Monday, December 10, 2012

ആഗോളപ്രതിഭാസത്തെ നേരിടാൻ ആഗോളശ്രമങ്ങൾബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന് ഇന്ദിരാ ഗാന്ധി ഒരിക്കൽ പറയുകയുണ്ടായി. സ്വാഭാവികമായും സർക്കാരിനെതിരായ ആരോപണങ്ങളുടെ ഗൌരവം കുറച്ചുകാണാനുള്ള  ശ്രമമായാണ് എല്ലാവരും അതിനെ കണ്ടത്. എന്നാൽ അഴിമതി പ്രാചീനകാലം മുതൽ മിക്കവാറും എല്ലാ സമൂഹങ്ങളിലും നിലനിന്നിട്ടുണ്ടെന്നതാണ് വാസ്തവം. അതിനെക്കുറിച്ച് പല പഴയ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. ഇതിന്റെ അർത്ഥം അതിനെ ഒഴിവാക്കാനാവാത്ത ഒന്നായി അങീകരിക്കണമെന്നല്ല. നേരേമറിച്ച് അത് തടയാനുള്ള പ്രവർത്തനങ്ങൾ എല്ലാ കാലത്തും ഉണ്ടാകണമെന്നതാണ്. നിരന്തരമായ പ്രവർത്തനത്തിലൂടെ അഴിമതിയുടെ തോത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനെ ബാധിക്കാത്ത അളവിൽ ചുരുക്കി നിർത്താൻ തീർച്ചയായും കഴിയും.

അഗോളീകരണപ്രക്രിയയുടെ ഫലമായി അഴിമതി ലോകമൊട്ടുക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് ഇത് ആഗോളതലത്തിൽ അഴിമതിനിരുദ്ധ നടപടികൾ ആവശ്യമാക്കുന്നു.  ഐക്യരാഷ്ട്രസഭ 2003 ഒക്ടോബർ 31ന് ഒരു അഴിമതിവിരുദ്ധ ഉടമ്പടി (United Nations Convention Against Corruption) അംഗീകരിക്കുകയുണ്ടായി. സമൂഹങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും അഴിമതി ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെയും ഭീഷണിയെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന ആ രേഖ അത് സ്ഥാപനങ്ങളെ അട്ടിമറിക്കുകയും ജനാധിപത്യമൂല്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും സുസ്ഥിരവികസനത്തെയും നിയമവാഴ്ചയെയും തകർക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം അത് അഴിമതി തടയാനും പ്രതിരോധിക്കാനും കാര്യക്ഷമവും ഫലപ്രദവുമായ നടപടികൾ അന്താരാഷ്ട്ര സഹകരണത്തിലൂടെയും സാങ്കേതിക സഹായത്തിലൂടെയും സാധ്യമാക്കുന്നതിന് പ്രതിനിധികളെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.
ഉടമ്പടിക്കു രൂപം കൊടുത്ത ദിവസം തന്നെ ജനങ്ങളിൽ അഴിമതിയെ കുറിച്ചും അതിനെ പ്രതിരോധ്ഹിക്കുനതിൽ ഉടമ്പടിക്കുള്ള പങ്കിനെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ എല്ലാ കൊല്ലവും ഡിസംബർ 9 അഴിമതിവിരുദ്ധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയവും ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.  അഴിമതി എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്ന തിരിച്ചറിവാണ് ഈ നടപടികളിലേക്ക് ലോക സംഘടനയെ നയിച്ചത്.
അഴിമതിയെ കുറിച്ച് സമഗ്രമായ വീക്ഷണമാണ് ഐക്യരാഷ്ട്ര സഭക്കുള്ളത്. അധികാര സ്ഥാനമൊ വിശ്വാസമൊ ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കുന്നതിനെ മാത്രല്ല ധാർമ്മിക ബോധം തകർത്തുകൊണ്ടൊ സത്യസന്ധമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുകൊണ്ടൊ വിശ്വാസ്യത നഷ്ട്പ്പെടുത്തുന്നതിനെയും അത് അഴിമതിയായി കാണുന്നു. അത് ജനാധിപത്യത്തെ തകർക്കുകയും ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുകയും രാജ്യങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുകയും ചെയ്യുന്നതായി അത് വിലയിരുത്തുന്നു. കോഴ കൂടാതെ, പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ നിയമങ്ങൾ ലംഘിക്കുന്നതിനെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നീതിപൂർവ്വകമല്ലാത്ത മാറ്റങ്ങൾ വരുത്തുന്നതും തെറ്റുകൾ മറച്ചുവെക്കുന്നതും നടപടിയുണ്ടാകുമെന്ന വിശ്വാസത്തിൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ നിശ്ശബ്ദരാക്കുന്നതുമെല്ലാം അഴിമതിയുടെ പരിധിയിൽ വരുന്നു.

ഭരണകൂടങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്രസഭ അഴിമതിയിലേക്ക് ശ്രദ്ധ തിരിക്കുന്നതിനു മുമ്പെ ട്രാൻസ്പാരൻസി ഇന്റർനാഷനൽ എന്ന പേരിൽ ഒരു ആഗോളതല അഴിമതിവിരുദ്ധ സംഘടന നിലവിൽ വന്നിരുന്നു. ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പീറ്റർ ഐജൻ (Peter Eigen) മുൻ‌കൈയെടുത്ത് ബർലിൻ ആസ്ഥാനമായി 1993ൽ സ്ഥാപിച്ച ആ സംഘടനക്ക് ഇന്ത്യയുൾപ്പെടെ എഴുപതിൽപരം രാജ്യങ്ങളിൽ ശാഖകളുണ്ട്. മുന്നാം രാജ്യങ്ങൾക്ക് ലോക ബാങ്ക് അനുവദിക്കുന്ന പണം വ്യാപകമായ അഴിമതി കാരണം ഉദ്ദേശിക്കുന്ന ഗുണം ചെയ്യുന്നില്ലെന്ന് കണ്ടാണ് ഐജിൻ സർക്കാരിതര സംഘടനക്ക് രൂപം നൽകിയത്.  ട്രാൻസ്പാരൻസി 1995 മുതൽ ഓരോ കൊല്ലവും ബിസിനസുകാർക്കിടയിൽ സർവ്വേ നടത്തി വിവിധരാജ്യങ്ങളെ കുറിച്ച് വിവരം ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഒരു അഴിമതി അഭിവീക്ഷണ സൂചിക (Corruption Perception Index) പ്രസിദ്ധീകരിക്കുന്നുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി ന്യൂസിലണ്ട് ആയിരുന്നു 2011ലെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഴിമതി ഏറ്റവും കൂടിയ രാജ്യങ്ങളായി ഉത്തര കൊറിയയും സൊമാലിയയും ഏറ്റവും താഴെയും. ആകെ 182 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 95ആം സ്ഥാനത്തായിരുന്നു. (ഡിസംബർ 5ന് ഇക്കൊല്ലത്തെ പട്ടിക പുറത്തുവരുന്നതിനു മുമ്പാണ് ഇതെഴുതുന്നത്). ഒരു പതിറ്റാണ്ടിലേറെയായി ട്രാൻസ്പാരൻസി കോഴ കൊടുക്കുന്നവരെ കുറിച്ച് പഠനം നടത്തി കോഴ കൊടുക്കുന്നവരുടെ സൂചികയും (Bribe Payers Index) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും വൻ‌കിട കമ്പനികൾ ബിസിനസ് കിട്ടുന്നതിനായി കോഴ കൊടുക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് എക്സിക്യൂട്ടിവുകൾ നൽകുന്ന വിവരത്തെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 28 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ നെതർലണ്ടും സ്വിറ്റ്സർലണ്ടുമാണ്. അവസാന സ്ഥാനങ്ങളിൽ  ചൈനയും റഷ്യയും. ഇന്ത്യ 19ആം സ്ഥാനത്ത്.

വികസിതരാജ്യങ്ങളുടെ ചരിത്രം സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ ദ്രുതഗതിയിൽ വികസിച്ച കാലത്ത് അവയെല്ലാം ഗുരുതരമായ അഴിമതിപ്രശ്നം നേരിട്ടിരുന്നതായി കാണാം. ഇന്ത്യയിൽ കൊള്ളയടിച്ചുണ്ടാക്കിയ കാശുമായി തിരിച്ചത്തിയ ക്ലൈവിനെയും വാറൻ ഹേസ്റ്റിങ്സിനെയും ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്യുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അതിവേഗം വളർന്ന ജപ്പാനിലും തെക്കൻ കൊറിയയിലും സമീപകാലത്ത് ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ ചൈനയിലും ഭരണാധികാരികൾ അഴിമതി ആരോപണങ്ങൾ നേരിട്ടു. ഈ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിൽ അടിക്കടി അഴിമതി ആരോപണങ്ങൾ ഉയരുന്നതിൽ അത്ഭുതപ്പെടാനില്ല. അതെസമയം ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കുന്നതിന് പര്യാപ്തമായ സംവിധാനം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് അവഗണിക്കാനാവില്ല.

വ്യക്തിഗത അഴിമതിയേക്കാൾ ഗുരുതരമാണ് രാഷ്ട്രീയതല അഴിമതിപ്രശ്നം.  തെരഞ്ഞെടുപ്പ് ഭാരിച്ച ചെലവുള്ള പ്രക്രിയയായി തുടരുമ്പോൾ അതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവില്ല. ശക്തമായ അഴിമതിവിരുദ്ധ സംവിധാനത്തിന് രൂപം നൽകുന്നതോടൊപ്പം തെരഞ്ഞെടുപ്പ് സമ്പ്രദായം ഉചിതമായി പരിഷ്കരിക്കുക കൂടി ചെയ്താലെ അഴിമതി നിയന്ത്രണവിധേയമാക്കാൻ കഴിയൂ. (ജനപഥം, ഡിദംബർ 2012)

No comments: