Sunday, April 26, 2009

തോൽക്കുന്ന പ്രഭാകരനെ കേരളത്തിന് വേണ്ട

വേലുപ്പിള്ള പ്രഭാകരന്‍

പടം Asian Tribune വെബ് സൈറ്റില്‍ നിന്ന് എടുത്തതാണ്. പതിനേഴാമത്തെ വയസ് മുതല്‍ പല കാലങ്ങളില്‍ എടുത്ത പ്രഭാകരന്റെ മറ്റേതാനും പടങ്ങളും അവിടെ കാണാവുന്നതാണ്.



കാല്‍ നൂറ്റാണ്ടിലധികം ശ്രീലങ്കയുടെ ഭരണകൂടത്തെ വിറപ്പിച്ചു നിര്‍ത്തിയിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ എന്ന തമിഴ് പുലി നേതാവിന്റെ കേരള ബന്ധത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പ് മാതൃഭൂമി പത്രം എഴുതുകയുണ്ടായി.

കൊല്ലത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ വി.ബി.ഉണ്ണീത്താന്‍ എന്ന ലേഖകന്‍ നല്‍കിയ വിവരങ്ങള്‍:

പ്രഭാകരന്റെ അച്ഛന്‍ വേലുപ്പിള്ള കൊല്ലത്തുകാരനായിരുന്നു. കണ്ണനല്ലൂര്‍ വെട്ടിലത്താഴം ഞാറവിള വീട്ടിലെ വേലുപ്പിള്ള 21 വയസുള്ളപ്പോള്‍ നാടു വിട്ടു പോയി. ശ്രീലങ്കയിലെത്തിയ വേലുപ്പിള്ള ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരുമായിരുന്നു. മൂന്നൊ നാലൊ നാള്‍ കഴിഞ്ഞ് മടങ്ങും. ജാഫ്നയില്‍ നിന്ന് വിവാഹം കഴിച്ചു. പിന്നീട് കൊല്ലത്ത് വന്നപ്പോള്‍ മകന് പ്രഭാകരന്‍ എന്ന് പേരിട്ടതായി പറഞ്ഞു.

വേലുപ്പിള്ള സഹോദരി നാണി അമ്മയ്ക്ക് കത്തെഴുതകയും പണം അയക്കുകയും ചെയ്തിരുന്നു. അമ്മ മരിച്ചശേഷം നാട്ടിലേക്കുള്ള വരവ് നിന്നു.

നാണി അമ്മയുടെ മകള്‍ ജാനകിയമ്മയാണ് ലേഖകന് ഈ വിവരങ്ങള്‍ നല്‍കിയത്. അവര്‍ കൊല്ലം പുന്തലത്താഴം ചിറയില്‍ പുത്തന്‍‌വീട്ടില്‍ താമസിക്കുന്നു. അമ്മാവന്‍ വേലുപ്പിള്ളയെ അവര്‍ നാലൊ അഞ്ചൊ തവണ കണ്ടിട്ടുണ്ട്. പ്രഭാകരനെ കണ്ടിട്ടില്ല.

എഴുപത്താറു വയസ്സുള്ള ജാനകിയമ്മയെ ലേഖകന്‍ അവതരിപ്പിക്കുന്നത് പ്രഭാകരന്റെ മുറപ്പെണ്ണ് ആയാണ്. പ്രഭാകരന് വയസ് 54.

പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ചലനം സൃഷ്ടിച്ച ലക്ഷണമൊന്നുമില്ല. ഇത് പ്രഭാകരന്‍ തോല്‍ക്കുന്ന നേതാവായതുകൊണ്ടാവാം.

8 comments:

Unknown said...

ഞാന്‍ കാത്തിരിക്കുകയായിരുന്നു... വേലുപ്പിള്ളൈ പ്രഭാകരനെന്താ ഇതുവരെ മലയാളി ബന്ധം കിട്ടാത്തത് എന്ന്! പണ്ട് സദ്ദാം ഹുസ്സൈനു വരെ കിട്ടിയല്ലൊ ഒരു മലയാളീ കണക്ഷന്‍ (കുക്ക്).

ഇനിയിപ്പൊ ഒരു പ്രഭാരണ്ണനെ ഒരു ഹീറോയും ആക്കി, അതിയാനെ പട്ടാളം പിടിച്ചു പൊതിക്കുന്ന നേരത്ത് ഒരു ഹര്‍ത്താല്‍ നടത്താമല്ലൊ! കേരളമേ... നമോവാകം!

പാര്‍ത്ഥന്‍ said...

പ്രഭാകരൻ ഒരു ന്യൂനപക്ഷത്തിന്റെ വക്താവായിരുന്നെങ്കിൽ കാണാമായിരുന്നു. അതാണ് പലസ്തീനും ലങ്കയും തമ്മിലുള്ള വ്യത്യാസം.

കുഞ്ഞിക്കുട്ടന്‍ said...

സത്യം തന്നെ , തമിള്‍ നാട്ടില്‍ സീ പീ എം നു വലിയ വോട്ടില്ലത്തത് കൊണ്ട് അവര്‍ക്കൊരു കുലുക്കവുമില്ല , പ്രഭാകരന്‍ വല്ല നയൂനപക്ഷംയിരുന്നെങ്ങില്‍ ഇവിടെ ആര്‍ക്കും ഇരിപ്പ് ഉറക്കാത്തത് കാണാമായിരുന്നു . ഹര്‍ത്താല്‍ , കവിത , കഥപ്രസന്ഗം , ഒന്നും പറയണ്ട . കഷ്ടം പാവം മനുഷ്യര്‍

അനില്‍@ബ്ലോഗ് // anil said...

തോല്‍ക്കുന്നവനെ വേണ്ട എന്നത് ശരാശരി മലയാളിയുടെ സ്വഭാവ ഗുണമല്ലെ, സര്‍.

ഓബാമയുടെ അടുക്കള കഴുകാനായാലും മലയാളി ഉണ്ടായിരുന്നേല്‍ ഫോട്ടോ ഫീച്ചറുകളുമായി വാരികകള്‍ വന്നേനെ.

പ്രഭാകരനേയും പാലസ്തീന്‍ നേതാക്കളെയും ചിലര്‍ തുലനം ചെയ്യുന്നത് കാണുമ്പോള്‍ , ഹാ കഷ്ടം എന്നേ പറയേണ്ടൂ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാതൃഭൂമിയിൽ ഈ വാർത്ത ഞാനും കണ്ടിരുന്നു.എന്തായാലും എനിയ്ക്കത് ഒരു പുതിയ അറിവായിരുന്നു.വേലുപ്പിള്ള പ്രഭാകരന്റെ മുറപ്പെണ്ണു ഇപ്പോളും നമ്മുടെ നാട്ടിൽ മലയാളം പറഞ്ഞ് ജീവിയ്ക്കുന്നു എന്ന രസകരമായ ഒരു അറിവ്.

അതിവിടെ വീണ്ടും സാറിന്റെ ശൈലിയിൽ പങ്കു വച്ചതിനു നന്ദി!

തറവാടി said...

കാലമെടുത്താലും എന്നെങ്കിലും ആളുകളുടെ മാനസിക നിലവാരം വ്യക്തമാകും. വിവക്ഷിച്ചത് പോസ്റ്റല്ല.

Unknown said...

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ പ്രഭാകരന് താരപരിവേഷമാണ്. നെല്‍‌സണ്‍ മണ്ടേലയോടും മറ്റുമാണ് പ്രഭാകരനെ ഉപമിക്കുന്നത്. മെയ് 13നു അവിടെ തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് മഹാത്മാ ഗാന്ധിജിയേക്കാളും മഹാത്മാവാണ് പ്രഭാകരന്‍ എന്ന് ജയലളിതയും പരിവാരങ്ങളും പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ശ്രീലങ്കയില്‍ തമിഴര്‍ക്ക് മാത്രമായി ഒരു രാജ്യം വേണമെന്നാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള തമിഴര്‍ മുറവിളി കൂട്ടുന്നത്. അതെന്താ തമിഴ് രാജ്യം ശ്രീലങ്കയില്‍ മാത്രം മതിയോ? തനി തമിഴ് നാട് വേണം എന്ന ആവശ്യവുമായാണ് ദ്രാവിഡപ്രസ്ഥാനങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. പിന്നീട് വിഭജനവാദം ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ആവശ്യം പരണത്ത് വെച്ചു. ശ്രീലങ്കയില്‍ തമിഴീഴം വേണമെന്ന് ആവശ്യപ്പെടുന്ന തമിഴ് നാട് നേതാക്കള്‍ എന്ത്കൊണ്ടാണ് അത്തരമൊരു രാജ്യം ഇന്ത്യയില്‍ വേണ്ടാത്തത് എന്ന് പറയാനുള്ള ആര്‍ജ്ജവമാണ് ആദ്യം കാണിക്കേണ്ടത്. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമായ പരിഹാരം കാണാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയത് ഈ പ്രഭാകരനാണ്. അയാള്‍ക്ക് സ്വന്തം സര്‍വാധിപത്യം സ്ഥാപിച്ച് ഏകാധിപതിയായി വിലസാന്‍ മാത്രം ഒരു കുട്ടിരാജ്യം വേണമായിരുന്നു. ലോകം കണ്ട ഏറ്റവും നീചനായ രാഷ്ട്രീയസംഘാടകന്‍ എന്ന നിലയിലായിരിക്കും ചരിത്രത്തില്‍ പ്രഭാകരന്റെ സ്ഥാനം. തോല്‍ക്കുന്ന നേതാവായത്കൊണ്ടാണ് പ്രഭാകരന്റെ കേരളബന്ധം ഇവിടെ ഒരു ചലനവും ഉണ്ടാകാതെ പോയത് എന്ന നിരീക്ഷണം പ്രഭാകരന് ചെറുതെങ്കിലും ഒരു രക്തസാക്ഷിപരിവേഷം നല്‍കുകയില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.

ഭീകരവാദത്തിന്റെ പര്യായമായ പ്രഭാകരന്റെ പതനം ശ്രീലങ്കന്‍ തമിഴരുടെ ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ ആരംഭമാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. അതേസമയം തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിന് വേണ്ടി പ്രഭാകരനെ മഹാത്മാവാക്കുന്നതിലൂടെ സിംഹളരുടെ മനസ്സില്‍ വംശീയവികാരം ആളിക്കത്തിച്ച് അത്തരമൊരു രാഷ്ട്രീയപ്രക്രിയ തടസ്സപ്പെട്ടുപോകുമോ എന്നും ഭയപ്പെടുന്നു.

Srivardhan said...

മാതൃഭൂമി മനോരമയേക്കാള്‍ 'ഉയര്‍ന്ന ' നിലവാരത്തില്‍ എത്തി എന്നല്ലാതെ എന്ത് പറയാന്‍ !!

Please Read..

http://anonyantony.blogspot.com/2009/04/blog-post_27.html