Tuesday, March 3, 2009

വിപ്ലവപാത ഓടുന്നത് പി.ഡി.പി.യിലൂടെയോ?

പൊന്നാനി ലോക് സഭാ‍ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നും പ്രത്യുപകാരമായി മറ്റ് പത്തൊമ്പത് സീറ്റുകളിലും ഇടത് ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാമെന്നുമുള്ള നിര്‍ദ്ദേശവുമായി അബ്ദുള്‍ നാസര്‍ മ്‌അദനിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സി.പി.എമ്മിനെ സമീപിച്ചിരുന്നു. പി.ഡി.പി. നേതാവ് പൂന്തുറ സുരാജാണ് ഏതാനും ദിവസം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മ്‌അദനിയുടെ പത്തു കൊല്ലത്തെ കാരാഗൃഹവാസത്തിന് കളമൊരുക്കിയത് സി.പി.എം. നയിച്ച മുൻ സര്‍ക്കാരാണ്. മ്‌അദനിയെ അറസ്റ്റ് ചെയ്തത് നായനാര്‍ സര്‍ക്കാർ അതിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തു. മ്‌അദനി ജാമ്യത്തിലിറങ്ങിയാല്‍ ഇവിടെ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന കേരള പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് തമിഴ് നാട് അധികൃതര്‍ അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്ന് കോടതികളിൽ വാദിച്ചത്. പക്ഷെ ശിക്ഷിക്കപ്പെടാതെ, ജാമ്യവും പരോളും നിഷേധിക്കപ്പെട്ട്, മ്‌അദനി വളരെക്കാലം ജയിലില്‍ കഴിഞ്ഞപ്പോള്‍ സി.പി.എം. അദ്ദേഹത്തിന് നീതി നല്‍കണമെന്ന വാദം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. നന്ദിസൂചകമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതു മുന്നണിയെ പിന്തുണച്ചു.

ഇടതു മുന്നണിയുടെ 2006ലെ വൻ വിജയം സാധ്യമാക്കിയ ഘടകങ്ങളിൽ ഒന്ന് പി.ഡി.പി.യും മറ്റേതാനും മുസ്ലിം സംഘടനകളും നല്‍കിയ പിന്തുണയാണ്. പി.ഡി.പി. പൊന്നാനി സീറ്റ് ആവശ്യപ്പെട്ടതും സി.പി.എം. ആ ആവശ്യം ചെവിക്കൊള്ളാൻ തയ്യാറായതും നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയോടെ അവർ തമ്മിലുള്ള കണക്ക് തീർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

സി.പി.ഐ. സ്ഥിരമായി തോറ്റുകൊണ്ടിരുന്ന സീറ്റാണ് പൊന്നാനി. അത് വിട്ടുകൊടുക്കില്ലെന്ന വാശി സി.പി.ഐ. ഉപേക്ഷിച്ചുകഴിഞ്ഞു. അവിടെ പൊതുസ്വതന്ത്രനെ നിർത്തുമെന്നാണ് എൽ.ഡി.എഫ്. യോഗത്തിനുശേഷം കൺ‌വീനർ പറഞ്ഞത്. പൊതുസ്വതന്ത്രനല്ല, സി.പി.ഐ സ്വതന്ത്രനാവും മത്സരിക്കുകയെന്ന് സി.പി.ഐ. അവകാശപ്പെടുന്നു. സ്ഥാനാർത്ഥിയാര്, ഛിഹ്നം എന്ത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കകം മറുപടി കിട്ടും. പക്ഷെ ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കും: കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേയ്ക്കുള്ള കേരള പാത ഓടുന്നത് പി.ഡി.പി.യിലൂടെയാണോ?

13 comments:

പുരികപുരാണം said...

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു. വിപ്ലവത്തിന്റെ പാത മലപ്പുറത്ത്‌ നിന്നു തുടങ്ങി പൊന്നാനിയിലൂടെ യാത്ര തുടരും. അതിന് വേണ്ടി ആണല്ലോ ജലീലിനെയും കൊണ്ടു നടന്നു ഇപ്പൊ ഉര്‍ദു കവിതകള്‍ വരെ ഉദ്ധരിക്കാന്‍ തുടങ്ങിയത്. താമസിയാതെ അറബി പഠിക്കും. അല്ലേലും അറബി പഠനം അത്യാവശ്യമാണ്. പാര്‍ടി സഘാക്കള്‍ക്ക് റഷ്യയും ചൈനയും ഒക്കെ ഇന്നു വേണ്ടാതായില്ലേ. അവര്ക്കു വേണ്ടത് ദുബായിയും അമേരിക്കയും സിന്ഗപ്പൂരുമൊക്കെ തന്നെ.

ഇനിയും ഒരുപാടു കാഴ്ചകള്‍ നമുക്കു കാണാന്‍ കഴിയും. ചില രസികന്മാര്‍ പറയുന്നതു പോലെ പിണറായിയും ജയരാജന്മാരും ബേബിയും ഐസക്കുമൊക്കെ സി.ഐ.എ. ചാരന്മാര്‍ അല്ലെന്നാര് കണ്ടു.

abhilash attelil said...
This comment has been removed by the author.
abhilash attelil said...

ബഹുമാനപെട്ട ബി ആര്‍ പി ,
ദുഃഖത്തോടെ പറയട്ടെ താങ്കളുടെ പല ബ്ലോഗും വായിക്കുമ്പോള്‍ താങ്കളോട് ഉള്ള ബഹുമാനത്തിനു കുറവ് വരുന്നു.കാരണം ഇന്നത്തെ മാധ്യമങളുടെ രീതി (സി പി എമിനെ കുറ്റപെടുതുന്നതിനു വേണ്ടി പല കാര്യങ്ങളും ബോധ പൂര്‍വ്വം മറച്ചു വച്ച് വാര്‍ത്ത‍ എഴുതുന്ന രീതി )താങ്കളും സീകരിക്കുന്നു.നിക്ഷ്പക്ഷ മാധ്യമ പ്രവര്‍ത്തകാനായി താങ്കളെ ഇഷ്ട്ടപെട്ടിരുന്ന എനിക്ക് ഇതു വേദന ഉണ്ടാക്കുന്നു.അത് താങ്കള്‍ സി പി എമി നെ വിമര്‍ശിക്കുന്നത് കൊണ്ടല്ല.അത് താങ്കള്‍ മുമ്പും നടത്തിയിട്ടുണ്ട്.അതെല്ലാംതന്നെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിച്ചിട്ടുണ്ട്.പക്ഷെ ഈയിടെ ആയി അങ്ങനെ അല്ല.താങ്കള്‍ മനപൂര്‍വ്വം പല കാര്യങ്ങളും മറച്ചു വയ്ക്കുന്നു.താങ്കളുടെ പുതിയ പോസ്റ്റ് തന്നെ എടുക്കാം.താങ്കള്‍ വളരെ വിശദമായി മദനിയുടെ അറസ്ട്ടുമ് മറ്റും പറഞ്ഞിരിക്കുന്നു.പക്ഷെ ഒരു കാര്യം വിട്ടു കളഞ്ഞിരിക്കുന്നു. 2006ലെ തെരെഞ്ഞെടുപ്പില്‍ വോട്ടാവ്ശ്യപെട്ടു ഉമ്മന്‍ ചാണ്ടിയും മറ്റു യു ഡി എഫ് നേതാക്കളും കോയമ്പത്തൂര്‍ ജയിലില്‍ ചെന്ന് മദനിയെ കണ്ടതും പിന്തുണ ഉറപ്പാക്കി പോന്നതും.പിന്നെ നടന്നതെല്ലാം ചരിത്രം.മദനിയെ നായനാര്‍ മനപൂര്‍വ്വം ജയിലില്‍ അടച്ചതനെന്നും, ജയിച്ചു ആന്റണി മുഖ്യ മന്ത്രി ആകുമ്പോള്‍ മദനി ആയിരിക്കും മാല എടുത്തു കൊടുക്കുനതും എന്ന് കേരളമൊട്ടാകെ യു ഡി എഫ് പ്രസംഗിച്ചു നടന്നതും,ഒടുവില്‍ ജനം എല്‍ ഡി എഫ് ഇന് എതിരായി വോട്ടു ചെയതതും(എതിരായി വോട്ടു ചെയ്യാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട് എന്ന് മറക്കുന്നില്ല.പക്ഷെ ഇതും മുഖ്യമായ ഒരു കാരണം ആയിരുന്നു.) വിട്ടു കളഞ്ഞു.പക്ഷെ പറഞ്ഞതെല്ലാം വിഴുങ്ങി മദനി ജയിലില്‍ നിന്ന് പുറത്തിറങാന്‍ ഉള്ള എല്ലാ വഴികളും അട്ക്കുകയാണ് യു ഡി എഫ് ചെയ്തത്.പ്രത്യേകിച്ച് ലീഗ്.എന്തിനു പറയുന്നു മദനിയുടെ ഉമ്മ മരിച്ചപ്പോള്‍ പോലും ജാമ്യം കൊടുകാരുത് എന്നാണ് ആന്റണി പറഞ്ഞത്.എന്നാല്‍ എല്‍ ഡി എഫ് ചെയതതോ തമിള്‍ നാട് സര്‍ക്കാര്‍ മദനി കോയമ്പത്തൂര്‍ സ്പോടന കേസിലെ പ്രതി ആണെന്നും അരസ്റ്റ് ചെയ്തു കൈമാറണം എന്നവശ്യപെട്ടപ്പോള്‍ മദനിയുടെ വോട്ടു ബാങ്ക് കണക്കിലെടുക്കാതെ അങ്ങനെ തന്നെ ചെയ്തു.എന്നാല്‍ എല്ലാ നിയമങളും കാറ്റില്‍ പറത്തി വിചാരണ പോലും ചെയ്യാതെ ചികില്‍സ പോലും നിഷേടിച്ചു വര്‍ഷങ്ങളോളം ജയിലില്‍ അടച്ചപ്പോള്‍ ഒന്നുങ്കില്‍ വിചാരണ നടത്തി ശിക്ഷിക്കണം അല്ലെങ്കില്‍ ജാമ്യം അനുവദിക്കണം എന്നവശ്യപെടുകയാണ് സി പി യെം ചെയ്തത്.മാത്രമല്ല എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ജയിലില്‍ അദ്ധേഹത്തിന്റെ ചികിത്സയക്കയി ഉള്ള കാര്യങ്ങളും ചെയ്തു.കുറ്റ വിമുക്തനായ മദനി പറഞു വഞ്ചിച്ച യു ഡി എഫിനെ പിന്തുണക്കാതെ സി പി എമി നെ പിന്തുണയ്ക്കുന്നു. അത് സോഭാവികമായ ഒരു കാര്യം അല്ലെ.പൊന്നാനിയില്‍ നല്ല വോട്ടുള്ള പി ഡി പിക്ക് കൂടി സമ്മതമുള്ള ഒരാളെ നിര്‍ത്താന്‍ തീരുമാനിച്ചത് അത്ര വല്യ തെറ്റാണോ.ഒരു പി ഡി പി ക്കാരനെ നിര്‍ത്താന്‍ അല്ലല്ലോ തീരുമാനിച്ചത്.

" പി.ഡി.പി. പൊന്നാനി സീറ്റ് ആവശ്യപ്പെട്ടതും സി.പി.എം. ആ ആവശ്യം ചെവിക്കൊള്ളാൻ തയ്യാറായതും "
താങ്കളുടെ ഈ വാചകങ്ങള്‍ കേട്ടാല്‍ തോന്നും സീറ്റ് പി ഡി പിയ്ക്ക് വിട്ടു കൊടുത്തു എന്ന്.

മരത്തലയന്‍ said...

ബി ആർ പി സാറേ
സാറിന്റെ വിശകലനം വായിച്ചപ്പോൾ എഴുതാൻ തോന്നിയത് ഇങ്ങനെ
http://marathalayan1.blogspot.com/2009/03/blog-post.html

B.R.P.Bhaskar said...

abhilash attelilന്:ക്ഷമിക്കുക, നിക്ഷ്പക്ഷതാ സർട്ടിഫിക്കറ്റിനായി കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും ഒരേ തൂവൽ‌പക്ഷികളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

നാടകക്കാരന്‍ said...

താങ്കളുടെ എഴുത്ത് ഇത് ആദ്യമായി വായിക്കുകയാണ് നാടകക്കാരന്‍ ...താങ്കളുടെ അനുഭവ പാരമ്പര്യമോ.വിവര ജ്ഞാനമോ ഇല്ലെങ്കിലും ഇതില്‍ പറയാതെ പോയ ഒരു സത്യം ഇല്ലേ എന്നു കാണേണ്ടതുണ്ട്..പി ഡി പി എന്ന സംഘടന ഇന്ന് തെറ്റു തിരുത്തലിന്റെ പാതയിലാണ് അതിന്റെ വര്‍ഗ്ഗീയ സ്വഭാവം ഉപേക്ഷിച്ച് ഒരു മതേതരത്തിന്റെ പാതയിലാണെന്ന് ചിത്രകാരന്റെ മദനിയുടെ പോസ്റ്റര്‍ കണ്ണൂരില്‍ എന്ന പോസ്റ്റ് വായിച്ചാല്‍ മതിയാകും .ഇന്നേവരെ ഒരു മുസ്ലീം സംഘ്ടനയും ചെയ്യാത്ത ഒന്നാണ് അദനിയുടെ കണ്ണൂര്‍ പോസ്റ്ററില്‍ ഉള്ളത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പടം പോസ്റ്ററില്‍ ഉള്‍പ്പെടൂത്തിയത്ത് ഒരു നല്ല മാറ്റം തന്നെയാണ്..ഒരു പക്ഷേ..ഇത്തരം സമീപനങ്ങള്‍ തന്നെ ആയിരിക്കും സി പി ഐ എം നെ അതിന്റെ അടവു നയങ്ങളുടെ ഭാഗമായി പിഡിപിയിലേക്കെത്തിച്ചതും ...പണ്ട് മുസ്ലിം ലീഗിനെ കൂട്ടു പിടിച്ച ചരിത്രവും സി പി എമിനില്ലെ ഇപ്പൊ ഐ എന്‍ എല്ലും കൂടെ യില്ലേ പിന്നെ എന്താ ഇപ്പോ ഒരു പുതുമ പിന്നെ അന്യന്റെ ചോരകുണ്ടില്‍ കുത്തി രസിക്കാന്‍ കുറേ പേര്‍ക്ക് ഇഷ്ടമായിരിക്കും ( ഉദാഹരണം പുരികപുരാണം) ഇവര്‍ക്കു വേണ്ടിയായിരിക്കും ഇത് എഴുതിയത് അല്ലെ നടക്കട്ടേ

Ralminov റാല്‍മിനോവ് said...

ഒന്നുകില്‍ പൂന്തുറ സിറാജ് അല്ലെങ്കില്‍ സുരാജ് വെഞ്ഞാറമൂടു്.

ഇനി പൂന്തുറ ഒരു സുരാജുണ്ടോ പീഡീപ്പീടെ കാര്യം പറഞ്ഞു് നടക്കാന്‍ ?

സര്‍ , ആക്ഷേപിച്ചതല്ല.
പോസ്റ്റുകളിടുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധയാകാം.

സീപ്പീയെമ്മിനു് ഏതായാലും "ജനപക്ഷ"ക്കാരു് പാര പണിതു് നടക്കുകയാണല്ലോ. അപ്പോപ്പിന്നെ ജയിക്കാന്‍ പീഡീപ്പിയൊക്കെ വേണ്ടി വരും.

chithrakaran:ചിത്രകാരന്‍ said...

ഇവിടെ ഇടതുപക്ഷ ജനങ്ങളെയുള്ളു.പാര്‍ട്ടികള്‍ എല്ലാം വലത് തന്നെ!
കപടമായ ഇടത് വലതിനേക്കാള്‍ വലതാണ് ഫലത്തില്‍.

മുജാഹിദ് said...

നിഷ്‌പക്ഷനാവരുതേ...
ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കുക..
അത്
സത്യത്തിന്റെ പക്ഷമായിക്കോട്ടെസാറിതൊന്നും കാര്യമാക്കണ്ട.
കോഗ്രസ്സുകാരെയും, ലീഗുകാരെയും, യൂഡീ‌എഫുകാരെയും വിമര്‍ശിക്കുമ്പോള്‍ എല്ലാ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നല്ലവര്‍, നേരെ തിരിച്ചാണേലോ?
പിന്നെ സിന്‍ഡികേറ്റ്, മൂരാച്ചികള്‍, പോഴന്മാര്‍...

തുടരുക...

:)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ചിത്രകാരന്റെ കമന്റിന് എന്റെ കൈയ്യൊപ്പ് !

B.R.P.Bhaskar said...

നാടകക്കാരന്: ശ്രീനാരായണന്റെ പടം വെയ്ക്കുന്നതില്‍ ഇത്ര വലിയ അര്‍ത്ഥം കാണണൊ? 1970കളില്‍ ജന സംഘം കോഴിക്കോട്ട് സമ്മേളനം നടത്തിയപ്പോള്‍ ഗുരുവിന്റെ പടം വേദിയിലുണ്ടായിരുന്നു. ഇപ്പോള്‍ ഡിവൈഎഫ്ഐ പോസ്റ്ററുകളിലും ഗുരുവിനെ കാണാം -- ചേ ഗുവേരയ്ക്കും വിവേകാനന്ദനുമൊപ്പം. മ്‌അദനി പിഡിപി സ്ഥാപിക്കുന്ന കാലത്തുതന്നെ ചില എസ്‌എന്‍ഡിപി നേതാക്കള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഉന്നയിച്ച വിഷയം പിഡിപിയുടെ സമീപനമല്ല്ല്ല, അധികാരരാഷ്ട്രീയത്തില്‍ വലിയ പങ്കുള്ള സിപീമ്മിന്റെസമീപനമാണ്.
പൂന്തുറ സിറാജ് സുരാജായതിന്റെ പേരില്‍ ചിരിക്കാന്‍ അല്പം വക തന്ന റാല്‍മിനോവിന് നന്ദി.
മുജാഹിദിന്: നിഷ്പക്ഷനാണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല. നിഷ്പക്ഷനാകാൻ ശ്രമിക്കാറുമില്ല. പത്രപ്രവര്‍ത്തകര്‍ നിഷ്പക്ഷരാകണമെന്ന ധാരണ ചിലര്‍ക്കുണ്ട്. അത് തെറ്റാണ്. മറ്റുള്ളവരെപ്പോലെ അവര്‍ക്കും പക്ഷം പിടിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അവരുടെ സമീപനം വസ്തുനിഷ്ഠമാകണം.

kaalidaasan said...

അഭിലാഷിന്‌ ഇഷ്ടമില്ലാത്തവ കേള്‍ ക്കുമ്പോള്‍ അതു പറയുന്നവരോട് ബഹുമാനം കുറഞ്ഞു പോകുന്നതായി കാണുന്നു. അഭിലാഷ് വളരെ ആപത്കരമായ ഒരു നിലപാടാണിവിടെ എടുത്തത്.

2006ലെ തെരെഞ്ഞെടുപ്പില്‍ വോട്ടാവ്ശ്യപെട്ടു ഉമ്മന്‍ ചാണ്ടിയും മറ്റു യു ഡി എഫ് നേതാക്കളും കോയമ്പത്തൂര്‍ ജയിലില്‍ ചെന്ന് മദനിയെ കണ്ടതും പിന്തുണ ഉറപ്പാക്കി പോന്നതും.പിന്നെ നടന്നതെല്ലാം ചരിത്രം.മദനിയെ നായനാര്‍ മനപൂര്‍വ്വം ജയിലില്‍ അടച്ചതനെന്നും, ജയിച്ചു ആന്റണി മുഖ്യ മന്ത്രി ആകുമ്പോള്‍ മദനി ആയിരിക്കും മാല എടുത്തു കൊടുക്കുനതും എന്ന് കേരളമൊട്ടാകെ യു ഡി എഫ് പ്രസംഗിച്ചു നടന്നതും,ഒടുവില്‍ ജനം എല്‍ ഡി എഫ് ഇന് എതിരായി വോട്ടു ചെയതതും വിട്ടു കളഞ്ഞു.പക്ഷെ പറഞ്ഞതെല്ലാം വിഴുങ്ങി മദനി ജയിലില്‍ നിന്ന് പുറത്തിറങാന്‍ ഉള്ള എല്ലാ വഴികളും അട്ക്കുകയാണ് യു ഡി എഫ് ചെയ്തത്. എന്നാല്‍ എല്‍ ഡി എഫ് ചെയതതോ തമിള്‍ നാട് സര്‍ക്കാര്‍ മദനി കോയമ്പത്തൂര്‍ സ്പോടന കേസിലെ പ്രതി ആണെന്നും അരസ്റ്റ് ചെയ്തു കൈമാറണം എന്നവശ്യപെട്ടപ്പോള്‍ മദനിയുടെ വോട്ടു ബാങ്ക് കണക്കിലെടുക്കാതെ അങ്ങനെ തന്നെ ചെയ്തു.എന്നാല്‍ എല്ലാ നിയമങളും കാറ്റില്‍ പറത്തി വിചാരണ പോലും ചെയ്യാതെ ചികില്‍സ പോലും നിഷേടിച്ചു വര്‍ഷങ്ങളോളം ജയിലില്‍ അടച്ചപ്പോള്‍ ഒന്നുങ്കില്‍ വിചാരണ നടത്തി ശിക്ഷിക്കണം അല്ലെങ്കില്‍ ജാമ്യം അനുവദിക്കണം എന്നവശ്യപെടുകയാണ് സി പി യെം ചെയ്തത്.മാത്രമല്ല എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ജയിലില്‍ അദ്ധേഹത്തിന്റെ ചികിത്സയക്കയി ഉള്ള കാര്യങ്ങളും ചെയ്തു.കുറ്റ വിമുക്തനായ മദനി പറഞു വഞ്ചിച്ച യു ഡി എഫിനെ പിന്തുണക്കാതെ സി പി എമി നെ പിന്തുണയ്ക്കുന്നു. അത് സോഭാവികമായ ഒരു കാര്യം അല്ലെ.പൊന്നാനിയില്‍ നല്ല വോട്ടുള്ള പി ഡി പിക്ക് കൂടി സമ്മതമുള്ള ഒരാളെ നിര്‍ത്താന്‍ തീരുമാനിച്ചത് അത്ര വല്യ തെറ്റാണോ.ഒരു പി ഡി പി ക്കാരനെ നിര്‍ത്താന്‍ അല്ലല്ലോ തീരുമാനിച്ചത്.


എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ മദനിയുടെ ചികില്‍സക്കുള്ള സഹായമല്ലേ ചെയ്തുള്ളു. അതോ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ കോടതിയോട് ശുപാര്‍ശ ചെയ്തോ?

യു ഡി എഫ് ഉപേക്ഷിച്ചതു കൊണ്ടും , വോട്ടുള്ളതു കൊണ്ടും , സി പി എം പി ഡി പി യെ സഖ്യകക്ഷിയാക്കി. ഇതേ ന്യായമായിരുന്നു പണ്ട് ഡി ഐ സി യെ കൂടെ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞിരുന്ന്നതും . പക്ഷെ അവര്‍ക്ക് എന്ത് വോട്ടുണ്ടായിരുന്നു എന്ന് കേരളം കണ്ടു.

അഭിലാഷ് എങ്ങനെയൊക്കെ ന്യയീകരിക്കാന്‍ ശ്രമിച്ചാലും മദനി തീവ്ര മത നിലപാടുണ്ടായിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് അപഹസ്യം തന്നെയാണ്.

പി ഡിപിക്കു സ്വീകാര്യനായ സ്വതന്ത്രനെ നിറുത്തുന്നത് തെറ്റാണെന്നു തോന്നുന്നില്ല. പക്ഷെ എല്‍ ഡി എഫിന്റെ കാര്യം പത്രസമ്മേളനത്തില്‍ പറയാനും മാത്രം മദനി എല്‍ ഡി എഫിന്റെ ആരാണ്? എങ്കില്‍ പിന്നെ പി ഡി പിയെ എല്‍ ഡി എഫില്‍ സഖ്യ കക്ഷിയായി എടുത്തു കൂടെ?

നാടകക്കാരന്‍ said...

