Monday, August 31, 2009

ഓണാശംസകള്‍

എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍!

പോയിമറഞ്ഞ നല്ല കാലത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കുന്നതിനോടൊപ്പം

ഇനിയും നല്ല കാലം വരുമെന്ന പ്രതീക്ഷയും നമുക്ക് പുലര്‍ത്താം

Sunday, August 30, 2009

ഫേസ്ബുക്കില്‍ ഉയര്‍ത്തുന്ന ചോദ്യം

പോള്‍ എം. ജോര്‍ജിന്റെ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി വിജയന്‍.
മാധ്യമങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ താന്‍ ആളല്ലെന്ന് വി.എസ്. അച്യുതനന്ദന്‍. കൊല്ലപ്പെട്ട മുത്തൂറ്റ് മുതലാളി സി.പി.എം. വിഭാഗീയതയുടെ തിരിച്ചുവരവിന്‌ കാരണമാവുകയാണോ?

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കു മുന്നില്‍ ഞാന്‍ അവതരിപ്പിച്ചിട്ടൂള്ള ചോദ്യമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇവിടെയും അല്പം തമാശ ആകാം.

Tuesday, August 25, 2009

ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍

ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത സഭയല്ല നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. പരിമിതമായ വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ പ്രിവിശ്യാ നിയമസഭകളാണ് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗങ്ങളെ തെരഞ്ഞെടുത്തത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിച്ചപ്പോള്‍ അവയ്ക്കും സഭയില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടു. ഏതാനും നാട്ടുരാജ്യങ്ങളില്‍ മാത്രമാണ് നിയമസഭകള്‍ ഉണ്ടായിരുന്നത്. നിയമസഭകളില്ലാത്ത രാജ്യങ്ങളുടെ പ്രതിനിധികളെ രാജാക്കന്മാരാണ് നാമനിര്‍ദ്ദേശം ചെയ്തത്. പ്രാതിനിധ്യസ്വഭാവമില്ലാത്ത സഭകളും രാജാക്കന്മാരുമാണ് അവരെ ഭരണഘടനാ നിര്‍മ്മാണസഭയിലെത്തിച്ചതെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെയാകെ പ്രതിനിധീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അംഗങ്ങള്‍ വിശ്വസിച്ചു. സ്വതന്ത്ര ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് സാക്ഷാത്കരിക്കാനുള്ള ചുമതല തങ്ങളില്‍ അര്‍പ്പിതമാണെന്നുമുള്ള വിശ്വാസത്തില്‍ അവര്‍ അതിനുതകുന്ന തരത്തിലുള്ള ഭരണഘടന
തയ്യാറാക്കി. എന്നിട്ട് അതിന്റെ നിര്‍മ്മാതാക്കള്‍ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍“ ആണെന്ന് ആമുഖത്തില്‍ എഴുതിവെച്ചു. പല രാജ്യങ്ങളിലെയും ഭരണഘടനകള്‍ പഠിച്ചശേഷം അവയിലെ നല്ല അംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമപണ്ഡിതര്‍ ഭരണഘടനയുടെ കരട് തയ്യാറാക്കി. അതുകൊണ്ടാണ് അത് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായിത്തീര്‍ന്നത്. എല്ലാ പൌരന്മാര്‍ക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖം
പ്രഖ്യാപിക്കുന്നു.

നമ്മുടെ ഭരണഘടനയുടെ സവിശേഷത ഈ പ്രഖ്യാപനത്തില്‍നിന്ന് വായിച്ചെടുക്കാം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രാന്‍സില്‍ വിപ്ലവകാലത്ത് ഉയര്‍ന്ന ആശയങ്ങളാണ്. അവ വളരെ വേഗം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളായി ലോകമൊട്ടുക്ക് അംഗീകാരം നേടി. നമ്മുടെ ഭരണഘടനയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അത് നീതിയെ ഈ തത്വങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നതാണ്. അത് നീതിസങ്കല്പത്തെ ഇങ്ങനെ വിശദീകരിക്കുകയും ചെയ്യുന്നു: “സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി“. ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന മിക്ക രാജ്യങ്ങളും സാമൂഹികമായി ഏറെക്കുറെ ഏകമാന സ്വഭാവമുള്ളവയാണ്. അവിടങ്ങളില്‍ സാമൂഹിക അസമത്വം ഒരു ഗുരുതരമായ പ്രശ്നമല്ല. ബഹുഭൂരിപക്ഷം ജനങ്ങളും നൂറ്റാണ്ടുകളായി ക്രമീകൃത അസമത്വത്തിന് വിധേയരായിരുന്ന ഈ
രാജ്യത്ത് തുല്യത ഉറപ്പുവരുത്താതെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവില്ലെന്ന തിരിച്ചറിവാണ് നീതിക്ക് പ്രാഥമികത്വം നല്‍കാന്‍ ഭരണഘടനാനിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. നീതി -- സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി --ഉറപ്പാക്കുന്നതിലുള്ള വിജയമൊ പരാജയമൊ ആവും ആത്യന്തികമായി നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഭാവി നിര്‍ണ്ണയിക്കുക. ജനാധിപത്യത്തിന് നിരക്കാത്ത പലതും രാജ്യത്ത് നടക്കുന്നുണ്ട്. അധികാരം കയ്യാളുന്നവരും അവര്‍ക്കെതിരെ നിലകൊള്ളുന്നവരും അത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലരുടെ ലക്ഷ്യം നീതി നിഷേധമാണ്. മറ്റ് ചിലരുടേത് നീതിനേടലും.

അടിസ്ഥാനപരമായി എല്ലാ ജനാധിപത്യ ഭരണഘടനകളും അധികാരം എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡിഷ്യറി എന്നീ ഭരണകൂട ശാഖകള്‍ക്ക് വീതിച്ചു നല്‍കുകയും അവ പരസ്പരം നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സംവിധാനമാണ് നമ്മുടെ ഭരണഘടനയും രൂപപ്പെടുത്തിയത്. എന്നാല്‍ അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ അതിലെ പരസ്പരനിയന്ത്രണ വ്യവസ്ഥകള്‍ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവിന്റെ തലപ്പത്തുള്ളത് അതിശക്തനായ വ്യക്തിയാണെങ്കില്‍ നിയമസഭയ്ക്ക് അതിനെ നിയന്ത്രിക്കാനുള്ള കഴിവ് ചുരുങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ ഇത്തരത്തിലുള്ള സാഹചര്യമാണുണ്ടായിരുന്നത്. പിന്നീട് രാഷ്ട്രീയരംഗത്ത് കടുത്ത ശൈഥില്യം സംഭവിക്കുകയും എക്സിക്യൂട്ടീവ് ദുര്‍ബലമാവുകയും ചെയ്തു. പരസ്പരം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും കഴിവ് ക്ഷയിച്ചപ്പോള്‍ അവയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൌരന്മാര്‍ക്ക് ആശ്രയിക്കാവുന്ന ഏക സ്ഥാപനമെന്ന നിലയില്‍ ജുഡിഷ്യറിയുടെ യശസ് വര്‍ദ്ധിച്ചു. ഇത് ജുഡിഷ്യറിക്ക് അതിന്റെ അധികാരം വിപുലീകരിക്കാന്‍ അവസരം നല്‍കി. ആ അവസരം ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സ്വയം ഏറ്റെടുത്തു.

ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ഭരണഘടന നല്‍കിയത് രാഷ്ട്രപതിക്കാണ്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് രാഷ്ട്രപതി എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ചീഫ് ജസ്റ്റിസുമായി ആലോചിക്കണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആലോചിക്കണമെന്ന വ്യവസ്ഥകൊണ്ട് അര്‍ത്ഥമാക്കുന്നത് നിയമനത്തിന് ചീഫ് ജസ്റ്റിസിന്റെ അംഗീകാരമുണ്ടാകണമെന്നാണെന്ന് സുപ്രീം കോടതി ഒരു വിധിയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസും മറ്റ് രണ്ട് മുതിര്‍ന്ന ജഡ്ജിമാരും കൂടി തീരുമാനിക്കുന്നവരെ മാത്രമെ രാഷ്ട്രപതിക്ക് ജഡ്ജിമാരായി നിയമിക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവന ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. തന്നെയുമല്ല ജനാധിപത്യത്തിനൊ സാമാന്യ ബുദ്ധിക്കൊ നിരക്കുന്നതുമല്ല. ഭരണഘടനയനുസരിച്ച് അതിന്റെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കാനുള്ള അധികാരം കോടതിക്കാണ്. കോടതി ഇതിനെ ഭരണഘടനാ വ്യവസ്ഥകള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അവകാശമായി വിപുലപ്പെടുത്തിയിരിക്കുകയാണ്.

തങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാരാണെന്ന ധാരണ കോടതിക്കുണ്ടെന്നും ദുര്‍ബലമായ മറ്റ് സ്ഥാപനങ്ങള്‍ ഇത് സമ്മതിച്ചുകൊടുക്കാന്‍ തയ്യാറാണെന്നുമാണ് നിലവിലുള്ള അവസ്ഥ സൂചിപ്പിക്കുന്നത്. ആമുഖം സൂക്ഷ്മബുദ്ധിയോടെ പരിശോധിച്ചാല്‍ ഭരണഘടന ഏതെങ്കിലും സ്ഥാപനത്തെ അതിന്റെ സൂക്ഷിപ്പുകാരാക്കിയിട്ടില്ലെന്ന് കാണാവുന്നതാണ്. “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” ഭരണഘടന “ഞങ്ങള്‍ക്കു തന്നെ നല്‍കുന്നു” എന്നാണ് അത് പറയുന്നത്. അതായത് ഭരണഘടനയുടെ നിര്‍മ്മാതാക്കളായ ജനങ്ങള്‍ തന്നെയാണ് അതിന്റെ സൂക്ഷിപ്പുകാരും.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് അലഹബാദ് ഹൈക്കോടതിയും ഉത്തര്‍ പ്രദേശ് നിയമസഭയും തമ്മില്‍ ഒരു അധികാരതര്‍ക്കം ഉണ്ടായി. അന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപദേശിച്ചതനുസരിച്ച് രണ്ട് സ്ഥാപനങ്ങളുടെയും അധികാരവ്യാപ്തിയെക്കുറിച്ച് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ കോടതി പറഞ്ഞത് ഓരോന്നിനും അതിന്റെ മണ്ഡലത്തില്‍ പരമാധികാരമുണ്ടെന്നായിരുന്നു. എന്നാല്‍ പിന്നീട്, ഒരു വിധിന്യായത്തില്‍, എല്ലാ സ്ഥാപനങ്ങളുടെയും അധികാരത്തിന്റെ ഉറവിടം ഭരണഘടനയാകയാല്‍ പരമാധികാരം ഭരണഘടനയില്‍ നിക്ഷിപ്തമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അധികാരത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഭരണഘടന കഴിഞ്ഞും തുടരണം. ഭരണഘടനയുടെ പരമാധികാരത്തിന്റെ സ്രോതസ് എന്താണ്? ആ ചോദ്യത്തിനുള്ള ഉത്തരം അതിന്റെ ആമുഖത്തില്‍ തന്നെയുണ്ട്. അത് ജനങ്ങളാണ് -- ഭരണഘടനയുടെ നിര്‍മ്മാതാക്കളും സൂക്ഷിപ്പികാരുമായ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”.

ഭരണഘടന മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമാകണം. മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍“ നല്‍കിയത് പാര്‍ലമെന്റിനാണ്. കോടതി ഇടപെടലുകളിലൂടെ ഭരണഘടനയിലുണ്ടായ മാറ്റങ്ങളില്‍ പലതും ജനാഭിലാഷങ്ങള്‍ക്ക് അനുസൃതമാണ്. എന്നാല്‍ അങ്ങനെയല്ലാത്ത ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റം അത്തരത്തിലൊന്നാണ്. പല നിയമ
വിദഗ്ദ്ധരും ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്. ആ തെറ്റ് തിരുത്തപ്പെടണം. ഒരു വിധിയിലൂടെ സുപ്രീം കോടതി തന്നെ അത് ചെയ്യുന്നത് നന്നായിരിക്കും. കോടതി അതിന് തയ്യാറാകുന്നില്ലെങ്കില്‍, ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ അധികാരമുള്ള സ്ഥാപനമെന്ന നിലയില്‍ പാര്‍ലമെന്റ് ആ ചുമതല നിര്‍വഹിക്കണം.

അഞ്ചു കൊല്ലത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടുമാത്രം നാമൊരു ജനാധിപത്യസമൂഹമാവില്ല. ഓരോ ഭരണഘടനാ സ്ഥാപനവും അതിന്റെ ചുമതലകള്‍ യഥാവിധി നിര്‍വഹിക്കുന്നെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഭരണഘടനയുടെ സൂക്ഷിപ്പുകാരെന്ന നിലയില്‍ ജനങ്ങള്‍ക്കുണ്ട്. അധികാരപരിധി ലംഘിക്കാനുള്ള പ്രവണത ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പൌരസമൂഹം ജാഗ്രത പുലര്‍ത്തുകയും ഒരു സ്ഥാപനവും മറ്റുള്ളവയുടെ മേഖലകളില്‍
കടന്നുകയറുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇത് തുടര്‍ച്ചയായി ചെയ്യേണ്ട പ്രക്രിയയാണ്. (മാധ്യമം വാര്‍ഷികപ്പതിപ്പ്)

Sunday, August 23, 2009

അഴിമതിവിരുദ്ധ കൂട്ടായ്മ

സി.ആര്‍.നീലകണ്ഠന്റെ നേതൃത്വത്തില്‍ സാമൂഹിക സാംകാരിക പ്രവര്‍ത്തകര്‍ ഒരു അഴിമതിവിര്‍ദ്ധ കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നു.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കണ്‍‌വന്‍ഷന്‍ സി.ആര്‍.നീലകണ്ടന്‍ (കണ്‍‌വീനര്‍), ഡോ. ആസാദ്, എം.ആര്‍.മുരളി, ളാഹ ഗോപാലന്‍, കെ.അജിത, ജോണ്‍ കൈതാരത്ത്, എം.നന്ദകുമാര്‍ തുടങ്ങിയവരടങ്ങുന്ന ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.

