Saturday, October 3, 2015

ഇടതു പാർലമെന്ററി പ്രവർത്തനത്തിനിടയിൽ സംഭവിച്ചത്

ബി.ആർ.പി.ഭാസ്കർ

സമകാല കേരള ചരിത്രത്തിൽ സൂക്ഷ്മപരിശോധന അർഹിക്കുന്ന ഒരു കാലഘട്ടമാണ് 1970കൾ. കൊളോണിയൽ കാലത്തു തന്നെ ഈ ഭൂപ്രദേശത്തെ ഉപഭൂഖണ്ഡത്തിലെ ഇതരഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയിലൂടെ നീങ്ങാനും ലോകത്തെ വികസിതരാജ്യങ്ങൾക്ക് സമാനമായ സാമൂഹ്യവളർച്ച കൈവരിക്കാനും സഹായിച്ച നവോത്ഥാനധാര രാഷ്ടീയമരുഭൂമിയിൽ അന്തർദ്ധാനം ചെയ്തത് അന്നാണ്. 

പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ തെക്കേ അറ്റത്ത് തുടങ്ങി മെല്ലെ വടക്കോട്ടു വ്യാപിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളാണ് ഹ്യൂഡൽ വ്യവസ്ഥ അടിമവത്കരിച്ച കേരള സമൂഹത്തിന്റെ മോചനത്തിനു വഴിതെളിച്ചത്. മദ്രാസ് പ്രസിഡൻസിയിൽ പെട്ട മലബാർ ജില്ല, ബ്രിട്ടീഷ് മേൽകോയ്മ അംഗീകരിച്ചുകൊണ്ട് നിലനിന്ന കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഭരണ സംവിധാനങ്ങൾക്കു കീഴിൽ വിഭജിച്ചു കിടന്നപ്പോഴും ഭാഷ അവയെ യോജിപ്പിക്കുകയും ജനങ്ങളിൽ തങ്ങൾ ഒന്നാണെന്ന ബോധം നിലനിർത്തുകയും ചെയ്തിരുന്നു. അതേസമയം സമൂഹം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരുന്നു. തെക്ക് ആരംഭിച്ച മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ ക്രൈസ്തവ മിഷനറിമാരുടെ സ്വാധീനം പ്രകടമായിരുന്നു. മലബാറിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ടിപ്പു സുൽത്താൻ അവിടെ ആ പ്രാകൃതരീതി നിരോധിച്ചു. എന്നാൽ ശ്രീപത്മനാഭദാസന്മാർ ഭരിച്ച ‘ധർമ്മരാജ്യ’മായ തിരുവിതാംകൂറിൽ അത് തുടർന്നു. കാരണം ജാതിവ്യവസ്ഥ നിലനിർത്തുക തങ്ങളുടെ ധർമ്മമാണെന്ന് വിശ്വസിച്ചവരായിരുന്നു അവർ. ചാന്നാന്മാർ ലഹള നടത്തുന്നു എന്നാരോപിച്ച് ഭരണകൂട പിന്തുണയോടെ ജാതിമേധാവിത്വം അവരെ അടിച്ചമർത്താൻ തുടങ്ങിയപ്പോൾ പ്രക്ഷോഭകരുടെ ആവശ്യം ന്യായമാണെന്നു ബ്രിട്ടീഷ് റസിഡന്റ് ചൂണ്ടിക്കാട്ടി. ക്രിസ്തുമതം സ്വീകരിച്ചവരെ വസ്ത്രങ്ങളും ആഭരണങ്ങളും സംബന്ധിച്ച ഫ്യൂഡൽകാല നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ ബ്രിട്ടീഷുകാരുടെ എതിർപ്പ് മറികടക്കാനാകുമെന്നു രാജഭരണകൂടം കരുതി. അതിനായി ഒരു രാജകീയ വിളംബരം പുറപ്പെടുവിക്കപ്പെട്ടു. പക്ഷെ ബ്രിട്ടീഷ്  റസിഡന്റ് തൃപ്തനായില്ല. ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇൻഡ്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്ത വേളയിൽ വിക്ടോറിയ ചക്രവർത്തിനി താൻ ജാതിമത പരിഗണന കൂടാതെ എല്ലാവരേയും ഒരുപോലെ കാണുമെന്ന് പറഞ്ഞിരുന്നു. അതു ചൂണ്ടിക്കാട്ടി ക്രൈസ്തവർക്ക് അനുവദിച്ച ആനുകൂല്യം എല്ലാ ജനങ്ങൾക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതു ചെയ്യാൻ രാജഭണകൂടം നിർബന്ധിതമായി. അത്തരത്തിലുള്ള പരിഷ്കാരങ്ങൾ സാധ്യമാക്കിയ സാമൂഹ്യ നവീകരണ  പ്രസ്ഥാനങ്ങളുടെ പ്രവർത്തനമാണ് ജന്മിത്തത്തിന്റെ അടിത്തറ തകർത്ത് കേരളത്തെ നവോത്ഥാനപാതയിലേക്ക് നയിച്ചത്.

