Wednesday, March 25, 2015

ചരിത്രത്തിന്റെ പുനർവായന

 

 സമീപകാല ചരിത്രം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്ന  അക്കാദമിക പണ്ഡിതനാണ് തമിഴ് നാട്ടിലെ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ മലയാള വിഭാഗം പ്രൊഫസറായ ഡോ. എസ്. ഷാജി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ്  “ചരിത്രം സാഹിത്യം സംസ്കാരം”.

ഉള്ളടക്കം:
1. ദിവാൻ ടി. മാധവറാവുവും മാതൃകാസംസ്ഥാനവും, 2. കേരളീയ നവോത്ഥാനവും സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയും. 3. തെറ്റിദ്ധരിക്കപ്പെട്ട ദിവാൻ പി. രാജഗോപാലാചാരി. 4. എഴുത്തച്ഛൻ നായന്മാരുടെ ശ്രീനാരായണനോ? 5. ഗാന്ധിജി കണ്ട നാരായണഗുരു. 6. ആലുവാ അദ്വൈതാശ്രമം - അറിയപ്പെടാത്ത ചില ഏടുകൾ. 7. ചട്ടമ്പിസ്വാമികൾ സാമൂഹിക പരിഷ്കർത്താവോ? 8. അംബേദ്കർ വിലയിട്ട കേരളം. 9.അംബേദ്കറും സംവരണവാദവും. 10. അംബേദ്കറുടെ രാഷ്ട്രീയം. 11. അംബേദ്കർ വെറുത്ത ഗാന്ധി. 12. കെ. എം. പണിക്കർ അന്തർജ്ജനത്തിനെഴുതിയ കത്തുകൾ. 13. സംസ്കാരപഠനത്തിലെ സവർണമുഖങ്ങൾ. 
പ്രസാധകർ: കലാപൂർണ്ണ പബ്ലിക്കേഷൻസ്, വർക്കല  ഫോൺ 0470-2610213

കേരളത്തിലെ പൊലീസിൽ സംഭവിക്കുന്നത്


ബി.ആർ.പി. ഭാസ്കർ                                                                                                           ജനയുഗം                                                                                                                                                                                                                                                             കൊലക്കുറ്റം നേരിടുന്ന വ്യവസായി മുഹമ്മദ് നിഷാമിനെ സഹായിക്കാൻ ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും അത് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും ഞെട്ടിപ്പിക്കുമെന്നും യു.ഡി.എഫ് ചീഫ് വിപ്പ് പി.സി. ജോർജ് ഈയിടെ പറയുകയുണ്ടായി. അതിനുശേഷം അദ്ദേഹം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് സി.ഡി രൂപത്തിലുള്ള തെളിവ് കൈമാറി. പിന്നീട് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണുകയും അദ്ദേഹത്തോടൊപ്പമിരുന്നു സി.ഡിയിലെ സംഭാഷണം കേൾക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അതു കേട്ടു ഞെട്ടിയില്ല. സി.ഡിയിൽ ഡി.ജി.പിക്കെതിരായ ഒരു തെളിവുമില്ലെന്ന് ഇരുവരും മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തുടർന്ന് ജോർജ് സി.ഡിയുടെ കോപ്പി മാധ്യമങ്ങൾക്കു നൽകി. ചാനലുകൾ അതിന്റെ ഭാഗങ്ങൾ സം‌പ്രേഷണം ചെയ്തു. പത്രങ്ങൾ അതച്ചടിച്ചു. ആരും ഞെട്ടിയില്ല. എല്ലാം മുറപോലെ തുടരുന്നു.  

തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂറിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അടിച്ചും വാഹനമിടിച്ചും കൊലപ്പെടുത്തിയെന്നതാണ് നിഷാമിനെതിരായ കേസ്. മുമ്പും പല ക്രിമിനൽ കേസുകളിലും പെട്ടിട്ടുണ്ടെങ്കിലും പോറലേൽക്കാതെ കഴിയുന്നയാളാണ് നിഷാം. അയാൾ എളുപ്പം ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ പുതിയ കേസിൽ കേരളാ ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പാ) വകുപ്പുകൾ കൂടി ചേർക്കണെമന്ന ആവ
ശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഒന്നും സംഭവിക്കാതെ ആഴ്ചകൾ കടന്നുപോയി. ഒടുവിൽ തിങ്കളാഴ്ച ഇതു സംബന്ധിച്ച കളക്ടറുടെ ഉത്തരവിറങ്ങി. അത് നടപ്പിലാക്കാൻ ഇനി ആഭ്യന്തര സെക്രട്ടറിയുടെ അനുമതി കൂടി വേണം.

സി.ഡിയിലുള്ളത് അന്വേഷണോദ്യോഗസ്ഥനെ കൂട്ടാതെ നിഷാമിനെ ഒറ്റക്ക് ചോദ്യം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട  തൃശൂർ പൊലീസ് കമ്മിഷണർ ജേക്കബ് ജോബും ഡി.ജി.പി തലത്തിൽ പ്രവർത്തിച്ചശേഷം റിട്ടയർ ചെയ്ത എം.എൻ.കൃഷ്ണമൂർത്തിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ്. അതിൽ ഡി.ജി.പിയുടെ പേരില്ല. അതിനാൽ നിഷാമിനെ സഹായിക്കാൻ ഡി.ജി.പി ഇടപെട്ടുവെന്നതിന് അത് മതിയായ തെളിവല്ലെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിലപാട് പാടെ തള്ളിക്കളയാനാകില്ല. അതിൽ “നമ്മുടെ സ്വാമി“ക്ക് നിഷാം വിഷയത്തിൽ താല്പര്യമുണ്ടെന്ന് കൃഷ്ണമൂർത്തി പറയുന്നുണ്ട്. ആ സ്വാമി ബാലസുബ്രഹ്മണ്യമാണെന്ന് പി.സി. ജോർജ് പറയുന്നു.

നിഷാമിനെ സഹായിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ബാലസുബ്രഹ്മണ്യവും കൃഷ്ണമൂർത്തിയും പറഞ്ഞിട്ടുണ്ട്. എന്നാൽ സി.ഡിയിലുള്ളത് തന്റെ ശബ്ദമല്ലെന്ന് കൃഷ്ണമൂർത്തി പറഞ്ഞിട്ടില്ല. ഡി.ജി.പിയൊ മറ്റാരെങ്കിലുമൊ നിഷാമിനെ സഹായിക്കാൻ അവിഹിതമായി ഇടപെട്ടെന്ന് സ്ഥാപിക്കാൻ സി.ഡിയിലെ സംഭാഷണം അപര്യാപ്തമാണെങ്കിലും കേരളാ പൊലീസിന്റെ പ്രവർത്തനത്തെയും പൊലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിഹിതബന്ധത്തെയും കുറിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഒന്നാണത്. സി.ഡിയുടെ കോപ്പികൾ വിതരണം ചെയ്ത പി.സി.ജോർജ് മറ്റ് രണ്ടു പേർ തമ്മിളുള്ള സംഭാഷണത്തിന്റെ റിക്കോർഡിങ് തനിക്ക് എങ്ങനെ കിട്ടിയെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ജേക്കബ് ജോബ് കൃഷ്ണമൂർത്തിയെ ഫോണിൽ വിളിക്കുകയും സംഭാഷണം റിക്കോർഡ് ചെയ്യുകയുമായിരുന്നു എന്ന നിഗമനത്തിലെത്താൻ വലിയ അപസർപ്പകമനസൊന്നും വേണ്ട. ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പി.സി. ജോർജ് തന്നെ അത് ദൂരീകരിക്കുന്നുമുണ്ട്. ജേക്കബ് ജോബിനെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നത് അദ്ദേഹം മറച്ചുവെക്കുന്നില്ല. അതിനായി ബാലസുബ്രഹ്മണ്യത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തിന് മടിയുമില്ല.  

കൃഷ്ണമൂർത്തിയും ജേക്കബ് ജോബും തമ്മിൽ നിഷാം കേസ് സംബന്ധിച്ച് നേരത്തെ ബന്ധപ്പെട്ടിരുന്നതായി പുറത്തു വന്നിട്ടുള്ള സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. നിഷാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനെ വിളിച്ചതായും ജേക്കബ് ജോബിന്റെ സസ്പെൻഷനുശേഷവും അവർ തമ്മിൽ സംസാരിച്ചതായും പി.സി. ജോർജ് പറയുന്നു. ചേരാമംഗലം പൊലീസ് സ്റ്റേഷനിലെ എല്ലാവരും തന്റെ കയ്യിൽ നിന്ന് പണം വാങ്ങുന്നവരാണെന്ന് നിഷാം തന്നോട് പറഞ്ഞതായി ജേക്കബ് ജോബ് പറയുമ്പോൾ ജേക്കബ് ജോബ് കൈക്കൂലിക്കാരനാണെന്ന് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നതായി കൃഷ്ണമൂര്‍ത്തി പറയുന്നു. നിഷാം വേണ്ടപ്പെട്ടയാളാണെന്നും കാപ്പ ചുമത്തുന്ന കാര്യത്തിൽ ഇളവ് നല്‍കണമെന്നും കൃഷ്ണമൂർത്തി ആവശ്യപ്പെട്ടത്രെ. താൻ ആവശ്യപ്പെട്ടത് നടക്കാത്തതിന്റെ പരിഭവം കൃഷ്ണമൂർത്തിയുടെ വാക്കുകളിലുണ്ട്. മിനിസ്റ്ററുടെ താല്പര്യപ്രകാരമാണൊ ആവശ്യം ഉന്നയിച്ചതെന്ന ജേക്കബ് ജോബിന്റെ ചോദ്യത്തിന് മറുപടിയായി തന്റെയൊ മിനിസ്റ്ററുടെയൊ താല്പര്യമല്ല, സ്വാമിയുടെ താല്പര്യമാണ് എന്ന് കൃഷ്ണമൂർത്തി വിശദീകരിക്കുന്നു.

ഉദ്യോഗത്തിൽ നിന്ന് വിരമിച്ചശേഷം പൊലീസിന്റെ  ദൈനംദിന പ്രവർത്തനവുമായി ബന്ധമില്ലാത്ത എന്തോ ചുമതല നിർവഹിക്കുന്നയാളാണ് കൃഷ്ണമൂർത്തി. അതിനാൽ ഈ കേസിൽ അദ്ദേഹം ഇടപെടേണ്ട സാഹചര്യമില്ല. ഡി.ജി.പിയായി പ്രവർത്തിക്കുന്ന  ബാലസുബ്രഹ്മണ്യത്തിന് കീഴുദ്യോഗസ്ഥനായ ജേക്കബ് ജോബിനെ തന്റെ താല്പര്യം അറിയിക്കാൻ ഒരു ഇടനിലക്കാരന്റെ സഹായം ആവശ്യമില്ല. ആ നിലയ്ക്ക് കൃഷ്ണമൂർത്തി ഇടനിലക്കാരനായി രംഗപ്രവേശം ചെയ്തത് മറ്റാർക്കോ വേണ്ടിയാകണം. അതാരാണെന്ന്  കണ്ടുപിടിക്കാൻ പി.സി. ജോർജ് ശ്രമിക്കാത്തതെന്താണ്? 

പുറത്തു വന്നിട്ടുള്ള സംഭാഷണത്തിൽ സസ്പെൻഷൻ നീക്കിക്കിട്ടാൻ എന്തു ചെയ്യണമെന്ന്  കൃഷ്ണമൂർത്തി ജേക്കബ് ജോബിനെ ഉപദേശിക്കുന്ന ഭാഗം സവിശേഷ ശ്രദ്ധയർഹിക്കുന്നു. “മന്ത്രിയുടെ പാർട്ടിക്കാരൻ എറണാകുളത്തുള്ള ജോർജ്, എപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലൊക്കെ കാണുന്ന അയാളെയോ മറ്റോ” സമീപിക്കാനാണ് അദ്ദേഹം പറയുന്നത്. ഡി.ജി.പി. തലം വരെ ഉയർന്ന ഒരുദ്യോഗസ്ഥൻ ഇങ്ങനെയൊരുപ്ദേശം നൽകുമ്പോൾ അത് പൊലീസിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് നമുക്ക് ചിലത് പറഞ്ഞുതരുന്നുണ്ട്.

