Tuesday, March 10, 2009

ഉപകാരവും പ്രത്യുപകാരവും

അബ്ദുൾ നാസർ മ്‌അദനിയുടെ പൊന്നാനി പദ്ധതി അനിശ്ചിതാവസ്ഥയിൽ കിടക്കുമ്പോഴാണ് ഈ വരികൾ എഴുതുന്നത്. മ്അദനിയുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനാർത്ഥിക്കു പകരം അദ്ദേഹത്തിനു സ്വീകാര്യനായ മറ്റൊരാളെ സി.പി.എം മുജാഹിദ് വിഭാഗത്തിൽനിന്ന് കണ്ടെത്തുകയായിരുന്നെന്നാണ് മാദ്ധ്യമങ്ങളിൽനിന്ന് മനസ്സിലാക്കാനാകുന്നത്.

മ്‌അദനിയും സി.പി.എമ്മും കൂടി ‘പൊതു സ്വതന്ത്രനെ’ അവതരിപ്പിച്ചപ്പോൾ തങ്ങളുടെ സീറ്റുകളുടെ എണ്ണം നാലിൽനിന്ന് മൂന്നായി ചുരുങ്ങിയതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു.

മ്‌അദനി ഒരു സീറ്റ് ചോദിച്ച് എൽ.ഡി.എഫിനെ വെട്ടിലാക്കിയപ്പോൾ ടോം വടക്കന് സീറ്റ് വാങ്ങിക്കൊടുക്കാനിറങ്ങിത്തിരിച്ച തൃശ്ശൂർ ആർച്ച്ബിഷപ്പ് യു.ഡി.എഫിനെ വെട്ടിലാക്കി.

ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ട് സഹായിക്കുന്നതാണ് എസ്.എൻ.ഡി.പി.യുടെ നയമെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഏതാണ്ട് ഇതേ വാക്കുകൾ തന്നെയാണ് എൻ.എസ്.എസ്. തിരുവനന്തപുരത്ത് നായർ മഹാസമ്മേളനവും ശക്തിപ്രകടനവും നടത്തിയപ്പോൾ പി.കെ.നാരായണ പണിക്കരും പറഞ്ഞത്.

സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നത് കാലാകാലമായി മനുഷ്യർ ചെയ്തുവരുന്ന കാര്യമാണ്. ആ സമീപനത്തിൽ തെറ്റ് കാണാനാവില്ല. എന്നാൽ ആരിൽനിന്ന് ആർക്ക് ലഭിച്ച എന്ത് ഉപകാരത്തിന് പ്രത്യുപകാരമായാണ് ഏതെങ്കിലും കക്ഷിയെയൊ മുന്നണിയെയൊ സഹായിക്കുന്നതെന്ന് വെളിപ്പെടുത്താൻ വോട്ട് ബാങ്കുടമകൾ തയ്യാറാകണം.

5 comments:

Unknown said...
This comment has been removed by the author.
Unknown said...

തങ്ങളുടെ നേതാക്കള്‍ക്ക് ലഭിക്കുന്ന ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുകയെല്ലെ വോട്ട് ചെയ്യുന്നവരുടെ കര്‍ത്തവ്യം? അതായിരിക്കുമല്ലൊ വെള്ളാപ്പള്ളിയും നാരായണപ്പണിക്കരും ഉദ്ദേശിച്ചിരിക്കുക! ഈ ഇടപാടുകള്‍ വെളിപ്പെടുത്താന്‍ വോട്ടുബാങ്കുടമകളോട് വോട്ട് ദാതാക്കള്‍ നിര്‍ദ്ദേശിക്കാത്ത കാലത്തോളം കൊടുക്കല്‍ വാങ്ങലുകള്‍ ഗോപ്യമായിരിക്കും!

Manoj മനോജ് said...

ബിഷപ്പ്മാര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വാസികള്‍ കേട്ടെന്നിരിക്കും (എന്നിരുന്നാലും അത്തരം ഇടപെടലുകളെ ചീത്ത വിളിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം കൂടി വരുന്നു) പക്ഷേ എസ്സ്.എന്‍.ഡി.പി.യുടെയും, എന്‍.എസ്സ്.എസ്സിന്റെയും നേതാക്കള്‍ പറഞ്ഞാല്‍ അനുയായികള്‍ കേള്‍ക്കുമോ? തങ്ങള്‍ വോട്ട് ബാങ്കാണെന്നും, തങ്ങള്‍ പറയുന്നത് പോലെ നടന്നാല്‍ നല്ലതെന്നും വരുത്തി തീര്‍ക്കുവാന്‍ ചേട്ടനും, അനിയനും വീമ്പിളക്കുകയല്ലേ ചെയ്യുന്നത്?

Sajjad said...

"അദ്ദേഹത്തിനു സ്വീകാര്യനായ മറ്റൊരാളെ സി.പി.എം മുജാഹിദ് വിഭാഗത്തിൽനിന്ന് ...... "
ഹുസൈന്‍ രണ്ടത്താണിയെ യാണ്‍ ഉദ്ധേശിച്ചതെങ്കില്‍ അദ്ധേഹം എ.പി.സുന്നി വിഭാഗത്തില്‍ പെട്ടവനാണെന്നാണ്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

BHASKAR said...

sajjad, തിരുത്തിന് നന്ദി.
മനോജ്, മതജാതി നേതാക്കള്‍ക്ക് അതാത് വിഭാഗങ്ങളില്‍‌പെട്ടവരെ സ്വാധീനിക്കാന്‍ എത്രമാത്രം കഴിവുണ്ടെന്ന് നിര്‍ണ്ണയിക്കാന്‍ ഉറപ്പുള്ള എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ആര്‍. ശങ്കര്‍ അദ്ദേഹത്തിന്റെ കാലത്ത് എസ്.എന്‍.ഡി.പി.യുടെ ഏറ്റവും ശക്തനായ നേതാവായിരുന്നു. അദ്ദേഹം അതിന്റെ പല ശക്തികേന്ദ്രങ്ങളിലും തോല്‍ക്കുകയുണ്ടായി.