Tuesday, August 28, 2012

അസമത്വവും അനീതിയും ഇല്ലാതാകുമ്പോൾ ജാതിവ്യവസ്ഥ ഇല്ലാതാകും

കേരള കൌമുദി ഓണം വിശേഷാൽ പ്രതിയിൽ ജാതിവ്യവസ്ഥയെ കുറിച്ച് ഒരു സംവാദമുണ്ട്. പത്രം അയച്ചുതന്ന ചോദ്യങ്ങളും അതിന് ഞാൻ നൽകിയ ഉത്തരങ്ങളും ചുവടെ ചേർക്കുന്നു:


1.    ജാതിവ്യവസ്ഥ വേണമോ വേണ്ടയോ? വേണമെങ്കിൽ എന്തുകൊണ്ട്?

ജാതിവ്യവസ്ഥയിൽ അസമത്വം അനീതിയും അടങ്ങിയിരിപ്പുണ്ട്. അത് വേണമെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അതിന്റെ അർത്ഥം അസമത്വവും അനീതിയും നിലനിന്നു കാണാൻ താല്പര്യപ്പെടുന്നെന്നാണ്. ജാതിവ്യവസ്ഥയുടെ ഗുണം അനുഭവിക്കുകയും അത് തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക്കെ അങ്ങനെ ചിന്തിക്കാനാകൂ.

2.    മുൻ‌കാലങ്ങളിൽ ജാതിപ്പേര് ഉപേക്ഷിച്ചവരും പേര് മാറ്റിയവരുമുണ്ട്. ഇപ്പോൾ പേരിനൊപ്പം ജാതി തിരിച്ചറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിനോട് യോജിക്കുന്നുണ്ടോ?

ജാതിഭേദമില്ലാത്ത വ്യവസ്ഥിതി എന്ന സങ്കല്പം ശക്തിപ്പെട്ടതിന്റെ ഫലമായാണ് കഴിഞ്ഞ നൂറ്റാണ്ടിൽ പലരും പേരിനോടൊപ്പം ജാതിപ്പേര് ഉപയോഗിക്കുന്ന രീതി ഉപേക്ഷിച്ചത്. എൻ.എസ്.എസ്. ആചാര്യൻ വാലു മുറിച്ച് മന്നത് പത്മനാഭൻ ആയപ്പോൾ അദ്ദേഹത്തിന്റെ മാതൃക പിന്തുടരാൻ പലരും തയ്യാറായി. എന്നാൽ ഇപ്പോൾ ആ സംഘടനയെ നയിക്കുന്നവർ ജാതിവാലുള്ളവരാണ്. ആൾ ഇൻഡ്യാ റേഡിയോയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മലയാളി വാർത്താ വായനക്കാരെല്ലാം ജാതിപ്പേര് ഉപേക്ഷിച്ചുകൊണ്ട്, ശങ്കരനാരായണൻ, പ്രതാപൻ, ഓംചേരി എന്നിങ്ങനെയാണ് സ്വയം അടയാളപ്പെടുത്തിയത്. എന്നാൽ ഇവിടെ ചില പത്രങ്ങൾ ജാതിനാമം ഉപയോഗിക്കാതിരുന്ന പത്രപ്രവർത്തകരെ വാലു വെക്കാൻ പ്രേരിപ്പിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ എല്ലാ ജാതിമതവിഭാഗങ്ങളിലും പെട്ടവരുണ്ടെന്ന ധാരണ വായനക്കാർക്ക് നൽകാനാണ് അങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു. ഈ സ്ഥാപനങ്ങളിൽ ദലിത് പത്രപ്രവർത്തകരെ കാണാനില്ലെന്നത് അവരുടെ വീക്ഷണത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. എന്നാൽ ഒരാൾ പേരിനൊപ്പം ജാതിനാമം ഉപയോഗിക്കുന്നതിനെ ജാതിചിന്തക്ക് തെളിവായി കാണാനാകില്ല. പലരും കുടുംബപ്പേരിനു പകരം ജാതിപ്പേര് സർനെയിം ആയി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പെൺനമ്പൂതിരിമാരും പെൺവാര്യർമാരും പെൺനായർമാരും ഉണ്ടാകുന്നത്. പേരിലുള്ള ജാതി മനസിലുണ്ടാകണമെന്നില്ല. പേരിലില്ലാത്ത ജാതി മനസിലുണ്ടെന്നും വരാം.

3.    രാഷ്ട്രീയക്കാരാണ് ജാതിവ്യവസ്ഥയെ വീണ്ടും വളർത്തുന്നതെന്ന അഭിപ്രായം ഉണ്ടല്ലോ?

ഇവിടെ ജാതിയെ കൂടാതെ മതത്തെയും കണക്കിലെടുക്കണം. ജാതിമതചിന്ത വളർത്തുന്നത് രാഷ്ട്രീയക്കാരാണെന്ന ധാരണ പൂർണ്ണമായും ശരിയല്ല. സ്വാർത്ഥതാല്പര്യം മുൻ‌നിർത്തി അങ്ങനെ ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും തീർച്ചയായുമുണ്ട്. അത്തരം സങ്കുചിത സമീപനമില്ലാത്ത പ്രസ്ഥാനങ്ങളും നമുക്കുണ്ട്. എന്നാൽ അവരും ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നെന്ന് കരുതുന്നവരാണ്. അതിനാൽ ജാതിമതശക്തികളെ ശക്തമായി എതിർക്കാൻ അവർക്കാകുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായി അത്തരം ശക്തികളുമായി അവർ നിരന്തരം സന്ധിചെയ്യുന്നു.

4.    കേരളം ഭ്രാന്താലയമെന്ന ചൊല്ലിൽ നിന്ന് കരകയറി. പക്ഷെ ഇന്ന് കേരളത്തിന്റെ പോക്ക് മുന്നോട്ടാണോ പിന്നോട്ടാണോ? 

ജാതിമതചിന്ത വളരുന്ന സാഹചര്യത്തിൽ പോക്ക് പിന്നോട്ടാണെന്ന് പറയാതിരിക്കാൻ വയ്യ. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന നവീകരണ പ്രസ്ഥാനങ്ങളുടെ ഗുണഫലങ്ങൾ പലതും നഷ്ടപ്പെട്ടു കഴിഞ്ഞു. നവോത്ഥാനനായകന്മാരുടെ ശ്രമഫലമായി തുടച്ചുമാറ്റപ്പെട്ട പല അനാചാരങ്ങളും തിരിച്ചുവന്നിരിക്കുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ചതും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതുമായ സ്ഥിതിസമത്വം എന്ന ആശയം ഉപേക്ഷിക്കപ്പെട്ടെന്നതിന് പ്രത്യക്ഷ തെളിവാണ് സ്ത്രീകളുടെയും ദലിത്-ആദിവാസി വിഭാഗങ്ങളുടെയും ഇന്നത്തെ അവസ്ഥ. കാലഹരണപ്പെട്ട ജന്മിത്വത്തിന്റെ പതനവും വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിലൂടെ രൂപപ്പെട്ട മദ്ധ്യവർഗ്ഗത്തിന്റെ ഉദയവും കഴിഞ്ഞ നൂറ്റാണ്ടിൽ സാമ്പത്തിക ഉച്ചനീചത്വം കുറയ്ക്കുകയുണ്ടായി. ഇപ്പോൾ ഒരു പുതിയ ധനികവർഗ്ഗം വന്നതിന്റെ ഫലമായി ഉച്ചനീചത്വം വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവണതയെ പ്രതിരോധിക്കാൻ അധികാര രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് ഒരു പദ്ധതിയുമില്ല.    

5.    ജാതി ഇല്ലാതാക്കാൻ എന്തു ചെയ്യാം?

യഥാർത്ഥപ്രശ്നം ജാതിയല്ല ജാതിവ്യവസ്ഥയിലെ അസമത്വവും അനീതിയുമാണ്. അത് നൽകുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കാൻ അതിന്റെ ഗുണഭോക്താക്കൾ തയ്യാറില്ല. അധികാര രാഷ്ട്രീയത്തിൽ ഇപ്പോഴുമുള്ള മേൽ‌കോയ്മ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യ വ്യവസ്ഥ വിഭാവന ചെയ്യുന്ന സമത്വം എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനെ അവർ തടയുന്നു. ഈ അവസ്ഥയെ മറികടക്കാൻ അധികാരഘടനയിൽ മാറ്റങ്ങളുണ്ടാകണം. അത്തരത്തിലുള്ള മാറ്റം സാധ്യമാകാൻ സാമൂഹികമായി ഒഴിച്ചു നിർത്തപ്പെട്ടിട്ടുള്ള വിഭാഗങ്ങൾ ശാക്തീകരിക്കപ്പെടണം.

6.    ജാതി ചിന്തിക്കാതെയും പറയാതെയും അധികാരസ്ഥാനങ്ങളിലെത്താനാകുമോ?

രാജ്യം സ്വാതന്ത്ര്യം നേടുന്ന കാലത്ത് അധികാര രാഷ്ട്രീയത്തിൽ ജാതിക്ക് ഇന്നത്തെ പ്രാമുഖ്യം ഉണ്ടായിരുന്നില്ല. തിരുവിതാം‌കൂറിലെ ആദ്യ മന്ത്രിസഭയിൽ ഒരു നായരും ഒരു ക്രിസ്ത്യാനിയും ഒരു ഈഴവനും മാത്രമാണുണ്ടായിരുന്നത്. എല്ലാവരും പുരുഷന്മാരും. ജാതിമതലിംഗ പ്രാതിനിധ്യത്തിന്റെ പ്രശ്നം ആരും ഉയർത്തിയതേയില്ല. പഞ്ചാബിലെ അംബാല എന്ന പ്രദേശത്തെ (ഇപ്പോൾ ഈ പ്രദേശം ഹരിയാന സംസ്ഥാനത്തിലാണ്) ബഹുഭൂരിപക്ഷം മുസ്ലിങ്ങളും വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് കുടിയേറുകയുണ്ടായി. 1952ലെ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ അംബാല നിയമസഭാമണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ മുസ്ലിം സമുദായത്തിൽ‌പെട്ട ഒരു കുടുംബമെ ഉണ്ടായിരുന്നുള്ളു. ആ കുടുംബത്തിലെ അബ്ദുൽ ഗാഫർ ഖാനെയാണ് കോൺഗ്രസ് അവിടെ സ്ഥാനാർത്ഥിയാക്കിയത്. അദ്ദേഹം നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. അദ്ദേഹം 1957ലു, 1962ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ജാതി ചിന്തിക്കാതെയും പറയാതെയും അധികാരസ്ഥാനങ്ങളിലെത്താനാകുമായിരുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന ചിന്ത പല ജാതിമത വിഭാഗങ്ങളിലും ശക്തമായി നിലനിൽക്കുന്നതുകൊണ്ട് ഇന്ന് അത് സാധ്യമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാറിമാറി അധികാരത്തിൽ വന്ന കക്ഷികൾ നീതിപൂർവ്വകമല്ല ഭരണം നടത്തിയതെന്ന് അവർ കരുതുന്നു. നീതിയെ കുറിച്ച് ഒരേ തരത്തിലുള്ള ധാരണയല്ല എല്ലാ വിഭാഗങ്ങൾക്കുമുള്ളത്. ഉദാഹരണത്തിന്, മുൻ‌കാലങ്ങളിൽ നായർ സമുദായത്തിന് സർക്കാരിലുണ്ടായിരുന്ന അമിതപ്രാതിനിധ്യത്തിൽ കുറവുണ്ടായാൽ എൻ. എസ്. എസിന്റെ കണ്ണിൽ അത് നീതിനിഷേധമാണ്!      

7.    ജാതിരഹിതവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമൊ? അതിനെ എങ്ങനെ കാണുന്നു?

വിവാഹം വ്യക്തിപരമായ കാര്യമാണ്. ബന്ധപ്പെട്ട വ്യക്തികൾ പരപ്രേരണയൊ സമ്മർദ്ദമൊ കൂടാതെ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ ജാതിമത പരിഗണന കൂടാതെയുള്ള വിവാഹങ്ങൾ ഉണ്ടാകും. ഇന്ന് പല മിശ്രവിവാഹങ്ങളിലും ഒരാൾ മതപരിവർത്തനം നടത്തുന്നതായി കാണാം. അതിന്റെ പിന്നിൽ പ്രത്യക്ഷമൊ പരോക്ഷമൊ ആയ സമ്മർദ്ദമുണ്ടെന്ന് അനുമാനിക്കാം. ജാതിമത പരിഗണന കൂടാതെയുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജാതിഭേദത്തിനും മതദ്വേഷത്തിനും പരിഹാരം കാണാനാകുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിലെ മുസ്ലിങ്ങൾ ഒരു പ്രത്യേക രാഷ്ട്രമാണെന്ന വാദം ഉന്നയിച്ച് പാകിസ്ഥാൻ നേടിയെടുത്ത മുഹമ്മദ് അലി ജിന്നയുടെ ഭാര്യ പാഴ്സിയായിരുന്നു. അദ്ദേഹം വ്യക്തിജീവിതത്തിൽ മതനിരപേക്ഷ സമീപനം സ്വീകരിച്ചയാളുമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് നീതി ലഭിക്കില്ലെന്ന വിശ്വാസമാണ് മുമ്പ് തള്ളിക്കളഞ്ഞ പ്രത്യേക മുസ്ലിം രാഷ്ട്രമെന്ന ആശയം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഇന്നത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ആ വിശ്വാസം തെറ്റായിരുന്നെന്ന് പറയാനാവില്ല. യഥാർത്ഥ പ്രശ്നം അസമത്വവും അനീതിയുമാണെന്ന് മനസിലാകുമ്പോൾ ശരിയായ പരിഹാരം അസമത്വവും അനീതിയും ഇല്ലാതാക്കുകയാണെന്ന് തിരിച്ചറിയാനാകും.

5 comments:

Praveen payyanur said...

ജാതിയും മതവും ഇല്ലാതാകുന്നതിനു മിശ്ര വിവാഹമാന് ഏറ്റവും നല്ലത്. ജാതി തിരിച്ചു കൊടുക്കുന്ന എല്ലാ അനുകുഉല്യവും മിശ്രവിവഹിതര്‍ക്കും അവരുടെ മക്കള്‍ക്കും കൊടുക്കണം.

karimeen/കരിമീന്‍ said...

മതം മാറുന്നതുപോലെ ജാതി മാറാന്‍ അനുവാദമുണ്ടാകണം, അതു ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയുമരുത്. നായര്‍ കൂട്ടത്തോടേ പുലയനാവുകയും ഈഴവന്‍ കൂട്ടത്തോടേ നമ്പൂതിരി ആകുകയും ചെയ്യുന്ന അപൂര്‍വ കാഴ്ച നമുക്ക് കാണാം.

Praveen payyanur said...

ജാതിക്കും മതത്തിനും എതിരായി പോരടെന്ട പല വിപ്ലവ് പാര്ട്ടികലുറെയും കേന്ദ്ര നേതാക്കള്‍ അവരുടെ മക്കള്‍ക്ക്‌ വാല് ചേര്‍ക്കുന്നത് കാണുമ്പോള്‍ അല്‍ഭുതം തോനുന്നു.

Praveen payyanur said...

ജാതിക്കെതിരായ പോരാട്ടം അത് നിലനിര്‍ത്തുന്ന സാഹചര്യത്തിനെതെരെക്കൂടി ആകണം. റിട്ടയര്‍ ആയ പല ഉദ്ദ്യോഗസ്തരുടെയും ജോലി ഇത്തരം സാഹചര്യങ്ങളുടെ പുനരുത്ഥാനമാണ്

Anonymous said...

തീര്‍ച്ചയായും ജാതി വ്യവസ്ഥ അനാവശ്യമാണ്. ഏറ്റവും പ്രത്യക്ഷമായ ഉദാഹരണം ജാതി മൂലം പൊലിയുന്ന പ്രണയ ബന്ധങ്ങളാണ്. ജാതി മാറ്റമല്ല, പകരം ജാതി ഇല്ലായ്മയാണ് ഉണ്ടാവേണ്ടത്. താഴ്ന്ന ജാതിക്കാര്‍ക്ക് (അങ്ങനെ പറയപ്പെട്ടിരുന്നു) മാത്രമായി നല്‍കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും തുല്യമായി വീതിക്കപ്പെടും.ഇന്ന്‍ അത്രയും ഭയങ്കരമായ ജാതി വേര്‍തിരിവുകള്‍ കേരളത്തില്‍ ഉണ്ടോ? ഇന്ത്യയില്‍ ഒട്ടാകെ നോക്കിയാല്‍ ഉണ്ട്. ജാതി ഇല്ലാതായാലും രണ്ട് വിഭാഗങ്ങള്‍ ഉണ്ടാവും. പണക്കാരനും പാവപ്പെട്ടവനും. ആര്‍ഭാടത്തില്‍ ജീവിക്കുന്നവനും പട്ടിണി കിടക്കേണ്ടിവരുന്നവനും. അത് രണ്ടും മിക്കവാറും പാരമ്പര്യമായി കിട്ടുന്നതുമാണ്. അതിനെ തുല്യമാക്കാന്‍ പറ്റുമോ? ജാതിപ്പേര് എന്ന വെറും ഒരു ലേബല്‍ മാറിയതുകൊണ്ടോ ജാതിയേ ഇല്ലതായതുകൊണ്ടോ വലിയ സമത്വമൊന്നും ഉണ്ടാവുമെന്ന്‍ തോന്നുന്നില്ല. ഓണം വന്നാലും ഉണ്ണി പിറന്നാലും ജാതി മാറിയാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. പരിഹാര ക്രിയ അവിടെ തുടങ്ങണം..