Tuesday, March 31, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ

കേരളശബ്ദം വാരികയിൽ ഞാൻ ആറ് പതിറ്റാണ്ടുകാലത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. ആദ്യം കേവലം കാഴ്ചക്കാരനായി. പിന്നെ പോളിങ് ഏജന്റ്റായി. അതിനുശേഷം പത്രങ്ങൾ, വാർത്താ ഏജൻസി, ടെലിവിഷൻ ചാനൽ എന്നിങ്ങനെ വ്യത്യസ്ത മാദ്ധ്യമങ്ങൾക്കുവേണ്ടി തെരഞ്ഞെടുപ്പ് കവർ ചെയ്ത അനുഭവങ്ങൾ. കേരളം മുതൽ കാശ്മീർ വരെ പല സംസ്ഥാനങ്ങളിലേയും ന്യൂ ഡൽഹിയിലേയും വൈവിധ്യപൂർണ്ണമായ അനുഭവങ്ങൽ.

കേരളശബ്ദത്തിന്റെ കഴിഞ്ഞയാഴ്ച ഇറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.

Sunday, March 29, 2009

പാകിസ്ഥാനും നമ്മളും

ഇന്ത്യയും അയൽരാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളുടെ ഗൌരവം മനസ്സിലാക്കാൻ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാർച്ച് 29-ഏപ്രിൽ 4, 2009 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ‘വിതച്ചത് കാറ്റ്, കൊയ്യുന്നത് കൊടുങ്കാറ്റ്’ എന്ന ലേഖനത്തിൽ അതിനുള്ള ഒരു ശ്രമമാണ് ഞാൻ നടത്തുന്നത്.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group സൈറ്റിൽ

Saturday, March 28, 2009

കെ.കെ.രാഗേഷിന്റെ വെബ്‌സൈറ്റ്കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. കെ. രാഗേഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെബ്‌സൈറ്റ് തുറന്നിരിക്കുന്നു.

URL: http://ldfkannur.org/

ശശി തരൂർ: ബൂലോകം രണ്ട് തട്ടിൽ


‘Bloggers for Shashi Tharoor’ എന്നൊരു ക്യാമ്പെയ്ന്‍ തുടങ്ങിയിരിക്കുന്നതായി തിരുവനന്തപുരം ബ്ലോഗ്ഗര്‍ കെന്നി ജേക്കബ് അറിയിക്കുന്നു.

ഒരു രാഷ്ട്രീയ കക്ഷിക്കുവേണ്ടിയുള്ള ക്യാമ്പെയ്ന്‍ അല്ല ഇതെന്നും ശശി തരൂര്‍ ഇതുവരെ നാം കണ്ടതില്‍ നിന്ന് വ്യത്യസ്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെന്നി പറയുന്നു.

ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെയുള്ള ഒരു കക്ഷി ഏത് അത്താണിയെ നിര്‍ത്തിയാലും (പഴയ കാലത്തെ കുറ്റിച്ചൂല്‍ പ്രയോഗം ബോധപൂര്‍വം ഒഴിവാക്കുന്നു) അതിന്റെ തെരഞ്ഞെടുപ്പ് യന്ത്രത്തിന് പാര്‍ട്ടിയുടെ വോട്ടുകള്‍ അയാള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാനാകും. കാരണം ആ യന്ത്രത്തിന്റെ നിയന്ത്രണം പാര്‍ട്ടിയുടെ കയ്യിലാണ്. . (അച്യുതാനന്ദന്റെ മാരാരിക്കുളം അനുഭവം ചട്ടത്തെ തെളിയിക്കുന്ന അപവാദമായി കാണാം) കോണ്‍ഗ്രസ്സിനെപ്പോലുള്ള ഒരു കക്ഷിയില്‍ നേതാക്കള്‍ വ്യക്തിപരമായാണ് യന്ത്രം നിയന്ത്രിക്കുന്നത്. നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയില്ലെങ്കില്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കിട്ടിയില്ലെന്നിരിക്കും.

