Friday, April 10, 2009

സ്ലംഡോഗ് മില്ല്യനൈർ കുട്ടികൾക്ക് തിരുവനന്തപുരത്ത് ഫ്ലാറ്റ്

സ്ലംഡോഗ് മില്ല്യനൈർ സിനിമയിലൂടെ രാജ്യത്തും വിദേശത്തും പ്രശസ്തി നേടിയ റുബീന അലി, അസറുദ്ദീൻ മുഹമ്മദ് ഇസ്മയിൽ എന്നീ കുട്ടികൾ തിരുവനന്തപുരത്ത് ഫ്ലാറ്റ് ഉടമകളായിരിക്കുന്നതായി ഒരു റീയൽ എസ്റ്റേറ്റ് കമ്പനി ഒരു ഇംഗ്ലീഷ് പത്രത്തിൽ നൽകിയ പരസ്യത്തിൽ കാണുന്നു.

രണ്ട് കുട്ടികളെയും ഒപ്പം നിർത്തിക്കൊണ്ട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എടുത്ത പടവും പരസ്യത്തിൽ ചേർത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ എം.ഡി. യുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾക്ക് ഇവിടെ താമസിക്കാൻ പരിപാടിയുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല, അവർ മുംബായിൽ തന്നെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ടോ? ആ ചോദ്യത്തിനും ഇല്ല എന്നായിരുന്നു ഉത്തരം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു. അതിന് മറ്റാളുകൾ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പബ്ലിസിറ്റി ഏർപ്പാടാണിതെന്ന ധാരണയാണ് സംഭാഷണം നൽകിയത്.

റുബീനയുടെയും അസറിന്റെയും ഭാവി സുരക്ഷിതമാക്കാൻ ചില ഏർപ്പാടുകൾ ചെയ്തിട്ടുള്ളതായി സിനിമയുടെ നിർമ്മാതാക്കളും വിതരണക്കാരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. (BHASKAR BLOGലെ പോസ്റ്റ് കാണുക). നിർമ്മാതാക്കളും മഹാരാഷ്ട്ര ഹൌസിങ് അതോറിറ്റിയും അവർക്ക് ഓരോ ഫ്ലാറ്റ് വീതം നൽകാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

4 comments:

പാവപ്പെട്ടവൻ said...

എല്ലാം നല്ല കാര്യങ്ങള്‍.... നടന്നാല്‍ !!

Siju | സിജു said...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കുമുണ്ടല്ലോ കേരളത്തില്‍ ഫ്ലാറ്റ്..

BHASKAR said...

Siju/സിജു: ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു ബില്‍ഡര്‍ ഫ്ലാറ്റ് വാഗ്ദാനം ചെയ്താല്‍ അതിന്റെ ഗുണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. റുബീനക്കും അശറിനും അവരുടെ രക്ഷിതാക്കള്‍ക്കും അതുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു.

ജയതി said...

സത്യമറിയാൻ കാത്തിരിക്കണം അല്ലേ?