Friday, July 1, 2011

ക്രിമിനലുകള്‍ കൈകോര്‍ക്കുമ്പോള്‍

പൊലീസും ക്രിമിനലിസവും

ബി.ആർ.പി.ഭാസ്കർ

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിന്നൊഴിവാക്കണമെന്ന ഹൈകോടതി നിര്‍ദേശം ഒരോര്‍മപ്പെടുത്തലാണ്. സര്‍ക്കാര്‍ സ്വയമേവ ചെയ്യേണ്ട കാര്യമാണത്. പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമായ കസ്റ്റഡി പീഡനം പോലുള്ള കുറ്റകൃത്യങ്ങളില്‍ മാത്രമല്ല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല നടത്തുന്നതു പോലുള്ള പുതുതലമുറ കുറ്റകൃത്യങ്ങളിലും പൊലീസുദ്യോഗസ്ഥന്മാരുടെ പേരുകള്‍ അടിക്കടി ഉയര്‍ന്നുവരുന്ന സാഹചര്യം ഈ ഓര്‍മപ്പെടുത്തല്‍ സമയോചിതമാക്കുന്നു.

പൊലീസ് പാരമ്പര്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വ്യക്തികളുടെ ദോഷത്തേക്കാള്‍ സ്ഥാപനത്തിന്റെ ദോഷമാണ് പ്രതിഫലിക്കുന്നത്. നാടക-സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ സത്യനെ അറിഞ്ഞിരുന്നവര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് ഒരു നല്ല നടനും നല്ല മനുഷ്യനുമായാണ്. അതുകൊണ്ട്, ആലപ്പുഴയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരിക്കെ അദ്ദേഹം ഒരു പ്രതിയെ വഴിനീളെ തല്ലുന്നതു കണ്ടതായി കെ.പി. അപ്പന്‍ എഴുതിയപ്പോള്‍ എനിക്ക് അതുള്‍ക്കൊള്ളാനായില്ല. സബ് ഇന്‍സ്‌പെക്ടറായിരുന്ന സത്യന്റെ ചെയ്തിയെ പൊലീസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് മാറിക്കിട്ടി. പുതുതലമുറ കുറ്റങ്ങള്‍ പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമല്ല. അവ വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊലീസുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേരളത്തിലെ പൊലീസാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറും പൊലീസ് സംഘടനകളും അവയെ ചെറുക്കാറുണ്ട്. തീര്‍ത്തും ദുരുപദിഷ്ടമായ സമീപനമാണിത്. നമ്മുടെ പൊലീസ് താരതമ്യേന മെച്ചപ്പെട്ടതാണെന്നതുകൊണ്ട് അതിലെ അംഗങ്ങളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറച്ചു കണ്ടുകൂടാ. നേരെമറിച്ച്, അവയെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അത് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.

പ്രശ്‌നം ലഘൂകരിക്കാനായി സേനയില്‍ ക്രിമിനലുകളുടെ എണ്ണം കുറവാണെന്ന വാദവും ചിലര്‍ ഉന്നയിക്കാറുണ്ട്. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംവിധാനത്തില്‍ കുറ്റവാസനയുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം പോലും അനുവദനീയമല്ല. കാക്കി യൂനിഫോം ധരിക്കുന്നയാള്‍ കുറ്റവാസനയുള്ള മറ്റാളുകളേക്കാള്‍ അപകടകാരിയാണ്.

നാഷനല്‍ െ്രെകം റികോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് ഹീന കുറ്റങ്ങളില്‍ കേരളം മുന്നിലാണ്. ഏറ്റവും നല്ല പൊലീസുള്ള സംസ്ഥാനത്ത് ഏറ്റവുമധികം ഹീനകുറ്റങ്ങള്‍ നടക്കുന്നതിലെ വിരോധാഭാസം നാം തിരിച്ചറിയണം.

കേരളത്തില്‍ 2007ല്‍ 860 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി സംസ്ഥാന പൊലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെയുള്ള 40,000ന് താഴെ സേനാംഗങ്ങളില്‍ രണ്ട് ശതമാനത്തിലധികം നടപടികള്‍ നേരിടുകയായിരുന്നെന്നര്‍ഥം. ശക്തമായ അച്ചടക്ക സംവിധാനം ആവശ്യപ്പെടുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഇത് ചെറുതല്ല. കുറ്റവാളികളായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സഹജമായ വാസന കണക്കിലെടുക്കുമ്പോള്‍ പൊലീസിലെ ക്രിമിനലുകളുടെ ശതമാനം ഇതിലും കൂടുതലാണെന്ന് കരുതണം.

പൊലീസുകാര്‍ക്കെതിരായ കേസുകളില്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍പെടുന്ന ബലാത്സംഗം, കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചതിന് ആംസ് ആക്ട്, എക്‌സ്‌പ്ലോസിവ്‌സ് ആക്ട് എന്നിവ പ്രകാരമുള്ളവയും ഉള്‍പ്പെട്ടിരുന്നു. പൊലീസുകാര്‍ പ്രതികളായ കേസുകളില്‍ പതിവിലധികം കാലതാമസം ഉണ്ടാകാറുണ്ട്. പലപ്പോഴും വൈകിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവും മെല്ലെത്തന്നെ. അന്വേഷണവും വിചാരണയും നടക്കുന്നതിനിടയില്‍ ഡിവൈ.എസ്.പി പടവുകല്‍ കയറി ഐ.ജിയും ഡി.ജി.പിയും ഒക്കെ ആയ കഥകളും പൊലീസിന്റെ ചരിത്രത്തിലുണ്ട്. ക്രിമിനല്‍ കേസുണ്ടെന്ന് അറിയുമ്പോള്‍ പൊലീസുകാര്‍ ഒളിവില്‍ പോകുന്നത് അപൂര്‍വമല്ല. നിയമത്തിന് കീഴടങ്ങാതെ ഒളിച്ചു നടക്കുന്നയാള്‍ പൊലീസില്‍ തുടരാന്‍ യോഗ്യനാണോ? സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും കൂടാതെ ഒരു പൊലീസുകാരനും ഒളിവില്‍ കഴിയാനാവില്ല. ഒളിവില്‍പോകാന്‍ സഹായിക്കുന്നവരെ നിയമവ്യവസ്ഥയോട് പ്രതിബദ്ധതയുള്ളവരായി കാണാനാവില്ല.

പൊലീസുകാരുടെ വര്‍ഗബോധം മാര്‍ക്‌സിസം പഠിച്ചുണ്ടാകുന്നതല്ല, ഫ്യൂഡല്‍ പാരമ്പര്യത്തില്‍ നിന്ന് വരുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നത് മനോബലത്തെ പ്രതികൂലമായി ബാധിക്കുമെന്നു പറഞ്ഞുകൊണ്ട് മേലധികാരികളും നിസ്സംഗത പാലിക്കാറുണ്ട്.

അവരുടെ സമീപനം മനസ്സിലാക്കാന്‍ സേനയുടെ ഭൂതകാലം ഓര്‍മയിലുണ്ടാകണം. ഒന്നര നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും കൊളോണിയല്‍ ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ സംവിധാനത്തിന്റെ നേര്‍ തുടര്‍ച്ചയാണ് ഇന്നത്തെ പൊലീസ്. ആയുധബലം കൊണ്ട് അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്തവര്‍ക്ക് സേനയുടെ മനോവീര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് ആവശ്യമായിരുന്നു. അതേ സമീപനം ജനാധിപത്യ വ്യവസ്ഥയിലും തുടരുന്നത് ഭരണാധികാരികള്‍ നിലനില്‍പിന് ഇപ്പോഴും ജനപിന്തുണയേക്കാള്‍ സായുധസേനയെ ആശ്രയിക്കുന്നതുകൊണ്ടാണ്.

പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ എസ്.ഐ. സോമന്‍ വധക്കേസ് മുതല്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വരെയുള്ള കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ കീഴ്‌കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ തന്നെ പ്രതികള്‍ പ്രാരംഭപ്രശ്‌നങ്ങളുമായി സുപ്രീംകോടതി വരെ പോയതായി കാണാം. വ്യവഹാരങ്ങളുടെ ഭാരിച്ച ചെലവ് വഹിക്കാന്‍ പൊലീസുകാര്‍ പിരിവ് നടത്താറുണ്ട്.

പണമില്ലാത്തതുകൊണ്ട് പ്രതികള്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യം തീര്‍ച്ചയായും അഭികാമ്യമല്ല. അതേസമയം, പൊലീസുകാര്‍ അഭിലഷണീയമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പൊലീസിന് വലിയ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാകുന്നവര്‍ സത്യസന്ധമായ ജീവിതം നയിക്കുന്നവരാകാനുള്ള സാധ്യത കുറവാണ്.

നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പ്രക്രിയയുടെ ഫലമായി ഒരു ചെറിയ കാലയളവില്‍ പൊലീസ് സേനയുടെ അംഗബലം ഇരട്ടിയായി. സേനയുടെ പ്രകടമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാതെ വിപുലീകരണം നടത്തിയതുകൊണ്ട് ദുഷിച്ച ചെറിയ പൊലീസിന്റെ സ്ഥാനത്ത് ദുഷിച്ച വലിയ പൊലീസ് ഉണ്ടായി. ജനമൈത്രിപോലുള്ള പദ്ധതികള്‍ കൊണ്ട് അതിന്റെ ജീര്‍ണത മറച്ചു വെക്കാനാവില്ല.

ഇപ്പോള്‍ ഹൈകോടതിയുടെ മുന്നിലുള്ളത് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിയമനം വൈകുന്നവരുടെ പ്രശ്‌നമാണ്. രാഷ്്രടീയ ബന്ധമുള്ളവരുടെ നിയമനവും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്. പൊലീസ് സേനയുടെ വികസനം നടന്ന കാലവും സാഹചര്യവും ഇവിടെ പ്രസക്തമാകുന്നു. അനുയായികളെ ഏതുവിധേനയും സര്‍വീസില്‍ കടത്തണമെന്ന ഉദ്ദേശ്യമുള്ള കക്ഷികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ളവര്‍ കൂടുതലായി തെരഞ്ഞെടുക്കപ്പെടും. കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമപാതയിലായിരുന്ന ഘട്ടത്തില്‍ അതുമായുള്ള ബന്ധം സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയായി കണക്കാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കെടുക്കുകയും അധികാരത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇക്കാലത്ത് അവയുമായുള്ള ബന്ധം സര്‍ക്കാര്‍ നിയമനത്തിന് തടസ്സമാകേണ്ട കാര്യമില്ല.

ക്രിമിനല്‍ നടപടികള്‍ നേരിടുന്ന അപേക്ഷകരില്‍ ചിലരെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായാവും കേസുകളില്‍ പെട്ടത്. അത്തരം സാഹചര്യങ്ങളില്‍ കേസില്‍പെടുന്നതും രണ്ടു കൊല്ലത്തില്‍ കുറവായ ജയില്‍ശിക്ഷ ലംഘിക്കുന്നതും എം.എല്‍.എയും മന്ത്രിയും ആകുന്നതിന് തടസ്സമല്ല. ആ സ്ഥിതിക്ക് അതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കേണ്ടതില്ല.

എന്നാല്‍, പൊലീസ് സേനയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേസുകള്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായി ഉണ്ടായവയാണെങ്കില്‍ പോലും അതില്‍ നിന്നൊഴിവാക്കുന്നതില്‍ തെറ്റില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഒരു വിഭാഗമാണ്. അവയെ നയിക്കുന്നവരില്‍ പലരും പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചശേഷം അവയുടെ അച്ചടക്ക നിയന്ത്രണത്തിനു പുറത്തുകടന്ന് കരാറുകാരായി മാറിയവരാണ്.

പൊലീസും അത്തരം സംഘങ്ങളും തമ്മിലുള്ള ബന്ധത്തില്‍ രാഷ്ട്രീയക്കാരും കണ്ണി ചേരാറുണ്ട്. കാക്കിധാരികളും അല്ലാത്തവരുമായ ക്രിമിനലുകള്‍ കൈകോര്‍ക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുക.

പൊലീസ് സേനയുടെ പ്രധാന പ്രശ്‌നം നീതിബോധത്തിന്റെ കുറവാണ്. സി.ആര്‍.പി.എഫ് മുന്‍ കോണ്‍സ്റ്റബ്ള്‍ പി. രാമചന്ദ്രന്‍ നായരുടെ ഉയര്‍ന്ന നീതിബോധമാണ് തിരുനെല്ലി കാട്ടില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൊലീസ് നടത്തിയ അറുകൊലയുടെ ചുരുളഴിച്ചത്. മേലുദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങി നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രന്‍ നായര്‍ അക്കാലത്തുതന്നെ വിവരം ഗ്രോ വാസുവിനെ അറിയിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങളില്‍ വാസുവിന് ആ വിവരം പ്രയോജനപ്പെടുത്താനായില്ല. സാഹചര്യങ്ങള്‍ മാറിയശേഷം, സര്‍വീസില്‍നിന്ന് റിട്ടയര്‍ചെയ്ത രാമചന്ദ്രന്‍ നായര്‍, ചെയ്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി വീണ്ടും മുന്നോട്ടു വന്നതിന്റെ ഫലമായി, ഐ.ജി പദവി വരെ എത്തിയ ഒരു മുന്‍ ഉദ്യോഗസ്ഥന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. മരണം രാമചന്ദ്രന്‍ നായരെ ശിക്ഷയില്‍നിന്ന് രക്ഷിച്ചു. നിയമവാഴ്ചയില്‍ ആ സാധാരണ പൊലീസുകാരനുണ്ടായിരുന്നത്ര വിശ്വാസമുള്ള എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുണ്ട്?
(മാധ്യമം, ജൂലൈ 1, 2011)