Thursday, December 27, 2012

മലയാളം ശ്രേഷ്ഠപദവി നേടുമ്പോൾ

ബി.ആർ.പി. ഭാസ്കർ

മലയാളത്തിന് ശ്രേഷ്ഠഭാഷാ (classical language) പദവി നൽകാൻ കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യാ ഗവണ്മെന്റിനോട് ശുപാർശ ചെയ്തിരിക്കുന്നു. അങ്ങനെ സംസ്ഥാന സർക്കാർ നടത്തിവന്ന ശ്രമം സഫലമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. തെലുങ്കിനും കന്നടക്കും ഈ പദവി നൽകിയപ്പോൾ സംഭവിച്ചതുപോലെ തമിഴ് നാട് തടസം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക മലയാള സർവകലാശാലാ വൈസ് ചാൻസലർ കെ. ജയകുമാർ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനെ മറികടക്കാൻ കേരളത്തിനാകുമെന്നാണ് എന്റെ വിശ്വാസം.

മലയാളഭാഷയുടെ പിതാവ് അദ്ധ്യാത്മരാമായണ കർത്താവായ രാമാനുജൻ എഴുത്തച്ഛനാണ് എന്ന് പഠിച്ചാണ് എന്റെ തലമുറ വളർന്നത്. അദ്ദേഹം ജീവിച്ചിരുന്നത് 17ആം നൂറ്റാണ്ടിലാണ്. അതായത് ഞാൻ വിദ്യാർത്ഥിയായിരുന്ന 20ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മലയാളത്തിന് കഷ്ടിച്ച് 350 കൊല്ലത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളു. ശ്രേഷ്ഠ പദവി നൽകുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് ഭാഷക്ക് കുറഞ്ഞത് 1000 കൊല്ലത്തെ പഴക്കമുണ്ടാകണം. അതു കുറഞ്ഞുപോയെന്ന് ചിലർ വാദിച്ചതിനെ തുടർന്ന് യോഗ്യതാകാലം പിന്നീട് 1500 കൊല്ലമായി ഉയർത്തപ്പെട്ടു. അങ്ങനെ എഴുത്തച്ഛനും മുമ്പെ മലയാളമുണ്ടായിരുന്നെന്ന് സ്ഥാപിക്കേണ്ട ആവശ്യമുണ്ടായി. എന്റെ തലമുറയിൽ തന്നെ പെട്ട എം.ടി.വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രൻ എന്നീ പ്രമുഖ സാഹിത്യകാരന്മാരുടെയും എം.ജി.എസ് നാരായണൻ എന്ന പ്രമുഖ ചരിത്രകാരന്റെയും സഹായത്തോടെയാണ് സർക്കാർ അത് സാധിച്ചെടുത്തത്. പുതുശ്ശേരി നേർത്തെ തന്നെ കണ്ണശ്ശ കവികളിലൂടെ മലയാളത്തിന്റെ ചരിത്രം എഴുത്തച്ഛനിലും പിന്നോട്ടു കൊണ്ടുപോയിരുന്നു.

സാമാന്യം നീണ്ട കാലത്തെ പ്രയോഗത്തിലൂടെയല്ലാതെ സാഹിത്യപ്രവർത്തനത്തിനുതകുന്ന ഭാഷ രൂപപ്പെടില്ല. അതുപോലെ തന്നെ സാമാന്യം നീണ്ട സാഹിത്യപ്രവർത്തനം കൂടാതെ ഉൽകൃഷ്ട കാവ്യം ഉണ്ടാവുകയുമില്ല. ഭാഷാപിതാവ്, ആദികവി, ആദ്യകാവ്യം തുടങ്ങിയവ കേവലം സങ്കല്പങ്ങളാണ്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന സങ്കല്പം വെള്ളക്കാർ ആ ഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ഉപയോഗിച്ചു. അതുപോലെ കേരളത്തിൽ ആധിപത്യം സ്ഥാപിച്ച വൈദികസമൂഹം അതിന് ന്യായീകരണം കണ്ടെത്താൻ പരശുരാമൻ മെഴുകെറിഞ്ഞ് ഈ പ്രദേശത്തെ കടലിൽ നിന്ന് വീണ്ടെടുത്തെന്ന കഥ ഉപയോഗിച്ചു. വാത്മീകിയുടെയും എഴുത്തച്ഛന്റെയും രാമായണങ്ങൾ സംസ്കൃതത്തിലെയും മലയാളത്തിലെയും ആദ്യകൃതികളാണെന്ന സങ്കല്പവും ദേശീയ പ്രാദേശിക തലങ്ങളിൽ സാമൂഹികസാംസ്കാരിക ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ആ വിഭാഗം പ്രചരിപ്പിച്ചതാണെന്ന്  കരുതാവുന്നതാണ്. അറിയപ്പെടുന്ന വിവരങ്ങൾ വെച്ചു നോക്കുമ്പോൾ വാത്മീമീകിയൊ എഴുത്തച്ഛനൊ ആ വിഭാഗത്തിൽ  പെട്ടവരായിരുന്നില്ലെന്നതാണ് വിചിത്രകരമായ വസ്തുത.

ഇന്നത്തെ തമിഴ് നാട് പ്രദേശത്ത് വ്യാപിച്ചുകിടന്ന പാണ്ഡ്യ ചോള രാജ്യങ്ങളിലും ഇന്നത്തെ കേരള പ്രദേശം ഉൾപ്പെട്ട  ചേര രാജ്യത്തും തമിഴാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആ തമിഴ് ഇന്നത്തെ തമിഴ്നാട്ടിലെ സംസാരഭാഷയിൽ നിന്നും സാഹിത്യഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ പ്രാചീന തമിഴ് കൃതികളായ തിരുക്കുറൾ, അകം നാന്നൂറ്, പുറം നാന്നൂറ്, ചിലപ്പതികാരം തുടങ്ങിയവ വ്യാഖ്യാനങ്ങൾ കൂടതെ ഇന്നത്തെ തമിഴ്നാട്ടുകാർക്ക് മനസിലാക്കാനാവില്ല. പക്ഷെ അവർ ഇന്നത്തെ തമിഴിനെ അതിന്റെ തുടർച്ചയായി കാണുന്നു. അതുകൊണ്ട് ആ ഭാഷക്ക് രണ്ടായിരത്തിലധികം കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടാൻ അവർക്കാകുന്നു. ബൌദ്ധജൈന സ്വാധീനത്തിലായിരുന്ന തമിഴ് നാട്ടിലും കേരളത്തിലും ആധിപത്യം നേടി പുതിയ സാമൂഹ്യക്രമം രൂപപ്പെടുത്തിയത്  വ്യത്യസ്ത വൈദിക സമൂഹങ്ങളായിരുന്നു. അവരും തദ്ദേശീയരും ഇടപഴകിയതും വ്യത്യസ്ത രീതികളിലായിരുന്നു. തന്മൂലം ഇരുപ്രദേശങ്ങളിലും ഭാഷ വ്യത്യസ്ത രീതികളിൽ വികസിച്ചു. കേരളം തമിഴ് പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങി. സഭ്യമായ തമിഴ് വാക്കുകളെ നാം അസഭ്യപദങ്ങളാക്കി മാറ്റി. ശ്രേഷ്ഠപദവി മോഹം പൂർവ്വകാല തമിഴുമായുള്ള ബന്ധം ഏറ്റുപറയാൻ നമ്മെ നിർബന്ധിച്ചിരിക്കുന്നു.

