Monday, October 7, 2013

മോഡി പ്രധാനമന്ത്രിയായാൽ

ബി.ആർ.പി. ഭാസ്കർ

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകൻ. ഒരുപക്ഷെ അത് ആഗ്രഹചിന്തയാകാം. ആ സാധ്യത ഏതായാലും പൂർണ്ണമായി തള്ളിക്കളയാനാകില്ല. കഴിഞ്ഞ പതിനഞ്ചു കൊല്ലക്കാലത്ത് രണ്ട് മുന്നണികളാണ് കേന്ദ്രം ഭരിച്ചിട്ടുള്ളത്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷനൽ ഡമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) 1998 മുതൽ 2004 വരെ ഭരിച്ചു. പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ് (യു.പി.എ) വന്നു. പത്തു കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്ന് നിരവധി അഴിമതി ആരോപണങ്ങൾ വിളിച്ചുവരുത്തിയ മുന്നണിയെന്ന നിലയിലാണ് യു.പി.എ 2014ൽ തെരഞ്ഞെടുപ്പ് നേരിടാൻ പോകുന്നത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. ആ നിലയ്ക്ക് തങ്ങൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപിലർത്തുന്ന ബി.ജെ.പി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുജറാത്തിൽ തുടർച്ചയായി മുന്നു തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച നേതാവെന്ന നിലയിൽ മോഡി അജയ്യനാണെന്ന ധാരണയിലാണ് ബി.ജെ.പി.യുടെ പിന്നിലെ ശക്തിസ്രോതസായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിപ്പിച്ചത്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോഡിയുടെ പ്രവർത്തനം പരിശോധിച്ചാൽ പ്രധാനമന്ത്രിപദം ലഭിച്ചാൽ അദ്ദേഹം എന്തു ചെയ്യുമെന്നതു സംബന്ധിച്ച ചില സൂചനകൾ  ലഭിക്കും. കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയും ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തോൽക്കുകയും ചെയ്തപ്പോൾ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പുതിയ മുഖ്യമന്ത്രി വേണമെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അങ്ങനെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന നരേന്ദ്ര മോഡി 2001ൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് ആണ് അന്ന് പ്രധാനമന്ത്രി. സഖ്യകക്ഷികൾ പിന്തുണയ്ക്കാത്തതുകൊണ്ട് സംഘ പരിവാർ കർസേവകർ പൊളിച്ച അയോദ്ധ്യയിലെ ബാബ്രി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള ബി.ജെ.പിയുടേ പദ്ധതി എൻ.ഡി.എ. സർക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. എന്നാൽ അയോദ്ധ്യാ പ്രശ്നം സജീവമായി നിലനിർത്താൻ പരിവാർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അതിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കർസേവകരെ അയക്കുകയും ചെയ്തുകൊണ്ടിരുന്നു. അയോദ്ധ്യയിൽ നിന്ന് മടങ്ങുന്ന ഏതാനും കർസേവകർ ഉൾപ്പെടെ 58 പേർ (അവരിൽ 25 പേർ സ്ത്രീകളും 15 പേർ കുട്ടികളുമായിരുന്നു) 2002 ഫെബ്രുവരി 27ന് ഗോധ്ര റയിൽ‌വേ സ്റ്റേഷനിൽ വെച്ച് ഒരു കോച്ചിന് തീപിടിച്ചു മരിച്ചു. വണ്ടി സ്റ്റേഷനിൽ നിന്നപ്പോൾ കർസേവകരും പ്ലാറ്റ്ഫോമിലെ കച്ചവടക്കാരും തമ്മിൽ വഴക്കുണ്ടായെന്നും വണ്ടി നീങ്ങിയപ്പോൾ ആരൊ ചങ്ങല വലിച്ച് നിർത്തിയശേഷം കോച്ചിന്  തീയിടുകയായിരുന്നെന്നും പറയപ്പെടുന്നു. വിഭജനകാലം മുതൽ ഇടയ്ക്കിടയ്ക്ക് വർഗ്ഗീയ ലഹള നടന്നിട്ടുള്ള സ്ഥലമാണ് ഗോധ്ര. രണ്ടായിരത്തോളം മുസ്ലിംകളടങ്ങുന്ന ആൾകൂട്ടം വണ്ടി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഡി ഒരുപടി കൂടി മുന്നോട്ടുപോയി പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള്ള തീവ്രവാദികളാണ് അക്രമം നടത്തിയതെന്ന് പ്രഖ്യാപിച്ചു.

അടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുമ്പോൾ സംസ്ഥാനത്ത് മുസ്ലിംകൾക്കെതിരെ വ്യാപകമായി അക്രമം നടന്നു. അഹമ്മദാബാദ്, വഡോദര എന്നീ വൻ‌നഗരങ്ങളുൾപ്പെടെ പലയിടങ്ങളിലും ഒരേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതും പട്ടണങ്ങളിൽ മദ്ധ്യവർഗ്ഗത്തിൽ പെട്ടവരും ഗ്രാമങ്ങളിൽ ദലിതരുമൊക്കെ അതിൽ പങ്കാളികളായതും അതിന്റെ പിന്നിൽ മുൻ‌കൂട്ടിയുള്ള തയ്യാറെടുപ്പുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്നു. ഒളിക്യാമറ ഉപയോഗിച്ച് ടെഹൽക പിൽക്കാലത്ത് നടത്തിയ അന്വേഷണത്തിൽ ഇത് തെളിയിക്കപ്പെട്ടു. അക്രമം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയമായിരുന്നു. ഹിന്ദുക്കൾക്ക് വികാരം പ്രകടിപ്പിക്കാൻ അവസരം നൽകണമെന്ന് മോഡി നിർദ്ദേശിച്ചിരുന്നതായി ചില ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യുന്നതിൽ പൊലീസ് ശുഷ്കാന്തി കാട്ടാതിരുന്ന ധാരാളം സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ ഒരു വിഭാഗത്തിന് പ്രതികാരം ചെയ്യാൻ അവസരം നൽകാൻ മറ്റൊരു മുഖ്യമന്ത്രിയും പൊലീസിനോട് ആവശ്യപ്പെട്ട ചരിത്രമില്ല. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് അക്രമസംഭവങ്ങളിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. എന്നാൽ മുസ്ലിംകൾക്കെതിരായ വംശഹത്യാശ്രമമായാണ് അനൌദ്യോഗിക അന്വേഷണ സംഘങ്ങൾ അവയെ വിലയിരുത്തിയിട്ടുള്ളത്.

ഗോധ്രാ സംഭവം സംബന്ധിച്ച് 54 മുസ്ലിംകൾക്കെതിരെ പോട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത ഗുജറാത്ത് സർക്കാർ ഹിന്ദു അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിൽ അതേ ഉത്സാഹം കാട്ടിയില്ല. മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റാ സെതൽവാദിന്റെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി സുപ്രീം കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോൾ മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കോഡ്നാനി, ബജ്രം‌ഗ് ദൽ നേതാവ് ബാബു ബജ്രം‌ഗി തുടങ്ങിയ ഉന്നതർ കുടുങ്ങി. മുഖ്യമന്ത്രി പൊലീസിനെ നിർവീര്യമാക്കിയതിനെ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്ന അന്നത്തെ ഇന്റലിജൻസ് അഡിഷനൽ ഡി.ജി.പി ആർ. ബി ശ്രീകുമാറിന്റെ സഹകരണം ടീസ്റ്റാ സെതൽ‌വാദിന്റെ നിയമ പോരാട്ടത്തിൽ നിർണ്ണായകമായി. സംസ്ഥാന സർക്കാർ നിയമിച്ച നാനാവതി കമ്മിഷനും സുപ്രീം കോടതിക്കും നൽകിയ സത്യവാങ്മൂലങ്ങളിൽ മോഡി പൊലീസിന് കൊടുത്ത നിർദ്ദേശത്തെ കുറിച്ച് ശ്രീകുമാർ പരാമർശിച്ചിരുന്നു.