എനിക്കിപ്പൊഴും മനസ്സിലാവാത്ത ഒരു കാര്യം സി പി എമ്മിന്റെ സമീപനത്തില് എന്താണ് കുഴപ്പം ..തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ അതിനാവശ്യമായ അടവു നയങ്ങള്‍ രൂപീകരിക്കുന്ന സമ്പ്രദായം സി പി എമ്മില്‍ പതിവുള്ളതാണ്. ഇതെല്ലാം അറീയുന്നവരാണ് നിങ്ങളെപ്പോലുള്ളവര്‍ എല്ലാം.എന്നിട്ടും ഈ വിഴുപ്പലക്കലിന്റെ ആ‍വശ്യം മനസ്സിലാകുന്നില്ല. .അധികാരം കൊയ്യണമാദ്യം അതിനും മേലെ പൊന്നാര്യന്‍ എന്ന പണ്ടത്തെ ഒരു ഗാനമാണ് ഓര്‍മ്മവരുന്നത്..അതു തന്നെയാണ് സി പി ഐ എം സ്വീകരിച്ചിരിക്കുന്നതും ..എല്ലാകാലത്തും ഒരേ ആശയം മുറുകെ പിടിച്ച് മുന്നോട്ടൂ പോകാന്‍ വളരെ വിഷമം തന്നെയാണ്....ലോക കമ്മ്യൂണിസം തന്നെ ഇന്ന് മാക്സിസത്തിന്റെയും,ലെനിനിസത്തിന്റെയും പാതയില്‍ തന്നെയാണോ ചലിക്കുന്നത് പിന്നെ ഇവിടെ മാത്രം സി പി ഐ ഏം ഒരു പാര്‍ക്കു പണീതാല്‍ കുഴപ്പം ..വര്‍ഗ്ഗീയ സ്വഭാവം വിട്ട മതേതര സ്വഭാവം പ്രകടമാക്കുന്ന സംഘടനകളോട് ആഭിമുഖ്യം കാട്ടിയാല്‍ തെറ്റ്.ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍എല്ലാത്തിലും ഒരു തരം പക്ഷപാതിത്ത്വത്തിന്റെ ഒരു കയ്പ്പു രുചി അനുഭവപ്പെടൂന്നില്ലേ എന്ന സംശയം ബലപ്പെട്ടു കൊണ്ടിരിക്കുന്നു. പി ഡീ പീ പറഞ്ഞവഴിയിലൂടെ മാത്രമല്ല സി പി ഐ എം ചലിക്കുന്നത്..പി ഡി പിക്കു പുറമെ പൊന്നാനിയില്‍ മറ്റു നിരവധി സംഘടനകള്‍ കൂടിഉണ്ട് ഒരു പി ഡീ പി യുടേ വോട്ടൂകൊണ്ടൂ മാത്രം ജയിക്കാവുന്ന മണ്ഡലമല്ല പൊന്നാനി .എല്ലാവിഭാഗങ്ങളെയും മാനിച്ചു തന്നെയാണ് സി പി ഐ എം ആ തീരുമാനം എടുത്തിട്ടൂള്ളതും..പിന്നെ അതിനെ പിഡിപി യുടെ ആജ്ഞാനുവര്‍ത്തികളാക്കാനുള്ള ശ്രമം..മനസ്സിലാക്കാനുള്ള സാമ്മാന്യ ബുദ്ദി ഇന്നു കേരള ജനതയ്ക്കുണ്ട്..പിന്നെ ജനാധിപത്യമതേതര സ്വഭാവമുള്ള ഡി വൈ എഫ് ഐ ശ്രീ നാരായണ ഗുരുവിന്റെ ഫോട്ടോ വെക്കുന്ന പോലെയാണോ..മാഷേ..വര്‍ഗ്ഗീയ തീവ്രവാദി എന്നു മുദ്രകുത്തിയ പി ഡി പീ. എന്നു വച്ച് പിഡിപി പൂര്‍ണ്ണമായി മാറിക്കഴിഞ്ഞൂ എന്നൊന്നും സി പി ഐ എം എവിടെയും പറഞ്ഞിട്ടൂം ഇല്ല..ഇപ്പോള്‍ ആ പാര്‍ട്ടി നിരീക്ഷണത്തിന്റെ പാതയിലാണ് അതിനെ പൂര്‍ണ്ണമായി വിശ്വാസ യോഗ്യമായാല്‍ ഒരു പക്ഷേ..നാളെ ഐ എന്‍ എല്ലിനെപ്പോലെ ഒരു സ്ഥാനം പി ഡി പി ക്ക് കിട്ടിക്കൂടായ്കയില്ല..അപ്പോഴും തൂലികകളിള്‍ ആ അളിഞ്ഞ നാറ്റത്തിനെ അംശം കാണാതിരിക്കില്ല എന്ന് നല്ല ബോധ്യവും സി പി എമ്മിനുണ്.