നഷ്ടപ്പെട്ട പാരമ്പര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കേരള സർക്കാർ ഇറങ്ങിത്തിരിച്ചത്. കേന്ദ്രം ശ്രേഷ്ടഭാഷകളുടെ വികസനത്തിന് 100 കോടി രൂപ വീതം നൽകാൻ തീരുമാനിച്ചതാണ് ആ പദവി തേടാൻ അതിനെ പ്രേരിപ്പിച്ചത്. കേന്ദ്രം പണം നൽകുന്നത് നിശ്ചിത പ്രവർത്തനങ്ങൾക്കാണ്. സുനാമി വിതച്ച നാശത്തിൽ നിന്ന് കര കയറുന്നതിന് തീരദേശവാസികളെ സഹായിക്കാൻ കേന്ദ്രം നൽകിയ പണം ഉൾനാട്ടിലെ സ്വന്തം മണ്ഡലങ്ങളിലേക്ക് തിരിച്ചുവിട്ട പാരമ്പര്യമുള്ളവരാണ് നമ്മുടെ ഭരണാധികാരികൾ. അവർ പണം നിർദ്ദിഷ്ട പദ്ധതികൾക്കായി ചെലവാക്കുമെന്ന് ഉറപ്പാക്കാനാവില്ല.     
വളരെയൊന്നും പിന്നിലല്ലാത്ത എഴുത്തച്ഛന്റെ കാലം വരെ പോയാൽ തന്നെ വൈദിക സമൂഹം ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പുള്ള സാഹചര്യങ്ങളെ കുറിച്ച് വിലപ്പെട്ട ചില സൂചനകൾ ലഭിക്കും. ദശാവതാരങ്ങളെ പരാമർശിക്കുന്നിടത്ത് എഴുത്തച്ഛൻ ബുദ്ധന്റെ പേരും പറയുന്നുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ് വൈദികസമൂഹം ഇന്നത്തെ ഹിന്ദുമതം രൂപപ്പെടുത്തിയത്. ആദി വേദത്തിലെ ഇന്ദ്രൻ, അഗ്നി, വരുണൻ തുടങ്ങിയ ദേവന്മാരെ കൈയൊഴിഞ്ഞുകൊണ്ടാണ് അവർ ഇതര ജനവിഭാഗങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചത്. ദേവന്മാരെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന ഹോമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അവർ പൂജാരീതി സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രവർഗ്ഗത്തിനുമേൽ വൈദികസമൂഹം ആധിപത്യം സ്ഥാപിച്ച കഥ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധാനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല, ആരാധനാരീതിയും മാറിയില്ല. ഒരു മാറ്റമെ ഉണ്ടായുള്ളു. പൂജ നടത്തിയിരുന്ന ഗോത്രവർഗ്ഗക്കാരൻ പുറത്താക്കപ്പെട്ടു. അയാളുടെ ജോലി ബ്രാഹ്മണൻ ഏറ്റെടുത്തു. ബുദ്ധമതത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദികസമൂഹം ബുദ്ധനെ അവതാരങ്ങളുടെ പട്ടികയിൽ പെടുത്താൻ ശ്രമിച്ചിരുന്നു. ആ ഉദ്യമം കേരത്തിലെ വൈദികസമൂഹം 17ആം നൂറ്റാണ്ടിലും ഉപേക്ഷിച്ചിരുന്നില്ലെന്ന് എഴുത്തച്ഛൽ കൃതിയിലെ ന്റെ പരാമർശം വ്യക്തമാക്കുന്നു. ബുദ്ധനെ അവതാരമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് ഒരു പണ്ഡിതൻ യുക്തിസഹമായ വിശദീകരണം നൽകിയിട്ടുണ്ട്. അവതാരങ്ങളുടെ ലക്ഷ്യം ശത്രുനിഗ്രഹമാണ്. ബുദ്ധൻ ആരെയും കൊല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് അവതാരമാകാനായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാളഭാഷയുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോൾ നാം നമ്മുടെ നഷ്ടപ്പെട്ട –- തമസ്കരിക്കപ്പെട്ട എന്ന് പറയുന്നതാവും കൂടുതൽ ശരി -– പാരമ്പര്യത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്തുന്നത്. പട്ടണം പ്രദേശത്ത് ഏതാനും കൊല്ലങ്ങളായി നടക്കുന്ന ഉത്ഘനനത്തിലൂടെ പുറത്തു വന്നിട്ടുള്ള വിവരവും ഇതിനോട് ചേർത്ത് വെക്കേണ്ടതാണ്. രണ്ടും പ്രാചീന കേരളത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നു.  വൈദികസമൂഹം ഇവിടെയെത്തി കർക്കശമായ ജാതിവ്യവസ്ഥ അടിച്ചേല്പിക്കുന്നതിനുമുമ്പ് നിലനിന്ന സാഹചര്യങ്ങൾ അവയിലൂടെ വെളിപ്പെടുന്നു. ചിലപ്പതികാരം പോലെയുള്ള ഒരുൽകൃഷ്ട കൃതി നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ രചിക്കപ്പെട്ടതും നമ്മുടെ പൂർവ്വികർ വിദേശരാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ എത്തിയിരുന്ന മുച്ചിറി (ഇംഗ്ലീഷുകാർ തിരുവനന്തപുരത്തെ ട്രിവാൻഡ്രം ആക്കിയതുപോലെ ഗ്രീക്കുകാർ അതിനെ മുസിസിസ് ആക്കുകയായിരുന്നു) തുറമുഖം വികസിപ്പിച്ചതും നമുക്ക്  അഭിമാനത്തോടെ ഓർക്കാം. ഒപ്പം ഒരു ചോദ്യം ചോദിക്കുകയും ചെയ്യാം: എട്ടാം നൂറ്റാണ്ടിൽ എത്തിയെന്ന് കരുതപ്പെടുന്ന വൈദികസമൂഹം വരുന്നതിനു മുൻപത്തെ നേട്ടങ്ങൾ ആരുടെ സൃഷ്ടിയാണ്. അത് വൈദികസമൂഹം താഴ്ത്തിക്കെട്ടിയ ജനവിഭാഗങ്ങൾ സൃഷ്ടിച്ചതാണെന്ന് വ്യക്തം. അവരുടെ നേട്ടങ്ങൾ തന്നെയാവണം പുതിയ അധികാരിവർഗ്ഗം അവരെ താഴ്ത്തിക്കെട്ടാൻ കാരണമായത്.  




Wednesday, December 12, 2012

രാഷ്ട്രീയത്തിലെ മൊത്ത-ചില്ലറ വ്യാപാരികൾ



ബി.ആർ.പി. ഭാസ്കർ

ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം നേടാനായതിൽ കേന്ദ്ര സർക്കാരിന് ആഹ്ലാദിക്കാൻ വകയുണ്ട്. എന്നാൽ ജനാധിപത്യപ്രക്രിയയിൽ വിശ്വസിക്കുന്ന ആർക്കും ആ ആഹ്ലാദത്തിൽ പങ്കു ചേരാനാവില്ല. കാരണം രാഷ്ട്രീയ കക്ഷികൾ മൊത്തമായും ചില്ലറയായും ജനാധിപത്യം വില്പന നടത്തുന്ന കാഴ്ചയാണ്  പാർലമെന്റിലെ രണ്ട് സഭകളിലും കണ്ടത്.

ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തുതന്നെ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ചില്ലറ വ്യാപാര മേഖല വിദേശകുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പുറത്തു നിന്ന് സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതുകക്ഷികളുടെ എതിർപ്പുമൂലം അത് ചെയ്യാനായില്ല. അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻ‌വലിച്ചതോടെ നേരത്തെ ചെയ്യാനാകാതിരുന്ന പരിപാടികൾ സർക്കാർ ഏറ്റെടുക്കാൻ തുടങ്ങി. എന്നാൽ ഭരണ മുന്നണിയിൽ പെട്ട തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ. എന്നിവയുടെയും പുറത്തു നിന്ന് പിന്തുണക്കുന്ന ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയുടെയും എതിർപ്പു കാരണം രണ്ടാം യു.പി.എ. സർക്കാരിനും ചില്ലറ വ്യാപാരത്തിന്റെ കാര്യത്തിൽ  മുന്നോട്ടുപോകാനായില്ല. തൃണമൂൽ സഖ്യം വിട്ടതോടെ ഒരു എതിരാളി കുറഞ്ഞു. എന്നാൽ പാർലമെന്റ് അംഗങ്ങളിൽ ഭൂരിപക്ഷവും അപ്പോഴും ആ മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരായിരുന്നു. എന്നിട്ടും പരിപാടി നടപ്പിലാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അമേരിക്കയുടെ അതിശക്തമായ സമ്മർദ്ദം മൂലമാണ്.

മാന്ദ്യത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത അമേരിക്കയുടെ സമ്പദ് വ്യവസ്ഥക്ക് പുതുജീവൻ നൽകാൻ അവിടത്തെ സർക്കാരിന് വ്യവസായികൾക്ക് രാജ്യത്തിനുപുറത്ത് കൂടുതൽ നിക്ഷേപസാദ്ധ്യതകൾ ഉണ്ടാക്കിക്കൊടുത്തേ മതിയാകൂ. ചൈന ഉൾപ്പെടെ പല രാജ്യങ്ങളിൽ ഇപ്പോൾതന്നെ വലിയ സാന്നിദ്ധ്യമുള്ള വാൾമാർട്ട് എന്ന അമേരിക്കൻ ചില്ലറ ഭീമൻ ഏറെ നാളായി ഇന്ത്യ പടിവാതിൽ തുറക്കുന്നതു കാത്തു കിടക്കുകയായിരുന്നു. കാത്തിരിപ്പ് നീണ്ടുനീണ്ടു പോയപ്പോൾ ഭാരതി എന്ന വ്യവസായ ഗ്രൂപ്പിന്റെ സഹായത്തോടെ വാൾമാർട്ട് നുഴഞ്ഞു കയറാനും തുടങ്ങി. നിയമവിധേയമായാണോ അത് ചെയ്തതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ വെളിപ്പെട്ട  വിവരമനുസരിച്ച് ഇന്ത്യയിൽ കയറിപ്പറ്റാൻ വാൾമാർട്ട് വലിയ തുക ചെലവാക്കിയിട്ടുണ്ട്. അതിന്റെ പങ്ക് ആർക്കൊക്കെ കിട്ടിയെന്നത് ഇനിയും വരേണ്ടിയിരിക്കുന്നു.

വിദേശകുത്തകകളുടെ പ്രവേശം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ജീവിതം തകർക്കുമെന്നതുകൊണ്ടാണ് പല പാർട്ടികളും അതിനെ എതിർക്കുന്നത്. എന്നാൽ അത് കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കർ അവകാശപ്പെടുന്നു. മറ്റ് രാജ്യങ്ങളുടെ അനുഭവം ഇത് ശരിവെക്കുന്നില്ല. സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന കക്ഷികളുടെ എതിർപ്പ് കുറക്കുവാനായി വിദേശകമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുവാനുള്ള അധികാരം കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ട്. അഴിമതിയിലൂടെ കാര്യങ്ങൾ സാധിക്കുന്ന വിദേശ കമ്പനികൾക്ക് സംസ്ഥാന ഭരണാധികാരികളെ സ്വാധീനിച്ച് അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാനാകും.

ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങളും വിദേശികളുടെ പ്രവേശത്തെ തത്ത്വത്തിൽ എതിർക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നം സഭകൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ യു.പി.എ. സർക്കാർ പരമാവധി ശ്രമിച്ചു. എന്നാൽ അതിന് ഒടുവിൽ പ്രതിപക്ഷ സമ്മർദ്ദത്തിനു വഴങ്ങി വോട്ടെടുപ്പോടെയുള്ള ചർച്ചക്ക് സമ്മതം മൂളേണ്ടിവന്നു. ഒരു മുൻ‌മന്ത്രിയും എം.പിയും അഴിമതിക്കേസിൽ പെട്ടിരിക്കുന്നതുകൊണ്ട് ഭരണ മുന്നണി വിട്ടുപോകാൻ കഴിയാത്ത ഡി.എം.കെ. ആവർത്തിച്ചു പ്രഖ്യാപിച്ച എതിർപ്പ് മറന്നുകൊണ്ട് സർക്കാരിനൊപ്പം വോട്ടു ചെയ്തു. പക്ഷെ ലോക് സഭയിൽ സർക്കാരിന് രക്ഷപ്പെടാൻ അതു പോരായിരുന്നു. അതുകൊണ്ട് യു.പി.എ 22 അംഗങ്ങളുള്ള സമാജ്‌വാദി പാർട്ടിയും 21 അംഗങ്ങളുള്ള  ബി.എസ്.പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പാക്കി. ഈ കക്ഷികളുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള വിടവ് ജനാധിപത്യത്തിന് അവർ എത്ര തുച്ഛമായ വിലയാണ് കല്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സർക്കാർ എന്ത് പ്രത്യുപകാരമാണാവോ അവർക്ക്  വാഗ്ദാനം ചെയ്തിട്ടുള്ളത്?

ലോക് സഭയൊട് ഉത്തരാവാദിത്വമുള്ള മന്ത്രിസഭയാണ് ഭരണഘടന വിഭാവന ചെയ്യുന്നത്.  ആ സഭയിലെ വോട്ടെടുപ്പിൽ തോറ്റാൽ സർക്കാർ രാജിവെക്കണം. മന്ത്രിസഭക്ക് രാജ്യസഭയുമായി അതേതരത്തിലുള്ള ബന്ധമില്ലെങ്കിലും അവിടെയും പരാജയം ഒഴിവക്കാൻ യു.പി.എ കിണഞ്ഞു ശ്രമിച്ചു. ആ സഭയിലെ നില ലോൿസഭയിലേതിനേക്കാൾ പരിതാപകരമായതുകൊണ്ട് അവിടെ വ്യത്യസ്തമായ തന്ത്രം പയറ്റി. ബി.എസ്.പിയെ കൊണ്ട് അവിടെ സർക്കാരിനോടൊപ്പം വോട്ട് ചെയ്യിപ്പിച്ചു. സർക്കാർ തീരുമാനത്തെ എതിർക്കുന്നുവെന്ന് പറയുകയും പാർലമെന്റിൽ ആ തീരുമാനത്തിന്  അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്യുന്നത്, മിതമായ ഭാഷയിൽ പറഞ്ഞാൽ, കാപട്യമാണ്.

ചില്ല്ലറവ്യാപാരവിഷയത്തിൽ ചെറിയ പാർട്ടികൾ രാഷ്ട്രീയം ചില്ലറ വില്പന നടത്തിയപ്പോൾ ഭരണ പ്രതിപക്ഷ മുന്നണികളെ നയിക്കുന്ന കോൺഗ്രസും ബി.ജെ.പിയും മൊത്തവ്യാപാരമാണ് നടത്തിയത്. ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാൻ ആദ്യം നയപരമായ തീരുമാനമെടുത്തത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തു. ഭരണത്തിലെത്തിയപ്പോൾ കോൺഗ്രസും ഭരണം നഷ്ടപ്പെട്ടപ്പോൾ ബി.ജെ.പിയും നിലപാട് മാറ്റി. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ യു.പി.എ സർക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നാണ് ബി.ജെ.പി. ഇപ്പോൾ പറയുന്നത്. ഭാരതി ഗ്രൂപ്പിന്റെ മറവിൽ ഇന്ത്യയിൽ കടന്നു കൂടിയ വാൾമാർട്ട് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. മുന്നും ബി.ജെ.പി. അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. ഇവിടെയും പ്രകടമാകുന്നത് വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരമാണ്.

Monday, December 10, 2012

ആഗോളപ്രതിഭാസത്തെ നേരിടാൻ ആഗോളശ്രമങ്ങൾ



ബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന് ഇന്ദിരാ ഗാന്ധി ഒരിക്കൽ പറയുകയുണ്ടായി. സ്വാഭാവികമായും സർക്കാരിനെതിരായ ആരോപണങ്ങളുടെ ഗൌരവം കുറച്ചുകാണാനുള്ള  ശ്രമമായാണ് എല്ലാവരും അതിനെ കണ്ടത്. എന്നാൽ അഴിമതി പ്രാചീനകാലം മുതൽ മിക്കവാറും എല്ലാ സമൂഹങ്ങളിലും നിലനിന്നിട്ടുണ്ടെന്നതാണ് വാസ്തവം. അതിനെക്കുറിച്ച് പല പഴയ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. ഇതിന്റെ അർത്ഥം അതിനെ ഒഴിവാക്കാനാവാത്ത ഒന്നായി അങീകരിക്കണമെന്നല്ല. നേരേമറിച്ച് അത് തടയാനുള്ള പ്രവർത്തനങ്ങൾ എല്ലാ കാലത്തും ഉണ്ടാകണമെന്നതാണ്. നിരന്തരമായ പ്രവർത്തനത്തിലൂടെ അഴിമതിയുടെ തോത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനെ ബാധിക്കാത്ത അളവിൽ ചുരുക്കി നിർത്താൻ തീർച്ചയായും കഴിയും.

അഗോളീകരണപ്രക്രിയയുടെ ഫലമായി അഴിമതി ലോകമൊട്ടുക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് ഇത് ആഗോളതലത്തിൽ അഴിമതിനിരുദ്ധ നടപടികൾ ആവശ്യമാക്കുന്നു.  ഐക്യരാഷ്ട്രസഭ 2003 ഒക്ടോബർ 31ന് ഒരു അഴിമതിവിരുദ്ധ ഉടമ്പടി (United Nations Convention Against Corruption) അംഗീകരിക്കുകയുണ്ടായി. സമൂഹങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും അഴിമതി ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെയും ഭീഷണിയെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന ആ രേഖ അത് സ്ഥാപനങ്ങളെ അട്ടിമറിക്കുകയും ജനാധിപത്യമൂല്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും സുസ്ഥിരവികസനത്തെയും നിയമവാഴ്ചയെയും തകർക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം അത് അഴിമതി തടയാനും പ്രതിരോധിക്കാനും കാര്യക്ഷമവും ഫലപ്രദവുമായ നടപടികൾ അന്താരാഷ്ട്ര സഹകരണത്തിലൂടെയും സാങ്കേതിക സഹായത്തിലൂടെയും സാധ്യമാക്കുന്നതിന് പ്രതിനിധികളെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.
ഉടമ്പടിക്കു രൂപം കൊടുത്ത ദിവസം തന്നെ ജനങ്ങളിൽ അഴിമതിയെ കുറിച്ചും അതിനെ പ്രതിരോധ്ഹിക്കുനതിൽ ഉടമ്പടിക്കുള്ള പങ്കിനെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ എല്ലാ കൊല്ലവും ഡിസംബർ 9 അഴിമതിവിരുദ്ധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയവും ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.  അഴിമതി എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്ന തിരിച്ചറിവാണ് ഈ നടപടികളിലേക്ക് ലോക സംഘടനയെ നയിച്ചത്.
അഴിമതിയെ കുറിച്ച് സമഗ്രമായ വീക്ഷണമാണ് ഐക്യരാഷ്ട്ര സഭക്കുള്ളത്. അധികാര സ്ഥാനമൊ വിശ്വാസമൊ ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കുന്നതിനെ മാത്രല്ല ധാർമ്മിക ബോധം തകർത്തുകൊണ്ടൊ സത്യസന്ധമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുകൊണ്ടൊ വിശ്വാസ്യത നഷ്ട്പ്പെടുത്തുന്നതിനെയും അത് അഴിമതിയായി കാണുന്നു. അത് ജനാധിപത്യത്തെ തകർക്കുകയും ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുകയും രാജ്യങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുകയും ചെയ്യുന്നതായി അത് വിലയിരുത്തുന്നു. കോഴ കൂടാതെ, പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ നിയമങ്ങൾ ലംഘിക്കുന്നതിനെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നീതിപൂർവ്വകമല്ലാത്ത മാറ്റങ്ങൾ വരുത്തുന്നതും തെറ്റുകൾ മറച്ചുവെക്കുന്നതും നടപടിയുണ്ടാകുമെന്ന വിശ്വാസത്തിൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ നിശ്ശബ്ദരാക്കുന്നതുമെല്ലാം അഴിമതിയുടെ പരിധിയിൽ വരുന്നു.

ഭരണകൂടങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്രസഭ അഴിമതിയിലേക്ക് ശ്രദ്ധ തിരിക്കുന്നതിനു മുമ്പെ ട്രാൻസ്പാരൻസി ഇന്റർനാഷനൽ എന്ന പേരിൽ ഒരു ആഗോളതല അഴിമതിവിരുദ്ധ സംഘടന നിലവിൽ വന്നിരുന്നു. ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പീറ്റർ ഐജൻ (Peter Eigen) മുൻ‌കൈയെടുത്ത് ബർലിൻ ആസ്ഥാനമായി 1993ൽ സ്ഥാപിച്ച ആ സംഘടനക്ക് ഇന്ത്യയുൾപ്പെടെ എഴുപതിൽപരം രാജ്യങ്ങളിൽ ശാഖകളുണ്ട്. മുന്നാം രാജ്യങ്ങൾക്ക് ലോക ബാങ്ക് അനുവദിക്കുന്ന പണം വ്യാപകമായ അഴിമതി കാരണം ഉദ്ദേശിക്കുന്ന ഗുണം ചെയ്യുന്നില്ലെന്ന് കണ്ടാണ് ഐജിൻ സർക്കാരിതര സംഘടനക്ക് രൂപം നൽകിയത്.  ട്രാൻസ്പാരൻസി 1995 മുതൽ ഓരോ കൊല്ലവും ബിസിനസുകാർക്കിടയിൽ സർവ്വേ നടത്തി വിവിധരാജ്യങ്ങളെ കുറിച്ച് വിവരം ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഒരു അഴിമതി അഭിവീക്ഷണ സൂചിക (Corruption Perception Index) പ്രസിദ്ധീകരിക്കുന്നുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി ന്യൂസിലണ്ട് ആയിരുന്നു 2011ലെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഴിമതി ഏറ്റവും കൂടിയ രാജ്യങ്ങളായി ഉത്തര കൊറിയയും സൊമാലിയയും ഏറ്റവും താഴെയും. ആകെ 182 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 95ആം സ്ഥാനത്തായിരുന്നു. (ഡിസംബർ 5ന് ഇക്കൊല്ലത്തെ പട്ടിക പുറത്തുവരുന്നതിനു മുമ്പാണ് ഇതെഴുതുന്നത്). ഒരു പതിറ്റാണ്ടിലേറെയായി ട്രാൻസ്പാരൻസി കോഴ കൊടുക്കുന്നവരെ കുറിച്ച് പഠനം നടത്തി കോഴ കൊടുക്കുന്നവരുടെ സൂചികയും (Bribe Payers Index) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും വൻ‌കിട കമ്പനികൾ ബിസിനസ് കിട്ടുന്നതിനായി കോഴ കൊടുക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് എക്സിക്യൂട്ടിവുകൾ നൽകുന്ന വിവരത്തെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 28 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ നെതർലണ്ടും സ്വിറ്റ്സർലണ്ടുമാണ്. അവസാന സ്ഥാനങ്ങളിൽ  ചൈനയും റഷ്യയും. ഇന്ത്യ 19ആം സ്ഥാനത്ത്.

വികസിതരാജ്യങ്ങളുടെ ചരിത്രം സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ ദ്രുതഗതിയിൽ വികസിച്ച കാലത്ത് അവയെല്ലാം ഗുരുതരമായ അഴിമതിപ്രശ്നം നേരിട്ടിരുന്നതായി കാണാം. ഇന്ത്യയിൽ കൊള്ളയടിച്ചുണ്ടാക്കിയ കാശുമായി തിരിച്ചത്തിയ ക്ലൈവിനെയും വാറൻ ഹേസ്റ്റിങ്സിനെയും ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്യുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അതിവേഗം വളർന്ന ജപ്പാനിലും തെക്കൻ കൊറിയയിലും സമീപകാലത്ത് ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ ചൈനയിലും ഭരണാധികാരികൾ അഴിമതി ആരോപണങ്ങൾ നേരിട്ടു. ഈ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിൽ അടിക്കടി അഴിമതി ആരോപണങ്ങൾ ഉയരുന്നതിൽ അത്ഭുതപ്പെടാനില്ല. അതെസമയം ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കുന്നതിന് പര്യാപ്തമായ സംവിധാനം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് അവഗണിക്കാനാവില്ല.

വ്യക്തിഗത അഴിമതിയേക്കാൾ ഗുരുതരമാണ് രാഷ്ട്രീയതല അഴിമതിപ്രശ്നം.  തെരഞ്ഞെടുപ്പ് ഭാരിച്ച ചെലവുള്ള പ്രക്രിയയായി തുടരുമ്പോൾ അതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവില്ല. ശക്തമായ അഴിമതിവിരുദ്ധ സംവിധാനത്തിന് രൂപം നൽകുന്നതോടൊപ്പം തെരഞ്ഞെടുപ്പ് സമ്പ്രദായം ഉചിതമായി പരിഷ്കരിക്കുക കൂടി ചെയ്താലെ അഴിമതി നിയന്ത്രണവിധേയമാക്കാൻ കഴിയൂ. (ജനപഥം, ഡിദംബർ 2012)

Thursday, November 29, 2012

നിയമസാധുതയില്ലാത്ത അമ്പല ഭരണം

തിരുവിതാംകൂർ പ്രദേശത്തെ അതിസമ്പന്നമായ രണ്ട് അമ്പലങ്ങളുടെ ഭരണം ഇപ്പോൾ നടക്കുന്നത് കോടതികളുടെ മേൽനോട്ടത്തിലാണ്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നിയന്ത്രിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സംവിധാനത്തിന് നിയമത്തിന്റെ പിൻ‌ബലമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ആ വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന സുപ്രീം കോടതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവിടെയുള്ള അമൂല്യ സമ്പത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ നിയമവിധേയമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ സംവിധാനം തുടരുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ദേവസ്വം ബോർഡിന്റെ സ്ഥാനത്ത് മറ്റൊന്ന് സ്ഥാപിക്കാനുള്ള നടപടികൾ യു.ഡി.എഫ് സർക്കാർ യഥാസമയം കൈക്കൊണ്ടില്ല. തന്മൂലം സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും ധാരാളം ഭകതരെ ആകർഷിക്കുന്ന ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൻ കീഴിലായി. ശബരിമല കാര്യങ്ങൾ നോക്കാൻ ഹൈക്കോടതി ഒരു ഉയർന്ന ഉദ്യോഗസ്ഥനെ നേരിട്ട് നിയോഗിക്കുകയും ചെയ്തു. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് സർക്കാർ പുതിയ ദേവസ്വം ബോർഡ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ ആ ബോർഡിന്റെ നിയമസാധുത സംശയാസ്പദമാണ്.

നിയമപ്രകാരം ബോർഡ് ഒരു ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ്. ചെയർമാനെയും ഒരംഗത്തെയും മന്ത്രിസഭയിലെ ഹിന്ദുക്കളും മൂന്നാമത്തെ അംഗത്തെ നിയമസഭയിലെ ഹിന്ദുക്കളുമാണ് തെരഞ്ഞെടുക്കേണ്ടത്. യു.ഡി.എഫ്. നിയമസഭാ കക്ഷികളിലുള്ളതിനേക്കാൾ ഹിന്ദുക്കൾ എൽ.ഡി.എഫ് കക്ഷികളിലുള്ളതിനാൽ മുന്നാമൻ ആരാകണമെന്ന് ആ മുന്നണിക്ക് നിശ്ചയിക്കാനാകും. അത് തടയാനുള്ള തന്ത്രങ്ങൾ മെനയാൻ യു.ഡി.എഫ് നേതൃത്വം കുറെ തല പുകച്ചു. വോട്ടവകാശം ദൈവവിശ്വാസികൾക്കു മാത്രമായി പരിമിതപ്പെടുത്താനും അങ്ങനെ വിശ്വാസികളെന്ന് പ്രഖ്യാപിക്കാൻ തയ്യാറല്ലാത്ത ഇടതുപക്ഷ എം.എൽ.എമാരെ അയോഗ്യരാക്കാനും പദ്ധതിയുണ്ടാക്കി. എൽ.ഡി.എഫിനു മാത്രമല്ല പൊതുസമൂഹത്തിനും അത് സ്വീകാര്യമാവില്ലെന്ന് ബോദ്ധ്യമായപ്പോൾ ആ കുതന്ത്രം ഉപേക്ഷിച്ചു. പക്ഷെ ബോർഡിലെ മൂന്നാം സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഹിന്ദു മന്ത്രിമാർ തെരഞ്ഞെടുത്തവർ രണ്ടു പ്രമുഖ ജാതിസംഘടനകളുടെ നേതാക്കൾ നാമനിർദ്ദേശം ചെയ്തവരാണ്. എൽ.ഡി.എഫ് സർക്കാർ ബോർഡിൽ സ്ത്രീകൾക്കും ദലിതർക്കും പ്രാതിനിധ്യം ഉറപ്പു വരുത്തിയിരുന്നു. പുതിയ ബോർഡിൽ ഈ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടാകണമെങ്കിൽ മൂന്നാമത്തെ അംഗത്തെ നിശ്ചയിക്കാൻ കഴിവുള്ള എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഒരു ദലിത് സ്ത്രീയെ തെരഞ്ഞെടുക്കാ‍നുള്ള സന്മനസ് കാട്ടണം.

ഹൈക്കോടതി നിയമവിധേയമല്ലെന്ന് കണ്ടെത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സംവിധാനം നിലവിൽ വന്നത് രണ്ട് പതിറ്റാണ്ട് മുമ്പാണ്. ഭരണഘടനയും നിയമങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ചുമതലപ്പെട്ട സർക്കാർ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നതെന്ന് അറിഞ്ഞില്ല. അഥവാ അറിഞ്ഞില്ലെന്ന് നടിച്ചു. ആ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംശയം തോന്നിയ ഭക്തൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. അമ്പലക്കാര്യങ്ങൾ കോടതി നിരീക്ഷണത്തിലിരിക്കുമ്പോഴും നിയമവ്യവസ്ഥകൾ ശരിയായി പാലിക്കാതെ മുന്നോട്ടു പോകാൻ അധികൃതർക്ക് കഴിയുന്നുവെന്നത് ആശങ്കക്ക് വക നൽകുന്നു.