പാർട്ടിക്കാരോ മറ്റോ ജേക്കബ് ജോബിനെ കുറിച്ച് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് പറയുന്ന കൃഷ്ണമൂർത്തി അദ്ദേഹത്തോട് “നിങ്ങൾ ആരോടെങ്കിലും കൈക്കൂലി വാങ്ങിയോ?” എന്ന് ചോദിക്കുകയും ചെയ്യുന്നു. ആരോടും ഒരു ചായക്കുപോലും കടപ്പെട്ടിട്ടില്ല എന്നാണ് മറുപടി. ജേക്കബ് ജോബ് കൈക്കൂലി വാങ്ങുന്നയാളാണെന്ന ധാരണ കൃഷ്ണമൂർത്തിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.  പാറ മാഫിയായിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ കൊല്ലം പത്തനംതിട്ട എസ്.പി. രാഹുൽ ആർ നായർ സസ്പെൻഡ് ചെയ്യപ്പെടുകയുണ്ടായി. അനധികൃതമായി പാറ പൊട്ടിച്ചിരുന്നവർക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതിനാൽ ആരൊ അദ്ദേഹത്തെ ബോധപൂർവ്വം കുടുക്കുകയായിരുന്നെന്ന സംശയം അന്ന് പലരും പ്രകടിപ്പിച്ചിരുന്നു. അഴിമതിയിൽ പങ്കാളികളാകുന്നവർ അതിന്റെ ഭാഗമാകാൻ കൂട്ടാക്കാത്തവരെ സ്വാഭാവികമായും വലിയ ശല്യമായാണ് കാണുന്നത്. അവരെ ഒഴിവാക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കാൻ അവർ തയ്യാറാകും. അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയ നേതൃത്വത്തിന്റെ രക്ഷാധികാരത്തിൽ തഴച്ചു വളരുകയും സത്യസന്ധരായ ഉദ്യോഗസ്ഥന്മാർ തഴയപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് പൊലീസ് വകുപ്പിൽ നിലനിൽക്കുന്നത്. അതിനിടെ അസംതൃപ്തരായ പൊലീസ് ഉദ്യോഗസ്ഥന്മാർ നീതിക്കുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തി പുറത്തു നൽകുന്നതു നല്ല പ്രവണതയല്ല. (ജനയുഗം, മാർച്ച് 11, 2015)

ജനാധിപത്യത്തിന്റെ യുക്തികൾ

ആറു മാസം മുമ്പ് കേരളത്തിലെ മദ്യനയം പരിഗണനക്ക് വന്നപ്പോൾ അതിൽ യുക്തി കാണുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. മദ്യനയത്തിന്റെ കാര്യത്തിൽ പല മലക്കം മറിച്ചിലുകളും യു.ഡി.എഫ് സർക്കാർ നടത്തിയിട്ടുണ്ട്. മുന്നണിക്കുള്ളിലും അതിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിക്കുള്ളിലും ഇപ്പോഴും ആശയസംഘട്ടനം നടക്കുന്ന വിഷയമാണിത്. മദ്യനയത്തെ സ്വാധീനിക്കാൻ ബാർ ഉടമകൾ വലിയ തോതിൽ പണം സ്വരൂപിച്ചതായും മന്ത്രി കെ. എം. മാണിക്ക് പണം നൽകിയതായും അവരുടെ ഒരു സംഘടനാ നേതാവ് പറയുകയുണ്ടായി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിട്ട വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. അതിനിടെ ബാർ ഉടമകളുടെ ഹർജികളുടെ അടിസ്ഥാനത്തിൽ വിഷയം പല തവണം ഹൈക്കോടതി മുമ്പാകെ വരികയും അവയിൽ ഹർജിക്കാർക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. സർക്കാർ നയത്തിലെന്നപോലെ കോടതിവിധികളിലും പലപ്പോഴും യുക്തി കണ്ടെത്താൻ നന്നെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണുള്ളത്.  
നയരൂപീകരണം സർക്കാരിന്റെ ചുമതലയാണെന്നത് സർവോന്നത കോടതി അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. എന്നാൽ കേരളത്തിലെ മദ്യനയത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള കോടതി വിധികൾ പരിശോധിക്കുമ്പോൾ ആത്യന്തികമായി കേരളത്തിന്റെ മദ്യനയം നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യം ഉയർന്നു വരും.ബാർ ലൈസൻസിനു അനുമതി  നിഷേധിച്ച മരട് മുനിസിപ്പാലിറ്റി തീരുമാനത്തിനെതിരെ പ്രദേശത്തെ ഒരു ഹോട്ടലിന്റെ ഉടമസ്ഥർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിചിത്രമായ ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, മദ്യവില്പനക്ക് അനുമതി നൽകുന്നതു സംബന്ധിച്ച കോൺഗ്രസ് നയം വിശദീകരിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്ത് ഭരണഘടനാബാഹ്യ കേന്ദ്രത്തിന്റെ രാഷ്ട്രീയമായ ഇടപെടലാണെന്ന് ബെഞ്ച് വിലയിരുത്തി. അത്തരം ഇടപെടലിന് നിയമത്തിന്റെ അംഗീകാരമില്ലെന്നും നിയമത്തെക്കുറിച്ച് ധാരണയുണ്ടെങ്കിൽ അങ്ങനെയൊരു സർക്കുലർ ഇറക്കുമായിരുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള ബഹുമാനപ്പെട്ട ജഡ്ജിമാരുടെ ധാരണ അപൂർണ്ണമാണെന്ന് ഈ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
ഭരണഘടന അനുസരിച്ച പ്രവർത്തിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എന്നാൽ ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുള്ള വ്യവസ്ഥകളെ അക്ഷരാർത്ഥതിൽ വ്യാഖ്യാനിച്ചാൽ അപകടമുണ്ടാകും. കേന്ദ്ര സർക്കാരിന്റെ ഭരണാധികാരം (എക്സിക്യൂട്ടിവ് പവ്വർ) പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നു എന്നും അദ്ദേഹത്തിനു നേരിട്ടോ കീഴുദ്യോഗസ്ഥന്മാർ മുഖേനയൊ ആ അധികാരം വിനിയോഗിക്കാമെന്നും ഭരണഘടന പറയുന്നു. അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനും ഒരു മന്ത്രിസഭ ഉണ്ടാകണമെന്ന് അതു മറ്റൊരിടത്തു പറയുന്നു. ഇതിനെ അക്ഷരാർത്ഥത്തിൽ എടുത്തുകൊണ്ട് ആദ്യ പ്രസിഡന്റ് ഡോ രാജേന്ദ്ര പ്രസാദ് ഹിന്ദു നിയമ പരിഷ്കാരം സംബന്ധിച്ച നെഹ്രു മന്ത്രിസഭയുടെ നിലപാട് അവഗണിച്ചുകൊണ്ട് സ്വന്തം അഭിപ്രായം പ്രാവർത്തികമാക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. നാം പാർലമെന്ററി  വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളതെന്നും പാർലമെന്റിന് വിശ്വാസമുള്ള (സഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള) മന്ത്രിസഭക്കാണ് തീരുമാനങ്ങളെടുക്കാനുള്ള അധികാരമെന്നും നെഹ്രു അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ നടന്ന കത്തിടപാടുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു മാത്രമെ പ്രസിഡന്റ് പ്രവർത്തിക്കാനാകൂ എന്നു വ്യക്തമാക്കാൻ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ഭരണഘടന ഭേദഗതി ചെയ്തു.അടിയന്തിരാവസ്ഥക്കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പിന്നീടു വന്ന ജനതാ സർക്കാർ അതിൽ ഒരു ചെറിയ ഭേഡഗതി വരുത്തി. ഇപ്പോൾ പ്രസിഡന്റിന് മന്ത്രിസഭയോട് അതിന്റെ ശുപാർശ പുന:പരിശോധിക്കാൻ അവകാശമുണ്ട്. പുന:പരിശോധനക്കു ശേഷം അതേ ശുപാർശ തന്നെ മുന്നോട്ടുവെച്ചാൽ പ്രസിഡന്റ് അത് അംഗീകരിച്ചേ മതിയാകൂ.
ഭരണഘടനയിൽ എഴുതിയിട്ടുള്ള കാര്യങ്ങൾക്കു പുറമെ അതിന്റെ പ്രവർത്തനത്തിനിടയിൽ ഉയർന്നു വന്നിട്ടുള്ള നടപ്പുരീതികൾക്കും (കൺ‌വെൻഷൻസ്) പ്രസക്തിയുണ്ട്. പാർലമെന്ററി സമ്പ്രദായം സ്വീകരിക്കുമ്പോൾ മാതൃകയായി ഭരണഘടനാശില്പികൾ കണ്ടത് ബ്രിട്ടനെയാണ്. ആ രാജ്യത്തിനാകട്ടെ എഴുതി തയ്യാറാക്കിയ ഭരണഘടനയേയില്ല. അത് പൂർണ്ണമായും നടപ്പുരീതികളെ ആശ്രയിക്കുന്ന രാജ്യമാണ്. ഒരു രാജാവിന്റെ തലയറുത്തും ചില ജഡ്ജിമാരെ ജയിലിലടച്ചുമൊക്കെയാണ് ബ്രിട്ടീഷ് ജനസഭ (ഹൌസ് ഓഫ് കോമൺസ്) രാജ്യത്തെ പ്രധാന അധികാരകേന്ദ്രമായി വികസിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപിന്തുണ തെളിയിക്കാൻ തയ്യാറുള്ള രാഷ്ട്രീയ കക്ഷികളെ കൂടാതെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഒറ്റക്കൊ കൂട്ടായൊ സഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള കക്ഷിക്കൊ മുന്നണിക്കൊ മാത്രമെ സർക്കാർ രൂപീകരിക്കാനാകൂ. ഇതൊന്നും വ്യകതമാക്കാതെ പ്രസിഡന്റ് പ്രധാനമന്ത്രിയെ നിയമിക്കുമെന്നും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം മറ്റ് മന്ത്രിമാരെ നിയമിക്കുമെന്നും ഭരണഘടന പറയുന്നു. പ്രസിഡന്റ്ന് ഇഷ്ടമുള്ളിടത്തോളം കാലമാണ് മന്ത്രിമാർക്ക് സ്ഥാനത്ത് തുടരാനാകുന്നതെന്നും അതിലുണ്ട്. ഈ വകുപ്പ് അക്ഷരാർത്ഥത്തിൽ എടുത്തുകൊണ്ട് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് നീക്കുവാൻ പ്രസിഡന്റായിരുന്ന സെയിൽ സിങ് ആലോചിച്ചിരുന്നു. പക്ഷെ സൽബുദ്ധി നിലനിന്നു. അദ്ദേഹം അങ്ങനെയൊരു വിഡ്ഡിത്തം കാട്ടിയില്ല.
ജനാധിപത്യപ്രക്രിയയിൽ മർമ്മപ്രധാനമായ പങ്കുള്ള രാഷ്ട്രീയ കക്ഷികളെ കുറിച്ച് ഒരു പരാമർശവും ഭരണഘടനയുടെ ശില്പികൾ ആ രേഖയിൽ എഴുതിച്ചേർത്തിരുന്നില്ല. അവയെ കുറിച്ച് ഒരു പരാമർശം അതിൽ ആദ്യമായി കടന്നുവന്നത് 35 കൊല്ലങ്ങൾക്കുശേഷം സഭാംഗങ്ങളുടെ കൂറുമാറ്റം നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്യേണ്ടിവന്നപ്പോഴാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരംഗം സ്വയമേവ രാഷ്ട്രീയകക്ഷിയിലെ അംഗത്വം ഉപേക്ഷിക്കുകയൊ മുൻ‌കൂട്ടി അനുവാദം വാങ്ങാതെ പാർട്ടിയുടെയൊ അത് ചുമതലപ്പെടുത്തിയ ആളിന്റെയൊ നിർദ്ദേശത്തിനു വിപരീതമായി വോട്ടു ചെയ്യുകയൊ വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയൊ ചെയ്താൽ അംഗമായി തുടരുന്നതിന് അയോഗ്യനാകുമെന്ന് ഭരണഘടനയുടെ 52ആം ഭേദഗതി വ്യവസ്ഥ ചെയ്തു. ഈ ഭേദഗതി പാർട്ടികളുടെ സ്ഥാനം സംബന്ധിച്ച് കീഴ്‌വഴക്കങ്ങളിലൂടെ നേരത്തെ നിലവിൽ വന്നിരുന്ന രീതിക്ക് ഭരണഘടനാപരമായ അംഗീകാരം നൽകി. നിർഭാഗ്യവശാൽ ആ അംഗീകാരത്തെ പ്രത്യക്ഷത്തിൽ നിരാകരിക്കുകയാണ് ഹൈക്കോടതി ബെഞ്ച് ചെയ്തിരിക്കുന്നത്.
കോടതികൾക്കും നിയമത്തിനുമപ്പുറം ഒന്നുമില്ലെന്ന ധാരണ ചില നിയമജ്ഞർക്കുണ്ട്. എന്നാൽ ലിഖിതരൂപത്തിലുള്ളതും കോടതി ഉത്തരവുകളിലൂടെ നടപ്പാക്കാനാകുന്നതുമായ ചട്ടങ്ങൾ കൂടാതെ ലിഖിതരൂപത്തിലില്ലാത്തതും എന്നാൽ നടപ്പുരീതികളിൽ പ്രതിഫലിക്കുന്നതുമായ ചട്ടങ്ങളും തത്വങ്ങളും വ്യവസ്ഥാപിത ഭരണത്തിന്റെ ഭാഗമാണെന്ന് ഭരണഘടനാവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണസംവിധാനത്തിന്റെ മൂന്നു ശാഖകളിലും പ്രവർത്തിക്കുന്നവരുടെ നിയമബാഹ്യമായ അധികാരങ്ങളും അവകാശങ്ങളും കടമകളും നിർവചിക്കുന്ന ചട്ടങ്ങൾ നടപ്പുരീതികളിൽ പെടുന്നു. മൂന്നു ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പുരീതിയെ സംബന്ധിച്ച് തീർപ്പു കല്പിക്കാനാകുമെന്ന് ഭരണഘടനാ വിദഗ്ദ്ധനെന്ന നിലയിൽ പ്രശസ്തനായ സർ ഐവർ ജെന്നിങ്സ് എഴുതിയിട്ടുണ്ട്. ചോദ്യങ്ങൾ ഇവയാണ്: കീഴ്‌വഴക്കങ്ങൾ എന്താണ്? ഈ കീഴ്‌വഴക്കങ്ങൾ സൃഷ്ടിച്ചവർ തങ്ങൾ ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് വിശ്വസിച്ചിരുന്നോ? അത്തരത്തിലുള്ള ചട്ടത്തിന് മതിയായ കാരണമുണ്ടോ?
ഭരണഘടനയിൽ രാഷ്ട്രീയ കക്ഷികളെ കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തുന്നതിനു മുമ്പു തന്നെ നമ്മുടെ രാജ്യത്ത് കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ സ്ഥാനം നിർണ്ണയിക്കപ്പെട്ടിരുന്നു. അതിൻപ്രകാരമാണ് കക്ഷികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതും അധികാരത്തിലേറിയാൽ തങ്ങൾ എന്തു നയപരിപാടികൾ നടപ്പാക്കുമെന്ന് പ്രകടനപത്രികയിലൂടെ വോട്ടർമാരെ മുൻ‌കൂട്ടി അറിയിക്കുന്നതും. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ പ്രവർത്തിക്കേണ്ടത് പാർട്ടിയുടെ നയപരിപാടികളുടെ അടിസ്ഥനത്തിലാണ്. ഉത്തരവാദപ്പെട്ട ഭാരവാഹി പാർട്ടിയുടെ നയം സംബന്ധിച്ച് അധികാര സ്ഥാനങ്ങളിലിരിക്കുന്ന അംഗങ്ങൾക്കയക്കുന്ന കത്തിനെ ഭരണത്തിലുള്ള ബാഹ്യ ഇടപെടലായി ചിത്രീകരിക്കുന്നത് എല്ലാം ലിഖിത ഭരണഘടനയിലുണ്ടെന്നും അതിലുള്ളതല്ലാത്ത ഒന്നിനും സാധുതയില്ലെന്നുമുള്ള ധാരണയിൽ നിന്നുദിക്കുന്നതാണ്. 
കെ.പി.സി.സി. പ്രസിഡന്റിന്റെ സർക്കുലർ കണക്കിലെടുക്കാതെ സ്വതന്ത്രമായാണ് ഹർജിക്കാരന്റെ അപേക്ഷ പരിഗണിച്ചതെന്ന് മുനിസിപ്പൽ ചെയർമാന്റെ സത്യവാങ്മൂലത്തിലില്ലാത്തതുകൊണ്ട് സർക്കുലർ തീരുമാനത്തെ സ്വാധീനിച്ചെന്ന നിഗമനത്തിൽ ബെഞ്ച് എത്തുകയായിരുന്നു എന്നാണ് മാധ്യമവാർത്തകളിൽ നിന്ന് മനസിലാകുന്നത്. പാർട്ടി നയം തീരുമാനത്തെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് പാർട്ടി നയം സംബന്ധിച്ച ഒരു പൊതു സർക്കുലർ ആണ്. തനിക്ക് ബാർ നടത്താൻ അനുമതി നൽകരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മരട് മുനിസിപ്പാലിറ്റിക്ക് കത്തെഴുതിയെന്ന് ഹർജിക്കാരൻ പോലും ആരോപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവിഹിതമായ ഇടപെടൽ നടന്നുവെന്ന കോടതിയുടെ തീർപ്പു യുക്തിസഹമല്ല. 

ആരാധനാലയമോ അറവുശാലയോ?

ബിആർപി ഭാസ്കർ


നിയമസഭാമന്ദിരങ്ങളെ ആലങ്കാരികമായി ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ കേരള നിയമസഭയിൽ അരങ്ങേറിയ രംഗങ്ങൾ അത്‌ ആരാധനാലയമാണോ അറവുശാലയാണോ എന്ന്‌ ചോദിക്കാൻ പ്രേരിപ്പിക്കുന്നവയാണ്‌. ജനാധിപത്യം കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല. ഭരണകൂടം ബഹുജനതാൽ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്‌ ജനാധിപത്യം നിലനിൽക്കുന്നുവെന്ന്‌ പറയാനാകുന്നത്‌.


മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫിൽപ്പെട്ട ചിലരെ ഒരു തട്ടിപ്പു പരമ്പര നടത്തിയവരെ സഹായിച്ചതിന്റെ പേരിൽ പൊലീസ്‌ പിടികൂടിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്‌ പൊലീസ്‌ ഒരു മുഖ്യമന്ത്രിയുടെ സഹായികളെ അറസ്റ്റ്‌ ചെയ്തത്‌. മുഖ്യമന്ത്രി സ്വയം തെരഞ്ഞെടുത്തു നിയമിച്ചവരെന്ന നിലയിൽ അവരുടെ പ്രവൃത്തികളുടെ ധാർമ്മിക ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ അവരെ ബലികഴിച്ചുകൊണ്ട്‌ സ്വന്തം സ്ഥാനം സംരക്ഷിക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌.


കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പൂട്ടിക്കിടക്കുന്ന 400ൽപരം ബാറുകൾ തുറക്കുന്നതിനായി ധനകാര്യ മന്ത്രി കെ എം മാണി അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകപ്പെട്ടെന്നും വാർത്ത പരന്നു. വാർത്തയുടെ സ്രോതസ്‌ രാഷ്ട്രീയ എതിരാളികളായിരുന്നില്ല, കോഴ കൊടുക്കാൻ അംഗങ്ങളിൽ നിന്ന്‌ പിരിവെടുത്ത ബാർ ഓണേഴ്സ്‌ അസോസിയേഷന്റെ വർക്കിങ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ ആയിരുന്നു. ഉടൻ തന്നെ ഒരന്വേഷണവും കൂടാതെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ‘ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന്‌ എനിക്ക്‌ നല്ല ഉറപ്പുണ്ട്‌. അതുകൊണ്ട്‌ അന്വേഷണത്തിന്റെ ആവശ്യമില്ല,’ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. മാണിയുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹത്തിനെതിരായ ആരോപണം ആരും വിശ്വസിക്കില്ല എന്നും കൂടി അദ്ദേഹം പറഞ്ഞുവെച്ചു.


ശബ്ദരേഖയുടെ രൂപത്തിലും മറ്റും തെളിവുകൾ വന്നപ്പോൾ സർക്കാരിന്‌ ആരോപണം വിജിലൻസ്‌ അന്വേഷണത്തിനു വിടേണ്ടി വന്നു. മാണിയെപ്പോലെ ശക്തനായ ഒരു മന്ത്രിക്കെതിരായ ആരോപണം ഫലപ്രദമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പിന്‌ കഴിയുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. ഇത്തരം സാഹചര്യങ്ങളിൽ ജനാധിപത്യമര്യാദ ആവശ്യപ്പെടുന്നത്‌ മന്ത്രി രാജിവെച്ച്‌ അന്വേഷണം നേരിടണമെന്നാണ്‌. അത്‌ അന്വേഷണം സത്യസന്ധവും നീതിപൂർവകവുമാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിക്കും. പക്ഷെ മാണി രാജി വെച്ചില്ല. മാണിയോട്‌ രാജിവയ്ക്കാൻ ഉമ്മൻ ചാണ്ടി പറഞ്ഞുമില്ല.


പ്രാഥമിക അന്വേഷണത്തിന്റെ വെളിച്ചത്തിൽ വിജിലൻസ്‌ വകുപ്പ്‌ ഡിസംബർ 11ന്‌ മാണിക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിന്‌ പ്രത്യേക സംഘം രൂപീകരിക്കാനും വകുപ്പ്‌ തീരുമാനിച്ചു. ആ ഘട്ടത്തിൽ മാണിക്ക്‌ നേരത്തെ എടുത്ത തീരുമാനം തിരുത്തി രാജി വയ്ക്കാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. അദ്ദേഹം അത്‌ സ്വയമേവ ചെയ്യില്ലെന്ന്‌ ബോധ്യമായപ്പോൾ മുഖ്യമന്ത്രിക്ക്‌ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സഭയിലെ നില യുഡിഎഫ്‌ 72, എൽഡിഎഫ്‌ 68 എന്നിങ്ങനെയായിരുന്നു. ഭരണപക്ഷത്തിന്‌ പിന്നീട്‌ അംഗബലം അൽപം കൂട്ടാനായി. പക്ഷെ മുഖ്യമന്ത്രിക്ക്‌ ഇപ്പോഴും മാണിയെ പേടിക്കണം. കാരണം ഒമ്പത്‌ എംഎൽഎമാരുള്ള കേരളാ കോൺഗ്രസിന്റെ നേതാവാണ്‌ അദ്ദേഹം. മുഖ്യമന്ത്രിയുടെ കസേര വലിച്ചു താഴെയിടാനുള്ള കഴിവ്‌ അദ്ദേഹത്തിനുണ്ട്‌.


കോഴ ആരോപണം ഉയർന്നപ്പോൾ യുഡിഎഫ്‌ ഒറ്റക്കെട്ടായി മാണിയെ പിന്തുണച്ചു. മന്ത്രിസഭയെ രക്ഷിക്കാൻ അതാവശ്യമായിരുന്നു. പക്ഷെ മാണിയുടെ കരങ്ങൾ ശുദ്ധമാണെന്ന വിശ്വാസം എല്ലാ മുന്നണി നേതാക്കൾക്കുമില്ലെന്ന്‌ കാലക്രമത്തിൽ വ്യക്തമായി. മാണി രാജി വയ്ക്കേണ്ടതായിരുന്നു എന്ന്‌ ചില കോൺഗ്രസ്‌ നേതാക്കളും കേരളാ കോൺഗ്രസ്‌ നേതാക്കളും പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഉമ്മൻ ചാണ്ടി തുടക്കത്തിൽ സ്വീകരിച്ച, മാണിക്കെതിരായ ആരോപണം ആരും വിശ്വസിക്കില്ലെന്ന നിലപാടിന്‌ ഇനിയും സാധുതയില്ല.


മാണി രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നീതിയുക്തമായിരുന്നു. അതുണ്ടാകാഞ്ഞതിനാൽ അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ തടയുമെന്ന്‌ അവർ പ്രഖ്യാപിച്ചു. മാണി അതിനെ ഒരു അഭിമാനപ്രശ്നമായി കണ്ടു. അത്‌ ജനാധിപത്യമര്യാദക്ക്‌ നിരക്കുന്നതല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ ഉചിതമായ ബദൽ സംവിധാനമൊരുക്കാനുള്ള ചുമതല മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പ്രത്യേകിച്ചും നികുതി ഇളവുകൾ നൽകുന്നതിനും മാണി കോഴ വാങ്ങിയിട്ടുണ്ടെന്ന്‌ പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിൽ ജനാധിപത്യമര്യാദയേക്കാൾ പ്രാധാന്യം സ്വന്തം കസേരക്കു നൽകിയതുകൊണ്ട്‌ അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല. വിജിലൻസ്‌ വകുപ്പു തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചാലും രാജി വെക്കില്ലെന്നാണ്‌ മാണി ഇപ്പോൾ പറയുന്നത്‌. മുഖ്യമന്ത്രിയുടെ ഗതികേട്‌ അങ്ങേയറ്റം മുതലെടുക്കാനാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.


നിയമസഭയിൽ അരങ്ങേറിയ വൃത്തികെട്ട രംഗങ്ങൾക്കുള്ള പ്രാഥമിക ഉത്തരവാദിത്വം അഴിമതി ആരോപണം നേരിടുന്ന മന്ത്രി തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്ന നിലപാട്‌ എടുത്ത ഭരണപക്ഷത്തിനാണ്‌. അതേസമയം പ്രതിപക്ഷം ധാർമ്മിക മേൽക്കൈ നേടാനുള്ള അവസരം കളഞ്ഞുകുളിച്ചെന്ന്‌ പറയാതിരിക്കാൻ വയ്യ. സഭാതലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ട്‌. എന്നാൽ നിയമസഭാ സെക്രട്ടേറിയറ്റ്‌ പൊലീസിനു പരാതി നൽകിയശേഷം പൊലീസ്‌ അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ്‌ ഏതാനും അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനെ ന്യായീകരിക്കാനാവില്ല. ഇപ്പോൾ പൊലീസ്‌ സെക്രട്ടേറിയറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷാംഗങ്ങളുടെയും വനിതാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണപക്ഷാംഗങ്ങളുടെയും ചെയ്തികൾ പരിശോധിക്കുകയാണ്‌. നിയമലംഘനങ്ങൾ നടന്നോ എന്ന്‌ മാത്രമാണ്‌ പൊലീസ്‌ പരിശോധിക്കുക. പക്ഷെ നിയമത്തിനപ്പുറമുള്ള പല വിഷയങ്ങളും ഉയർന്നു വന്നിട്ടുണ്ട്‌.


ഒരു ചർച്ചയും കൂടാതെ വോട്ട്‌ ഓൺ അക്കൗണ്ട്‌ പാസാക്കിയത്‌ ഒരു ചീത്ത കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്‌. ബജറ്റ്‌ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന നിലപാട്‌ പ്രതിപക്ഷം പുന:പരിശോധിക്കണം. കാരണം ബജറ്റ്‌ അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ വോട്ട്‌ ഓൺ അക്ക്ണ്ട്‌ പാസാക്കിയിട്ടുമില്ല. അതായത്‌ മർച്ച്‌ 31നുശേഷം ഒരാവശ്യത്തിനും പണം ചെലവാക്കാനുള്ള അവകാശം സർക്കാരിനില്ല. ഭരണപ്രതിപക്ഷ അംഗങ്ങൾ അടങ്ങുന്ന ഒരു സമിതി രൂപീകരിച്ച്‌ ജനാധിപത്യമര്യാദകളുടെ വെളിച്ചത്തിൽ വിഷയം സൂക്ഷ്മമായി പരിശോധിച്ച്‌ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയാണു വേണ്ടത്‌. ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും വിശ്വാസമുള്ള നിയമജ്ഞന്മാരുടെയും അനുഭവസമ്പന്നരായ പാർലമെന്റേറിയന്മാരുടെയും സഹായവും തേടാവുന്നതാണ്‌. -നയുഗം, മാർച് 25, 2015

Monday, March 16, 2015

കേരളത്തിൽ ഡൽഹി ആവർത്തിക്കുമോ?

ബി.ആർ.പി. ഭാസ്കർ

മാറ്റം കാത്തിരുന്ന ജനസമൂഹത്തിന്റെ മുന്നിലാണ് ആം ആദ്മി പാർട്ടി അവതരിച്ചതെന്ന് ഡൽഹി തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. കേരളത്തിലുമുണ്ട് മാറ്റം കാത്തിരിക്കുന്ന ഒരു ജനസമൂഹം. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ തമ്മിൽ മറ്റ് ചില സമാനതകളുമുണ്ട്. ഒപ്പം വ്യത്യാസങ്ങളും. 

രണ്ട് ചേരികൾ തമ്മിൽ തെരഞ്ഞെടുപ്പുകളിൽ നേരിട്ടു  മത്സരിച്ചിരുന്ന സംസ്ഥാനങ്ങളാണ് ഡൽഹിയും കേരളവും. ഡൽഹിയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരിച്ചിരുന്നത്. കേരളത്തിൽ രണ്ട് പാർട്ടികൾ തമ്മിലല്ല, കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന രണ്ട് മുന്നണികൾ തമ്മിലായിരുന്നു മത്സരം. ഡൽഹിയിലെ വോട്ടർമാർ ബി.ജെ.പിയെ 15 കൊല്ലം തുടർച്ചയായി തഴഞ്ഞുകൊണ്ട് കോൺഗ്രസിനെ അധികാരത്തിൽ നിലനിർത്തി. കേരളത്തിൽ കൃത്യമായി ഓരോ അഞ്ചു കൊല്ലവും ഭരണമാറ്റം നടന്നു.

