ബി.ആർ.പി. ഭാസ്കർ
മാറ്റം കാത്തിരുന്ന ജനസമൂഹത്തിന്റെ മുന്നിലാണ് ആം ആദ്മി പാർട്ടി അവതരിച്ചതെന്ന് ഡൽഹി തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. കേരളത്തിലുമുണ്ട് മാറ്റം കാത്തിരിക്കുന്ന ഒരു ജനസമൂഹം. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ തമ്മിൽ മറ്റ് ചില സമാനതകളുമുണ്ട്. ഒപ്പം വ്യത്യാസങ്ങളും.
രണ്ട് ചേരികൾ തമ്മിൽ തെരഞ്ഞെടുപ്പുകളിൽ നേരിട്ടു മത്സരിച്ചിരുന്ന സംസ്ഥാനങ്ങളാണ് ഡൽഹിയും കേരളവും. ഡൽഹിയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരിച്ചിരുന്നത്. കേരളത്തിൽ രണ്ട് പാർട്ടികൾ തമ്മിലല്ല, കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന രണ്ട് മുന്നണികൾ തമ്മിലായിരുന്നു മത്സരം. ഡൽഹിയിലെ വോട്ടർമാർ ബി.ജെ.പിയെ 15 കൊല്ലം തുടർച്ചയായി തഴഞ്ഞുകൊണ്ട് കോൺഗ്രസിനെ അധികാരത്തിൽ നിലനിർത്തി. കേരളത്തിൽ കൃത്യമായി ഓരോ അഞ്ചു കൊല്ലവും ഭരണമാറ്റം നടന്നു.
കോൺഗ്രസിനെ തകർത്തുകൊണ്ടാണ് ആപ് ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ചത്. ആദ്യം മത്സരിച്ച 2013ലെ തെരഞ്ഞെടുപ്പിൽ തന്നെ ആപിന് 29.5% വോട്ടു കിട്ടി. ബി.ജെ.പിക്ക് വലിയ വോട്ടു നഷ്ടമുണ്ടായില്ല. കോൺഗ്രസിന്റേയും ചെറു കക്ഷികളുടെയും വോട്ടാണ് ആപ് തട്ടിയെടുത്തത്. ആ കൊല്ലം കോൺഗ്രസിന്റെ വോട്ടുവിഹിതം 40.3%ൽ നിന്ന് 24.6% ആയാണ് കുറഞ്ഞത്. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ചേതം സംഭവിച്ചില്ല. പക്ഷെ ആപ് കോൺഗ്രസിൽ നിന്നും മറ്റ് കക്ഷികളിൽ നിന്നും കൂടുതൽ വോട്ടു തട്ടിയെടുത്ത് സ്വന്തം വിഹിതം 54.3% ആയി ഉയർത്തി നിയമസഭയിലെ 70 സീറ്റിൽ 67ഉം നേടി. അതുപോലെ ഏതെങ്കിലുമൊരു മുന്നണിയെ നിലംപരിശാക്കിക്കൊണ്ട് ആപിന് കേരളത്തിൽ അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല്ല്ല. കാരണം ഡൽഹിയിലെ ബി.ജെ.പിയെപ്പോലെ വിപരീത സാഹചര്യങ്ങളിലും അണികളെ കൂടെ നിർത്താൻ കഴിയുന്ന ചില പാർട്ടികൾ രണ്ട് മുന്നണികളുമുണ്ട്. അതേസമയം വോട്ടർമാരെ പിടിച്ചുനിർത്താൻ കഴിവില്ലാത്തവരും രണ്ടിലുമുണ്ട്. ഈ സാജചര്യത്തിൽ രണ്ടു മുന്നണികളിൽ നിന്നും വോട്ടു തട്ടിയെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46% വോട്ടോടെയാണ് കരകയറിയത്. എൽ.ഡി.എഫ് 44% വോട്ടുമായി തൊട്ടുപിന്നിലുണ്ടായിരുന്നു. രണ്ടു കൂട്ടരിൽ നിന്നും 15ഓ 16ഓ ശതമാനം വീതം ചോർത്താൻ കഴിഞ്ഞാൽ അധികാരം പിടിച്ചെടുക്കാനായില്ലെങ്കിൽ തന്നെയും ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന മൂന്നാം ശക്തികേന്ദ്രമാകാൻ ആപിനു കഴിയും. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലേറിയത് 31% വോട്ടുകൊണ്ടാണെന്നോർക്കുക.
ആപിന്റെ കേരളത്തിലെ സാധ്യതകൾ വിലയിരുത്തുമ്പോൾ ജനങ്ങളുടെ മനോഭാവവും സംഘടനാ നേതൃത്വത്തിന്റെ അവസ്ഥയും കൂടി പരിഗണിക്കേണ്ടതുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ വോട്ടർമാർ വ്യത്യസ്തമായ സമീപനങ്ങളാണ് കൈക്കൊണ്ടത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടിൽ ഗണ്യമായ വർദ്ധനവുണ്ടായി. അതിന്റെ ഫലമായി സംസ്ഥാനത്തെ ഏഴ് സീറ്റും അതിനു കിട്ടി. അന്നത്തെ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ 70 അംഗ സഭയിൽ 60 സീറ്റ് നേടി അതിന് അധികാരത്തിൽ വരാനാകുമായിരുന്നു. അതുണ്ടായില്ല. പകരം ബിജെപിയിതര വോട്ടുകൾ ആപിൽ കേന്രീകരിക്കുകയും ആ കഷിക്ക് അധികാരം കിട്ടുകയും ചെയ്തു. ലോക് സഭാ തെരഞ്ഞെടുപ്പു വേളയിൽ ബി.ജെ.പിക്ക് ലഭിച്ച അധിക വോട്ടുകൾ മാറ്റം ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിന്റേതായിരുന്നു. അവർ ആപിനെ കേന്ദ്രത്തിൽ അധികാരത്തിലേറാൻ കഴിവുള്ള ശക്തിയായി കാണാഞ്ഞതുകൊണ്ടാണ് ബി.ജെ.പിയെ പിന്തുണച്ചതെന്ന് അനുമാനിക്കാം. സംസ്ഥാനത്ത് അധികാരത്തിലേറാൻ കഴിവുള്ള കക്ഷിയായി ആപിനെ കണ്ടതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനെ പിന്തുണച്ചു. ഡൽഹിയിൽ ഉണ്ടായതുപോലെ ഇവിടെയും ആപിന് അനുകൂലമായ വേലിയേറ്റം ഉണ്ടാകണമെങ്കിൽ അധികാരത്തിലേറാനുള്ള കഴിവ് അതിനുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. പാർട്ടി നേതൃത്വത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ ഈ പശ്ചാത്തലത്തിൽ പ്രസക്തമാകുന്നു. അരവിന്ദ് കേജ്രിവാളിനെപ്പോലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് സമൂഹത്തിൽ അംഗീകാരം നേടിയ ഏതാനും പേർ സംസ്ഥാനത്ത് ആപിന്റെ നേതൃത്വത്തിലുണ്ട്. തെറ്റായ ഭരണകൂട നടപടികൾക്കെതിരായ സമരങ്ങളെ വിജയിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളവരാണവർ. ദീർഘകാലമായി അധികാരം കയ്യാളുന്ന മുന്നണികളുടേതിൽ നിന്നും വ്യത്യസ്തവും ബഹുജന താല്പര്യങ്ങൾക്കനുസൃതവും പരിസ്ഥിതിസൌഹൃദവുമായ നയപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള കഴിവും തങ്ങൾക്കുണ്ടെന്ന് അവർ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനുള്ള ശ്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പെ തുടങ്ങണം. (പാഠഭേദം, മാർച്ച് 2015)
2 comments:
ആപ്പിന് കേരളത്തിൽ ഒരു പിറവി സാധ്യമല്ല. കാരണം ആപ്പിന്റെ വേരുകൾ അഴിമതി വിരുദ്ധ രാഷ്ടരീയത്തിലാണ്. ഇവിടെ കേരളത്തിലാണെങ്കിൽ സിപിഐ(എം) ന്റെ നേത്രത്വത്തിൽ ഇത്രശക്തമായ ആഴിമതി വിരുദ്ധ മുന്നേറ്റം നടക്കുമ്പോൾ ആപ്പ് നിശബ്ദതയിലുമാണ്. പിന്നെങ്ങനെ അവർക്കിവിടെ അധികാരം പോയീട്ട് കുറച്ച് വേട്ടെങ്കിലും പിടിക്കാൻ കഴിയും.?
ആം ആപ് പാർട്ടി ഒരു ONE മാൻ ഷോ ആണ്. ഡൽഹിയിലെ ജനങ്ങള്ക്ക് ഇപ്പോൾ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു.ഈ വിജയം വെറും താൽകാലികം മാത്രമാണ്.ഡല്ഹി വിജയം കേരളത്തിലെത്തുമെന്ന് കരുതുന്നത് വെറുമൊരു വ്യമോഹമല്ലേ ?. സമുഹവുമായി യാതൊരു ബന്ദവുമില്ലാത്ത കുറേപേർ ആണ് അതിന്റെ തലപത്ത്.ഇന്നത്തെ അവസ്ഥയിൽ യാതൊരു പ്രതീക്ഷക്കും വകയില്ല
Post a Comment