വളരെ നേരത്തെ തന്നെ ഗ്രന്ഥകാരനെന്ന നിലയില്‍ സ്വന്തം വെബ്‌സൈറ്റ് ഉള്ളയാളാണ് ശശി തരൂര്‍. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഒരു തെരഞ്ഞെടുപ്പ് സൈറ്റ് തുടങ്ങിയിട്ടുണ്ട്. അവിടെ സ്ഥാനാര്‍ത്ഥിയുടെ ‘ഫാന്‍’ ആകാനും പിന്തുണ നല്‍കാനുമൊക്കെയുള്ള സംവിധാനമുണ്ട്.

ഗ്രന്ഥകാരനായ ശശി തരൂറിന്റെ സൈറ്റ്

സ്ഥാനാര്‍ത്ഥിയായ ശശി തരൂറിന്റെ സൈറ്റ്

തരൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ബൂലോകത്തെ രണ്ട് തട്ടുകളിലാക്കിയിരിക്കുകയാണ്. കെന്നിയും കൂട്ടരും അദ്ദേഹത്തിന് അനുകൂലമായി എഴുതുമ്പോള്‍ അദ്ദേഹത്തിനെതിരെയും ബ്ലോഗര്‍മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.
സ്വാര്‍ത്ഥതാല്പര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന ആരോപണം ചിലര്‍ ഉന്നയിക്കുന്നുണ്ട്. യു. എന്‍. സെക്രട്ടറി ജനറല്‍ പദത്തിനുവേണ്ടി അദ്ദേഹം നടത്തിയ ശ്രമം അവര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന തരൂര്‍ ജനറല്‍ സെക്രട്ടറി പദം കാംക്ഷിച്ചത് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ ഇന്ത്യാ ഗവണ്മെന്റിനെ അതിന് കരുവാക്കിയത് തെറ്റായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. അണ്ടര്‍ സെക്രട്ടറി ജനറല്‍ വരെ തരൂര്‍ വഹിച്ച എല്ലാ സ്ഥാനങ്ങളും യു. എന്‍. ബ്യൂറോക്രസിയുടെ ഭാഗമാണ്. സെക്രട്ടറി ജനറലിന്റേത് രാഷ്ട്രീയ-നയതന്ത്ര പദവിയാണ്. ഇതിനുമുമ്പ് ഒരു അണ്ടര്‍ സെക്രട്ടറി ജനറല്‍ മാത്രമാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ശശീ തരൂറിന്റെ വ്യക്തിപരമായ മോഹത്തിന് കൂട്ടുനില്‍ക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം അപക്വമായിരുന്നു. യു. എന്‍. ചരിത്രം പരിശോധിച്ചാല്‍ ഒരു വലിയ രാജ്യത്തില്‍ നിന്നുള്ളയാള്‍ ഒരിക്കലും സെക്രട്ടറി ജനറലായിട്ടില്ലെന്ന് കാണാം. രക്ഷാ സമിതി അംഗത്വം പ്രതീക്ഷിക്കുന്ന ഇന്ത്യ ആ സ്ഥാനത്തിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു.

ഇസ്രയേല്‍, കോക്കാ കോള തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിലും തരൂര്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

എതിരാളികളുടെ വാദങ്ങളില്‍ ചിലത് ഈ സൈറ്റുകളില്‍ വായിക്കാം.
http://un-truth.com/israel/for-fans-of-shashi-tharoor-he-says-that-india-envies-israel-for-its-gaza-operation

http://shevlinsebastian.blogspot.com/2008/02/kerala-is-fitfully-moving-in-right.html


http://www.facebook.com/group.php?gid=144116935382


http://www.indiaresource.org/campaigns/coke/2009/ircresponse.html

Wednesday, March 25, 2009

മാദ്ധ്യമങ്ങളുടെമേൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീനം

കേരള സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗത്തിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഇന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രഭാഷണം നടത്തുകയുണ്ടായി.

‘മാദ്ധ്യമങ്ങളുടെമേൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീനം’ എന്നതായിരുന്നു വിഷയം.

പ്രഭാഷണത്തിന്റെ പൂർണ്ണരൂപം Babu Bhaskar Google Group സൈറ്റിൽ ലഭ്യമാണ്.

Tuesday, March 24, 2009

ഇടതുസ്വഭാവമില്ലാത്ത ഇടതുപക്ഷം

ജനശക്തി പ്രസിദ്ധീകരിച്ച ‘ഇടതു സ്വഭാവമില്ലാത്ത ഇടതുപക്ഷം’ എന്ന ലേഖനത്തിന്റെ മൂലരൂപം എന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ കൊടുക്കുന്നു.

ലിങ്ക് ഇതാ

Monday, March 23, 2009

സിൽ‌വിയാ പ്ലാത്തിന്റെ വഴിയെ മകനും

ഇത് സിൽ‌വിയാ പ്ലാത്ത്. അമേരിക്കൻ കവയത്രി.

1963 ഫെബ്രുവരി 11ന് സിവിയാ പ്ലാത്ത് ആത്മഹത്യ ചെയ്തു.

സിൽ‌വിയാക്ക് അന്ന് 30 വയസ് പ്രായം. മകൻ നിക്കൊളാസിന് ഒരു വയസ്.

നിക്കൊളാസ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തു.

നാല്പത്തിയാറ് കൊല്ലത്തിനുശേഷം ദുരന്തത്തിന്റെ ആവർത്തനം.

വാർത്ത ഇവിടെ

Friday, March 20, 2009

പൊന്നാനിയിൽ തോമസ് ഐസക് കാണാത്ത പൊരുളുകൾ

പൊന്നാനിയിലെ തരംഗങ്ങള്‍ മലപ്പുറത്ത് ഒതുങ്ങാന്‍ പോകുന്നില്ലെന്നും കേരളത്തിലുടനീളം, പ്രത്യേകിച്ചും മലബാറില്‍, പൊന്നാനിയുടെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമായിരിക്കുമെന്നും ടി. എം. തോമസ് ഐസക് മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള ‘പൊന്നാനിയുടെ പൊരുള്‍’ എന്ന ലേഖനത്തില്‍ പറയുന്നു.

ഈ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ പൊന്നാനിയുടെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് അദ്ദേഹം കരുതുന്ന രീതിയിലാകുമെന്ന് ഞാന്‍ കരുതുന്നില്ല.

1960കളില്‍ അടവ് എന്ന നിലയില്‍ മുസ്ലിം ലീഗുമായുണ്ടാക്കിയ ബന്ധം പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പക്ഷെ അത് ദീര്‍ഘകാലം തുടര്‍ന്നപ്പോള്‍ പ്രശ്നങ്ങളുണ്ടായി. രണ്ട് പ്രശ്നങ്ങളാണ് അദ്ദേഹം എടുത്തുപറയുന്നത്. ഒന്ന്, അത് ലീഗിന്റെ സ്വാധീനം തിരു-കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. രണ്ട്, അത് മുസ്ലിങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് തടസ്സമായി.

ലീഗിനെ മന്ത്രിസഭയിലേക്ക് ആനയിക്കുക വഴി അതിന് വളരാനും അതിന്റെ പ്രവര്‍ത്തനം മലബാറിനുപുറത്തേക്ക് നീട്ടാനുമുള്ള സാഹചര്യം പാര്‍ട്ടി ഒരുക്കി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പിന്നീട്, യു.ഡി.എഫിന്റെ ഭാഗമായി മാറിയപ്പോഴും ആ സാഹചര്യം തുടര്‍ന്നു. എന്നാല്‍ തിരു-കൊച്ചി പ്രദേശത്ത് ഇന്നും ലീഗിന് വേരോട്ടം ഇല്ലെന്നതാണ് വാസ്തവം. മുന്നണിയുടെ ഭാഗമായി കൊച്ചിയിലും തിരുവിതാംകൂറിലും മത്സരിക്കാനും ജയിക്കാനും അവസരം ലഭിച്ചെങ്കിലും എവീടെയും ഒരു ശക്തിയാകാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ പ്രശ്നം ലീഗ് അധികാര രാഷ്ട്രീയത്തില്‍ ഇടം നേടിയതോടെ മുസ്ലിം യുവാക്കള്‍ അതിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുകയും മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതനിരപേക്ഷകക്ഷികളുടെ വളര്‍ച്ച നിലയ്ക്കുകയും ചെയ്തു എന്നതാണ്. ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് ലീഗ് ബന്ധത്തിന് തുടക്കമിട്ട ഇ.എം.എസ്. അത് തെറ്റായിരുന്നെന്ന് ഏറ്റുപറഞ്ഞതും പാര്‍ട്ടി ലീഗ് വിട്ടുവന്നവരുമായുള്ള ബന്ധം അവസാനിപ്പിച്ചതും.

ഒരു ചെറിയ ഇടവേളയ്ക്കുശേഷം സി.പി.എം. മുസ്ലിം വര്‍ഗീയ കക്ഷികളുമായി വീണ്ടും ബന്ധം സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് വിരുദ്ധ മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. ലീഗിനോടുള്ള അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം അത് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതാണ്.

സി.പി.എം ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളെ കാണുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള അടവായാണ്. മുസ്ലിം സംഘടനകള്‍ സി.പി.എമ്മിനോട് കൂട്ടുകൂടുന്നതും അടവായാണെന്ന് അത് മനസ്സിലാക്കുന്നില്ല. സി.പി.എമ്മും ലീഗും നടത്തിയ പരസ്പര അടവ് പ്രയോഗം കൊണ്ട് ലീഗിന് സി.പി. എമ്മിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ തീവ്രസ്വഭാവമുള്ള സംഘടനകളുമായി പാര്‍ട്ടി നടത്തുന്ന കൂട്ടുകച്ചവടവും പാര്‍ട്ടിയേക്കാള്‍ ലാഭം നല്‍കുന്നത് അവര്‍ക്കാകും.
പൊന്നാനിയിലെ അനുരണനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിനു പുറത്ത് ചെലുത്താന്‍ പോകുന്ന സ്വാധീനം വരെയെ തോമസ് ഐസക്കിന് കാണാന്‍ കഴിയുന്നുള്ളു. തെരഞ്ഞെടുപ്പ് കഴിഞ്ഞും അവയുടെ സ്വാധീനം നിലനില്‍ക്കും. ലീഗിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ ജയിക്കുന്നത് കമ്മ്യൂണിസവും മതനിരപേക്ഷതയുമാവില്ല, മതമൌലികവാദവും തീവ്രവാദവുമാകും.

Sunday, March 15, 2009

ഒരു തെരഞ്ഞെടുപ്പ് പ്രവചനം

സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാകാതെ തെരഞ്ഞെടുപ്പ് രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുകയാണെങ്കിലും നിരീക്ഷകർ ഫലപ്രവചനം തുടങ്ങി.

ബ്രിജേഷ് നായർ എന്ന ബ്ലോഗർ ഓരോ മുന്നണിയ്ക്കും തെക്കേ ഇന്ത്യയിലും മഹാരാഷ്ട്രയിലും എത്ര സീറ്റുകൾ കിട്ടുമെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രവചിക്കുന്നു.

അമേരിക്കയിലെ ആരിസോണാ സംസ്ഥാനത്തിലിരുന്നുകൊണ്ടാണ് ഇഞ്ചിനീയറായ ബ്രിജേഷ് നായർ പ്രവചനം നടത്തുന്നത്.

ബ്രിജേഷിന്റെ ബ്ലോഗിലേക്ക്

Tuesday, March 10, 2009

ഉപകാരവും പ്രത്യുപകാരവും

അബ്ദുൾ നാസർ മ്‌അദനിയുടെ പൊന്നാനി പദ്ധതി അനിശ്ചിതാവസ്ഥയിൽ കിടക്കുമ്പോഴാണ് ഈ വരികൾ എഴുതുന്നത്. മ്അദനിയുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനാർത്ഥിക്കു പകരം അദ്ദേഹത്തിനു സ്വീകാര്യനായ മറ്റൊരാളെ സി.പി.എം മുജാഹിദ് വിഭാഗത്തിൽനിന്ന് കണ്ടെത്തുകയായിരുന്നെന്നാണ് മാദ്ധ്യമങ്ങളിൽനിന്ന് മനസ്സിലാക്കാനാകുന്നത്.

മ്‌അദനിയും സി.പി.എമ്മും കൂടി ‘പൊതു സ്വതന്ത്രനെ’ അവതരിപ്പിച്ചപ്പോൾ തങ്ങളുടെ സീറ്റുകളുടെ എണ്ണം നാലിൽനിന്ന് മൂന്നായി ചുരുങ്ങിയതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു.

മ്‌അദനി ഒരു സീറ്റ് ചോദിച്ച് എൽ.ഡി.എഫിനെ വെട്ടിലാക്കിയപ്പോൾ ടോം വടക്കന് സീറ്റ് വാങ്ങിക്കൊടുക്കാനിറങ്ങിത്തിരിച്ച തൃശ്ശൂർ ആർച്ച്ബിഷപ്പ് യു.ഡി.എഫിനെ വെട്ടിലാക്കി.

ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ട് സഹായിക്കുന്നതാണ് എസ്.എൻ.ഡി.പി.യുടെ നയമെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഏതാണ്ട് ഇതേ വാക്കുകൾ തന്നെയാണ് എൻ.എസ്.എസ്. തിരുവനന്തപുരത്ത് നായർ മഹാസമ്മേളനവും ശക്തിപ്രകടനവും നടത്തിയപ്പോൾ പി.കെ.നാരായണ പണിക്കരും പറഞ്ഞത്.

സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നത് കാലാകാലമായി മനുഷ്യർ ചെയ്തുവരുന്ന കാര്യമാണ്. ആ സമീപനത്തിൽ തെറ്റ് കാണാനാവില്ല. എന്നാൽ ആരിൽനിന്ന് ആർക്ക് ലഭിച്ച എന്ത് ഉപകാരത്തിന് പ്രത്യുപകാരമായാണ് ഏതെങ്കിലും കക്ഷിയെയൊ മുന്നണിയെയൊ സഹായിക്കുന്നതെന്ന് വെളിപ്പെടുത്താൻ വോട്ട് ബാങ്കുടമകൾ തയ്യാറാകണം.

Sunday, March 8, 2009

കേരളത്തിലെ മദ്രസ്സകൾ

ഇന്ത്യയിലെ മുസ്ലിങ്ങളുടെയും മറ്റ് അവശ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന യോഗീന്ദർ സിക്കന്ദ് കേരളത്തിലെ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റിലേക്ക് താല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു: 'Traditional' Ulema and 'Modern' Islamic Education in Kerala

അദ്ദേഹത്തിന്റെ മറ്റൊരു ലേഖനം Countercurrents.org യുടെ വെബ്‌സൈറ്റിൽ വായിക്കാം: Kerala Madrasas: Charting a different course

Tuesday, March 3, 2009

വിപ്ലവപാത ഓടുന്നത് പി.ഡി.പി.യിലൂടെയോ?

പൊന്നാനി ലോക് സഭാ‍ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നും പ്രത്യുപകാരമായി മറ്റ് പത്തൊമ്പത് സീറ്റുകളിലും ഇടത് ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാമെന്നുമുള്ള നിര്‍ദ്ദേശവുമായി അബ്ദുള്‍ നാസര്‍ മ്‌അദനിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സി.പി.എമ്മിനെ സമീപിച്ചിരുന്നു. പി.ഡി.പി. നേതാവ് പൂന്തുറ സുരാജാണ് ഏതാനും ദിവസം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മ്‌അദനിയുടെ പത്തു കൊല്ലത്തെ കാരാഗൃഹവാസത്തിന് കളമൊരുക്കിയത് സി.പി.എം. നയിച്ച മുൻ സര്‍ക്കാരാണ്. മ്‌അദനിയെ അറസ്റ്റ് ചെയ്തത് നായനാര്‍ സര്‍ക്കാർ അതിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തു. മ്‌അദനി ജാമ്യത്തിലിറങ്ങിയാല്‍ ഇവിടെ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന കേരള പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് തമിഴ് നാട് അധികൃതര്‍ അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്ന് കോടതികളിൽ വാദിച്ചത്. പക്ഷെ ശിക്ഷിക്കപ്പെടാതെ, ജാമ്യവും പരോളും നിഷേധിക്കപ്പെട്ട്, മ്‌അദനി വളരെക്കാലം ജയിലില്‍ കഴിഞ്ഞപ്പോള്‍ സി.പി.എം. അദ്ദേഹത്തിന് നീതി നല്‍കണമെന്ന വാദം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. നന്ദിസൂചകമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതു മുന്നണിയെ പിന്തുണച്ചു.

ഇടതു മുന്നണിയുടെ 2006ലെ വൻ വിജയം സാധ്യമാക്കിയ ഘടകങ്ങളിൽ ഒന്ന് പി.ഡി.പി.യും മറ്റേതാനും മുസ്ലിം സംഘടനകളും നല്‍കിയ പിന്തുണയാണ്. പി.ഡി.പി. പൊന്നാനി സീറ്റ് ആവശ്യപ്പെട്ടതും സി.പി.എം. ആ ആവശ്യം ചെവിക്കൊള്ളാൻ തയ്യാറായതും നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയോടെ അവർ തമ്മിലുള്ള കണക്ക് തീർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

സി.പി.ഐ. സ്ഥിരമായി തോറ്റുകൊണ്ടിരുന്ന സീറ്റാണ് പൊന്നാനി. അത് വിട്ടുകൊടുക്കില്ലെന്ന വാശി സി.പി.ഐ. ഉപേക്ഷിച്ചുകഴിഞ്ഞു. അവിടെ പൊതുസ്വതന്ത്രനെ നിർത്തുമെന്നാണ് എൽ.ഡി.എഫ്. യോഗത്തിനുശേഷം കൺ‌വീനർ പറഞ്ഞത്. പൊതുസ്വതന്ത്രനല്ല, സി.പി.ഐ സ്വതന്ത്രനാവും മത്സരിക്കുകയെന്ന് സി.പി.ഐ. അവകാശപ്പെടുന്നു. സ്ഥാനാർത്ഥിയാര്, ഛിഹ്നം എന്ത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കകം മറുപടി കിട്ടും. പക്ഷെ ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കും: കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേയ്ക്കുള്ള കേരള പാത ഓടുന്നത് പി.ഡി.പി.യിലൂടെയാണോ?

Sunday, March 1, 2009

അധികാരകേന്ദ്രങ്ങളാകുന്ന മാദ്ധ്യമങ്ങൾ

പി.കെ.പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റ് കഴിഞ്ഞ കൊല്ലം നവംബർ 25ന് തിരുവനന്തപുരത്ത് ഒരു മാദ്ധ്യമ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.

‘അധികാരവും മാദ്ധ്യമങ്ങളും’എന്ന വിഷയത്തിൽ ഞാൻ അവിടെ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂർണ്ണ രൂപം Babu Bhaskar - Google Groupൽ വായിക്കാവുന്നതാണ്.