Wednesday, September 23, 2015

മൂന്നാർ നമ്മോട് പറയുന്നത്

ബി ആർ പി ഭാസ്കർ
ജനയുഗം

രാഷ്ട്രീയക്കാരായ തൊഴിലാളി നേതാക്കളെ അകറ്റി നിർത്തിക്കൊണ്ട്‌ ഒൻപതു ദിവസം സമരം ചെയ്തു ഇരുപതു ശതമാനം ബോണസ്‌ എന്ന ആവശ്യം നേടിയെടുത്ത മൂന്നാറിലെ സ്ത്രീകൾ കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്‌. ഈ അനുഭവത്തിൽ നിന്ന്‌ ഉചിതമായ പാഠങ്ങൾ എല്ലാവരും ഉൾക്കൊള്ളേണ്ടതുണ്ട്‌.

സമരം ചെയ്ത സ്ത്രീകൾ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തോട്ടം കമ്പനിയായ കണ്ണൻ ദേവൻ ഹിൽസ്‌ പ്ലാന്റേഷൻസിലെ (കെഡിഎച്ച്പി) തൊഴിലാളികളാണ്‌. ഇടുക്കി ജില്ലയിൽ ഈ കമ്പനിക്ക്‌ 23,783 ഹെക്റ്റർ തോട്ടങ്ങളുണ്ട്‌. സംസ്ഥാനത്തെ തേയിലത്തോട്ടങ്ങളുടെ നാലിലൊന്നോളം വരുന്ന ഈ പ്രദേശത്തെ വാർഷിക ഉത്പാദനം 220 ലക്ഷം കിലോ തേയിലയാണ്‌. ഇത്‌ സംസ്ഥാനത്തെ മൊത്തം ഉത്പാദനത്തിന്റെ മുന്നിലൊന്നോളം ആണ്‌. ഏകദേശം 12,000 തൊഴിലാളികൾ ഈ തോട്ടങ്ങളിൽ പണിയെടുക്കുന്നു. ബഹുഭൂരിപക്ഷവും സ്ത്രീകളാണ്‌ ഈ വസ്തുതകൾ ഈ തൊഴിൽ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

വെള്ളക്കാർ കേരളത്തിലെ മലനിരകളിൽ തേയില കൃഷിക്ക്‌ തുടക്കമിട്ടിട്ട്‌ 130ൽപരം കൊല്ലങ്ങളായി. പത്തു കൊല്ലം മുമ്പു വരെ ഒരു ടാറ്റാ കമ്പനിയാണ്‌ കണ്ണൻ ദേവൻ തോട്ടങ്ങൾ നടത്തിയിരുന്നത്‌. വ്യവസായം പ്രതിസന്ധി നേരിടുന്നതിനാൽ തോട്ടം നടത്തിപ്പിൽ നിന്ന്‌ പിൻവാങ്ങി വിപണനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടാറ്റാ ഗ്രൂപ്പ്‌ തീരുമാനിച്ചു. തൊഴിലാളികൾക്ക്‌ പങ്കാളിത്തമുള്ള ഒരു കമ്പനിക്ക്‌ തോട്ടങ്ങൾ കൈമാറാൻ അവർ സന്നദ്ധരായി. അവരിൽ നിന്ന്‌ തോട്ടങ്ങൾ ഏറ്റെടുത്ത കെഡിഎച്ച്പിയിലെ തൊഴിലാളികൾ കമ്പനിയുടെ ഓഹരിയുടമകൾ കൂടിയാണ്‌. തൊഴിലാളികളിൽ 99.9 ശതമാനവും ഓഹരി ഉള്ളവരാണ്‌. ഓഹരികളുടെ മൂന്നിൽ രണ്ടിലേറെ അവരുടെ കൈകളിലാണ്‌. തൊഴിലാളികൾക്ക്‌ ഓഹരിയുള്ള ലോകത്തെ ഏറ്റവും വലിയ തോട്ടം കമ്പനിയെന്ന ഖ്യാതി കെഡിഎച്ച്പിക്കുണ്ട്‌. ഡയറക്ടർമാരുടെ ബോർഡിൽ തൊഴിലാളികളുടെ ഒരു പ്രതിനിധിയും മറ്റ്‌ ജീവനക്കാരുടെ ഒരു പ്രതിനിധിയുമുണ്ട്‌. ഓരോ സാമ്പത്തിക വർഷത്തെയും പ്രവർത്തനം വിലയിരുത്തി ഏറ്റവും നല്ല തൊഴിലാളിയായും ഏറ്റവും നല്ല ജീവനക്കാരനായും തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത വർഷം ഡയറക്ടർമാരായി നിയമിക്കപ്പെടുന്നു.

ആദ്യ മാനേജിങ്‌ ഡയറക്ടറായിരുന്ന പരേതനായ ടി വി അലക്സാണ്ടർ ഉണ്ടാക്കിയതാണ്‌ കെഡിഎച്ച്പിയുടെ നിലവിലുള്ള ഭരണ സംവിധാനം. ഒറ്റനോട്ടത്തിൽ അതൊരു നല്ല സംവിധാനമാണെന്ന ധാരണയാണ്‌ ആർക്കുമുണ്ടാവുക. ഏതാനും മാസം മുമ്പ്‌ ഗ്രേറ്റ്‌ പ്ലേസ്‌ ടു വർക്ക്‌ ഇൻസ്റ്റിറ്റിയൂട്ട്‌ എന്ന സ്ഥാപനം തൊഴിലാളികൾക്ക്‌ പങ്കാളിത്തമുള്ള കെഡിഎച്ച്പിയെ ഏഷ്യയിലെ നല്ല തൊഴിൽ രീതികൾ പിന്തുടരുന്ന കമ്പനികളുടെ പട്ടികയിൽ ഉൾപെടുത്തി. തൊഴിലാളികളെ സമരത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങൾ ആ വിലയിരുത്തലിനെ കുറിച്ച്‌ സംശയങ്ങളുയർത്തുന്നു.

മാനേജുമെന്റിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 5.02 കോടി രൂപയായിരുന്നു. മുൻവർഷം അത്‌ 15.55 കോടി രൂപ ആയിരുന്നു. തേയിലയുടെ വില ഇടിഞ്ഞതിനെ തുടർന്ന്‌ ലാഭത്തിലുണ്ടായ വൻ കുറവു ചൂണ്ടിക്കാട്ടി മാനേജുമെന്റ്‌ ബോണസ്‌ വെട്ടിക്കുറച്ചതാണ്‌ സമരത്തിനു കാരണമായത്‌. തൊഴിലാളികൾ ഭൂരിപക്ഷ ഓഹരിയുടമകളായ കമ്പനിയിൽ ഇങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി? ടി വി അലക്സാണ്ടറുടെ ആശയം പിൻഗാമികൾ ആത്മാർഥമായും സത്യസന്ധമായുമല്ല നടപ്പാക്കുന്നതെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

കമ്പനിയുടെ സാമ്പത്തികസ്ഥിതി ഇക്കൊല്ലം 20 ശതമാനം ബോണസ്‌ നൽകാൻ അനുവദിക്കുന്നില്ലെന്ന്‌ ഉടമകൾ കൂടിയായ തൊഴിലാളികളെ ബോധ്യപ്പെടുത്താൻ മാനേജുമെന്റിനു കഴിഞ്ഞില്ല. ബോണസ്‌ ഏറ്റവും കുറഞ്ഞ നിരക്കായ 8.33 ശതമാനത്തിൽ നിലനിർത്തിക്കൊണ്ടും ബാക്കി എക്സ്ഗ്രേഷ്യാ ആയി നൽകിക്കൊണ്ടും 20 ശതമാനം തികയ്ക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്‌ സമരം അവസാനിച്ചത്‌. ഒരു പങ്ക്‌ എക്സ്ഗ്രേഷ്യാ ആയി നൽകുന്ന രീതി പല കമ്പനികളും മുമ്പും സ്വീകരിച്ചിട്ടുള്ളതാണ്‌. മുഴുവൻ തുകയും ബോണസായി നൽകിയാൽ അതൊരു കീഴ്‌വഴക്കമാവുകയും ഓരോ കൊല്ലവും അത്രയും കൊടുക്കേണ്ട ബാധ്യതയുണ്ടാവുകയും ചെയ്യുന്നത്‌ ഒഴിവാക്കാൻ മുതലാളിമാർ കണ്ടെത്തിയ ഒന്നാണ്‌ എക്സ്ഗ്രേഷ്യാ സമ്പ്രദായം. തൊഴിലാളികൾ ഉടമകളായ കമ്പനി മാതൃകയാക്കേണ്ട ഒന്നല്ല അത്‌. യൂണിയനുകളുടെ അറിവോടും സമ്മതത്തോടും കൂടി കമ്പനി മാനേജുമെന്റ്‌ സാമ്പ്രദായിക മുതലാളിത്ത രീതി പിന്തുടരുന്നതിന്‌ തെളിവാണിത്‌.

സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾ ഏറെ കാലമായി പ്രവർത്തിക്കുന്ന മൂന്നാറിലെ തോട്ടം മേഖലയിലെ പങ്കാളിത്ത മാനേജുമെന്റ്‌ സംവിധാനം തൊഴിലാളികളുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്‌ തൊഴിലാളി നേതൃത്വത്തിന്‌ ഒഴിഞ്ഞുമാറാനാകില്ല. സാധാരണഗതിയിൽ കമ്പനികളിൽ ഓഹരിയുള്ളവരുടെ താൽപര്യം ലാഭവിഹിതത്തിലൊതുങ്ങുന്നു. നല്ല വിഹിതം കിട്ടിക്കൊണ്ടിരിക്കുന്നിടത്തോളം മാനേജുമെന്റ്‌ എന്തു ചെയ്യുന്നുവെന്ന്‌ അന്വേഷിക്കേണ്ട കാര്യം അവർക്കില്ല. എന്നാൽ ഓഹരിയുടമകളായ തൊഴിലാളികളുടെ കാര്യം വ്യത്യസ്തമാണ്‌. അവർക്ക്‌ കമ്പനിയുടെ ദൈനംദിന ഭരണം നല്ല നിലയിൽ നടക്കുന്നെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ അവരെ സഹായിക്കാനുള്ള ചുമതല തൊഴിലാളി നേതൃത്വത്തിനുണ്ട്‌.

സമരത്തിനിടെ മൂന്നാറിലെ തൊഴിലാളികൾ യൂണിയൻ നേതാക്കളിലുള്ള അവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. ടാറ്റാ കമ്പനി തോട്ടം നടത്തിയിരുന്ന കാലത്ത്‌ ചില നേതാക്കൾ അവരിൽ നിന്ന്‌ ആനുകൂല്യങ്ങൾ പറ്റിയതായി അവർ ആരോപിച്ചു. നേതാക്കൾക്കൊ അവരുടെ യൂണിയനുകൾക്കൊ പാർട്ടികൾക്കോ ആരോപണങ്ങൾ നിഷേധിക്കാനായില്ല. തൊഴിലാളികൾ ചില രാഷ്ട്രീയ നേതാക്കളെ സമരമുഖത്തു നിന്ന്‌ ആട്ടിയോടിച്ചു. മറ്റ്‌ ചിലരെ അവർ സ്വാഗതം ചെയ്തു. ഇത്‌ നേതാക്കളെ തൊഴിലാളികൾ കൃത്യമായി വിലയിരുത്തുന്നുവെന്ന്‌ കാണിക്കുന്നു.

മൂന്നാർ അനുഭവത്തിന്റെ വെളിച്ചത്തിൽ ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ പല ട്രേഡ്‌ യൂണിയൻ നേതാക്കളും സംസാരിച്ചിട്ടുണ്ട്‌. എന്നാൽ അവർ ശരിയായ സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ തോന്നുന്നില്ല. കെഡിഎച്ച്പിയിലെ സ്ത്രീകൾ സമരം ചെയ്തത്‌ അവർ ഉടമകളായ കമ്പനിക്കെതിരെയല്ല, അവർക്കുവേണ്ടി കാര്യങ്ങൾ നോക്കിനടത്തുന്ന കമ്പനി മാനേജുമെന്റും തൊഴിലാളി നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ്‌. തോട്ടം മേഖലയിലെ തൊഴിലാളികൾക്കു പരിചിതമായ ഒന്നാണ്‌ കങ്കാണി സമ്പ്രദായം. ചില തൊഴിലാളി നേതാക്കൾ ഇപ്പോൾ ചെയ്യുന്നത്‌ കങ്കാണികളുടെ പണിയാണ്‌. ഇതാകട്ടെ തോട്ടം മേഖലയുടെ മാത്രം പ്രശ്നമല്ല.
ടാറ്റാ മാനേജുമെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരായ അമർഷത്തിന്റെ ബഹിർസ്സ്ഫുരണമാണ്‌ മൂന്നാറിൽ കണ്ടതെന്ന്‌ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതാവായ എളമരം കരീം പറയുന്നു. മാവൂർ റയോൺസിലും ഇത്തരമൊരനുഭവമുണ്ടായെന്നും ഇന്നത്തെപ്പോലെ അന്നും കുത്തക മാധ്യമങ്ങളും ബുദ്ധിജീവികളും ട്രേഡ്‌ യൂണിയനുകളെ അധിക്ഷേപിച്ചുകൊണ്ട്‌ രംഗത്തു വന്നിരുന്നെന്നും കൂടി അദ്ദേഹം പറയുന്നു. സ്ത്രീകൾ സമരം തുടങ്ങിയ ഉടൻ സ്ഥലം എംഎൽഎ ഇടപെടാതിരുന്നതാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ടെത്തിയ ഏറ്റവും വലിയ പിഴവ്‌. രാഷ്ട്രീയ നേതാക്കാൾ കൂടുതൽ യാഥാർഥ്യബോധത്തോടെ വിഷയത്തെ സമീപിച്ചില്ലെങ്കിൽ ഏറെ ദുഃഖിക്കേണ്ടിവരും.

No comments: