വികസനം: കാഴ്ചപ്പാടും കാണാപ്പുറങ്ങളും
ബി.ആർ.പി. ഭാസ്കർ
വികസനത്തെ കുറിച്ച് നിലവിലുള്ള കാഴ്ചപ്പാടുകൾ വികസിത രാജ്യങ്ങളിൽ രൂപപ്പെട്ടവയാണ്.
വ്യാവസായിക വിപ്ലവമാണ് അവരുടെ സാമ്പത്തിക നില ഭദ്രമാക്കിയതും തുടർന്ന് മെച്ചപ്പെട്ട
ജീവിതസാഹചര്യങ്ങൾ സാധ്യമാക്കിയതും. അതുകൊണ്ട് ദ്രുതഗതിയിലുള്ള വ്യവസായവത്കരണമാണ് പുരോഗതി
നേടാനുള്ള മാർഗ്ഗമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. നാല്പതില്പരം വർഷങ്ങൾക്കു മുമ്പ്
വ്യവസായവത്കരണം കൂടാതെ സാമൂഹ്യപുരോഗതി നേടിയ കേരളം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപെട്ടശേഷം
ചിലർ കേരള
വികസന മാതൃകയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ദരിദ്ര സംസ്ഥാനമായിരുന്നപ്പോൾ
വികസന മാതൃകയായി ലോകശ്രദ്ധ നേടിയ കേരളം ഇന്ന് അതിസമ്പന്നമായ നാടാണ്. ഒരു കാലത്ത് ദാരിദ്യത്തിന്റെ
പ്രശ്നങ്ങൾ നേരിട്ട കേരളം ഇപ്പോൾ സമ്പന്നതയുടെ പ്രശ്നങ്ങൾ നേരിടുകയാണ്.
വലിയ തോതിൽ വ്യവസായവത്കരണം നടന്നില്ലെങ്കിലും അശാസ്ത്രീയവും അനിയന്ത്രിതവുമായ
വ്യവസായവത്കരണത്തിന്റെ ദുരന്തം കേരളം വേണ്ടുവോളം അനുഭവിച്ചു. കൊച്ചിക്കടുത്തുള്ള എഫ്.എ.സി.റ്റി,
ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്തെ ആദ്യ വൻനഗരത്തിലെ
വായും ജലവും മലീമസമാക്കി. സർക്കാർ ക്ഷണിച്ചു കൊണ്ടു വന്ന സ്വകാര്യസ്ഥാപനമായ റയോൺ ഫാക്ടറി
ചാലിയാർ പുഴ മലിനീകരിക്കുകയും അതിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും
ചെയ്തു. പൊതുമേഖലയിലുള്ള തോട്ട കമ്പനി ആകാശത്തു നിന്ന് വിഷം വിതറി കാസർകോട്ട് ധാരാളം
ആളുകളെ രോഗികളും വികലാംഗരുമാക്കി. തിരുവനന്തപുരത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കടലിലേക്കൊഴുക്കിയ
മാലിന്യങ്ങൾ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന തീരദേശവാസികളുടെ ജീവിതം വഴിമുട്ടിച്ചു.
തദ്ദേശവാസികൾ ഈ സ്ഥാപനങ്ങൾ നടത്തുന്ന മലിനീകരണത്തിനെതിരെ സംഘടിച്ചപ്പോൾ ഭരണ പ്രതിപക്ഷ
മുന്നണികൾ കമ്പനികളുടെ താല്പര്യം മുൻനിർത്തിയും അവരുടെ നിയന്ത്രണത്തിലുള്ള ട്രെയ്ഡ്
യൂണിയനുകൾ തൊഴിൽ സംരക്ഷണത്തിന്റെ പേരിലും ജനങ്ങൾക്കെതിരെ നിലയുറപ്പിച്ചു. രാഷ്ട്രീയ
കക്ഷികളുടെ നിലപാടുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നുള്ളതിനു
തെളിവാണ് പാരിസ്ഥിതിക കാരണങ്ങളാൽ കേന്ദ്രം അനുമതി നിഷേധിച്ച അതിരപ്പള്ളി വൈദ്യുതി പദ്ധതിയുമായി
മുന്നോട്ടു പോകാൻ അധികാരത്തിലിരിക്കെ രണ്ട് മുന്നണികളും നടത്തുന്ന ശ്രമങ്ങൾ.
ലോകത്ത് ഏതെങ്കിലും രാജ്യമൊ പ്രദേശമൊ നേരിട്ടിട്ടില്ലാത്ത സാഹചര്യങ്ങളാണ്
ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടു നമുക്ക് മറ്റാരെയും മാതൃകയാക്കാനാവില്ല.
ഇപ്പോൾ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സേവന മേഖലയിലെ പല പ്രവർത്തനങ്ങളും ജീവിത സാഹചര്യങ്ങൾ
കൂടുതൽ വഷളാക്കാൻ പോരുന്നവയാണ്. തീരദേശത്തെ പാതകൾക്കിരുവശവും വൻതോതിൽ നിർമ്മാണ പ്രവർത്തങ്ങൾ
നടക്കുകയാണ്. നഗരങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ അവയ്ക്ക് പുറത്ത് ജനവാസമില്ലാത്ത
പ്രദേശങ്ങൾ കണ്ടെത്താനാവുന്നില്ല. വളരുകയും പെരുകുകയും ചെയ്യുന്ന ആശുപതികൾ പുറന്തള്ളുന്ന
മാലിന്യങ്ങൾ സംസ്കരിക്കാൻ മതിയായ സംവിധാനമില്ല. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നമ്മുടെ ജലാശയങ്ങൾ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ പ്രശ്നത്തിനു വേഗം പരിഹാരം കാണാനായില്ലെങ്കിൽ വിനോദസഞ്ചാരം തന്നെ നിലയ്ക്കും. മാവൂരിലെ
റയോൺ ഫാക്ടറി പൂട്ടിയശേഷം ചാലിയാർ പുഴക്ക് പുതുജീവൻ ലഭിച്ചതും കോള ഫാക്ടറി പ്രവർത്തനം
നിർത്തിയശേഷം പ്ലാച്ചിമടയിലും പരിസരപ്രദേശങ്ങളിലും ജലലഭ്യത മെച്ചപ്പെട്ടതും തെറ്റുകൾ
യഥസമയം തിരുത്തിയാൽ ആപത്ത് ഒഴിവാക്കാനാകുമെന്ന് കാണിക്കുന്നു.
നാം വലിയ നേട്ടമായി കൊട്ടിഗ്ഘോഷിക്കുന്ന ഭൂപരിഷ്കരണത്തിന്റെ ഫലമായി
കൃഷിഭൂമി എത്തിയത് കാർഷികവൃത്തിയിൽ താല്പര്യം നഷ്ടപ്പെട്ട ഇടത്തരക്കാരിലാണ്. അത് കൃഷി
മേഖലയെ നാശത്തിലേക്ക് നയിച്ചു. കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിൽ സമരം നടത്തിയ
ഭൂരഹിതരിൽ പലരും അവർക്ക് ലഭിച്ച ചെറിയ കൃഷിയിടങ്ങളിൽ പണിയെടുത്ത് ചുരുങ്ങിയ കാലയളവിൽ
ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം കാണിക്കുന്നത് നമ്മുടെ സാഹചര്യങ്ങൾ യഥാർത്ഥ്യബോധത്തോടെ വിലയിരുത്തി പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ചാൽ ഒരു പുതിയ കേരളം രൂപപ്പെടുത്താൻ നമുക്ക് കഴിയുമെന്നാണ്. അത് സാദ്ധ്യമാകണമെങ്കിൽ ലോകം മാറിയതറിയാതെ ഭൂതകാല മുദ്രാവാക്യങ്ങളുടെ തടവറയിൽ കഴിയുന്ന രാഷ്രീയ കക്ഷികൾക്ക് അവയ്ക്ക് പുറത്തു കടക്കാനാകണം.
No comments:
Post a Comment