അമ്പലഭരണം ചർച്ച ചെയ്യുമ്പോൾ ഹിന്ദുത്വവാദികൾ ഒരു ചോദ്യം ചോദിക്കാറുണ്ട്: എന്തുകൊണ്ടാണ് മുസ്ലിം ക്രൈസ്തവ പള്ളികളുടെ കാര്യം ചർച്ച ചെയ്യാത്തത്? വിവരക്കേടിൽ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. ചർച്ച ചെയ്യപ്പെടുന്ന അമ്പലങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പ് സർക്കാരിന്റെയൊ രാജാക്കന്മാരുടെയൊ നിയന്ത്രണത്തിലായിരുന്നു. അവരുടെ കീഴിൽ ഏതെങ്കിലും മുസ്ലിം പള്ളിയൊ ക്രൈസ്തവ പള്ളിയൊ ഉണ്ടായിരുന്നില്ല. മൺ‌റോ എന്ന വെള്ളക്കാരൻ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്താണ് സർക്കാരിന്റെ വരുമാനം കൂട്ടാൻ അമ്പലഭരണം ഏറ്റെടുത്തത്. തിരുവിതാംകൂർ, കൊച്ചി സംയോജന കാലത്ത് രണ്ട് സർക്കാരുകളുടെയും കീഴിലുണ്ടായിരുന്ന അമ്പലങ്ങളുടെ കാര്യങ്ങൾ നോക്കാൻ രാജാക്കന്മാർക്കു കൂടി പ്രാതിനിധ്യമുള്ള ദേവസ്വം ബോർഡുകളുണ്ടാക്കി. ആ അവസരത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നതുകൊണ്ട് അത് ബോർഡിന്റെ കീഴിൽ വന്നില്ല. മഹാരാജാവ് ഇന്ത്യാ ഗവണ്മെന്റുമായി ഒപ്പിട്ട ഉടമ്പടി പ്രകാരം അതിന്റെ ഭരണം അദ്ദേഹത്തിൽ തന്നെ നിക്ഷിപ്തമായി. രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷവും ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് തിരുവിതാംകൂർ മഹാരാജാവ് എന്ന പദവിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കുടുംബഭരണം ഏറ്റെടുത്ത മാർത്താണ്ഡവർമ്മക്ക് ആ പദവി ഇല്ലാത്തതുകൊണ്ട് അമ്പലത്തിന്റെ ഭരണം ഏറ്റെടുക്കാൻ അവകാശമുണ്ടായിരുന്നില്ലെന്നും അതോടെ അമ്പലത്തിന്റെ ഭരണച്ചുമതല സർക്കാരിൽ നിക്ഷിപ്തമായെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്. മതനിരപേക്ഷ സർക്കാരിന് അമ്പലം ഭരിക്കാനാവാത്തതുകൊണ്ട് നിയമം മൂലം ട്രസ്റ്റോ മറ്റെന്തെകിലും സംവിധാനമൊ ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കുകയൊ സ്റ്റേ ചെയ്യുകയൊ ചെയ്തിട്ടില്ല. പക്ഷെ മാർത്താണ്ഡവർമ്മയെ കൂടാതെ മുൻ‌രാജകുടുംബത്തിലെ ഒരു ഇളം‌മുറക്കാരനെ കൂടി അമ്പലഭരണത്തിൽ കൊണ്ടുവരാനാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ ശ്രമം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുൻ‌രാജകുടുംബത്തിന്റെ കീഴിൽ തുടരുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഹിന്ദുക്കൾ തിരുവിതാംകൂർ പ്രദേശത്തുണ്ടെന്ന് പൊതുവേദികളിലെ അഭിപ്രായപ്രകടനങ്ങൾ സൂചിപ്പിക്കുന്നു. അവരെ നയിക്കുന്നത് രണ്ട്  വികാരങ്ങളാണ്. ഒന്ന് ഫ്യൂഡൽ രാജഭക്തി. മറ്റേത് രാഷ്രീയ കക്ഷികളിലുള്ള വിശ്വാസക്കുറവ്. രണ്ടും ജനാധിപത്യവ്യവസ്ഥക്ക് നിരക്കുന്നതല്ല.

തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേൽ ജന്മാവകാശമുണ്ടെന്ന് കരുതുന്നവർ ഒരു കാര്യം ഓർക്കണം. തിരുവിതാംകൂർ സംസ്ഥാനമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനെ വേണാടിന്റെ തുടർച്ചയായി കാണുകയാണെങ്കിൽ തന്നെയും ഒൻപതാം നൂറ്റാണ്ടിനപ്പുറം പോകാനുള്ള രേഖകളൊന്നുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രമാകട്ടെ അതിനേക്കാൾ പിന്നിലേക്ക് പോക്കുന്നു.  തിരുവിതാംകൂർ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അമ്പലം ഭരിച്ച പോറ്റിയെ പുറത്താക്കുകയും എട്ട് നായർ പ്രമാണിമാരെ കൊന്നശേഷം ആ കുടുംബങ്ങളിലെ പെണ്ണുങ്ങളെ മുക്കുവന്മാർക്ക് കൊടുത്തതും ഹൈക്കോടതിവിധിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയാധികാരത്തിന്റെ ബലത്തിലാണ് തിരുവിതാംകൂർ രാജകുടുംബം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേലും പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിനുമേലും സാമൂതിരി കുടുംബം ഗുരുവായൂർ അമ്പലത്തിനുമേലും ആധിപത്യം നേടിയത്.

രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ഭയക്കുന്നവർ ജനാധിപത്യത്തെ കുറിച്ച് വേണ്ടത്ര ബോധമില്ലാത്തവരാണ്. രാഷ്ട്രീയകക്ഷികളിലൂടെയല്ലാതെ ജനാധിപത്യ ഭരണക്രമം മൂന്നോട്ടുകൊണ്ടുപോകാനാവില്ല. അവയെ ഒഴിവാക്കാനായി കാലഹരണപ്പെട്ട ഫ്യൂഡൽ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാനാവില്ല. അതേസമയം രാഷ്ട്രീയ സ്വാധീനമുള്ള സംവിധാനത്തിൻ കീഴിൽ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്ത് ഭദ്രമായിരിക്കുമോ എന്ന സംശയത്തെ അവഗണിക്കാനാവില്ല. വിപുലമായ ചർച്ചകളിലൂടെ ജനങ്ങൾക്ക്, പ്രത്യേകിച്ച് അമ്പലങ്ങളെ നിലനിർത്തുന്ന ഭക്തജനങ്ങൾക്ക്, സ്വീകാര്യമായ ഒരാധുനിക സംവിധാനം എത്രയും വേഗം സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

Wednesday, November 28, 2012

ബൂലോക സ്വാതന്ത്ര്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തും

രാഷ്ട്രീയ-ഭരണകൂട സംവിധാനങ്ങൾ സൈബർ സ്വാതന്ത്ര്യത്തിന് തടയിടാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ തെളിവാണ് ഫേസ് ബുക്കിലെ അഭിപ്രായപ്രകടനത്തിന് മഹാരാഷ്ട്ര പൊലീസ് ഷഹീൻ ധാദ, റിനു ശ്രീനിവാസൻ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവം.നിലവിലുള്ള ഐ.ടി. നിയമം നൽകുന്ന വിപുലമായ അധികാരങ്ങൾ ബൂലോകത്ത് യഥേഷ്ടം ഇടപെടാനുള്ള അവസരം അധികൃതർക്ക്  നൽകുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളെ പിണറായി വിജയന്റെ മാളികയുടെ വ്യാജ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഐ.ജി. ടോമിൻ തച്ചങ്കരി കേരളത്തിലേക്ക് വിളിച്ചുവരുത്തുകകയുണ്ടായി കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകനെതിരെ ട്വിറ്ററിൽ അഴിമതിയാരോപണം ഉന്നയിച്ച ഒരാളെ തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനർജിയെ പരിഹസിക്കുന്ന പടം പ്രചരിപ്പിച്ചതിന് പശ്ചിമ ബംഗാൾ പൊലീസ് യാദവ്‌പൂർ സർവകലാശാലയിലെ ഒരു പ്രൊഫസറെ തുറുങ്കിലടച്ചു. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുന്നതിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയിലെ പൊലീസാണ്. ദേശീയ ചിഹ്നങ്ങളെ ഹിതകരമല്ലാത്ത രീതിയിൽ കാർട്ടൂണുകളിൽ ഉൾപ്പെടുത്തിയ ഉത്തർ പ്രദേശുകാരനായ അസിം ത്രിവേദിക്കെതിരെ അവർ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബാൽ താക്കറെ മരിച്ചപ്പോൾ മുംബൈ ഹർത്താൽ ആചരിച്ചത് ആദരവ് മൂലമായിരുന്നില്ല, ഭീതി മൂലമായിരുന്നുവെന്ന് എഴുതിയതിനാണ് ഷഹീനെ അറസ്റ്റ് ചെയ്തത്. വിവിധജന വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നതാണ് ആ യുവതിക്കെതിരെ ചുമത്തിയ കുറ്റം. റിനു ഒന്നും എഴുതുകയൊ പ്രചരിപ്പിക്കുകയൊ ചെയ്തില്ല. ഷഹീൻ എഴുതിയത് ഇഷ്ടപ്പെട്ടെന്ന് രേഖപ്പെടുത്തുകയെ ചെയ്തുള്ളു. അക്രമത്തിലൂടെ ഭീതി പരത്തിയാണ് താക്കറെ മഹാരാഷ്ട്രയിൽ ശിവസേനയെ വളർത്തിയതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. രാജ്യത്ത് ഹർത്താലുകൾ വിജയിക്കുന്നത് അവ ആഹാനം ചെയ്യുന്ന കക്ഷികളോടുള്ള ആഭിമുഖ്യം മൂലമല്ല, അക്രമം നടത്താനുള്ള അവരുടെ ശേഷിയെ കുറിച്ചുള്ള ബോധം മൂലമാണ്. ദേശീയ ഹർത്താൽ ആഹ്വാനങ്ങളോടുള്ള പ്രതികരണം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇടതുപക്ഷ ആഹ്വാനം കേരളത്തിൽ വിജയിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ അത് ഒരു ചലനവും സൃഷ്ടിക്കാത്തത് അവിടെ ജനങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്താനുള്ള കഴിവ് പ്രസ്ഥാനത്തിനില്ലാത്തതുകൊണ്ടാണ്.

എല്ലാവർക്കും പ്രാപ്യമായതും ബാഹ്യനിയന്ത്രണമില്ലാത്തതുമായ മാധ്യമമാണ് ഇന്റർനെറ്റ്. അച്ചടിമാദ്ധ്യമങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും ദ്വാരപാലകരുണ്ട്. അവരുടെ അറിവും അനുവാദവും കൂടാതെ അവിടെ അഭിപ്രായപ്രകടനം നടത്താനാവില്ല. എന്നാൽ കമ്പ്യൂട്ടറൊ മൊബൈലൊ ഉപയോഗിച്ച് ഏതൊരാൾക്കും സൈബർസ്പേസിൽ പ്രവേശിച്ച് എന്തും എഴുതാം. ഇന്റർനെറ്റ് നൽകുന്ന ഈ സ്വാതന്ത്ര്യം ഭരണാധികാരികളെ ചൊടുപ്പിക്കുന്നു. അതുകൊണ്ടാണ് ഭരിക്കുന്ന കക്ഷികൾ വ്യത്യസ്തമാണെങ്കിലും സംസ്ഥാന സർക്കാരുകളുടെ സമീപനം ഒന്നാകുന്നത്. ആഗോളതലത്തിലും ഇതുതന്നെ അവസ്ഥ. അമേരിക്കയും ചൈനയും അവരവരുടേതായ രീതികളിൽ ഇന്റർനെറ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അമേരിക്കൻ സർക്കാരിന്റെ രഹസ്യങ്ങൾ പുറത്തുവിട്ട വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസ്സാഞ്ചെ എന്ന ആസ്ത്രേലിയക്കാരൻ അവരുടെ പിടിയിൽ പെടാതിരിക്കാൻ ഇക്വഡോർ എന്ന തെക്കെ അമേരിക്കൻ രാജ്യത്തിന്റെ ബ്രിട്ടനിലെ എംബസിയിൽ അഭയാർത്ഥിയായി കഴിയുകയാണ്. പല പാശ്ചാത്യ വെബ്സൈറ്റുകളും ചൈനക്കാർക്ക് അപ്രാപ്യമാണ്.

നവമാദ്ധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങളെ അപലപിക്കുമ്പോഴും ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെയുള്ള അവയുടെ പ്രവർത്തനം ചില പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നത് അവഗണിക്കാനാവില്ല. ചിലർ കള്ളക്കഥകൾ  പ്രചരിപ്പിച്ചതിന്റെ ഫലമായി വടക്കുകിഴക്കൻ സംസ്ഥാനക്കാർ ബംഗ്ലൂരുവിൽ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. മ്യാന്മാറിലെ വിദൂര പ്രദേശത്ത് മുസ്ലിങ്ങൾക്കെതിരെ അക്രമമ്മൂണ്ടായപ്പോൾ നേരത്തെ മറ്റൊരിടത്തു നടന്ന ലഹളയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ലോകമൊട്ടുക്ക് വംശീയ-വർഗ്ഗീയ വികാരം പടർത്താൻ ചിലർ ശ്രമിച്ചു. പല തീവ്രവാദി സംഘങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്ത കാലത്ത് ചില രാജ്യങ്ങളിൽ നടന്ന ഭരണമാറ്റത്തിൽ നവമാദ്ധ്യമങ്ങൾ ക്രിയാത്മകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ അത് പൊടുന്നനെ സംഭവിക്കുകയായിരുന്നില്ലെന്നും അതിന്റെ പിന്നിൽ ബാഹ്യ ഏജൻസികളുടെ തന്ത്രപൂർവ്വമായ ഇടപെടലുകളുണ്ടായിരുന്നെന്നും കരുതാൻ ന്യായമുണ്ട്. ഒരു സ്വതന്ത്ര മാദ്ധ്യമത്തിന്റെ പ്രവർത്തനത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവില്ല. എല്ലാ സ്വാതന്ത്ര്യങ്ങളും ദുരുപയോഗപ്പെടുത്താവുന്നവയാണല്ലൊ. സ്വാതന്ത്ര്യം ഇല്ലാതാക്കാതെ ദുരുപയോഗം എങ്ങനെ തടയാമെന്നാണ് ആലോചിക്കേണ്ടത്.

നവമാദ്ധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും അതിന്റെ ഫലമായുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അടിസ്ഥാനപരമായി അവ വ്യക്തികളുടെ മേഖലയാണ്. സ്വന്തം വിചാരവികാരങ്ങൾ പ്രകടിപ്പിക്കാൻ വേദികളില്ലാത്തവർക്ക് നേരിട്ട് അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകുകവഴി അവ ജനമനസുകളിൽ ഉയരുന്ന അസന്തുഷ്ടിയുടെ ആവി പുറത്തേക്ക് പോകാൻ സഹായിക്കുന്നു. ഇപ്പോൾ പല രാഷ്ട്രീയ പൊതുസമൂഹ സംഘടനകളും ഈ മണ്ഡലത്തിൽ സജീവമാണ്. അവയുടെ വക്താക്കൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ചാൽ ഗുണപരമായ ഫലം പ്രതീക്ഷിക്കാം. എന്നാൽ ഉപയോഗിക്കുന്നവരെല്ലാം ബുദ്ധിപൂർവകമായും ചുമതലാബോധത്തോടെയും പെരുമാറുമെന്ന് ഉറപ്പാക്കാനാവില്ല. ഇന്റർനെറ്റ് കൂട്ടായ്മകളിലെ സംവാദങ്ങൾ എന്നെ വിദ്യാർത്ഥികാലത്തെ കാഴ്ചകൾ ഓർമ്മിപ്പിക്കാറുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ചിലപ്പോൾ കല്ലെടുത്ത് കുളത്തിലെറിയും. അല്ലെങ്കിൽ മാവിലേക്ക്. അതുമല്ലെങ്കിൽ വഴിയെ പോകുന്ന പട്ടിയുടെ നേർക്ക്. അവർ അത് ചെയ്യുന്നത് കല്ല് കുളത്തിൽ ഉണ്ടാക്കുന്ന ഓളങ്ങൾ കാണാനൊ മാവിൽ നിന്ന് വീഴുന്ന മാങ്ങ പെറുക്കി തിന്നാനൊ പട്ടിയുടെ മോങ്ങൽ കേൾക്കാനൊ അല്ല, വെറുതെ ഒരു രസത്തിനാണ്. ചിലരുടെ കമന്റെഴുത്തും ഇത്തരത്തിലുള്ളതാണ്.

ദ്വാരപാലകരുടെ അഭാവത്തിൽ ദുരുപയോഗത്തിനുള്ള സാദ്ധ്യത കൂടുതലാണെങ്കിലും നവമാദ്ധ്യമങ്ങളുടെ കാര്യത്തിൽ മറ്റ് മാദ്ധ്യമങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ട കാര്യമില്ല. മാദ്ധ്യമം ഏതുമാകട്ടെ അഭിപ്രായപ്രകടനം നിയമപരിധിക്കുള്ളിൽ നിൽക്കുന്നെങ്കിൽ അധികൃതർ ഇടപെടരുത്. എന്നാൽ നിയമത്തിനു നിരക്കാത്തതാണെങ്കിൽ ഉചിതമായ നടപടിയെടുക്കണം. ഐ.ടി. നിയമം നൽകുന്ന അമിതമായ അധികാരം പൊലീസ് വ്യാപകമായി ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ ഭേദഗതി ആവശ്യമാണ്. എല്ലാ വിമതാഭിപ്രായത്തെയും ഭരണകൂടവിരുദ്ധതയായും എല്ലാ ഭരണകൂടവിരുദ്ധതയെയും രാജ്യദ്രോഹമായും കാണുന്ന തികച്ചും ജനാധിപത്യവിരുദ്ധമായ പ്രവണത ഭരണ കക്ഷികളിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അവരുടെ ആജ്ഞാനുവർത്തികളായ പൊലീസികാരുടെ സമീപനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയെ പരിഹസിക്കുന്നതും മന്ത്രിപുത്രനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതും ഒരു കക്ഷിയുടെ ആധിപത്യത്തിന്റെ അടിസ്ഥാനം ഭീതിയാണെന്ന് പറയുന്നതും തങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നെന്ന് ബന്ധപ്പെട്ടവർക്ക് തോന്നിയേക്കാം. പത്രങ്ങളാണ് ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതെങ്കിൽ കോടതിയിലൂടെയാണ് അവർ പരിഹാരം തേടുക. പുതിയ മാദ്ധ്യമങ്ങളുടെ കാര്യത്തിൽ മറ്റൊരു സമീപനം സ്വീകരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? പൊലീസ് ഇടപെടേണ്ട വിഷയമാണെങ്കിൽ തന്നെയും ഷഹീൻ, റിനു എന്നിവരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, പരാതി കിട്ടിയാലുടൻ ഒരന്വേഷണവും കൂടാതെ ആളുകളെ കസ്റ്റഡിയിലെടുക്കാവുന്നതല്ല. ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം തുടങ്ങിയ സുന്ദരമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എന്നാൽ അവയിൽ വിശ്വസിക്കുന്നവരല്ല തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നത്. ഈ വൈരുദ്ധ്യം നിലനിൽക്കുമ്പോൾ ജനാധിപത്യത്തിന്റെ ഗതി സുഗമമാകില്ല. വ്യത്യസ്ത ആശയങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുഅകയെ ഉള്ളു.     

Friday, November 23, 2012



പി.ജി.

“നമുക്കെന്തിനാണ് വായിക്കുന്നവർ, ചിന്തിക്കുന്നവർ! ലാൽ സലാം പിജി” ഇന്ന് വെളുപ്പിന് സിവിക് ചന്ദ്രനിൽ നിന്ന് ലഭിച്ച ഈ സന്ദേശത്തിലൂടെയാണ് പി.ഗോവിന്ദപ്പിള്ളയുടെ വിയോഗത്തെ കുറിച്ച് അറിഞ്ഞത്.

കഴിഞ്ഞ ഏതാനും വർഷക്കാലത്ത് വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങളാണ് പിജി നമുക്ക് തന്നത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത് അത്ഭുതത്തോടയാണ് ഞാൻ കണ്ടത്. ഇനിയും ധാരാളം അറിവ് പകർന്നു തരാൻ അദ്ദേഹത്തിനുണ്ടെന്നും ആർക്കുവേണ്ടിയും കാത്തുനിൽക്കാത്ത സമയവുമായി മത്സര ഓട്ടത്തിലാണ് അദ്ദേഹമെന്നും വ്യക്തമായിരുന്നു. ഒരു ജന്മനാളിൽ ആശംസ അറിയിക്കാൻ ചെന്നപ്പോൾ അതിനായി അദ്ദേഹം എത്രമാത്രം ക്ലേശം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. പതിവുപോലെ പിറന്നാളിനും അദ്ദേഹം എ.കെ.ജി. ഭവനിലെ മുറിയിലെത്തി വായനയിലും എഴുത്തിലും മുഴുകി. നല്ല പ്രകാശമുള്ള മേശവിളക്കിനരികിലാണ് ഇരിപ്പ്. കട്ടിയുള്ള കണ്ണട ധരിച്ചിട്ടുണ്ട്. പക്ഷെ ഭൂതക്കണ്ണാടി (മാഗ്‌നിഫയിങ് ഗ്ലാസ്) കൂടി ഉണ്ടായാലെ അച്ചടിച്ചതുപോലും വായിക്കാനാവൂ.

കക്ഷിരാഷ്ട്രീയം ജീവിതത്തിന്റെ നല്ല പങ്ക് അപഹരിച്ചിരുന്നില്ലെങ്കിൽ  നാനാവിഷയങ്ങളിലുള്ള പിജിയിൽ നിന്ന് എത്രയോ അധികം കൃതികൾ എത്രയൊ നേരത്തെ ലഭിക്കുമായിരുന്നല്ലൊ എന്ന ഞാൻ ചിന്തിച്ചുപോയി. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തിയെ തുടർന്ന് ഇ.എം.എസ്. സമ്പൂർണ്ണകൃതികളുടെ എഡിറ്റിങ് ഉൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവായത് വിശാലസമൂഹത്തിന് കൂടുതൽ പ്രയോജനപ്രദമായ ബൌദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു. പാർട്ടിയുടെ ശിക്ഷാനടപടി നാടിന് ഗുണകരമായെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിയിൽ ആത്മാർത്ഥത എപ്പോഴും പ്രകടമായിരുന്നു.

വ്യത്യസ്തമേഖലകളിൽ വികസിച്ചുകൊണ്ടിരുന്ന പുതിയ അറിവുകൾ മനസിലാക്കുകയും അവ മലയാളി സമൂഹത്തിന് പകർന്നു നൽകുകയുമാണ് പിജി അവസാനകാലത്ത് ചെയ്തത്. ഒരർത്ഥത്തിൽ ഒരു സർവകലാശാല ചെയ്യേണ്ടത് ഒറ്റക്ക് ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സർവകലാശാലകൾ കർത്തവ്യം ഫലപ്രദമായി നിർവഹിക്കുന്നില്ലെന്നത് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ കഠിനയജ്ഞത്തിന്റെ പ്രാധാന്യം വ്യക്തമാകും. കേരളത്തിലെ കലുഷിതമായ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ഒരു സർവകലാശാലാ പ്രഫസ്സറായിരുന്നെങ്കിൽ പാർട്ടി സൈദ്ധാന്തികനെന്നതിനപ്പുറം നിരവധി തലമുറകളുടെ ചിന്തയെ സ്വാധീനിച്ച ധിഷണാശാലിയായി പിജി രൂപാന്തരപ്പെടുമായിരുന്നെന്നാണ് എന്റെ വിശ്വാസം.

ദീർഘകാലം പുറത്തായിരുന്ന ഞാൻ കേരളത്തിൽ ഒരു പൊതുവേദിയിൽ ആദ്യമായി  പങ്കെടുത്തത് പിജിയുമൊത്താണ്. സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നിലം‌പൊത്തുന്ന സമയത്ത് ഡെക്കാൻ ഹെറാൾഡിനു വേണ്ടി ഞാൻ ആ രാജ്യങ്ങളിൽ ഒരു മാസം ചെലവഴിക്കുകയുണ്ടായി. മടക്കയാത്രയിൽ ഡൽഹിയിൽ കെ.പി.ഉണ്ണികൃഷ്ണനെ സന്ദർശിച്ചപ്പോൾ അദ്ദേഹം അക്കൊല്ലത്തെ സി.കെ. ഗോവിന്ദൻ നായർ അനുസ്മരണ പ്രഭാഷണം നടത്താൻ ആളെ അന്വേഷിക്കുകയായിരുന്നു. കിഴക്കൻ യൂറോപ്പിലെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം ഞാൻ സ്വീകരിച്ചു. കോട്ടയത്തായിരുന്നു പരിപാടി. എന്നെ കൂടാതെ സംസാരിക്കാനുണ്ടായിരുന്നത് പിജി മാത്രം. അദ്ദേഹം സംസാരിക്കുന്നതാകട്ടെ എനിക്കു ശേഷവും. എന്റെ നിരീക്ഷണങ്ങളോട് അദ്ദേഹം കർക്കശമായി പ്രതികരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അദ്ദേഹം ഞാൻ നിരത്തിയ വസ്തുതകളെ നിഷേധിക്കാനൊ അവഗണിക്കാനൊ ശ്രമിച്ചില്ല. കിഴക്കെ യൂറോപ്പിലെ സംഭവവികാസങ്ങളെ കുറിച്ച് ഞാൻ പറഞ്ഞതെല്ലാം സ്വീകാര്യമാണെന്നും എന്നാൽ അതിനോടൊപ്പം ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപാളിലും ഇറ്റലിയിലെ ഒരു നഗരത്തിലും ആയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും തെക്കെ അമേരിക്കയിലും ഇടതു പ്രസ്ഥാനങ്ങൾ വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസവും സത്യവും തമ്മിൽ ഒരിക്കലും പൊരുത്തക്കേടുണ്ടായിരുന്നില്ല.  

Wednesday, November 14, 2012

അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാൻ ശ്രമം

ബി.ആർ.പി. ഭാസ്കർ

അഴിമതി തടയാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ആണയിടുന്നുണ്ട്. എന്നാൽ സർക്കാരിന്റെ നടപടികൾ സൂചിപ്പിക്കുന്നത് അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാനുള്ള ശ്രമങ്ങളിലാണ് അത് ഏർപ്പെട്ടിരിക്കുന്നതെന്നാണ്.

അണ്ണാ ഹസാരെ നടത്തിയ ഗാന്ധിമാർഗ്ഗ സമരങ്ങൾ അഴിമതിയെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരികയുണ്ടായി. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ  അത്തരത്തിലുള്ള സമരങ്ങൾ വിജയകരമായി നടത്തിയതിന്റെ ഖ്യാതിയുമായാണ് അണ്ണാ ദേശീയരംഗത്ത് എത്തിയത്. എന്നാൽ ഗാന്ധിയുടെ സമരങ്ങളുടെ ചരിത്രം പഠിച്ച് ഉചിതമായ പാഠങ്ങൾ ഉൾക്കൊണ്ടയാളായിരുന്നില്ല  ബ്രിട്ടീഷ് ഭരണാധികരികൾക്കെതിരെ ഗാന്ധി നടത്തിയ നിസ്സഹകരണ പ്രസ്ഥാനം മുതൽ ക്വിറ്റ് ഇന്ത്യാ സമരം വരെയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണാതെയാണ് അവസാനിച്ചത്. അതേസമയം അവ പരാജയപ്പെട്ടെന്ന് പറയാനാവില്ല. കാരണം അദ്ദേഹവും പ്രസ്ഥാനവും വർദ്ധിത വീര്യത്തോടെയാണ് ഓരോ സമരവും അവസാനിപ്പിച്ചത്.  അണ്ണായുടെ ഓരോ സമരവും അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും വീര്യം കെടുന്ന പ്രതീതിയാണുണ്ടാകുന്നത്.

അണ്ണാ ഹസാരെ സംഘത്തിലെ മറ്റംഗങ്ങൾ ഗാന്ധിയന്മാരെന്ന് അവകാശപ്പെടാൻ കഴിയാത്തവരായിരുന്നു. പലരും സർക്കാരുദ്യോഗസ്ഥരെന്ന നിലയിൽ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അവരുടെ ഉപദേശപ്രകാരം പ്രവർത്തിച്ച അണ്ണാ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനാ സംവിധാനത്തെ തന്നെ വെല്ലുവിളിക്കാൻ തുടങ്ങി. അതോടെ രാഷ്ട്രീയരംഗത്തു നിന്ന് അഴിമതിവിരുദ്ധ സമരത്തിനു ലഭിക്കേണ്ട പിന്തുണ ക്രമേണ ഇല്ലാതായി. സർക്കാർ തീരെ തൃപ്തികരമല്ലാത്ത ഒരു ലോക് പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും എല്ലാവരും കൂടി ചേർന്ന് അതു തന്നെയും പുറന്തള്ളുകയും ചെയ്തു.

അണ്ണാ സംഘത്തിലെ ആദ്യ അംഗങ്ങളിൽ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചുകൊണ്ട് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ കക്ഷിയുണ്ടാക്കി നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. സമീപകാലത്ത് കേജ്രിവാൾ പുറത്തു കൊണ്ടുവന്ന അഴിമതിക്കഥകൾ അതിന്റെ ഭാഗമാണ്. കോൺഗ്രസിനെതിരെയായിരുന്നു ആദ്യ വെടി. പിന്നീട് ബി.ജെ.പി. അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. അതിനുശേഷം ഒരു വിദേശ ബാങ്കിൽ അക്കൌണ്ടുളുള്ളവരെ സംബന്ധിച്ച ചില വിവരങ്ങൾ പുറത്തു വിട്ടു. മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, നൽകുന്ന സഹായത്തോടെ കേജ്രിവാൾ ഇപ്പോൾ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി മദ്ധ്യവർഗ്ഗ മനസുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മാദ്ധ്യമസൃഷ്ടികൾക്ക് പരിമിതമായ ആയുസേയുള്ളൂ. ടെലിവിഷൻ ക്യാമറകളുടെ സഹായത്തോടെ വളർന്ന ഹസാരെ പ്രസ്ഥാനം അവ കണ്ണടച്ചപ്പോൾ പൊലിഞ്ഞ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലൊ.

ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സന്നദ്ധസംഘടനകൾ ജനകീയ പ്രശ്നങ്ങളിൽ  സജീവമായി ഇടപെടുന്നുണ്ട്. അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് നീതിപൂർവകമായ പരിഹാരം കാണുന്നതിനു പകരം സംഘടനകളുടെ സാമ്പത്തിക സ്രോതസുകൾ അടയ്ക്കാനും നേതാക്കളെ കുടുക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതേ സമീപനം തന്നെയാണ് സർക്കാർ അഴിമതിവിരുദ്ധ പ്രസ്ഥാന്ന്ങ്ങൾക്കെതിരെയും സ്വീകരിക്കുന്നത്. അണ്ണാ ഹസാരെയുടെ സമരകാലത്ത് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്റെയും സംഘത്തിലെ മറ്റംഗങ്ങളുടെയും ജീവിതങ്ങൾ ചികഞ്ഞു നോക്കിയിരുന്നു. അണ്ണായെ കുടുക്കാൻ പറ്റിയതൊന്നും കിട്ടിയില്ല. കേജ്രിവാൾ ഉദ്യോഗസ്ഥനായിരിക്കെ ചെയ്തെന്ന് പറയപ്പെടുന്ന ഒരു ക്രമക്കേടിന്റെ പേരിൽ നടപടിക്ക് ഉത്തരവിട്ടു.

സർക്കാർ ശരിയായ രീതിയിലാണൊ പണം ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ഭരണഘടന കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എന്ന ഉദ്യോഗസ്ഥന്റെ കീഴിൽ വലിയൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയാൽ സി.എ.ജി.യൊ അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അക്കൌണ്ടന്റ് ജനറൽമാരൊ ബന്ധപ്പെട്ട വകുപ്പിന്റെ വിശദീകരണം തേടുകയും അതുകൂടി പരിഗണിച്ചുകൊണ്ട് അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു. സർക്കാർ അത് പാർലമെന്റിന്റെ (അല്ലെങ്കിൽ നിയമസഭയുടെ) മുന്നിൽ വെക്കുന്നു. സഭയുടെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അത് പരിശോധിച്ച് നടപടി ശുപാർശ ചെയ്യുന്നു. ഓഡിറ്റിലൂടെ പുറത്തു വന്നിരുന്നത് താരതമ്യേന ചെറിയ ക്രമക്കേടുകളായതുകൊണ്ട് വളരെക്കാലം ഈ സംവിധാനം വലിയ ശ്രദ്ധ പിടിച്ചുപറ്റിയില്ല. സ്വീഡനിലെ റേഡിയോ ബോഫോഴ്സ് അഴിമതി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് സി.എ.ജി. നടത്തിയ അന്വേഷണത്തോടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി.     

തുടക്കത്തിൽ സി.എ.ജി. സംവിധനത്തിന്റെ തലവൻ ഇൻഡ്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു. ഭരണാധികാരികൾക്ക് ആ സർവീസിന്റെ പോക്ക് ഇഷ്ടമാകാതെ വന്നപ്പോൾ തലപ്പത്ത് വിശ്വസിക്കാവുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെച്ചുകൊണ്ട് അതിനെ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങി. ഇപ്പോഴിതാ വിനോദ് റായ് എന്ന കേരളാ കാഡർ ഐ.എ.എസുകാരന്റെ കീഴിലും അത് തലവേദനയാകുന്നു. ലേലം വിളിക്കാതെ മൊബൈൽ കമ്പനികൾക്ക് സ്പെക്ട്രം നൽകിയതിനെ സി.എ.ജി. വിമർശിച്ചതോടെ സർക്കാർ വക്താക്കൾ അദ്ദേഹത്തിനു നേരെ തിരിഞ്ഞു. കൊല്ലങ്ങൾക്കു മുമ്പ് ചീഫ് ഇലക്ഷൻ കമ്മിഷണറുടെ അധികാരങ്ങൾ ഉപയോഗിച്ച് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ ടി.എൻ. ശേഷനെ ഒതുക്കാൻ ഇലക്ഷൻ കമ്മിഷനെ മൂന്നംഗ സംവിധാനമാക്കിയതുപോലെ സി.എ.ജി സംവിധാനവും വിപുലീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന വാർത്തകൾ അഴിമതിക്കഥകൾ പുറത്തുവരുന്നത് തടയാൻ ഏതറ്റം വരെ പോകാനും സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുന്നു.

ഇലക്ഷൻ കമ്മിഷണർ  എന്ന നിലയിൽ രാഷ്ട്രീയനേതൃത്വത്തെ അലോസരപ്പെടുത്തിയ ശേഷൻ നേരത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിൽ അതിന്റെ കണ്ണിലുണ്ണിയായിരുന്നു. കശ്മീർ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഷേക്ക് അബ്ദുള്ള കൊഡൈക്കനാലിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ അവിടെ യുവ ഉദ്യോഗസ്ഥനായിരുന്നു ശേഷൻ. ഷേക്ക് അബ്ദുള്ളയെ ഇടയ്ക്ക് സന്ദർശിച്ചിരുന്ന ഒരു അയൽവാസിയെ വിദ്യുച്ഛക്തിയും വെള്ളവും നിഷേധിച്ച് ബുദ്ധിമുട്ടിച്ചതാണ് ശേഷൻ അന്ന് നടത്തിയ ധീരപ്രകടനങ്ങളിലൊന്ന്. ചീഫ് ഇലക്ഷൻ കമ്മിഷണറായിരിക്കെ രാഷ്ട്രീയ കക്ഷികളെ വിറപ്പിച്ച ശേഷൻ ആ ജോലി വിട്ടശേഷം തെരഞ്ഞെടുപ്പ് ടിക്കറ്റിനായി പല കക്ഷി നേതാക്കളെയും സമീപിക്കുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത് അധികാരപ്രമത്തത ആയിരുന്നെന്നാണ്. ബോഫോഴ്സ് കാലം തൊട്ടുള്ള സി.എ.ജി. സംവിധാനത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനെ മുന്നോട്ടു നയിക്കുന്നത് തലപ്പത്തുള്ള ഉദ്യോഗസ്ഥന്റെ അധികാരപ്രമത്തതയല്ല, അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വലിയൊരു നിര ഐ.എ. ആൻഡ് എ.എസ് ഉദ്യോഗസ്ഥന്മാരുടെ ഭരണ സംവിധാനം മെച്ചപ്പെടണമെന്ന ആഗ്രഹ്മാണെന്ന് കാണാം. ആ ആഗ്രഹം അവർ ഉപേക്ഷിക്കാത്തിടത്തോളം തലപ്പത്തെ അഴിച്ചുപണി കൊണ്ട് സർക്കാരിന്  സംവിധാനത്തെ ദുർബലപ്പെടുത്താനാവില്ല.