Wednesday, February 25, 2015

കാലം ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ
ജനയുഗം

സിപിഎമ്മിന്റെ കേരള സംസ്ഥാന സമ്മേളനം വിജയകരമായി അവസാനിച്ചിരിക്കുന്നു. മാർച്ച്‌ രണ്ടോടുകൂടി സിപിഐയുടെ സംസ്ഥാന സമ്മേളനവും കഴിയും. കേരളത്തിൽ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി അധികാരത്തിൽ വരാറുള്ളതിനാൽ അടുത്ത കൊല്ലം ഈ രണ്ടു കക്ഷികളും വീണ്ടും ഭരണകക്ഷികളാകുമെന്ന്‌ കരുതാം. ആ നിലയ്ക്ക്‌ ഈ സമ്മേളനങ്ങൾക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.

മൂന്നു തവണയിൽ കൂടുതൽ ഭാരവാഹിത്വം വഹിച്ചവർ തുടരുന്നതിന്‌ കേന്ദ്ര കമ്മിറ്റി വിലക്ക്‌ ഏർപ്പെടുത്തിയതിനെ തുടർന്ന്‌ 16 കൊല്ലം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സ്ഥാനമൊഴിയുകയും കോടിയേരി ബാലകൃഷ്ണൻ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സമീപകാലത്ത്‌ ഏറെ വിഭാഗീയ പ്രവർത്തനങ്ങൾ നടന്ന പാർട്ടിയിൽ അധികാര കൈമാറ്റം സുഗമമായി നടന്നതിൽ നേതൃത്വത്തിന്‌ അഭിമാനിക്കാം. ഇതിനകം പൂർത്തിയായ ജില്ലാ സമ്മേളനങ്ങൾ സംബന്ധിച്ച വിവരമനുസരിച്ച്‌ സിപിഐയിലും തെരഞ്ഞെടുപ്പു പ്രക്രിയ ഏറെക്കുറെ സുഗമമായി പുരോഗമിക്കുകയാണ്‌. ഇതെല്ലാം കമ്മ്യൂണിസ്റ്റുകാർക്കു മാത്രമല്ല ഇടതുപക്ഷത്തിൽ പ്രതീക്ഷ പുലർത്തുന്ന എല്ലാവർക്കും സന്തോഷത്തിനു വക നൽകുന്നു. എന്നാൽ അവരെ ആശങ്കാകുലരാക്കുന്ന പലതും കൂടി ഇതിനിടയിൽ നടക്കുന്നുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ സംഘടനകളുടെ ചട്ടവട്ടങ്ങളനുസരിച്ച്‌ വിവിധ തലങ്ങളിലെ സമ്മേളനങ്ങൾ പ്രതിനിധികൾക്ക്‌ മുൻസമ്മേളനത്തിനുശേഷമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ സംബന്ധിച്ച്‌ ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്നതിനുമുള്ള അവസരങ്ങളാണ്‌. ഈ പ്രക്രിയകൾ യഥാവിധി നടക്കുമ്പോൾ മാത്രമാണ്‌ ശരിയായ അർത്ഥത്തിൽ സമ്മേളനങ്ങൾ വിജയകരമായിരുന്നെന്ന്‌ പറയാൻ കഴിയുക. ബഹുജനങ്ങൾ സമ്മേളനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക്‌ ആശ്രയിക്കുന്നത്‌ മാധ്യമങ്ങളെയാണ്‌. ഇടതു മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയിൽ അവർ സിപിഎം സമ്മേളനങ്ങൾക്ക്‌ വലിയ പ്രാധാന്യം കൽപ്പിച്ചു. എന്നാൽ ആലപ്പുഴയിൽ നടന്നത്‌ വിഎസ്‌ വധം ആട്ടക്കഥയാണെന്ന ധാരണയാണ്‌ മാധ്യമങ്ങളെ പൂർണമായും ആശ്രയിച്ചവർക്ക്‌ ലഭിച്ചത്‌. ഏതെങ്കിലും മന്ദബുദ്ധിക്ക്‌ കഥ മനസിലായില്ലെങ്കിലോ എന്നു കരുതിയാകണം ഒരു ചാനൽ ‘വിഎസ്‌ വധം’ എന്ന്‌ എഴുതിക്കാണിക്കുകയും ചെയ്തു. സിപിഎമ്മിന്റെ വലിപ്പമില്ലാത്തതുകൊണ്ട്‌ സിപിഐയുടെ സമ്മേളനങ്ങൾക്ക്‌ അത്രത്തോളം മാധ്യമശ്രദ്ധ ലഭിച്ചില്ല. എന്നിട്ടും പാർട്ടിക്ക്‌ രക്ഷപ്പെടാനായിട്ടില്ല. ജില്ലാ സമ്മേളന ചർച്ചകൾ തിരുവനന്തപുരത്തെ പേയ്മെന്റ്‌ സീറ്റ്‌ വിവാദത്തെ ചുറ്റിപറ്റിയായിരുന്നെന്നാകും മുഖ്യധാരാ മാധ്യമങ്ങളെ മാത്രം ആശ്രയിച്ചവർ മനസിലാക്കിയിട്ടുണ്ടാകുക.

മാധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. അവർക്ക്‌ വേണ്ടത്‌ വിവാദങ്ങളാണ്‌. ടെലിവിഷന്റെ വരവ്‌ എല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഈച്ചകൾ പറന്നു ശർക്കരയിലെത്തുന്നതുപോലെ ടെലിവിഷൻ ക്യാമറകൾ വിവാദഭൂമിയിലെത്തുന്നു. കന്റോൺമെന്റ്‌ ഹൗസിനു മുമ്പിൽ തുറന്നിരുന്ന ക്യാമറാക്കണ്ണുകൾക്ക്‌ അടഞ്ഞുകിടക്കുന്ന ഗേറ്റല്ലാതെ ഒന്നും കാണാനായില്ലെങ്കിലും വീട്ടിൽ ടിവി സെറ്റിന്റെ മുന്നിലിരുന്ന പ്രേക്ഷകൻ താൻ എല്ലാം കാണുകയാണെന്നും ചരിത്രത്തിന്‌ സാക്ഷിയാവുകയാണെന്നും കരുതി നിർവൃതിയടഞ്ഞു.

സമ്മേളന റിപ്പോർട്ടുകൾ വികലമാകുന്നതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങളുടെ തലയിൽ മാത്രമായി കെട്ടിവെക്കാനാവില്ല. സിപിഎമ്മിന്റെ ആലപ്പുഴ സമ്മേളനത്തെ ഗ്രസിച്ച വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതായിരുന്നില്ല. അത്‌ പാർട്ടി നേതാക്കൾ വെള്ളിത്താലത്തിൽവെച്ച്‌ അവർക്ക്‌ നൽകുകയായിരുന്നു. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ നിന്നും അതിനോട്‌ വിയോജിപ്പ്‌ രേഖപ്പെടുത്തിക്കൊണ്ട്‌ വിഎസ്‌ അച്യുതാനന്ദൻ പോളിറ്റ്‌ ബ്യൂറോക്ക്‌ അയച്ച കുറിപ്പിൽ നിന്നുമാണ്‌ അതിന്റെ തുടക്കം. മാധ്യമ അപസർപ്പക പ്രവർത്തനമല്ല രേഖകൾ പുറത്തു കൊണ്ടുവന്നത്‌. പാർട്ടിക്കുള്ളിലെ പോരിൽ ഒരു ഭാഗത്തുള്ള ആരോ സമ്മേളനത്തിനു മുമ്പായി കാര്യങ്ങൾ പൊതുമണ്ഡലത്തിൽ ബോധപൂർവം എത്തിക്കുകയായിരുന്നു. ആ ഘട്ടത്തിൽ വിവാദം കത്തിപ്പടരുന്നത്‌ തടയുന്നതിനു പകരം അതിനെ ആളിക്കത്തിക്കുകയാണ്‌ നേതൃത്വം ചെയ്തത്‌. ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌ സമ്മേളനകാലത്ത്‌ പാർട്ടി നേതൃത്വത്തിന്റെയും മാധ്യമങ്ങളുടെയും താൽപര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല എന്നാണ്‌.