ബ്രിട്ടീഷുകാർ ആദ്യം ആധിപത്യം സ്ഥാപിച്ച ബംഗാളിൽ ഇംഗ്ലീഷു വിദ്യാഭ്യാസത്തിലൂടെ നേടിയ ഉൾക്കാഴ്ചയുടെ പിൻബലത്തിൽ വികസിച്ച നവോത്ഥാനധാരയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കേരള നവോത്ഥാനം. ബംഗാൾ നവോത്ഥാനത്തിന്റെ ശില്പികൾ ജാതിവ്യവസ്ഥയുടെ ഉന്നതശ്രേണികളിൽ നിന്നുള്ളവരും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരും ആയിരുന്നു. കേരള നവോത്ഥാനമാകട്ടെ അടിത്തട്ടിൽ നിന്നുയർന്നു വരികയായിരുന്നു. അതിനു തുടക്കം കുറിക്കുകയും അതിന്റെ ഉള്ളടക്കം നിശ്ചയിക്കുകയും ചെയ്ത വൈകുണ്ഠസ്വാമിയും നാരായണഗുരുവും അയ്യൻ‌കാളിയും ഇംഗ്ലീഷു വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവർ കടമെടുത്ത ആശയങ്ങളെ ആശ്രയിച്ചില്ല. അവർ ആരെയും അനുകരിച്ചതുമില്ല. അവരുടെ പ്രവർത്തനം അടിച്ചമർത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ സാമൂഹികവിപ്ലവത്തിന് സജ്ജരാക്കി. രാജ്യത്തെങ്ങും ഒരു തൊഴിലാളിപ്രസ്ഥാനമില്ലാതിരുന്ന കാലത്താണ് അയ്യൻകാളി കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് പണിമുടക്ക് നടത്തി ദലിത് കുട്ടികളുടെ സ്കൂൾപ്രവേശനം സാദ്ധ്യമാക്കിയത്. ശ്രീനാരായണന്റെ അനുയായികൾ തിരുവിതാംകൂറിലെ വ്യവസായകേന്ദ്രങ്ങളായിരുന്ന കൊല്ലത്തും ആലപ്പുഴയിലും തൊഴിലാളി സംഘടനകൾ രൂപീകരിച്ചു. ഒരു രാഷ്ട്രീയ കക്ഷിയും ഇല്ലാതിരുന്ന കാലത്താണ് ശ്രീനാരായണീയരുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ബ്രിട്ടീഷുകാർ നടത്തിയിരുന്ന കൊല്ലത്തെ ഹാരിസൺ ആൻഡ് ക്രോസ്‌ഫീൽഡ് എന്ന സ്ഥാപനം 1915ൽ ആദ്യമായി ബോണസ് നൽകിയത്.

നവോത്ഥാന പ്രസ്ഥാനം അടിസ്ഥാന വർഗ്ഗത്തെ സമരോത്സുകരാക്കി. സമൂഹത്തെ വിഭജിച്ചു നിർത്തിയിരുന്ന മതിലുകൾ തകർത്തുകൊണ്ട്  അത് ഒരു പൊതുസമൂഹത്തിന്റെ വരവിന് വഴി തെളിച്ചു. ആണായാലും പെണ്ണായാലും തലയിലൊ വേഷത്തിലൊ നോക്കി ജാതിയും മതവും തിരിച്ചറിയാൻ കഴിഞ്ഞിരുന്ന അവസ്ഥ മാറി. അങ്ങനെ മാറിയ സമൂഹത്തിലാണ് സ്വരാജ് എന്ന ആശയവുമായി കോൺഗ്രസും തുടർന്ന് സ്ഥിതിസമത്വം എന്ന ആശയവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയും രംഗപ്രവേശം ചെയ്തത്. കൂടുതൽ മാറ്റങ്ങൾ ആഗ്രഹിച്ച ജനങ്ങൾ  കൂടുതൽ പുരോഗമനപരവും വിപ്ലവകരവുമായ ആശയങ്ങളെ പിന്തുടരാൻ തയ്യാറായി. പുതിയ ഭരണഘടന നിലവിൽ വന്നപ്പോൾ അതു നൽകുന്ന അവകാശങ്ങൾ പ്രയോജനപ്പെടുത്താൻ കാമ്മ്യൂണിസ്റ്റുകാർ  മുന്നോട്ടു വന്നു. സ്വാതന്ത്ര്യത്തിന്റെ പത്താം വർഷം ജനങ്ങൾ  തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ചു. രാജ്യത്ത് നിലവിൽ വന്നത് ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയാണെന്നും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരാൻ ബൂർഷ്വാസി തങ്ങളെ അനുവദിക്കില്ലെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് വിലയിരുത്തൽ. ബൂർഷ്വ്യാ വ്യവസ്ഥയെ വിപ്ലവത്തിലൂടെ തൂത്തെറിഞ്ഞാലെ യഥാർത്ഥ ജനാധിപത്യം സ്ഥാപിക്കാനാകൂ എന്നും അവർ വിശ്വസിച്ചിരുന്നു. സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും സമാന്യ ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനും സഹായിക്കുമെന്നതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഭരണഘടനപ്രകാരം സർക്കാർ രൂപീകരിക്കാനുള്ള അവസരം അവർക്ക് ലഭിച്ചു. അതേസമയം ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ചുമതല നിറവേറ്റാനല്ലാതെ കമ്മ്യൂണിസം നടപ്പിലാക്കാൻ സർക്കാരിനാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച അഞ്ചു സ്വതന്ത്രരും വിജയിച്ചിരുന്നു. നിയമസഭയിൽ ഭൂരിപക്ഷം കിട്ടിയത് അവർ കൂടെയുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രിപദത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട് അവരിൽ മൂന്നു പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരം നേടാനാവില്ലെന്ന വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും രണ്ട് പരിമിതികൾ പാർട്ടിക്ക് അംഗീകരിക്കേണ്ടി വന്നു. ഒന്ന്,  ഭരണഘടനപ്രകാരം പ്രവർത്തിക്കാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ട്. രണ്ട്, കേന്ദ്രത്തിൽ കോൺഗ്രസാണ് അധികാരം കയ്യാളുന്നത്. ഈ പശ്ചാത്തലത്തിൽ പാർട്ടി ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോകുമെന്ന് ഇ.എം.എസ്. പ്രസ്താവിച്ചു.

ജന്മിമാരുടെ ഭൂമിയിൽ ഏതു സമയത്തും കുടിയിറക്കപ്പെടാവുന്ന അവസ്ഥയിൽ കഴിഞ്ഞിരുന്ന പാവപ്പെട്ടവർക്ക് സംരക്ഷണം നൽകുന്നതിനായി കമ്മ്യൂണിസ്റ്റ് സർക്കാർ ഓർഡിനൻസ് വഴി കുടിയൊഴിപ്പിക്കൽ തടഞ്ഞു. ആ ധീരമായ നടപടി മാത്രമാണ് അധികാരത്തിലിരുന്ന ചെറിയ കാലയളവിൽ ആ സർക്കാരിനു ചെയ്യാൻ കഴിഞ്ഞത്. മറ്റ് രണ്ട് പ്രധാന ചുവടുവെയ്പുകളും അത് നടത്തി. ഭൂവുടമസ്ഥതക്കു പരിധി നിശ്ചയിക്കുകയും അങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന നിയമമായിരുന്നു ഒന്ന്. മറ്റേത് സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിയമവും. രണ്ടും സ്ഥാപിതതാല്പര്യങ്ങളുടെ അതിശക്തമായ എതിർപ്പ് നേരിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേരിയ ഭൂരിപക്ഷം ഇല്ലാതാക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട പ്രതിപക്ഷ കക്ഷികളും വിദ്യാഭ്യാസ ഭൂനിയമ പരിഷ്കരണശ്രമങ്ങളിൽ അസ്വസ്ഥരായ മതജാതിശക്തികളും ചേർന്ന് സംഘടിപ്പിച്ച “വിമോചന” സമരം സൃഷ്ടിച്ച ക്രമസമാധാനപ്രശ്നങ്ങൾ പ്രയോജനപ്പെടുത്തി കേന്ദ്രം നിയമസഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള സർക്കാരിനെ പുറത്താക്കി. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്ററി പാത ഉപേക്ഷിച്ചില്ല.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആശയസംഘട്ടനം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരിതിരിവുണ്ടാക്കി. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം സോവിയറ്റ് പാർട്ടിക്കൊപ്പം നിന്നപ്പോൾ ചൈനയിലെ പാർട്ടിയുടെ നിലപാടുകളോട് ആഭിമുഖ്യം പുലർത്തിയ ന്യൂനപക്ഷം പുറത്തുവന്നു സി.പി.ഐ (എം)ന് രൂപം നൽകി. പാർട്ടി വിട്ടവർ ഔദ്യോഗിക നേതൃത്വത്തിനെതിരെ ഉയർത്തിയ പ്രധാന വിമർശം അവർ വലതു പക്ഷത്തേക്ക് നീങ്ങിയെന്നും പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടെന്നുമായിരുന്നു. ഇരുവിഭാഗങ്ങൾക്കുമിടയിലെ അഭിപ്രായഭിന്നത ആഭ്യന്തര സാഹചര്യങ്ങളുടെ വിലയിരുത്തലിലും പ്രതിഫലിച്ചു. സി.പി.ഐ കോൺഗ്രസുമായി സഹകരിക്കുന്നതിനു തയ്യാറായപ്പോൾ സി.പി.ഐ (എം) ശക്തമായ കോൺഗ്രസ്‌വിരുദ്ധ നിലപാട് സ്വീകരിച്ചു. അതേസമയം രണ്ട് പാർട്ടികളും പാർലമെന്ററി പാതയിൽ നിലയുറപ്പിച്ചു. പാർട്ടി പിളർന്ന് ഏറെ കഴിയും മുമ്പ് 1965ൽ നിയമസഭാ തെരഞ്ഞെടുപ്പു നടന്നു.  സി.പി.ഐ (എം) സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായും മുസ്ലിം ലീഗുമായും, സി.