നിലനിന്ന ആചാരമാണെങ്കില്‍ തന്നെ അത് പുതിയ കാലത്തിനു ചേര്‍ന്നതല്ലെന്ന് മനസിലാക്കി ഉപേക്ഷിക്കാന്‍ ആധുനിക മനസുകള്‍ക്ക് കഴിയേണ്ടതാണ്. വിവേചനം കൂടാതെ ആചാരങ്ങള്‍ അന്ധമായി പിന്‍തുടരുന്നതുകൊണ്ടാണ് ചിലര്‍ക്ക്‌ അതിനു കഴിയാത്തത്.
ശക്തിപ്രകടനമെന്ന നിലയില്‍ കേരളം മുമ്പും കണ്ടിട്ടുള്ള ഒന്നാണ് മനുഷ്യ മതില്‍. എന്നാല്‍ വനിതാ മതില്‍ ഒരു പുതിയ ആശയമാണ്. തീരുമാനം സ്ത്രീസംഘടനകളുടേതായിരുന്നെങ്കില്‍ സ്ത്രീശാക്തീകരണ പരിപാടിയായി അതിനെ കാണാമായിരുന്നു. പെണ്ണുങ്ങളോട് ആലോചിക്കാതെ ആണുങ്ങള്‍ എടുത്ത തീരുമാനമെന്ന നിലയില്‍ അത് നവോത്ഥാനവുമായി നിരക്കാത്ത ഒരു ആണധികാര പരിപാടിയാണ്. തീരുമാനമെടുത്തത് സര്‍ക്കാരോ ഭരണകക്ഷികളോ അല്ലെങ്കിലും അതിന്റെ നടത്തിപ്പ് ഇപ്പോള്‍ സര്‍ക്കാരിന്റെയും സി,പി.എമ്മിന്റെയും ചുമതല ആയിരിക്കുകയാണ്. പരിപാടി ഒരു രാഷ്ട്രീയ മത്സരത്തിന്റെ ഭാഗമാകയാല്‍ അതിനെ വിജയിപ്പിക്കേണ്ടത് ഭരണ മുന്നണിയുടെ മാത്രമല്ല എതിര്‍ഭാഗം ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ബാധ്യതയുമായിട്ടുണ്ട്.
മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രാഷ്ടീയകക്ഷികളാണ്. ശബരിമലയിലെ സ്ത്രീപ്രവേശവും നവോത്ഥാനത്തിന്റെ വീണ്ടെടുക്കലും ഇപ്പോള്‍ നേരിടുന്ന പരിമിതികളെ മറികടക്കാന്‍ അവര്‍ കണ്ടുപിടിച്ച സൂത്രങ്ങള്‍ മാത്രമാണ്. ജനസംഘത്തിന്റെ കാലം മുതല്‍ ശ്രമിച്ചിട്ടും ഹിന്ദുത്വ രാഷ്ട്രീയത്തിന് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രദേശമാണ് കേരളം. നിയമസഭയില്‍ ആദ്യമായി ഒരു സീറ്റ് കിട്ടിയത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. നവോത്ഥാനം സൃഷ്ടിച്ച മതനിരപേക്ഷ പരിസരമാണ് ഒരു ഹിന്ദു വോട്ട്‌ ബാങ്ക് ഉണ്ടാക്കാനുള്ള സംഘ പരിവാര്‍ ശ്രമങ്ങളെ ഇത്രകാലവും തടഞ്ഞു നിര്‍ത്തിയത്. തത്വത്തില്‍ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന ബി.ജെ.പി.യും ആര്‍.എസ്.എസും ശബരിമലയില്‍ ആചാരലംഘനം നടക്കുന്നെന്ന വാദം ഏറ്റെടുത്ത് ഹിന്ദു വികാരം ആളി കത്തിച്ച് ആ പ്രതിബന്ധം മറികടക്കാനുള്ള ശ്രമത്തിലാണ്. കോണ്ഗ്രസും ആദ്യം ആ വാദം ഏറ്റുപിടിച്ചെങ്കിലും അത് ബി.ജെ.പിക്കാവും ഗുണം ചെയ്യുക എന്നു തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഏറക്കുറെ നിശ്ശബ്ദമായിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഇനിയും പ്രസക്തിയില്ലെന്നായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 1995ലെ വിലയിര്ത്തല്‍. അതിനെ പിന്തുടര്‍ന്ന്‍ പാര്‍ട്ടിയുടെ അക്കാദമിക പണ്ഡിതര്‍ ഇവിടെ ജാതിസമൂഹ പരിഷ്കരണങ്ങളല്ലാതെ നവോത്ഥാനം എന്ന് വിളിക്കാവുന്ന ഒന്നും ഉണ്ടായിട്ടില്ലെന്ന്‍ സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പി. ഗോവിന്ദപ്പിള്ള പിന്നീട് നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി.  
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സത്യസന്ധമല്ല. വിധിയെ എതിര്‍ക്കുന്നവര്‍ സ്റ്റേ ആവശ്യപ്പെട്ടെങ്കിലും കോടതി ആ ആവശ്യം അംഗീകരിച്ചില്ല, വിധി നടപ്പാക്കുമെന്ന്‍ മുഖ്യമന്ത്രി ആവര്ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും ദരശനത്തിനെത്തുന്ന സ്ത്രീകളെ  പോലീസ് പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകള്‍ സംഘ പരിവാര്‍ ഗൂണ്ടകളുടെ അധിക്ഷേപങ്ങളെ നേരിട്ടു കൊണ്ട് മല ചവിട്ടുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു: “ഭക്തജനങ്ങള്‍ പ്രകോപിതരാണ്, പോലീസിനു യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും.”
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന സര്ക്കാരിന്റെ പ്രഖ്യാപനം വീണ്‍ വാക്കായി. രണ്ടായിരം കൊല്ലം മുമ്പ് കൊളീസിയത്തിലിരുന്നു റോമാക്കാര്‍ കൂട്ടില്‍ നിന്ന് തുറന്നു വിട്ട സിംഹങ്ങള്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് കണ്ടു രസിച്ചതുപോലെ പ്രബുദ്ധ മലയാളികള്‍ ടിവി സെറ്റിനു മുന്നിലിരുന്നു ആക്രമണോല്സുകരായ പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ചെത്തിയ സ്ത്രീകളെ വേട്ടയാടുന്നത കണ്ടു രസിക്കുകയായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും അയ്യപ്പദര്‍ശനം നിഷേധിക്കപ്പെട്ട് തിരിച്ചത്തിയ സ്ത്രീകളുടെ വീടുകള്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറുള്ള പൊലീസുദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സേനയിലെ തന്നെ ചിലര്‍ അവരുടെ നീക്കങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് ചോര്ത്തിക്കൊടുത്തുകൊണ്ട് അവരുടെ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു. നേരത്തെ പോലീസില്‍ ഘടകങ്ങളുണ്ടാക്കിയ സി.പി.എം ഇപ്പോള്‍ സേനയില്‍ പ്രകടമാകുന്ന ഹിന്ദുത്വ സ്വാധീനത്തെ കുറിച്ച് എങ്ങനെ പരാതിപ്പെടാനാണ്? പതിറ്റാണ്ടുകളായി മാറിമാറി ഭരിക്കുന്ന മുന്നണികളെ നയിക്കുന്ന കോണ്ഗ്രസും സി.പി.എമ്മും ഈ കാലയളവില്‍ നടന്ന, നവോത്ഥാനത്തെ പിന്നോട്ടടിച്ച നടപടികള്‍ക്ക് കൂട്ടുത്തരവാദികളാണ്. നവോത്ഥാനം വന്നത് പ്രകടനപരമായ പരിപാടികളിലൂടെയല്ല, ലക്ഷ്യബോധത്തോടും ദൃഡനിശ്ചയത്തോടുമുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണ്. അടുത്ത തെരഞ്ഞെടുപ്പ് എങ്ങനെയും ജയിക്കുക എന്ന പരിമിതമായ ലക്ഷ്യത്തിനപ്പുറം കേരളത്തെ വീണ്ടും നവോത്‌ഥാന പാതയിലേക്ക് നയിക്കണമെന്ന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആത്മാര്‍ത്‌ഥമായി ആഗ്രഹിക്കുന്നെങ്കില്‍ ചില പഴയ തെറ്റുകള്‍ തിരുത്തിക്കൊണ്ട് അതിനു തുടക്കം കുറിക്കാവുന്നതാണ്. (മാധ്യമം, ഡിസംബര്‍ 28, 2018) 

No comments: