Friday, January 1, 2016

യാത്രകൾ കൊണ്ട് കേരളം രക്ഷപ്പെടില്ല

ബി.ആർ.പി. ഭാസ്കർ
ജനശക്തി

നിയമസഭാ തെരഞ്ഞെടുപ്പുകാലം എത്തിക്കഴിഞ്ഞു. വോട്ടെടുപ്പിന് ആറു മാസമുണ്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദ്യ കേരള സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദി ബി.ജെ.പി പ്രചാരണത്തിന് തുടക്കം കുറിക്കാൻ ആ അവസരം വിനിയോഗിച്ചു. കേരള നിയമസഭയിൽ അക്കൌണ്ട് തുറക്കുകയെന്ന മിതമായ മോഹമേ പാർട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഇതുവരെ പ്രകടിപ്പിച്ചിരുന്നുള്ളു. എന്നാൽ സംഘ പരിവാർ നിരയിൽ നിന്ന് പാർട്ടിയുടെ സംസ്ഥാന നേതൃപദവിയിലേക്കുയർത്തപ്പെട്ട കുമ്മനം രാജശേഖരൻ അക്കൌണ്ട് തുറക്കാനല്ല ഭരിക്കാനാണു മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായതല്ല.  ഹിന്ദുത്വത്തിന്റെ ചിന്താപദ്ധതിയിലെ പല അംശങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ സാമൂഹ്യപരിഷ്കർത്താക്കൾ മുന്നോട്ടുവെച്ച ആശയങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. സംഘ പരിവാറിന്റെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമ്മിതിയാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയം ശ്രീനാരായണഗുരുവിന്റെ ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ നവോത്ഥാന സങ്കല്പത്തിനു കടകവിരുദ്ധമാണ്. അതുകൊണ്ടാണ് സംഘ പരിവാർ അറുപതിലേറെ കൊല്ലമായി പരിശ്രമിച്ചിട്ടും ജനസംഘത്തിനും അതിന്റെ പിൻ‌ഗാമിയായ ബി.ജെ.പിക്കും ഇക്കാലമത്രയും കേരള നിയമസഭയിൽ പ്രവേശിക്കാനാകാഞ്ഞത്.

ബി.ജെ.പിക്ക് പ്രതീക്ഷക്ക് വക നൽകുന്ന ചില സാഹചര്യങ്ങൾ അടുത്ത കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം നേടി അധികാരത്തിലേറാനായതാണ് ഇതിലൊന്ന്  വിജയിക്കൊപ്പം നിൽക്കാനുള്ള ഇന്ത്യാക്കാരുടെ സന്നദ്ധതയാണ് ഉപഭൂഖണ്ഡത്തിൽ ആധിപത്യം നേടാൻ തങ്ങളെ സഹായിച്ചതെന്ന് ഒരു ആദ്യകാല ബ്രിട്ടീഷ് ഗവർണർ ജനറൽ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ കോൺഗ്രസിനെ പിന്തള്ളി ഏറ്റവും വലിയ കക്ഷിയായി മാറിയ സാഹചര്യം പ്രയോജനപ്പെടുത്തി  തെക്കൻ പ്രദേശങ്ങളിൽ ‘ഹനുമാൻ മനോഭാവം’ പുലർത്തുന്നവരെ കണ്ടെത്തി അവരിലൂടെ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും അതിന്റെ പിന്നിലെ ശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘവും.എസ്.എൻ.ഡി.പി യോഗത്തിന്റെയും കേരള പുലയ മഹാസഭയുടെയും ചില നേതാക്കൾ  ഹനുമാൻ വേഷമിടാൻ തയ്യാറായി കഴിഞ്ഞു.

ജാതിമത സംഘടനകളുടെ നേതാക്കളെ നയിക്കുന്നത് സമൂഹ താല്പര്യങ്ങളേക്കാൾ സ്വാർത്ഥ താല്പര്യങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയ കക്ഷികൾക്ക് അവരെ വരുതിയിലാക്കാൻ എളുപ്പമാണ്, പ്രത്യേകിച്ചും അധികാരത്തിലിരിക്കുമ്പോൾ. എന്നാൽ ആ നേതാക്കൾക്കൊപ്പം സാധാരണഗതിയിൽ അണികൾ പോകില്ല. കാരണം അവരുടെ ആഗ്രഹാഭിലാഷങ്ങൾ വ്യത്യസ്തമാണ്. സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങൾ സമരോത്സുകരാക്കിയവരാണവർ. അവർ സമത്വസുന്ദര കേരളം വാഗ്ദാനം ചെയ്ത രാഷ്ട്രീയ കക്ഷികളുടെ പിന്നിൽ അണിനിരന്നത് ആ കക്ഷികൾ നവോത്ഥാന സങ്കല്പം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ സഫലമായില്ല. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി പ്രതിലോമ ശക്തികളുമായി നിരന്തരം സന്ധി ചെയ്ത ഇടതു-വലതുപക്ഷങ്ങൾക്ക് നവോത്ഥാന ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. രാഷ്ട്രീയ കക്ഷികൾ അവരെ മത്സരിച്ച് പ്രീണിപ്പിച്ചപ്പോൾ നവോത്ഥാന നേട്ടങ്ങളിൽ  പലതും നഷ്ടമായി. സമൂഹം പിറകോട്ടടിക്കപ്പെട്ടു.

ജാതിമത സംഘടനകളുടെ നേതാക്കൾ കോൺഗ്രസ് പാളയത്തിൽ പ്രവേശിച്ചപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്നവരാണ് ആ സമുദായങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ. എസ്.എൻ.ഡി.പി. യോഗത്തിന്റെയും കെ.പി.എം.എസിന്റെയും ചരിത്രത്തിൽ നിന്നു തന്നെ ഇതു തെളിയും. ഈ കക്ഷികളിൽ പ്രതീക്ഷ അർപ്പിച്ച വിഭാഗങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന മോഹഭംഗം മുതലെടുക്കാനാണ് സംഘ പരിവാറിന്റെ ശ്രമം.

പരിവാറും അതിനെ സഹായിക്കാൻ തയ്യാറായിട്ടുള്ള ജാതിമത സംഘടനകളും സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ രാഷ്ട്രീയ മോഹം പൂവണിയിക്കാൻ വർഗ്ഗീയ ധ്രുവീകരണം കൂടിയേ തീരൂ. ഇതിനെതിരെ എൽ.ഡി. എഫും യു.ഡി.എഫും അവരവരുടെ രീതിയിൽ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ വർഗ്ഗീയവിഭജനം ലക്ഷ്യമിട്ട് അവർ നിരത്തുന്ന വാദങ്ങളെ ഫലപ്രദമായി നേരിടാൻ എൽ.ഡി. എഫിനൊ യു.ഡി.എഫിനൊ കഴിയുന്നില്ല. വെള്ളാപ്പള്ളി നടേശന്റെ വാദങ്ങൾ ശരിയാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കൾ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഈവിധം ചിന്തിക്കുന്നവർ മറ്റ് പിന്നാക്കവിഭാഗങ്ങൾക്കിടയിലുമുണ്ടെന്ന യാഥാർത്ഥ്യം മുന്നണികൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. അതിനു തയ്യാറാകുമ്പോൾ അവർ നേരിടുന്നത് വെള്ളാപ്പള്ളി നടേശനെ ആക്രമിച്ചൊ ജയിലിലടച്ചൊ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് അവർക്ക് ബോധ്യപ്പെടും.

നിലവിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് രണ്ട് മുന്നണികളും, പ്രത്യേകിച്ച് അവയെ നയിക്കുന്ന സി.പി.എമ്മും കോൺഗ്രസും, സത്യസന്ധമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരാത്മപരിശോധനക്കു അവർ തയ്യാറാണെന്ന ഒരു സൂചനയുമില്ല. പഴയ രീതിയിൽ മുന്നോട്ടു പോകാനാണ് അവർ ശ്രമിക്കുന്നത്. സി.പി.എമ്മിനു വേണ്ടി പിണറായി വിജയനും സി.പിഐക്കു വേണ്ടി കാനം രാജേന്ദ്രനും കോൺഗ്രസിനു വേണ്ടി വി.എം. സുധീരനും കേരള യാത്രകൾക്ക് തയ്യാറെടുക്കുകയാണ്. അധികാരം നേടാനും നിലനിർത്താനും വർഗ്ഗീയ ശക്തികളുമായി നിരന്തരം കൂട്ടുകൂടുന്നവരാണ് അവരെല്ലാം. ആ കൂട്ടുകെട്ടുകളെല്ലാം തെറ്റായിരുന്നെന്നും ഇനി അതുണ്ടാവില്ലെന്നും ജനങ്ങളോട് പറയാൻ അവർക്കാകുമോ? ഇല്ലെങ്കിൽ എങ്ങനെയാണ് ജനങ്ങൾ അവരെ വർഗ്ഗീയതയെ ചെറുക്കാൻ കെല്പൂള്ളവരായി കാണുക?

മുസ്ലിം ലീഗിനുവേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയും യാത്ര നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഭൂരിപക്ഷ വർഗ്ഗീയതക്കും ന്യൂനപക്ഷ വർഗ്ഗീയതക്കുമെതിരായ യാത്ര എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സമത്വം, സമന്വയം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാവും  യാത്രയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പിന്നീട് പറഞ്ഞു. കേരളാ കോൺഗ്രസിനു വേണ്ടി കെ.എം. മാണി യാത്ര നടത്തുമെന്നും പറയപ്പെടുന്നു. ആദ്യ പ്രത്യക്ഷ വർഗ്ഗീയ കക്ഷിയായ ലീഗും ആദ്യ പ്രച്ഛന്ന വർഗ്ഗീയ കക്ഷിയായ കേരളാ കോൺഗ്രസും എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാവുക?   

എല്ലാത്തരം വർഗ്ഗീയതകളെയും ഒഴിവക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറല്ലാത്തിടത്തോളം അവരുടെ യാത്രകൾക്ക് കേരളത്തെ രക്ഷിക്കാനാകില്ല.(ജനശക്തി, ജനുവരി 1-15, 2016.

1 comment:

onam said...

yathrakal konde nethakkal rakshapettaalo