കോൺഗ്രസിനെ തകർത്തുകൊണ്ടാണ് ആപ് ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ചത്. ആദ്യം മത്സരിച്ച 2013ലെ തെരഞ്ഞെടുപ്പിൽ തന്നെ ആപിന് 29.5% വോട്ടു കിട്ടി. ബി.ജെ.പിക്ക് വലിയ വോട്ടു നഷ്ടമുണ്ടായില്ല. കോൺഗ്രസിന്റേയും ചെറു കക്ഷികളുടെയും വോട്ടാണ് ആപ് തട്ടിയെടുത്തത്.  ആ കൊല്ലം കോൺഗ്രസിന്റെ വോട്ടുവിഹിതം 40.3%ൽ നിന്ന് 24.6% ആയാണ് കുറഞ്ഞത്. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ചേതം സംഭവിച്ചില്ല. പക്ഷെ ആപ് കോൺഗ്രസിൽ നിന്നും മറ്റ് കക്ഷികളിൽ നിന്നും കൂടുതൽ വോട്ടു തട്ടിയെടുത്ത് സ്വന്തം വിഹിതം 54.3% ആയി ഉയർത്തി നിയമസഭയിലെ 70 സീറ്റിൽ 67ഉം നേടി. അതുപോലെ ഏതെങ്കിലുമൊരു മുന്നണിയെ നിലം‌പരിശാക്കിക്കൊണ്ട് ആപിന് കേരളത്തിൽ അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല്ല്ല. കാരണം ഡൽഹിയിലെ ബി.ജെ.പിയെപ്പോലെ വിപരീത സാഹചര്യങ്ങളിലും അണികളെ കൂടെ നിർത്താൻ കഴിയുന്ന ചില പാർട്ടികൾ രണ്ട് മുന്നണികളുമുണ്ട്. അതേസമയം വോട്ടർമാരെ പിടിച്ചുനിർത്താൻ കഴിവില്ലാത്തവരും രണ്ടിലുമുണ്ട്. ഈ സാജചര്യത്തിൽ രണ്ടു മുന്നണികളിൽ നിന്നും വോട്ടു തട്ടിയെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46% വോട്ടോടെയാണ് കരകയറിയത്. എൽ.ഡി.എഫ് 44% വോട്ടുമായി തൊട്ടുപിന്നിലുണ്ടായിരുന്നു. രണ്ടു കൂട്ടരിൽ നിന്നും 15ഓ 16ഓ ശതമാനം വീതം ചോർത്താൻ കഴിഞ്ഞാൽ അധികാരം പിടിച്ചെടുക്കാനായില്ലെങ്കിൽ തന്നെയും ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന മൂന്നാം ശക്തികേന്ദ്രമാകാൻ ആപിനു കഴിയും. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലേറിയത് 31% വോട്ടുകൊണ്ടാണെന്നോർക്കുക.

ആപിന്റെ കേരളത്തിലെ സാധ്യതകൾ വിലയിരുത്തുമ്പോൾ ജനങ്ങളുടെ മനോഭാവവും സംഘടനാ നേതൃത്വത്തിന്റെ അവസ്ഥയും കൂടി പരിഗണിക്കേണ്ടതുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ വോട്ടർമാർ വ്യത്യസ്തമായ സമീപനങ്ങളാണ് കൈക്കൊണ്ടത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടിൽ ഗണ്യമായ വർദ്ധനവുണ്ടായി. അതിന്റെ ഫലമായി സംസ്ഥാനത്തെ ഏഴ് സീറ്റും അതിനു കിട്ടി. അന്നത്തെ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ 70 അംഗ സഭയിൽ 60 സീറ്റ് നേടി അതിന് അധികാരത്തിൽ വരാനാകുമായിരുന്നു. അതുണ്ടായില്ല. പകരം ബിജെപിയിതര വോട്ടുകൾ ആപിൽ കേന്രീകരിക്കുകയും ആ കഷിക്ക് അധികാരം കിട്ടുകയും ചെയ്തു. ലോക് സഭാ തെരഞ്ഞെടുപ്പു വേളയിൽ ബി.ജെ.പിക്ക് ലഭിച്ച അധിക വോട്ടുകൾ മാറ്റം ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിന്റേതായിരുന്നു. അവർ ആപിനെ കേന്ദ്രത്തിൽ അധികാരത്തിലേറാൻ കഴിവുള്ള ശക്തിയായി കാണാഞ്ഞതുകൊണ്ടാണ് ബി.ജെ.പിയെ പിന്തുണച്ചതെന്ന് അനുമാനിക്കാം. സംസ്ഥാനത്ത് അധികാരത്തിലേറാൻ കഴിവുള്ള കക്ഷിയായി ആപിനെ കണ്ടതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനെ പിന്തുണച്ചു.                                                                                                                                                   ഡൽഹിയിൽ ഉണ്ടായതുപോലെ ഇവിടെയും ആപിന് അനുകൂലമായ വേലിയേറ്റം ഉണ്ടാകണമെങ്കിൽ അധികാരത്തിലേറാനുള്ള കഴിവ് അതിനുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. പാർട്ടി നേതൃത്വത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ ഈ പശ്ചാത്തലത്തിൽ പ്രസക്തമാകുന്നു. അരവിന്ദ് കേജ്രിവാളിനെപ്പോലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് സമൂഹത്തിൽ അംഗീകാരം നേടിയ ഏതാനും പേർ സംസ്ഥാനത്ത് ആപിന്റെ നേതൃത്വത്തിലുണ്ട്. തെറ്റായ ഭരണകൂട നടപടികൾക്കെതിരായ സമരങ്ങളെ വിജയിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളവരാണവർ. ദീർഘകാലമായി അധികാരം കയ്യാളുന്ന മുന്നണികളുടേതിൽ നിന്നും വ്യത്യസ്തവും ബഹുജന താല്പര്യങ്ങൾക്കനുസൃതവും പരിസ്ഥിതിസൌഹൃദവുമായ നയപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള കഴിവും തങ്ങൾക്കുണ്ടെന്ന് അവർ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനുള്ള ശ്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പെ തുടങ്ങണം. (പാഠഭേദം, മാർച്ച് 2015)