വിഭാഗീയത ഇല്ലാതാക്കിയിട്ടാണ്‌ പടിയിറങ്ങുന്നതെന്ന്‌ പറഞ്ഞ പിണറായി വിജയൻ മൂന്നു കൊല്ലത്തെ പ്രവർത്തന റിപ്പോർട്ടിൽ ആ കാലയളവിലെ മാത്രമല്ല അതിനു മുമ്പുമുള്ള വി എസ്‌ അച്യുതാനന്ദന്റെ ചെയ്തികളെയും വിവരിക്കാൻ നിരവധി പേജുകൾ നീക്കിവെച്ചു. അതിന്റെ ചുവടു പിടിച്ചു ചർച്ചയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും വിഎസിനെ തള്ളിപ്പറഞ്ഞു. അതെല്ലാം പുറംലോകം മാധ്യമങ്ങളിലൂടെ അറിഞ്ഞു. സ്വയംവിമർശനപരമായി വിഷയങ്ങളെ സമീപിക്കുന്നതാണ്‌ തങ്ങളുടെ രീതിയെന്ന്‌ മാർക്സിസ്റ്റ്‌ പ്രസ്ഥാനങ്ങൾ അഭിമാനപൂർവം അവകാശപ്പെടാറുണ്ട്‌. അത്തരത്തിലുള്ള പരിശോധന അർഹിക്കന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ മൂന്നു കൊല്ലക്കാലത്ത്‌ ഇവിടെയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ ആർഎസ്പിയുടെ ചേരിമാറ്റവും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന യുഡിഎഫ്‌ സർക്കാരിനെതിരേ എൽഡിഎഫ്‌ നടത്തിയ സമരങ്ങൾ ഫലം കാണാതെ പോയതും ഉദാഹരണങ്ങൾ. മാധ്യമ റിപ്പോർട്ടുകളിൽ നിന്ന്‌ വായിച്ചെടുക്കാനാകുന്നത്‌ ഇവ സംബന്ധിച്ച പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങൾ വിമർശനപരമല്ല, സ്വയംന്യായീകരണങ്ങളാണ്‌ എന്നാണ്‌. സ്വയംവിമർശനപരമായി ചർച്ചയിൽ പങ്കെടുത്ത ഏതെങ്കിലും പ്രതിനിധി അവയെ സമീപിച്ചെങ്കിൽ അക്കാര്യവും പൊതുജനങ്ങൾ അറിഞ്ഞിട്ടില്ല. കാരണം ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക്‌ ഔദ്യോഗികമായി നൽകിയ പാർട്ടി നേതാവോ രഹസ്യമായി നൽകിയ പ്രതിനിധികളോ അത്‌ വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല.

സമാപന ദിവസത്തെ പൊതുയോഗത്തിൽ സ്വാഗതപ്രസംഗം നടത്തിയ പ്രാദേശിക നേതാവ്‌ ആദ്യം സമ്മേളനം നടന്ന ആലപ്പുഴയിലാണ്‌ അൻപതാം വർഷത്തെ സമ്മേളനവും നടക്കുന്നതെന്ന്‌ ചൂണ്ടിക്കാണിച്ചശേഷം ആവേശത്തള്ളലിൽ നൂറാം വർഷം ഇന്ത്യയിലെ ഭരണകക്ഷിയെന്ന നിലയിൽ -- അതേ ഇന്ത്യയിലെ ഭരണകക്ഷിയെന്ന നിലയിൽ -- വിപ്ലവപാരമ്പര്യമുള്ള നഗരം വീണ്ടും സിപിഎം സമ്മേളന വേദിയാകുമെന്ന്‌ പറഞ്ഞു. അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കവേ വിപ്ലവത്തിന്‌ അത്‌ കൂടിയേ തീരൂ എന്ന്‌ കോടിയേരി വിശദീകരിച്ചു. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ആദ്യകാലം മുതൽ ശക്തിപകർന്നിരുന്ന അടിസ്ഥാനവർഗങ്ങൾ അകന്നുപോകുന്നതിന്റെ വ്യക്തമായ സൂചനകളുള്ളപ്പോഴാണ്‌ ഇത്തരം പ്രസ്താവങ്ങളുണ്ടാകുന്നത്‌. വിവിധതലങ്ങളിലുള്ള നേതാക്കൾ വേണ്ടത്ര യാഥാർഥ്യബോധത്തോടെയല്ല വിഷയങ്ങളെ സമീപിക്കുന്നതെന്ന്‌ ഇതൊക്കെ വെളിവാക്കുന്നു.

ഇടതുപക്ഷം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വി എസ്‌ അച്യുതാനന്ദനല്ല, സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇടതു കക്ഷികൾക്കു പൊതുവിലും, സിപിഎമ്മിന്‌ പ്രത്യേകിച്ചും, ഉണ്ടായിട്ടുള്ള ശക്തിക്ഷയമാണ്‌. ഇടയ്ക്കും മുറയ്ക്കും അധികാരത്തിലെത്താൻ കമ്മ്യൂണിസ്റ്റ്‌ കക്ഷികളെ സഹായിക്കുന്ന മുന്നണി സംവിധാനം വർഗീയതയെ ചെറുക്കാനുള്ള ഇടതു മുന്നണിയുടെ കഴിവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. കാലം അതാവശ്യപ്പെടുന്നു. (ജനയുഗം, ഫെബ്രുവരി 25, 2015.)

1 comment:

[RajeshPuliyanethu, said...

http://rajeshpuliyanethu.blogspot.in/2014/12/blog-post.html