പി.ഐ. ആർ.എസ്. പിയുമായും ആർ.എസ്.പി. കേരളാ കോൺഗ്രസുമായും തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കി. കോൺഗ്രസ് ആരുമായും സഖ്യത്തിലേർപ്പെടാതെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി. സി.പി.ഐ (എം) 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് കിട്ടിയത് 36 സീറ്റ്. സി.പി.ഐക്ക് മൂന്ന് സീറ്റ് മാത്രം കിട്ടി. പിളർപ്പിലൂടെ നിലവിൽ വന്ന പാർട്ടികൾ ഒന്നിച്ചു പ്രവർത്തിക്കാൻ തയ്യാറല്ലാതിരുന്നതുകൊണ്ട് മന്ത്രിസഭ രൂപീകരിക്കാനായില്ല. ഒരിക്കൽ പോലും യോഗം ചേരാതെ നിയമസഭ പിരിച്ചുവിടപ്പെട്ടു. ആ തെരഞ്ഞെടുപ്പ് അനുഭവം കേരളത്തിലെ പിൽക്കാല രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചു. അതിനുശേഷം സി.പി.ഐക്കും സി.പി.എമ്മിനും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ മടിയായി. രണ്ടു കൊല്ലത്തിനുശേഷം വീണ്ടും തെരരഞ്ഞെടുപ്പു നടന്നപ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് കിട്ടാവുന്നവരെയെല്ലാം കൂട്ടി ഏഴു കക്ഷികളുള്ള മുന്നണിയുണ്ടാക്കി. സി.പി.ഐ, മുസ്ലിം ലീഗ്, ആർ.എസ്.പി, എസ്.എസ്.പി, കേരളാ സോഷ്യലിസ്റ്റ് പാർട്ടി, വനം കയ്യേറ്റക്കാരുടെ താല്പര്യ സംരക്ഷണാർത്ഥം രൂപീകരിക്കപ്പെട്ട കർഷക തൊഴിലാളി പാർട്ടി എന്നിവ ഉൾപ്പെട്ട മുന്നണിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുകയും നമ്പൂതിരിപ്പാട് രണ്ടാമതും മുഖ്യമന്ത്രിയാകുകയും ചെയ്തു. അദ്ദേഹം മുസ്ലിം ലീഗും കെ.ടി.പിയുമുൾപ്പെടെ എല്ലാ സഖ്യകക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി. വീണ്ടും ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് ഒമ്പത് സീറ്റു മാത്രമാണ് കിട്ടിയത്. തുടർന്ന് ആ കക്ഷിയും മുന്നണി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. ആന്തരിക വൈരുദ്ധ്യങ്ങൾ നിറഞ്ഞ രണ്ടാം ഇ.എം.എസ് മന്ത്രിസഭ 1969ൽ നിലം‌പതിച്ചു. സപ്തമുന്നണിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വീണ്ടും അധികാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും ആ കൂട്ടുകെട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ മലീമസമായ ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിച്ചു. അതോടുകൂടിയാണ് അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥ ഉണ്ടായത്. ആ അവസ്ഥ ഇന്നും തുടരുന്നു.

സി.പി.ഐ (എം) ആ സമയത്ത് പശ്ചിമ ബംഗാളിലും സമാനമായ മുന്നണി പരീക്ഷണം നടത്തി. അവിടെ അത് കോൺഗ്രസ് വിട്ടുവന്ന അജോയ് മുഖർജി, പി.സി. ഘോഷ് എന്നീ പ്രമുഖ നേതാക്കന്മാരുമായി തെരഞ്ഞെടുപ്പിനുശേഷം ചങ്ങാത്തമുണ്ടാക്കി. മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭയിൽ സി.പി.ഐ (എം) നേതാവ് ജ്യോതി ബസു ഉപ മുഖ്യമന്ത്രിയായി. ജനകീയ സമരങ്ങളിലും തൊഴിൽ തർക്കങ്ങളിലും പൊലീസ് ഇടപെടൽ തടയുമെന്ന് മുന്നണി സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി ഘെരാവൊ സമരങ്ങൾ വ്യാപകമായി. ചില വ്യവസായികൾ പ്രവർത്തനം സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റി. കൊൽക്കത്തയിൽ ചേർന്ന സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി കേരളത്തിലും ബംഗാളിലും നിലവിൽ വന്ന മുന്നണി സർക്കാരുകൾ വേണ്ടത്ര അധികാരമുള്ളവയല്ലെങ്കിലും അവയ്ക്ക് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നുള്ളതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന് കൂടുതൽ സഖ്യകക്ഷികളെ നേടാനുള്ള ഉപകരണങ്ങളായി കണക്കാക്കാമെന്നു വിലയിരുത്തി. ബംഗാളിൽ കാലക്രമത്തിൽ ഇടതു കക്ഷികൾ മാത്രം അടങ്ങുന്ന മുന്നണി ഉണ്ടാവുകയും സി.പി.ഐ (എം)ന്റെ നേതൃത്വത്തിൽ അത് തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ അധികാരം കയ്യാളുകയും ചെയ്തു. എന്നാൽ കേരളത്തിൽ മുന്നണി സംവിധാനത്തിലൂടെ സി.പി.ഐ (എം)ന് ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമെ അധികാരത്തിലേറാൻ കഴിഞ്ഞുള്ളു. വർഗ്ഗീയ-വിഭാഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് ചില വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ വളർച്ചക്ക് തടസമായിട്ടുണ്ടെന്ന് ഇ.എം.എസ്. ഒരു ഘട്ടത്തിൽ തിരിച്ചറിയുകയും അത്തരം കക്ഷികളെ ഇടതു മുന്നണിയിൽ നിന്നൊഴിവാക്കുകയും ചെയ്തു. അവരുടെ സഹായം കൂടാതെ ഇടതു മുന്നണിക്ക് ജയിക്കാനുമായി. പിന്നിടു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വമ്പിച്ച വിജയം കൈവരിക്കാനായി. ആ വിജയം നൽകിയ അമിത ആത്മവിശ്വാസത്തിൽ സി.പി.ഐ (എം) കാലാവധി പൂർത്തിയാകും മുമ്പ് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നേരിടാൻ തീരുമാനിച്ചു. പക്ഷെ അതിന്റെ കണക്കുകൂട്ടൽ പിഴച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. അത് പഴയ ലൈനിലേക്ക് തീരിച്ചുപോകാൻ പാർട്ടിയെ പ്രേരിപ്പിച്ചു. കേരളാ കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ വർഗ്ഗീയ-വിഭാഗീയ കക്ഷികളിൽ പിളർപ്പുണ്രാകുമ്പോൾ പിണങ്ങിപ്പോകുന്നവർക്ക് കാര്യമായ ജനപിന്തുണയില്ലെങ്കിൽ പോലും പാർട്ടി അവരെ സ്വാഗതം ചെയ്യാൻ തയ്യാറായി. രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികളും തുടർച്ചയായി പിന്തുടരുന്ന വർഗ്ഗീയ-വിഭാഗീയ പ്രീണനം കേരള രാഷ്ട്രീയത്തെ മൊത്തത്തിൽ ദുഷിപ്പിച്ചു.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിവെച്ച ഭൂപരിഷകരണം, ഏതാനും കൊല്ലക്കാലത്തെ വടംവലികൾക്കുശേഷം, ഏറെ വെള്ളം ചേർത്ത്, പിന്തിരിപ്പൻ പാർട്ടികൾക്കുപോലും സ്വീകാര്യമായ നിലയിൽ, ഒടുവിൽ നിയമമായി. നിയമപ്രക്രിയ പൂർത്തിയാക്കുന്നതിലുണ്ടായ കാലതാമസം ഭൂവുടമകൾക്ക് ഭൂമി അന്യാധീനപ്പെടുത്തിയൊ തോട്ടമായി മാറ്റിയൊ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്തു കടക്കാൻ അവസരം നൽകി. തന്മൂലം പ്രതീക്ഷിച്ച മിച്ചഭൂമി ലഭിച്ചില്ല. അനേകായിരങ്ങൾ ഇപ്പോഴും ഭൂരഹിതരായി തുടരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കരണ നിയമം ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന വാദവുമായി ചില മാനേജുമെന്റുകൾ കോടതിയെ സമീപിക്കുകയുണ്ടായി. സുപ്രീം കോടതി ആ വാദം തള്ളി. ആ സർക്കാർ പുറത്താക്കപ്പെട്ടശേഷമാണ് കോടതി വിധി വന്നത്. കോൺഗ്രസ്-പി.എസ്.പി. സർക്കാരിന് സ്വാഭാവികമായും ആ നിയമം നടപ്പാക്കാൻ താല്പര്യമുണ്ടായിരുന്നില്ല. ഇ.എം.എസ്. വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ആ നിയമം നടപ്പാക്കാൻ ഒരു ശ്രമവും നടത്തിയില്ല. സി.പി.എമ്മും സി.പി.ഐയും പിന്നീടും പല തവണ അധികാരത്തിലേറിയെങ്കിലും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിനെതിരെ കുഞ്ഞുവിരൽ അനക്കിയില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ മാനേജുമെന്റുകൾക്കെതിരെ വിദ്യാർത്ഥി-യുവജന സംഘടനകളെ സമരത്തിനിറക്കുകയും അധികാരം ലഭിക്കുമ്പോൾ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് ഇപ്പോൾ ഇടതുകക്ഷികൾ പിന്തുടരുന്നത്.

ആദ്യകാല അനുഭവം തെരഞ്ഞെടുപ്പിലൂടെ പാർട്ടിയെ വളർത്താനും അതിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും വ്യാപിപ്പിക്കാ നും കഴിയുമെന്ന വിലയിരുന്നത്തൽ ശരിവെച്ചു. പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ പെടുന്ന നക്സൽബാരി എന്ന ഗ്രാമത്തിൽ ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യവുമായി ഗ്രാമീണർ 1967ൽ ആരംഭിച്ച സമരം അടിച്ചമർത്താനുള്ള പൊലീസ് ശ്രമം വെടിവെയ്പിൽ കലാശിച്ചു. ഏഴ് പെണ്ണുങ്ങളും രണ്ട് ആണുങ്ങളും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ബംഗ്ലാ കോൺഗ്രസും ഇടതു കക്ഷികളുമടങ്ങുന്ന ഐക്യ മുന്നണി സർക്കാരായിരുന്നു അന്ന് സംസ്ഥാനം ഭരിച്ചിരുന്നത്. നക്സൽബാരിയിലെ കർഷകസമരത്തെ വിപ്ലവത്തിന്റെ തുടക്കമായി കണ്ട ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി  ഇന്ത്യക്കു മേൽ വസന്തത്തിന്റെ ഇടിമുഴക്കം കേൾക്കാമെന്നെഴുതി. ആദ്യം സി.പി.ഐയുടെയും പിളർപ്പിനുശേഷം സി.പി.ഐ (എം)ന്റെയും ഭാഗമായിരുന്ന കനു സന്യാൽ. ചാരു മജുംദാർ എന്നിവരായിരുന്നു നക്സൽബാരി പ്രക്ഷോഭത്തിന്റെ നേതാക്കൾ. അവർ സി.പി.ഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. നക്സൽബാരി സംഭവവികാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ രൂപപ്പെട്ട നക്സലൈറ്റ് ഗ്രൂപ്പുകൾ നിരവധി യുവാക്കളെ ആകർഷിച്ചു. സാഹചര്യങ്ങൾ  വിപ്ലവത്തിന് അനുയോജ്യമാണെന്ന വിശ്വാസത്തിൽ അവർ സായുധസമര പരിപാടികൾ ആസൂത്രണം ചെയ്തു. ഭരണകൂടം പ്രസ്ഥാനത്തെ അമർച്ച ചെയ്യാൻ നടപടിയും  തുടങ്ങി. നിരവധി ജീവനുകൾ പൊലിഞ്ഞു. വസന്ത പ്രതീക്ഷ പൂവണിഞ്ഞില്ല.

