Tuesday, August 28, 2012

അസമത്വവും അനീതിയും ഇല്ലാതാകുമ്പോൾ ജാതിവ്യവസ്ഥ ഇല്ലാതാകും

കേരള കൌമുദി ഓണം വിശേഷാൽ പ്രതിയിൽ ജാതിവ്യവസ്ഥയെ കുറിച്ച് ഒരു സംവാദമുണ്ട്. പത്രം അയച്ചുതന്ന ചോദ്യങ്ങളും അതിന് ഞാൻ നൽകിയ ഉത്തരങ്ങളും ചുവടെ ചേർക്കുന്നു:


1.    ജാതിവ്യവസ്ഥ വേണമോ വേണ്ടയോ? വേണമെങ്കിൽ എന്തുകൊണ്ട്?

ജാതിവ്യവസ്ഥയിൽ അസമത്വം അനീതിയും അടങ്ങിയിരിപ്പുണ്ട്. അത് വേണമെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അതിന്റെ അർത്ഥം അസമത്വവും അനീതിയും നിലനിന്നു കാണാൻ താല്പര്യപ്പെടുന്നെന്നാണ്. ജാതിവ്യവസ്ഥയുടെ ഗുണം അനുഭവിക്കുകയും അത് തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക്കെ അങ്ങനെ ചിന്തിക്കാനാകൂ.

2.    മുൻ‌കാലങ്ങളിൽ ജാതിപ്പേര് ഉപേക്ഷിച്ചവരും പേര് മാറ്റിയവരുമുണ്ട്. ഇപ്പോൾ പേരിനൊപ്പം ജാതി തിരിച്ചറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിനോട് യോജിക്കുന്നുണ്ടോ?

ജാതിഭേദമില്ലാത്ത വ്യവസ്ഥിതി എന്ന സങ്കല്പം ശക്തിപ്പെട്ടതിന്റെ ഫലമായാണ് കഴിഞ്ഞ നൂറ്റാണ്ടിൽ പലരും പേരിനോടൊപ്പം ജാതിപ്പേര് ഉപയോഗിക്കുന്ന രീതി ഉപേക്ഷിച്ചത്. എൻ.എസ്.എസ്. ആചാര്യൻ വാലു മുറിച്ച് മന്നത് പത്മനാഭൻ ആയപ്പോൾ അദ്ദേഹത്തിന്റെ മാതൃക പിന്തുടരാൻ പലരും തയ്യാറായി. എന്നാൽ ഇപ്പോൾ ആ സംഘടനയെ നയിക്കുന്നവർ ജാതിവാലുള്ളവരാണ്. ആൾ ഇൻഡ്യാ റേഡിയോയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മലയാളി വാർത്താ വായനക്കാരെല്ലാം ജാതിപ്പേര് ഉപേക്ഷിച്ചുകൊണ്ട്, ശങ്കരനാരായണൻ, പ്രതാപൻ, ഓംചേരി എന്നിങ്ങനെയാണ് സ്വയം അടയാളപ്പെടുത്തിയത്. എന്നാൽ ഇവിടെ ചില പത്രങ്ങൾ ജാതിനാമം ഉപയോഗിക്കാതിരുന്ന പത്രപ്രവർത്തകരെ വാലു വെക്കാൻ പ്രേരിപ്പിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ എല്ലാ ജാതിമതവിഭാഗങ്ങളിലും പെട്ടവരുണ്ടെന്ന ധാരണ വായനക്കാർക്ക് നൽകാനാണ് അങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു. ഈ സ്ഥാപനങ്ങളിൽ ദലിത് പത്രപ്രവർത്തകരെ കാണാനില്ലെന്നത് അവരുടെ വീക്ഷണത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. എന്നാൽ ഒരാൾ പേരിനൊപ്പം ജാതിനാമം ഉപയോഗിക്കുന്നതിനെ ജാതിചിന്തക്ക് തെളിവായി കാണാനാകില്ല. പലരും കുടുംബപ്പേരിനു പകരം ജാതിപ്പേര് സർനെയിം ആയി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പെൺനമ്പൂതിരിമാരും പെൺവാര്യർമാരും പെൺനായർമാരും ഉണ്ടാകുന്നത്. പേരിലുള്ള ജാതി മനസിലുണ്ടാകണമെന്നില്ല. പേരിലില്ലാത്ത ജാതി മനസിലുണ്ടെന്നും വരാം.

3.    രാഷ്ട്രീയക്കാരാണ് ജാതിവ്യവസ്ഥയെ വീണ്ടും വളർത്തുന്നതെന്ന അഭിപ്രായം ഉണ്ടല്ലോ?

ഇവിടെ ജാതിയെ കൂടാതെ മതത്തെയും കണക്കിലെടുക്കണം. ജാതിമതചിന്ത വളർത്തുന്നത് രാഷ്ട്രീയക്കാരാണെന്ന ധാരണ പൂർണ്ണമായും ശരിയല്ല. സ്വാർത്ഥതാല്പര്യം മുൻ‌നിർത്തി അങ്ങനെ ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും തീർച്ചയായുമുണ്ട്. അത്തരം സങ്കുചിത സമീപനമില്ലാത്ത പ്രസ്ഥാനങ്ങളും നമുക്കുണ്ട്. എന്നാൽ അവരും ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നെന്ന് കരുതുന്നവരാണ്. അതിനാൽ ജാതിമതശക്തികളെ ശക്തമായി എതിർക്കാൻ അവർക്കാകുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായി അത്തരം ശക്തികളുമായി അവർ നിരന്തരം സന്ധിചെയ്യുന്നു.

4.    കേരളം ഭ്രാന്താലയമെന്ന ചൊല്ലിൽ നിന്ന് കരകയറി. പക്ഷെ ഇന്ന് കേരളത്തിന്റെ പോക്ക് മുന്നോട്ടാണോ പിന്നോട്ടാണോ? 

ജാതിമതചിന്ത വളരുന്ന സാഹചര്യത്തിൽ പോക്ക് പിന്നോട്ടാണെന്ന് പറയാതിരിക്കാൻ വയ്യ. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന നവീകരണ പ്രസ്ഥാനങ്ങളുടെ ഗുണഫലങ്ങൾ പലതും നഷ്ടപ്പെട്ടു കഴിഞ്ഞു. നവോത്ഥാനനായകന്മാരുടെ ശ്രമഫലമായി തുടച്ചുമാറ്റപ്പെട്ട പല അനാചാരങ്ങളും തിരിച്ചുവന്നിരിക്കുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ചതും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതുമായ സ്ഥിതിസമത്വം എന്ന ആശയം ഉപേക്ഷിക്കപ്പെട്ടെന്നതിന് പ്രത്യക്ഷ തെളിവാണ് സ്ത്രീകളുടെയും ദലിത്-ആദിവാസി വിഭാഗങ്ങളുടെയും ഇന്നത്തെ അവസ്ഥ. കാലഹരണപ്പെട്ട ജന്മിത്വത്തിന്റെ പതനവും വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിലൂടെ രൂപപ്പെട്ട മദ്ധ്യവർഗ്ഗത്തിന്റെ ഉദയവും കഴിഞ്ഞ നൂറ്റാണ്ടിൽ സാമ്പത്തിക ഉച്ചനീചത്വം കുറയ്ക്കുകയുണ്ടായി. ഇപ്പോൾ ഒരു പുതിയ ധനികവർഗ്ഗം വന്നതിന്റെ ഫലമായി ഉച്ചനീചത്വം വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവണതയെ പ്രതിരോധിക്കാൻ അധികാര രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് ഒരു പദ്ധതിയുമില്ല.    

5.    ജാതി ഇല്ലാതാക്കാൻ എന്തു ചെയ്യാം?

യഥാർത്ഥപ്രശ്നം ജാതിയല്ല ജാതിവ്യവസ്ഥയിലെ അസമത്വവും അനീതിയുമാണ്. അത് നൽകുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കാൻ അതിന്റെ ഗുണഭോക്താക്കൾ തയ്യാറില്ല. അധികാര രാഷ്ട്രീയത്തിൽ ഇപ്പോഴുമുള്ള മേൽ‌കോയ്മ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യ വ്യവസ്ഥ വിഭാവന ചെയ്യുന്ന സമത്വം എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനെ അവർ തടയുന്നു. ഈ അവസ്ഥയെ മറികടക്കാൻ അധികാരഘടനയിൽ മാറ്റങ്ങളുണ്ടാകണം. അത്തരത്തിലുള്ള മാറ്റം സാധ്യമാകാൻ സാമൂഹികമായി ഒഴിച്ചു നിർത്തപ്പെട്ടിട്ടുള്ള വിഭാഗങ്ങൾ ശാക്തീകരിക്കപ്പെടണം.

6.    ജാതി ചിന്തിക്കാതെയും പറയാതെയും അധികാരസ്ഥാനങ്ങളിലെത്താനാകുമോ?

രാജ്യം സ്വാതന്ത്ര്യം നേടുന്ന കാലത്ത് അധികാര രാഷ്ട്രീയത്തിൽ ജാതിക്ക് ഇന്നത്തെ പ്രാമുഖ്യം ഉണ്ടായിരുന്നില്ല. തിരുവിതാം‌കൂറിലെ ആദ്യ മന്ത്രിസഭയിൽ ഒരു നായരും ഒരു ക്രിസ്ത്യാനിയും ഒരു ഈഴവനും മാത്രമാണുണ്ടായിരുന്നത്. എല്ലാവരും പുരുഷന്മാരും. ജാതിമതലിംഗ പ്രാതിനിധ്യത്തിന്റെ പ്രശ്നം ആരും ഉയർത്തിയതേയില്ല. പഞ്ചാബിലെ അംബാല എന്ന പ്രദേശത്തെ (ഇപ്പോൾ ഈ പ്രദേശം ഹരിയാന സംസ്ഥാനത്തിലാണ്) ബഹുഭൂരിപക്ഷം മുസ്ലിങ്ങളും വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് കുടിയേറുകയുണ്ടായി. 1952ലെ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ അംബാല നിയമസഭാമണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ മുസ്ലിം സമുദായത്തിൽ‌പെട്ട ഒരു കുടുംബമെ ഉണ്ടായിരുന്നുള്ളു. ആ കുടുംബത്തിലെ അബ്ദുൽ ഗാഫർ ഖാനെയാണ് കോൺഗ്രസ് അവിടെ സ്ഥാനാർത്ഥിയാക്കിയത്. അദ്ദേഹം നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. അദ്ദേഹം 1957ലു, 1962ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ജാതി ചിന്തിക്കാതെയും പറയാതെയും അധികാരസ്ഥാനങ്ങളിലെത്താനാകുമായിരുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന ചിന്ത പല ജാതിമത വിഭാഗങ്ങളിലും ശക്തമായി നിലനിൽക്കുന്നതുകൊണ്ട് ഇന്ന് അത് സാധ്യമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാറിമാറി അധികാരത്തിൽ വന്ന കക്ഷികൾ നീതിപൂർവ്വകമല്ല ഭരണം നടത്തിയതെന്ന് അവർ കരുതുന്നു. നീതിയെ കുറിച്ച് ഒരേ തരത്തിലുള്ള ധാരണയല്ല എല്ലാ വിഭാഗങ്ങൾക്കുമുള്ളത്. ഉദാഹരണത്തിന്, മുൻ‌കാലങ്ങളിൽ നായർ സമുദായത്തിന് സർക്കാരിലുണ്ടായിരുന്ന അമിതപ്രാതിനിധ്യത്തിൽ കുറവുണ്ടായാൽ എൻ. എസ്. എസിന്റെ കണ്ണിൽ അത് നീതിനിഷേധമാണ്!      

7.    ജാതിരഹിതവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമൊ? അതിനെ എങ്ങനെ കാണുന്നു?

വിവാഹം വ്യക്തിപരമായ കാര്യമാണ്. ബന്ധപ്പെട്ട വ്യക്തികൾ പരപ്രേരണയൊ സമ്മർദ്ദമൊ കൂടാതെ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ ജാതിമത പരിഗണന കൂടാതെയുള്ള വിവാഹങ്ങൾ ഉണ്ടാകും. ഇന്ന് പല മിശ്രവിവാഹങ്ങളിലും ഒരാൾ മതപരിവർത്തനം നടത്തുന്നതായി കാണാം. അതിന്റെ പിന്നിൽ പ്രത്യക്ഷമൊ പരോക്ഷമൊ ആയ സമ്മർദ്ദമുണ്ടെന്ന് അനുമാനിക്കാം. ജാതിമത പരിഗണന കൂടാതെയുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജാതിഭേദത്തിനും മതദ്വേഷത്തിനും പരിഹാരം കാണാനാകുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിലെ മുസ്ലിങ്ങൾ ഒരു പ്രത്യേക രാഷ്ട്രമാണെന്ന വാദം ഉന്നയിച്ച് പാകിസ്ഥാൻ നേടിയെടുത്ത മുഹമ്മദ് അലി ജിന്നയുടെ ഭാര്യ പാഴ്സിയായിരുന്നു. അദ്ദേഹം വ്യക്തിജീവിതത്തിൽ മതനിരപേക്ഷ സമീപനം സ്വീകരിച്ചയാളുമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് നീതി ലഭിക്കില്ലെന്ന വിശ്വാസമാണ് മുമ്പ് തള്ളിക്കളഞ്ഞ പ്രത്യേക മുസ്ലിം രാഷ്ട്രമെന്ന ആശയം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഇന്നത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ആ വിശ്വാസം തെറ്റായിരുന്നെന്ന് പറയാനാവില്ല. യഥാർത്ഥ പ്രശ്നം അസമത്വവും അനീതിയുമാണെന്ന് മനസിലാകുമ്പോൾ ശരിയായ പരിഹാരം അസമത്വവും അനീതിയും ഇല്ലാതാക്കുകയാണെന്ന് തിരിച്ചറിയാനാകും.

Monday, August 27, 2012

കമ്മ്യൂണിസത്തിന്റെ പുനർവായനകൾ


കമ്മ്യൂണിസത്തിന്റെ ഭാവി എന്ന വിഷയത്തിൽ ഏഴു ലേഖനങ്ങൾ ഇന്ത്യാ ടുഡേ ഈ ആഴ്ച ഇറങ്ങിയ ഓണപ്പതിപ്പിൽ കൊടുത്തിട്ടുണ്ട്.

എം. മുകുന്ദൻ, സി.ആർ. നീലകണ്ഠൻ, എം.പി. പരമേശ്വരൻ, കെ.എം.ഷാജഹാൻ, എൻ. എം. പിയേഴ്സൺ എന്നിവരും ഞാനുമാണ് വാരിക ആവശ്യപ്പെട്ടതനുസരിച്ച് ഈ വിഷയം ചർച്ച ചെയ്യുന്നത്. നീതിപൂർവ്വകമായല്ല സംവാദത്തിൽ പങ്കെടുത്തവരെ തീരുമാനിച്ചതെന്ന ആക്ഷേപത്തിന് ഈ പട്ടിക തീർച്ചയായും അവസരം നൽകുന്നുണ്ട്. 

ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റർ എം.ജി. രാധാകൃഷ്ണന്റെ “കമ്മ്യൂണിസത്തിന്റെ പുനർവായനകൾ” എന്ന തലക്കെട്ടിലുള്ള മുഖലേഖനത്തോടെയാണ് സംവാദം തുടങ്ങുന്നത്. സംവാദത്തിലെ ഏകപക്ഷീയത കുറയ്ക്കുവാൻ അതിൽ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്.

സംവാദത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ ചിലത്:

എം. മുകുന്ദൻ: ഇന്ന് നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച ദുര്യോഗത്തെ ആഗോളതലത്തിൽ പ്രസ്ഥാനത്തിന് സംഭവിച്ചിട്ടുള്ള ദുര്യോഗവുമായി ബന്ധപ്പെടുത്തി കാണണം. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത്.

സി.ആർ. നീലകണ്ഠൻ: മാർക്സിസത്തിന് ഭാവിയുണ്ട്. ഇന്ത്യൻ പരിത:സ്ഥിതിയിൽ ജാതി, ലിംഗം, പ്രദേശം, ഭാഷ, മതം തുടങ്ങിയവയെല്ലാം വിവേചനകാരണങ്ങളാകുന്നതിനാൽ ഇവ സംബന്ധിച്ച് ഒരു മാർക്സിസ്റ്റിന് കൃത്യമായ ധാരണയുണ്ടാകണം. അംബേദ്കറെ തിരിച്ചറിയാത്തവർ ഒരിക്കലും മാർക്സിസ്റ്റാവില്ല.

എം.പി.പരമേശ്വരൻ: മാനവരാശിയുടെ മുന്നോട്ടുള്ള യാത്രക്ക് മറ്റൊരു പാത വെട്ടിത്തുറക്കാൻ നാം നിർബന്ധിതരാകും. അത് 20ആം നൂറ്റാണ്ടിലെ പരീക്ഷണത്തിന്റെ പാത ആകണമെന്നില്ല.

കെ.എം. ഷാജഹാൻ: പ്രായോഗികമായ ഒരു ബദൽ വേദി ഉയർന്നു വന്നാൽ ഇടതുപക്ഷ അനുഭാവികളിൽ നിന്ന് അതിന് വ്യാപകമായ അംഗീകാരം ലഭിക്കും.

എൻ.എം.പിയേഴ്സൺ: ജീർണ്ണതക്കെതിരെയുള്ള ഉഷ്ണജലപ്രഹാഹമാണ് മാർക്സിസം. അതുകൊണ്ട് സി.പി.എമ്മിന്റെ സ്വേച്ഛാതിപത്യത്തിനെതിരെ പ്രവർത്തിക്കലാണ് ഇന്ന് കേരളത്തിൽ മാർക്സിസത്തിന്റെ ദൌത്യം.

എന്റെ ലേഖനത്തിന്റെ പ്രസിദ്ധീകൃത രൂപം ബ്ലോഗിൽ എടുത്തുകൊടുത്തിട്ടുണ്ട്..

സ്റ്റാലിനിസ്റ്റ് സമീപനത്തിന്റെയും സമീപകാല കൊലപാതകങ്ങളുടെയും പേരിൽ സി.പി.എം. നേരിടുന്ന വിമർശനത്തെ എം.ജി.രാധാകൃഷ്ണൻ ആമുഖത്തിൽ പുച്ഛിക്കുന്നു: “അഞ്ചു വർഷം കൂടുമ്പോൾ പതിവായി തെരഞ്ഞെടുപ്പിലൂടെ ഭരണാധികാരികളെ മാറ്റുന്ന ആഴത്തിലോടിയ അടിസ്ഥാന ജനാധിപത്യം, നൂറു ശതമാനം സാക്ഷരതമൂലം സമൂഹം കൈവരിച്ച നിതാന്ത ജാഗ്രത, അധികാരികളെ പൂർണ്ണമായും നിത്യനിയന്ത്രണത്തിൽ നിർത്തുന്ന സ്വതന്ത്ര മാധ്യമങ്ങളുടെ സർവവ്യാപിയായ സാന്നിദ്ധ്യം, സ്വതന്ത്രവും ആക്ടിവിസ്റ്റുമായ നീതിന്യായവ്യവസ്ഥ, ആഴത്തിൽ വേരോടിയ ബഹുകക്ഷി സമ്പ്രദായം എന്നിവ പൂർണ്ണ യാഥാർത്ഥ്യമായ ജനാധിപത്യസമൂഹത്തെ സ്റ്റാലിന്റെ റഷ്യയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി തുലനം ചെയ്യുന്ന നിരന്തര പഠനങ്ങൾ ഒരു തമാശപ്പുസ്തകത്തിനുപോലും താങ്ങാനാവാത്തവിധം പരിഹാസ്യം.” 

തുടർന്ന് അദ്ദേഹം സംവാദം നിഷ്പ്രയോജനമായെന്ന് പ്രഖ്യാപിക്കുന്നു: “പഴയ സംഭാവനകളുടെ ബലത്തിൽ സ്വന്തം ആത്മവിശുദ്ധിയിൽ കളങ്കമേ ഏറ്റില്ലെന്ന തരത്തിലുള്ള വാദങ്ങൾ ഒരുവശത്തും മറുവശത്ത് ആ പ്രസ്ഥാനത്തിന്റെ സംഭാവനകളൊക്കെ വിസ്മരിച്ചുകൊണ്ട് ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ ഇതൊരു കൊലയാളിസംഘമെന്ന മട്ടിലുള്ള പ്രചാരണവും ഈ സംവാദത്തെ സർഗാത്മകമോ സമൂഹത്തിന് പ്രയോജനകരമോ ആയ മട്ടിൽ വികസിക്കുന്നതിൽ നിന്ന് തടയുന്നു.”

കൊലപാതകരാഷ്ട്രീയം സംബന്ധിച്ച ആക്ഷേപം അടുത്ത കാലത്തു നടന്ന ഒന്നോ രണ്ടോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊങ്ങിവന്നതാണെന്ന് ധ്വനിപ്പിക്കുന്ന രാധാകൃഷ്ണൻ കെ. മാധവന്റെ ആത്മകഥ (ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ, പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരണം) വായിക്കണം. അതിൽ ഹിറ്റ് ലിസ്റ്റുണ്ടാക്കി കൊല നടത്താൻ പണ്ട് പരിപാടിയിട്ട കാര്യം വായിക്കാം. ഇന്ത്യയൊട്ടാകെ വ്യാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: “സ്റ്റാലിനിസത്തിലധിഷ്ഠിതമായ അക്രമനയവും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാലഹരണപ്പെട്ട സംഘടനാ സംവിധാനവും ഈ പരാജയത്തിൽ എത്രത്തോളം കാരണമായെന്ന് വിലയിരുത്തപ്പെടേണ്ടതാണ്.”  

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അതിൽ ദീഘകാലം പ്രവർത്തിച്ച ഈ 98കാരന്റെ വാക്കുകളാണ് ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററുടെ വാക്കുകളേക്കാൾ എനിക്ക് കൂടുതൽ വിശ്വാസയോഗ്യമായി തോന്നുന്നത്.

കമ്മ്യൂണിസത്തിന്റെ ഭാവി

ബി.ആർ.പി. ഭാസ്കർ

സോവിയറ്റ് യൂണിയനിലൊ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലേറിയ മറ്റേതെങ്കിലും രാജ്യത്തൊ മാർക്സ് വിഭാവന ചെയ്ത തരത്തിലുള്ള സമൂഹം ഒരു ഘട്ടത്തിലും  രൂപപ്പെട്ടില്ല. ഭരണകൂടം കൊഴിഞ്ഞുവീഴുന്നതിനു പകരം കൂടുതൽ ശക്തി പ്രാപിച്ചു. അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മോസ്കോയിൽ ആധിപത്യം സ്ഥാപിച്ച ലെനിൻ സാർ ചക്രവർത്തിയുടെ സാമ്രാജ്യം ഏറ്റെടുക്കുകയാണ് ചെയ്തത്. അദ്ദേഹവും പിൻ‌ഗാമികളും അതിനെ അതേപടി നിലനിർത്തി. പതിറ്റാണ്ടുകൾക്കു ശേഷം ഗോർബച്ചേവ് രാഷ്ട്രീയ സംവിധാനം പരിഷ്കരിക്കാൻ ശ്രമിച്ചപ്പോൾ സാമ്രാജ്യം ചീട്ടു കൊട്ടാരം പോലെ നിലം‌പതിച്ചു. സോവിയറ്റ് ചെമ്പടയുടെ പിൻബലത്തിലാണ് കിഴക്കേ യൂറോപ്പിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലേറിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അവയ്ക്ക് നിലനിൽക്കാനാകുമായിരുന്നില്ല. ജപ്പാന്റെയും ചിയങ് കൈഷക്കിന്റെയും പട്ടാളങ്ങളോട് പൊരുതിയാണ് മാവൊ സെതുങ് ചൈനയിൽ അധികാരം പിടിച്ചെടുത്തത്. രാഷ്ട്രീയതലത്തിൽ ഒരു മാറ്റവുമുണ്ടാക്കാതെ സോഷ്യലിസ്റ്റ് മാർക്കറ്റ് സമ്പദ് വ്യവസ്ഥ എന്ന ഓമനപ്പേരിൽ മുതലാളിത്ത രീതികൾ സ്വീകരിച്ച ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിഅശക്തിയായി വളർന്നിരിക്കുന്നു. വിയറ്റ്നാമും ഇപ്പോൾ അത് പാതയിലാണ്.

സോവിയറ്റ് യൂണിയന്റെ അന്ത്ധാനത്തെ തുടർന്ന് പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ രക്തരൂക്ഷിതവിപ്ലവം എന്ന ആശയം ഉപേക്ഷിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായി മാറി. ഇന്ത്യയിലെ പാർട്ടികൾ കമ്മ്യൂണിസ്റ്റ് സിദ്ധാന്തവും പ്രയോഗവും എല്ലാം ഭദ്രമാണെന്ന മട്ടിൽ മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. ലോകചരിത്രം സൂക്ഷ്മമായി പഠിച്ച മാർക്സ് ഒരു വ്യവസ്ഥയുടെയും അന്ത്യം ഏതെങ്കിലും വ്യക്തിയുടെ വീഴ്ചയായി ചിത്രീകരിച്ചില്ല. എന്നാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ ഉത്തരവാദിത്വം ഗോർബച്ചേവിന്റെ തലയിൽ കെട്ടിവെച്ചു. ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പിലെ താരതമ്യേന മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ ബദലായി വളരുമെന്ന് കരുതപ്പെട്ട ഇടതുപക്ഷത്തെ പിന്തള്ളി ആദ്യം ജനതാ പാർട്ടിയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയും വളർന്നപ്പോൾ അതിന്റെ കാരണങ്ങൾ മനസിലാക്കാനും പരിഹാരനടപടികൾ കൈക്കൊള്ളാനും സി.പി.ഐക്കൊ സി.പി.എമ്മിനൊ ആയില്ല. രണ്ടര സംസ്ഥാനങ്ങളിലെ മേൽ‌കൈകൊണ്ട് അവർ തൃപ്തിപ്പെട്ടു. ആ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന്റെ നില പരിങ്ങലിലായിരിക്കുന്നു. മുപ്പതിൽ‌പരം വർഷക്കാലം സി.പി.എം നേതൃത്വത്തിലുള്ള മുന്നണി തുടർച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. അവിടെ അടിസ്ഥാനവർഗ്ഗത്തിന്റെ നില മറ്റ് പല സംസ്ഥാനങ്ങളിലേതിനേക്കാൾ മോശമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപരിവർഗ്ഗ നേതൃത്വം ഭാരതീയ സമൂഹത്തിൽ ജാതിവ്യവസ്ഥ വഹിക്കുന്ന പങ്ക് ബോധപൂർവ്വം അവഗണിച്ചതാണ് ഇതിന്റെ കാരണം. കമ്മ്യൂണിസ്റ്റ പാർട്ടിയുടെ ജനനത്തിനു മുമ്പെ ദലിത് പിന്നാക്ക വിഭാഗങ്ങളെ അയ്യൻകാളി ശ്രീനാരായണ പ്രസ്ഥാനങ്ങൾ മാറ്റത്തിന്റെ പാതയിൽ എത്തിച്ചിരുന്നതുകൊണ്ട് കേരളത്തിൽ അവരുടെ അവസ്ഥ ബംഗാളിലേതിനേക്കാൾ ഭേദമാണ്.
 
സ്വാതന്ത്യത്തിന്റെ ആദ്യനാളുകളിൽ മാർഗ്ഗനിർദ്ദേശങ്ങൾ തേടി മോസ്കോവിലെത്തിയ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സോവിയറ്റ് നേതൃത്വം നൽകിയ ഉപദേശം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം മാർഗ്ഗം കണ്ടെത്താനായിരുന്നു. ആറു പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാതക്കായുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഞങ്ങൾ കൊന്നിട്ടുണ്ട് എന്ന് വീമ്പിളക്കുന്ന എം.എം. മണിയും ഞങ്ങൾ അക്രമരാഹിത്യത്തിൽ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്ന ടി.എം. തോമസ് ഐസക്കും അവരവരുടേതായ രീതിയിൽ കൊല്ലാനും കൊല്ലിക്കാനുമുള്ള അവകാശമാണ് വിളംബരം ചെയ്യുന്നത്. ഈ അവകാശവാദത്തിൽ രണ്ട് പാരമ്പര്യങ്ങൾ ഒന്നിക്കുന്നു. ഒന്ന് സ്വന്തം പാർട്ടി തന്നെ തള്ളിപ്പറഞ്ഞ സ്റ്റാലിന്റെ പാരമ്പര്യമാണ്. മറ്റേത് കേരളം ഒരു നൂറ്റാണ്ട് മുമ്പ് പിൻ‌തള്ളിയ ഫ്യൂഡൽ മാടമ്പി പാരമ്പര്യവും. മാർക്സിസം മതമല്ലെന്നും പാർട്ടി നേതാവ് പുരോഹിതനല്ലെന്നും തിരിച്ചറിഞ്ഞ് സംവിധാനം നവീകരിച്ചില്ലെങ്കിൽ കാലഹരണപ്പെട്ട എല്ലാ സംവിധാനങ്ങളുടെ വിധി തന്നെയാവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കാത്തിരിക്കുന്നത്. (ഇന്ത്യാ ടുഡേ, ഓണപ്പതിപ്പ്, ഓഗസ്റ്റ് 29, 2012)

Sunday, August 26, 2012

വികസനം: കാഴ്ചപ്പാടും കാണാപ്പുറങ്ങളും
ബി.ആർ.പി. ഭാസ്കർ

വികസനത്തെ കുറിച്ച് നിലവിലുള്ള കാഴ്ചപ്പാടുകൾ വികസിത രാജ്യങ്ങളിൽ രൂപപ്പെട്ടവയാണ്. വ്യാവസായിക വിപ്ലവമാണ് അവരുടെ സാമ്പത്തിക നില ഭദ്രമാക്കിയതും തുടർന്ന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ സാധ്യമാക്കിയതും. അതുകൊണ്ട് ദ്രുതഗതിയിലുള്ള വ്യവസായവത്കരണമാണ് പുരോഗതി നേടാനുള്ള മാർഗ്ഗമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. നാല്പതില്പരം വർഷങ്ങൾക്കു മുമ്പ് വ്യവസായവത്കരണം കൂടാതെ സാമൂഹ്യപുരോഗതി നേടിയ കേരളം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ‌പെട്ടശേഷം ചിലർ കേരള
വികസന മാതൃകയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ദരിദ്ര സംസ്ഥാനമായിരുന്നപ്പോൾ വികസന മാതൃകയായി ലോകശ്രദ്ധ നേടിയ കേരളം ഇന്ന് അതിസമ്പന്നമായ നാടാണ്. ഒരു കാലത്ത് ദാരിദ്യത്തിന്റെ പ്രശ്നങ്ങൾ നേരിട്ട കേരളം ഇപ്പോൾ സമ്പന്നതയുടെ പ്രശ്നങ്ങൾ നേരിടുകയാണ്.

വലിയ തോതിൽ വ്യവസായവത്കരണം നടന്നില്ലെങ്കിലും അശാസ്ത്രീയവും അനിയന്ത്രിതവുമായ വ്യവസായവത്കരണത്തിന്റെ ദുരന്തം കേരളം വേണ്ടുവോളം അനുഭവിച്ചു. കൊച്ചിക്കടുത്തുള്ള എഫ്.എ.സി.റ്റി, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്തെ ആദ്യ വൻ‌നഗരത്തിലെ വായും ജലവും മലീമസമാക്കി. സർക്കാർ ക്ഷണിച്ചു കൊണ്ടു വന്ന സ്വകാര്യസ്ഥാപനമായ റയോൺ ഫാക്ടറി ചാലിയാർ പുഴ മലിനീകരിക്കുകയും അതിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്തു. പൊതുമേഖലയിലുള്ള തോട്ട കമ്പനി ആകാശത്തു നിന്ന് വിഷം വിതറി കാസർകോട്ട് ധാരാളം ആളുകളെ രോഗികളും വികലാംഗരുമാക്കി. തിരുവനന്തപുരത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കടലിലേക്കൊഴുക്കിയ മാലിന്യങ്ങൾ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന തീരദേശവാസികളുടെ ജീവിതം വഴിമുട്ടിച്ചു. തദ്ദേശവാസികൾ ഈ സ്ഥാപനങ്ങൾ നടത്തുന്ന മലിനീകരണത്തിനെതിരെ സംഘടിച്ചപ്പോൾ ഭരണ പ്രതിപക്ഷ മുന്നണികൾ കമ്പനികളുടെ താല്പര്യം മുൻ‌നിർത്തിയും അവരുടെ നിയന്ത്രണത്തിലുള്ള ട്രെയ്ഡ് യൂണിയനുകൾ തൊഴിൽ സംരക്ഷണത്തിന്റെ പേരിലും ജനങ്ങൾക്കെതിരെ നിലയുറപ്പിച്ചു. രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നുള്ളതിനു തെളിവാണ് പാരിസ്ഥിതിക കാരണങ്ങളാൽ കേന്ദ്രം അനുമതി നിഷേധിച്ച അതിരപ്പള്ളി വൈദ്യുതി പദ്ധതിയുമായി മുന്നോട്ടു പോകാൻ അധികാരത്തിലിരിക്കെ രണ്ട് മുന്നണികളും നടത്തുന്ന ശ്രമങ്ങൾ.

ലോകത്ത് ഏതെങ്കിലും രാജ്യമൊ പ്രദേശമൊ നേരിട്ടിട്ടില്ലാത്ത സാഹചര്യങ്ങളാണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടു നമുക്ക് മറ്റാരെയും മാതൃകയാക്കാനാവില്ല. ഇപ്പോൾ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സേവന മേഖലയിലെ പല പ്രവർത്തനങ്ങളും ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ പോരുന്നവയാണ്. തീരദേശത്തെ പാതകൾക്കിരുവശവും വൻ‌തോതിൽ നിർമ്മാണ പ്രവർത്തങ്ങൾ നടക്കുകയാണ്. നഗരങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ അവയ്ക്ക് പുറത്ത് ജനവാസമില്ലാത്ത പ്രദേശങ്ങൾ കണ്ടെത്താനാവുന്നില്ല. വളരുകയും പെരുകുകയും ചെയ്യുന്ന ആശുപതികൾ പുറന്തള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ മതിയായ സംവിധാനമില്ല. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നമ്മുടെ ജലാശയങ്ങൾ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പ്രശ്നത്തിനു വേഗം പരിഹാരം കാണാനായില്ലെങ്കിൽ വിനോദസഞ്ചാരം തന്നെ നിലയ്ക്കും. മാവൂരിലെ റയോൺ ഫാക്ടറി പൂട്ടിയശേഷം ചാലിയാർ പുഴക്ക് പുതുജീവൻ ലഭിച്ചതും കോള ഫാക്ടറി പ്രവർത്തനം നിർത്തിയശേഷം പ്ലാച്ചിമടയിലും പരിസരപ്രദേശങ്ങളിലും ജലലഭ്യത മെച്ചപ്പെട്ടതും തെറ്റുകൾ യഥസമയം തിരുത്തിയാൽ ആപത്ത് ഒഴിവാക്കാനാകുമെന്ന് കാണിക്കുന്നു.

നാം വലിയ നേട്ടമായി കൊട്ടിഗ്ഘോഷിക്കുന്ന ഭൂപരിഷ്കരണത്തിന്റെ ഫലമായി കൃഷിഭൂമി എത്തിയത് കാർഷികവൃത്തിയിൽ താല്പര്യം നഷ്ടപ്പെട്ട ഇടത്തരക്കാരിലാണ്. അത് കൃഷി മേഖലയെ നാശത്തിലേക്ക് നയിച്ചു. കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിൽ സമരം നടത്തിയ ഭൂരഹിതരിൽ പലരും അവർക്ക് ലഭിച്ച ചെറിയ കൃഷിയിടങ്ങളിൽ പണിയെടുത്ത് ചുരുങ്ങിയ കാലയളവിൽ ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ട്.      

ഇതെല്ലാം കാണിക്കുന്നത് നമ്മുടെ സാഹചര്യങ്ങൾ യഥാർത്ഥ്യബോധത്തോടെ വിലയിരുത്തി പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ചാൽ ഒരു പുതിയ കേരളം രൂപപ്പെടുത്താൻ നമുക്ക് കഴിയുമെന്നാണ്. അത് സാദ്ധ്യമാകണമെങ്കിൽ ലോകം മാറിയതറിയാതെ ഭൂതകാല മുദ്രാവാക്യങ്ങളുടെ തടവറയിൽ കഴിയുന്ന രാഷ്രീയ കക്ഷികൾക്ക് അവയ്ക്ക് പുറത്തു കടക്കാനാകണം.

Thursday, August 16, 2012

എവിടെ സർക്കാർ? എവിടെ പ്രതിപക്ഷം?

ബി.ആർ.പി. ഭാസ്കർ

നിലവിലുള്ള മുന്നണി സമ്പ്രദായം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പത്തുപന്ത്രണ്ട് കൊല്ലം മുമ്പ് കേരള രാഷ്ട്രീയം വിലയിരുത്തുമ്പോൾ മുന്നണികൾ ഭരണസ്ഥിരത ഉറപ്പാക്കിയെങ്കിലും ഓരോ മുന്നണി സർക്കാരും മുൻസർക്കാരിനേക്കാൾ മോശമായിരുന്നെന്ന നിഗമനത്തിൽ ഈ ലേഖകൻ എത്തിച്ചേരുകയും ആ പ്രവണത തിരുത്താൻ പ്രേരകമാകുമെന്ന പ്രതീക്ഷയിൽ അക്കാര്യം എഴുതുകയും ചെയ്തു. അതിനുശേഷം രണ്ട് മുന്നണികൾക്കും ഓരോ അവസരം കൂടി ലഭിച്ചു. ഓരോ മുന്നണിയും തങ്ങളുടെ സർക്കാരിന്റെ പ്രകടനം കേമമായിരുന്നെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായി കീഴ്പോട്ടു പോകുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. അധികാരത്തിലിരുന്ന മുന്നണിയെ താഴെയിറക്കി മറ്റേതിനെ വാഴിക്കുന്ന രീതി ജനങ്ങൾ പിന്തുടരുന്നത് ഇതിന് തെളിവാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതു ജനാധിപത്യ മുന്നണി തോൽ‌വി ഏറ്റുവാങ്ങിയശേഷം നടന്ന കഴിഞ്ഞ കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഐക്യ ജനാധിപത്യ മുന്നണി നേരിട്ടത്. കീഴ്‌വഴക്കമനുസരിച്ച് അടുത്തത് അതിന്റെ ഊഴമാണ്. കുറെ കൊല്ലമായി ഇടതു മുന്നണിയിലുണ്ടായിരുന്ന കേരള കോൺഗ്രസ് തുണ്ടുകൾ തെരഞ്ഞെടുപ്പിനു മുമ്പ് സ്വയം ഒഴിഞ്ഞുപോയി. ജനതാ ദൾ (എസ്) സി.പി.എമ്മിന്റെ ധാർഷ്ട്യപൂർണ്ണമായ സമീപനത്തിൽ സഹികെട്ട് മറുഭാഗത്തേക്ക് നീങ്ങി. ഭരണത്തിലിരുന്ന അഞ്ചു കൊല്ലവും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പാർട്ടി നേതൃത്വവും പോരടിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കുറച്ചു കാലമായി നിലനിൽക്കുന്ന, ജയിക്കുന്നവർക്ക് 100 സീറ്റ്, തോൽക്കുന്നവർക്ക് 40 എന്ന നില തങ്ങൾക്ക് കൂടുതൽ അനുകൂലമായി മാറുമെന്ന് ഐക്യ ജനാധിപത്യ മുന്നണി കണക്കുകൂട്ടി. പക്ഷെ അനുപാതം 72: 68 ആയി ചുരുങ്ങുകയാണുണ്ടായത്. ആരോ എഴുതിയതുപോലെ, യു.ഡി.എഫിന്റെ വിജയം ദയനീയമായിരുന്നു. എൽ.ഡി. എഫിന്റെ പരാജയം ഉജ്ജ്വലവും.

എൽ.ഡി.എഫ്. സർക്കാർ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും അത് ജനങ്ങളിലെത്തിക്കുന്നതിൽ പരാജയപ്പെട്ടെന്ന പതിവ് ന്യായീകരണം സി.പി.എം. മുന്നോട്ടുവെച്ചു.  ഔദ്യോഗിക നേതൃത്വത്തിന്റെ തെറ്റായ സമീപനത്തിന്റെ ഫലമായി പല കക്ഷികളും മുന്നണി വിട്ടുപോയതാണ് തോൽ‌വിക്ക് കാരണമായതെന്ന് അച്യുതാനന്ദൻ വാദിച്ചു. ആ വാദം നേതൃത്വത്തിന് അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഉറപ്പായ പരാജയത്തിൽ നിന്ന് എൽ.ഡി. എഫിനെ വിജയത്തിന്റെ പടി വരെ എത്തിച്ചത് അച്യുതാനന്ദന്റെ വ്യക്തിപ്രഭാവമാണെന്ന കാര്യത്തിൽ സംശയമില്ല. പോളിറ്റ്‌ബ്യൂറൊ അംഗമുൾപ്പെടെയുള്ള എല്ലാ സി.പി.എം. സ്ഥാനാർത്ഥികളും  അദ്ദേഹത്തിന്റെ പടം വെച്ചാ‍ണ് വോട്ട് തേടിയത്. ഇത്തവണ അച്യുതാനന്ദനുണ്ടായിരുന്നത്ര ഉയർന്ന സ്ഥാനം ഇ.എം.എസ്. നമ്പൂതിരിപ്പാടിനു പോലും ഒരു തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്നില്ല.

നിയമസഭയിൽ വെറും നാല് സീറ്റിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിലേറിയപ്പോൾ അതിന് ഉറച്ച ഭരണം കാഴ്വെക്കാനാകുമോ എന്ന സംശയം നിലനിന്നിരുന്നു. സർക്കാരിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയേക്കാൾ യോഗ്യനായ ഒരു നേതാവ് കോൺഗ്രസ് കക്ഷിയിലുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു കൊല്ലക്കാലവും അദ്ദേഹം വി.എസ്. അച്യുതാനന്ദൻ ആ പദവി വഹിച്ചിരുന്ന കാലത്തെന്നപോലെ നിരവധി ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രതിച്ഛായ മെച്ചപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രിയായ‌പ്പോൾ  പാർട്ടിയിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കാഞ്ഞതുകൊണ്ട് അച്യുതാനന്ദന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെട്ട പ്രശ്നങ്ങളിൽ നടപടിയെടുക്കാൻ കഴിഞ്ഞില്ല. പാർട്ടിയൊ മുന്നണിയൊ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാഞ്ഞതുകൊണ്ട് ഉമ്മൻ ചാണ്ടിക്ക് പല പ്രശ്നങ്ങളിലും തീരുമാനമെടുക്കാനായി. ജില്ലതോറും ജനസമ്പർക്ക പരിപാടി നടത്തി അദ്ദേഹം ധാരാളം പേർക്ക് ആശ്വാസം പകർന്നു. അങ്ങനെ അദ്ദേഹം വിജയകരമായി ആദ്യ കൊല്ലം പൂർത്തിയാക്കി.

രണ്ടാം കൊല്ലം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ പരിമിതി വെളിപ്പെട്ടു. ഒന്നിനു പിറകെ ഒന്നായി നിരവധി ജനവിരുദ്ധ പദ്ധതികൾ പുറത്തു വന്നു. അവയിൽ ചിലത് പഴയവയായിരുന്നു. മുൻ‌സർക്കാരിന്റെ കാലത്ത് ചിലർ മുഖ്യമന്ത്രിയുടെ കൺ‌വെട്ടത്തിനു പുറത്ത് കരുക്കൾ നീക്കി മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിച്ച ആറന്മുള വിമാനത്താവള പദ്ധതിയും പല തവണ നിർദ്ദേശിക്കപ്പെട്ടെങ്കിലും ശക്തമായ എതിർപ്പുമൂലം ഒരു സർക്കാരിനും ഏറ്റെടുക്കാനാവാഞ്ഞ കരിമണൽ ഖനന പദ്ധതിയും അക്കൂട്ടത്തിൽ പെടുന്നു. മുസ്ലിം ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ട്രസ്റ്റുകൾക്ക് പൊതുമുതൽ പണമായും ഭൂമിയായും കൈമാറാൻ തീരുമാനങ്ങളുണ്ടായി. തോട്ടമുടമകൾ അനധികൃതമായി കൈവശം  വെച്ചിട്ടുള്ളതൊ കയ്യേറിയതൊ ആയ ഭൂമി കൈമാറുന്നതിനുള്ള ജുഗുപ്സാവഹമായ നീക്കങ്ങളുമുണ്ടായി. മുഖ്യമന്ത്രിയുടെ നിസ്സഹായത മുതലെടുക്കാനുള്ള രണ്ട് ഘടകകക്ഷികളുടെ തീരുമാനമായിരുന്നു അവയുടെ പിന്നിൽ. ഭൂമാഫിയാകൾ സംസ്ഥാനമൊട്ടുക്ക് യഥേഷ്ടം കുന്നുകൾ നിരത്താനും വയലുകൾ നികത്താനും തുടങ്ങി. ലോക പൈതൃകമായ പശ്ചിമഘട്ട നിരകളുടെ ദുർബല പരിസ്ഥിതി സംരക്ഷിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾക്കെതിരെ മുഖ്യമന്ത്രി തന്നെ രംഗപ്രവേശം ചെയ്തു.

ഇവിടെ ഒരു സർക്കാരുണ്ടോ എന്ന ചോദ്യമുയർത്തുന്ന സംഭവപരമ്പരയാണ് ഇപ്പോൾ അരങ്ങേറുന്നത്. ഭരണഘടനപ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലാണ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നാണ് വെയപ്. എന്നാൽ മന്ത്രിസഭയുടേതായി മുഖ്യമന്ത്രി അറിയിച്ച തീരുമാനങ്ങൾ മന്ത്രിമാർ പരസ്യമായി തിരുത്തുകയും അവർ പറയുന്നതാണ് ശരിയെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയും ചെയ്യുമ്പോൾ ഭരണഘടന വിഭാവന ചെയ്യുന്ന തരത്തിലുള്ള സംവിധാനമല്ല ഉള്ളതെന്ന് വ്യക്തമാവുന്നു. മന്ത്രിമാരുണ്ടെങ്കിലും മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയുണ്ടെന്ന് പറയാനാവാത്ത അവസ്ഥയാണ് ഇന്നുള്ളത്.

മുന്നണി സമ്പ്രദായത്തിൽ മുഖ്യമന്ത്രിക്ക് മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരത്തിന് പരിമിതിയുണ്ട്. ഘടകകക്ഷികളുടെ മന്ത്രിമാർ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആ കക്ഷികൾ തന്നെയാണ്. ഒരു മുന്നണി അഞ്ചു കൊല്ലത്തെ ഇടവേളക്കുശേഷം വീണ്ടും അധികാരത്തിലെത്തുമ്പോൾ മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ വേണമെന്ന് ഓരോ ഘടക കക്ഷിയും നിർബന്ധം പിടിക്കുന്നത് ആ വകുപ്പുകളിൽ അവയ്ക്ക് സ്ഥാപിത താല്പര്യങ്ങളുണ്ടെന്നതിന് തെളിവാണ്. വിദ്യാഭ്യാസം, റവന്യു, ഭവനം എന്നിങ്ങനെ നിരവധി വകുപ്പുകൾ വളരെക്കാലമായി ഒരേ കക്ഷികൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളുടെ ഒരു കാരണം വിഭാഗീയ താല്പര്യങ്ങളുള്ള ഘടകകക്ഷികൾ അത് കൈകാര്യം  ചെയ്യുന്നതാണെന്നും അതുകൊണ്ട് പ്രധാന കക്ഷി തന്നെ ആ വകുപ്പിന്റെ ചുമതല വഹിക്കണമെന്നും പലരും ആവശ്യപ്പെട്ടതിന്റെ ഫലമായി കഴിഞ്ഞ എൽ.ഡി.എഫ് കാലത്ത് സി.പി.എമ്മിലെ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായി. പക്ഷെ അദ്ദേഹത്തിന് മറ്റൊരു പി.ജെ. ജോസഫ് ആകാനെ കഴിഞ്ഞുള്ളു. വിഭാഗീയതാല്പര്യങ്ങളെ ചെറുക്കാൻ വലിയ കക്ഷിക്കുപോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഇത് സൂചിപ്പിക്കുന്നു. 

സി.പി.എമ്മിൽ നിന്നുള്ള ആർ. സെൽ‌വരാജിന്റെ കൂറുമാറ്റവും പിറവം ഉപതെരഞ്ഞെടുപ്പിലെ അനൂപ് ജോർജിന്റെ വിജയവും ഉമ്മൻ ചാണ്ടി സർക്കാരിന്റെ നില കൂടുതൽ ഭദ്രമാക്കിയ ഘട്ടത്തിലാണ് മുന്നണിക്കുള്ളിൽ പാലം വലി തുടങ്ങിയത്. പിന്നെ ആലോചിക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പിന്മേൽ മരവിപ്പിച്ചു നിർത്തിയിരുന്ന അഞ്ചാം മന്ത്രി പ്രശ്നം മുസ്ലിം ലീഗ് സജീവമാക്കി. ഗതിയില്ലാതെ മുഖ്യമന്ത്രി മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കി. അദ്ദേഹത്തിന് നൽകാൻ മുഖ്യമന്ത്രിയുടെ കൈയിൽ വകുപ്പൊന്നുമില്ലാതിരുന്നതുകൊണ്
ട് ലീഗ് മന്ത്രിമാർ അവരുടെ വകുപ്പുകൾ പുനർനിർണ്ണയം ചെയ്തു അലിക്ക് വകുപ്പുണ്ടാക്കി. ക്രൈസ്തവ മുസ്ലിം സമുദായങ്ങൾ പ്രധാന വകുപ്പുകൾ കൈയടക്കിയിരിക്കുന്നെന്ന് ഹിന്ദു ജാതി സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു. മന്നത്ത് പത്മനാഭന്റെ ജന്മദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചുകൊണ്ടും പിന്നാക്ക ക്ഷേമ വകുപ്പ് ഉണ്ടാക്കിക്കൊണ്ടും മുഖ്യമന്ത്രി അവരെ അനുനയിപ്പിച്ചു. മതന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭയിലുള്ള ഭൂരിപക്ഷം പിന്നെയും വർദ്ധിക്കുന്നത് കൂടുതൽ ആക്ഷേപങ്ങൾക്ക് വഴിവെക്കുമെന്നുള്ളതുകൊണ്ട് ജാതി സംഘടനകളെ പ്രീണിപ്പിക്കാനുള്ള നടപടിയെന്ന നിലയിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണനു കൈമാറി. പക്ഷെ അവരുടെ അരിശം അതുകൊണ്ട് തീർന്നില്ല. നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ചുകൊണ്ട് അവർ അത് വ്യക്തമാക്കി.

നിയമസഭയിൽ 67 അംഗങ്ങളുള്ള ഒരു വലിയ പ്രതിപക്ഷ നിരയുണ്ടെങ്കിലും ഇവിടെ ഒരു സർക്കാരുണ്ടൊ എന്ന ചോദ്യത്തോടൊപ്പം ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ എന്ന ചോദ്യവും ചോദിക്കേണ്ടിയിരിക്കുന്നു. സർക്കാർ ഭൂമാഫിയകൾക്കും മറ്റ് സ്ഥാപിതതാല്പര്യങ്ങൾക്കും  ഒത്താശ ചെയ്യുകയും മന്ത്രിമാർ പൊതുമുതൽ സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യുമ്പോൾ പ്രതിപക്ഷത്തു നിന്നും കാര്യമായ എതിർപ്പ് ഉണ്ടാകുന്നില്ല. ഇതിന്റെ ഒരു കാരണം പല നേതാക്കളും കൊലക്കേസുകളിൽ പ്രതികളായതിനെ തുടർന്ന് പ്രതിരോധത്തിലായിരിക്കുന്ന സി. പി.എമ്മിന് മുഖ്യ പ്രതിപക്ഷകക്ഷിയെന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റാനാകുന്നില്ലെന്നതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഒരു ജനകീയപ്രശ്നവും ഫലപ്രദമായി ഏറ്റെടുക്കാൻ അതിനായില്ല. സേവനാവകാശ നിയമം സഭയുടെ മുന്നിൽ വന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ മറ്റെന്തിന്റെയൊ പേരിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബഹളത്തിനിടെ ചർച്ച കൂടാതെ ബിൽ പാസായതായി സ്പീക്കർ പ്രഖ്യാപിച്ചു. നേതാക്കാൾ കൊലക്കേസുകളിൽ പെട്ടിരുന്നില്ലെങ്കിലും പാർട്ടിക്ക് ശക്തമായി ഇടപെടാൻ ഒരുപക്ഷെ കഴിയുമായിരുന്നില്ല.  കാരണം ഭൂമാഫിയകൾക്കും മറ്റ് സ്ഥാപിതതാല്പര്യങ്ങൾക്കും യു.ഡി. എഫ്. കക്ഷികളുമായി ഉള്ളത്ര സൌഹൃദപൂർവ്വമായ ബന്ധം അതുമായുമുണ്ട്. സി.പി.എമ്മിന്റെ ഗതികേട് കണ്ട് പകച്ചു നിൽക്കുകയാണ് എൽ.ഡി.എഫിലെ മറ്റ് കക്ഷികൾ.

സി.പി.എം. കേന്ദ്രനേതൃത്വം അച്യുതാനന്ദനെ പരസ്യമായി ശാസിക്കാൻ തീരുമാനിക്കുകയും അദ്ദേഹം സംസ്ഥാന നേതൃത്വത്തിനെതിരെ നൽകിയ പരാതി രഹസ്യമായി തള്ളുകയും ചെയ്തശേഷം അദ്ദേഹം മൌനത്തിലാണ്. സമകാലിക പ്രശ്നങ്ങളെ കുറിച്ച് അപൂർവ്വമായി അദ്ദേഹം അഭിപ്രായപ്രകടനം നടത്തുന്നത് പത്രപ്രസ്താവനകളിലൂടെയാണ്. മുമ്പ് പ്രതിപക്ഷ നേതൃത്വം വഹിച്ചിരുന്ന കാലത്തെ പോലുള്ള സജീവ ഇടപെടലുകൾ ഉണ്ടാവുന്നില്ല. ഇതിന്റെ കാരണം അഞ്ചു വർഷത്തെ പ്രായാധിക്യത്തേക്കാൾ പാർട്ടിയുടെ ധാർമ്മികക്ഷയവും അതിനുള്ളിലെ അദ്ദേഹത്തിന്റെ ദയനീയാവസ്ഥയുമാണ്. പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നമല്ലിത്.    

ഉമ്മൻ ചാണ്ടി നേരിടുന്ന യഥാർത്ഥ പ്രശ്നം യു.ഡി.എഫിന്റെ കുറഞ്ഞ ഭൂരിപക്ഷമല്ല, യു.ഡി. എഫിനുള്ളിലെ കോൺഗ്രസിന്റെ ദുർബലാവസ്ഥയാണ്. അച്യുതാനന്ദന്റെ ഫ്ലക്സ് ബോർഡുകൾ ഉയർത്തിയ കൊടുംകാറ്റ് ലീഗിന്റെയൊ കേരളാ കോൺഗ്രസിന്റെയൊ ശക്തികേന്ദ്രങ്ങളെ ബാധിച്ചില്ല. അതിനെ അതിജീവിച്ചുകൊണ്ട് ലീഗിന് നിയമസഭയിലെ അംഗബലം യു.ഡി എഫ് മുമ്പ് വിജയിച്ച 2001ലെ 16ൽ നിന്ന് 20 ആയി ഉയർത്താനായി. കേരള കോൺഗ്രസിന് അംഗബലം ഒമ്പതായി നിലനിർത്താനുമായി. എന്നാൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 62ൽ നിന്ന് 38 ആയി ചുരുങ്ങി. അതായത് കോൺഗ്രസിന്റെ 24 സീറ്റുകളാണ് കൊടുങ്കാറ്റ് കൊണ്ടുപോയത്. കെ.ആർ. ഗൌരിയമ്മയുടെ കക്ഷിക്ക് 2001ൽ നാലു സീറ്റുകൾ കിട്ടിയിരുന്നു; ഇത്തവണ ഒന്നും കിട്ടിയില്ല. കോൺഗ്രസിനും ഗൌരിയമ്മക്കും 28 സീറ്റ് നഷ്ടമായപ്പോൾ രണ്ട് കമ്മ്യൂണിസ്റ്റ് കക്ഷികൾക്കും അത്രയും സീറ്റ് കൂടുതലായി കിട്ടി – സി.പി.എമ്മിന്റെ അംഗബലം 23ൽ നിന്ന് 45 ആയും സി.പിഐയുടേത് ഏഴിൽ നിന്ന് 13 ആയും ഉയർന്നു. അച്യുതാനന്ദന്റെ സ്വാധീനമേഖലകളിലാണ് യു.ഡി.എഫിന് നഷ്ടവും എൽ. ഡി.എഫിന് നേട്ടവുമുണ്ടായത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. എൽ.ഡി.എഫിനെ തോൽപിച്ചെങ്കിലും കോൺഗ്രസ് സി.പി.എമ്മിനോട് തോറ്റെന്ന് പറയേണ്ടിവരുന്നു. ഈ തോൽവിയുടെ ഉത്തരവാദിത്വം വഹിക്കേണ്ടത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. എന്നാൽ യു.ഡി.എഫ് വിജയത്തിന്റെ ശില്പികളെന്ന നിലയിൽ അവർ മുന്നണിയുടേയും പാർട്ടിയുടേയും തലപ്പത്ത് തുടരുന്നു. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന് വസ്തുതകൾ ഗ്രഹിക്കാനുള്ള കഴിവില്ലാത്തതാണ് ഇത് സാദ്ധ്യമാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിക്കും കെ.എം. മാണിക്കും സംഗതികൾ ഗ്രഹിക്കാനാവുന്നതുകൊണ്ട് മുന്നണി നേതൃത്വത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാൻ കഴിയുന്നു.

ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ നിന്നുയരുന്ന ശബ്ദങ്ങൾ പ്രതിപക്ഷത്തിന്റെ അഭാവം നികത്താൻ ഒരളവുവരെ സഹായിക്കുന്നുണ്ട്.  കോൺഗ്രസ് പണ്ടുമുതൽക്കെ ഒരു പ്രതിപക്ഷത്തെ അതിനുള്ളിൽതന്നെ കൊണ്ടു നടക്കുന്ന കക്ഷിയാണ്. ദേശീയതലത്തിൽ ഇടയ്ക്ക് ഏതാണ്ട് പൂർണ്ണമായും കേരളത്തിൽ ഭാഗികമായും നിലച്ചുപോയ ആ പാരമ്പര്യത്തിന്റെ തിരിച്ചുവരവ് നെല്ലിയാമ്പതി, നെൽ‌വയൽ നികത്തൽ തുടങ്ങിയ പ്രശ്നങ്ങളിൽ ശക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇത് സ്വാഗതാർഹമാണ്. കക്ഷി രാഷ്ട്രീയത്തിലും ഗ്രൂപ്പ് രാഷ്ട്രീയത്തിലും എണ്ണം നിർണ്ണായകമാണ്. എന്നാൽ കാതലായ പ്രശ്നങ്ങളിൽ നിർണ്ണായകമാകുന്നത് എണ്ണമല്ല, ധാർമ്മികതയാണ്. അംഗബലം കൊണ്ട് ഒരു തെറ്റിനെയും ശരിയാക്കി മാറ്റാനാവില്ല. ഇരുപതും ഒമ്പതും അംഗങ്ങളുള്ള കക്ഷികളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയെ നേർവഴിക്കു കൊണ്ടു വരാൻ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ നിലപാടെടുകളെടുക്കാൻ തയ്യാറുള്ള ആറ്‌ കോൺഗ്രസ് എം.എൽ.എമാർ മതിയാകും.

സർക്കാരുണ്ടോ പ്രതിപക്ഷമുണ്ടോ എന്ന ചോദിക്കുന്നതുപോലെ ഇവിടെ മാധ്യമങ്ങളുണ്ടോ എന്ന് ചോദിക്കാനാവില്ല. അവയുടെ സാന്നിധ്യം നാം സദാ അറിയുന്നുണ്ട്. അവയുടെ ശബ്ദഘോഷങ്ങൾ നാം നിത്യേനെ ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ അവ എന്ത് ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. പ്രശ്നങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും. അവയ്ക്ക് ശരിയായ പരിഹാരം കാണാൻ സഹായകമായ രീതിയിൽ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്കാവുന്നില്ല. പല‌പ്പോഴും അവയുടെ ഇടപെടൽ പ്രശ്നത്തെ തൃണവത്കരിക്കുന്നു. ചിലപ്പോൾ അവ ചർച്ച ചെയ്ത് പ്രശ്നം തന്നെ ഇല്ലാതാക്കുന്നു. അടിസ്ഥാന പ്രശ്നം മാധ്യമങ്ങളുടെ പ്രൊഫഷനൽ ദൌർബല്യമാണ്. അത് പരിഹരിക്കാത്തിടത്തോളം മെച്ചപ്പെട്ട പ്രവർത്തനം പ്രതീക്ഷിക്കാനാവില്ല. (മലയാളം വാരിക, ആഗസ്റ്റ് 17, 2012)

Monday, August 6, 2012

കേരളം പുന:സൃഷ്ടിക്കുന്ന പ്രവാസികൾ

ബി.ആർ.പി. ഭാസ്കർ

ഒരു ദരിദ്ര സംസ്ഥാനമായാണ് 1956ൽ കേരളം പിറന്നത്. ആളോഹരി വരുമാനം ദേശീയ ശരാശരിക്കു താഴെയായിരുന്നു. ജനങ്ങളുടെയും സർക്കാരിന്റെയും കൈകളിൽ കാശുണ്ടായിരുന്നില്ല. സർക്കാരിന് എല്ലാ ആവശ്യങ്ങൾക്കും ‘കേന്ദ്രനു’ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ. വിദ്യാഭ്യാസം നേടിയവർ മെച്ചപ്പെട്ട ജോലി തേടിയും മറ്റുള്ളവർ മാന്യമായ എന്തു തൊഴിലും ചെയ്യാനുള്ള സന്നധതയോടും കൂട്ടമായി രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വണ്ടി കയറിക്കൊണ്ടിരുന്നു.

ഇന്ന് കേരളം ഒരു സമ്പന്ന സംസ്ഥാനമാണ്. വരവിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഈ മാറ്റം സാധ്യമാക്കുന്നതിൽ ഞങ്ങൾ ഒരു പങ്ക് വഹിച്ചെന്ന് കഴിഞ്ഞ 56 കൊല്ലക്കാലത്ത് സംസ്ഥാനം ഭരിച്ച ഏതെങ്കിലും കക്ഷിയൊ മുന്നണിയൊ പറഞ്ഞാൽ അത് ശുദ്ധ ഭോഷ്കാവും. വിദ്യാഭ്യാസ സൌകര്യങ്ങൾ വികസിപ്പിക്കുക വഴി പുറത്തുപോയി തൊഴിൽ കണ്ടെത്താൻ തങ്ങൾ സഹായിച്ചെന്ന് ചില കക്ഷി നേതാക്കൾ  പറയാറുണ്ട്. അതു അതിരുകടന്ന അവകാശവാദമാണ്. സാഹസികരായ തൊഴിലന്വേഷകർ എണ്ണ വില കുത്തിച്ചുയർന്നതിന്റെ ഫലമായി പെട്ടെന്ന് സമ്പന്നമാവുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത ഗൾഫ് നാടുകൾ നൽകുന്ന അവസരങ്ങൾ കണ്ടെത്തി അങ്ങോട്ട് പ്രവഹിച്ചതിനെ തുടർന്നാണ് കേരളം സമ്പന്നമായത്.

ഉയർന്ന ഉദ്യോഗങ്ങൾ വഹിക്കാൻ തിരുവിതാംകൂറിലെ രാജഭരണകൂടം പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്നതുകൊണ്ട് ആധുനിക വിദ്യാഭ്യാസം നേടിയ ആദ്യ തലമുറയിൽ പെട്ടവർക്ക്  തൊഴിൽതേടി ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവന്നു. ഡോക്ടറായി  യോഗ്യത നേടിയ പി. പല്പുവിന്റെ അപേക്ഷ ദിവാൻ നിങ്ങളുടെ ജാതിക്കാർക്ക് ജോലി കൊടുക്കാറില്ലെന്ന് പറഞ്ഞു നിരസിച്ചതും തുടർന്ന് അദ്ദേഹം മദ്രാസിലും മൈസൂറിലും പ്രവർത്തിച്ചതും അറിയപ്പെടുന്ന വസ്തുതകളാണ്. അദ്ദേഹം ഒരു സാമൂഹ്യ അഭയാർത്ഥി ആയിരുന്നു. ചിലർ ഇവിടെ ജോലി കിട്ടാനുള്ള സാധ്യതയുണ്ടായിട്ടും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ പ്രതീക്ഷിച്ച് മദ്രാസ്, ബോംബേ, കൽക്കത്ത തുടങ്ങിയ വൻ‌നഗരങ്ങളിലേക്കും ബിട്ടിഷ് അധീനതയിലായിരുന്ന സിലോൺ, സിംഗപ്പൂർ, മലയ തുടങ്ങിയ നാടുകളിലേക്ക് പോയി. അവർ സാമ്പത്തിക അഭയാർത്ഥികൾ ആയിരുന്നു.

തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശം ഒരു അംഗീകൃത മനുഷ്യാവകാശമാണ്. സാധാരണഗതിയിൽ ജീവിതസന്ധാരണത്തിന് പര്യാപ്തമായ ജോലി വീട്ടിനടുത്ത് കിട്ടുമെങ്കിൽ ആളുകൾ പണി തേടി ദൂരദിക്കുകളിലേക്ക് പോകില്ല. നാട്ടിൽ ലഭ്യമല്ലാത്ത എന്തെകിലും ജോലി ആഗ്രഹിക്കുന്നവർക്കെ അപ്പോൾ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരൂ. ബഹുഭൂരിപക്ഷം മലയാളികളും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ നാടുവിടുന്നവരാണ്. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ് അവർ നാടുവിടുന്നത്. അടിസ്ഥാനപരമായി അവരുടെ പ്രവാസം ഭരണക്കൂടത്തിനെതിരായ വിധിയെഴുത്താണ്. ഇംഗ്ലീഷിൽ നിന്ന് ഒരു പ്രയോഗം കടമെടുത്തുകൊണ്ട് അതിനെ ‘കാലുകൊണ്ടുള്ള വോട്ടുചെയ്യൽ’ (voting with the feet) എന്ന് വിശേഷിപ്പിക്കാം.

ടിറ്റോ യൂഗോസ്ലാവിയ ഭരിക്കുന്ന കാലത്ത് അവിടെ നിന്നുള്ള ഒരു വെയ്ട്രസിനെ ഞാൻ റോം നഗരത്തിലെ ഒരു ബാറിൽ കണ്ടു. രണ്ട് പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കഴിയുന്ന രാജ്യത്തുനിന്ന് ഒരു യുവതി ഉപജീവനത്തിനായി ഒരു മുതലാളിത്ത രാജ്യത്തേക്ക് ചേക്കേറിയത് എന്നെ അത്ഭുതപ്പെടുത്തി. ടിറ്റോയോട് അവൾക്ക് വിരോധമുണ്ടാകുമെന്ന് ഞാൻ കരുതി. സംസാരിച്ചപ്പോൾ  അവൾ കടുത്ത ആരാധികയാണെന്ന് മനസ്സിലായി. ടിറ്റൊ തൊഴിലവസരങ്ങൾ സൃഷ്ടിക്കാഞ്ഞതു കൊണ്ടല്ലേ നിനക്ക് നാട് വിടേണ്ടി വന്നതെന്ന് ഞാൻ ചോദിച്ചു. തന്നെപ്പോലെയുള്ളവരുടെ കാര്യത്തിൽ താല്പര്യമുള്ള  മഹാനായ നേതാവാണ് ടിറ്റോയെന്ന് അവൾ പറഞ്ഞു. സാധാരണയായി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ പൌരന്മാരെ രാജ്യത്തിനു പുറത്തു പോകാൻ അനുവദിക്കാറില്ല. അകത്തു തന്നെയും സർക്കാർ നൽകുന്ന ജോലി ചെയ്യാനല്ലാതെ ഇഷ്ടമുള്ളിടത്തു പോയി ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. ഈ രീതി പിന്തുടരാതെ പുറത്തു പോയി പണിയെടുക്കാൻ ടിറ്റൊ അനുവദിച്ചു. അപ്പോൾ ടിറ്റോയോട് എന്തിന് വിരോധമുണ്ടാകണം?

ആ യൂഗോസ്ലാവിയാക്കാരിയെപ്പോലെ നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ തങ്ങളെ സാമൂഹ്യ-സാമ്പത്തിക അഭയാർത്ഥികളാക്കിയ ഭരണകൂടത്തോട് നമ്മുടെ പ്രവാസികൾക്കും വിരോധമില്ല. മാറിമാറി ഭരിക്കുന്ന മുന്നണികളോടും അവയുടെ നേതാക്കളോടും കൂറുള്ളവരായി അവർ വിദേശരാജ്യങ്ങളിൽ കഴിയുന്നു – ടിറ്റോ ചെയ്തതുപോലെ എന്തെങ്കിലും സൌജന്യം   ചെയ്യാതിരുന്നിട്ടും. 

ഗൾഫ് പ്രവാസം കേരളത്തിലുണ്ടാക്കുന്ന ചലനങ്ങൾ ഞാൻ ആദ്യമായി ശ്രദ്ധിച്ചത് 1978ൽ അന്ന് ജോലിചെയ്തിരുന്ന ജമ്മു കശ്മീരിൽ നിന്ന് അവധിക്കു വന്നപ്പോഴാണ്. സർക്കാരൊ ഗവേഷണ സ്ഥാപനങ്ങളൊ അക്കാര്യത്തിൽ അന്ന് ഒരു പഠനവും നടത്തിയിരുന്നില്ല. വിദേശത്തു നിന്നുള്ള പണമെത്തുന്ന ബാങ്കുകളിലെ ഉദ്യോഗസ്ഥന്മാരുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു കൊല്ലത്തിൽ 300 കോടി രൂപ കേരളത്തിൽ എത്തുന്നതായി യു.എൻ.ഐ. റിപ്പോർട്ടിൽ ഞാൻ എഴുതി. അത് വായിച്ച ഒരാൾ അത്തരം റിപ്പോർട്ടുകൾ പ്രവാസികളുടെ കഞ്ഞികുടി മുട്ടിക്കുമെന്ന് പരാതിപ്പെട്ടു. അതുണ്ടായില്ല. വിദേശപണത്തിന്റെ ഒഴുക്ക് കാലക്രമത്തിൽ ഏതാണ്ട് 200 മടങ്ങ് വർദ്ധിക്കുകയും ധാരാളം പേരെ അത്യാഡംബര ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയും ചെയ്തിരിക്കുന്നു.

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഈ പണത്തിന്റെ ഒഴുക്ക് എങ്ങനെയാണ് ബാധിച്ചതെന്നത് ഇനിയും വിശദമായി പഠിക്കപ്പെട്ടിട്ടില്ല. മുപ്പതിൽ‌പരം കൊല്ലം മുമ്പ് യു. എൻ.ഐയിലെ എന്റെ ഒരു സഹപ്രവർത്തകൻ ഏതാനും ഡോക്ടർമാർ നൽകിയ വിവരത്തെ ആസ്പദമാക്കി പ്രവാസികൾ നാട്ടിൽ വിട്ടിട്ടുപോകുന്ന വധുക്കൾ നേരിടുന്ന മാനസികപ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയുണ്ടായി. കുവൈത്ത് സർവകലാശാലയിലെ രണ്ട് ഗവേഷകരെ കേരളത്തിൽ വന്ന് കൂടുതൽ പഠിക്കാൻ അത് പ്രേരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഒരു ഏജൻസി പണം നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് ഗൾഫ് പണമൊഴുക്ക് ആദ്യം പഠനവിധേയമാക്കിയത്. അത് ഇപ്പോഴും പഠനം തുടരുന്നുണ്ട്  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘കേരളം എങ്ങനെ ജീവിക്കുന്നു’ തുടങ്ങിയ ചില പഠന റിപ്പോർട്ടുകളും നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഇതൊന്നും ഇവിടെയെത്തിയ എത്രയോ ലക്ഷം കോടി രൂപ ഉല്പാദനക്ഷമമായ ചാലുകളിലേക്ക് ഒഴുകുന്നുവെന്ന് ഉറപ്പാക്കാൻ സഹായിച്ചിട്ടില്ല. ഇനിയും പഠനവിധേയമായിട്ടില്ലാത്ത ചില വിഷയങ്ങളുമുണ്ട്. സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിലെ പ്രവാസ സ്വാധീനം അക്കൂട്ടത്തിൽ‌പെടുന്നു. അച്ചടി, ടെലിവിഷൻ, സിനിമ എന്നീ മാധ്യമ രംഗങ്ങളിൽ അത്  മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയുടെ ഗുണകരവും ദോഷകരവുമായ അംശങ്ങൾ തിരിച്ചറിയാൻ വിശദമായ പഠനങ്ങൾ ആവശ്യമാണ്.

പല ഭരണാധികാരികളും വികസന പദ്ധതികൾക്ക് പണം തേടി ഗൾഫ് നാടുകളിലേക്ക് പോയിട്ടുണ്ട്. പ്രവാസികൾ അവർക്ക് വലിയ സ്വീകരണങ്ങളും സമ്മാനങ്ങളും നൽകി. എന്നാൽ പദ്ധതികൾക്ക് പണം നൽകിയില്ല. നടത്തിപ്പുകാരായ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥന്മാരിലും വിശ്വാസനില്ലാത്തതുകൊണ്ടാണ് അവർ സർക്കാർ പദ്ധതികളിൽ താല്പര്യമെടുക്കാത്തത്. അതേസമയം രാഷ്ട്രീയ നേതാക്കൾ .ടെലിവിഷൻ ചാനലിൽ ഓഹരി വങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അവർ അതിന് തയ്യാറായി. സ്വകാര്യ കോളെജുകളും ആശുപത്രികളും സ്ഥാപിക്കാനും അവർ പണം കൊടുത്തു. ആദ്യത്തേതിൽ നേതാക്കളുടെ പ്രീതി നേടാനുള്ള വ്യഗ്രത കാണാം. രണ്ടാമത്തേതിൽ സ്വന്തം നാട്ടിൽ ആധുനിക സ്ഥാപനങ്ങളുണ്ടായി കണാനുള്ള ആഗ്രഹവും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണ് വിജയിച്ച സർക്കാർ പദ്ധതിയായി ചൂണ്ടിക്കാണിക്കാനുള്ളത്. അത് തങ്ങളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കീഴിൽ നിലനിർത്താനാണ് ഭരണാധികാരികൾ ശ്രമിച്ചത്. പ്രവാസികൾ സൊസൈറ്റിയിൽ താല്പര്യം കാട്ടിയില്ല. അപ്പോഴാണ് സമ്പന്നരായ പ്രവാസികളെ ഉൾപ്പെടുത്തി കമ്പനി രൂപീകരിച്ചത്. എന്നിട്ടും വേണ്ടത്ര പണം കിട്ടിയില്ല. ഹഡ്കോ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം വലിയ വായ്പ നൽകിയതുകൊണ്ടു മാത്രമാണ് പദ്ധതി നടപ്പിലാക്കാനായത്. ഈ പദ്ധതിയോടെ സമ്പന്ന പ്രവാസികളും അധികാര രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനമുള്ള കക്ഷികളും തമ്മിൽ തുടങ്ങിയ ചങ്ങാത്തം കേരള സമൂഹത്തിന്റെ ഗതി നിശ്ചയിക്കുന്നതിൽ ഇന്ന് നിർണ്ണായക സ്ഥാനം വഹിക്കുന്നു.

ഫ്യൂഡൽ മേധാവിത്വം ക്ഷയിക്കുകയും വ്യവസായവത്കരണത്തിന്റെ അഭാവത്തിൽ പുതിയ സമ്പന്ന വിഭാഗം ഉയർന്നു വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരള സമൂഹത്തിൽ നവോത്ഥാനപ്രസ്ഥാനങ്ങൾ ഉയർത്തി പിടിച്ചതും തുടർന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതുമായ സ്ഥിതിസമത്വം എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗൾഫ് പ്രവാസം തുടങ്ങിയത്. ഉയർന്ന വേതനം കിട്ടുകയും കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയുകയും ചെയ്തതുകൊണ്ട് ചെറിയ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് ഗണ്യമായ തുക മിച്ചം പിടിച്ച് നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. അവരിലേറെയും  പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരായിരുന്നു. തന്മൂലം ആദ്യഘട്ടത്തിൽ ഗൾഫ് പ്രവാസം സ്ഥിതിസമത്വം വളർത്താൻ സഹായിച്ചു. എന്നാൽ പിന്നീട് പല തരം ബിസിനസ് പ്രവർത്തനങ്ങളിലൂടെ വലിയ തോതിൽ പണം സമ്പാദിച്ച ഒരു വിഭാഗം അവിടെ ഉയർന്നു വന്നു. അതോടെ, നിരവധി പതിറ്റാണ്ടുകൾക്കുശേഷം, അസമത്വം വീണ്ടും വളരാൻ തുടങ്ങി. ഗൾഫിലും നാട്ടിലും മറ്റിടങ്ങളിലും സാമ്പത്തിക താല്പര്യങ്ങളുള്ള ഈ വിഭാഗത്തിന്റെ ആവശ്യങ്ങൾ മുൻ‌നിർത്തിയാണ് ഭരണാധികാരികൾ പ്രവർത്തിക്കുന്നത്. ഇത് മനസ്സിലാക്കാതെ സാധാരണക്കാരായ പ്രവാസികൾ അവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന കക്ഷികൾ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ കഴിയുന്നു.  

ഡോ. പൽ‌പു, മദ്രാസിൽ പത്രാധിപരായിരുന്ന ജി. പരമേശ്വരൻപിള്ള തുടങ്ങിയ പ്രവാസികൾ നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തെ സാമൂഹികമായി മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയുണ്ടായി. പ്രവാസികൾ വീണ്ടും കേരളം പുന:സൃഷ്ടിക്കുകയാണ്. എന്നാൽ ആ പ്രക്രിയ നേരാംവണ്ണം നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിയുന്ന ഒരു നേതൃത്വം അവർക്കിടയിൽ നിന്ന് ഉയർന്നു വന്നിട്ടില്ല. (പാഠഭേദം, ഓഗസ്റ്റ് 2012)