സി.ബി.ഐ കോടതി ജഡ്ജി പോൾ മുത്തൂറ്റ് വധക്കേസിൽ വിധി പറയാൻ
എത്തിയപ്പോൾ ചിലർ പൊങ്കാലയിടാൻ ഇവിടെ ഒരു തെരുവോരത്ത് അടുപ്പുകൂട്ടുകയായിരുന്നു. സംസ്ഥാന
പൊലീസ് കേസ് അന്വേഷിക്കുന്ന സമയത്ത് ഞാൻ എഴുതിയതുമെടുത്തുകൊണ്ടാണ്
വന്നത്. അന്വേഷണത്തെ കുറിച്ച് സംശയങ്ങളുയർത്തുന്ന വസ്തുതകൾ മാധ്യമങ്ങളിൽ വന്ന സമയത്ത്
ഒന്നിലധികം തവണ സി.പി.എം. സംസ്ഥാന സെക്രട്ടറി
പത്രസമ്മേളനം നടത്തി അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് പറയുകയുണ്ടായി. പാർട്ടിയുമായി
അടുപ്പമുണ്ടെന്ന് പറയപ്പെട്ടിരുന്ന ഒരു ഗൂണ്ടാ നേതാവിന്റെ പേരു കേസുമായി ബന്ധപ്പെട്ട്
ഉയർന്നു വന്നിരുന്നു. അതാവണം പ്രത്യക്ഷത്തിൽ രാഷ്ട്രീയ സ്വഭാവമില്ലാത്ത കേസിന്റെ അന്വേഷണത്തെ
കുറിച്ചുള്ള തൃപ്തി അറിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മുത്തൂറ്റ് കുടുംബം ആവശ്യപ്പെട്ടതിനെ
തുടർന്ന് ഹൈക്കോടതി സി.ബി.ഐയോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടൂ. സി.ബി.ഐ. സംസ്ഥാന
പൊലീസിന്റെ ദിശയിൽ തന്നെ പോയി. ഇത്രയും പോരേ ഭക്തജനങ്ങൾക്ക് ദേവപ്രീതിക്കായി പൊങ്കാലയിടാൻ?
ഞാൻ കേസ് അന്വേഷിച്ചെന്ന ധാരയിണവിലാണ് ഭക്തരെന്നു തോന്നുന്നു.
മുത്തൂറ്റ് വധം എന്നല്ല, ഐ.എസ്.ആർ.ഓ ചാരവൃത്തിയും പെൺവാണിഭങ്ങളുമൊന്നും
ഞാൻ അന്വേഷിച്ചിരുന്നില്ല. ഇനിയൊട്ട് ഒരു കേസും അന്വേഴിക്കാനും ഉദ്ദേശിക്കുന്നില്ല.
ഏതെങ്കിലും കേസിനെ കുറിച്ച് ഞാൻ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത് മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ള വസ്തുതകളെ
ആസ്പദമാക്കിയാണ്. അത്തരത്തിൽ ആവശ്യമെങ്കിൽ ഇനിയും നിരീക്ഷണങ്ങൾ നടത്തിയേക്കും. എന്റെ
ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയൊ എനിക്ക് താല്പര്യമുള്ള മറ്റാരുടെയെങ്കിലുമൊ താല്പര്യം
സംരക്ഷിക്കാനായി ഞാൻ ഒരു നിരീക്ഷണവും നടത്താറില്ല. അതുകൊണ്ട് കോടതി പ്രതികളെ വെറുതെവിട്ടാൽ
സത്യം ജയിച്ചെന്നും ശിക്ഷിച്ചാൽ മറിച്ചും പറയേണ്ട ഗതികേട് എനിക്കുണ്ടാകാറില്ല. എല്ലാ
കോടതിവിധികളും കുറ്റമറ്റതാണെന്ന അഭിപ്രായം എനിക്കുണ്ടെന്ന് ഇതിൽ നിന്നും അർത്ഥമാക്കേണ്ടതില്ല.
ചില കേസുകളിൽ സംസ്ഥാന പൊലീസിനു കണ്ടെത്താൻ കഴിയാത്ത വസ്തുതകൾ
കണ്ടെത്തി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തതിന്റെ ഫലമായി കൂടുതൽ കാര്യക്ഷമതയുള്ള
അന്വേഷണ ഏജൻസിയെന്ന പേരു സി.ബിഐ സമ്പാദിച്ചിരുന്നു. എന്നാൽ സമീപകാലത്തു പല കേസുകളിലും
സി.ബി.ഐ. സംസ്ഥാന പൊലീസ് പോയ വഴിയെ തന്നെയാണു പോകുന്നത്. മുത്തങ്ങ സംഭവങ്ങൾ സംബന്ധിച്ച
അന്വേഷണം ഒരുദാഹരണം. സമ്പത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് മറ്റൊരുദാഹരണം. സംസ്ഥാന
പൊലീസ് സി.ബി.ഐയുടെ തലത്തിലേക്ക് ഉയർന്നതുകൊണ്ടാണോ ഇത്? അതൊ കേന്ദ്ര പൊലീസും സംസ്ഥാന
പൊലീസും ഭായി-ഭായി ആയതാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള വക ഇപ്പോൾ എന്റെ കയ്യിലില്ല.
മുത്തൂറ്റ് വധക്കേസിലെ വിധിക്കുശേഷവും അക്കാലത്ത് നടത്തിയ
ചില നിരീക്ഷണങ്ങൾക്ക് പ്രസക്തിയുണ്ടെന്നാണ് എന്റെ വിശ്വാസം.
ഉദാഹരണത്തിന് ഈ വരികൾ: ചെറിയ തോതിലുള്ള
അക്രമരാഷ്ട്രീയത്തിന്റെ നീണ്ട പാരമ്പര്യമുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ ഇപ്പോൾ
വിളയാടുന്ന മാഫിയാ പ്രവര്‍ത്തനങ്ങളുടെ ആവിര്‍ഭാവത്തിൽ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക്
പങ്കുണ്ട്. പാര്‍ട്ടികള്‍ക്കുവേണ്ടി അക്രമപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ കാലക്രമത്തില്‍
അതില്‍ ഹരംപിടിച്ച് കൂലിത്തല്ലുകാരായി മാറിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അച്ചടക്കബോധമുള്ള
പാര്‍ട്ടികള്‍ ഇങ്ങനെയുള്ളവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കാറുണ്ടെങ്കിലും പലപ്പോഴും
അവര്‍ക്ക് പാര്‍ട്ടിബന്ധം അനൗപചാരികമായി തുടരാനും പിന്നീട് പുനഃസ്ഥാപിക്കാനും കഴിയാറുണ്ട്.
പിന്നെ ആ കത്തി. കൊല നടത്തിയത് S കത്തി ഉപയോഗിച്ചായിരുന്നെന്ന സംസ്ഥാന പൊലീസിന്റെ നിഗമനം സി.ബി.ഐ ശരിവെച്ചു. സി.ബി.ഐ. കത്തി കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സംസ്ഥാന പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൊല്ലൻ ഒരു കത്തി ഉണ്ടാക്കിക്കൊടുത്തു
എന്ന വസ്തുതയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അന്ന് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത
മുൻ പൊലീസുദ്യോഗസ്ഥൻ പ്രതി ഉപയോഗിച്ച ആയുധം കിട്ടതെ വന്നപ്പോൾ മുൻപും ഇത്തരത്തിൽ തെളിവുണ്ടാക്കിയിട്ടുണ്ടെന്ന്
പറയുകയുണ്ടായി. എന്റെ കാഴ്ചപ്പാടിൽ അത് ശരിയായ ദിശയിലൂടെയുള്ള പോക്കല്ല.
പൊങ്കാല ലേഖനം ഇവിടെ വായിക്കാം. http://www.mathrubhumi.com/extras/parampara/index.php?id=56451&pagenum=4
1 comment:
കേരളപോലീസിന്റെ തന്നെ വിശ്വാസ്യതകളഞ്ഞസംഭവം ഈ കേസിലെ S കത്തിയും അത് കൃതൃമമായി ഉണ്ടാക്കി പ്രതിയുടെ വീട്ടിൽ കൊണ്ടുവെച്ച പോലീസ് നടപടിയും ആണ്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ചാനൽ ചർച്ചയിൽ സാക്ഷ്യപ്പെടുത്തിയത് അതിനേക്കാൾ ഞെട്ടിച്ചു.
Post a Comment