ബി.ആർ.പി.
ഭാസ്കർ
നവയുഗം
ഇന്ത്യയിലെ
ഇടതുപക്ഷം അതിന്റെ ഒരു നൂറ്റാണ്ടു നീളുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
നേരിടുകയാണ്. അത് ഏറ്റവും ശക്തമായി പ്രകടമാകുന്നത് പ്രമുഖ കമ്മ്യൂണിസ്റ്റ്
പാർട്ടികളുടെ സമീപനങ്ങളിലും പ്രവർത്തനങ്ങളിലുമാണ്. തങ്ങൾ ഗുരുതരമായ പ്രശ്നം നേരിടുകയാണെന്ന
തിരിച്ചറിവ് ചില നേതാക്കളുടെ പ്രസ്താവങ്ങളിലുണ്ടെങ്കിലും ഫലപ്രദമായ പരിഹാരം കാണാൻ
കഴിയാത്ത അവസ്ഥയാണുള്ളത്. വസ്തുതകളെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ള വൈമുഖ്യമാണ്
ഇതിനു കാരണം.
സ്വയംവിമർശനപരമായി
കാര്യങ്ങൾ വിലയിരുത്തുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് കക്ഷികൾ
അഭിമാനപൂർവ്വം അവകാശപ്പെടാറുണ്ട്. എന്നാൽ ആ പാരമ്പര്യം ഇന്ന് പ്രായോഗിക തലത്തിൽ
വിരളമായേ കാണാന്നുള്ളു. തെറ്റുകൾ ന്യായീകരിച്ചുകൊണ്ടൊ അവയുടെ ഉത്തരവാദിത്വം
മറ്റുള്ളവരുടെ മേൽ ഇറക്കിവെച്ചുകൊണ്ടൊ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള
ശ്രമങ്ങൾ വ്യാപകമാണ്. സത്യസന്ധമായ വിലയിരുത്തലിനു മുതിർന്നാൽ ഇപ്പോഴത്തെ
പ്രതിസന്ധി പെട്ടെന്ന് ഉയർന്നു വന്നതല്ലെന്ന് വ്യക്തമാകും. അത് എവിടെ എങ്ങനെ
തുടങ്ങിയെന്നറിയാൻ അര നൂറ്റാണ്ടിലേറെ പിന്നോട്ടു പോകണം. കൃത്യമായി പറഞ്ഞാൽ ലോക
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചേരിതിരിവിനെ തുടർന്നു സി.പി.ഐ പിളർന്നിടത്താണ്
അതിന്റെ തുടക്കം.
സ്വാതന്ത്ര്യത്തിന്റെ
ആദ്യനാളുകളിൽ രാജ്യത്ത് കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം ജനപിന്തുണയുള്ള കക്ഷി ക്വിറ്റ്
ഇന്ത്യാ സമര നായകരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. ഒന്നാം
പൊതു തെരഞ്ഞെടുപ്പിൽ അത് 10.59 ശതമാനം വോട്ടു നേടി. കോൺഗ്രസിൽ നിന്നു വിട്ടുപോയ
ഗാന്ധിയന്മാരുണ്ടാക്കിയ കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്ക് 5.79 ശതമാനം വോട്ടു
കിട്ടി. എന്നാൽ ലോക് സഭയിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയത് 3.29 ശതമാനം വോട്ടു
മാത്രം ലഭിച്ച സി.പി.ഐക്കാണ്. തിരുവിതാംകൂർ-കൊച്ചിയിൽ പാർട്ടി
നിരോധിച്ചിരുന്നതിനാൽ കമ്മ്യൂണിസ്റ്റുകാർ അവിടെ സ്വതന്ത്രരായാണ് മത്സരിച്ചത്. അവർ
നേടിയ വോട്ടുകൾ ഇലക്ഷൻ കമ്മിഷന്റെ ഈ കണക്കിൽ പെടുന്നില്ല. അതു കൂടി ചേർത്താലും
ശതമാനക്കണക്കിൽ നേരിയ വ്യത്യാസമേ ഉണ്ടാകൂ. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുള്ള
നഗരങ്ങളിലെയും കർഷകപോരാട്ടങ്ങൾ നടന്ന ഗ്രാമപ്രദേശങ്ങളിലെയും ശക്തമായ സാന്നിദ്ധ്യവും
വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിൽ പുരോഗമനശക്തിയെന്ന നിലയിൽ ലഭിച്ച സ്വീകാര്യതയും
മൂലമാണ് സി.പി.ഐക്ക് രാജ്യമൊട്ടുക്ക് വോട്ടുകൾ ചിതറി കിടന്ന സോഷ്യലിസ്റ്റ്
പാർട്ടിയെയും കെ.എം.പി.പിയെയും മറികടന്ന് പാർലമെന്റിലെ മുഖ്യ പ്രതിപക്ഷ കക്ഷിയാകാനായത്.
അതോടെ ജനങ്ങൾ സി.പി.ഐയെ ദേശീയ ബദലാകാൻ കഴിയുന്ന പാർട്ടിയായി കണ്ടു.
രണ്ടാം
തെരഞ്ഞെടുപ്പിനു (1957) മുമ്പ് സോഷ്യലിസ്റ്റ് പാർട്ടിയും കെ.എം.പി.പിയും ലയിച്ച്
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി.ഉണ്ടായി. പക്ഷെ അതിന് സോഷ്യലിസ്റ്റ് പാർട്ടിക്ക്
1952ൽ കിട്ടിയത്ര വോട്ടുപോലും നേടാനായില്ല. സി.പി.ഐ ആകട്ടെ വോട്ടുവിഹിതം 8.92
ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷ കക്ഷി എന്ന
സ്ഥാനം നിലനിർത്തി. കൂടാതെ പാർട്ടിക്കു കേരളത്തിൽ അധികാരത്തിലേറുകയും ചെയതു. അതോടെ
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ ബദൽ പദവി ജനമനസുകളിൽ ഉറച്ചു.
മൂന്നാം
തെരഞ്ഞെടുപ്പ് (1962) എത്തുമ്പൊഴേക്കും സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ ചേരിതിരിവ്
പ്രത്യക്ഷപ്പെടുകയും ലോകത്തെ മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ അതിന്റെ
പ്രതിഫലനം പ്രകടമാവുകയും ചെയ്തു. ഇന്ത്യക്കും ചൈനക്കുമിടയിൽ അതിർത്തി തർക്കം
ഉയർന്നു വരികയും ചെയ്തു. ആ വിഷമഘട്ടത്തിലും, തെരഞ്ഞെടുപ്പു കണക്കുകളനുസരിച്ച്, സി.പി.ഐക്ക്
വോട്ടു വിഹിതം നേരിയ തോതിൽ --9.94 ശതമാനമായി --ഉയർത്തിക്കൊണ്ട് ദേശീയതലത്തിലെ
മേൽക്കൈ നിലനിർത്താൻ കഴിഞ്ഞു. പിന്നീടാണ് പാർട്ടി പിളർന്നതും പതനം ആരംഭിച്ചതും.
നാലാം
തെരഞ്ഞെടുപ്പിൽ (1967) വടക്കെ ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ സഹായം സംഘടിപ്പിച്ചുകൊണ്ട് സി.രാജഗോപാലാചാരി തല്ലിക്കൂട്ടിയ
സ്വതന്ത്രാ പാർട്ടി എന്ന പ്രഖ്യാപിത വലതുപക്ഷ കക്ഷി ലോക് സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷി (സീറ്റ്
44, വോട്ട് 8.67%) ആയി. ജനസംഘത്തിനു കൂടുതൽ വോട്ടു (9.31%) കിട്ടിയെങ്കിലും
സീറ്റുകൾ (35) കുറവായിരുന്നു. സി.പി.ഐയും സംയുക്ത സോഷിലിസ്റ്റ് പാർട്ടിയും 23 സീറ്റുകളോടെ
അടുത്ത സ്ഥാനം പങ്കിട്ടു. വോട്ടുവിഹിതത്തിൽ സി.പി.ഐ (5.11%) എസ്.എസ്.പി (4.92%) ക്ക്
മുന്നിലായിരുന്നു. അവർക്കു തൊട്ടു പിന്നിലായിരുന്നു സി.പി.എം.(സീറ്റ് 19, വോട്ട്
4.28%). നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തടഞ്ഞു നിർത്തിയിരുന്ന വലതുപക്ഷവും ഹിന്ദു
വർഗ്ഗീയതയും വളരുകയാണെന്ന് ആ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. പക്ഷെ അവയെ ഒന്നിച്ചു നിന്ന് ചെറുക്കാൻ
ഇടതുപക്ഷത്തിനായില്ല.
വിജയകരമായ വിപ്‌ളവങ്ങൾ
നയിച്ച രണ്ട് പാർട്ടികൾക്കിടയിൽ ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എങ്ങനെ മുന്നോട്ടു
കൊണ്ടുപോകാമെന്നതു സംബന്ധിച്ചുണ്ടായ അഭിപ്രായ ഭിന്നതയാണ് സോവിയറ്റ്-ചൈനാ ആശയ
സംഘട്ടനത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ ഭരണകൂടത്തോട് സ്വീകരിക്കേണ്ട സമീപനം അതിൽ ഒരു
പ്രധാനഘടകമായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇക്കാര്യത്തിൽ സോവിയറ്റ്
പാർട്ടിയും ചൈനയിലെ പാർട്ടിയും എടുത്ത നിലപാടുകൾ യഥാർത്ഥത്തിൽ ആ
രാജ്യങ്ങളുടെ വ്യത്യസ്ത താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതായിരുന്നുവെന്ന്
മനസിലാക്കാനാകും. സോവിയറ്റ് യൂണിയൻ പിളരുകയും “സോഷ്യലിസ്റ്റ് വിപണി സമ്പദ്
വ്യവസ്ഥ” എന്ന ഓമനപ്പേരിൽ ചൈന മുതലാളിത്ത പാതയിലൂടെ വലിയ മുന്നേറ്റം നടത്തുകയും
ചെയ്ത സാഹചര്യത്തിൽ അന്നത്തെ പ്രത്യയശാസ്ത്രപരമായ ചർച്ചകൾ തീർത്തും അപ്രസക്തമായിരിക്കുന്നു.
ഈ വസ്തുത അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ സംഭവങ്ങൾ വസ്തുനിഷ്ഠമായും
സ്വയംവിമർശനപരമായും വിലയിരുത്താൻ കഴിയാഞ്ഞതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ ദു:സ്ഥിതിക്കു കാരണം.
ലോകത്തെ മറ്റ്
കമ്മ്യൂണീസ്റ്റ് പാർട്ടികൾ പുതിയ സാഹചര്യങ്ങൾ വിലയിരുത്തി നിലപാടുകൾ
പുന:പരിശോധിച്ച കാലത്ത് ഇന്ത്യയിലെ പാർട്ടികൾ അതിനു മുതിർന്നില്ല. മൂന്നു
സംസ്ഥാനങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ ഉറച്ച ഭാഗമാകാൻ കഴിഞ്ഞത്
ഭൂമിശാസ്ത്രപരമായി സ്വാധീനം ചുരുങ്ങുകയാണെന്ന വസ്തുത മറച്ചുപിടിക്കാൻ സഹായിച്ചു. ആ സംസ്ഥാങ്ങളിലൊന്നായ
പശ്ചിമ
ബംഗാളിൽ മൂന്നു പതിറ്റാണ്ടിലധികം ഇടതുപക്ഷത്തിന് നിലനിർത്താനായ മേൽക്കൈ
പൂർണ്ണമായും
നഷ്ടമായിരിക്കുന്നു. കേരളത്തിൽ അറുപതുകളിൽ തന്നെ പ്രാമുഖ്യം നേടിയ സി.പി.എം
തുടർച്ചയായി
കൊഴിഞ്ഞുപോക്ക് നേരിടുകയാണ്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന ഘട്ടത്തിലും
കൊഴിഞ്ഞുപോക്കുണ്ടാകുന്നു. ഇതിൽ നിന്നും വിട്ടുപോകുന്നവർ
അധികാരമോഹികളല്ലെന്ന് അനുമാനിക്കാം. ആശയപരമായ കാരണങ്ങളാണ് അവരെ വിട്ടുപോകാൻ
പ്രേരിപ്പിക്കുന്നത്.
പിളർപ്പിലേക്ക്
നയിച്ച സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ സി.പി.ഐ
കോൺഗ്രസ് അനുകൂലനിലപാടും സി.പി.എം കോൺഗ്രസ്‌വിരുദ്ധ നിലപാടും സ്വീകരിച്ചതിൽ
അത്ഭുതത്തിനു വകയില്ല. സാഹചര്യങ്ങൾ സി.പി.ഐയെ അടിയതിരാവസ്ഥയെ പിന്തുണക്കുന്ന അവസ്ഥയിലെത്തിച്ചു. കോൺഗ്രസ്‌വിരുദ്ധത
സി.പി.എമ്മിന് ബംഗാളിലും കേരളത്തിലും വേഗം വളരാൻ സഹായിച്ചു. എന്നാൽ ആ
വികാരം രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ മറ്റ് കക്ഷികൾക്കാണ് ഗുണം ചെയ്തത്. സി.പി.ഐ അന്ധമായ
കോൺഗ്രസ്‌അനുകൂല നിലപാടിലെ തെറ്റ് തിരിച്ചറിഞ്ഞ് കോൺഗ്രസുമായുള്ള ചങ്ങാത്തം
അവസാനിപ്പിച്ചു. എന്നാൽ അന്ധമായ കോൺഗ്രസ്‌വിരുദ്ധ നിലപാടിലെ തെറ്റ് സി.പി.എം. തിരിച്ചറിഞ്ഞെങ്കിൽ
തന്നെയും ഏറ്റുപറഞ്ഞിട്ടില്ല.
ആദ്യ
തെരഞ്ഞെടുപ്പുകളിലെ
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നല്ല പ്രകടനവും 1957ലെ കേരളത്തിലെ
അധികാരപ്രവേശവും സാധ്യമാക്കുന്നതിൽ
പാർട്ടിക്കു പുറത്തുള്ള ഇടതുപക്ഷ അനുഭാവികളുടെ പങ്ക് വലുതായിരുന്നു.
പുരോഗമനോന്മുഖരായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കിക്കൊണ്ട് ആ ഇടതുപക്ഷ മണ്ഡലം
നിലനിർത്താൻ ബോധപൂർവമായ ശ്രമങ്ങളും അക്കാലത്തുണ്ടായി. ഇപ്പോഴും
കമ്മ്യൂണിസ്റ്റ് അണികൾക്കു
പുറത്തു നിന്ന് സ്ഥാനാർത്ഥികളെ കണ്ടെത്താറുണ്ട്. പക്ഷെ അത്
ബന്ധപ്പെട്ടവരുടെ പുരോഗമനപരമായ
ആശയങ്ങളുടെ അടിസ്ഥാനത്തിലല്ല, അവരുടെ ജാതിമതപരമായ സ്വാധീനത്തിന്റെ
അടിസ്ഥാനത്തിലാണ്. അധികാര രാഷ്ട്രീയത്തിലെ സ്ഥാനം ഉറപ്പാക്കാൻ
കാലാകാലങ്ങളിൽ
എടുത്ത അടവുകളുടെ ഫലമായ ഇടതു സ്വഭാവം നഷ്ടപ്പെട്ട ഇടതു മുന്നണിക്ക്
ഭീകരമായി വളരുന്ന വർഗ്ഗീയ-വലതുപക്ഷത്തെ ചെറുക്കുകയെന്ന ചരിത്രപരമായ കടമ
നിർവഹിക്കാനാവില്ല. ചില ജാതിമതശക്തികളെ ഭർത്സിക്കുന്നതോടൊപ്പം മറ്റ്
ചിലതിനെ
പുൽകുന്ന സമീപനം ഉപേക്ഷിച്ച് ഇടതു സ്വഭാവം പൂർണ്ണമായി വീണ്ടെടുത്താലേ
കമ്മ്യൂണിസ്റ്റു പാർട്ടികൾക്ക് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകൂ. (നവയുഗം ഓണപ്പതിപ്പ്, സെപ്തംബർ 1, 2015)
1 comment:
നിലവിലുള്ള പാര്‍ട്ടികളില്‍നിന്നും ഈ പറഞ്ഞതൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
Post a Comment