Wednesday, September 23, 2015

മൂന്നാർ നമ്മോട് പറയുന്നത്

ബി ആർ പി ഭാസ്കർ
ജനയുഗം

രാഷ്ട്രീയക്കാരായ തൊഴിലാളി നേതാക്കളെ അകറ്റി നിർത്തിക്കൊണ്ട്‌ ഒൻപതു ദിവസം സമരം ചെയ്തു ഇരുപതു ശതമാനം ബോണസ്‌ എന്ന ആവശ്യം നേടിയെടുത്ത മൂന്നാറിലെ സ്ത്രീകൾ കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്‌. ഈ അനുഭവത്തിൽ നിന്ന്‌ ഉചിതമായ പാഠങ്ങൾ എല്ലാവരും ഉൾക്കൊള്ളേണ്ടതുണ്ട്‌.

സമരം ചെയ്ത സ്ത്രീകൾ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തോട്ടം കമ്പനിയായ കണ്ണൻ ദേവൻ ഹിൽസ്‌ പ്ലാന്റേഷൻസിലെ (കെഡിഎച്ച്പി) തൊഴിലാളികളാണ്‌. ഇടുക്കി ജില്ലയിൽ ഈ കമ്പനിക്ക്‌ 23,783 ഹെക്റ്റർ തോട്ടങ്ങളുണ്ട്‌. സംസ്ഥാനത്തെ തേയിലത്തോട്ടങ്ങളുടെ നാലിലൊന്നോളം വരുന്ന ഈ പ്രദേശത്തെ വാർഷിക ഉത്പാദനം 220 ലക്ഷം കിലോ തേയിലയാണ്‌. ഇത്‌ സംസ്ഥാനത്തെ മൊത്തം ഉത്പാദനത്തിന്റെ മുന്നിലൊന്നോളം ആണ്‌. ഏകദേശം 12,000 തൊഴിലാളികൾ ഈ തോട്ടങ്ങളിൽ പണിയെടുക്കുന്നു. ബഹുഭൂരിപക്ഷവും സ്ത്രീകളാണ്‌ ഈ വസ്തുതകൾ ഈ തൊഴിൽ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

വെള്ളക്കാർ കേരളത്തിലെ മലനിരകളിൽ തേയില കൃഷിക്ക്‌ തുടക്കമിട്ടിട്ട്‌ 130ൽപരം കൊല്ലങ്ങളായി. പത്തു കൊല്ലം മുമ്പു വരെ ഒരു ടാറ്റാ കമ്പനിയാണ്‌ കണ്ണൻ ദേവൻ തോട്ടങ്ങൾ നടത്തിയിരുന്നത്‌. വ്യവസായം പ്രതിസന്ധി നേരിടുന്നതിനാൽ തോട്ടം നടത്തിപ്പിൽ നിന്ന്‌ പിൻവാങ്ങി വിപണനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടാറ്റാ ഗ്രൂപ്പ്‌ തീരുമാനിച്ചു. തൊഴിലാളികൾക്ക്‌ പങ്കാളിത്തമുള്ള ഒരു കമ്പനിക്ക്‌ തോട്ടങ്ങൾ കൈമാറാൻ അവർ സന്നദ്ധരായി. അവരിൽ നിന്ന്‌ തോട്ടങ്ങൾ ഏറ്റെടുത്ത കെഡിഎച്ച്പിയിലെ തൊഴിലാളികൾ കമ്പനിയുടെ ഓഹരിയുടമകൾ കൂടിയാണ്‌. തൊഴിലാളികളിൽ 99.9 ശതമാനവും ഓഹരി ഉള്ളവരാണ്‌. ഓഹരികളുടെ മൂന്നിൽ രണ്ടിലേറെ അവരുടെ കൈകളിലാണ്‌. തൊഴിലാളികൾക്ക്‌ ഓഹരിയുള്ള ലോകത്തെ ഏറ്റവും വലിയ തോട്ടം കമ്പനിയെന്ന ഖ്യാതി കെഡിഎച്ച്പിക്കുണ്ട്‌. ഡയറക്ടർമാരുടെ ബോർഡിൽ തൊഴിലാളികളുടെ ഒരു പ്രതിനിധിയും മറ്റ്‌ ജീവനക്കാരുടെ ഒരു പ്രതിനിധിയുമുണ്ട്‌. ഓരോ സാമ്പത്തിക വർഷത്തെയും പ്രവർത്തനം വിലയിരുത്തി ഏറ്റവും നല്ല തൊഴിലാളിയായും ഏറ്റവും നല്ല ജീവനക്കാരനായും തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത വർഷം ഡയറക്ടർമാരായി നിയമിക്കപ്പെടുന്നു.

ആദ്യ മാനേജിങ്‌ ഡയറക്ടറായിരുന്ന പരേതനായ ടി വി അലക്സാണ്ടർ ഉണ്ടാക്കിയതാണ്‌ കെഡിഎച്ച്പിയുടെ നിലവിലുള്ള ഭരണ സംവിധാനം. ഒറ്റനോട്ടത്തിൽ അതൊരു നല്ല സംവിധാനമാണെന്ന ധാരണയാണ്‌ ആർക്കുമുണ്ടാവുക. ഏതാനും മാസം മുമ്പ്‌ ഗ്രേറ്റ്‌ പ്ലേസ്‌ ടു വർക്ക്‌ ഇൻസ്റ്റിറ്റിയൂട്ട്‌ എന്ന സ്ഥാപനം തൊഴിലാളികൾക്ക്‌ പങ്കാളിത്തമുള്ള കെഡിഎച്ച്പിയെ ഏഷ്യയിലെ നല്ല തൊഴിൽ രീതികൾ പിന്തുടരുന്ന കമ്പനികളുടെ പട്ടികയിൽ ഉൾപെടുത്തി. തൊഴിലാളികളെ സമരത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങൾ ആ വിലയിരുത്തലിനെ കുറിച്ച്‌ സംശയങ്ങളുയർത്തുന്നു.

മാനേജുമെന്റിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 5.02 കോടി രൂപയായിരുന്നു. മുൻവർഷം അത്‌ 15.55 കോടി രൂപ ആയിരുന്നു. തേയിലയുടെ വില ഇടിഞ്ഞതിനെ തുടർന്ന്‌ ലാഭത്തിലുണ്ടായ വൻ കുറവു ചൂണ്ടിക്കാട്ടി മാനേജുമെന്റ്‌ ബോണസ്‌ വെട്ടിക്കുറച്ചതാണ്‌ സമരത്തിനു കാരണമായത്‌. തൊഴിലാളികൾ ഭൂരിപക്ഷ ഓഹരിയുടമകളായ കമ്പനിയിൽ ഇങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി? ടി വി അലക്സാണ്ടറുടെ ആശയം പിൻഗാമികൾ ആത്മാർഥമായും സത്യസന്ധമായുമല്ല നടപ്പാക്കുന്നതെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

കമ്പനിയുടെ സാമ്പത്തികസ്ഥിതി ഇക്കൊല്ലം 20 ശതമാനം ബോണസ്‌ നൽകാൻ അനുവദിക്കുന്നില്ലെന്ന്‌ ഉടമകൾ കൂടിയായ തൊഴിലാളികളെ ബോധ്യപ്പെടുത്താൻ മാനേജുമെന്റിനു കഴിഞ്ഞില്ല. ബോണസ്‌ ഏറ്റവും കുറഞ്ഞ നിരക്കായ 8.33 ശതമാനത്തിൽ നിലനിർത്തിക്കൊണ്ടും ബാക്കി എക്സ്ഗ്രേഷ്യാ ആയി നൽകിക്കൊണ്ടും 20 ശതമാനം തികയ്ക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്‌ സമരം അവസാനിച്ചത്‌. ഒരു പങ്ക്‌ എക്സ്ഗ്രേഷ്യാ ആയി നൽകുന്ന രീതി പല കമ്പനികളും മുമ്പും സ്വീകരിച്ചിട്ടുള്ളതാണ്‌. മുഴുവൻ തുകയും ബോണസായി നൽകിയാൽ അതൊരു കീഴ്‌വഴക്കമാവുകയും ഓരോ കൊല്ലവും അത്രയും കൊടുക്കേണ്ട ബാധ്യതയുണ്ടാവുകയും ചെയ്യുന്നത്‌ ഒഴിവാക്കാൻ മുതലാളിമാർ കണ്ടെത്തിയ ഒന്നാണ്‌ എക്സ്ഗ്രേഷ്യാ സമ്പ്രദായം. തൊഴിലാളികൾ ഉടമകളായ കമ്പനി മാതൃകയാക്കേണ്ട ഒന്നല്ല അത്‌. യൂണിയനുകളുടെ അറിവോടും സമ്മതത്തോടും കൂടി കമ്പനി മാനേജുമെന്റ്‌ സാമ്പ്രദായിക മുതലാളിത്ത രീതി പിന്തുടരുന്നതിന്‌ തെളിവാണിത്‌.

സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾ ഏറെ കാലമായി പ്രവർത്തിക്കുന്ന മൂന്നാറിലെ തോട്ടം മേഖലയിലെ പങ്കാളിത്ത മാനേജുമെന്റ്‌ സംവിധാനം തൊഴിലാളികളുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്‌ തൊഴിലാളി നേതൃത്വത്തിന്‌ ഒഴിഞ്ഞുമാറാനാകില്ല. സാധാരണഗതിയിൽ കമ്പനികളിൽ ഓഹരിയുള്ളവരുടെ താൽപര്യം ലാഭവിഹിതത്തിലൊതുങ്ങുന്നു. നല്ല വിഹിതം കിട്ടിക്കൊണ്ടിരിക്കുന്നിടത്തോളം മാനേജുമെന്റ്‌ എന്തു ചെയ്യുന്നുവെന്ന്‌ അന്വേഷിക്കേണ്ട കാര്യം അവർക്കില്ല. എന്നാൽ ഓഹരിയുടമകളായ തൊഴിലാളികളുടെ കാര്യം വ്യത്യസ്തമാണ്‌. അവർക്ക്‌ കമ്പനിയുടെ ദൈനംദിന ഭരണം നല്ല നിലയിൽ നടക്കുന്നെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ അവരെ സഹായിക്കാനുള്ള ചുമതല തൊഴിലാളി നേതൃത്വത്തിനുണ്ട്‌.

സമരത്തിനിടെ മൂന്നാറിലെ തൊഴിലാളികൾ യൂണിയൻ നേതാക്കളിലുള്ള അവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. ടാറ്റാ കമ്പനി തോട്ടം നടത്തിയിരുന്ന കാലത്ത്‌ ചില നേതാക്കൾ അവരിൽ നിന്ന്‌ ആനുകൂല്യങ്ങൾ പറ്റിയതായി അവർ ആരോപിച്ചു. നേതാക്കൾക്കൊ അവരുടെ യൂണിയനുകൾക്കൊ പാർട്ടികൾക്കോ ആരോപണങ്ങൾ നിഷേധിക്കാനായില്ല. തൊഴിലാളികൾ ചില രാഷ്ട്രീയ നേതാക്കളെ സമരമുഖത്തു നിന്ന്‌ ആട്ടിയോടിച്ചു. മറ്റ്‌ ചിലരെ അവർ സ്വാഗതം ചെയ്തു. ഇത്‌ നേതാക്കളെ തൊഴിലാളികൾ കൃത്യമായി വിലയിരുത്തുന്നുവെന്ന്‌ കാണിക്കുന്നു.

മൂന്നാർ അനുഭവത്തിന്റെ വെളിച്ചത്തിൽ ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ പല ട്രേഡ്‌ യൂണിയൻ നേതാക്കളും സംസാരിച്ചിട്ടുണ്ട്‌. എന്നാൽ അവർ ശരിയായ സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ തോന്നുന്നില്ല. കെഡിഎച്ച്പിയിലെ സ്ത്രീകൾ സമരം ചെയ്തത്‌ അവർ ഉടമകളായ കമ്പനിക്കെതിരെയല്ല, അവർക്കുവേണ്ടി കാര്യങ്ങൾ നോക്കിനടത്തുന്ന കമ്പനി മാനേജുമെന്റും തൊഴിലാളി നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ്‌. തോട്ടം മേഖലയിലെ തൊഴിലാളികൾക്കു പരിചിതമായ ഒന്നാണ്‌ കങ്കാണി സമ്പ്രദായം. ചില തൊഴിലാളി നേതാക്കൾ ഇപ്പോൾ ചെയ്യുന്നത്‌ കങ്കാണികളുടെ പണിയാണ്‌. ഇതാകട്ടെ തോട്ടം മേഖലയുടെ മാത്രം പ്രശ്നമല്ല.
ടാറ്റാ മാനേജുമെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരായ അമർഷത്തിന്റെ ബഹിർസ്സ്ഫുരണമാണ്‌ മൂന്നാറിൽ കണ്ടതെന്ന്‌ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതാവായ എളമരം കരീം പറയുന്നു. മാവൂർ റയോൺസിലും ഇത്തരമൊരനുഭവമുണ്ടായെന്നും ഇന്നത്തെപ്പോലെ അന്നും കുത്തക മാധ്യമങ്ങളും ബുദ്ധിജീവികളും ട്രേഡ്‌ യൂണിയനുകളെ അധിക്ഷേപിച്ചുകൊണ്ട്‌ രംഗത്തു വന്നിരുന്നെന്നും കൂടി അദ്ദേഹം പറയുന്നു. സ്ത്രീകൾ സമരം തുടങ്ങിയ ഉടൻ സ്ഥലം എംഎൽഎ ഇടപെടാതിരുന്നതാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ടെത്തിയ ഏറ്റവും വലിയ പിഴവ്‌. രാഷ്ട്രീയ നേതാക്കാൾ കൂടുതൽ യാഥാർഥ്യബോധത്തോടെ വിഷയത്തെ സമീപിച്ചില്ലെങ്കിൽ ഏറെ ദുഃഖിക്കേണ്ടിവരും.

Thursday, September 10, 2015

ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമ


ബി.ആർ.പി. ഭാസ്കർ
നവയുഗം

ഇന്ത്യയിലെ ഇടതുപക്ഷം അതിന്റെ ഒരു നൂറ്റാണ്ടു നീളുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. അത് ഏറ്റവും ശക്തമായി പ്രകടമാകുന്നത് പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനങ്ങളിലും പ്രവർത്തനങ്ങളിലുമാണ്. തങ്ങൾ ഗുരുതരമായ പ്രശ്നം നേരിടുകയാണെന്ന തിരിച്ചറിവ് ചില നേതാക്കളുടെ പ്രസ്താവങ്ങളിലുണ്ടെങ്കിലും ഫലപ്രദമായ പരിഹാരം കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വസ്തുതകളെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ള വൈമുഖ്യമാണ് ഇതിനു കാരണം.


സ്വയംവിമർശനപരമായി കാര്യങ്ങൾ വിലയിരുത്തുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് കക്ഷികൾ അഭിമാനപൂർവ്വം അവകാശപ്പെടാറുണ്ട്. എന്നാൽ ആ പാരമ്പര്യം ഇന്ന് പ്രായോഗിക തലത്തിൽ വിരളമായേ കാണാന്നുള്ളു. തെറ്റുകൾ ന്യായീകരിച്ചുകൊണ്ടൊ അവയുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ ഇറക്കിവെച്ചുകൊണ്ടൊ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. സത്യസന്ധമായ വിലയിരുത്തലിനു മുതിർന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി പെട്ടെന്ന് ഉയർന്നു വന്നതല്ലെന്ന് വ്യക്തമാകും. അത് എവിടെ എങ്ങനെ തുടങ്ങിയെന്നറിയാൻ അര നൂറ്റാണ്ടിലേറെ പിന്നോട്ടു പോകണം. കൃത്യമായി പറഞ്ഞാൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചേരിതിരിവിനെ തുടർന്നു സി.പി.ഐ പിളർന്നിടത്താണ് അതിന്റെ തുടക്കം.  

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ രാജ്യത്ത് കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം ജനപിന്തുണയുള്ള കക്ഷി ക്വിറ്റ് ഇന്ത്യാ സമര നായകരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. ഒന്നാം പൊതു തെരഞ്ഞെടുപ്പിൽ അത് 10.59 ശതമാനം വോട്ടു നേടി. കോൺഗ്രസിൽ നിന്നു വിട്ടുപോയ ഗാന്ധിയന്മാരുണ്ടാക്കിയ കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്ക് 5.79 ശതമാനം വോട്ടു കിട്ടി. എന്നാൽ ലോക് സഭയിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയത് 3.29 ശതമാനം വോട്ടു മാത്രം ലഭിച്ച സി.പി.ഐക്കാണ്. തിരുവിതാംകൂർ-കൊച്ചിയിൽ പാർട്ടി നിരോധിച്ചിരുന്നതിനാൽ കമ്മ്യൂണിസ്റ്റുകാർ അവിടെ സ്വതന്ത്രരായാണ് മത്സരിച്ചത്. അവർ നേടിയ വോട്ടുകൾ ഇലക്ഷൻ കമ്മിഷന്റെ ഈ കണക്കിൽ പെടുന്നില്ല. അതു കൂടി ചേർത്താലും ശതമാനക്കണക്കിൽ നേരിയ വ്യത്യാസമേ ഉണ്ടാകൂ. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുള്ള നഗരങ്ങളിലെയും കർഷകപോരാട്ടങ്ങൾ നടന്ന ഗ്രാമപ്രദേശങ്ങളിലെയും ശക്തമായ സാന്നിദ്ധ്യവും വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിൽ പുരോഗമനശക്തിയെന്ന നിലയിൽ ലഭിച്ച സ്വീകാര്യതയും മൂലമാണ് സി.പി.ഐക്ക് രാജ്യമൊട്ടുക്ക് വോട്ടുകൾ ചിതറി കിടന്ന സോഷ്യലിസ്റ്റ് പാർട്ടിയെയും കെ.എം.പി.പിയെയും മറികടന്ന് പാർലമെന്റിലെ മുഖ്യ പ്രതിപക്ഷ കക്ഷിയാകാനായത്. അതോടെ ജനങ്ങൾ സി.പി.ഐയെ ദേശീയ ബദലാകാൻ കഴിയുന്ന പാർട്ടിയായി കണ്ടു.

രണ്ടാം തെരഞ്ഞെടുപ്പിനു (1957) മുമ്പ് സോഷ്യലിസ്റ്റ് പാർട്ടിയും കെ.എം.പി.പിയും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി.ഉണ്ടായി. പക്ഷെ അതിന് സോഷ്യലിസ്റ്റ് പാർട്ടിക്ക് 1952ൽ കിട്ടിയത്ര വോട്ടുപോലും നേടാനായില്ല. സി.പി.ഐ ആകട്ടെ വോട്ടുവിഹിതം 8.92 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷ കക്ഷി എന്ന സ്ഥാനം നിലനിർത്തി. കൂടാതെ പാർട്ടിക്കു കേരളത്തിൽ അധികാരത്തിലേറുകയും ചെയതു. അതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ ബദൽ പദവി ജനമനസുകളിൽ ഉറച്ചു.

മൂന്നാം തെരഞ്ഞെടുപ്പ് (1962) എത്തുമ്പൊഴേക്കും സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ ചേരിതിരിവ് പ്രത്യക്ഷപ്പെടുകയും ലോകത്തെ മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ അതിന്റെ പ്രതിഫലനം പ്രകടമാവുകയും ചെയ്തു. ഇന്ത്യക്കും ചൈനക്കുമിടയിൽ അതിർത്തി തർക്കം ഉയർന്നു വരികയും ചെയ്തു. ആ വിഷമഘട്ടത്തിലും, തെരഞ്ഞെടുപ്പു കണക്കുകളനുസരിച്ച്, സി.പി.ഐക്ക് വോട്ടു വിഹിതം നേരിയ തോതിൽ --9.94 ശതമാനമായി --ഉയർത്തിക്കൊണ്ട് ദേശീയതലത്തിലെ മേൽക്കൈ നിലനിർത്താൻ കഴിഞ്ഞു. പിന്നീടാണ് പാർട്ടി പിളർന്നതും പതനം ആരംഭിച്ചതും.

നാലാം തെരഞ്ഞെടുപ്പിൽ (1967) വടക്കെ ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ  സഹായം സംഘടിപ്പിച്ചുകൊണ്ട് സി.രാജഗോപാലാചാരി തല്ലിക്കൂട്ടിയ സ്വതന്ത്രാ പാർട്ടി എന്ന പ്രഖ്യാപിത വലതുപക്ഷ കക്ഷി ലോക് സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷി (സീറ്റ് 44, വോട്ട് 8.67%) ആയി. ജനസംഘത്തിനു കൂടുതൽ വോട്ടു (9.31%) കിട്ടിയെങ്കിലും സീറ്റുകൾ (35) കുറവായിരുന്നു. സി.പി.ഐയും സംയുക്ത സോഷിലിസ്റ്റ് പാർട്ടിയും 23 സീറ്റുകളോടെ അടുത്ത സ്ഥാനം പങ്കിട്ടു. വോട്ടുവിഹിതത്തിൽ സി.പി.ഐ (5.11%) എസ്.എസ്.പി (4.92%) ക്ക് മുന്നിലായിരുന്നു. അവർക്കു തൊട്ടു പിന്നിലായിരുന്നു സി.പി.എം.(സീറ്റ് 19, വോട്ട് 4.28%). നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തടഞ്ഞു നിർത്തിയിരുന്ന വലതുപക്ഷവും ഹിന്ദു വർഗ്ഗീയതയും വളരുകയാണെന്ന് ആ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. പക്ഷെ അവയെ ഒന്നിച്ചു നിന്ന് ചെറുക്കാൻ ഇടതുപക്ഷത്തിനായില്ല.

വിജയകരമായ വിപ്‌ളവങ്ങൾ നയിച്ച രണ്ട് പാർട്ടികൾക്കിടയിൽ ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നതു സംബന്ധിച്ചുണ്ടായ അഭിപ്രായ ഭിന്നതയാണ് സോവിയറ്റ്-ചൈനാ ആശയ സംഘട്ടനത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ ഭരണകൂടത്തോട് സ്വീകരിക്കേണ്ട സമീപനം അതിൽ ഒരു പ്രധാനഘടകമായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇക്കാര്യത്തിൽ സോവിയറ്റ് പാർട്ടിയും ചൈനയിലെ പാർട്ടിയും എടുത്ത  നിലപാടുകൾ യഥാർത്ഥത്തിൽ ആ രാജ്യങ്ങളുടെ വ്യത്യസ്ത താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതായിരുന്നുവെന്ന് മനസിലാക്കാനാകും. സോവിയറ്റ് യൂണിയൻ പിളരുകയും “സോഷ്യലിസ്റ്റ് വിപണി സമ്പദ് വ്യവസ്ഥ” എന്ന ഓമനപ്പേരിൽ ചൈന മുതലാളിത്ത പാതയിലൂടെ വലിയ മുന്നേറ്റം നടത്തുകയും ചെയ്ത സാഹചര്യത്തിൽ അന്നത്തെ പ്രത്യയശാസ്ത്രപരമായ ചർച്ചകൾ തീർത്തും അപ്രസക്തമായിരിക്കുന്നു. ഈ വസ്തുത അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ സംഭവങ്ങൾ വസ്തുനിഷ്ഠമായും സ്വയംവിമർശനപരമായും വിലയിരുത്താൻ കഴിയാഞ്ഞതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ ഇന്നത്തെ ദു:സ്ഥിതിക്കു കാരണം.

ലോകത്തെ മറ്റ് കമ്മ്യൂണീസ്റ്റ് പാർട്ടികൾ പുതിയ സാഹചര്യങ്ങൾ വിലയിരുത്തി നിലപാടുകൾ പുന:പരിശോധിച്ച കാലത്ത് ഇന്ത്യയിലെ പാർട്ടികൾ അതിനു മുതിർന്നില്ല. മൂന്നു സംസ്ഥാനങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ ഉറച്ച ഭാഗമാകാൻ കഴിഞ്ഞത് ഭൂമിശാസ്ത്രപരമായി സ്വാധീനം ചുരുങ്ങുകയാണെന്ന വസ്തുത മറച്ചുപിടിക്കാൻ സഹായിച്ചു.  സംസ്ഥാങ്ങളിലൊന്നായ പശ്ചിമ ബംഗാളിൽ മൂന്നു പതിറ്റാണ്ടിലധികം ഇടതുപക്ഷത്തിന് നിലനിർത്താനായ മേൽക്കൈ പൂർണ്ണമായും നഷ്ടമായിരിക്കുന്നു. കേരളത്തിൽ അറുപതുകളിൽ തന്നെ പ്രാമുഖ്യം നേടിയ സി.പി.എം തുടർച്ചയായി കൊഴിഞ്ഞുപോക്ക് നേരിടുകയാണ്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന ഘട്ടത്തിലും കൊഴിഞ്ഞുപോക്കുണ്ടാകുന്നു. ഇതിൽ നിന്നും വിട്ടുപോകുന്നവർ അധികാരമോഹികളല്ലെന്ന് അനുമാനിക്കാം. ആശയപരമായ കാരണങ്ങളാണ് അവരെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നത്.

പിളർപ്പിലേക്ക് നയിച്ച സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ സി.പി.ഐ കോൺഗ്രസ് അനുകൂലനിലപാടും സി.പി.എം കോൺഗ്രസ്‌വിരുദ്ധ നിലപാടും സ്വീകരിച്ചതിൽ അത്ഭുതത്തിനു വകയില്ല. സാഹചര്യങ്ങൾ സി.പി.ഐയെ അടിയതിരാവസ്ഥയെ പിന്തുണക്കുന്ന അവസ്ഥയിലെത്തിച്ചു. കോൺഗ്രസ്‌വിരുദ്ധത സി.പി.എമ്മിന് ബംഗാളിലും കേരളത്തിലും വേഗം വളരാൻ സഹായിച്ചു. എന്നാൽ ആ വികാരം രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ മറ്റ് കക്ഷികൾക്കാണ് ഗുണം ചെയ്തത്. സി.പി.ഐ അന്ധമായ കോൺഗ്രസ്‌അനുകൂല നിലപാടിലെ തെറ്റ് തിരിച്ചറിഞ്ഞ് കോൺഗ്രസുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. എന്നാൽ അന്ധമായ കോൺഗ്രസ്‌വിരുദ്ധ നിലപാടിലെ തെറ്റ് സി.പി.എം. തിരിച്ചറിഞ്ഞെങ്കിൽ തന്നെയും ഏറ്റുപറഞ്ഞിട്ടില്ല.

ആദ്യ തെരഞ്ഞെടുപ്പുകളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നല്ല പ്രകടനവും 1957ലെ കേരളത്തിലെ അധികാരപ്രവേശവും സാധ്യമാക്കുന്നതിൽ പാർട്ടിക്കു പുറത്തുള്ള ഇടതുപക്ഷ അനുഭാവികളുടെ പങ്ക് വലുതായിരുന്നു. പുരോഗമനോന്മുഖരായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കിക്കൊണ്ട് ആ ഇടതുപക്ഷ മണ്ഡലം നിലനിർത്താൻ ബോധപൂർവമായ ശ്രമങ്ങളും അക്കാലത്തുണ്ടായി. ഇപ്പോഴും കമ്മ്യൂണിസ്റ്റ് അണികൾക്കു പുറത്തു നിന്ന് സ്ഥാനാർത്ഥികളെ കണ്ടെത്താറുണ്ട്. പക്ഷെ അത് ബന്ധപ്പെട്ടവരുടെ പുരോഗമനപരമായ ആശയങ്ങളുടെ അടിസ്ഥാനത്തിലല്ല, അവരുടെ ജാതിമതപരമായ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ്. അധികാര രാഷ്ട്രീയത്തിലെ സ്ഥാനം ഉറപ്പാക്കാൻ കാലാകാലങ്ങളിൽ എടുത്ത അടവുകളുടെ ഫലമായ ഇടതു സ്വഭാവം നഷ്ടപ്പെട്ട ഇടതു മുന്നണിക്ക് ഭീകരമായി വളരുന്ന വർഗ്ഗീയ-വലതുപക്ഷത്തെ ചെറുക്കുകയെന്ന ചരിത്രപരമായ കടമ നിർവഹിക്കാനാവില്ല. ചില ജാതിമതശക്തികളെ ഭർത്സിക്കുന്നതോടൊപ്പം മറ്റ് ചിലതിനെ പുൽകുന്ന സമീപനം ഉപേക്ഷിച്ച് ഇടതു സ്വഭാവം പൂർണ്ണമായി വീണ്ടെടുത്താലേ കമ്മ്യൂണിസ്റ്റു പാർട്ടികൾക്ക് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകൂ. (നവയുഗം ഓണപ്പതിപ്പ്, സെപ്തംബർ 1, 2015)

Wednesday, September 9, 2015

ഇടതുപക്ഷത്തിന്റെ സ്വത്വ പ്രതിസന്ധി

ബി ആർ പി ഭാസ്കർ
ജനയുഗം

ഏതാണ്ട്‌ 25 കൊല്ലം മുമ്പ്‌ കോയമ്പത്തൂരിൽ നിന്ന്‌ ദേശീയപാതയിലൂടെ കേരളത്തിൽ പ്രവേശിച്ചപ്പോൾ പാലക്കാട്‌ നഗരത്തിനടുത്ത്‌ പലയിടങ്ങളിലും ശ്രീകൃഷ്ണ ജയന്തി, ബാലഗോകുലം എന്നീ വാക്കുകൾ കൈകൊണ്ടെഴുതിയ പോസ്റ്ററുകൾ ഞാൻ കണ്ടു. ഇന്ത്യയിൽ മറ്റൊരിടത്തും – ശ്രീകൃഷ്ണൻ ജനിച്ച മഥുരാപുരിക്കടുത്തുള്ള ജന്മസ്ഥാനവും കളിച്ചു നടന്ന വൃന്ദാവനവും ഉൾപ്പെടെ ഒരിടത്തും ബാലഗോകുലം എന്നൊരു പേരു കേട്ടിരുന്നില്ല. അതുകൊണ്ട്‌ അതെന്താണെന്ന്‌ അറിയാൻ ആഗ്രഹമുണ്ടായി. തിരുവനന്തപുരത്തെത്തിയപ്പോൾ പത്രപ്രവർത്തകരും അല്ലാത്തവരുമായ നിരവധി സുഹൃത്തുക്കളോട്‌ അന്വേഷിച്ചു. ആരും ബാലഗോകുലത്തെ കുറിച്ച്‌ കേട്ടിരുന്നില്ല. ഇന്ന്‌ ബാലഗോകുലം എന്താണെന്നറിയാത്ത ആരുമില്ല.

ശ്രീകൃഷ്ണജയന്തിക്ക്‌ ആൺകുട്ടികളെ ഉണ്ണിക്കണ്ണനായും പെൺകുട്ടികളെ ഗോപികമാരായും വേഷമണിയിച്ച്‌ തെരുവുകളിലൂടെ നടത്തുന്ന ശോഭായാത്രക്ക്‌ വലിയ സ്വീകാര്യത ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. ബാലദിനാചരണത്തിന്‌ ശ്രീകൃഷ്ണനേക്കാൾ അനുയോജ്യനായ ഒരു ദേവനെ കണ്ടെത്താനാവില്ല. പുണ്യപുരുഷന്മാരുടെ ബാല്യത്തെക്കുറിച്ച്‌ പൊതുവെ അറിവ്‌ കുറവാണ്‌. എന്നാൽ വൈദികസമൂഹം സംസ്കൃതവത്കരിച്ച്‌ കൃഷ്ണനാക്കുന്നതിനു മുൻപെ വടക്കൻ പ്രദേശങ്ങളിൽ കന്നയ്യ എന്ന പേരിലും തെക്കൻ പ്രദേശങ്ങളിൽ കണ്ണൻ എന്ന പേരിലും യാദവബാലൻ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്നു. കണ്ണനെ മുന്നിൽ നിർത്തി സംഘപരിവാർ കാൽനൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ പരിപാടി വിജയിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ധിക്കപ്പെടേണ്ട വസ്തുത തന്നെ. പക്ഷെ അത്‌ ഇടതുപക്ഷത്തെ അസ്വസ്ഥമാക്കേണ്ടതുണ്ടോ?

ഒരിക്കൽ ശബരിമല തീർഥാടനകാലത്ത്‌ എകെജി തിരുവിതാംകൂറിൽ വരികയുണ്ടായി. അദ്ദേഹത്തെ കാണാനെത്തിയ യുവാക്കളിൽ പലരും മല ചവിട്ടാൻ മാലയിട്ടവരായിരുന്നു. വിപ്ലവവും മലകയറ്റവും ഒന്നിച്ചുപോകുമോ എന്ന്‌ ചിലരോട്‌ അദ്ദേഹം ചോദിച്ചു. അയ്യപ്പൻ ആ യുവാക്കളെ പാർട്ടിയിൽ നിന്ന്‌ അകറ്റിയിരുന്നെങ്കിൽ 1957ലെ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം സാധ്യമാകുമായിരുന്നില്ല. അയ്യപ്പൻ കമ്മ്യൂണിസ്റ്റുകാർക്ക്‌ പ്രശ്നമല്ലെങ്കിൽ കൃഷ്ണൻ എന്തിനു പ്രശ്നമാകണം?

ആർഎസ്‌എസിന്റെ അനുഗ്രഹാശിസുകളോടെ സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ സ്ഥാപിതമായ ജനസംഘമാണ്‌ കുറച്ചുകാലം ജനതാ പാർട്ടിയുടെ ഭാഗമായിരുന്നശേഷം പുറത്തു വന്ന്‌ ഭാരതീയ ജനതാ പാർട്ടിയായത്‌. ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഇന്ത്യാ-പാകിസ്ഥാൻ വിഭജനം കഴിഞ്ഞിട്ട്‌ അഞ്ചു വർഷം തികഞ്ഞിരുന്നില്ല. വർഗീയ കലാപത്തിന്റെ ഓർമ്മ ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ജനസംഘത്തിനു വടക്കേ ഇന്ത്യയിലെ കലാപഭൂമികളിൽ പോലും നേട്ടമുണ്ടാക്കാനായില്ല. അതിനു കിട്ടിയ മൂന്നു സീറ്റുകളിൽ രണ്ടെണ്ണം പശ്ചിമ ബംഗാളിൽ നിന്നായിരുന്നു. ഹിന്ദുത്വത്തോടുള്ള ആഭിമുഖ്യമല്ല പാർട്ടിയുടെ ബംഗാളിയായ സ്ഥാപക പ്രസിഡന്റ്‌ ശ്യാമപ്രസാദ്‌ മുഖർജിയോടുള്ള ആദരവാണ്‌ ആ സീറ്റുകൾ നേടിക്കൊടുത്തത്‌.

ജനസംഘം 1970കളിൽ അതിന്റെ ദേശീയ സമിതി യോഗം കോഴിക്കോട്ട്‌ നടത്തി. ഒരു ചിത്രം മാത്രമേ സമ്മേളന വേദിയിൽ ഉണ്ടായിരുന്നുള്ളു. അത്‌ ശ്രീനാരായണഗുരുവിന്റേതായിരുന്നു. പക്ഷെ ശ്രീനാരായണൻ ഉഴുതു മറിച്ച മണ്ണിൽ സംഘം വിതച്ച ഹിന്ദുത്വം കുരുത്തില്ല. ബിജെപി ആദ്യം കേന്ദ്രത്തിൽ അധികാരത്തിലേറിയപ്പോൾ ഒ രാജഗോപാലിനെ മധ്യപ്രദേശു വഴി രാജ്യസഭയിലെത്തിച്ചു വാജ്പേയി സർക്കാരിൽ സഹമന്ത്രിയാക്കി. ചുരുങ്ങിയ കാലയളവിൽ കേരളത്തിനുവേണ്ടി ചിലതൊക്കെ അദ്ദേഹത്തിന്‌ ചെയ്യാനായി. അതിന്റെ ഫലമായി അദ്ദേഹത്തിനും ബി.ജെ.പിക്കും കൂടുതൽ ജനസമ്മതി ലഭിച്ചെങ്കിലും ലോക്സഭയിലോ നിയമസഭയിലോ ഒരു സീറ്റ്‌ നേടാൻ അതിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.

ആർഎസ്‌എസിന്റെ ഹിന്ദുത്വ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം ഹിന്ദുപുനരുത്ഥാനമാണ്‌. കേരളത്തിൽ അതിനു വളരാൻ കഴിയാഞ്ഞത്‌ ശ്രീനാരായണനും അയ്യൻകാളിയും ചട്ടമ്പി സ്വാമിയും വി ടി ഭട്ടതിരിപ്പാടുമൊക്കെ പങ്കാളികളായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ നവോത്ഥാന സ്വഭാവം മൂലമാണ്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്വാധീനവും അതിന്റെ വളർച്ചയ്ക്ക്‌ തടസമായിട്ടുള്ളതായി കാണാം. എന്നാൽ ശ്രീനാരായണനും അയ്യൻകാളിയും കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളുടെ ഇന്നത്തെ ചില നേതാക്കൾ ഹിന്ദുത്വത്തെ വരവേൽക്കാൻ തയ്യാറാണെന്ന്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിന്റെയൊ സ്വന്തം വിഭാഗങ്ങളുടെയോ താൽപര്യങ്ങളല്ല കേവലം സ്വാർത്ഥതാൽപര്യങ്ങളാണ്‌ അവരെ നയിക്കുന്നത്‌. ഇത്‌ തിരിച്ചറിയാൻ കഴിയുന്നവരാണ്‌ ഇന്നാട്ടിലെ ജനങ്ങൾ.

ഇതിന്റെ അർഥം ആർഎസ്‌എസ്‌ ഉയർത്തുന്ന ഭീഷണി ഗൗരവമുള്ളതല്ലെന്നല്ല. ഈയിടെ ഡൽഹിയിൽ നടന്ന ബിജെപി-ആർഎസ്‌എസ്‌ സമന്വയ സമിതിയോഗം ബിജെപി നിയന്ത്രിക്കുന്ന ഭരണകൂടത്തിനുമേൽ ആർഎസ്‌എസ്‌ പിടിമുറുക്കുന്നതിന്‌ തെളിവാണ്‌. ബിജെപി ഒരു രാഷ്ട്രീയ കക്ഷിയാണ്‌. അതിനെ അധികാരത്തിലേറ്റാനും പുറത്താക്കാനും അവർക്ക്‌ കഴിയും. ആർഎസ്‌എസ്‌ ആരോടും ഉത്തരവാദിത്വമോ വിധേയത്വമോ ഇല്ലാത്ത സംഘടനയാണ്‌. എല്ലാ ദിവസവും നടത്തുന്ന ‘ശാഖ’യിൽ വല്ലപ്പോഴും പങ്കെടുക്കുന്നവരും അതിലെ അംഗങ്ങളാണെന്നാണ്‌ വയ്പ്‌. എന്നാൽ സംഘടന ആർക്കും അംഗത്വം നൽകുന്നില്ല. അംഗത്വ രജിസ്റ്റർ സൂക്ഷിക്കുന്നുമില്ല. അങ്ങനെയുള്ള ഒരു സംഘടനയിൽ എന്ത്‌ ജനാധിപത്യമാണുണ്ടാവുക?

സ്ഥാപിതതാൽപര്യങ്ങളുടെ സഹായത്തോടെ ആർഎസ്‌എസും ബിജെപിയും വളരുന്നതിനെ തടയാനുള്ള ശ്രമങ്ങൾക്ക്‌ നേതൃത്വം കൊടുക്കേണ്ട ഇടതുപക്ഷം ചിന്താക്കുഴപ്പത്തിലാണ്‌. ഏറ്റവും വലിയ ഇടതു കക്ഷിയായ സിപിഎം ഓണാഘോഷമെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദുത്വ രീതിയുടെ അനുകരണം പ്രകടമായിരുന്നു. ഗാന്ധിയും നെഹ്രുവും വർഗീയതക്കെതിരെ ശക്തമായ നിലപാട്‌ എടുത്തതുകൊണ്ടാണ്‌ ഹിന്ദുത്വചേരിക്ക്‌ വലിയ രക്തച്ചൊരിച്ചിൽ നടന്ന കാലത്ത്‌ മുന്നേറ്റമുണ്ടാക്കാൻ കഴിയാഞ്ഞത്‌. അവരുടെ പിൻഗാമികൾ നിലപാട്‌ മയപ്പെടുത്തിയപ്പോൾ ഹിന്ദുത്വം വളരാൻ തുടങ്ങി. വർഗ്ഗീയലഹള നടക്കുന്നയിടങ്ങളിൽ ഹിന്ദുത്വചേരിക്ക്‌ മുന്നേറാനാകുന്നതായി ചില പഠനങ്ങൾ കാണിക്കുന്നു. ഹിന്ദുത്വചേരിക്ക്‌ ഈ രീതിയിൽ വളരാനാകുന്നത്‌ മതനിരപേക്ഷ കക്ഷികൾക്ക്‌ വർഗീയതക്കെതിരെ പ്രതിരോധം തീർക്കാനാകാത്തതുകൊണ്ടാണ്‌. ഹിന്ദുത്വത്തിന്റെ രീതികളെ അനുകരിച്ചുകൊണ്ട്‌ അതിനെ മറികടക്കാനാകില്ല.

ചില ഇടതുപക്ഷ നേതാക്കൾ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഹിന്ദുത്വാഭിമുഖ്യത്തെ വല്ലാതെ ഭയപ്പെടുന്നതായി അവരുടെ പ്രതികരണങ്ങളിൽ നിന്ന്‌ മനസിലാക്കാം. ആർ ശങ്കർ വെള്ളാപ്പള്ളിയേക്കാൾ ശക്തനായിരുന്നെന്ന്‌ അവർ ഓർക്കണം. അദ്ദേഹം ഒരേസമയം യോഗത്തിന്റെയും കോൺഗ്രസിന്റെയും നേതാവായിരുന്നു. ഈഴവ സമുദായത്തിന്‌ പ്രാമുഖ്യമുള്ള തിരുവിതാംകൂറിലെ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തെ യുവ നേതാക്കളോട്‌ പരാജയപ്പെട്ട ശേഷമാണ്‌ അദ്ദേഹം കണ്ണൂരിൽ നിന്ന്‌ കേരള നിയമസഭയിലെത്തിയതും മുഖ്യമന്ത്രിയായതും.

ശങ്കറെപ്പോലെ വെള്ളാപ്പള്ളിയും യോഗത്തെയും എസ്‌ എൻ ട്രസ്റ്റിനെയും കൈപ്പിടിയിൽ ഒതുക്കിയിട്ടുണ്ട്‌. അവയിലൂടെ എത്തുന്ന പണമുപയോഗിച്ച്‌ അദ്ദേഹത്തിന്‌ പല അഭ്യാസങ്ങളും നടത്താനാകും. പക്ഷെ ശങ്കറിനു സമുദായത്തെ കൈപ്പിടിയിലൊതുക്കാൻ കഴിയാഞ്ഞതു പോലെ അദ്ദേഹത്തിനും അതിനാകില്ല. ഇത്‌ തിരിച്ചറിയാൻ ഇടതു നേതാക്കൾക്കു കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണം അവരുടെ ആത്മവിശ്വാസക്കുറവാണ്‌.

ഇടതുപക്ഷം ദുർബലമായ സാഹചര്യത്തിലാണ്‌ ഹിന്ദുത്വം കേരളത്തിൽ മുന്നേറ്റം നടത്താനും ചില നേതാക്കൾ അവരുടെ പിന്നാക്ക ദളിത അണികളെ വിറ്റ്‌ കാശാക്കാനും ശ്രമിക്കുന്നത്‌. ഈ പ്രതിസന്ധി മറികടക്കാൻ ഇടതുപക്ഷത്തിന്റെ മുന്നിൽ ഒരു മാർഗമേയുള്ളു. അതു തങ്ങളുടെ ശക്തി ചോർത്തിയ ഘടകങ്ങൾ കണ്ടെത്തി പരിഹരിച്ച്‌ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ്‌. പരീക്ഷിച്ചു പരാജയപ്പെട്ട അടവുകളുമായി മുന്നോട്ടുപോയാൽ കൂടുതൽ തിരിച്ചടികളാവും ഫലം.

Wednesday, September 2, 2015

മുത്തൂറ്റു വധക്കേസ് പൊങ്കാല

സി.ബി.ഐ കോടതി ജഡ്ജി പോൾ മുത്തൂറ്റ് വധക്കേസിൽ വിധി പറയാൻ എത്തിയപ്പോൾ ചിലർ പൊങ്കാലയിടാൻ ഇവിടെ ഒരു തെരുവോരത്ത് അടുപ്പുകൂട്ടുകയായിരുന്നു. സംസ്ഥാന പൊലീസ്  കേസ് അന്വേഷിക്കുന്ന സമയത്ത് ഞാൻ എഴുതിയതുമെടുത്തുകൊണ്ടാണ് വന്നത്. അന്വേഷണത്തെ കുറിച്ച് സംശയങ്ങളുയർത്തുന്ന വസ്തുതകൾ മാധ്യമങ്ങളിൽ വന്ന സമയത്ത് ഒന്നിലധികം തവണ സി.പി.എം. സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം നടത്തി അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് പറയുകയുണ്ടായി. പാർട്ടിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെട്ടിരുന്ന ഒരു ഗൂണ്ടാ നേതാവിന്റെ പേരു കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. അതാവണം പ്രത്യക്ഷത്തിൽ രാഷ്ട്രീയ സ്വഭാവമില്ലാത്ത കേസിന്റെ അന്വേഷണത്തെ കുറിച്ചുള്ള തൃപ്തി അറിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മുത്തൂറ്റ് കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി സി.ബി.ഐയോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടൂ. സി.ബി.ഐ. സംസ്ഥാ‍ന പൊലീസിന്റെ ദിശയിൽ തന്നെ പോയി. ഇത്രയും പോരേ ഭക്തജനങ്ങൾക്ക് ദേവപ്രീതിക്കായി പൊങ്കാലയിടാൻ?

ഞാൻ കേസ് അന്വേഷിച്ചെന്ന ധാരയിണവിലാണ് ഭക്തരെന്നു തോന്നുന്നു. മുത്തൂറ്റ് വധം എന്നല്ല, ഐ.എസ്.ആർ.ഓ ചാരവൃത്തിയും പെൺ‌വാണിഭങ്ങളുമൊന്നും ഞാൻ അന്വേഷിച്ചിരുന്നില്ല. ഇനിയൊട്ട് ഒരു കേസും അന്വേഴിക്കാനും ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും കേസിനെ കുറിച്ച് ഞാൻ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത്  മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ള വസ്തുതകളെ ആസ്പദമാക്കിയാണ്. അത്തരത്തിൽ ആവശ്യമെങ്കിൽ ഇനിയും നിരീക്ഷണങ്ങൾ നടത്തിയേക്കും. എന്റെ ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയൊ എനിക്ക് താല്പര്യമുള്ള മറ്റാരുടെയെങ്കിലുമൊ താല്പര്യം സംരക്ഷിക്കാനായി ഞാൻ ഒരു നിരീക്ഷണവും നടത്താറില്ല. അതുകൊണ്ട് കോടതി പ്രതികളെ വെറുതെവിട്ടാൽ സത്യം ജയിച്ചെന്നും ശിക്ഷിച്ചാൽ മറിച്ചും പറയേണ്ട ഗതികേട് എനിക്കുണ്ടാകാറില്ല. എല്ലാ കോടതിവിധികളും കുറ്റമറ്റതാണെന്ന അഭിപ്രായം എനിക്കുണ്ടെന്ന് ഇതിൽ നിന്നും അർത്ഥമാക്കേണ്ടതില്ല.

ചില കേസുകളിൽ സംസ്ഥാന പൊലീസിനു കണ്ടെത്താൻ കഴിയാത്ത വസ്തുതകൾ കണ്ടെത്തി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തതിന്റെ ഫലമായി കൂടുതൽ കാര്യക്ഷമതയുള്ള അന്വേഷണ ഏജൻസിയെന്ന പേരു സി.ബിഐ സമ്പാദിച്ചിരുന്നു. എന്നാൽ സമീപകാലത്തു പല കേസുകളിലും സി.ബി.ഐ. സംസ്ഥാന പൊലീസ് പോയ വഴിയെ തന്നെയാണു പോകുന്നത്. മുത്തങ്ങ സംഭവങ്ങൾ സംബന്ധിച്ച അന്വേഷണം ഒരുദാഹരണം. സമ്പത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് മറ്റൊരുദാഹരണം. സംസ്ഥാന പൊലീസ് സി.ബി.ഐയുടെ തലത്തിലേക്ക് ഉയർന്നതുകൊണ്ടാണോ ഇത്? അതൊ കേന്ദ്ര പൊലീസും സംസ്ഥാന പൊലീസും ഭായി-ഭായി ആയതാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള വക ഇപ്പോൾ എന്റെ കയ്യിലില്ല.

മുത്തൂറ്റ് വധക്കേസിലെ വിധിക്കുശേഷവും അക്കാലത്ത് നടത്തിയ ചില നിരീക്ഷണങ്ങൾക്ക് പ്രസക്തിയുണ്ടെന്നാണ് എന്റെ വിശ്വാസം. ഉദാഹരണത്തിന് ഈ വരികൾ: ചെറിയ തോതിലുള്ള അക്രമരാഷ്ട്രീയത്തിന്റെ നീണ്ട പാരമ്പര്യമുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ ഇപ്പോൾ വിളയാടുന്ന മാഫിയാ പ്രവര്‍ത്തനങ്ങളുടെ ആവിര്‍ഭാവത്തിൽ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് പങ്കുണ്ട്. പാര്‍ട്ടികള്‍ക്കുവേണ്ടി അക്രമപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ കാലക്രമത്തില്‍ അതില്‍ ഹരംപിടിച്ച് കൂലിത്തല്ലുകാരായി മാറിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അച്ചടക്കബോധമുള്ള പാര്‍ട്ടികള്‍ ഇങ്ങനെയുള്ളവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കാറുണ്ടെങ്കിലും പലപ്പോഴും അവര്‍ക്ക് പാര്‍ട്ടിബന്ധം അനൗപചാരികമായി തുടരാനും പിന്നീട് പുനഃസ്ഥാപിക്കാനും കഴിയാറുണ്ട്.     

പിന്നെ ആ കത്തി. കൊല നടത്തിയത് S കത്തി ഉപയോഗിച്ചായിരുന്നെന്ന സംസ്ഥാന പൊലീസിന്റെ നിഗമനം സി.ബി.ഐ ശരിവെച്ചു. സി.ബി.ഐ. കത്തി കണ്ടെടുക്കുകയും ചെയ്തു.    ഇതിന്റെ ഫലമായി സംസ്ഥാന പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൊല്ലൻ ഒരു കത്തി  ഉണ്ടാക്കിക്കൊടുത്തു എന്ന വസ്തുതയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അന്ന് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത മുൻ പൊലീസുദ്യോഗസ്ഥൻ പ്രതി ഉപയോഗിച്ച ആയുധം കിട്ടതെ വന്നപ്പോൾ മുൻപും ഇത്തരത്തിൽ തെളിവുണ്ടാക്കിയിട്ടുണ്ടെന്ന് പറയുകയുണ്ടായി. എന്റെ കാഴ്ചപ്പാടിൽ അത് ശരിയായ ദിശയിലൂടെയുള്ള പോക്കല്ല.


പൊങ്കാല ലേഖനം ഇവിടെ വായിക്കാം.  http://www.mathrubhumi.com/extras/parampara/index.php?id=56451&pagenum=4