Thursday, April 19, 2018

കോണ്ഗ്രസ്-ബിജെപി ദ്വന്ദത്തിനപ്പുറം
ബി.ആര്‍.പി. ഭാസ്കര്‍
ദേശീയ രാഷ്ട്രീയം “ഒന്നുകില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപി” എന്ന നിലയില്‍ ചുരുക്കിക്കാണേണ്ട കാര്യമില്ല. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സൂര്‍ജിത്തിന്റെ കാരമ്മികത്വത്തില്‍ രൂപീകരിക്കപ്പെട്ട കേന്ദ്ര സര്‍ക്കാരുകള്‍ “കോണ്ഗ്രസിതര, ബിജെപിയിതര” സര്‍ക്കാരുകള്‍ ആയിരുന്നെന്നത് ഒരു സമീപകാല രാഷ്ടീയ അന്ധവിശ്വാസമാണ്. കോണ്ഗ്രസിന്‍റെയൊ ബിജെപിയുടെയൊ സഹകരണം കൂടാതെ സര്‍ക്കാരിന് നിലനില്‍ക്കാന്‍ അന്നത്തെ ലോക സഭയുടെ അംഗനില   അനുവദിച്ചിരുന്നില്ല. ആ സര്‍ക്കാരുകളുടെ കൂട്ടത്തില്‍ നല്ലതെന്ന് പറയാവുന്ന ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് വി.പി. സിംഗ് സര്‍ക്കാരാണ്. അതിനെ നിലനിര്‍ത്തിയത് ബിജെപിയുടെ പിന്തുണ ആയിരുന്നു. അക്കാലത്ത് ആഴ്ചയില്‍ ഒരു ദിവസം ബിജെപി അദ്ധ്യക്ഷന്‍ എല്‍.കെ.അദ്വാനിയും സൂര്‍ജിത്തും പ്രധാനമന്ത്രിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു നയസമീപനങ്ങള്‍ ഏകോപിച്ചിരുന്നു. വി.പി സിംഗ് ഒരു ദിവസം അതുവരെ ഒരു സര്‍ക്കാരും നടപ്പിലാക്കാന്‍ കൂട്ടാക്കാതിരുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പൊടിതട്ടിയെടുത്ത് നടപ്പാക്കുക വഴി സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റി. ബി.ജെ.പി ഉടന്‍ കളി മാറ്റി. സര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് വന്ന സര്‍ക്കാരിനെ കോണ്ഗ്രസ് പിന്തുണച്ചു. അത് പിന്തുണ പിന്‍വലിച്ചപ്പോള്‍ ആ സര്‍ക്കാരും വീണു. ഈ ചരിത്രം ആവര്ത്തിക്കാനെ “കോണ്ഗ്രസിതര, ബിജെപിയിതര” സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉപകരിക്കൂ.
സ്വാതന്ത്ര്യാനന്തര ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച സാധ്യമാക്കിയത് മതനിരപേക്ഷ കക്ഷികള്‍ ചില ഘട്ടങ്ങളില്‍ അന്നത്തെ രാഷ്ടീയ സാഹചര്യങ്ങളില്‍ എടുത്ത തീരുമാനങ്ങളാണെന്ന് കാണാം. നെഹ്രുവിന്റെ കാലശേഷം 1967ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ എട്ട് സംസ്ഥാനങ്ങളില്‍ കോണ്ഗ്രസിനു നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അന്ന് കോണ്ഗ്രസിന്റെ തിരിച്ചുവരവ് തടയാന്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ രൂപീകരിക്കപ്പെട്ട സംയുക്ത വിധായക ദള്‍ സര്‍ക്കാരുകളിലെല്ലാം  മതനിരപേക്ഷ കക്ഷികള്‍ക്കൊപ്പം ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘം ഉണ്ടായിരുന്നു. ആ സര്‍ക്കാരുകളിലെ ജനസംഘം മന്ത്രിമാര്‍ ആ കുറഞ്ഞ കാലം പോലീസ്, വിദ്യാഭ്യാസം തുടങ്ങിയ മര്‍മ്മപ്രധാന രംഗങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കി.         
ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സര്‍ക്കാരിനെ നേരിടാന്‍ ജയപ്രകാശ് നാരായണന്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ജനതാ പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ വിഭാഗം ജനസംഘമായിരുന്നു. ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അവര്‍ പുറത്തു വന്ന്‍ ബിജെപി എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. ഇത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് രാജ്യതാല്പര്യങ്ങളോ ജനതാല്പര്യങ്ങളോ അല്ല ആര്‍.എസ്.എസ് താല്പര്യങ്ങള്‍ ആണെന്ന്‍ വ്യക്തമാക്കി. വി.പി. സിംഗ് മന്ത്രിസഭയുടേത്‌ മറ്റൊരു ഘട്ടം
ഇതെല്ലാം അവഗണിക്കാമെന്നു വെച്ചാലും കഴിഞ്ഞ നാല് കൊല്ലത്തെ അനുഭവം നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും ഫാഷിസം ഇങ്ങെത്തിയിട്ടില്ലെന്നും കോണ്ഗ്രസും ബിജെപിയും ഒരേ നയം പിന്തുടരുന്ന സമാന സ്വഭാവമുള്ള കക്ഷികളാണെന്നും നടിക്കുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. ബിജെപിയുടെ ഭാഗമായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ മുതള്‍ പേര്‍ക്കു പോലും കാണാന്‍ കഴിയുന്ന അപകടം പ്രകാശ് കാരാട്ടിന് കാണാന്‍ കഴിയാത്തത് അത്ഭുതകരമാണ്.
അപകടകാരിയായ നരേന്ദ്ര മോദിയെ തുടരാന്‍ അനുവദിക്കണോ എന്നതാണ് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരുടെ മുന്നിലുള്ള ചോദ്യം. വിഷയത്തെ സത്യസന്ധമായി സമീപിക്കുന്നവര്‍ക്ക് അതിനു ഒരുത്തരമേ നല്‍കാനാകൂ.
മോദിയെ പുറത്താക്കണമെന്നു തീരുമാനിച്ചു കഴിയുമ്പോള്‍ അതിനുള്ള മാര്‍ഗ്ഗം എന്താണ് എന്ന ചോദ്യം ഉയരുന്നു. ഓരോ പാര്‍ട്ടിയും സ്വാഭാവികമായി പ്രശ്നത്തെ സമീപിക്കുക സ്വന്തം താല്പര്യം മുന്‍നിര്‍ത്തിയാകും. പക്ഷെ അതുതന്നെയും ഒരു വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാകണം. അതിന്റെ ഒരു നല്ല ഉദാഹരണമാണ് ഈയിടെ ഉത്തര്‍ പ്രദേശില്‍ ബി.എസ.പി നേതാവ് മായാവതിയും സമാജ വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കാഴ്ചവെച്ചത്. പൊതുശത്രുവിനെ നേരിടാന്‍ ദീര്‍ഘകാലത്തെ പ്രാദേശിക മത്സരം മറന്നുകൊണ്ട് അവര്‍ യു.പി. ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചു, അതോടെ ബിജെ.പിക്ക് അവിടെ അടിതെറ്റി.
പല സംസ്ഥാനങ്ങളിലും അടിസ്ഥാന മത്സരം ബിജെപിയും കോണ്ഗ്രസും തമ്മിലാണ്. അവിടെ ബിജെപിയെ തടയാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്ഗ്രസിനു സഹായകമായ നിലപാട് എടുക്കണം. ബിജെപിയുടെ സൈബര്‍ ദുഷ്പ്രചരണ വിഭാഗത്തിന്റെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രാഹുല്‍ ഗാന്ധി ഒരു മന്ദബുദ്ധിയാണെന്ന തെറ്റിദ്ധാരണ പരന്നിരുന്നു. അദ്ദേഹത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അത് പൊളിച്ചിട്ടുണ്ട്.  
ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ക്കാണ് ബിജെപിയെ തോല്‍പിക്കാന്‍ കൂടുതല്‍ കഴിവുള്ളത്. അത്തരം കക്ഷികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. തെലങ്കാനയിലെ രാഷ്ട സമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖറുമായി സഖ്യ മുണ്ടാക്കിയതുകൊണ്ട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസിനു ബംഗാളില്‍ ഒരു വോട്ടു കൂടുതല്‍ കിട്ടുമോ? ഇല്ലായിരിക്കാം, പക്ഷെ ഒരു സഖ്യമെന്ന നിലയില് കേന്ദ്രത്തില്‍ അധികാരത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന വിശ്വാസം ജനിപ്പിക്കാനായാല്‍ കിട്ടിയെന്നുമിരിക്കും.
പ്രാദേശിക പാര്‍ട്ടികളുടെ ഇടപെടല്‍ ഫലപ്രദമാകണമെങ്കില്‍ കോണ്ഗ്രസിന്റെയും ബിജെപിയുടെയും നയപരിപാടികളില് നിന്നും വ്യത്യസ്തമായവ ആവിഷ്കരിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറണമെന്ന ആവശ്യം ഉന്നയിക്കാന്‍ അവര്‍ മടിക്കേണ്ടതില്ല. കോണ്ഗ്രസിനെ മെല്ലെ അതിലേക്ക് അടുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. ഒരു ഫെഡറല്‍ സംവിധാനത്തിനാകും ഹിന്ദുത്വത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്നത്. (ജനശക്തി, ഏപ്രില്‍ 16-30, 2018)

Monday, April 9, 2018

എന്‍. ബാപ്പുറാവു: മലയാളത്തിലെ ആദ്യ പ്രൊഫഷണല്‍ പത്രാധിപര്‍

ബി.ആര്‍.പി. ഭാസ്കര്‍

മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ ചരിത്രത്തില്‍ എന്‍. ബാപ്പുറാവു എന്ന പേര് കാണാനാവില്ല. അതിന് പല കാരണങ്ങളുണ്ടാകാം. അദ്ദേഹം ഒരു പ്രബല സമൂഹത്തില്‍  പെട്ട ആളായിരുന്നില്ല. ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്‍റെ ഭാഗവുമായിരുന്നില്ല. അദ്ദേഹം പണിയെടുത്ത പത്രങ്ങള്‍ ഇന്ന് അവശേഷിക്കുന്നുമില്ല. പക്ഷെ എന്‍റെ മനസ്സില്‍ അദ്ദേഹമുണ്ട്, പത്രപവര്ത്തനത്തിലെ  ആദ്യ ഗുരുവായി.
ആദ്യകാലത്ത് പത്രപവര്‍ത്തനം ആകര്‍ഷണീയമായ ഒരു തൊഴില്‍ മേഖലയായിരുന്നില്ല. ഇപ്പോഴും സത്യസന്ധമായി ആ തൊഴില്‍ ചെയ്യുന്നവരില്‍ ഒരു ചെറിയ വിഭാഗത്തിനു മാതമാകും സാമ്പത്തിക ഭദ്രതയുളളത്. ആദ്യ പത്രങ്ങള്‍ തുടങ്ങിയ സാഹസികരെയെന്നപോലെ അവയില്‍ പണിയെടുക്കാന്‍ മുന്നോട്ടു വന്നവരെയും നയിച്ചത് സാമൂഹിക രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു. ചെറുപ്പത്തില്‍ ദേശീയ സ്വാതന്ത്യ  പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ വന്നെങ്കിലും, തിരുവിതാംകൂറിലെ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുമായി ബാപ്പുറാവു ബന്ധപ്പെട്ടിരുന്നതായി അറിവില്ല. അതിനാല്‍ അദ്ദേഹത്തെ ഞാന്‍ കാണുന്നത് തീര്‍ത്തും ഒരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനായാണ്. ഒരുപക്ഷെ മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യ പ്രൊഫഷണല്‍.
കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം പത്രത്തിലാണു ബാപ്പുറാവു ഏതാണ്ട് ജീവിതകാലം മുഴുവന്‍ ചെലവഴിച്ചത്. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ ആഗ്രഹിച്ചിരുന്ന യുവതലമുറയില്‍ പെട്ട കെ.ജി.ശങ്കര്‍ 1929ല്‍ വാരികയായാണ് അത് തുടങ്ങിയത്. അടുത്ത വര്‍ഷം ദിനപത്രമായി. ആരോഗ്യപ്രശ്നങ്ങളാല്‍ അതിന്‍റെ ദൈനംദിന പ്രവര്ത്തനങ്ങളില്‍ നിന്ന്‍ ശങ്കറിനു വിട്ടു നില്‍ക്കേണ്ടി വന്നപ്പോള്‍ സഹോദരന്‍ കെ.ജി. പരമേശ്വരന്‍ പിള്ള ചുമതലയേറ്റു. ദീര്‍ഘകാലം കൊല്ലം നഗരസഭാദ്ധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ പത്രം യാഥാസ്ഥിക സ്വഭാവം കൈവരിച്ചെങ്കിലും കൊല്ലത്തിന്റെ പത്രമെന്ന നിലയില്‍ അതിനു വലിയ സ്വീകാര്യത ലഭിച്ചു.
കൊല്ലത്തെ വിദ്യാര്‍ത്ഥികാലം മുതല്‍ മലയാളരാജ്യം വായിച്ചിരുന്നെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്ന ആരെ കുറിച്ചും ഏറെക്കാലം എനിക്ക് അറിവുണ്ടായിരുന്നില്ല. വെളിപ്പെടുത്താന്‍ നിയമപരമായ ബാധ്യസ്ഥതയുള്ള പത്രാധിപരുടെയും പ്രസാധകന്‍റെയും പേരുകള്‍ മാത്രമാണ് പത്രങ്ങളില്‍ അച്ചടിച്ചു വന്നിരുന്നത്. അത് പലപ്പോഴും ഉടമയുടെ പേര് തന്നെയായിരിന്നു. വാര്‍ത്തകള്‍ ശേഖരിച്ചു നല്‍കുന്നവര്‍ സ്വന്തം ലേഖകന്‍ എന്നതിന്റെ ചുരുങ്ങിയ രൂപമായ സ്വ.ലേ എന്ന രണ്ടക്ഷരങ്ങള്‍ക്ക് പിന്നില്‍ വായനക്കാരില്‍ നിന്ന് മറഞ്ഞു നിന്നു.
ഞാന്‍ ആദ്യം അറിഞ്ഞ സ്വ.ലേ കൊല്ലത്തു നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാതം ദിനപ്പത്രത്തിലെ ഇ.എം. റഷീദ് ആണ്. താമസം ഞങ്ങളുടെ വീടിനടുത്തായിരുന്നതുകൊണ്ടാണ് അദ്ദേഹം ലേഖകനാണെന്നറിഞ്ഞത്. അദ്ദേഹം പിന്നീട് സിംഗപ്പൂരിലേക്ക് പോവുകയും അവിടെ ദീര്‍ഘകാലം സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെ ലേഖകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. കുറച്ചുകാലം അദ്ദേഹം ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ സിംഗപ്പൂര്‍ ലേഖകനുമായിരുന്നു.  പത്രപവര്ത്തനത്തില്‍ നിന്ന് വിരമിച്ചശേഷം അമേരിക്കയില്‍ മകനോടൊപ്പം താമസിക്കുമ്പോഴാണ് റഷീദ് അന്തരിച്ചത്.
വായനക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ മലയാളരാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നയാളാണ് ബാപ്പുറാവു എന്ന് ഞാന്‍ അറിയുന്നത് എന്റെ അച്ഛന്‍ കൊല്ലത്തു നിന്ന്‍ 1948ല്‍ നവഭാരതം എന്ന പേരില്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ്. മലയാളരാജ്യം വിട്ടശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ബാപ്പുറാവുവിനെയും കേരള കൌമുദിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കെ. കാര്‍ത്തികേയനെയുമാണ് അച്ഛന്‍ പത്രാധിപസമിതിയെ നയിക്കാനായി കണ്ടെത്തിയത്. ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നതുകൊണ്ട് ബാപ്പുറാവുവിനെ കണ്ട് കൊല്ലത്തേക്ക് തിരിച്ചു വരാന്‍ തയ്യാറാണോ എന്നന്വേഷിക്കാന്‍ അച്ഛന്‍ എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം വരാന്‍ തയ്യാറായി. 
ഞാന്‍ നവഭാരതം ആപ്പീസില്‍ പോയി ബാപ്പുറാവുവിനോടൊപ്പം ധാരാളം സമയം ചെലവഴിച്ചിരുന്നു. ചിലപ്പോള്‍ അദ്ദേഹം വാര്ത്തകളോ ലേഖനങ്ങളോ വായിച്ച് അഭിപ്രായം പറയാന്‍ എടുത്തു തരും. എന്റെ അഭിപ്രായം കേട്ടശേഷം അദ്ദേഹം സ്വന്തം അഭിപ്രായം കാര്യകാരണസഹിതം വിശദീകരിക്കും. ആ രീതി എന്നെ സ്വാധീനിച്ചു. അതുകൊണ്ടാണ് അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ നിഗമനങ്ങള്‍ക്ക് ആധാരമാക്കുന്ന വസ്തുതകള്‍ വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്. 
കൊല്ലത്തുള്ളപ്പോള്‍ ബാപ്പുറാവു വൈകിട്ട്  ആപ്പീസില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും ഞാന്‍ ഒപ്പം കൂടി. റയില്‍പാതയ്ക്കരികിലൂടെയുള്ള  നടപ്പിനിടയില്‍ ധാരാളം അറിവ് എനിക്ക് പകര്‍ന്നു കിട്ടി.
ആദ്യ തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ പട്ടം താണുപിള്ള പ്രധാനമന്ത്രിയും (പിന്നീടാണ് സ്ഥാനപ്പേരു മുഖ്യമന്ത്രി എന്നാക്കിയത്) ടി.എം. വര്‍ഗീസ്‌, സി.കേശവന്‍ എന്നിവര്‍ മന്ത്രിമാരുമായിരുന്നു. പല വിഷയങ്ങളിലും വര്‍ഗീസും കേശവനും ഒന്നിച്ചു നില്ക്കുന്ന അവസ്ഥ മറികടക്കാനായി പട്ടം മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ഗീസും കേശവനും രാജിക്കത്ത് നല്‍കി. മന്ത്രിസഭ നേരിട്ട ആദ്യ പ്രതിസന്ധിയായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി  അറിയിപ്പ് വന്നു. എന്തായിരുന്നു പ്രശ്നം, എങ്ങിനെയാണ് അത് പരിഹരിച്ചത് എന്നൊന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ വെളിപ്പെടുത്തിയില്ല. അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നു എനിക്ക് തോന്നി. ആ ആശയം ലേഖനരൂപത്തിലാക്കി. പക്ഷെ അത് ബാപ്പുറാവുവിന്റെ കയ്യില്‍ കൊടുക്കാന്‍ ധൈര്യമുണ്ടായില്ല. അതുകൊണ്ട് കള്ളപ്പേരും കള്ള മേല്‍വിലാസവും വെച്ച് തപാല്‍ വഴി പത്രാധിപര്‍ക്കയച്ചു. അടുത്ത ദിവസം വൈകുന്നേരം ബാപ്പുറാവു  ലേഖനം എന്തു ചെയ്തു എന്നറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ ആപ്പീസില്‍ ചെന്നു. അദ്ദേഹം ഏന്തൊ എഴുതുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരു കടലാസ് വെച്ചു നീട്ടിക്കൊണ്ട് പറഞ്ഞു: “ഈ പ്രൂഫൊന്നു നോക്ക് സാറേ”.
ആപ്പീസില്‍ എല്ലാവരും ബാപ്പുറാവുവിനെ സാര്‍ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹം തിരിച്ചും എല്ലാവരെയും സാര്‍ എന്ന് വിളിച്ചു, പ്രായമൊ സ്ഥാനമോ കണക്കിലെടുക്കാതെ.
അദ്ദേഹം തന്നത് എന്റെ ലേഖനത്തിന്‍റെ തന്നെ പ്രൂഫ്‌ ആയിരുന്നു. അന്ന് റയില്പാളത്തിനരികിലൂടെ നടക്കുമ്പോള്‍ ആ ലേഖനം ഞാന്‍ എഴുതിയതാണെന്നു അദ്ദേഹത്തോട് പറഞ്ഞു. ഇനിയും എഴുതണം എന്നു പറഞ്ഞു അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്‍റെ  ലേഖനത്തെ കുറിച്ച് അദ്ദേഹം അച്ഛനോട് പറഞ്ഞു. ഞാന്‍ ഇഞ്ചിനീയറാകുമെന്ന പ്രതീക്ഷ പൊലിയുകയാണെന്നു തിരിച്ചറിഞ്ഞ അച്ഛന്‍റെ പ്രതികരണം നല്ലതായിരുന്നില്ല. 
തിരുവിതാംകൂറിലെ വ്യാവസായിക നഗരങ്ങളായിരുന്നു കൊല്ലവും ആലപ്പുഴയും.  . രണ്ടിടത്തും ഇടതുപക്ഷ സ്വാധീനം വളരുന്ന കാലമായിരുന്നു അത്. ആലപ്പുഴയിലെ തൊഴിലാളി സംഘടനകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയുടെയും കൊല്ലത്തെ സംഘടനകള്‍ പിന്നീട്  ആര്‍.എസ്.പിയായി മാറിയ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും നിയന്ത്രണത്തിലായിരുന്നു. രാജഭരണത്തിന്‍റെ അന്ത്യനാളുകളില്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ പത്രങ്ങളെ മെരുക്കിയിരുന്നു. ആ സമയത്ത് കെ.കെ. ചെല്ലപ്പന്‍ പിള്ള എന്ന കോണ്ഗ്രസ് നേതാവ് തുടങ്ങിയ യുവകേരളം മാത്രമാണ് സര്‍ക്കാരിന് രുചിക്കാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ശാരീരികാക്രമണത്തെ തുടര്‍ന്ന്‍ ദിവാന്‍ ഓടിപ്പോയശേഷവും പത്രങ്ങള്‍ സര്‍ക്കാര്‍ അനുകൂല മനോഭാവം തുടര്‍ന്നു. അതുകൊണ്ട് ഇടതു പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും പേരുകള്‍ പത്രങ്ങളുടെ താളുകളില്‍ ഉണ്ടായിരുന്നില്ല. ഇടതു കക്ഷികള്‍ക്കെതിരായ അപ്രഖ്യാപിത വിലക്ക് അവസാനിപ്പിച്ചത് നവഭാരതം ആണ്. അതിനു കാരണക്കാരന്‍ ഉടമയായിരുന്ന അച്ഛനോ മുഖ്യ പത്രാധിപരായിരുന്ന ബാപ്പുറാവുവോ ആയിരുന്നില്ല. അതിലുണ്ടായിരുന്ന യുവപത്രപ്രവര്‍ത്തകരായിരുന്നു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരുകള്‍ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് പത്രാധിപസമിതിയിലുണ്ടായിരുന്ന എന്‍. രാമചന്ദ്രന്‍, ടി.എം.വിശ്വംഭരന്‍, റിപ്പോര്‍ട്ടര്‍ മാരായിരുന്ന വി. ലക്ഷ്മണന്‍, എ.ആര്‍. കുട്ടി, കെ. ചന്ദ്രശേഖരന്‍ എന്നിവരും പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റിയ ശേഷം പത്രാധിപസമിതിയില്‍ ചേര്‍ന്ന പി.കെ. ബാലകൃഷ്ണന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്നിവരുമാണ്. അവര്‍ ഒച്ചപ്പാടൊന്നും കൂടാതെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചക്രവാളം വികസിപ്പിച്ചു. 
ആ യുവനിരയില്‍ പെട്ടവരെല്ലാം ആര്‍.എസ്.പിയും സി.പി.ഐയും അടങ്ങുന്ന ഇടതുധാരയുടെ ഭാഗമായിരുന്നു. പലരും പിന്നീട് പ്രകടമായ കക്ഷിബന്ധം ഒഴിവാക്കിയെങ്കിലും ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും ഇടതു ചിന്താഗതി നിലനിര്ത്തി. അതില്‍ നിന്ന് വ്യതിചലിച്ച ഒരാള്‍ വിശംഭരന്‍ ആണ്. അവസാനകാലത്ത് അദ്ദേഹം ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയിരുന്നു. 
ഒരു സിനിമാ നിരൂപണം എഡിറ്റ് ചെയ്യുന്നതിനിടയില്‍ ബാപ്പുറാവു നടത്തിയ നിരീക്ഷണങ്ങള്‍ എനിയ്ക്ക് പാഠങ്ങളായി. അതില്‍ നടിയെ കുറിച്ച് വ്യക്തിപരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. അത് വെട്ടിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഇത് ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യമേയല്ല. എന്നുതന്നെയല്ല അവര്‍ക്ക് അപകീര്‍ത്തികരവുമാണ്.” ചിത്രത്തിലെ ഒരു പാട്ടിലെ വരികളെ കുറിച്ചും നിരൂപണത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ആ വരികളില്‍ ആഹ്ലാദം, ആമോദം എന്നീ വാക്കുകളുണ്ടായിരുന്നു. അവ ശരിയായ രീതിയിലല്ല പ്രയോഗിച്ചിരിക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. “രണ്ടു സമാനപദങ്ങള്‍ ഒന്നിച്ച് ഉപയോഗിക്കുമ്പോള്‍ ആദ്യത്തേതിനേക്കാള്‍ ശക്തമാകണം രണ്ടാമത്തേത്. അപ്പോള്‍ അത് ആദ്യത്തേതിനെ ശക്തിപ്പെടുത്തും. മറിച്ചായാല്‍ ദുര്‍ബലപ്പെടുത്തും.” വാക്കുകള്‍ സൂക്ഷ്മതയോടും കൃത്യതയോടും ഉപയോഗിക്കണമെന്ന വലിയ പാഠം അങ്ങനെ പഠിച്ചു.
നവഭാരതത്തില്‍ അക്കൌണ്ടന്റ് ആയിരുന്ന കെ. ദാമു സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും താല്‍പര്യമുള്ളയാളായിരുന്നു. അദ്ദേഹം ഒരു ചെറുകഥ എഴുതി. ഇതിവൃത്തം ഇങ്ങനെ: ഒരു ധനവാന്‍ ആര്ഭാടത്തോടെ മകളുടെ വിവാഹം നടത്തുന്നു. ആദ്യരാത്രി ഭാര്യയെ കാത്തിരിക്കുന്ന ഭര്‍ത്താവിന്‍റെ മുന്നില്‍ അവള്‍ എത്തുന്നില്ല. അമ്മായിയമ്മ എത്തി ആ പെണ്‍കുട്ടി തന്റെ ആദ്യ വിവാഹത്തിലെ മകളാണെന്നും ഇപ്പോള്‍ തന്‍റെ ഭര്‍ത്താവിനൊപ്പം കഴിയുന്ന അവളെ പ്രതീക്ഷിക്കേണ്ടെന്നും അറിയിക്കുന്നു. അങ്ങനെ അയാള്‍ ആദ്യരാത്രി അമ്മായിയമ്മയുമായി കഴിയുന്നു. കഥ വായിച്ചശേഷം ബാപ്പുറാവു പറഞ്ഞു: “ഇത് ഡബിള്‍ പുരോഗമനമാണല്ലോ, സാറെ.” അത് കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ യാഥാസ്ഥിതിക മനസിന്‌ കഥ ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ട് അത് വെളിച്ചം കാണില്ലെന്നും ഞാന്‍ കരുതി. പക്ഷെ അത് അച്ചടിച്ചുവന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രതികരണം പ്രൊഫഷണല്‍ തീരുമാനത്തെ ബാധിച്ചില്ല.
യഥാര്‍ത്ഥത്തില്‍ ആ പ്രതികരണം ധ്വനിപ്പിച്ചതുപോലെ സാമ്പ്രദായിക ധാര്‍മ്മിക ധാരണകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നില്ല ബാപ്പുറാവു എന്ന് അദ്ദേഹത്തിന്റെ കുടുംബ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മൂന്നു പെണ്‍കുട്ടികളുടെ അമ്മയില്‍ അനുരക്തനായി അവരെ വിവാഹം കഴിച്ച് അവര്‍ക്കെല്ലാമൊപ്പം അദ്ദേഹം സന്തുഷ്ട ജീവിതം നയിച്ചു. ആ അമ്മയില്‍  അദ്ദേഹത്തിന് ഒരു മകനുമുണ്ടായി. .
മലയാള പത്രലോകം ബാപ്പുറാവുവിനെ മറന്നെങ്കിലും മലയാള സാഹിത്യത്തില്‍ അദ്ദേഹം ഓര്മ്മിക്കപ്പെടുന്നുണ്ട്. ഒരു ദിവസം കോളെജിലെ മലയാളം അദ്ധ്യാപകന്‍ ക്ലാസെടുക്കുമ്പോള്‍ ശുഷ്കമായ മലയാള ഗദ്യസാഹിത്യം വളരാന്‍ തുടങ്ങിയത് ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ശരത് ചന്ദ്ര ചാറ്റര്‍ജി എന്നിവരുടെ ബംഗാളി നോവലുകളുടെ പരിഭാഷകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണെന്നും ആദ്യ പരിഭാഷകരിലൊരാള്‍ എന്‍. ബാപ്പുറാവു ആണെന്നും പറഞ്ഞത് അത്ഭുതത്തോടെയാണ്‌ ഞാന്‍ കേട്ടത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ആ പുസ്തകങ്ങള്‍ വായിച്ചിരുന്നു. പക്ഷെ മൂലകൃതിയുടെ കര്‍ത്താവിന്റെ പേര്‍ മാത്രമാണ് മനസിലുണ്ടായിരുന്നത്. അതിന്റെ കീഴിലുണ്ടായിരുന്ന എന്‍. ബാപ്പുറാവു ബി.എ., ബി.എല്‍ എന്ന വരി ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല.
അടുത്ത റയില്പാതയോര നടപ്പിനിടയില്‍ അദ്ധ്യാപകന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഞാന്‍ ബാപ്പുറാവുവിനോട് പറഞ്ഞു. അദ്ദേഹം നിസ്സംഗതയോടെ കേട്ടതല്ലാതെ പ്രതികരിച്ചില്ല. ബംഗാളി അറിയാമോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി.
“അപ്പോള്‍ ഇംഗ്ലീഷില്‍ നിന്നാണോ പരിഭാഷപ്പെടുത്തിയത്?” 
“അല്ല. അന്ന് അവ ഇംഗ്ലീഷില്‍ വന്നിട്ടില്ല.”
“പിന്നെ എങ്ങനെയാണ് സാര്‍ അവ  പരിഭാഷപ്പെടുത്തിയത്?”
“അതൊക്കെ ഒണ്ടു സാറെ,”  ബാപ്പുറാവു പറഞ്ഞു.
അപ്പോഴേക്കും ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിനടുത്ത് എത്തിയിരുന്നു. ഞാന്‍ യാത്ര പറഞ്ഞു തിരിച്ചു നടന്നു. ആ അന്വേഷണം പിന്നീട് തുടരാമെന്ന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തിനു തെലുങ്കും കന്നഡയും അറിയാമായിരുന്നു. ഇതില്‍ ഒന്നില്‍ നിന്നാകണം അദ്ദേഹം പരിഭാഷ നടത്തിയത്.
മലയാളരാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അദ്ദേഹം ഗദ്യത്തിലും പദ്യത്തിലുമായി ഏഴോ എട്ടോ കൃതികള്‍ രചിച്ചത്. അദ്ദേഹത്തിന്റേതായി ഹിന്ദു ദേവീദേവന്മാരെ സ്തുതിക്കുന്ന സ്തോത്രരത്നാകരം എന്ന പുസ്തകത്തിന്റെ ഈയിടെ ഇറങ്ങിയ ഒരു പതിപ്പില്‍ ആദ്യപതിപ്പ് 1933ല്‍ കൊല്ലത്തെ ശ്രീരാമവിലാസം പ്രസ് ആണു പ്രസിദ്ധീകരിച്ചതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചില അപസര്‍പ്പക കഥകളും അദ്ദേഹത്തിന്റെതായുണ്ട്.  
ശ്രീരാമവിലാസം പ്രസും  ബുക്ക് ഡിപ്പോയും  മലയാളരാജ്യം കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഓരോ പുസ്തകത്തിന്റെയും പകര്‍പ്പവകാശം 100 രൂപയ്ക്ക് ആ സ്ഥാപനത്തിനു കൊടുത്തതായി ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു. അന്ന്‍ അതൊരു ചെറിയ തുകയായിരുന്നില്ല. പ്രസാധകരുടെ ശ്രമഫലമായി ചില പുസ്തകങ്ങള്‍  പാഠപുസ്തകങ്ങളായി. അത് വലിയ തോതിലുള്ള വില്‍പന സാധ്യമാക്കി. അത് പ്രസാധകര്‍ക്ക് വലിയ ലാഭമുണ്ടാക്കി കൊടുത്തു. പക്ഷെ അദ്ദേഹത്തിനു ഒരു ഗുണവും ചെയ്തില്ല.
മലയാള ഭാഷക്കും പത്രപ്രവര്‍ത്തനത്തിനും ഗണ്യമായ സംഭാവന നല്കിയ ബാപ്പുറാവു പുറത്തു നിന്ന് കുടിയേറിയ ചെറിയ റാവു സമൂഹത്തിലാണ് ജനിച്ചത്. ഛത്രപതി ശിവാജിയുടെ അര്‍ദ്ധസഹോദരന്‍ വെങ്കോജി തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ആസ്ഥാനമാക്കി മറാത്താ ഭരണകൂടം സ്ഥാപിച്ചപ്പോള്‍ അവരുടെ ആധിപത്യം നിലനിര്ത്തുന്നതിനായി കുടിയേറ്റം പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായാണ് തെക്കേ ഇന്ത്യയില്‍ റാവുമാര്‍ എത്തിയതെന്ന് പറയപ്പെടുന്നു. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മ്മിച്ച തിരുവിതാംകൂര്‍ ദിവാനെന്ന നിലയില്‍ ഓര്‍മ്മിക്കപ്പെടുന്ന ടി. മാധവറാവു ഉള്‍പ്പെടെ ധാരാളം പ്രഗത്ഭരെ സമ്മാനിച്ച ഒരു സമൂഹമാണത്. ഒരുകാലത്ത് കൊല്ലത്ത് ധാരാളം ഭൂസ്വത്തുള്ള പ്രതാപശാലിയായ രാജാറാം രാമറാവു എന്നൊരാള്‍ ഉണ്ടായിരുന്നതായി വി. ലക്ഷ്മണന്‍ അദ്ദേഹം രചിച്ച നഗരത്തിന്റെ ചരിത്രത്തില്‍ പറയുന്നു. ആ സമൂഹത്തിലെ “പ്രശസ്തനും പാവപ്പെട്ടവനും” ആയ ഒരാളായാണ് നവഭാരതത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ലക്ഷ്മണന്‍ ബാപ്പുറാവുവിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം നിര്‍ദ്ധനനും നിരാധാരനും ആയിരുന്നതുകൊണ്ടാകാം പത്രലോകം പോലും ഇന്ന് അദ്ദേഹത്തെ ഓര്‍ക്കാത്തതെന്നും ലക്ഷ്മണന്‍ നിരീക്ഷിക്കുന്നു.
തിരുവനന്തപ്രത്തെ നവഭാരതം അപ്പീസിലായിരുന്നു ബാപ്പുറാവു അന്ത്യശ്വാസം വലിച്ചത്. ഒരു പ്രഭാതത്തില്‍ പതിവുപോലെ ആപ്പീസിലെത്തി പണി തുടങ്ങിയ അദ്ദേഹം പെട്ടന്നു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. എന്റെ മനസ്സില്‍ ഈ ഗുരുനാഥന്‍ പത്രപ്രവര്ത്ത്നത്തിനായി ജീവിതം ഹോമിച്ച ഒരു രക്തസാക്ഷികൂടിയാണ്. (പ്രഭാതരഷ്മി, മാര്‍ച്ച് 15-ഏപ്രില്‍ 15,2018)

Friday, March 23, 2018

ത്രിപുരാനന്തരം ഇടതുപക്ഷത്തിന്‍റെ ഭാവി
ബി.ആര്‍.പി. ഭാസ്കര്‍
ഇരുപത്തിയഞ്ചു വര്ഷം ത്രിപുരയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതു മുന്നണിയെ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കട പുഴക്കിയെറിഞ്ഞത് അഞ്ചുകൊല്ലം മുമ്പ് അവിടെ ഒന്നര ശതമാനം മാത്രം വോട്ടു കിട്ടിയ ബി.ജെ.പി ആണ്. ഈ ദുരന്തം എങ്ങനെയാണ് സംഭവിച്ചതെന്നു സി.പി.എമ്മിന് മനസിലാക്കാനായിട്ടില്ല. ബി.ജെ.പിയാണ് മുന്നിലെന്ന് കാണിക്കുന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഫലം വന്നശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിനൊ ത്രിപുരയിലെ അത്യാഹിതത്തിന്‍റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും ഇത് അടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്നുവെന്നും ഒരു വാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാമൂഹമാധ്യമങ്ങളില്‍ പാര്ട്ടിക്ക് പ്രതിരോധം തീര്‍ക്കുന്ന ചിലര്‍ സി.പ.എമ്മിന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചതായി അവകാശപ്പെട്ടിട്ടുമുണ്ട്. ഇത് അസംഭവ്യമല്ല. കൂടുതല്‍ വോട്ടു കിട്ടിയത് സി.പി.എം (57 സ്ഥാനാര്‍ത്ഥികള്‍) ബിജെപിയേക്കാള്‍ (51 സ്ഥാനാര്‍ത്ഥികള്‍) കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചതുകൊണ്ടാകാം. ഒരു കക്ഷിയിലെ വിജയികളുടെ ഭൂരിപക്ഷം വളരെ വലുതും മറ്റെതിന്റെത് ചെറുതും ആയാലും ഇങ്ങനെ സംഭവിക്കാം. ഏതായാലും കഴിഞ്ഞനിയമസഭയില്‍ സിപിഎമ്മിനുണ്ടായിരുന്ന 49 സീറ്റുകളില്‍ 32 എണ്ണം നഷ്ടപ്പെട്ട ശേഷവുംഅടിത്തറ ഭദ്രമെന്നു പറയുന്നതില്‍ അഭംഗിയുണ്ട്.
കോണ്ഗ്രസിനു പഴയ സഭയിലുണ്ടായിരുന്ന പത്ത് സീറ്റും നഷ്ടപ്പെട്ടു. അതിന്റെ കാരണം വ്യക്തമാണ്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്ഗ്രസ് നേതാക്കള്‍ മൊത്തമായി ബിജെപിയിലേക്ക് മാറിയിരുന്നു. എന്നിട്ടും കോണ്ഗ്രസ് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ത്രിപുരയില്‍ ബിജെപി ജയിച്ചത് സ്ത്രീകളും യുവാക്കളും പിന്തുണച്ചതു കൊണ്ടാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന് വേണ്ടി തെരഞ്ഞെടുപ്പുകള്‍ക്കുശേഷം സര്‍വേ നടത്തുന്ന ലോക് നീതി സെന്റര്‍ നടത്തിയ പഠനം ഈ നിരീക്ഷണം ശരിവെക്കുന്നതാണ്. പതിനെട്ടിനും നാല്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരില്‍ 55 ശതമാനം ബിജെപി സഖ്യത്തിന് വോട്ടു ചെയ്തതായി അത് പറയുന്നു. 
തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ച് ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകനോടു രണ്ട് സ്ത്രീകള്‍ പറഞ്ഞത് ശ്രദ്ധയര്‍ഹിക്കുന്നു. “ഇരുപതു കൊല്ലത്തെ സിപിഎം ഭരണത്തില്‍ ജനങ്ങള്‍ മടുത്തു,”  ഒരു മുന്‍ കോളേജ് അധ്യാപിക പറഞ്ഞു. “സ്ത്രീകള്‍ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. കാഡറുകളിലും ഒരു നല്ല പങ്ക് അവരായിരുന്നു. അവരും മാറ്റം ആഗ്രഹിച്ചു. പാര്‍ട്ടി ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ ഉത്തരവുകളല്ല, പാര്‍ട്ടിയുടെ ഉത്തരവുകളാണ് നടത്തപ്പെട്ടത്.” ഒരു മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു: “പാര്‍ട്ടി ആവശ്യത്തിലേറെ ശക്തിപ്രാപിച്ചു. കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ ആദ്യം പാര്‍ട്ടി ആപ്പീസില്‍ പോയി കൊടി  വാങ്ങിച്ചു മൃതദേഹത്തിലിടണം. അതിനുശേഷമേ കാര്യങ്ങള്‍ നടക്കൂ.”   
തെരഞ്ഞെടുപ്പു പ്രചാരണം കൈകാര്യം ചെയ്യാന്‍ സുനില്‍ ദിയോധര്‍ എന്ന മഹാരാഷ്ട്രക്കാരനായ ആര്‍.എസ്.എസ് പ്രചാരകനെ ബിജെപി ത്രിപുരയിലേക്കയച്ചത് രണ്ടര കൊല്ലം മുമ്പാണ്. മാണിക് സര്‍ക്കാരിന്റെ മൂന്നാം മന്ത്രിസഭയുടെ കാലാവധിയുടെ പകുതി അപ്പോഴും ബാക്കിയുണ്ടായിരുന്നു. വിജയം സാധ്യമാക്കുന്നതിനായി താന്‍ എങ്ങനെയാണ് പണമൊഴുക്കി അസംതൃപ്തരായ ആദിവാസികളെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും സ്ത്രീകളെയും യുവാക്കളെയും സിപിഎമ്മില്‍ നിന്ന്‍ അടര്‍ത്തി എടുത്തതെന്നു ദിയോധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശക്തമായ  കാഡര്‍ സ്വഭാവമുള്ള സിപിഎമ്മിനെ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിഞ്ഞതില്‍ നിന്ന് മനസിലാക്കേണ്ടത് അടിത്തറ നേതാക്കള്‍ കരുതുന്നത്ര ഉറപ്പുള്ളതല്ലെന്നല്ലേ?

ത്രിപുരയിലെന്ന പോലെ കേരളത്തിലും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ അസംതൃപ്തി വ്യാപകമാണ്. അതുകൊണ്ട് ത്രിപുര തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ സി.പി. എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഗൌരവപൂര്‍വ്വം പഠിക്കേണ്ടതുണ്ട്.
ഏതാണ്ട് 34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് സി.പി.എമ്മിന് ബംഗാള്‍ നഷ്ടപ്പെട്ടത്. ആ ഘട്ടത്തില്‍ (2011) പാര്‍ട്ടിക്ക് 41.39 ശതമാനം വോട്ടുണ്ടായിരുന്നു. അന്ന് 213 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. അടുത്ത തെരഞ്ഞെടുപ്പില്‍148 പേരെയെ നിര്ത്താനായുള്ളൂ. വോട്ടു 38.62 ശതമാനമായി കുറഞ്ഞു.  ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള സാധ്യത അവിടെ കാണാനില്ല, എന്നു തന്നെയല്ല സി.പി.എമ്മിനു നഷ്ടപ്പെട്ട ഇടം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം തുടങ്ങിയത് 1964ലെ പിളര്പ്പോടെയാണ്. അതിനുശേഷം ബംഗാളിലും ത്രിപുരയിലും കേരളത്തിലും അധികാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് പ്രസ്ഥാനത്തിന്റെ വ്യാപ്തി ചുരുങ്ങുകയാണെന്ന വസ്തുത മറച്ചുപിടിക്കാനും സിപിഎം ശക്തിപ്പെടുകയാണെന്ന ധാരണ പരത്താനും സഹായിച്ചു. ത്രിപുര കൂടി പിടിവിട്ടു പോയതോടെ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ അധികാരം കിട്ടുന്ന കേരളത്തില്‍ മാത്രമായി പാര്‍ട്ടിയുടെ സ്വാധീനം ചുരുങ്ങിയിരിക്കുന്നു. ഇത് അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ തലത്തിലെ അധികാര മത്സരത്തില്‍ നിന്ന് ഇടതുപക്ഷം അപ്രത്യക്ഷമായിരിക്കുന്നു. ഒരു വിദൂര ബദലായി പോലും അതിനെ കാണാനാവാത്ത അവസ്ഥ.
സോവിയറ്റ് യൂണിയനും ചൈനയ്ക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാക്കിയ വിള്ളലാണ് ഇന്ത്യയിലെ പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായത്. സോവിയറ്റ് യൂണിയന്റെയും കിഴക്കെ യൂറോപ്പിലെ കമ്മ്യുണിസ്റ്റ് ഭരണകൂടങ്ങളുടെയും പതനത്തിനും ചൈനയുടെ വിപണി സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിനും ശേഷം അന്നത്തെ പ്രത്യയശാസ്ത്രപരമായ വാദങ്ങള്‍ തീര്‍ത്തും അപ്രസക്തമായി. സോവിയറ്റ് നിലപാടിനും ചൈനയുടെ നിലപാടിനും അനുസരിച്ച് അന്നത്തെ കോണ്ഗ്രസ് സര്‍ക്കാരിനോടുള്ള സമീപനത്തിന്റെ കാര്യത്തിലും അവിഭക്ത പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ദേശീയരാഷ്ടീയത്തില്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ അതിനെയും അപ്രസക്തമാക്കി. സ്വന്ത നിലയില്‍ കാര്യങ്ങള്‍ വിലയിരുത്തുന്ന പാരമ്പര്യമുള്ള പ്രത്യയശാസ്ത്ര വിശാരദരുടെ അഭാവത്തില്‍ മാറ്റങ്ങള്‍ പരിശോധിച്ച് നിലപാടുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഇടതു പ്രസ്ഥാനം പൊതുവിലും, ഏറ്റവും വലിയ ഇടതു കക്ഷിയായ സിപി.എം പ്രത്യേകിച്ചും, ഇന്നത്തെ പതനത്തിലെത്തിയിട്ടുള്ളത്. 
അധികാരം നേടുന്നതിനും നിലനിര്‍ത്തുന്നതിനും സിപിഎം അവലംബിച്ച അടവുകള്‍ ആ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് അതിന്റെ ഇടതുപക്ഷ സ്വഭാവത്തെ ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കിയിരിക്കുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ഇടതു കക്ഷികള്‍ ഇനിയും അമാന്തിച്ചാല്‍ ഏതാനും തലമുറകളുടെ ത്യാഗത്തിന്റെ മേല്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം ചരിത്ര പുസ്തകത്തിലെ ഒരു അടിക്കുറിപ്പായി മാത്രം അവസാനിച്ചേക്കും. (ജനശക്തി, ഏപ്രില്‍ 1-15, 2018)


Friday, March 9, 2018

ബി.ആര്‍.പി. ഭാസ്കര്‍ / വി.കെ സുരേഷ്

മൂക്കിനപ്പുറം കാണാത്ത അല്പബുദ്ധികള്‍ 

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പൌരാവകാശത്തിന്‍റെയും ഇടം ഇല്ലാതായി വരികയാണ്.  കേരളത്തെ നടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അതാണ്‌ കാണിക്കുന്നത്. ഹിംസ മാത്രം മുഖമുദ്രയാക്കി പുതുതലമുറ വടിവാളുകളേന്തി ജനാധിപത്യത്തിന്റെ ശിരസ വെട്ടിയിടുമ്പോള്‍ നാള്‍ ജാഗ്രതയോടെ നിലയുറപ്പിച്ചേ മതിയാകൂ. 
കേരളത്തിലെ ജനകീയ സമരങ്ങളിലും പൌരാവകാശ ജനാധിപത്യ സംരക്ഷണ പ്പോരാട്ടങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകനായ ബി.ആര്‍.പി. ഭാസ്കര്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു. 

? എന്തുകൊണ്ടാണ് നമ്മുടെ പൊതുസമൂഹത്തില്‍ വിയോജിപ്പിന്റെയും പൌരാവകാഷത്തിന്റെയും ശബ്ദം നേര്ത്തുവരുന്നത്
ജനാധിപത്യ സമൂഹത്തിലാണ് പൌരാവകാശങ്ങളും വിയോജിക്കാനുള്ള അവകാശവും ഉള്ളത്. കേരളത്തില്‍ വിയോജിപ്പിന്റെയും പൌരാവകാശങ്ങളുടെയും ശബ്ദം നേര്ത്തു വരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം സമൂഹത്തിന്റെ ജനാധിപത്യ സ്വഭാവം ക്ഷയിക്കുന്നെന്നാണ്. പല കാരണങ്ങളാല്‍ കേരളത്തിലെ പൊതുസമൂഹം അതീവ ദുര്‍ബലമാണ്.  
? മാര്‍ക്സിസത്തെ അടോസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്ട്ടികളിലെല്ലാം വയലന്‍സിന്റെ അംശമുണ്ടെന്നു പലരും വിമര്‍ശിക്കുന്നുണ്ട്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവണത അവര്‍ക്ക് കൂടുതലാണെന്നും. സാര്‍വദേശീയ പശ്ചാത്തലത്തില്‍ ഇതിനെയൊന്നു വിശദീകരിക്കാമോ   
വിപ്ലവത്തിലൂടെ മാത്രമേ ചൂഷണമില്ലാത്ത സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാനാകൂ എന്നാണു മാര്‍ക്സിസം പഠിപ്പിക്കുന്നത്. ആ വിശ്വാസം തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അക്രമങ്ങള്‍ക്ക് ന്യായീകരണമാകുന്നു. വിപ്ലവത്തില്‍ അക്രമമുണ്ടാകുമെന്നതില് നിന്നു അക്രമം വിപ്ലവമാണെന്നു ചിന്തിക്കുന്ന തലത്തിലേക്ക് മാറിയ കക്ഷിയാണ് സി.പി.എം. ഇത്തരത്തില്‍ പ്രത്യയശാസ്ത്രപരമായ ന്യായീകരണങ്ങള്‍ കൂടാതെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളുമുണ്ട് നമ്മുടെ രാജ്യത്തും വിദേശത്തും. നമ്മുടെ മിക്ക രാഷ്രീയ കക്ഷികളും അടിസ്ഥാനപരമായി ജനാധിപത്യ വിശ്വാസികളല്ല. അതുകൊണ്ട് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് മടിയില്ല. രാഷ്ട്രീയേതര പ്രസ്ഥാനങ്ങളും അക്രമ പ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. 
? കമ്പോള മൂലധനവും അതിന്റെ വഴിവിട്ട താല്പര്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളെ വിഴുങ്ങുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വ്യത്യാസപ്പെടുന്നുണ്ടോ        
തത്വത്തില്‍ കമ്പോള മൂലധന താല്പര്യങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും ഒന്നിച്ചുപോകാനാകില്ല. എന്നാല്‍ ആ തത്വങ്ങളെ മറികടക്കാനുള്ള പ്രായോഗിക തന്ത്രങ്ങള്‍ ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നാല് പതിറ്റാണ്ടുകാലമായി പിന്തുടരുന്ന സോഷ്യലിസ്റ്റ്‌ മാര്‍ക്കറ്റ് സമ്പദ് വ്യവസ്ഥ. മൂലധന താല്‍പര്യങ്ങളുമായുള്ള ബന്ധമാണ് ബംഗാളില്‍ മൂന്നു പതിറ്റാണ്ടിലധികം നിലനിന്ന ഇടതു മുന്നണി ഭരണത്തിന്റെ പൊടുന്നനെയുള്ള തകര്‍ച്ചയ്ക്ക് കാരണമായത്. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത, ഒരു നേതാവിന്റെ മക്കള്‍ ഉള്‍പ്പെട്ട, ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന പ്രശ്നവും കമ്പോള മൂലധനവും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയവും തമ്മിലുള്ള സമരസപ്പെടലാണ്. 
? കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശമനമില്ല. സാമാധാന യോഗങ്ങള്‍ പോലുംപ്രഹസനമായി മാറുന്നു. എന്താണ് ഇതിനു അടിസ്ഥാനമായ കാരണങ്ങള്‍  
4. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനു ഒരു നീണ്ട ചരിത്രമുണ്ട്. കോണ്ഗ്രസുകാരും കമ്മ്യൂണിസ്റ്റ്‌കാരും തമ്മില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ മേല്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലാണ് അതിന്റെ തുടക്കം. അണികളെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ എന്തെങ്കിലും കാരണവശാല്‍ സി.പി.എം. വിടുന്നവര്‍ ആര്‍.എസ്.എസിലേക്ക് തിരിയാന്‍ തുടങ്ങി. നേരത്തെ അവിടെ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ സമാധാന യോഗങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ യോഗം അലങ്കോലപ്പെട്ടത് അതിനു നേതൃത്വം നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയായാണ്‌ ഞാന്‍ കാണുന്നത്. അവര്‍ എല്ലാം ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ക്ക് വിട്ടുകൊടുത്തു. രാഷ്ട്രീയ കൊലപാതങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ബന്ധപ്പെട്ട കക്ഷികളുടെ നേതൃത്വം മനസ് വെക്കണം. ഇപ്പോള്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തങ്ങള്‍ക്ക് ചേതമില്ലാത്ത, അണികക്കുമാത്രം ജീവന്‍ നഷ്ടപ്പെടുന്ന ഒരു കളിയിലാണ്. കൊല്ലുന്നവര്‍ മാത്രമല്ല, കൊല്ലിക്കുന്നവരും വില കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ കളി മാറും.
? അപരന്റെ ശബ്ദം സംഗീതമായി ആസ്വദിക്കണമെന്നു പറയുന്ന മാര്‍ക്സിസം  അപരന്റെ ശബ്ദം തന്നെ ഇല്ലാതാക്കനമെന്ന് തീരുമാനിക്കുന്നു. മാര്‍ക്സിസത്തിലും ഫാഷിസത്തിന്റെ എലിമെന്റുണ്ടെന്നു അങ്ങ് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് വിശദീകരിക്കാമോ
എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും ഫാഷിസ്റ്റ്‌ പാര്ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രണ്ടും ഒരുപോലെയാണ് എന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. ചരിത്രം സൂക്ഷ്മതയോടെ വിലയിരുത്തുമ്പോള്‍ സാധാരണയായി   കമ്മ്യൂണിസ്റ്റ്‌കാര്‍ എതിരാളികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് മേല്കൈ നേടിയ ഇടങ്ങളിലാണെന്നു കാണാം. ഫാഷിസ്റ്റ്കള്‍ മേല്‍കൈ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
? സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ അത് ഹൈലൈറ്റ് ചെയ്യുന്നില്ലെന്നും മറിച്ചാകുമ്പോള്‍ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്യുന്നു എന്നാണല്ലോ സി.പി.ഐ (എം) നേതാക്കള്‍ ആരോപിക്കുന്നത്? അങ്ങനെ ഒരു അജണ്ട മാധ്യമങ്ങള്‍ക്കുണ്ടോ
സി.പി.എം. പ്രവര്‍ത്തകര്‍ നടത്തുന്ന കൊലകള്‍ക്ക് അവര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കാള്‍ പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ട്. മാധ്യമങ്ങളുടെ  സമീപനത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പക്ഷപാതിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. സി.പി.എം അതിനെ ഒരു അജണ്ടയുടെ ഭാഗമായി കാണുന്നെങ്കില്‍ അതിനെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പത്രപ്രവര്‍ത്തനത്തിന്റെ രീതിയുടെ ഭാഗമാണ്. ഇതേ സംഭവങ്ങള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അത് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ക്ക് അവര്‍ നടത്തുന്ന കൊലകളെക്കാള്‍ പ്രാധാന്യം കല്പിക്കുന്നതായി കാണാം. പാര്‍ട്ടി പത്രം ചെയ്യുന്നതുപോലെ പ്രഖ്യാപിത രാഷ്ട്രീയ ബന്ധമില്ലാത്ത “മുഖ്യധാര” പത്രങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും അവര്‍ നിഷ്പക്ഷത പുലര്ത്താന്‍ ബാധ്യസ്ഥരാണെന്നുമുള്ള തെറ്റിദ്ധാരണ വ്യാപകമാണ്. പക്ഷം പിടുത്തം അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ്.
? സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ല. എന്നിട്ടും ഇവിടെ ആളുകളുടെ ജീവനെടുക്കുന്ന സംഘങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, വര്‍ദ്ധിക്കുന്നു. എന്തായിരിക്കും ഇതിന്റെ സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങള്‍ 
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലങ്ങളിലൊന്നാണ് കണ്ണൂര്‍. അവിടെ അക്രമങ്ങളും അനീതിയും പെരുകുന്നതും രാഷ്രീയ ഭിന്നാഭിപ്രായത്തിന്റെ പേരില്‍ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും ആളുകളെ കൊല്ലുന്നതും സമൂഹത്തില്‍ ജീര്‍ണ്ണത ഏറെ പടര്‍ന്നിരിക്കുന്നുവെന്ന്‍ കാണിക്കുന്നു ആ പ്രദേശത്തെ മാത്രമല്ല, സംസ്ഥാത്തൊട്ടാകെയുള്ള, രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത് അടിയന്തിരമായി ശ്രദ്ധിക്കണം,  ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയും വേണം.
? ഇത്രയേറെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടും കേരളത്തില്‍ അതിനെതിരെ സ്വതന്ത്രമായ ജനകീയ ചെറുത്ത് നില്പുകള്‍ വളര്‍ന്നു വരാതിരിക്കുന്നതു എന്തുകൊണ്ടാണ്  
ഇത്രയേറെ  സംഘര്‍ഷങ്ങളും കൊലപാതങ്ങളും ഉണ്ടായിട്ടും അതിനെതിരെ സ്വതന്ത്രമായ ജനകീയ ചെറുത്തുനില്പുകള്‍ വളര്‍ന്നു വരാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരര്‍ത്ഥത്തില്‍ ചോദ്യത്തിനുള്ളില്‍ തന്നെയുണ്ട്. അത്തരം ചെറുത്തു നില്‍പ്കളുണ്ടാകണമെങ്കില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പൊതുസമൂഹമുണ്ടാകണം. എല്ലാം കൊടിക്കീഴിലാക്കാന്‍ രാഷ്ടീയ കക്ഷികള്‍ വ്യഗ്രത കാട്ടുന്ന നാടാണ് കേരളം. രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്ത് നില്‍ക്കുന്നവരെ അവര്‍ അരാഷ്ട്രീയവാദികള്‍ എന്ന് മുദ്രയടിക്കുന്നു. അതാകട്ടെ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലെ മുഴുത്ത അശ്ലീലപദമാണ്.  

ഈ പരാധീനതകളെ മറികടന്നു പല വിഷയങ്ങളിലും പ്രതിരോധം സംഘടിപ്പിക്കാനും വിജയകരമായ ജനകീയ സമരങ്ങള്‍ നടത്താനും  കേരളത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം, ചാലിയാര്‍ മലിനീകരണം, പാലക്കാട്ടെ കോളാ കമ്പനികളുടെ ജലചൂഷണം, തിരുവനന്തപുരം നഗരസഭയുടെ വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യസംസ്കരണം എന്നിങ്ങനെ പലതും അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവയെല്ലാം മാറിമാറി ഭരിക്കുന്ന കക്ഷികളുടെ നേതാക്കളുടെ ബുദ്ധിശൂന്യമായ തീരുമാനങ്ങളുടെ ഫലമായുണ്ടായവയാണ്. അവയ്ക്കെതിരായ സമരങ്ങള്‍ തുടങ്ങിയത് രാഷ്രീയ നേതാക്കളോ സാംസ്കാരിക നായകരോ അല്ല, ദുരിതമനുഭവിക്കേണ്ടി വന്ന തദ്ദേശവാസികളാണ്. രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ട് അവര്‍ നടത്തിയ സമരങ്ങള്‍ക്ക് കേരളത്തിലെ ദുര്‍ബലമായ പൊതുസമൂഹ സംഘടനകള്‍ ആകുന്ന പിന്തുണ നല്കി. അത്ര തന്നെ.
? നമ്മുടെ സാംസ്കാരികനായകന്മാരും ബുദ്ധിജീവികളും സിപിഐ എമ്മിന്റെ കൊലപാതക നിലപാടുകളെ തുറന്നു വിമര്‍ശിക്കുന്നതില്‍ ഇപ്പോഴും വിമുഖരാണ്. എന്തുകൊണ്ടാണീ വിമുഖത
സാംസ്കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കപ്പെടുന്നവരില്‍ ഒരു വലിയ വിഭാഗം ആശയപരമായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്ത്തുന്നവരാണ്. ഭരണത്തിലേറുമ്പോള്‍ സി.പി.എം. അവരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിനെതിരെ പരസ്യമായി നിലപാടെടുക്കാന്‍ അവര്‍ മടിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആ സമീപനം മാറുകയാണെന്ന് കരുതാന്‍ ന്യായമുണ്ട്. ശുഹൈബിന്റെ വധത്തെ അല്പം കരുതലോടെയാണെങ്കിലും അവരില്‍ ചിലര്‍ അപലപിച്ചതിനെ ഒരു നല്ല തുടക്കമായി ഞാന്‍ കാണുന്നു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് സാംസ്കാരിക പ്രവര്ത്തകരുടെ ഐക്യനിര കുറച്ചുകാലത്തേക്കെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ പിന്നീടത് അപ്രത്യക്ഷമായി. കൊലപാതകങ്ങളും അതുയര്‍ത്തുന്ന പശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ധീരതയില്ലാത്തവരാണോ സാംസ്കാരിക പ്രവര്‍ത്തകര്‍.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഒരുപാട് പേരെ ഞെട്ടിച്ചു. അതിന്റെ ഒരു കാരണം ആ 51 വെട്ടുകള്‍ അതിനെ  അതിനിഷ്ടുരമായ രാഷ്ട്രീയ കൊലപാതകമാക്കിയതാണ്. ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ചിന്തയോടെ ധാരാളം പേര്‍ മുന്നോട്ടു വന്നു. കുറച്ചു കാലത്തേക്ക് കൊലപാതക രാഷ്ട്ടീയം ശമിച്ചു. പക്ഷെ അത് തിരിച്ചുവന്നിരിക്കുന്നു. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടാല്‍ ഒരുപക്ഷെ അക്രമത്തിലെര്‍പ്പെടുന്ന കക്ഷികള്‍ വീണ്ടും കുറച്ചു കാലത്തെക്കെങ്കിലും പിന്‍വാങ്ങിയേക്കാം. അതുകൊണ്ട് അതിനായുള്ള ശ്രമങ്ങള്‍ നടക്കണം. പക്ഷെ ഇത് സാംസ്കാരിക നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ല.
? കണ്ണൂരില്‍ ഫാഷിസത്തിനെതിരായ പോരാട്ടമാണ് സി.പി.ഐ-എം നടത്തുന്നതെന്നാണ് അവര്‍ പറയുന്നത്. വസ്തുതയാണോ ഇത്
കണ്ണൂരില്‍ നടക്കുന്നത് ഒരു പോരാട്ടമാണെന്നും അതില്‍ ഒരു ഭാഗത്ത് ഫാഷിസ്റ്റ്കളും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ്‌കാരും ആണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അവിടെ നടക്കുന്നത് മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്ത അല്പബുദ്ധികള്‍ തമ്മില്‍ നടക്കുന്ന മേല്കൊയ്മയ്ക്കായുള്ള മത്സരമാണ്. പാര്ട്ടിബന്ധം അതിനു രാഷ്ട്രീയ നിറം നല്‍കുന്നു. (ചന്ദ്രിക ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 3, 2018)

Sunday, March 4, 2018

പ്രതിരോധം മറന്ന സി.പി.എം.

ബി.ആര്‍.പി. ഭാസ്കര്‍
മാതൃഭൂമി

ഇത്ര നാടകീയമായ ഒരു മാറ്റം ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് തോന്നുന്നു. എങ്ങനെയാണ് ബിജെപി ത്രിപുരയില്‍ ഈ മഹാത്ഭുതം കാഴ്ച വെച്ചത്?  

ആദ്യ കണക്കുകള്‍ കാണിക്കുന്നത് സി.പി.എമ്മിന്റെ വോട്ടുവിഹിതത്തില്‍ നേരിയ കുറവേ ഉണ്ടായിട്ടുള്ളൂ എന്നാണ്. കോണ്ഗ്രസിന്റെ വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ചോര്‍ന്നുപോയി. പക്ഷെ കോണ്ഗ്രസിനു പുറത്തു നിന്നും വോട്ട് സംഭരിക്കാനും ബിജെപിക്കായി. പണം ബി.ജെ.പിയുടെ വിജയത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ അതു കൊണ്ടുമാത്രം ഇത്തരത്തിലുള്ള  ഒരു അട്ടിമറിവിജയമുണ്ടാകില്ല.

രണ്ടര കൊല്ലം മുമ്പ് തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള സുനില്‍ ദിയോധര്‍ എന്ന ആര്‍.എസ്. എസ്. പ്രചാരകനെ ത്രിപുരയിലേക്ക് നിയോഗിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും ഇടതു കോട്ട പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. 

അവിടെ  എത്തിയ ശേഷം ചെയ്ത കാര്യങ്ങള്‍ ദിയോധര്‍ ഈയിടെ ഒരു മാധ്യമ പ്രവര്ത്തകയോട് പറയുകയുണ്ടായി. ആദ്യം അസന്തുഷ്ടരായ കോണ്ഗ്രസുകാരെ കൂട്ടി. പിന്നീട് യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും സംഘടനകളുണ്ടാക്കി. അതിനുശേഷം ജനസംഖ്യയുടെ 35 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ചു. പട്ടിക വര്‍ഗങ്ങള്‍ക്ക് അറുപതംഗ സഭയില്‍ ഇരുപത് സീറ്റുണ്ട്. ഏറെ അസന്തുഷ്ടരായ അവരെ ഒപ്പം കൂട്ടാന്‍ രണ്ടു പേരെ പാര്‍ട്ടി വൈസ് പ്രസിഡന്റുമാരും നാല് പേരെ കോര്‍ കമ്മിറ്റി മെംബര്‍മാരുമാക്കി. പിന്നീട് അസന്തുഷ്ടരായ കുറെ സി.പിഎംകാരെയും കിട്ടിയത്രെ.

60 മണ്ഡലങ്ങള്‍ക്കും ചുമതലക്കാരെ നിയോഗിച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുമ്പോള്‍ ഒന്നര കൊല്ലം മുമ്പ് സിപിഎം അതിലെരാളെ കൊലപ്പെടുത്തിയതായി ദിയോധര്‍ പറഞ്ഞു. ഒരു മാസത്തിനുശേഷം ബിജെപി ഒരു ‘ശാന്തി യജ്ഞം’ നടത്തി. യജ്ഞഭൂമിയില്‍ നിന്ന് ശേഖരിച്ച ചാരം 60 കുടങ്ങളിലാക്കി, അതുമായി രഥങ്ങള്‍ 60 മണ്ഡലങ്ങളിലും യാത്ര നടത്തി. കൂടാതെ 40,000 പേര്‍ അറസ്റ്റ് വരിച്ച ‘ജയില്‍ നിറയ്ക്കല്‍’ സമരം, മോദി ടീഷര്‍ട്ടുകള്‍ ധരിച്ച യുവാക്കളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിവരിക്കുന്ന ബംഗാളിയിലും ഗോത്ര ഭാഷയിലുമുള്ള ലഘുലേഖകളുടെ വിതരണം തുടങ്ങി പലതും ദ്യോധര്‍ ചെയ്തു.

സിപിഎമ്മിനു സാന്നിധ്യമില്ലാതിരുന്ന സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച കാര്യവും ദിയോധര്‍ പറഞ്ഞു. ലളിത ജീവിതം നയിക്കുന്ന മാണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ മറികടക്കാന്‍ ബിജെപിക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. 

ആദിവാസി മേഖലയില്‍ കുറെ കുട്ടികള്‍ മലേറിയ പിടിപെട്ടു മരിക്കുകയുണ്ടായി. മുഖ്യമന്ത്രി 11 മന്ത്രിമാരെയും 80 ഡോക്ടര്‍മാരെയും 150 നേഴ്സുമാരെയും അവിടെ അയച്ചു. അതെല്ലാം അവഗണിച്ചുകൊണ്ട് അദ്ദേഹം ഹെലികോപ്ടറില്‍ പോയതു ചൂണ്ടിക്കാട്ടി ബിജെപി ഒരു മുദ്രാവാക്യം ഉയര്‍ത്തി: “കുട്ടികള്‍ മരിക്കുന്നു, മുഖ്യന്‍ ഹെലികോപ്ടറില്‍ പറക്കുന്നു”. ആ മുദ്രാവാക്യം ജനങ്ങളെ സ്വാധീനിച്ചെങ്കില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മിനു കഴിഞ്ഞില്ലെന്നും കരുതേണ്ടിയിരിക്കുന്നു. (മാതൃഭൂമി, മാര്‍ച്ച്‌ 4, 2018)

Sunday, February 11, 2018

ഗാന്ധിയും ജിന്നയും അംബേദ് കറും

 ബി.ആര്‍.പി. ഭാസ്കര്‍

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പൊതുരംഗത്ത് പ്രവേശിച്ച മൂന്നു വ്യക്തികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം ഏറെ വ്യത്യസ്തമാകുമായിരുന്നു. ഗാന്ധിയും ജിന്നയും അംബേദ്കറുമാണ് ആ വ്യക്തികള്‍.

കറാച്ചിയിലെ ഒരു ഗുജറാത്തി മുസ്ലിം വ്യാപാരി കുടുംബത്തില്‍ പിറന്ന മുഹമ്മദ്‌ അലി ജിന്ന ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്റര്‍ യോഗ്യത നേടിയശേഷം മുംബായില്‍ അഭിഭാഷകനായി. അതോടൊപ്പം അദ്ദേഹം കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുകയും ശ്രദ്ധേയനായ യുവനേതാവാകുകയും ചെയ്തു. ദാദാഭായ് നവറോജി, ഫെറോസ്ഷാ മേത്ത തുടങ്ങിയവരുടെ കാലശേഷം ഒന്നാം സ്ഥാനത്ത് എത്തേണ്ടയാളായി എല്ലാവരും അദ്ദേഹത്തെ കണ്ടു.
ആ ഘട്ടത്തിലാണ് മോഹന്‍ദാസ് കരംചന്ദ്‌ ഗാന്ധി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ജനിച്ചത് പരമ്പരാഗതമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ബനിയ സമുദായത്തി ലായിരുന്നെങ്കിലും അച്ഛന്‍ ഒരു കൊച്ചു നാട്ടുരാജ്യത്തിലെ ദിവാനായിരുന്നു. അദ്ദേഹവും ബാരിസ്റ്റര്‍ ആയി. എന്നാല്‍ കോടതിയില്‍ ശോഭിച്ചില്ല. തെക്കേ ആഫ്രിക്കയിലെ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ കോടതിപ്പണിയില്ലാത്ത ജോലി നല്കിയപ്പോള്‍ അദ്ദേഹം അങ്ങോട്ടു പോയി. അവിടെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ ഐതിഹാസികമായ സമരങ്ങളെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞിരുന്ന മുംബായ് വാസികള്‍ അദ്ദേഹത്തിനു വമ്പിച്ച സ്വീകരണം നല്കി. നഗരത്തിലെ ഗുജറാത്തി സമാജും ഒരു സ്വീകരണം ഒരുക്കി. സമാജ് പ്രസിഡന്റെന്ന നിലയില്‍ ജിന്ന ആയിരുന്നു ആധ്യക്ഷം വഹിച്ചത്. അവിടെ വെച്ച് ഇരുവരും ചെറുതായി ഉടക്കി. 

ജിന്നയുടെ അദ്ധ്യക്ഷ പ്രസംഗം ഇംഗ്ലീഷിലായിരുന്നു. മറുപടി പ്രസംഗത്തില്‍ ഗാന്ധി ചോദിച്ചു: ”നമ്മള്‍ ഗുജറാത്തികള്‍ ഒത്തുചേരുമ്പോള്‍ ഗുജറാത്തിയില്‍ സംസാരിച്ചാല്‍ പോരെ?” ഒരു നീണ്ട സ്വരച്ചേര്ച്ചയില്ലായ്മയുടെ തുടക്കമായിരുന്നു അത്.

പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലൂടെ പൊതുരംഗത്ത് പ്രവേശിക്കാനാണ് ഗാന്ധി ആഗ്രഹിച്ചത്. സൊസൈറ്റിയിലെ ചിലര്‍ അദ്ദേഹത്തിന്റെ പ്രവേശനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. അവരെ സമന്വയിപ്പിക്കാന്‍ സമയം വേണമെന്ന് ഗോഖലെ അറിയിച്ചു. അതിനിടയില്‍ കല്‍ക്കൊത്തയില്‍ പോയി രബീന്ദ്ര നാഥ് ടാഗോറിനെ സന്ദര്‍ശിക്കാന്‍ ഗാന്ധി തീരുമാനിച്ചു. ആഫ്രിക്ക വിടുന്നതിനുമുമ്പ് അവിടത്തെ ആശ്രമത്തിലെ അന്തേവാസികളെ അദ്ദേഹം ഇന്ത്യയിലേക്ക് അയച്ചിരുന്നു. അവര്‍  അദ്ദേഹത്തിന്റെ വരവും കാത്ത്  ശാന്തിനികേതനത്തില്‍ കഴിയുകയായിരുന്നു. 

കല്‍ക്കൊത്തയിലെത്തിയ ഗാന്ധിയെ ടാഗോര്‍ മഹാത്മാവ് എന്ന്‍ വിശേഷിപ്പിച്ചു. അദ്ദേഹം അവിടെയായിരുന്നപ്പോള്‍ ഗോഖലെ മരിച്ചു. അതോടെ സര്‍വന്റ്സ് ഓഫ് സൊസൈറ്റിയുടെ വാതില്‍ അടഞ്ഞു. മഹാത്മാവായി കോണ്ഗ്രസിലെത്തിയ ഗാന്ധി നേതൃനിരയില്‍ അതിവേഗം ഉയര്‍ന്നു. നവറോജിയുടെയും മേത്തയുടെയും കാലം കഴിഞ്ഞപ്പോഴേക്കും ജിന്നയെ മറികടന്നു അദ്ദേഹം മുന്നിലെത്തിയിരുന്നു. കോണ്ഗ്രസ് സമ്മേളനത്തില്‍ ജിന്ന അദ്ദേഹത്തെ മി.ഗാന്ധി എന്ന് പരാമര്ശിച്ചപ്പോള്‍ “മഹാത്മാ എന്ന് പറയൂ” എന്നാവശ്യപ്പെട്ടുകൊണ്ട് സദസ്യര്‍ ബഹളം കൂട്ടി. അവഹേളിതനായി വേദി വിട്ട ജിന്ന പിന്നീട് കോണ്ഗ്രസ് സമ്മേളനങ്ങള്‍ക്കെത്തിയില്ല.

മുസ്ലിങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ പറ്റിയ ഒരു നേതാവിനും വിഷയത്തിനും വേണ്ടി ആദ്യകാലത്ത് താന്‍ തെരഞ്ഞതായി ഗാന്ധി ആത്മകഥയില്‍ പറയുന്നുണ്ട്. ജിന്നയെ അതിനു പറ്റിയ നേതാവായി അദ്ദേഹം കണ്ടില്ല. ഗാന്ധി വിദേശീയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പാശ്ചാത്യ ജീവിതരീതികള്‍ പിന്തുടര്ന്നയാളാണ് ജിന്ന. 
ഇന്ത്യയിലെ മുസ്ലിം പൌരോഹിത്യം തുര്‍ക്കി സുല്‍ത്താന്റെ ഖാലിഫ് പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ അദ്ദേഹം താല്പര്യമെടുത്തില്ല. (ആ ആവശ്യത്തെ തുര്‍ക്കിയുള്‍പ്പെടെ ബഹുഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളിലെയും ജനങ്ങള്‍ പിന്തുണച്ചിരുന്നില്ല.) എന്നാല്‍ ഹിന്ദു-മുസ്ലിം ഐക്യം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും പല നേതാക്കളുടെടും എതിര്‍പ്പ് മറികടന്നു തന്റെ നിലപാട് കോണ്ഗ്രസിനെക്കൊണ്ട് അംഗീകരിപ്പിക്കുകൌഇം ചെയ്തു. 

കോണ്ഗ്രസിലും ലീഗിലും അംഗമായിരുന്ന ജിന്ന നേരത്തെ തന്നെ തന്റേതായ രീതിയില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചകളുടെ ഫലമായി 1916ല് കോണ്ഗ്രസും ലീഗും ഒപ്പുവെച്ച ലക്നൌ ഉടമ്പടി പ്രകാരം രണ്ടു സംഘടനകളും സര്‍ക്കാരിനു മുമ്പില്‍ പൊതുവായ ഭരണപരിഷ്കാര നിര്‍ദ്ദേശങ്ങള്‍ വെക്കുകയും അവ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കവയത്രി സരോജിനി നായിഡു ജിന്നയെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതിപുരുഷന്‍ എന്ന് വാഴ്ത്തി.

ഇരുനേതാക്കളുടെയും സമീപനങ്ങള്‍ അനാശാസ്യമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഫലത്തില്‍ ലക്നൌ ഉടമ്പടിയിലൂടെ കോണ്ഗ്രസ് ലീഗിനെ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കുകയായിരുന്നു.വ്യവസ്ഥകള്‍ കോണ്ഗ്രസ് പാലിക്കാഞ്ഞതിനാല്‍ ഉടമ്പടി ഉദ്ദേശിച്ച ഫലം നല്‍കിയില്ല. ഖിലാഫത്ത് പ്രസ്ഥാനം മുസ്ലിം പൌരോഹിത്യത്തിന് രാഷ്രീയത്തില്‍ ഇടം നേടിക്കൊടുത്തു. അതിന്റെ ദുരന്തഫലങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇപ്പോഴും പ്രകടമാണ്.    


ഗാന്ധിയും ജിന്നയും രാഷ്ട്രീയരംഗത്ത് തിളങ്ങി നിന്ന 1920കളിലാണ് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തിയശേഷം തിരിച്ചെത്തിയ ബി.ആര്‍. അംബേദ്‌കര്‍ മുംബായില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മഹര്‍ എന്ന “തൊട്ടുകൂടാത്ത” വിഭാഗത്തില്‍ പെട്ടയാളായിരുന്നു ഭീംറാവു റാംജി അംബേദ്‌കര്‍. (ഗാന്ധി പ്രചരിപ്പിച്ച ഹരിജന്‍, സര്‍ക്കാര്‍ അവതരിപ്പിച്ച പട്ടിക ജാതി, ആ വിഭാഗം സ്വയം കണ്ടെത്തിയ ദലിത് എന്നീ പേരുകള്‍ പിന്നീട് ഉണ്ടായവയാണ്.) വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലഭിച്ചെങ്കിലും എല്ലായിടത്തും ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവപ്പെട്ടു. മുംബായില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട അംബേദ്‌കര്‍ മഹാരാഷ്ട്രയിലെ ദലിതരെ സംഘടിപ്പിച്ചു പ്രക്ഷോഭങ്ങള്‍ നടത്തി. ദലിത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ “മൂകനായക്” എന്ന പേരില്‍ ഒരു മറാത്തി വാരിക അദ്ദേഹം ആരംഭിച്ചു. ദലിതര്‍ക്ക് പൊതു കുളത്തില്‍ നിന്ന്‍ വെള്ളം എടുക്കാനുള്ള അവകാശത്തിനായി മഹദ്‌ എന്ന സ്ഥലത്ത് 1927 മാര്‍ച്ച് 20നു അദ്ദേഹം സംഘടിപ്പിച്ച സത്യഗ്രഹം ഒരു വലിയ സംഭവമായി. ആ ദിവസം സര്‍ക്കാര്‍ ഇപ്പോള്‍ സാമൂഹിക ശാക്തീകരണ ദിനമായി ആചരിക്കുന്നു. തിരുവിതാംകൂറിലെ ജാതീയമായ അവശതകളെ കുറിച്ച് ടി.കെ. മാധവന്‍ ഗാന്ധിയെ ധരിപ്പിച്ചതിനെ തുടര്‍ന്നു കോണ്ഗ്രസ് വൈക്കം സത്യഗ്രഹം സംഘടിപ്പിച്ചതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ ഗാന്ധിയോ കോണ്ഗ്രസോ ഈ സമരത്തെ പിന്തുണച്ചില്ല.

നാഗപ്പൂരില്‍ അംബേദ്‌കര്‍ 1930ല്‍ വിളിച്ചു കൂട്ടിയ അഖിലേന്ത്യാ അധ:കൃത വര്‍ഗ കോണ്ഗ്രസ് “തൊട്ടുകൂടാത്തവരുടെ രാഷ്രീയ അവകാശങ്ങള്‍ക്കു” വേണ്ടി ശബ്ദമുയര്‍ത്തി. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനത്തില്‍ ദലിത് പ്രതിന്ധിയായി അംബേദ്‌കര്‍ ക്ഷണിക്കപ്പെട്ടു. സമ്മേളനത്തില്‍ അഭിപ്രായൈക്യം രൂപപ്പെട്ടില്ല. തുടര്‍ന്ന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ദലിതര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളുടെ പ്രതിനിധികളെ പ്രത്യേകം പ്രത്യേകം തെരഞ്ഞെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന “കമ്മ്യൂണല് അവാര്‍ഡ്” പ്രഖ്യാപിച്ചു. ദലിതര്‍ക്ക് ഇത്തരത്തിലുള്ള ഒരു സംവിധാനം വേണമെന്ന് അംബേദ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. അവാര്‍ഡ് വരുമ്പോള്‍ പൂനയില്‍ ജയിലിലായിരുന്ന ഗാന്ധി അതിനെതിരെ നിരാഹാര സമരം തുടങ്ങി. ഗാന്ധിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ അംബേദ്‌കറുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. പൊതു സീറ്റുകളില്‍ ഒരു നിശ്ചിത എണ്ണം ദലിതര്‍ക്കായി സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഒപ്പ് വെക്കാന്‍ അദ്ദേഹം തയ്യാറായി. അതിനെ ഒരു കീഴടങ്ങല്‍ ആയി കാണേണ്ടതില്ല. കാരണം അതിലൂടെയാണ് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടനയില്‍ ഉള്പ്പെടുത്തപ്പെട്ട ദലിത്, ആദിവാസി സംവരണ സംവിധാനം രൂപപ്പെട്ടത്. 

പൂന കരാറിന് ശേഷവും അംബേദ്‌കറുടെ ദലിത് ശാക്തീകരണ പരിപാടിയെ ഗാന്ധി പിന്തുണച്ചില്ല. അതിനു പകരം അദ്ദേഹം ദലിതര്‍ക്ക് ഹരിജന്‍ എന്ന പേരു നല്‍കുകയും, ഹരിജന്‍ എന്ന പേരില്‍ ഒരു വാരിക തുടങ്ങുകയും ഹരിജന്‍ സേവക സംഘം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരുന്നതു കൊണ്ടാണ് അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞത്. അംബേദ്‌കര്‍ എല്ലാവരും തുല്യരും എല്ലാവര്ക്കും തുല്യാവസരമുള്ളതുമായ ഒരു സമൂഹം വിഭാവന ചെയ്തു. ആ സമൂഹത്തില്‍ ജാതിക്ക് സ്ഥാനമില്ല. അതുകൊണ്ട് അദ്ദേഹം മനുസ്മൃതി കത്തിച്ചു, ജാതിയുടെ ഉന്മൂലനം ആവശ്യപ്പെട്ടു.

ചെറുപ്പത്തില്‍ ഗാന്ധി വൈശ്യര്‍ക്കും പൂണൂലിടാനുള്ള അവകാശമുണ്ടെന്നു പറഞ്ഞു അത് ധരിച്ച യുവാക്കളുടെ സംഘത്തില്‍ അംഗമായിരുന്നു. തെക്കേ ആഫ്രിക്കയില്‍ അവകാശനിഷേധത്തിന്റെ രൂക്ഷമായ രൂപം അദ്ദേഹം കണ്ടു. പക്ഷെ തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ നിന്ന് സായിപ്പ് പുറത്താക്കിയപ്പോള്‍ അദ്ദേഹം അത് മനുഷ്യാവകാശ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞില്ല. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസവും ഒന്നാം ക്ലാസ് ടിക്കറ്റും ഇന്ത്യാക്കാ രനെ വെള്ളക്കാരന് തുല്യമാക്കില്ല എന്ന് മാത്രമേ അദ്ദേഹം മനസിലാക്കിയുള്ളൂ. ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സമരം ചെയ്തു. കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ആഫ്രിക്കയിലെ കറുത്തവരുടെ കാര്യത്തില്‍ അദ്ദേഹം താല്പര്യമെടുത്തില്ല. പക്ഷെ പില്‍ക്കാലത്ത് അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും ആഫ്രിക്ക യില്‍ നെല്‍സന്‍ മണ്ടേലയും ഗാന്ധി തങ്ങളുടെ മുന്‍ഗാമിയും മാര്‍ഗദര്ശിയുമാണെന്ന് പ്രഖ്യാപിച്ചു.

കേരളം ജാതിപ്രശ്നം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചു. വൈക്കം സത്യഗ്രഹകാലത്ത് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ അകത്തു കയറ്റാതെ പുറത്ത് ഒരു പന്തലിലാണ് ഇരുത്തിയത്. ആ ജാതിനിയമ പരിപാലനം അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. ശ്രീനാരായണ ഗുരുവുമായി സംസാരിച്ചശേഷം ശിവഗിരിയില് പ്രസംഗിക്കുമ്പോള്‍  ഒരു മരത്തിലെ ഇലകളുടെ വലുപ്പചെറുപ്പം ചൂണ്ടിക്കാട്ടിക്കൊണ്ട് അസമത്വം പ്രകൃതിനിയമമാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഗുരു ആ വാദം പൊളിച്ചു. ഏതില ചവച്ചാലും ഒരേ രസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഗാന്ധി ചാതുര്‍വര്‍ന്യത്തിലെ വിശ്വാസം ഉപേക്ഷിച്ചില്ല. ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യം കുറച്ചാല്‍ പ്രശ്നം അവസാനിക്കുമെന്ന അദ്ദേഹത്തിന്റെ  വിശ്വാസത്തെയും വര്ഗസമരം ജാതിപ്രശ്നം പരിഹരിക്കുമെന്ന കമ്മ്യൂണിസ്റ്റ് വിശ്വാസത്തെയും ജാതിമേധാവിത്വത്തെ നേരിട്ട് വെല്ലുവിളിക്കാതെ മുന്നോട്ടു പോകുന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി കാണാം.

കോണ്ഗ്രസില്‍ നിന്ന് അകന്ന ജിന്ന ഇംഗ്ലണ്ടിലേക്ക് പോയി. ദാദാഭായ് നവറോജിയെപ്പോലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗത്വം നേടാമെന്നു അദ്ദേഹം കരുതിയിരുന്നതായി ഒരു ജീവചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി റഹ്മത് അലി 1933ല്‍ ഒരു ലഘുലേഖയില്‍ പാകിസ്ഥാന്‍ എന്ന പേരില്‍ ഒരു മുസ്ലിം രാജ്യം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ജിന്ന അതില്‍  വലിയ താല്പര്യം കാട്ടിയില്ല. എന്നാല്‍ അടുത്ത കൊല്ലം ലിയാഖത്ത് അലി ഖാന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചത്തി ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു. ലീഗ് 1940ല്‍ പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന ആവശ്യം ഉന്നയിച്ചു. ലോകമഹായുദ്ധത്തിന്റെ ഫലമായി ക്ഷീണിച്ച ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു വേഗം പിന്‍വാങ്ങുമെന്ന് മനസിലാക്കിയ ജിന്ന സമര്‍ത്ഥമായ നീക്കങ്ങളിലൂടെ പാകിസ്ഥാന്‍ ഏഴു കൊല്ലത്തില്‍ യാഥാര്‍ത്ഥ്യമാക്കി. മറ്റൊരു നേതാവിനു അത് ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന് സംശയമാണ്. പാകിസ്ഥാനില്‍ എല്ലാ മതസ്ഥരും തുല്യരായിരിക്കുമെന്ന് ജിന്ന പ്രഖ്യാപിച്ചു. എന്നാല്‍ ആ വാഗ്ദാനം മാനിക്കാന്‍ അനുയായികള്‍ കൂട്ടാക്കിയില്ല. തുടക്കത്തില്‍ ഏതാണ്ട് 20 ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന ആ രാജ്യത്ത്  ഇപ്പോള്‍ അവര്‍ രണ്ട് ശതമാനം മാത്രമാണ്. ആവശ്യപ്പെടുന്ന പാകിസ്ഥാനി ഹിന്ദുക്കള്‍ക്കെല്ലാം ദീര്ഘകാല വിസ നല്‍കാനും പൌരത്വം നേടുന്നത് എളുപ്പമാക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ഹിന്ദു നേതൃത്വന്റെ കീഴില്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് നീതിപൂര്‍വകമായ സ്ഥാനം ലഭിക്കില്ലെന്ന ആശങ്കയാണ് മതനിരപേക്ഷ പാരമ്പര്യം പുലര്‍ത്തിയിരുന്ന ജിന്നയെ മുസ്ലിം രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ആ ആശങ്ക പൂര്‍ണ്ണമായും അസ്ഥാനത്തായിരുന്നെന്ന് പറയാനാകില്ല. ഭരണഘടന എല്ലാവരും തുല്യരാണെന്നു പ്രഖ്യാപിക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും മറ്റ് ചില വിഭാഗങ്ങള്‍ക്കൊപ്പം മുസ്ലിങ്ങളും വിവേചനം നേരിടുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പല സംസ്ഥാനങ്ങളിലും ഭരണകൂടാനുകൂലികള്‍ മുസ്ലിങ്ങള്‍ക്കെതിരെ ബോധപൂര്‍വം അക്രമം അഴിച്ചുവിട്ടിട്ടുമുണ്ട്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അംബേദ്‌കറുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോണ്ഗ്രസ് തയ്യാറായി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ അദ്ദേഹം അംഗവുമായി. ഗാന്ധിയുടെ താല്പര്യപ്രകാരമാണ് അദ്ദേഹത്തെ ഭരണഘടനാ സമിതി അദ്ധ്യക്ഷനാക്കിയതെന്നു പറയപ്പെടുന്നു. എന്നാല്‍ ഒരു ബ്രിട്ടീഷ് വിദഗ്ദ്ധനെ സമീപിച്ച്  ഭരണഘടന തയ്യാറാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അംബേദ്‌കറെപ്പോലെ ഒരു പണ്ഡിതന്‍ അവിടെയുള്ളപ്പോള്‍ എന്തിനാണ് വിദേശ സഹായം എന്ന്‍ ചോദിച്ചതോടെയാണ് അദ്ദേഹത്തിന്റെ പേര് പരിഗണനയില്‍ വന്നത്. ബോംബെയില്‍ നിന്നു കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അംബേദ്‌കറെ പരാജയപ്പെടുത്തിയ കോണ്ഗ്രസ് പിന്നീട് പശ്ചിമ ബംഗാളില്‍ നിന്നു അദ്ദേഹത്തെ സഭയിലെത്തിച്ചാണ് ഭരണഘടനാ നിര്‍മ്മാണ ദൌത്യം ഏല്പിച്ചത്.

ഭരണഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രതിപാദിക്കുന്ന ആമുഖത്തില്‍ ഒന്നാമതായി പറയുന്നത് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതിയെ കുറിച്ചാണ്. സാമൂഹിക നീതി കൂടാതെ  മറ്റ് മേഖലകളില്‍ നീതി ഉറപ്പാക്കാനാവില്ലെന്ന തിരിച്ചറിവാണ് അതിന് മറ്റ് രണ്ടിനും മുകളില്‍ സ്ഥാനം നല്‍കാന്‍ കാരണമായത്. സ്വാതന്ത്ര്യ സമരകാലത്തുതന്നെ സാമൂഹിക നീതിക്ക് പ്രഥമ പരിഗണന നല്‍കുന്ന സമീപനം സ്വീകരിക്കാന്‍ ഗാന്ധിക്കും കൊണ്ഗ്രസിനും കഴിഞ്ഞിരുന്നെങ്കില്‍ ജിന്നയെയും അംബേദ്‌കറെയും ഒപ്പം നിര്‍ത്താന്‍ ഒരുപക്ഷെ കഴിയുമായിരുന്നു. (ജനശക്തി, ജനുവരി 31, 2018)