Wednesday, January 20, 2016

മലയാളം നിലനിൽക്കണമെങ്കിൽ

ബി ആർ പി ഭാസ്കർ

എന്റെ തലമുറ ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ വിഷയങ്ങളും പഠിച്ചത്‌ ഇംഗ്ലീഷിലാണ്‌. അതിനിടെ അധ്യയനം പൂർണമായും മാതൃഭാഷയിലാക്കാൻ തിരുവിതാംകൂറിലെ രാജഭരണകൂടം തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ തമിഴ്‌ ബ്രാഹ്മണനായ കെമിസ്ട്രി അധ്യാപകൻ ഒരു ദിവസം ക്ലാസെടുക്കുമ്പോൾ ‘ഇനി മലയാളത്തിൽ പഠിപ്പിക്കാനുള്ളതാണ്‌, അതിനുള്ള പരിശീലനം തുടങ്ങട്ടെ’ എന്നു പറഞ്ഞുകൊണ്ട്‌ ഇംഗ്ലീഷിൽ നിന്ന്‌ മലയാളത്തിലേക്ക്‌ തിരിഞ്ഞതോർക്കുന്നു. ചില അധ്യാപകർ മലയാളത്തിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ തുടങ്ങി. എഴുപതു കൊല്ലം മുമ്പായിരുന്നു അത്‌. കാലമേറെ കഴിഞ്ഞിട്ടും മലയാളത്തിന്‌ ഹൈസ്കൂൾ തലത്തിനു മുകളിൽ അധ്യയന ഭാഷയാകാൻ കഴിഞ്ഞിട്ടില്ല.

സർവകലാശാലാ തലത്തിൽ എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിക്കാനാകുമെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല. വൈജ്ഞാനിക മേഖലയിൽ മലയാളം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പ്രധാന തടസം അടിസ്ഥാന ഗ്രന്ഥങ്ങൾ പലതും മലയാളത്തിൽ ലഭ്യമല്ലാത്തതാണ്‌, പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളിലും സാമൂഹ്യശാസ്ത്രങ്ങളിലും. ഈ കുറവ്‌ പരിഹരിക്കാൻ ഓരോ വിജ്ഞാന ശാഖയിലെയും പ്രമുഖ കൃതികൾ മികച്ച രീതിയിൽ പരിഭാഷപ്പെടുത്താൻ മലയാള സർവകലാശാല പദ്ധതി തയ്യാറാക്കിയിരിക്കുന്നു. സ്വാഗതാർഹമായ നീക്കമാണിത്‌. ഇതിന്‌ നേതൃത്വം നൽകുന്ന വൈസ്‌ ചാൻസലർ കെ ജയകുമാർ അഭിനന്ദനം അർഹിക്കുന്നു.

അധ്യയനഭാഷ സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ സർക്കാരാണ്‌. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 68 കൊല്ലക്കാലത്ത്‌ സർക്കാർ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്ന്‌ തീരുമാനിച്ചിരുന്നെങ്കിൽ ആവശ്യമായ മലയാള പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക അക്കാദമിക തലങ്ങളിൽ ഇതിനകം തുടങ്ങിയിരുന്നേനെ. സർവകലാശാലയിലെ അധ്യയനം മലയാളത്തിലാക്കാൻ സർക്കാർ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിച്ചാൽ ഭാഷ അതിനു സജ്ജമാണെന്നുറപ്പാക്കാനാണ്‌ മലയാള സർവകലാശാല ശ്രമിക്കുന്നത്‌.

ഇവിടെ തൊഴിലവസരങ്ങൾ കുറവായതിനാൽ മലയാളികൾ ജോലി തേടി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും പോകുന്നു. ആ നിലയ്ക്ക്‌ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കാനാകുമോ എന്ന ചോദ്യം പ്രസക്തമാണ്‌. ഇപ്പോൾ തന്നെ സ്കൂൾതലത്തിൽ കുട്ടികൾ വലിയ തോതിൽ ഇംഗ്ലീഷിലേക്ക്‌ ചുവടുമാറ്റം നടത്തുന്നുണ്ട്‌. ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠിച്ചാൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നതുകൊണ്ട്‌ അച്ഛനമ്മമാർ വൻ ത്യാഗം സഹിച്ച്‌ മക്കളെ അത്തരം സ്കൂളുകളിൽ അയക്കുന്നു. ഈ സാഹചര്യത്തിൽ മലയാളത്തിലുള്ള സർവകലാശാലാ പഠനം പലർക്കും സ്വീകാര്യമാകില്ല. എങ്കിലും ആവശ്യമുള്ളവർക്ക്‌ സർവകലാശാലാ തലത്തിൽ മലയാളത്തിൽ പഠിക്കാൻ കഴിയേണ്ടതാണ്‌. ഇന്ന്‌ സിവിൽ സർവീസ്‌ പരീക്ഷ മലയാളത്തിലും എഴുതാനാകും. ആ നിലയ്ക്ക്‌ ഇക്കാര്യം അധികൃതർ പരിശോധിക്കേണ്ടതാണ്‌.

സർവകലാശാലാ വിദ്യാഭ്യാസം മലയാളത്തിലാക്കിയില്ലെങ്കിൽ തന്നെയും വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ ഭാഷയിലുണ്ടാകേണ്ടത്‌ ഭാഷയുടെ നിലനിൽപിന്‌ ആവശ്യമാണ്‌. കേരളത്തെ കുറിച്ച്‌ പറയുമ്പോൾ ‘കൊച്ചു’ എന്ന വിശേഷണം നാം പതിവായി ഉപയോഗിക്കാറുണ്ട്‌. ധാരാളം വലിയ സംസ്ഥാനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭാഗമായതുകൊണ്ടാണ്‌ ഇതൊരു കൊച്ചുസ്ഥലമാണെന്ന ചിന്ത നമ്മുടെ മനസിൽ കടന്നുകൂടിയിട്ടുള്ളത്‌. വാസ്തവത്തിൽ കേരളം അത്ര ചെറുതല്ല. കമ്യൂണിസ്റ്റ്‌ സർക്കാരുകൾ നിലംപതിക്കുന്ന കാലത്ത്‌ കിഴക്കേ യൂറോപ്പ്‌ സന്ദർശിച്ചപ്പോൾ പോളണ്ട്‌ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും കേരളത്തേക്കാൾ ചെറുതാണെന്ന്‌ തെല്ല്‌ അത്ഭുതത്തോടെയാണ്‌ ഞാൻ മനസ്സിലാക്കിയത്‌.

ഇന്ത്യയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഏതാനും ഭാഷകളുണ്ടെങ്കിലും മലയാളം തീരെ ചെറിയ ഭാഷയല്ല. സംസാരിക്കുന്നയാളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകഭാഷകളുടെയിടയിൽ അത്‌ 34-ാ‍ം സ്ഥാനത്താണ്‌. ആ സ്ഥാനം നിലനിർത്താൻ നമുക്കാകുമോ എന്നത്‌ എളുപ്പം ഉത്തരം നൽകാവുന്ന ചോദ്യമല്ല.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തച്ഛനാണ്‌ ഭാഷയുടെ പിതാവ്‌ എന്നാണ്‌ നാം സ്കൂളിൽ പഠിച്ചത്‌. അങ്ങനെയെങ്കിൽ മലയാളത്തിന്‌ 600 കൊല്ലത്തെ പഴക്കമേയുള്ളു. എന്നാൽ അടുത്ത കാലത്ത്‌ നാം അതിന്റെ ചരിത്രം പിന്നോട്ട്‌ നീട്ടി ശ്രേഷ്ഠഭാഷാ പദവി നേടുകയുണ്ടായി. യഥാർത്ഥത്തിൽ പൂർവരൂപമായ പ്രാചീന തമിഴിൽ നിന്ന്‌ ഇന്നത്തെ തമിഴും മലയാളവുമൊക്കെ എന്നാണു വേർപെട്ടതെന്ന്‌ കൃത്യമായി പറയാനാവില്ല. ഭാഷ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്‌. മാറ്റങ്ങൾക്ക്‌ പല കാരണങ്ങളുമുണ്ടാകാം. ആ പ്രക്രിയക്കിടയിൽ ഭാഷകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.

ഭാഷ നിലനിൽക്കണമെങ്കിൽ അത്‌ ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഉപകരിക്കണം. അല്ലാത്തപക്ഷം മരണം സംഭവിക്കും. പത്രങ്ങൾ സംസ്കൃതത്തിൽ നിന്ന്‌ കടമെടുത്തുകൊണ്ട്‌ ഭാഷയെ വികസിപ്പിച്ചതിന്റെ ഫലമായി ഇന്ന്‌ മലയാളിയുടെ സംസാരഭാഷയിൽ ധാരാളം സംസ്കൃത പദങ്ങളുണ്ട്‌. ഇപ്പോൾ ചാനലുകൾ ഇംഗ്ലീഷ്‌ നമ്മുടെ ഭാഷയിലേക്ക്‌ കടത്തിവിടുകയാണ്‌. ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ്‌ എല്ലാ പരിപാടികൾക്കും മലയാള പേരുകളാണ്‌ നൽകിയത്‌. പിന്നീട്‌ വന്നവ പേരുകൾക്ക്‌ ഇംഗ്ലീഷിനെ ആശ്രയിച്ചു. ഇത്‌ മലയാളഭാഷയുടെ പരിമിതിയേക്കാൾ ചാനൽ പ്രവർത്തകരുടെ പരിമിതിയെയാണ്‌ വിളംബരം ചെയ്യുന്നത്‌.

ലോകം അറിവിന്റെ കാലത്ത്‌ പ്രവേശിച്ചിരിക്കുകയാണ്‌. അറിവ്‌ നൽകാൻ പര്യാപ്തമല്ലാത്ത ഭാഷയ്ക്ക്‌ പുതിയ കാലത്ത്‌ നിലനിൽക്കാനാകില്ല. മലയാള സർവകലാശാല അതിന്റേതായ രീതിയിൽ ഭാഷയെ അറിവിന്റെ ലോകത്തിന്‌ അനുയോജ്യമാക്കാൻ ശ്രമിക്കുകയാണ്‌. ഏതു വിഷയത്തിലും പഴയതും പുതിയതുമായ അറിവ്‌ ഇന്ന്‌ ഇന്റർനെറ്റിലൂടെ ഇംഗ്ലീഷിൽ ഉടനടി ലഭ്യമാണ്‌. തത്സമയ കമ്പ്യൂട്ടർ പരിഭാഷയിലൂടെ മറ്റ്‌ പല ഭാഷകളിലേക്ക്‌ ആ അറിവ്‌ സംക്രമിപ്പിക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്‌. ആ സംവിധാനം മലയാളിക്ക്‌ ഫലപ്രദമായി ഉപയോഗിക്കാനായാൽ നമ്മുടെ ഭാഷയുടെ വിജ്ഞാനദാരിദ്ര്യം മറികടക്കാനാകും. സർക്കാരും സാങ്കേതിക വിദഗ്ധരും സർവകലാശാലകളും ഈ വിഷയത്തിൽ താൽപര്യമെടുക്കണം.(ജനയുഗം, , ജനുവരി 20, 2016)

Wednesday, January 6, 2016

ജിജി തോംസണില്ലാതെ കഴിയാൻ കേരളത്തിനാകും

ബി ആർ പി ഭാസ്കർ
ജനയുഗം

ഈ മാസം അവസാനം സർവീസിൽ നിന്ന്‌ വിരമിക്കേണ്ട ചീഫ്‌ സെക്രട്ടറി ജിജി തോംസണിന്റെ കാലാവധി നീട്ടിക്കൊടുക്കാൻ സർക്കാർ ആലോചിക്കുന്നതായി ഒരു റിപ്പോർട്ട്‌ കണ്ടു. ഈ ഉദ്യോഗസ്ഥന്റെയെന്നല്ല ആരുടെയും സേവനം അത്രയ്ക്ക്‌ അനുപേക്ഷണീയമാണെന്ന വിശ്വാസമില്ലാത്തതുകൊണ്ട്‌ ഇത്‌ സത്യമാവില്ലെന്നാണ്‌ ഞാൻ കരുതുന്നത്‌. പക്ഷെ അതുറപ്പിക്കാനാവുന്നില്ല.

കഴിഞ്ഞ കൊല്ലമാണ്‌ ജിജി തോംസൺ ചീഫ്‌ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്‌. അദ്ദേഹത്തിനെ ആ സ്ഥാനത്തിനു പരിഗണിക്കപ്പെടുന്ന വേളയിൽ പാമൊലിൻ കേസിലെ പ്രതിപ്പട്ടികയിൽ പേരുള്ളതിനാൽ അദ്ദേഹത്തിന്റെ നിയമനം സുപ്രിം കോടതിയുടെ റൂളിങ്ങിന്‌ വിരുദ്ധമാകുമെന്ന വാദവുമായി പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദൻ മുന്നോട്ടു വന്നിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ നിയമിക്കൻ തീരുമാനിച്ചു കഴിഞ്ഞെന്ന്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കാലാവധി നീട്ടിക്കൊടുക്കാൻ ഉദ്ദേശമില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്‌ വാർത്ത പൂർണ്ണമായി തള്ളിക്കളയാനാവാത്തത്‌.

പാമൊലിൻ കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റൊരു ഐഎഎസ്‌ ഉദ്യോഗസ്ഥനായ പി ജെ തോമസിനെ കേന്ദ്രം മുഖ്യ വിജിലൻസ്‌ കമ്മിഷണറായി നിയമിച്ചിരുന്നു.
അഴിമതിക്കേസിലെ പ്രതിയെ ആ സ്ഥാനത്ത്‌ അവരോധിച്ചത്‌ അനുചിതമാണെന്ന്‌ സുപ്രിം കോടതി അഭിപ്രായപ്പെട്ടതിനെ തുടർന്ന്‌ അദ്ദേഹത്തിന്‌ സ്ഥാനം നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ്‌ അച്യുതാനന്ദൻ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കരുതെന്ന്‌ പറഞ്ഞത്‌.

തോമസിന്റെ കാര്യത്തിൽ സുപ്രിം കോടതി എടുത്ത തീരുമാനം തന്നെയും നീതിപൂർവകമായിരുന്നോ എന്ന്‌ സംശയിക്കാവുന്നതാണ്‌. കാരണം തോമസ്‌ കുറ്റവാളിയാണെന്ന്‌ ഒരു കോടതിയും കണ്ടെത്തിയിരുന്നില്ല.

കെ കരുണാകരന്റെ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്‌ 1992ലാണ്‌. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 1997ൽ പാമൊലിൻ ഇടപാടിലൂടെ സർക്കാരിന്‌ നഷ്ടം വരുത്തിയതിനു കരുണാകരൻ, മന്ത്രിയായിരുന്ന ടി എച്ച്‌ മുസ്തഫ, പി ജെ തോമസ്‌, ജിജി തോംസൺ എന്നിവർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്യപ്പെട്ടു. ആ സർക്കാരിന്റെ കാലത്തോ തുടർന്നു വന്ന യുഡിഎഫ്‌ സർക്കാരിന്റെ കാലത്തോ പിന്നീടു വന്ന അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തോ കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അതിനിടെ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരും കേസുമായി ബന്ധപ്പെട്ട്‌ ഉയർന്നു വന്നു. കരുണാകരനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നതിനും തോമസിനും ജിജി തോംസണിനും സർവീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും എങ്ങും എത്താതെ കിടന്ന പാമൊലിൻ കേസ്‌ തടസമായില്ല.

ഒരു കേസ്‌ അനന്തമായി നീളുകയും അതിന്റെ പേരിൽ ഒരാൾക്ക്‌ പുതിയ സ്ഥാനം നിഷേധിക്കുകയും ചെയ്യുമ്പോൾ അയാൾ വിചാരണ കൂടാതെ ശിക്ഷിക്കപ്പെടുകയാണ്‌. ആ നിലയ്ക്ക്‌ ഉമ്മൻ ചാണ്ടി സർക്കാർ ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചത്‌ തെറ്റായിരുന്നെന്ന്‌ പറയാനാവില്ല. എന്നാൽ വിരമിച്ചശേഷവും ജിജി തോംസൺ തുടരണമെന്ന്‌ ഉമ്മൻചാണ്ടി ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കണം.

സർക്കാരിനെ ഒന്നിലധികം തവണ ബുദ്ധിമുട്ടിച്ച ചീഫ്‌ സെക്രട്ടറിയാണ്‌ ജിജി തോംസൺ. പാമൊലിൻ കേസിൽ നിരപരാധിയാണെന്ന്‌ പത്രസമ്മേളനത്തിലൂടെ സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമം മന്ത്രിമാരുടെ പരാതി വിളിച്ചു വരുത്തുകയും തന്റെ അപ്രീതി പരോക്ഷമായാണെങ്കിലും പരസ്യമായി പ്രകടിപ്പിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയും ചെയ്തു.

എതിർക്കുന്നവരെ അറസ്റ്റ്‌ ചെയ്തുകൊണ്ട്‌ ഗ്യാസ്‌ പൈപ്പ്‌ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന്‌ ജിജി തോംസൺ ഒരിക്കൽ പറയുകയുണ്ടായി. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ ആ പ്രഖ്യാപനം തള്ളിക്കൊണ്ട്‌ പത്രക്കുറിപ്പ്‌ ഇറക്കേണ്ടിവന്നു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ മതം പ്രചരിപ്പിക്കാനുള്ള സഭയുടെ കടമയെ കുറിച്ച്‌ ജിജി തോംസൺ സംസാരിച്ചു. ആ പ്രസ്താവം ഹിന്ദുത്വ ചേരിയെ ചൊടിപ്പിച്ചു. അദ്ദേഹത്തെ ചീഫ്‌ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ നീക്കണമെന്ന്‌ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടുകാലത്തെ പരിചയ സമ്പത്തുള്ള ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥനിൽ നിന്ന്‌ ഉണ്ടാകാൻ പാടില്ലത്ത അനൗചിത്യങ്ങളാണ്‌ ചീഫ്‌ സെക്രട്ടറിയെന്ന നിലയിൽ ജിജി തോംസണിൽ നിന്ന്‌ കഴിഞ്ഞ ഒരു കൊല്ലക്കാലത്തുണ്ടായത്‌.

ഇപ്പോൾ കേന്ദ്രത്തിൽ ഗ്രാമീണ വികസന വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന എസ്‌ എം വിജയാനന്ദ്‌, സംസ്ഥാന ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊ എന്നിവരാണ്‌ ജിജി തോംസൺ വിരമിക്കുമ്പോൾ ഒഴിവാകുന്ന സ്ഥാനത്തേക്ക്‌ സർവീസിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പരിഗണന അർഹിക്കുന്ന കേരളാ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥരെന്ന്‌ ഒരു വാർത്താറിപ്പോർട്ടിൽ നിന്ന്‌ മനസിലാക്കുന്നു.

ഇരുവരും നല്ല സേവന പാരമ്പര്യമുള്ളവരാണ്‌. ആ നിലയ്ക്ക്‌ ജിജി തോംസൺ പോയാൽ കേരളം അറബിക്കടലിൽ താണുപോകുമെന്ന്‌ ഭയപ്പെടേണ്ടതില്ല. ഏതായാലും അദ്ദേഹത്തെ കൂടാതെ കഴിയാൻ കേരളത്തിനാകും.

Friday, January 1, 2016

യാത്രകൾ കൊണ്ട് കേരളം രക്ഷപ്പെടില്ല

ബി.ആർ.പി. ഭാസ്കർ
ജനശക്തി

നിയമസഭാ തെരഞ്ഞെടുപ്പുകാലം എത്തിക്കഴിഞ്ഞു. വോട്ടെടുപ്പിന് ആറു മാസമുണ്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദ്യ കേരള സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദി ബി.ജെ.പി പ്രചാരണത്തിന് തുടക്കം കുറിക്കാൻ ആ അവസരം വിനിയോഗിച്ചു. കേരള നിയമസഭയിൽ അക്കൌണ്ട് തുറക്കുകയെന്ന മിതമായ മോഹമേ പാർട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഇതുവരെ പ്രകടിപ്പിച്ചിരുന്നുള്ളു. എന്നാൽ സംഘ പരിവാർ നിരയിൽ നിന്ന് പാർട്ടിയുടെ സംസ്ഥാന നേതൃപദവിയിലേക്കുയർത്തപ്പെട്ട കുമ്മനം രാജശേഖരൻ അക്കൌണ്ട് തുറക്കാനല്ല ഭരിക്കാനാണു മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായതല്ല.  ഹിന്ദുത്വത്തിന്റെ ചിന്താപദ്ധതിയിലെ പല അംശങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ സാമൂഹ്യപരിഷ്കർത്താക്കൾ മുന്നോട്ടുവെച്ച ആശയങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. സംഘ പരിവാറിന്റെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമ്മിതിയാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയം ശ്രീനാരായണഗുരുവിന്റെ ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ നവോത്ഥാന സങ്കല്പത്തിനു കടകവിരുദ്ധമാണ്. അതുകൊണ്ടാണ് സംഘ പരിവാർ അറുപതിലേറെ കൊല്ലമായി പരിശ്രമിച്ചിട്ടും ജനസംഘത്തിനും അതിന്റെ പിൻ‌ഗാമിയായ ബി.ജെ.പിക്കും ഇക്കാലമത്രയും കേരള നിയമസഭയിൽ പ്രവേശിക്കാനാകാഞ്ഞത്.

ബി.ജെ.പിക്ക് പ്രതീക്ഷക്ക് വക നൽകുന്ന ചില സാഹചര്യങ്ങൾ അടുത്ത കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം നേടി അധികാരത്തിലേറാനായതാണ് ഇതിലൊന്ന്  വിജയിക്കൊപ്പം നിൽക്കാനുള്ള ഇന്ത്യാക്കാരുടെ സന്നദ്ധതയാണ് ഉപഭൂഖണ്ഡത്തിൽ ആധിപത്യം നേടാൻ തങ്ങളെ സഹായിച്ചതെന്ന് ഒരു ആദ്യകാല ബ്രിട്ടീഷ് ഗവർണർ ജനറൽ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ കോൺഗ്രസിനെ പിന്തള്ളി ഏറ്റവും വലിയ കക്ഷിയായി മാറിയ സാഹചര്യം പ്രയോജനപ്പെടുത്തി  തെക്കൻ പ്രദേശങ്ങളിൽ ‘ഹനുമാൻ മനോഭാവം’ പുലർത്തുന്നവരെ കണ്ടെത്തി അവരിലൂടെ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും അതിന്റെ പിന്നിലെ ശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘവും.എസ്.എൻ.ഡി.പി യോഗത്തിന്റെയും കേരള പുലയ മഹാസഭയുടെയും ചില നേതാക്കൾ  ഹനുമാൻ വേഷമിടാൻ തയ്യാറായി കഴിഞ്ഞു.

ജാതിമത സംഘടനകളുടെ നേതാക്കളെ നയിക്കുന്നത് സമൂഹ താല്പര്യങ്ങളേക്കാൾ സ്വാർത്ഥ താല്പര്യങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയ കക്ഷികൾക്ക് അവരെ വരുതിയിലാക്കാൻ എളുപ്പമാണ്, പ്രത്യേകിച്ചും അധികാരത്തിലിരിക്കുമ്പോൾ. എന്നാൽ ആ നേതാക്കൾക്കൊപ്പം സാധാരണഗതിയിൽ അണികൾ പോകില്ല. കാരണം അവരുടെ ആഗ്രഹാഭിലാഷങ്ങൾ വ്യത്യസ്തമാണ്. സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങൾ സമരോത്സുകരാക്കിയവരാണവർ. അവർ സമത്വസുന്ദര കേരളം വാഗ്ദാനം ചെയ്ത രാഷ്ട്രീയ കക്ഷികളുടെ പിന്നിൽ അണിനിരന്നത് ആ കക്ഷികൾ നവോത്ഥാന സങ്കല്പം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ സഫലമായില്ല. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി പ്രതിലോമ ശക്തികളുമായി നിരന്തരം സന്ധി ചെയ്ത ഇടതു-വലതുപക്ഷങ്ങൾക്ക് നവോത്ഥാന ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. രാഷ്ട്രീയ കക്ഷികൾ അവരെ മത്സരിച്ച് പ്രീണിപ്പിച്ചപ്പോൾ നവോത്ഥാന നേട്ടങ്ങളിൽ  പലതും നഷ്ടമായി. സമൂഹം പിറകോട്ടടിക്കപ്പെട്ടു.

ജാതിമത സംഘടനകളുടെ നേതാക്കൾ കോൺഗ്രസ് പാളയത്തിൽ പ്രവേശിച്ചപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്നവരാണ് ആ സമുദായങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ. എസ്.എൻ.ഡി.പി. യോഗത്തിന്റെയും കെ.പി.എം.എസിന്റെയും ചരിത്രത്തിൽ നിന്നു തന്നെ ഇതു തെളിയും. ഈ കക്ഷികളിൽ പ്രതീക്ഷ അർപ്പിച്ച വിഭാഗങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന മോഹഭംഗം മുതലെടുക്കാനാണ് സംഘ പരിവാറിന്റെ ശ്രമം.

പരിവാറും അതിനെ സഹായിക്കാൻ തയ്യാറായിട്ടുള്ള ജാതിമത സംഘടനകളും സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ രാഷ്ട്രീയ മോഹം പൂവണിയിക്കാൻ വർഗ്ഗീയ ധ്രുവീകരണം കൂടിയേ തീരൂ. ഇതിനെതിരെ എൽ.ഡി. എഫും യു.ഡി.എഫും അവരവരുടെ രീതിയിൽ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ വർഗ്ഗീയവിഭജനം ലക്ഷ്യമിട്ട് അവർ നിരത്തുന്ന വാദങ്ങളെ ഫലപ്രദമായി നേരിടാൻ എൽ.ഡി. എഫിനൊ യു.ഡി.എഫിനൊ കഴിയുന്നില്ല. വെള്ളാപ്പള്ളി നടേശന്റെ വാദങ്ങൾ ശരിയാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കൾ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഈവിധം ചിന്തിക്കുന്നവർ മറ്റ് പിന്നാക്കവിഭാഗങ്ങൾക്കിടയിലുമുണ്ടെന്ന യാഥാർത്ഥ്യം മുന്നണികൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. അതിനു തയ്യാറാകുമ്പോൾ അവർ നേരിടുന്നത് വെള്ളാപ്പള്ളി നടേശനെ ആക്രമിച്ചൊ ജയിലിലടച്ചൊ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് അവർക്ക് ബോധ്യപ്പെടും.

നിലവിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് രണ്ട് മുന്നണികളും, പ്രത്യേകിച്ച് അവയെ നയിക്കുന്ന സി.പി.എമ്മും കോൺഗ്രസും, സത്യസന്ധമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരാത്മപരിശോധനക്കു അവർ തയ്യാറാണെന്ന ഒരു സൂചനയുമില്ല. പഴയ രീതിയിൽ മുന്നോട്ടു പോകാനാണ് അവർ ശ്രമിക്കുന്നത്. സി.പി.എമ്മിനു വേണ്ടി പിണറായി വിജയനും സി.പിഐക്കു വേണ്ടി കാനം രാജേന്ദ്രനും കോൺഗ്രസിനു വേണ്ടി വി.എം. സുധീരനും കേരള യാത്രകൾക്ക് തയ്യാറെടുക്കുകയാണ്. അധികാരം നേടാനും നിലനിർത്താനും വർഗ്ഗീയ ശക്തികളുമായി നിരന്തരം കൂട്ടുകൂടുന്നവരാണ് അവരെല്ലാം. ആ കൂട്ടുകെട്ടുകളെല്ലാം തെറ്റായിരുന്നെന്നും ഇനി അതുണ്ടാവില്ലെന്നും ജനങ്ങളോട് പറയാൻ അവർക്കാകുമോ? ഇല്ലെങ്കിൽ എങ്ങനെയാണ് ജനങ്ങൾ അവരെ വർഗ്ഗീയതയെ ചെറുക്കാൻ കെല്പൂള്ളവരായി കാണുക?

മുസ്ലിം ലീഗിനുവേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയും യാത്ര നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഭൂരിപക്ഷ വർഗ്ഗീയതക്കും ന്യൂനപക്ഷ വർഗ്ഗീയതക്കുമെതിരായ യാത്ര എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സമത്വം, സമന്വയം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാവും  യാത്രയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പിന്നീട് പറഞ്ഞു. കേരളാ കോൺഗ്രസിനു വേണ്ടി കെ.എം. മാണി യാത്ര നടത്തുമെന്നും പറയപ്പെടുന്നു. ആദ്യ പ്രത്യക്ഷ വർഗ്ഗീയ കക്ഷിയായ ലീഗും ആദ്യ പ്രച്ഛന്ന വർഗ്ഗീയ കക്ഷിയായ കേരളാ കോൺഗ്രസും എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാവുക?   

എല്ലാത്തരം വർഗ്ഗീയതകളെയും ഒഴിവക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറല്ലാത്തിടത്തോളം അവരുടെ യാത്രകൾക്ക് കേരളത്തെ രക്ഷിക്കാനാകില്ല.(ജനശക്തി, ജനുവരി 1-15, 2016.