Tuesday, April 28, 2009

വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നതാരാണ്?

മെഡിക്കൽ കോളെജ് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആരോഗ്യമന്ത്രി പി. കെ. ശ്രീമതി പറഞ്ഞതായി ഒരു പത്രത്തിൽ കണ്ടു.

തൃശ്ശൂർ, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ മെഡിക്കൽ കൌൺസിൽ ഓഫ് ഇൻഡ്യയുടെ ടീം നടത്തുന്ന പരിശോധനയിൽ കള്ളത്തരം കാട്ടാൻ അവർ സർക്കാരിന് കൂട്ടുനിൽക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ അവർ അത് ചെയ്തിരുന്നു.

മെഡിക്കൽ കോളെജുകളിൽ ആവശ്യമായ സൌകര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാനാണ് എം.സി.ഐ. ടീം വരുന്നത്. മാദ്ധ്യമങ്ങൾ നൽകുന്ന വിവരം ശരിയാണെങ്കിൽ, മുന്ന് കോളെജുകളിലെ 2,000ഓളം തസ്തികകളിൽ 550 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പരിശോധനയ്ക്ക് ആളെത്തുമ്പോൾ മറ്റ് മെഡിക്കൽ കോളെജുകളിൽ നിന്ന് അദ്ധ്യാപകരെ അവിടെ താൽക്കാലികമായി പോസ്റ്റ് ചെയ്തുകൊണ്ട് വേണ്ടത്ര സ്റ്റാഫുണ്ടെന്ന് കാണിക്കുകയാണത്രെ പതിവ്. ഇത്തവണ അദ്ധ്യാപകർ അതിന് നിന്നുകൊടുക്കാൻ തയ്യാറായില്ല.

സ്ഥാപനങ്ങളിൽ വേണ്ടത്ര അദ്ധ്യാപകരില്ലെന്ന് മെഡിക്കൽ കൌൻസിൽ റിപ്പോർട്ട് ചെയ്താൽ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടും. അത് അവിടെ പഠിക്കുന്ന കുട്ടികളെ കഷ്ടത്തിലാക്കും. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്ന് മന്ത്രി അദ്ധ്യാപകരോട് പറയുന്നത്.

യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്നത് അദ്ധ്യാപകരല്ല, വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാത്ത സർക്കാരാണ്. കോളെജുകളിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് എത്ര അദ്ധ്യാപകർ ഉണ്ടാകണമെന്നും എന്തൊക്കെ ഉപകരണങ്ങൾ വേണമെന്നുമൊക്കെ വിദഗ്ദ്ധ സമിതികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ നിശ്ചയിക്കുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന ആദ്യപാപം മറയ്ക്കാൻ താൽക്കാലിക സ്ഥലം മാറ്റം നടത്തുമ്പോൾ സംസ്ഥാന സർക്കർ വഞ്ചന എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്യുകയാണ്. ഒരു സാധാരണ പൌരനാണ് ഈ കുറ്റം ചെയ്യുന്നതെങ്കിൽ അയാൾ ജയിലിൽ പോകേണ്ടി വരും.

കോളെജിൽ ആവശ്യമായ സൌകര്യങ്ങളില്ലെങ്കിൽ അവിടെ പഠിച്ചിറങ്ങുന്നവരുടെ നിലവാരം മോശമാകും. അങ്ങനെ നോക്കുമ്പോൾ സർക്കാർ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് മാത്രമല്ല മെഡിക്കൽ കോളെജ് ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവൻകൊണ്ടുകൂടിയുമാണ് പന്താടുന്നത്.

ഈ വഞ്ചന വർഷങ്ങളായി നടക്കുന്നതാണ്. ആ നിലയ്ക്ക് ശ്രീമതിയെപ്പോലെ അവരുടെ മുൻഗാമികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

ഒരു കള്ളത്തരവും കാട്ടാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്ങിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണിൽ തൊഴിലില്ലാത്ത 2,297 ഡോക്ടർമാർ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കാത്തുകിടക്കുകയായിരുന്നു. മെഡിക്കൽ ബിരുദധാരികളുടെ ജോലിക്കായുള്ള കാത്തിരിപ്പ് കുറച്ചാൽ ഒഴിവുകൾ നികത്താനാകും. മെഡിക്കൽ കോളെജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാൽ റിട്ടയർ ചെയ്ത് അടുത്ത ദിവസം ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളെജിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ സേവനം സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ കാലം നിലനിർത്താനാകും. ഈ നടപടി പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ യുവജന സംഘടനകളെ അലോസരപ്പെടുത്തേണ്ടതില്ല. കാരണം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് തട്ടിയെടുക്കാവുന്ന ജോലികളല്ല ഇവ.

10 comments:

anushka said...

വേണ്ടത്ര ഡോക്റ്റര്‍മാര്‍ ഇല്ലാതെ സ്വകാര്യമെഡിക്കല്‍കോളേജുകള്‍ അംഗീകാരം നേടിയെടുക്കുന്നത് എങ്ങിനെയെന്ന് ആര്‍ക്കും അന്വേഷിക്കാന്‍ തോന്നുന്നില്ലെ?സ്വകാര്യമെഡിക്കല്‍കോളെജില്‍ മെഡിക്കല്‍ കൗണ്‍സില്‍ സന്ദര്‍‌ശിക്കുമ്പോള്‍ ഒരു ദിവസത്തേക്കു മാത്രം ഡോക്റ്റര്‍മാരെ നിയമിച്ചാണ്‌ അവര്‍ അംഗീകാരം നേടിയെടുക്കുന്നത്.എന്റെ സുഹൃത്ത് പതിനായിരം രൂപയാണ്‌ ഇതിന് കൂലി വാങ്ങിയത്.പണത്തിനുമേലെ കൗണ്‍‌സിലുകളും മാധ്യമപുംഗവന്‍‌മാരുമൊന്നും പറക്കില്ല.എല്ലാവരും കുരയ്ക്കുന്നത് സര്‍ക്കാര്‍മെഡിക്കല്‍കോളേജുകള്‍ക്കു നേരെ മാത്രം.

BHASKAR said...

സ്വകാര്യ കോളെജുകള്‍ കള്ളത്തരം കാണിക്കുന്നെങ്കില്‍ സര്‍ക്കാര്‍ അത് തടയുകയാണ് വേണ്ടത്, അനുകരിക്കുകയല്ല. യഥാ രാജാ തഥാ പ്രജാ എന്നാണല്ലൊ പ്രമാണം. vrajeshനെപ്പോലുള്ള പ്രജകളുള്ളപ്പോള്‍ രാജാവ് ആരെ ഭയപ്പെടണം?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളയല്ലേ കിട്ടുക? അന്യായമായ രീതിയില്‍ കാര്യം കാണാന്‍ അവസരം പാത്ത് നടക്കുന്ന ജനതക്ക് ഇതിലും നല്ലത് എവിടെ കിട്ടാന്‍?

പിന്നെ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതാണോ? ഇപ്പഴേ വാര്‍ത്ത ആവുന്നുള്ളു എന്നതിലാണ് കിടപ്പ്.

കടവന്‍ said...

vrajeshനെപ്പോലുള്ള പ്രജകളുള്ളപ്പോള്‍ രാജാവ് ആരെ ഭയപ്പെടണം?

കടവന്‍ said...

vrajeshനെപ്പോലുള്ള SLAVEപ്രജകളുള്ളപ്പോള്‍ രാജാവ് ആരെ ഭയപ്പെടണം?

Unknown said...

രാജേഷ് പറഞ്ഞതിലും കാര്യമുണ്ട്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ പ്രശ്നം പരിഹരിക്കണം എന്നത് സുപ്രധാനം തന്നെ. പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞതായി വായിച്ചു. 500 പേര്‍ ലീവിലായിരുന്നെന്നും അതിന്റെ സ്ഥാനത്ത് കുറെയൊക്കെ നിയമനങ്ങള്‍ നടത്തിയെന്നും ഒക്കെ. അംഗീകാരം നഷ്ടപ്പെടില്ലെന്നും.

അനില്‍@ബ്ലോഗ് // anil said...

രാജേഷിനോടുള്ളത് വളരെ ബാലിശമായ പ്രതികരണമായല്ലോ, സര്‍.

കേരള സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലും, ആരോഗ്യമേഖലയിലും ഡോക്ടര്‍മാര്‍ എങ്ങിനെയാണ് കുറവുവരുന്നതെന്ന് താങ്കളെപ്പോലുള്ള ഒരാളെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. അധവാ അതൊന്നും അറില്ല എന്ന് ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നേ പറയാനാവൂ. സര്‍ക്കാര്‍ സംവിധാനത്തിന് അതിന്റേതായ പരിമിതികളുണ്ട്, പ്രത്യേകിച്ച് ശമ്പളം തുടങ്ങിയ കാര്യങ്ങളില്‍, അത് ഇടത് ഭരിച്ചാലും വലതു ഭരിച്ചാലും.അതിനാല്‍ തന്നെ അനാകര്‍ഷകമായ സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നൊട്ടു വരുന്നില്ല എന്നതല്ലെ വസ്തുത.തന്റെ തൊഴില്‍ ഒരു സേവനം കൂടി ആണെന്ന ബോധം അവര്‍ കൂടി കാട്ടിയാലെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ.

ഈ ഡിമാന്റിന്റെ കാലഘട്ടത്തിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ തന്നെ സേവനമനുഷ്ടിക്കുന്ന vrajesh നെ പോലെയുള്ളവര്‍ നമുക്ക് അഭിമാനമാണ്.

BHASKAR said...

അതെ,അനില്‍@ബ്ലോഗ്, സര്‍ക്കാര്‍ സംവിധാനത്തിന് പരിമിതികളുണ്ട്. ഏത് സംവിധാനത്തിനാണ് പരിമിതികളില്ലാത്തത്? ഇടത് ഭരിച്ചാലും വലതു ഭരിച്ചാലും ചില കാര്യങ്ങളില്‍ വ്യത്യാസമില്ലെന്നും അനില്‍@ബ്ലോഗ് നിരീക്ഷിക്കുന്നു. ആരു ഭരിച്ചാലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെ ആകൂ എന്ന സൂചനയാണ് അതിലുള്ളത്. അതിനോട് എനിക്ക് യോജിപ്പില്ല. ഭരിക്കുന്നത് ഇടതായാലും വലതായാലും, ചെയ്യുന്നത് ശരിയാണൊ തെറ്റാണൊ, നല്ലതാണൊ ചീത്തയാണൊ എന്ന അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ നമുക്ക് കഴിയണം. അതിനു കഴിയാ‍ത്തതുകൊണ്ടാണ് ഇടത് ഭരണവും വലത് ഭരണവും ഒരുപോലെ മോശമാകുന്നത്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത് പരിഹരിക്കാന്‍ പ്രയാസമുള്ള ഒരു പ്രശ്നമല്ല.

ആസാമി, ശരിയാണ്, രാജേഷ് പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷെ കോളെജ് സര്‍ക്കാരിന്റേതായാലും സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാകാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന വസ്തുത രാജേഷ് വിസ്മരിക്കുന്നു.

anushka said...

സ്വകാര്യമെഡിക്കല്‍കോളേജുടെ ഇത്തരം നടപടികള്‍ തടയാന്‍ കൗണ്‍സിലുകള്‍ തയ്യാറാകുന്നില്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്..നമ്മുടെ സര്‍ക്കാരുകളും കൗണ്‍സിലുകളും പത്രപ്രവര്‍ത്തകരും ഭരണഘടനാസ്ഥാപനങ്ങളും ഉപരിവര്‍ഗതാല്പര്യം മാത്രം സമ്രക്ഷിക്കുന്നതായാണ്‌ കാണുന്നത്.സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്റ്റര്‍മാര്‍ പോലും താല്പര്യം കാണിക്കുന്നു.സ്വകാര്യമെഡിക്കല്‍ കോളേജ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനാവേളയില്‍ ചില സര്‍ക്കാര്‍ ഡോക്റ്റര്‍മാരും അവര്‍ക്കുവേണ്ടി കൂലിപ്പണിയെടുത്തിട്ടുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങളോടുള്ള കൗണ്‍സിലുകളുടെ വിവേചനം വളരെ വ്യക്തമാണ്‌.

Srivardhan said...

""സ്വകാര്യ കോളെജുകള്‍ കള്ളത്തരം കാണിക്കുന്നെങ്കില്‍ സര്‍ക്കാര്‍ അത് തടയുകയാണ് വേണ്ടത്""

താങ്കള്‍ പറഞ്ഞത് നമ്മുടെ മുക്കിയ-ധാരാ മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'സാങ്കേതികമായി' ശരിയാണ്.
ഇപ്പോത്തന്നെ എല്ലാ അന്വേഷണ ഏജെന്സിയും, അനിയന്ത്രിതമായ അധികാരവുമുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു ഏഴുലക്ഷം കോടിയുടെ കള്ളപ്പണം രാജ്യത്തിന് പുറത്തെ ബാങ്കുകളില്‍ ആണെന്ന്.എന്തു ചെയ്യാന്‍ പറ്റും,ചെയ്യും?
എന്നിട്ടല്ലേ വളരെ പരിമിത അധികാരമുള്ള സംസ്ഥാന സര്‍ക്കാര്‍.ടെക്നിക്കാലിയ ബിനാമി സ്ഥാപണമെന്നു നല്ല തോതില്‍ പ്രചാരണമുണ്ടായിരുന്നു.(ഇന്നിപ്പോ പ്രചാരണം നടാത്തിയവര്‍ തന്നെ മുങ്ങി അല്ലെങ്കില്‍ മുക്കിത്തുടങ്ങി) സി.ബി.ഐ അതൊക്കെ വിശദമായി 'അന്വേഷിക്കും' എന്നും കരുതി.ഇന്നിപ്പോ ടെക്നിക്കാലിയ പ്രതിപ്പട്ടികയില്‍ ഇല്ലാ എന്നത് പോട്ടെ പരാമര്‍ശം പോലുമില്ല.
അപ്പൊ ഇതൊക്കെ എ.സി റൂമിലും,ചാരു കസേരയിലും ഇരുന്നു ചര്‍ച്ചിക്കേണ്ട നേരംപോക്ക് മാത്രമല്ലേ? ആരു പറയുന്നതാണ് സാര്‍ ശരി? എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ ചറ്വിത ചര്‍വ്വണം നടത്തുന്നത് നമ്മുടെയെല്ലാം മുജ്ജമ്മ സുകൃതമോ,ശീലമോ ?

ഇവിടെ പരിശോധന നടത്തുന്നത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ആണ്.അവര്‍ നടത്തുന്ന അഴിമതിയും സംസ്ഥാനമന്ത്രി 'തടയണ'മെന്നു പറഞ്ഞെക്കുമോ ആവോ ?