ചാരു മജുംദാർ 1972ൽ കൊൽകത്താ ജയിലിൽ കൊല്ലപ്പെട്ടു. കനു സന്യാൽ 2010ൽ നക്സൽബാരിയിലെ വീട്ടിൽ സ്വയം ജീവനൊടുക്കി. കേരളത്തിൽ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പലരും പിൽക്കാലത്ത്  സായുധസമര പാത ഉപേക്ഷിച്ച് പൊതുമണ്ഡലത്തിൽ മറ്റ് തലങ്ങളിൽ സജീവമായി.   അവർ തുടങ്ങിവെച്ച പ്രസ്ഥാനം പിളർപ്പുകൾക്കും  കൂടിച്ചേരലുകൾക്കും ശേഷം പല പേരുകളിൽ ഇപ്പോഴും തുടരുന്നുണ്ട്. അവർ രാജ്യത്തെ ആദിവാസി മേഖലകളിൽ ഭരണകൂടത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ  സായുധ സമരത്തിന് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നവർ നന്നെ കുറവാണ്.                                                

നക്സൽബാരി പ്രസ്ഥാനം യുവഹൃദയങ്ങളിൽ ചലനം സൃഷ്ടിച്ച കാലത്ത് പൊതുജീവിതം ആരംഭിച്ച എം. എൻ. രാവുണ്ണിയുടെ പോരാട്ട ജീവിതത്തിന്റെ കഥയാണ് മാതുലാമണി ഈ ചെറിയ പുസ്തകത്തിൽ പറയുന്നത്. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാർലമെന്ററി രാഷ്ട്രീയത്തിന്റെ തത്രപ്പാടിൽ മുങ്ങിയതിന്റെ ഫലമായുണ്ടായ വിടവ് നികത്തിയത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ എത്തിച്ചേർന്ന യുവാക്കളായിരുന്നു എന്ന് മാതിലാമണി ചൂണ്ടിക്കാണിക്കുന്നു. അവർ ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നൊക്കെ ആകുലപ്പെടുന്നതിൽ അർത്ഥമില്ലെന്ന് ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയം ദുഷിച്ചതിന്റെ കെടുതി അനുഭവിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും കേരളവും. നവോത്ഥാന  പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകാൻ ചുമതലപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അത് ചെയ്യാനായില്ല. ബംഗാളിൽ ഇടതുപക്ഷ തേരോട്ടം അവസാനിച്ചിരിക്കുന്നു. സന്തോഷത്തിന് വക നൽകുന്ന സാഹചര്യങ്ങളിലല്ല അത് സംഭവിച്ചത്. വളർച്ചയുടെ ഘട്ടത്തിൽ മുഖ്യധാരാ ഇടതുപക്ഷം ഉപയോഗിച്ച തന്ത്രങ്ങൾ പ്രയോഗിച്ചാണ് എതിരാളികൾ അതിനെ ഒടുവിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഈ പശ്ചാത്തലത്തിൽ പാർലമെന്ററി പ്രവർത്തനത്തിലേർപ്പെട്ട ഇടതുപക്ഷം ബഹുജന താല്പര്യങ്ങൾ ബലികഴിച്ചുകൊണ്ടാണ് മുന്നേറുന്നതെന്ന് മറ്റാരെക്കാളും മുമ്പെ തിരിച്ചറിയാൻ കഴിഞ്ഞവരെന്ന നിലയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ ജീവിതം  പഠനമർഹിക്കുന്നു. 
(മാതുലാമണി എഴുതിയതും ഗ്രീൻ ബുക്സ്, തൃശ്ശൂർ, പ്രസിദ്ധീകരിച്ചതുമായ “മുണ്ടൂർ രാവുണ്ണി: തടവറയും പോരാട്ടവും” എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)
കലാകൌമുദി

No comments: