Monday, August 27, 2012

കമ്മ്യൂണിസത്തിന്റെ പുനർവായനകൾ


കമ്മ്യൂണിസത്തിന്റെ ഭാവി എന്ന വിഷയത്തിൽ ഏഴു ലേഖനങ്ങൾ ഇന്ത്യാ ടുഡേ ഈ ആഴ്ച ഇറങ്ങിയ ഓണപ്പതിപ്പിൽ കൊടുത്തിട്ടുണ്ട്.

എം. മുകുന്ദൻ, സി.ആർ. നീലകണ്ഠൻ, എം.പി. പരമേശ്വരൻ, കെ.എം.ഷാജഹാൻ, എൻ. എം. പിയേഴ്സൺ എന്നിവരും ഞാനുമാണ് വാരിക ആവശ്യപ്പെട്ടതനുസരിച്ച് ഈ വിഷയം ചർച്ച ചെയ്യുന്നത്. നീതിപൂർവ്വകമായല്ല സംവാദത്തിൽ പങ്കെടുത്തവരെ തീരുമാനിച്ചതെന്ന ആക്ഷേപത്തിന് ഈ പട്ടിക തീർച്ചയായും അവസരം നൽകുന്നുണ്ട്. 

ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റർ എം.ജി. രാധാകൃഷ്ണന്റെ “കമ്മ്യൂണിസത്തിന്റെ പുനർവായനകൾ” എന്ന തലക്കെട്ടിലുള്ള മുഖലേഖനത്തോടെയാണ് സംവാദം തുടങ്ങുന്നത്. സംവാദത്തിലെ ഏകപക്ഷീയത കുറയ്ക്കുവാൻ അതിൽ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്.

സംവാദത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ ചിലത്:

എം. മുകുന്ദൻ: ഇന്ന് നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച ദുര്യോഗത്തെ ആഗോളതലത്തിൽ പ്രസ്ഥാനത്തിന് സംഭവിച്ചിട്ടുള്ള ദുര്യോഗവുമായി ബന്ധപ്പെടുത്തി കാണണം. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത്.

സി.ആർ. നീലകണ്ഠൻ: മാർക്സിസത്തിന് ഭാവിയുണ്ട്. ഇന്ത്യൻ പരിത:സ്ഥിതിയിൽ ജാതി, ലിംഗം, പ്രദേശം, ഭാഷ, മതം തുടങ്ങിയവയെല്ലാം വിവേചനകാരണങ്ങളാകുന്നതിനാൽ ഇവ സംബന്ധിച്ച് ഒരു മാർക്സിസ്റ്റിന് കൃത്യമായ ധാരണയുണ്ടാകണം. അംബേദ്കറെ തിരിച്ചറിയാത്തവർ ഒരിക്കലും മാർക്സിസ്റ്റാവില്ല.

എം.പി.പരമേശ്വരൻ: മാനവരാശിയുടെ മുന്നോട്ടുള്ള യാത്രക്ക് മറ്റൊരു പാത വെട്ടിത്തുറക്കാൻ നാം നിർബന്ധിതരാകും. അത് 20ആം നൂറ്റാണ്ടിലെ പരീക്ഷണത്തിന്റെ പാത ആകണമെന്നില്ല.

കെ.എം. ഷാജഹാൻ: പ്രായോഗികമായ ഒരു ബദൽ വേദി ഉയർന്നു വന്നാൽ ഇടതുപക്ഷ അനുഭാവികളിൽ നിന്ന് അതിന് വ്യാപകമായ അംഗീകാരം ലഭിക്കും.

എൻ.എം.പിയേഴ്സൺ: ജീർണ്ണതക്കെതിരെയുള്ള ഉഷ്ണജലപ്രഹാഹമാണ് മാർക്സിസം. അതുകൊണ്ട് സി.പി.എമ്മിന്റെ സ്വേച്ഛാതിപത്യത്തിനെതിരെ പ്രവർത്തിക്കലാണ് ഇന്ന് കേരളത്തിൽ മാർക്സിസത്തിന്റെ ദൌത്യം.

എന്റെ ലേഖനത്തിന്റെ പ്രസിദ്ധീകൃത രൂപം ബ്ലോഗിൽ എടുത്തുകൊടുത്തിട്ടുണ്ട്..

സ്റ്റാലിനിസ്റ്റ് സമീപനത്തിന്റെയും സമീപകാല കൊലപാതകങ്ങളുടെയും പേരിൽ സി.പി.എം. നേരിടുന്ന വിമർശനത്തെ എം.ജി.രാധാകൃഷ്ണൻ ആമുഖത്തിൽ പുച്ഛിക്കുന്നു: “അഞ്ചു വർഷം കൂടുമ്പോൾ പതിവായി തെരഞ്ഞെടുപ്പിലൂടെ ഭരണാധികാരികളെ മാറ്റുന്ന ആഴത്തിലോടിയ അടിസ്ഥാന ജനാധിപത്യം, നൂറു ശതമാനം സാക്ഷരതമൂലം സമൂഹം കൈവരിച്ച നിതാന്ത ജാഗ്രത, അധികാരികളെ പൂർണ്ണമായും നിത്യനിയന്ത്രണത്തിൽ നിർത്തുന്ന സ്വതന്ത്ര മാധ്യമങ്ങളുടെ സർവവ്യാപിയായ സാന്നിദ്ധ്യം, സ്വതന്ത്രവും ആക്ടിവിസ്റ്റുമായ നീതിന്യായവ്യവസ്ഥ, ആഴത്തിൽ വേരോടിയ ബഹുകക്ഷി സമ്പ്രദായം എന്നിവ പൂർണ്ണ യാഥാർത്ഥ്യമായ ജനാധിപത്യസമൂഹത്തെ സ്റ്റാലിന്റെ റഷ്യയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി തുലനം ചെയ്യുന്ന നിരന്തര പഠനങ്ങൾ ഒരു തമാശപ്പുസ്തകത്തിനുപോലും താങ്ങാനാവാത്തവിധം പരിഹാസ്യം.” 

തുടർന്ന് അദ്ദേഹം സംവാദം നിഷ്പ്രയോജനമായെന്ന് പ്രഖ്യാപിക്കുന്നു: “പഴയ സംഭാവനകളുടെ ബലത്തിൽ സ്വന്തം ആത്മവിശുദ്ധിയിൽ കളങ്കമേ ഏറ്റില്ലെന്ന തരത്തിലുള്ള വാദങ്ങൾ ഒരുവശത്തും മറുവശത്ത് ആ പ്രസ്ഥാനത്തിന്റെ സംഭാവനകളൊക്കെ വിസ്മരിച്ചുകൊണ്ട് ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ ഇതൊരു കൊലയാളിസംഘമെന്ന മട്ടിലുള്ള പ്രചാരണവും ഈ സംവാദത്തെ സർഗാത്മകമോ സമൂഹത്തിന് പ്രയോജനകരമോ ആയ മട്ടിൽ വികസിക്കുന്നതിൽ നിന്ന് തടയുന്നു.”

കൊലപാതകരാഷ്ട്രീയം സംബന്ധിച്ച ആക്ഷേപം അടുത്ത കാലത്തു നടന്ന ഒന്നോ രണ്ടോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊങ്ങിവന്നതാണെന്ന് ധ്വനിപ്പിക്കുന്ന രാധാകൃഷ്ണൻ കെ. മാധവന്റെ ആത്മകഥ (ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ, പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരണം) വായിക്കണം. അതിൽ ഹിറ്റ് ലിസ്റ്റുണ്ടാക്കി കൊല നടത്താൻ പണ്ട് പരിപാടിയിട്ട കാര്യം വായിക്കാം. ഇന്ത്യയൊട്ടാകെ വ്യാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: “സ്റ്റാലിനിസത്തിലധിഷ്ഠിതമായ അക്രമനയവും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാലഹരണപ്പെട്ട സംഘടനാ സംവിധാനവും ഈ പരാജയത്തിൽ എത്രത്തോളം കാരണമായെന്ന് വിലയിരുത്തപ്പെടേണ്ടതാണ്.”  

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അതിൽ ദീഘകാലം പ്രവർത്തിച്ച ഈ 98കാരന്റെ വാക്കുകളാണ് ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററുടെ വാക്കുകളേക്കാൾ എനിക്ക് കൂടുതൽ വിശ്വാസയോഗ്യമായി തോന്നുന്നത്.

No comments: