Thursday, April 30, 2009

ജി. സുധാകരന്റെ മാതൃകാപുരുഷൻ

ഐ.എ.എസ്. ഉദ്യോഗസ്ഥന്മാർ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരെ മാതൃകയാക്കണമെന്ന് സഹകരണമന്ത്രി ജി. സുധാകരൻ പറഞ്ഞതായി വായിച്ചു. രാമചന്ദ്രൻ നായരുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ നടത്തിയ ഉത്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

രാമചന്ദ്രൻ നായരുടെ എന്ത് സ്വഭാവ വിശേഷത്തെ മുൻ‌നിർത്തിയാണ് സുധാകരൻ അദ്ദേഹത്തെ അനുകരണീയ മാതൃകയായി ഉയർത്തിക്കാട്ടിയെന്നത് ഇത് സംബന്ധിച്ച പത്ര റിപ്പോർട്ടിൽ കണ്ടില്ല.

രാമചന്ദ്രൻ നായരുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എനിക്കറിവുള്ള കാര്യങ്ങൾ അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാൻ അനുവദിക്കുന്നവയല്ല. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിലും ചീഫ് സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ മുഖ്യ പ്രൊമോട്ടർ ആയിരുന്നു. ആ പദ്ധതിയുടെ ഭാഗമായ പല പരിപാടികൾക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു. അവരെ അറിയിക്കാതെയാണ് അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോയത്.

വിജിൽ ഇൻഡ്യാ മൂവ്‌മെന്റ് എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റും, സെക്രട്ടറിയും അക്കാലത്ത് അതിൽ പ്രവർത്തിച്ചിരുന്ന ഞാനും ഒരു സംയുക്ത നിവേദനത്തിലൂടെ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തെഴുതി. കേന്ദ്ര നിർദ്ദേശം അവഗണിച്ചുകൊണ്ട് സംസ്ഥാന വനം വകുപ്പ് റിസർവ് ഫോറസ്റ്റിനുള്ളിൽ റോഡ് വെട്ടി. പാർക്ക് ജീവനക്കാർക്ക് താമസിക്കാൻ വനത്തിൽ 50ൽ പരം കോൺക്രീറ്റ് കെട്ടിടങ്ങളും കെട്ടി. പക്ഷെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ സർക്കാർ ചെലവാകിയ പണം പാഴായി.

പദ്ധതി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും പരാമർശമർ‌ഹിക്കുന്നു. കാട്ടിനകത്തെ നിർമ്മാണ പ്രവർത്തങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടില്ലെന്ന് ബോധ്യമായപ്പോൾ റിസർവ് വനത്തിനു പുറത്തുള്ള ഒരു എസ്റ്റേറ്റ് അക്വയർ ചെയ്ത് അവിടെ കെട്ടിടങ്ങൾ കെട്ടാൻ സർക്കാർ തീരുമാനിച്ചു. എസ്റ്റേറ്റ് ഉടമയായ കുടുംബം അക്വിസിഷൻ നടപടി കോടതിയിൽ ചോദ്യം ചെയ്തു. ആ കുടുംബത്തിലെ ഒരംഗം ഡൽഹിയിൽ പത്രപ്രവർത്തകനാണ്. അദ്ദേഹം പദ്ധതി നിയമവിരുദ്ധമാണെന്ന് കാട്ടി കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിക്കെഴുതിയ കത്തിന്റെ കോപ്പി സംഘടിപ്പിച്ചു. അവരുടെ വക്കീൽ അത് കോടതിയുടെ മുന്നിൽ വെച്ചു. കത്ത് കണ്ട ജഡ്ജിമാർ പദ്ധതി നടപടികൾ സ്റ്റേ ചെയ്തു.

രാമചന്ദ്രൻ നായർ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്തപ്പോൾ അഗസ്ത്യവനം പദ്ധതി സംബന്ധിച്ചവ ഉൾപ്പെടെ നിരവധി ഫയലുകൾ കൂടെ കൊണ്ടുപോയതായും അദ്ദേഹത്തിന്റെ പിൻ‌ഗാമിയായ സി. പി. നായർ അവ തിരികെ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതായും വാർത്തയുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം ഏതാനും ഫയലുകൾ തിരികെ നൽകി.

Wednesday, April 29, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ -5

കേരളശബ്ദത്തിൽ എഴുതുന്ന പരമ്പരയിലെ അഞ്ചാം ലേഖനത്തിൽ 1960കളിൽ ഡൽഹിയിൽ പ്രവർത്തിക്കുമ്പോഴത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ വിവരിക്കുന്നു.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Groupൽ: “നട്ടുച്ചയ്ക്ക് വിളക്കുമായി ഹിന്ദുത്വം”

Tuesday, April 28, 2009

വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നതാരാണ്?

മെഡിക്കൽ കോളെജ് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആരോഗ്യമന്ത്രി പി. കെ. ശ്രീമതി പറഞ്ഞതായി ഒരു പത്രത്തിൽ കണ്ടു.

തൃശ്ശൂർ, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ മെഡിക്കൽ കൌൺസിൽ ഓഫ് ഇൻഡ്യയുടെ ടീം നടത്തുന്ന പരിശോധനയിൽ കള്ളത്തരം കാട്ടാൻ അവർ സർക്കാരിന് കൂട്ടുനിൽക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ അവർ അത് ചെയ്തിരുന്നു.

മെഡിക്കൽ കോളെജുകളിൽ ആവശ്യമായ സൌകര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാനാണ് എം.സി.ഐ. ടീം വരുന്നത്. മാദ്ധ്യമങ്ങൾ നൽകുന്ന വിവരം ശരിയാണെങ്കിൽ, മുന്ന് കോളെജുകളിലെ 2,000ഓളം തസ്തികകളിൽ 550 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പരിശോധനയ്ക്ക് ആളെത്തുമ്പോൾ മറ്റ് മെഡിക്കൽ കോളെജുകളിൽ നിന്ന് അദ്ധ്യാപകരെ അവിടെ താൽക്കാലികമായി പോസ്റ്റ് ചെയ്തുകൊണ്ട് വേണ്ടത്ര സ്റ്റാഫുണ്ടെന്ന് കാണിക്കുകയാണത്രെ പതിവ്. ഇത്തവണ അദ്ധ്യാപകർ അതിന് നിന്നുകൊടുക്കാൻ തയ്യാറായില്ല.

സ്ഥാപനങ്ങളിൽ വേണ്ടത്ര അദ്ധ്യാപകരില്ലെന്ന് മെഡിക്കൽ കൌൻസിൽ റിപ്പോർട്ട് ചെയ്താൽ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടും. അത് അവിടെ പഠിക്കുന്ന കുട്ടികളെ കഷ്ടത്തിലാക്കും. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് മന്ത്രി അദ്ധ്യാപകരോട് പറയുന്നത്.

യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നത് അദ്ധ്യാപകരല്ല, വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാത്ത സർക്കാരാണ്. കോളെജുകളിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് എത്ര അദ്ധ്യാപകർ ഉണ്ടാകണമെന്നും എന്തൊക്കെ ഉപകരണങ്ങൾ വേണമെന്നുമൊക്കെ വിദഗ്ദ്ധ സമിതികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ നിശ്ചയിക്കുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന ആദ്യപാപം മറയ്ക്കാൻ താൽക്കാലിക സ്ഥലം മാറ്റം നടത്തുമ്പോൾ സംസ്ഥാന സർക്കർ വഞ്ചന എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്യുകയാണ്. ഒരു സാധാരണ പൌരനാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ അയാൾ ജയിലിൽ പോകേണ്ടി വരും.

കോളെജിൽ ആവശ്യമായ സൌകര്യങ്ങളില്ലെങ്കിൽ അവിടെ പഠിച്ചിറങ്ങുന്നവരുടെ നിലവാരം മോശമാകും. അങ്ങനെ നോക്കുമ്പോൾ സർക്കാർ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് മാത്രമല്ല മെഡിക്കൽ കോളെജ് ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവൻകൊണ്ടുകൂടിയുമാണ് പന്താടുന്നത്.

ഈ വഞ്ചന വർഷങ്ങളായി നടക്കുന്നതാണ്. ആ നിലയ്ക്ക് ശ്രീമതിയെപ്പോലെ അവരുടെ മുൻഗാമികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

ഒരു കള്ളത്തരവും കാട്ടാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്ങിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണിൽ തൊഴിലില്ലാത്ത 2,297 ഡോക്ടർമാർ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കാത്തുകിടക്കുകയായിരുന്നു. മെഡിക്കൽ ബിരുദധാരികളുടെ ജോലിക്കായുള്ള കാത്തിരിപ്പ് കുറച്ചാൽ ഒഴിവുകൾ നികത്താനാകും. മെഡിക്കൽ കോളെജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാൽ റിട്ടയർ ചെയ്ത് അടുത്ത ദിവസം ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളെജിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ സേവനം സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ കാലം നിലനിർത്താനാകും. ഈ നടപടി പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ യുവജന സംഘടനകളെ അലോസരപ്പെടുത്തേണ്ടതില്ല. കാരണം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് തട്ടിയെടുക്കാവുന്ന ജോലികളല്ല ഇവ.

Sunday, April 26, 2009

തോൽക്കുന്ന പ്രഭാകരനെ കേരളത്തിന് വേണ്ട

വേലുപ്പിള്ള പ്രഭാകരന്‍

പടം Asian Tribune വെബ് സൈറ്റില്‍ നിന്ന് എടുത്തതാണ്. പതിനേഴാമത്തെ വയസ് മുതല്‍ പല കാലങ്ങളില്‍ എടുത്ത പ്രഭാകരന്റെ മറ്റേതാനും പടങ്ങളും അവിടെ കാണാവുന്നതാണ്.



കാല്‍ നൂറ്റാണ്ടിലധികം ശ്രീലങ്കയുടെ ഭരണകൂടത്തെ വിറപ്പിച്ചു നിര്‍ത്തിയിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ എന്ന തമിഴ് പുലി നേതാവിന്റെ കേരള ബന്ധത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പ് മാതൃഭൂമി പത്രം എഴുതുകയുണ്ടായി.

കൊല്ലത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ വി.ബി.ഉണ്ണീത്താന്‍ എന്ന ലേഖകന്‍ നല്‍കിയ വിവരങ്ങള്‍:

പ്രഭാകരന്റെ അച്ഛന്‍ വേലുപ്പിള്ള കൊല്ലത്തുകാരനായിരുന്നു. കണ്ണനല്ലൂര്‍ വെട്ടിലത്താഴം ഞാറവിള വീട്ടിലെ വേലുപ്പിള്ള 21 വയസുള്ളപ്പോള്‍ നാടു വിട്ടു പോയി. ശ്രീലങ്കയിലെത്തിയ വേലുപ്പിള്ള ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരുമായിരുന്നു. മൂന്നൊ നാലൊ നാള്‍ കഴിഞ്ഞ് മടങ്ങും. ജാഫ്നയില്‍ നിന്ന് വിവാഹം കഴിച്ചു. പിന്നീട് കൊല്ലത്ത് വന്നപ്പോള്‍ മകന് പ്രഭാകരന്‍ എന്ന് പേരിട്ടതായി പറഞ്ഞു.

വേലുപ്പിള്ള സഹോദരി നാണി അമ്മയ്ക്ക് കത്തെഴുതകയും പണം അയക്കുകയും ചെയ്തിരുന്നു. അമ്മ മരിച്ചശേഷം നാട്ടിലേക്കുള്ള വരവ് നിന്നു.

നാണി അമ്മയുടെ മകള്‍ ജാനകിയമ്മയാണ് ലേഖകന് ഈ വിവരങ്ങള്‍ നല്‍കിയത്. അവര്‍ കൊല്ലം പുന്തലത്താഴം ചിറയില്‍ പുത്തന്‍‌വീട്ടില്‍ താമസിക്കുന്നു. അമ്മാവന്‍ വേലുപ്പിള്ളയെ അവര്‍ നാലൊ അഞ്ചൊ തവണ കണ്ടിട്ടുണ്ട്. പ്രഭാകരനെ കണ്ടിട്ടില്ല.

എഴുപത്താറു വയസ്സുള്ള ജാനകിയമ്മയെ ലേഖകന്‍ അവതരിപ്പിക്കുന്നത് പ്രഭാകരന്റെ മുറപ്പെണ്ണ് ആയാണ്. പ്രഭാകരന് വയസ് 54.

പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ചലനം സൃഷ്ടിച്ച ലക്ഷണമൊന്നുമില്ല. ഇത് പ്രഭാകരന്‍ തോല്‍ക്കുന്ന നേതാവായതുകൊണ്ടാവാം.

Tuesday, April 21, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 4

കേരളശബ്ദം വാരികയിൽ എഴുതുന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പരമ്പരയിലെ നാലാമത്തെ ലേഖനം Babu Bhaskar Google groupൽ: ദൂരെയിരുന്നു കണ്ട കമ്മ്യൂണിസ്റ്റ് വിജയം.

Sunday, April 19, 2009

ചൈനയിലെ ‘പുതിയ ഇടതുപക്ഷം’

തൊഴിലില്ലായ്മ, പാൽ കുംഭകോണം, തകരുന്ന സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ചൈനയിലെ ഭരണകൂടത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 1990കൾ മുതൽ ആനുകാലികങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ബദൽ നയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്ന ‘പുതിയ ഇടതുപക്ഷം’ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

വാഷിങ്ടൺ പോസ്റ്റ് പ്രതിനിധി അരിയാന യൂൻ‌ജുങ് ചായുടെ റിപ്പോർട്ട്: For China’s New Left, Old Values.

Wednesday, April 15, 2009

ഒരു പ്രയോജനവുമില്ലാത്ത സ്റ്റേ

കഴിഞ്ഞ മാസം കണ്ണൂരിൽ നിന്നുള്ള ഒരു കേസിൽ ഉത്തരവ് നൽകുമ്പോൾ ഹൈക്കോടതി ജഡ്ജി വി. രാംകുമാർ കേരളത്തിൽ ക്രമസമാധാനം തകർന്നിരിക്കുന്നതായി നിരീക്ഷിക്കുകയുണ്ടായി.

എൽ.ഡി.എഫ്. സർക്കാരിനെയും സി.പി.എം നേതൃത്വത്തെയും അത് അസ്വസ്ഥമാക്കിയത് സ്വാഭാവികാം. പ്രതിപക്ഷം, പ്രത്യേകിച്ചും കോൺഗ്രസ്, തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അതുപയോഗപ്പെടുത്തിയതും സ്വാഭാവികം.

ജ. രാംകുമാറിന്റെ പരാമർശം നീക്കണമെന്ന ആവശ്യവുമായി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച ഹർജി പരിഗണനക്കെടുത്ത കോടതി ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണം സ്റ്റേ ചെയ്തതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. സ്റ്റേ തങ്ങളുടെ വിജയവും എതിരാളികളുടെ തോൽവിയുമാണെന്ന് ആഭ്യന്ത്രര മന്ത്രി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായും പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.

ജ. രാംകുമാറിന്റെ അഭിപ്രായപ്രകടനം ഉത്തരവിന്റെ ഭാഗമായി നിലനിർത്തണൊ അതിൽനിന്ന് എടുത്തുമാറ്റണൊ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇനിയും തീർപ്പ് കൽപ്പിച്ചിട്ടില്ല.

സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ നേടിയ സ്റ്റേയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിൽ ബന്ധപ്പെട്ടവർ നടപ്പിലാക്കേണ്ടവ താൽക്കാലികമായൊ സ്ഥിരമായൊ സ്റ്റേ ചെയ്യുന്നത് മനസ്സിലാക്കാം. അതിന്റെ അർത്ഥം നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടെന്നാണ്. ഇവിടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത് നടപ്പിലാക്കാനുള്ള എന്തെങ്കിലും നിർദ്ദേശമല്ല, ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനമാണ്. ഈ സ്റ്റേയുടെ ഫലമായി ജഡ്ജിയുടെ അഭിപ്രായം ഇല്ലാതാകുന്നില്ല. അതിനെക്കുറിച്ച് പരാമർശിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശവും ഇല്ലാതാകുന്നില്ല.

വിചാരണയ്ക്കിടയിലും വിധിപ്രഖ്യാപനത്തിനിടയിലും കോടതിയുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾക്കപ്പുറം കടന്ന് അഭിപ്രായപ്രകടനം നടത്തുന്ന പതിവ് ചില ജഡ്ജിമാർ സ്വീകരിച്ചുവരുന്നതായി കാണാം. അന്തിമവിധിയിൽ ആർക്കെങ്കിലും എതിരെ പരാമർശം നടത്തുന്നതിനുമുമ്പ് അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള ബാധ്യത ജഡ്ജിക്കുണ്ട്. അല്ലാതെയുള്ള പരാമർശങ്ങൾ അനുചിതമാണ്.

Tuesday, April 14, 2009

കേരളീയം തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പ്

തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ‘കേരളീയം’ മാസികയുടെ തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പ്, ആദ്യ കോപ്പി പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് നൽകിക്കൊണ്ട്, ഇന്നലെ ഞാൻ പ്രകാശിപ്പിക്കുകയുണ്ടായി.

മുഖ്യധാരാ മാദ്ധ്യമങ്ങളിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത ജനകീയ സമരങ്ങളെ സംബന്ധിച്ച വിവരങ്ങൾ പതിവായി നൽകുന്ന മാസികയാണ് തൃശ്ശൂരിൽ നിന്ന് റോബിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ‘കേരളീയം‘.

മറ്റ് ആനുകാലികങ്ങളുടെ തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പുകളെപ്പോലെ വണ്ണമുള്ളതല്ല ‘കേരളീയത്തി’ന്റേത്. അതിന്റെ പ്രത്യേകത ജനകീയപ്രശ്നങ്ങളോട് കക്ഷികളും സ്ഥാനാർത്ഥികളും എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അതെടുക്കുന്ന നിലപാടാണ്.

പ്ലാച്ചിമട സമരത്തെ തള്ളിപ്പറയുകയും കോക്ക കോള കമ്പനിയുടെ ജനവിരുദ്ധ നിലപാടുകളെ ന്യായീകരിക്കുകയും ചെയ്ത തിരുവനന്തപുരത്തെ യു. ഡി. എഫ്. സ്ഥാനാർത്ഥി ശശി തരൂർ പ്രത്യേകിച്ചും വിമർശനവിധേയനാകുന്നു.

വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് മത്സരരംഗത്ത് എത്തിയിട്ടുള്ള മൂന്ന് സ്ഥാനാർത്ഥികളെ ‘കേരളീയം’ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ഇവരാണ് ആ സ്ഥാനാർത്ഥികൾ:

തൃശ്ശൂർ : കുഞ്ഞൻ പുലയൻ (പൌര മുന്നേറ്റം സ്ഥാനാർത്ഥി)
എറണാകുളം: മേരി ഫ്രാൻസിസ് മൂലമ്പള്ളി (മൂലമ്പള്ളിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തിലെ അംഗം).
കോട്ടയം: അഡ്വ. ജയ്മോൻ തങ്കച്ചൻ (സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി)

മേൽ‌വിലാസം:
കേരളീയം,
കൊക്കാലെ,
തൃശ്ശൂർ 21

ഫോൺ: 9446576943, 9446586943, 0487-2421385

ഇ-മെയിൽ: robinkeraleeyam@gmail.com

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 3

കേരളശബ്ദത്തില്‍ വരുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനം BABU BHASKAR Google Groupല്‍ കൊടുത്തിട്ടുണ്ട്.

Friday, April 10, 2009

സ്ലംഡോഗ് മില്ല്യനൈർ കുട്ടികൾക്ക് തിരുവനന്തപുരത്ത് ഫ്ലാറ്റ്

സ്ലംഡോഗ് മില്ല്യനൈർ സിനിമയിലൂടെ രാജ്യത്തും വിദേശത്തും പ്രശസ്തി നേടിയ റുബീന അലി, അസറുദ്ദീൻ മുഹമ്മദ് ഇസ്മയിൽ എന്നീ കുട്ടികൾ തിരുവനന്തപുരത്ത് ഫ്ലാറ്റ് ഉടമകളായിരിക്കുന്നതായി ഒരു റീയൽ എസ്റ്റേറ്റ് കമ്പനി ഒരു ഇംഗ്ലീഷ് പത്രത്തിൽ നൽകിയ പരസ്യത്തിൽ കാണുന്നു.

രണ്ട് കുട്ടികളെയും ഒപ്പം നിർത്തിക്കൊണ്ട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എടുത്ത പടവും പരസ്യത്തിൽ ചേർത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ എം.ഡി. യുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾക്ക് ഇവിടെ താമസിക്കാൻ പരിപാടിയുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല, അവർ മുംബായിൽ തന്നെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ടോ? ആ ചോദ്യത്തിനും ഇല്ല എന്നായിരുന്നു ഉത്തരം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു. അതിന് മറ്റാളുകൾ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പബ്ലിസിറ്റി ഏർപ്പാടാണിതെന്ന ധാരണയാണ് സംഭാഷണം നൽകിയത്.

റുബീനയുടെയും അസറിന്റെയും ഭാവി സുരക്ഷിതമാക്കാൻ ചില ഏർപ്പാടുകൾ ചെയ്തിട്ടുള്ളതായി സിനിമയുടെ നിർമ്മാതാക്കളും വിതരണക്കാരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. (BHASKAR BLOGലെ പോസ്റ്റ് കാണുക). നിർമ്മാതാക്കളും മഹാരാഷ്ട്ര ഹൌസിങ് അതോറിറ്റിയും അവർക്ക് ഓരോ ഫ്ലാറ്റ് വീതം നൽകാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു സ്ലൈഡ് ഷോ WebMD വെബ്സൈറ്റിലുണ്ട്.

താല്പര്യമുള്ളവർ Lowering Blood Pressure Slideshow കാണുക

Tuesday, April 7, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 2

തിരുവിതാംകൂറില്‍ 1948ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളില്‍ പോളിങ് ഏജന്റായി പ്രവര്‍ത്തിച്ച അനുഭവമാണ് കേരളശബ്ദത്തില്‍ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍’ എന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനത്തിലുള്ളത്.

‘തുറന്ന വോട്ടിന്റെ കാലം” എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പൂർണ്ണ രൂപം BABU BHASKAR Google Groupല്‍ വായിക്കാം..

Sunday, April 5, 2009

അദ്ഭുതം തെരഞ്ഞെടുപ്പിനു ശേഷം

മലയാള മനോരമയുടെ ഇന്നത്തെ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു:

ബി.ആർ.പി.ഭാസ്കർ


കുറഞ്ഞത് മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളം ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ക്ക് ഒരു പടി പിന്നിലാണ്. രാജ്യം 1977ല്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സര്‍ക്കാരിനെയും കോണ്‍ഗ്രസ്സിനെയും പുറത്താക്കിയപ്പോള്‍ കേരളം കോണ്‍ഗ്രസ്സിന് അനുകൂലമായി വോട്ടുചെയ്തു. മൂന്നു കൊല്ലത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇന്ത്യ ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും തിരിച്ചുവിളിച്ചു. അപ്പോഴാണ് അവരെ പുറത്താക്കാന്‍ കേരളം തയ്യാറായത്.

കേന്ദ്രത്തില്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ജനവിധി രാജ്യം1999ല്‍ നല്‍കി. അന്ന് നാം അയച്ച 20 പേരും ലോക് സഭയില്‍ പ്രതിപക്ഷത്തായിരുന്നു. അഞ്ചു കൊല്ലത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രൂപീകരണത്തിന് സഹായകമായ രീതിയില്‍ ഇന്ത്യ വോട്ടുചെയ്തു. കേരളമാകട്ടെ അപ്പോള്‍ 20 സീറ്റില്‍ 19ഉം കോണ്‍ഗ്രസ്‌വിരുദ്ധര്‍ക്ക് നല്‍കി. ആ പത്തൊമ്പതുപേരും സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണച്ചുവെന്നത് മറ്റൊരു കാര്യം.

ഇത്തവണയും കേരളം ഇന്ത്യക്ക് ഒരു പടി പിന്നില്‍ നില്‍ക്കുമോ? അതോ മുന്നോട്ട് ചാടി ഇന്ത്യക്കൊപ്പം നില്‍ക്കുമോ? തെരഞ്ഞെടുപ്പില്‍ അത്ഭുതം നടന്നാലും ഇല്ലെങ്കിലും അതിനുശേഷം ചിലതൊക്കെ നടക്കുമെന്ന് ഞാന്‍ കരുതുന്നു. നിലവിലുള്ള മുന്നണിവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ പോരുന്നതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും ഒരു പുതിയ ധ്രുവീകരണം അനിവാര്യമാകും. അതിന്റെ ഫലമായി ഉരുത്തിരിയുന്ന സംവിധാനം ഇപ്പോഴത്തേതിനേക്കാള്‍ മോശമല്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നല്ലത്.

Friday, April 3, 2009

പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക്

ഈ ലോക് സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത തുറക്കുന്നുണ്ടോ? ഈ വിഷയം ജനശക്തിയുടെ വിഷുപ്പതിപ്പിൽ (മാർച്ച് 28 - ഏപ്രിൽ 10, 2009) എഴുതിയ ലേഖനത്തിൽ ഞാൻ ചർച്ച ചെയ്യുന്നു.

ലേഖനത്തിന്റെ മൂലരൂപം Babu Bhaskar Google Group

ജി-20 ഉച്ചകോടിയെപ്പറ്റി ഫിഡൽ കാസ്ട്രൊ

‘സഖാവ് ഫിഡലിന്റെ ചിന്തകൾ’ എന്ന പംക്തിയിൽ ഫിഡൽ കാസ്ട്രൊ ലണ്ടനിൽ നടന്ന ജി-20 ഉച്ചകോടിയെപ്പറ്റി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു.

ക്യൂബയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട ലേഖനം BHASKAR BLOGൽ എടുത്തുചേത്തിട്ടുണ്ട്.

Thursday, April 2, 2009

അമേരിക്കയിലെ കൂട്ടക്കൊല: ദുരൂഹത തുടരുന്നു

വയനാട്ടില്‍ നിന്ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ആര്‍. ദേവരാജന്‍ സ്വന്തം മക്കളുള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചു മരിച്ച സംഭവത്തിലെ ദുരൂഹത അകറ്റാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവിടെനിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ പത്രങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പേര് രാഘവന്‍ ദേവരാജന്‍ എന്നല്ല, ദേവന്‍ കളത്തട്ട് എന്നാണ്. യാഹൂ കമ്പനിയില്‍ സോഫ്ട്വെയര്‍ ഇഞ്ചിനീയര്‍ ആയിരുന്ന അദ്ദേഹം 2002ല്‍ രേഖകളില്‍ പേര് മാറ്റിയിരുന്നത്രെ.

സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് നമ്മുടെ മാധ്യമങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ കുടുംബപരമായ കാരണങ്ങളാണെന്നാണ് അമേരിക്കന്‍ പൊലീസ് സംശയിക്കന്നതെന്ന് സാന്‍ ഫ്രാന്‍സിസ്കോ പത്രം പറയുന്നു.

വാര്‍ത്ത: Family dynamics probed in Santa Clara slayings

ന്യൂ അമേരിക്കാ മീഡിയയുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി കാണുക:

Murder-Suicide in Suburbia: 'Wake-Up Call' for Indian Americans


The Dark Twin of Our American Dream