Monday, February 6, 2012

അഴീക്കോട്: ഒരേയൊരു സാംസ്കാരികനായകൻ

ബി.ആർ.പി. ഭാസ്കർ

സാംസ്കാരികനായകൻ എന്നത് മലയാളികൾക്ക് സുപരിചിതമായ ഒരു പദപ്രയോഗമാണ്. അതിന് തുല്യമായ ഒന്ന്, എന്റെ അറിവിൽ, ഭാരതീയമൊ വിദേശീയമൊ ആയ മറ്റൊരു ഭാഷയിലുമില്ല. പല തുറകളിൽ പ്രവർത്തിക്കുന്നവരെ കൂട്ടായി പരാമർശിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഒന്നൊ രണ്ടൊ കഥയൊ കവിതയൊ എഴുതിയത്തിന്റെ ബലത്തിൽ സാഹിത്യകാരൻ എന്ന വിശേഷണം നേടിയവർ, കക്ഷിരാഷ്ടീയ നിയന്ത്രണത്തിലല്ലാത്ത പരിപാടികളിൽ പങ്കെടുത്ത് പൊതുപ്രവർത്തകൻ എന്ന് വിവക്ഷിക്കപ്പെടാനുള്ള അർഹത സമ്പാദിച്ചവർ എന്നിങ്ങനെ പലതരത്തിലുള്ളവരെ അതിന്റെ പരിധിയിൽ പെടുത്തുന്നു. കേരളത്തിലെ മാധ്യമങ്ങൾ സാംസ്കാരിക പ്രവർത്തനത്തെ അത്യുദാരമായി നിർവചിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ സൃഷ്ടിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് ഡോ. സുകുമാർ അഴീക്കോട് എന്ന അസുലഭ വ്യക്തിത്വത്തിലാണ്. ആറേഴു പതിറ്റാണ്ടായി വ്യത്യസ്ത മണ്ഡലങ്ങളിൽ വ്യാപരിച്ചുകൊണ്ട് നാനാവിഷയങ്ങളെ കുറിച്ച് ചിന്തിക്കാൻ മലയാളികളെ പ്രേരിപ്പിച്ച ആ പ്രതിഭ ഇല്ലായിരുന്നില്ലെങ്കിൽ സാംസ്കാരികനായകൻ എന്നൊരു വാക്ക് രൂപപ്പെടുമായിരുന്നില്ല. കാരണം അതിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല.

കോമേഴ്സിലും അധ്യപനത്തിലും ബിരുദങ്ങളും മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദങ്ങളും മലയാളത്തിൽ ഡോൿടോറേറ്റും എടുത്തുകൊണ്ട് ആരംഭിച്ച ജീവിതയാത്രയിൽ അഴീക്കോട് കടന്നു ചെന്നിട്ടില്ലാത്ത മേഖലകൾ തുലോം ചുരുക്കമാണ്. അദ്ദേഹം എന്നും അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ക്ലാസ് മുറിയിലും അതിലൂടെ കടന്നുപോയ വിദ്യാർത്ഥിതലമുറകളിലും ഒതുങ്ങിയില്ല. എഴുത്തുകാരൻ, നിരൂപകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യവിമർശകൻ എന്നിങ്ങനെ വിവിധ നിലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറത്തും അറിവ് പകർന്നു കൊണ്ട് അദ്ദേഹം എല്ലാവർക്കും, ശരിയായ അർത്ഥത്തിൽ, ‘മാഷ്‘ ആയി.

കുമാരനാശാന്റെ സീതാകാവ്യം വിലയിരുത്തിക്കൊണ്ടും ജി. ശങ്കരക്കുറുപ്പിനെ വിമർശിച്ചു കൊണ്ടും സാഹിത്യരംഗത്ത് പ്രവേശിച്ചപ്പോൾ യുവാവായ സുകുമാർ അഴീക്കോട് ആരെയും വിമർശനവിധേയനാക്കാനും ചോദ്യം ചെയ്യാനുമുള്ള ചങ്കൂറ്റമാണ് പ്രദർശിപ്പിച്ചത്. ആ തന്റേടം പിന്നീട് മറ്റ് മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും പ്രകടമായി. ഒരു നേതാവിനെയും ഒരാരാധനാപാത്രത്തെയും അദ്ദേഹം വിമർശനത്തിനതീതനായി കണ്ടില്ല. മറ്റുള്ളവരെ വെല്ലുവിളിച്ചുകൊണ്ടും മറ്റുള്ളവരാൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടും, കൊണ്ടതിലേറെ കൊടുത്തുകൊണ്ട്, അദ്ദേഹം പൊതുമണ്ഡലത്തിൽ നീണ്ടകാലം നിലകൊണ്ടു.

പഠിപ്പിക്കുന്നതോടൊപ്പം അഴീക്കോട് സ്വയം പഠിച്ചു വളരുകയും ചെയ്തു.. വാഗ്ഭടാനന്ദന്റെ ശിഷ്യനായി തുടങ്ങി അദ്ദേഹം ശ്രീനാരായണന്റെ വ്യാഖ്യാതാവായി. കോൺഗ്രസുകാരനായി തുടങ്ങി ഇടതുപക്ഷത്തിന്റെ സുഹൃത്തായി. വി.എസ്. അച്യുതാനന്ദനെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനം തിരുത്താൻ പോളിറ്റ്ബ്യൂറൊയെ പ്രേരിപ്പിച്ച ഒരു ഘടകം അഴീക്കോട് അദ്ദേഹത്തിന് അനുകൂലമായെടുത്ത ശക്തമായ നിലപാടായിരുന്നു. വേദികളേറെയും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായതും ശ്രോതാക്കളേറെയും ഇടതുപക്ഷത്തിന്റെ അനുഭാവികളായതും പ്രഭാഷകനായ അഴീക്കോട് അങ്ങോട്ട് ചായാൻ കാരണമായെന്ന് കരുതുന്നവരുണ്ട്. ശ്രോതാക്കളുടെ താല്പര്യങ്ങൾ മനസിൽ സൂക്ഷിക്കുകയെന്നത് പ്രഭാഷണകലയിലെ വിജയതന്ത്രത്തിന്റെ ഭാഗമാണ്. മന:സാക്ഷിയെ വഞ്ചിക്കാതെ അത് ചെയ്യാനാവണമെന്നു മാത്രം.

ഇരുപതോളം കൃതികളുടെ കർത്താവായ അഴീക്കോട് തന്റെ ഏറ്റവും വലിയ സംഭാവനയായി എടുത്തു കാട്ടുന്നത് 1984ൽ പുറത്തു വന്ന തത്ത്വമസി ആണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒരു ഡസൻ പുരസ്കാരങ്ങളാണ് അത് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇന്നത്തെ തലമുറയ്ക്ക് ഭാരതീയ ദർശനം പരിചയപ്പെടുത്താനായി എഴുതിയ ആ കൃതിക്ക് ലഭിച്ച സ്വീകരണം ഗഹനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു മലയാള പുസ്തകത്തിനും കിട്ടിയിട്ടില്ല. അതിൽ പുതുതായൊന്നുമില്ലെന്ന ആക്ഷേപം ചില വിമർശകർ ഉയർത്തുകയുണ്ടായി. പഴയ ആശയങ്ങളിൽ പുതുമ തേടിയിട്ട് കാര്യമില്ല. അതേസമയം ആ ആശയങ്ങൾ ഉരുത്തിരിഞ്ഞതെങ്ങനെയെന്ന അന്വേഷണത്തിനുള്ള സാധ്യത അദ്ദേഹം ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യം അസ്ഥാനത്തല്ല. തത്ത്വമസി ഉൾപ്പെടെ ഭാരതീയ ദർശനത്തിലെ ഉദാത്തമായ ആശയങ്ങളടങ്ങുന്ന മഹാവാക്യങ്ങളൊക്കെ ഉപനിഷത്തുകളിലാണുള്ളത്, വേദങ്ങളിലല്ല. വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലെത്തിയ കാലത്ത് രചിച്ചവയാണ് ആദി ഗ്രന്ഥമായ ഋഗ്‌വേദത്തിലെ സൂക്തങ്ങളെന്ന് അതിന്റെ ഉള്ളടക്കത്തിൽ നിന്ന് വ്യക്തമാണ്. പിൽക്കാലത്തുണ്ടായ ഉപനിഷത്തുകൾ അവരും ഭാരതത്തിലെ ഇതര സമൂഹങ്ങളും തമ്മിലുണ്ടായ ഇടപഴകലിലൂടെ വികസിച്ചതാണ്. ഇരുവിഭാഗങ്ങളുടെയും സംഭാവനകൾ അവയിലുണ്ട്. അവയുടെ സ്വാധീനത്തിൽ വൈദിക സമൂഹം ആദ്യകാല സമീപനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി കാണാം. വേദങ്ങൾ യാഗം നടത്തി ദേവതകളെ പ്രീതിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ഉപനിഷത്തുകൾ യാഗത്തെ മന്ദബുദ്ധി പ്രവർത്തനമായി അപലപിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ഉപനിഷത്തുകളെ ഓരോരോ വേദങ്ങളുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തിക്കൊണ്ടാണ് വൈദിക സമൂഹം അവയെ തങ്ങളുടെ ബൌദ്ധികസ്വത്താക്കി മാറ്റിയത്. ആ പ്രക്രിയ പഠിച്ച് കൃത്യമായി വിശദീകരിക്കാൻ അഴീക്കോടിനോളം കഴിവുള്ള വളരെപ്പേരുണ്ടാവില്ല. അദ്ദേഹത്തിന്റെ അന്വേഷണാത്മക മനസ് ആ വഴിക്ക് തിരിഞ്ഞിരുന്നെങ്കിൽ ഭാരതീയ ദർശനത്തിന്റെ വികാസചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുവാൻ അതിന് കഴിയുമായിരുന്നു.

പല മഹാന്മാരുടെയും വലിപ്പത്തിന്റെ അടിസ്ഥാനം അവരുടെ വ്യക്തിത്വമല്ല, അവർ വഹിച്ച പദവികളുടെ ഔന്നത്യമാണ്. അഴീക്കോടിന്റെ കാര്യം വ്യത്യസ്തമാണ്. കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയ്ക്ക് മത്സരിച്ചപ്പോൾ അദ്ദേഹം തോൽക്കുകയാണുണ്ടായത്. വൈസ് ചാൻസലർ പദവിയെലെത്താതെയാണ് അദ്ദേഹം സർവകലാശാലാ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ജനമനസുകളിൽ എം.പി.മാരേക്കാളും വൈസ് ചാൻസലർമാരേക്കാളും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ചെറുപ്പത്തിൽ ഉൾക്കൊണ്ട ഗാന്ധി സ്വാധീനം അഴീക്കോട് ഒരു ഘട്ടത്തിലും ഉപേക്ഷിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ നവഭാരതവേദി എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. സമീപകാലത്ത് അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളിൽ ഗാന്ധിമാർഗ്ഗം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയർന്നു വന്നിരുന്നു.

ബാഹ്യഘടകങ്ങൾ ഒഴിവാക്കിക്കൊണ്ട്, തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, ശരിതെറ്റുകളെ വിലയിരുത്താൻ പരമാവധി ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് അഴീക്കോട്. എം. പി. നാരായണപിള്ള മുന്നോട്ടു വെച്ച നിബന്ധനകളിൽ പ്രകോപിതരായി കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ അദ്ദേഹത്തിനുള്ള സമ്മാനം പിൻ‌വലിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിഷേധ സൂചകമായി തന്റെ വിശിഷ്ടാംഗത്വമുൾപ്പെടെയുള്ള എല്ലാ പുരസ്കാരങ്ങളും തിരിച്ചു നൽകിയത് ഇതിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ഏറെയുണ്ടായി. ആശുപതിയിൽ പ്രവേശിച്ചപ്പോൾ പിണങ്ങിയിരുന്നവർ മറക്കാനും പൊറുക്കാനും തയ്യാറായി അദ്ദേഹത്തിന്റെ മുന്നിലെത്തി. നാനാതുറകളിലും പെട്ട മറ്റനവധിയാളുകൾ അദ്ദേഹത്തിനു നന്മ നേരാനെത്തി. അഭിപ്രായഭിന്നതകളെ അപ്രസക്തമാക്കിയ അസാധാരണമായ ആ സൌഹൃദ പ്രകടനങ്ങൾക്ക് ഒരു വിശദീകരണമെ നൽകാനാവൂ. മിത്രങ്ങളും ശത്രുക്കളും അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം അംഗീകരിക്കുന്നു. സമൂഹത്തിന്റെ മന:സാക്ഷി എന്ന നിലയിലുള്ള അംഗീകാരമാണത്.

പുതിയ തലമുറകളിൽ നിന്ന് സമാനസ്വഭാവമുള്ള ഒരു വ്യക്തിത്വം ഉയർന്നു വരുമൊ? വന്നേക്കാം. അങ്ങനെയൊന്ന് ഉദിച്ചുയരും വരെ സുകുമാർ അഴീക്കോട് നമ്മുടെ നഭസ്സിലെ ഒരേയൊരു സാംസ്കാരിക നായകനായി മിന്നിനിൽക്കും.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 5, 2012)

Sunday, February 5, 2012

മാദ്ധ്യമ സിണ്ടിക്കേറ്റും മാദ്ധ്യമ രാഷ്ട്രീയവും

ബി.ആർ.പി. ഭാസ്കർ

ഒരുകാലത്ത് ഒരു കൂട്ടായ്മയെ പരാമർശിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിച്ചിരുന്ന നിർദ്ദോഷപരമായ വാക്കാണ് സിണ്ടിക്കേറ്റ്. പിന്നീട് അത് ദു:സൂചനയുള്ള പദമായി. കോൺഗ്രസ് പാർട്ടിയിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തരായ പ്രാദേശിക നേതാക്കളുടെ നിര ഉയർന്നുവന്നപ്പോൾ അവരെ പരാമർശിക്കാൻ മാദ്ധ്യമങ്ങൾ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ഒരു മാദ്ധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോടെയാണ് ആ പദപ്രയോഗമുണ്ടായത്. അതു സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടക്കുന്ന കാലത്ത് അങ്ങനെയൊരു സംഘടിത സിണ്ടിക്കേറ്റ് പ്രവർത്തനം നടക്കുന്നതായി വിശ്വസിക്കുന്നില്ലെന്ന അഭിപ്രായം ഞാൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.

അതേസമയം മാദ്ധ്യമങ്ങളിൽ മാർക്സിസ്റ്റ്വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. അമ്പതിൽ‌പരം കൊല്ലം മുമ്പ് ആദ്യമായി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു മലയാളപത്രം മാത്രമാണ് അതിന് അനുകൂലമായ നിലപാട് എടുത്തത്. ഇപ്പോൾ സി.പി.എം അധികാര രാഷ്ട്രീയത്തിൽ ഉറച്ച സ്ഥാനമുള്ള കക്ഷിയാണ്. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു. നേരിയ വ്യത്യാസത്തിലാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ ഒരു വലിയ ജനവിഭാഗം സി.പി.എമ്മിനോടൊപ്പമാണെന്ന വസ്തുത വിപണിയിൽ മത്സരിക്കുന്ന മാദ്ധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് വലിയ പത്രം ആഴ്ചതോറും പംക്തിയെഴുതാൻ ആറു പേരെ നിശ്ചയിക്കുമ്പോൾ ഒരു ദിവസം ഒരു സി.പി.എം.കാരന് ഉറപ്പായും നൽകുന്നത്.

മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്ന മാർക്സിസ്റ്റ്വിരുദ്ധതയെ സി.പി.എമ്മുമായി ബന്ധപ്പെട്ടു കാണേണ്ടതില്ല. അടിസ്ഥാനപരമായി അത് മാദ്ധ്യമസ്ഥാപനങ്ങളുടെ മുതലാളിത്തപരമായ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് മാദ്ധ്യമങ്ങൾ വ്യവസായങ്ങളാണ്. വ്യക്തികളുടെയൊ കുടുംബങ്ങളുടെയൊ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾപോലും കോർപ്പൊറേറ്റ് ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഭാഷാ പത്രങ്ങളുടെ വളർച്ച വിശദമായി പഠിച്ച പ്രൊഫസർ റോബിൻ ജെഫ്രിയുടെ India’s Newspaper Revolution എന്ന പുസ്തകത്തിൽ -- ഇത് “ഇന്ത്യയിലെ പത്രവിപ്ലവം“ എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്— പത്രങ്ങളുടെ വളർച്ചയും മുതലാളിത്തത്തിന്റെ വികാസവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നുണ്ട്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന കക്ഷിയാണ് സി.പി.എം. അതും ഈ ആവശ്യത്തിനായി മുതലാളിത്ത ചട്ടക്കൂടാണ് സ്വീകരിച്ചിട്ടുള്ളത്. കോർപ്പൊറേറ്റ് സംവിധാനത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവൈരുദ്ധ്യമുണ്ടാകും. ജീവനക്കാർ പാർട്ടിബന്ധമുള്ളവരാകയാൽ പാർട്ടിയുടെ സ്ഥാപനങ്ങളിൽ ഇത് പ്രകടമാകാറില്ല. പാർട്ടി ബന്ധം ഇല്ലാതാകുമ്പോൾ അത് പ്രകടമാകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപ്പുക്കുട്ടൻ വള്ളിക്കുന്ന് നിയമ നടപടി സ്വീകരിച്ചത് ഇതിന് തെളിവാണ്.

മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം പൌരന്റെ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണ്. അപ്പോൾ ഒരു പൌരനെന്നപോലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനും സ്വന്തമായ രാഷ്ട്രീയ ചിന്താഗതി വെച്ചുപുലർത്താനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വന്തം രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനായി മാദ്ധ്യമങ്ങൾ നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത് മനസിലാക്കാൻ കഴിയേണ്ടതാണ്. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം നിഷിദ്ധമായി തോന്നുന്നത് രാഷ്ട്രീയം എന്നത് രാഷ്ട്രീയ കക്ഷികൾക്ക് മാത്രം അവകാശപ്പെട്ട മേഖലയാണെന്ന തെറ്റിദ്ധാരണ മൂലമാണ്.

മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും അവരുടേതായ രാഷ്ട്രീയമുള്ളപ്പോഴും തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി വസ്തുതകളെ മാനിക്കാൻ അവർക്കാകണം. ഇവിടെ സത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്താണ് സത്യം എന്നത് വളരെക്കാലമായി മനുഷ്യരാശിയുടെ മുന്നിലുള്ള ഒരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം അന്വേഷിച്ച ചിലർ ഒടുവിലെത്തിച്ചേർന്ന നിഗമനം പരമമായ സത്യം ഒന്നേയുള്ളു അത് ദൈവമാണ് എന്നാണ്. അത്തരം സത്യാന്വേഷണം ദൈനദിന മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നില്ല. അവർക്ക് ചെയ്യാവുന്നത് വസ്തുതകൾ ശേഖരിച്ച് അവതരിപ്പിക്കുക മാത്രമാണ്.

കേരളത്തിൽ, വ്യക്തികൾക്കെന്നപോലെ,മാദ്ധ്യമൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജാതിയും മതവുമൊക്കെയുണ്ട്. സ്വാഭാവികമായും ജാതിമതബന്ധങ്ങളുള്ള മാദ്ധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും.

ആധുനിക സാങ്കേതികവിദ്യ മാദ്ധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. നാം ബോധപൂർവ്വം ശ്രമിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ മാറ്റങ്ങളും നല്ലതാവണമെന്നില്ല. നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാൻ നമുക്കാകണം. എല്ലാ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനിൽക്കേണ്ട തൊഴിൽ മൂല്യങ്ങളുണ്ട്. അതിലൊന്നാണ് വസ്തുതകളെ മാനിക്കുകയെന്നത്.

(കോട്ടയത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് ദർശന പുസ്തക പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് സംഘടിപ്പിക്കപ്പെട്ട മാദ്ധ്യമ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)