Friday, July 19, 2013

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുണാമയനാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ശൈലിയുടെ കാതലായ അംശം ഭൂതദയയാണ്. നാടൊട്ടുക്കോടി നടന്ന് പത്തും പതിനഞ്ചും കൊല്ലമായി നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകൾക്ക് ഖജനാവ് തുറന്ന് ആശ്വാസം നൽകിയ ജനസമ്പർക്ക പരിപാടിയോടെയാണ്  അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. ആർ. ബാലകൃഷ്ണപിള്ള, ബിജു രാധാകൃഷ്ണൻ, സരിതാ നായർ തുടങ്ങി അദ്ദേഹ്തതിന്റെ ദയാവായ്പക്ക്  പാത്രമായ നിരവധി പേർ വേറെയും. നീതിനിഷേധം തുടർക്കഥയായതുകൊണ്ട് ഭൂതദയ അർഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അതാകട്ടെ പലപ്പോഴും വഴിതെറ്റി ഒഴുകുന്നു.

കോഴിക്കോട്ടെ സാമൂതിരി കുടുംബത്തിലെ 826 അംഗങ്ങൾക്ക് പ്രതിമാസം 2,500 രൂപ പെൻഷൻ നൽകാൻ സർക്കാർ ഈയിടെ തീരുമാനിക്കുകയുണ്ടായി. പ്രതിവർഷം രണ്ടര കോടി രൂപയുടെ ഭാരമാണ് ഇതിലൂടെ നികുതിദായകന്റെ തലയിൽ വീണിരിക്കുന്നത്. ഏതെങ്കിലും ഭരണകൂടം ഇതിനു മുമ്പ് ഇത്ര ലാഘവബുദ്ധിയോടെ നികുതിപ്പണം ദാനം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
സാമൂതിരി കുടുംബം കേരളത്തിന് നൽകിയ സംഭാവന മാനിച്ചാണ് തീരുമാനമെന്നത്രെ സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്. മൊട്ടയായ ഒരു പരാമർശമല്ലാതെ സാമൂതിരി കുടുംബത്തിന്റെ സംഭാവനയെ കുറിച്ച് ഒരു വിവരവും അത് നൽകിയില്ല. ഇത്തരത്തിലുള്ള ആനുകൂല്യത്തിന് അർഹമാക്കുന്ന സംഭാവനയൊന്നും ആ കുടുംബം നൽകിയിട്ടില്ലെന്നാണ് ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ പറയുന്നത്.

സദാ കണ്ണുതുറന്നിരിക്കുന്ന (എന്നാൽ പിന്നീട് പരിശോധിക്കാൻ അവസരം നൽകുന്ന റിക്കോർഡിംഗ് സംവിധാനമില്ലാത്ത) വെബ് ക്യാമറയുടെ മുന്നിൽ സുതാര്യമായി പ്രവർത്തിക്കുന്ന സർക്കാർ പൂഴ്ത്തിവെച്ച വിവരങ്ങൾ സാമൂതിരി കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. പെൻഷൻ ആവശ്യപ്പെട്ടുകൊണ്ട് കുടുംബം നിവേദനങ്ങൾ നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ധാരാളം ഭൂമി വിട്ടുകൊടുത്തെന്നും അനുവദിച്ചിട്ടുള്ള പെൻഷൻ അതിന്റെ വാടകപോലുമാകുന്നില്ലെന്നും അവർ പറയുന്നു.

വിട്ടുകൊടുത്ത ഭൂസ്വത്ത് ഫ്യൂഡൽകാല ഭരണാധികാരികളെന്ന നിലയിൽ സാമൂതിരിമാർ സമ്പാദിച്ചവയാണെന്ന് വ്യക്തം. സ്വന്തം രാജ്യമുണ്ടായിരുന്നവരും അല്ലാത്തവരുമായ എല്ലാ രാജകുടുംബങ്ങളെയും കയ്യടക്കിവെച്ചിരുന്ന ഭൂമി തുടർന്നും കൈവശം വെക്കാൻ സ്വതന്ത്ര ഭാരത സർക്കാർ അനുവദിച്ച സ്ഥിതിക്ക് സാമൂതിരിയുടെ ഭൂഉടമസ്ഥാവകാശം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. എന്നാൽ ഭൂമി വിട്ടുകൊടുത്ത സാഹചര്യം പരിശോധനയർഹിക്കുന്നു. ഭൂമി കൈമാറ്റം നടത്തുമ്പോൾ എന്ത് വ്യവസ്ഥകളിലാണ് ദാതാവ് വിട്ടുകൊടുക്കുന്നതെന്നും എന്ത് വ്യവസ്ഥകളിലാണ് സ്വീകർത്താവ് ഏറ്റെടുക്കുന്നതെന്നും രേഖപ്പെടുത്താറുണ്ട്. ഇടപാട് നടന്നത് 1956നു മുമ്പാണെങ്കിൽ ഇത് സംബന്ധിച്ച രേഖകൾ ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിലുണ്ടാകും. അതിനുശേഷമാണെങ്കിൽ തിരുവനന്തപുരത്ത് കാണേണ്ടതാണ്. അവ എന്തു പറയുന്നെന്ന് സർക്കാരൊ സാമൂതിരി കുടുംബമൊ പറയുന്നില്ല. കുടുംബത്തിന്റെ പേരിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും നടത്താനാണ് ഭൂമി കൊടുത്തതെന്നാണ് ഈ ലേഖകൻ മനസിലാക്കുന്നത്. പൂർവ്വികർ നൽകിയ ഭൂമിക്ക് തങ്ങൾക്ക് വാടക കിട്ടണമെന്ന കുടുംബാംഗങ്ങളുടെ ദുരുപദിഷ്ടമായ ആവശ്യം നിരസിക്കാൻ മുഖ്യമന്ത്രിക്ക് കഴിയാഞ്ഞത് 826 വോട്ടുകൾ മനക്കണ്ണിൽ കണ്ടതു കൊണ്ടാവണം.

ജീവനോടെ പിടികൂടിയ വർഗീസ് എന്ന നക്സലൈറ്റ് നേതാവിനെ കൊലപ്പെടുത്തിയിട്ട് ഏറ്റുമുട്ടലിൽ മരിച്ചെന്ന് പ്രചരിപ്പിച്ചതിന് സി.ബി.ഐ. കോടതി ജീവപര്യന്തം ശിക്ഷ നൽകിയ മുൻ ഐ.ജി. കെ. ലക്ഷ്മണയാണ് മുഖ്യമന്ത്രിയുടെ കാരുണ്യപ്രവാഹത്തിന്റെ മറ്റൊരു ഗുണഭോക്താവ്. മറ്റ് മൂന്ന് ജീവപര്യന്ത തടവുകാർക്കൊപ്പം കഴിഞ്ഞ ദിവസം അദ്ദേഹം മോചിപ്പിക്കപ്പെട്ടു. ഇത് സംബന്ധിച്ച സർക്കാർ പത്രക്കുറിപ്പും ഉമ്മൻ ചാണ്ടി മോഡൽ സുതാര്യതയുടെ മകുടോദാഹരണമാണ്. പ്രായവും അനാരോഗ്യവും പരിഗണിച്ച് ലക്ഷ്മണയെ മോചിപ്പിക്കണെമെന്ന് വിവിധ ദലിത് സംഘടനകളുടെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് മറച്ചുപിടിച്ചുകൊണ്ട് 75 വയസിനുമേൽ പ്രായമുള്ള തടവുകാരുടെ കാര്യം പരിശോധിച്ച് എടുത്ത തീരുമാനമാണെന്ന് വരുത്തിത്തീർക്കാനാണ് പത്രക്കുറിപ്പ് ശ്രമിച്ചത്.

സുപ്രീം കോടതി ശിക്ഷിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ കാരാഗൃഹവാസം കുറച്ചു കൊടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ദലിത് നേതാക്കൾ തങ്ങളുടെ കൂട്ടത്തിൽ പെട്ടയാൾക്കും സമാന പരിഗണന ലഭിക്കണമെന്ന് ആഗ്രഹിച്ചെങ്കിൽ അതിനെ കുറ്റപ്പെടുത്താനാവില്ല. ലക്ഷ്മണയെ മോചിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോൾ സി.പി.ഐ.(എം.എൽ) നേതാവ് ഉണ്ണിച്ചെക്കൻ 75 വയസിനു മുകളിൽ പ്രായമുള്ള ജീവപര്യന്ത തടവുകാരെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരം തേടിയിരുന്നു. തിരുവനന്തപുരം, കണ്ണൂർ ജയിലുകളിൽ ആറു പേർ വീതമുണ്ടെന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ മറുപടി. ഈ കണക്ക് ശരിയാണെങ്കിൽ സർക്കാരിന്റെ കാരുണ്യം ലഭിക്കാത്തവർ ഇപ്പോഴും ജയിലുകളിലുണ്ടാവണം. ശിക്ഷയിൽ ഇളവുകൾ നൽകുന്നതു സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങൾ 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ തയ്യാറാക്കിയവയാണ്. അതിൻപ്രകാരം ലക്ഷ്മണ ഇളവിന് അർഹത നേടിയിരുന്നില്ലെന്ന് ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു.

സി.ബി.ഐ. കോടതി വിധി വന്നത് 2010 ഒക്ടോബറിലാണ്. അതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയപ്പോൾ ലക്ഷ്മണ സുപ്രീം കോടതിയെ സമീപിച്ചു. ആ കോടതി അതിൽ തീരുമാനമെടുക്കുന്നതിനു മുമ്പാണ് മന്ത്രിസഭ പ്രിവി കൌൺസിൽ ചമഞ്ഞ് ലക്ഷ്മണയെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ഒരാളെ കസ്റ്റഡിയിലെടുക്കുന്ന പൊലീസുദ്യോഗസ്ഥന് അയാളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയുണ്ട്. ആ ചുമതല മറന്നുകൊണ്ട് വർഗീസിനെ കൊന്നവർ ചെയ്തത് അതിഹീനമായ കുറ്റമാണ്. വർഗീസിനെ കോടതിയിലെത്തിക്കുകയാണ് തങ്ങളുടെ കടമയെന്ന് ഒരു സദാ പൊലീസുകാരനായ രാമചന്ദ്രൻ നായർക്ക് തിരിച്ചറിയാനായി. അതിനു കഴിയാഞ്ഞ ഉയർന്ന ഉദ്യോഗസ്ഥനാണ് ലക്ഷ്മണ. കക്കയം ക്യാമ്പിൽ രാജൻ കൊല്ലപ്പെട്ട സമയത്ത് ലക്ഷ്മണ അവിടെയുമുണ്ടായിരുന്നു. രാജന്റെ മൃതദേഹം എന്തു ചെയ്തെന്ന് ചോദിച്ചപ്പോൾ ആ രഹസ്യം തന്നോടൊപ്പം മണ്ണടിയുമെന്ന് അദ്ദേഹം പറഞ്ഞതായി ഒരു പത്രം കുറച്ചു കാലം മുമ്പ് റിപ്പോർട്ടു ചെയ്തിരുന്നു. ആ രഹസ്യം വെളിപ്പെടുത്താൻ സർക്കാരിന്റെ കാരുണ്യ സ്പർശം അദ്ദേഹത്തെ പ്രേരിപ്പിച്ചാൽ ഒരുപക്ഷെ അതിനെ അർഹിക്കാതെ നേടിയ ഇളവിനുള്ള ന്യായീകരണമായി കാണാനാകും. അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങിയ ദലിത് നേതാക്കൾ അതിന് ശ്രമിക്കണം.

ലക്ഷ്മണയുടെ ശാപമോക്ഷത്തിന്റെ ഉപകാരസ്മരണയിൽ ഉമ്മൻ ചാണ്ടി കുറെ ദലിത് വോട്ടുകൾ പ്രതീക്ഷിക്കുന്നുണ്ടാവണം. എന്നാൽ സർക്കാർ അനുകൂല തീരുമാനമെടുത്തത് ലക്ഷ്മണ ദലിതനായതുകൊണ്ടല്ല, ഐ.ജി. പദവി വരെ ഉയർന്ന പൊലീസുദ്യോഗസ്ഥനായതു കൊണ്ടാണെന്ന് കരുതാൻ ന്യായമുണ്ട്.  ഐ.പി.എസുകാരെ ഒഴിവാക്കി താണതലങ്ങളിൽ‌പെട്ട പൊലീസുകാരെ കസ്റ്റഡി മരണക്കേസുകളിൽ‌ പ്രതികളാക്കുന്ന രീതിയാണല്ലൊ ഭരണകൂടം പതിവായി പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ മുൻ‌ഗണനാ പട്ടികയിൽ ദലിതർക്കും ആദിവാസികൾക്കും ഉയർന്ന സ്ഥാനമുണ്ടെങ്കിൽ ഭൂതദയ ഒഴുകുന്നത് അട്ടപ്പാടിയിലേക്കും വയനാട്ടിലേക്കും ചെങ്ങറയിലേക്കും അരിപ്പയിലേക്കുമൊക്കെ ആകുമായിരുന്നല്ലൊ.