അക്രമത്തിനു കുടപിടിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയർന്നു. എന്നാൽ 2003ൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കി വർഗ്ഗീയ ചേരിതിരിവിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനാണ് മോഡി തീരുമാനിച്ചത്. കലാപം കഴിഞ്ഞ് ആറാഴ്ച തികയും മുമ്പെ അദ്ദേഹം തെരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി. കേന്ദ്ര നേതൃത്വം അനുമതി വൈകിപ്പിച്ചു. പക്ഷെ മോഡി ‘ഗുജറാത്ത് ഗൌരവ് (അഭിമാന) യാത്ര’യോടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തുടർന്ന് ജൂലൈയിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കാനായി നിയമസഭ പിരിച്ചുവിടുകയും ചെയ്തു. കലുഷിതമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തയ്യാറായില്ല. പക്ഷെ ആറു മാസത്തിനുള്ളിൽ പുതിയ നിയമസഭ ഉണ്ടാകേണ്ടതുകൊണ്ട് വർഷാവസാനം വരെ മാത്രമെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനായുള്ളു. മോഡിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. പോൾ ചെയ്ത വോട്ടിന്റെ 49.85 ശതമാനം നേടിക്കൊണ്ട് നിയമസഭയിലെ 182 സീറ്റുകളിൽ 127 എണ്ണം പിടിച്ചെടുക്കാൻ ബി.ജെ.പിക്കായി. 

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉത്തർ പ്രദേശിലെ മുസഫർനഗർ ജില്ലയിൽ നടന്ന വർഗ്ഗീയ കലാപത്തിൽ ആ ചരിത്രം ആവർത്തിക്കുന്നതിന്റെ സൂചനകളുണ്ട്. ലോക് സഭയിൽ ഏറ്റവുമധികം (80) സീറ്റുകളുള്ള സംസ്ഥാനമാണ് യു.പി.  കോൺഗ്രസ് ക്ഷയിച്ചപ്പോൾ ബി.ജെ.പിക്ക് അവിടെ ഉയരാനും അധികാരം നേടാനും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അതിന്റെ  ശക്തിയും ക്ഷയിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറുകയും ചെയ്തു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ അവിടെ വിവിധ പാർട്ടികൾക്ക് കിട്ടിയ സീറ്റുകൾ ഇങ്ങനെയാണ്: എസ്.പി 23, കോൺഗ്രസ് 21, ബി.എസ്.പി. 20, ബി.ജെ.പി. 10, രാഷ്ട്രീയ ലോക് ദൾ 5, സ്വതന്ത്രൻ ഒന്ന്. ഇതിൽ ബി.ജെ.പി. ഒഴികെയുള്ള കക്ഷികൾ ഇപ്പോൾ യു.പി.എ സർക്കാരിനെ പിന്തുണക്കുകയാണ്.  എന്നാൽ അവരെല്ലാം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുന്നവരല്ല. ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ബി.ജെ.പി മോഡിക്കു നൽകിയപ്പോൾ തന്നെ അദ്ദേഹം യു.പിയെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാൻ കഴിയുന്ന സംസ്ഥാനമായി കണ്ടുകൊണ്ട് തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ തന്റെ വിശ്വസ്ഥനും ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ അങ്ങോട്ടയച്ചു. സോറബുദ്ദീൻ ഷേഖിന്റെ വ്യാജ ഏറ്റുമുട്ടൽ കൊല സംബന്ധിച്ച കേസിൽ ഏതാനും ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്മാർക്കൊപ്പം സി.ബി.ഐ. പ്രതിയാക്കിയതിനെ തുടർന്ന് ഷായ്ക്ക് മോഡി മന്ത്രിസഭയിൽ നിന്ന് രാജി വെക്കേണ്ടി വന്നു. ഗുജറാത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് മുംബൈയിൽ കഴിയുമ്പോഴാണ് മോഡി ഷായെ യു.പി. ദൌത്യം ഏല്പിച്ചത്. ഗുജറാത്തിലെന്നപോലെ യു.പി.യിലും വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ടാകണം.

മോഡിയെ ഗുജറാത്തിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായി ചിത്രീകരിച്ചുകൊണ്ട് വംശഹത്യയുടെ പാപഭാരം മറയ്ക്കാനാകുമെന്ന് ബി.ജെ.പി. കരുതുന്നു. എന്നാൽ മോഡി ജനിക്കുന്നതിനു മുമ്പു തന്നെ വ്യാവസായിക മുന്നേറ്റം തുടങ്ങിയ പ്രദേശമാണ് ഗുജറാത്ത് എന്നതാണ് വാസ്തവം. തദ്ദേശീയരായ സംരഭകർ നിരവധി തുണി മില്ലുകൾ സ്ഥാപിച്ചതിന്റെ ഫലമായി കൊളോണിയൽ കാലത്തു തന്നെ അഹമ്മദാബാദ് ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്ന പേര് നേടിയിരുന്നു. ആദ്യ മിൽ സ്ഥാപിക്കപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അന്ന് അഹമ്മദാബാദിൽ റയിൽ‌വേ പാത എത്തിയിരുന്നില്ല. മില്ലിനായി ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ കാംബേ തീരത്തിറക്കി തറയിലൂടെ വലിച്ചാണ് അവിടെ എത്തിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പൊതുമേഖലയും സ്വകാര്യമേഖലയും എണ്ണ ഉത്പാദനം, എണ്ണശുദ്ധീകരണം, രാസവളനിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങൾ അവിടെ തുടങ്ങി. മോഡിക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനാകുന്നെന്ന ധാരണ ബി.ജെ.പി പരത്തിയിട്ടുണ്ട്. സമൂഹ്യപ്രവർത്തകയായ ശബ്നം ഹാഷ്മി മോഡിയുടെ വികസനം സംബന്ധിച്ച അവകാശവാദങ്ങളെ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈയിടെ പൊളിച്ചുകാട്ടുകയുണ്ടായി. റിസർവ് ബാങ്ക് കണക്കുകളനുസരിച്ച് വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഗുജറാത്ത് അഞ്ചാം സ്ഥാനത്തു മാത്രമാണ്. പത്തു കൊല്ലക്കാലത്ത് ഗുജറാത്തിൽ 60,000 ചെറുകിട വ്യവസായങ്ങൾ അടച്ചു പൂട്ടപ്പെട്ടതായി സംസ്ഥാന സർക്കാർ 2011-12ൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചെന്നതാണ് മോഡിയുടെ ഒരു വലിയ നേട്ടമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഗുജറാത്ത് കൃഷി വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് 2011 മാർച്ചിൽ കാർഷികാവശ്യങ്ങൾക്ക് വൈദ്യുതി ആവശ്യപ്പെട്ടുകൊണ്ടുള്ള നാലര ലക്ഷത്തിലധികം അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയായിരുന്നു. പഞ്ചാബിലെ ഹരിത വിപ്ലവം സാദ്ധ്യമാക്കിയ ഭക്രാ നങ്കൽ പദ്ധതിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജലസേചന പദ്ധതി പ്രധാനമായും ഗുജറാത്തിന്റെ താല്പര്യം മുൻ‌നിർത്തി ഏറ്റെടുത്ത നർമ്മദാ പദ്ധതിയാണ്. പക്ഷെ കാർഷിക വളർച്ചയിൽ ഗുജറാത്തിന് എട്ടാം സ്ഥാനമേയുള്ളൂ. കാർഷിക വളർച്ചാ നിരക്ക് മൂന്ന ശതമാനത്തിനു താഴെയാണ്. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ഇക്കൊല്ലത്തെ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളിൽ 44.6 ശതമാനത്തിന് പോഷകാഹാരം കിട്ടുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് 1990-95 കാലത്ത് സംസ്ഥാന ബജറ്റിന്റെ 4.25 ശതമാനം ചെലവാക്കിയിരുന്നിടത്ത് മോഡി വന്നശേഷം, 2005-10ൽ, ചെലവാക്കിയത് 0.77 ശതമാനം മാത്രമാണെന്ന് മറ്റൊരു കേന്ദ്ര സർക്കാർ റിപ്പോർട്ട് പറയുന്നു. ഈ കണക്കുകൾ ബി.ജെ.പി. പൊക്കിപ്പിടിക്കുന്ന വികസന മാതൃകയുടെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്നു. പക്ഷെ വ്യവസായ പ്രമുഖർക്ക് മോഡി പ്രിയങ്കരനാണ്. അതിന്റെ കാരണം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹം സദാ തയ്യാറാണെന്നതാണ്. ഭൂമി നഷ്ടപ്പെട്ട ജനങ്ങളുടെ എതിർപ്പു മൂലം പശ്ചിമ ബംഗാളിലെ കാർ ഫാക്ടറി ഉപേക്ഷിക്കാൻ ടാറ്റാ നിർബന്ധിതനായപ്പോൾ മോഡി അദ്ദേഹത്തെ ഗുജറാത്തിലേക്ക് ക്ഷണിക്കുകയും എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ട് ഭൂമി നൽകുകയും ചെയ്തു.

കരിനിയമങ്ങളെ ആശ്രയിക്കുന്ന ഭരണാധികാരിയാണ് മോഡി. ഗോധ്ര സംഭവത്തിനുശേഷം മുസ്ലിംകൾക്കെതിരായ ഭീകരവാദ ആരോപണം ശക്തിപ്പെടുത്താൻ ഗുജറാത്ത് സർക്കാർ 286 പേർക്കെതിരെ ‘പോട്ട’ ചുമത്തി കേസെടുത്തിരുന്നു. പൊതുസമൂഹത്തിന്റെ എതിർപ്പ് മാനിച്ച് കേന്ദ്രം ആ നിയമം റദ്ദാക്കിയപ്പോൾ മോഡി കൂടുതൽ കർക്കശമായ വകുപ്പുകളുള്ള ഗുജറാത്ത് കൺ‌ട്രോൾ ഓഫ് ഓർഗനൈസെഡ് ക്രൈം ആക്ട് രൂപകല്പന ചെയ്തു. നിയമസഭ പാസാക്കിയ നിയമത്തിൽ രാഷ്ട്രപതി ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. എന്നാൽ മാറ്റങ്ങൾ വരുത്താതെ നിയമസഭ അത് വീണ്ടും പാസാക്കി അയച്ചുകൊടുത്തു. ഈ സാഹചര്യത്തിൽ മോഡി പ്രധാനമന്ത്രിയായാൽ കേന്ദ്രത്തിൽ നിന്ന് പുതിയ കരിനിയമങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
ആർ.എസ്.എസ് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണല്ലൊ ബി.ജെ.പി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. ആദ്യം ജനസംഘത്തിന്റെയും പിന്നീട് ബി.ജെ.പിയുടെയും ചരടുകൾ പിന്നിൽ നിന്ന് വലിച്ചിരുന്ന ആ സംഘടനക്ക് മോഡിപദ്ധതി നടപ്പിലാക്കാൻ ഒന്നിലധികം തവണ തിരശ്ശീലക്കു മുന്നിലേക്ക് വരേണ്ടിവന്നു. മോഡിയുടെ കീഴിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണാനാഗ്രഹിക്കുന്ന ആ സംഘടനയുടേ സ്വാധീനം തീർച്ചയായും വർദ്ധിക്കും.
കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്ത് തുടർച്ചയായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കക്ഷിയാണ് ബി.ജെ.പി. അത് 182 സീറ്റുകളോടെ ആദ്യമായി കോൺഗ്രസിനെ പിന്തള്ളി ലോക് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും അധികാരം നേടിയതും 1998ലാണ്. അക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ അതിനു 25.59 ശതമാനം വോട്ടാണ് കിട്ടിയത്. കോൺഗ്രസിന് കൂടുതൽ വോട്ടു (25.82 ശതമാനം) ലഭിച്ചെങ്കിലും 141 സീറ്റുകളെ കിട്ടിയുള്ളു. എൻ.ഡി.എ. സർക്കാർ നിലം‌പതിച്ചതിനെ തുടർന്ന് 1999ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ വോട്ടുവിഹിതം 23.75 ശതമാനമായി കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് ലോക് സഭയിലെ അംഗബലം നിലനിർത്താനായി. കോൺഗ്രസിന്റെ വോട്ടുവിഹിതം 28.30 ശതമാനമായി വർദ്ധിച്ചെങ്കിലും സീറ്റുകൾ 114 ആയി കുറയുകയാണുണ്ടായത്. ചുരുക്കത്തിൽ തെരഞ്ഞെടുപ്പു സമ്പ്രദായത്തിലെ വൈകൃതമാണ് 1998ലും 1999ലും ബി.ജെ.പിയെ അധികാരത്തിലേറാൻ സഹായിച്ചത്. കൂടുതൽ ക്ഷയിച്ചതിനാൽ വൈകൃതത്തിന്റെ ഗുണം തുടർന്ന് അനുഭവിക്കാൻ അതിനായില്ല. ആറു കൊല്ലം ഭരണത്തിന് നേതൃത്വം നൽകിയശേഷം “ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവാക്യവുമായി 2004ൽ ജനവിധി തേടിയപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 22.16 ശതമാനം വോട്ട് മാത്രമാണ്. കോൺഗ്രസിന് 26.53 ശതമാനം കിട്ടി. ബി.ജെ.പി.യുടെ വോട്ട് വിഹിതം 2009ൽ പിന്നെയും കുറഞ്ഞ് 18.80 ശതമാനമായി. കോൺഗ്രസിന്റേത് കൂടി 28.55 ശതമാനമായി. ഏതാനും വടക്കൻ  സംസ്ഥാനങ്ങളിൽ നേടിയ മേൽകൈയും ദേശീയ മാദ്ധ്യമങ്ങൾ സൌമനസ്യത്തൊടെ നൽകുന്ന പ്രാധാന്യവും ശക്തി ക്ഷയിച്ചപ്പോഴും വളരുകയാണെന്ന പ്രതീതി ജനിപ്പിക്കാൻ ബി.ജെ.പിയെ സഹായിച്ചു.

വീണ്ടും അധികാരത്തിലേറാൻ ബി.ജെ.പിക്ക് വോട്ട് വിഹിതം വർദ്ധിപ്പിക്കണം. അതിനു കഴിയുന്ന നേതാവായാണ് ആർ.എസ്.എസ് മോഡിയെ കാണുന്നത്. നേരത്തെ പരീക്ഷിച്ച ലാൽ കിഷൻ അദ്വാനി രണ്ടു തവണ പരാജയപ്പെട്ടയാളാണ്. അദ്ദേഹം പ്രധാനമന്ത്രിപദ മോഹം ഉപേക്ഷിച്ചില്ലെങ്കിലും 85ആം വയസ്സിൽ പ്രായം എതിരായി. ഇപ്പോൾ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവിനും അദ്ദേഹത്തിന്റെ സ്വാഭാവിക പിന്തുടർച്ചാവകാശി എന്നവകാശപ്പെടാനുള്ള വലിപ്പമില്ല.  ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ്. ഗുജറാത്തിനെ ബി.ജെ.പിയുടെ ഉറച്ച കോട്ടയാക്കിയ മോഡിയിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്. പാർട്ടിയുടെ മറ്റേതൊരു നേതാവിനേക്കാളും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്വാനിയെ തഴഞ്ഞു അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ആർ.എസ്.എസ് തീരുമാനിച്ചത്. മോഡിയുടെ ഏറ്റവും വലിയ അയോഗ്യതയായി പൊതുസമൂഹവും പാർട്ടിയിലെ തന്നെ ചിലരും കാണുന്ന വംശഹത്യാരോപണം ഹിന്ദുത്വവാദത്തിന്റെ ആചാര്യന്മാരുടെ കണ്ണിൽ ഒരു പോരായ്മയല്ല, യോഗ്യതയാണ്. 

അദ്വാനിയെപ്പോലെ മോഡിയും സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷങ്ങളിൽ നാട്ടുരാജ്യങ്ങളുടെ ലയനം നടത്തി സർദാർ വല്ലഭ്ഭായ് പട്ടേൽ നേടിയ ‘ഉരുക്ക് മനുഷ്യ’ പ്രതിച്ഛായ കൊതിക്കുന്നയാളാണ്. എന്നാൽ അദ്ദേഹത്തിന്റെ സമീപനങ്ങളിൽ പ്രതിഫലിക്കുന്നത് പട്ടേലിന്റെ നിശ്ചയദാർഢ്യമല്ല, സ്ഥാനമോഹിയുടെ കൌശലമാണ്. സെപ്തംബർ ആദ്യം അദ്ധ്യാപകദിന ചടങ്ങിൽ വെച്ച് ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് തനിക്ക് ഗുജറാത്ത് നൽകിയ ജനവിധി 2017 വരെ നീളുന്നതാണെന്നും പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നില്ലെന്നുമാണ്. “എന്തെങ്കിലും ആകുന്നതിനെ കുറിച്ച് സ്വപ്നം കാണരുത്. എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചാണ് സ്വപ്നം കാണേണ്ടത്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. കഴിഞ്ഞ കൊല്ലമാണ് മന്ത്രിയായിരുന്ന മായാ കോഡ്നാനിയെ വംശീയ കലാപക്കേസിൽ പ്രത്യേക കോടതി 28 വർഷം തടവിനു വിധിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക  സംഘം വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് അപ്പീൽ നൽകാൻ തീരുമാനിച്ചപ്പോൾ മോഡി സർക്കാർ അനുമതി നൽകി. എന്നാൽ ഏതാനും ആഴ്ച മുമ്പ് ആ അനുമതി പിൻ‌വലിച്ചു. ആദ്യ തീരുമാനം അടവ് മാത്രമായിരുന്നു. പട്ടേൽ ദൌത്യം നിർവഹിച്ചത് വി.പി. മേനോനെപ്പോലെ കാര്യശേഷിയുള്ള ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചാണ്. മോഡി ലക്ഷ്യം നേടാൻ ആശ്രയിക്കുന്നത് അമിത് ഷായെപ്പോലെയുള്ള രാഷ്ട്രീയ സാഹസികന്മാരെയും സോറബുദ്ദീൻ ഷേഖ് കേസിലും ഇസ്രത്ത് ജഹാൻ കേസിലും വിചാരണ കാത്തു ജയിലിൽ കഴിയുന്ന ഡി.ജി.വൻസാറയെപ്പോലെ നിയമം കയ്യിലെടുക്കാൻ തയ്യാറുള്ള പൊലീസുദ്യോഗസ്ഥന്മാരെയുമാണ്.

ബി.ജെ.പിയെ മുസ്ലിംസൌഹൃദ കക്ഷിയാക്കാൻ മോഡി ഇപ്പോൾ നടത്തുന്ന ശ്രമങ്ങളും കൌശലത്തിന്റെ ഭാഗമാണ്. ഒരു ലക്ഷം മുസ്ലിംകളെ അംഗങ്ങളാക്കാൻ പാർട്ടിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംകൾ തന്റെ റാലിയിൽ പങ്കെടുക്കാൻ തൊപ്പിയും ബുർഖയും ധരിച്ച് വരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ മുസ്ലിംകളിൽ 30 ശതമാനം പാർട്ടിക്ക് വോട്ടു ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തു വാർഡുകളിൽ ബി.ജെ.പി. വിജയിക്കുന്നുമുണ്ടത്രെ. ഈ കണക്കുകൾ ശരിയാണെങ്കിൽ അതിന്റെ അർത്ഥം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കൂടെ നിർത്തുന്നതിൽ മോഡി വിജയിച്ചെന്നാണ്. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ന്യൂനപക്ഷത്തിന്റെ പിന്തുണ നേടാനാകും. ഭൂരിപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നല്ലതെന്ന് കരുതുന്നവർ ന്യൂനപക്ഷവിഭാഗങ്ങളിലുണ്ട്. വിജയികൾക്കൊപ്പം  നിൽക്കുന്നത് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. അങ്ങനെയാണ് കശ്മീരിൽ നിന്നുള്ള ഒമർ അബ്ദുള്ളയും കേരളത്തിൽ നിന്നുള്ള പി.സി.തോമസും എൻ.ഡി.എ സർക്കാരിൽ മന്ത്രിമാരായത്.

മോഡിയുടെ കൌശലവും അമിത് ഷായുടെ കുതന്ത്രവും പരിവാർ അണികളുടെ ചിട്ടയായ പ്രവർത്തനവുമൊക്കെ ചേർന്ന് വോട്ടുവിഹിതം അഞ്ചു ശതമാനം വർദ്ധിപ്പിച്ചാൽ ബി.ജെ.പി 1998ലെ നിലയിലെത്തും പക്ഷെ 2014ൽ അധികാരം പിടിച്ചെടുക്കാൻ അത് മതിയാകില്ല. ഇടതുപക്ഷം മുന്നോട്ടുവെച്ച കോൺഗ്രസിതര, ബിജെപിയിതര സർക്കാർ എന്ന ആശയം ഒരു ഘട്ടത്തിൽ ചെറിയ ദേശീയകക്ഷികളെയും പ്രാദേശിക കക്ഷികളെയും ഉത്തേജിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഏതാനും മൂന്നാം മുന്നണി സർക്കാരുകളുണ്ടായി. ചെറിയ കാലയളവിലെ അവ നിലനിന്നുള്ളു. അതുതന്നെയും കോൺഗ്രസിന്റെയൊ ബി.ജെ.പിയുടെയൊ പിന്തുണയോടെയായിരുന്നു. ആ പരീക്ഷണം അവസാനിച്ചപ്പോഴാണ് വർഗ്ഗീയകക്ഷിയെന്ന നിലയിൽ നേരത്തെ മാറ്റിനിർത്തിയിരുന്ന ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ നിരവധി ചെറിയ കക്ഷികൾ തയ്യാറായത്. അവരുടെ കോൺഗ്രസ്‌വിരുദ്ധത ബിജെപിവിരുദ്ധതയേക്കാൾ ശക്തമായിരുന്നതു കൊണ്ടാണ് അവർ ബി.ജെ.പിക്കൊപ്പം പോയത്. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. അതുകൊണ്ട് ബി.ജെ.പി വീണ്ടും ലോക് സഭയിലെ ഏറ്റവും വലിയ കക്ഷിയായാലും പഴയതുപോലെ സഖ്യകക്ഷികളെ ആകർഷിക്കാൻ കഴിഞ്ഞെന്നു വരില്ല. വാജ്പേയിയുടെ സൌമ്യത മോഡിക്കില്ലെന്നത് ഒരു വലിയ ന്യൂനതയായി അപ്പോൾ അനുഭവപ്പെടാതിരിക്കില്ല. ഇത് മോഡ് മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ലോക് സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടുകയെന്ന ശ്രമകരമായ ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രചാരണ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. 
(മാധ്യമം ആഴ്ചപ്പതിപ്പ്, ഒക്ടോബർ 7, 2013)