ഈ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിപൂര്‍ണ്ണ പിന്തുണ അര്‍ഹിക്കുന്ന ഒന്നയാണ്‌ ഞാന്‍ കാണുന്നത്. കാരണം പ്രത്യയശാസ്ത്രപരമായ അവകാശവാദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് കേരള രാഷ്ട്രീയത്തിലെ മുഖ്യ ചാലക ശക്തിയായി അഴിമതി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒഴുകുന്ന പതിനായിരക്കണക്കിന്‌ കോടി രൂപയില്‍ എത്രയാണ്‌ അഴിമതിയുടേ ചാലിലെത്തുന്നതെന്ന് കണക്കാക്കുക എളുപ്പമല്ല. എന്നാല്‍ അത് ഒരു ചെറിയ അംശമല്ലെന്ന് ഉറപ്പായി പറയാനാകും. ഭരണത്തിന്റെ രാഷ്ട്രീയ-ഔദ്യോഗിക ശാഖകളെ അത് ഒരുപോലെ പരിപോഷിപ്പിക്കുന്നു.

അഴിമതി മൂലം പാഴായ പണത്തിന്റെ കണക്കും ലഭ്യമല്ല. പക്ഷെ കോടികള്‍ ഒഴുക്കിയ കല്ലട പദ്ധതിയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ അതിന്റെ വ്യാപ്തിയെക്കുറിച്ച് സൂചന നല്‍കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ആദിവാസികളുടെ ഊരുകളില്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ പാലും തേനും ഒഴുക്കാനുള്ള പണം സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ മെച്ചപ്പെട്ടത് ആദിവാസി ജീവിതമല്ല, ഇടനിലക്കാരുടെ ജീവിതമാണ്‌.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് ഭരണത്തിന്‌ നേതൃത്വം നല്‍കിയവരുടെ നിരയില്‍ ഇ.എം.എസ്.
നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍‍, എ.കെ.ആന്റണി എന്നിങ്ങനെ രാഷ്ട്രീയ സംശുദ്ധിയ്ക്ക് പുകഴ്പെറ്റവരുണ്ട്. അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു അവര്‍. എന്നാല്‍ അവര്‍ ഒരു അഴിമതിക്കേസെങ്കിലും പുറത്തുകൊണ്ടുവരികയൊ ഒരു അഴിമതിക്കാരനെയെങ്കിലും
തുറന്നുകാട്ടുകയൊ ചെയ്തതായി ഓര്‍ത്തെടുക്കാനാകുമൊ? അഴിമതിക്കുനേരെ കണ്ണടച്ചുകൊണ്ട് സംശുദ്ധി നിലനിര്‍ത്തിയിട്ടെന്തു കാര്യം?

നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഴിമതി കൂടാതെ നിലനില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. കൊല്ലം തോറും വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തന ഫണ്ടുകള്‍ പിരിച്ചിരുന്നവര്‍ ആ പതിവ് ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കോഴപ്പണത്തെ ആശ്രയിക്കുകയാണെന്നാണ്‌ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഈ സാഹചര്യത്തില്‍ അവയ്ക്ക് പുറത്ത് രൂപം കൊള്ളുന്ന ഒരു പ്രസ്ഥാനത്തിനേ അഴിമതിയ്ക്കെതിരെ പോരാടാനാകൂ.

Monday, August 17, 2009

കേരളം ഇന്നലെ, ഇന്ന്, നാളെ

മലയാളി സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെ വിലയിരുത്തുന്നതിനായി പത്രം വാരിക ഞാനുള്‍പ്പെടെ ചിലര്‍ക്ക് ഒരു ചോദ്യാവലി അയച്ചുകൊടുക്കുകയുണ്ടായി. അതിന്‌ ഞാന്‍ നല്‍കിയ മറുപടി ചുവടെ ചേര്‍ക്കുന്നു.

വളരാനും മുന്നേറാനും മലയാളികള്‍ക്കുണ്ടായിരുന്നത്ര സാധ്യത സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു ജനതയ്ക്കുമുണ്ടായിരുന്നില്ല. അതിന്‍ നാം നന്ദി പറയേണ്ടത് ഒരു മുന്‍ തലമുറയ്ക്കാണ്‍. പുതിയ പാത വെട്ടിത്തുറന്ന്, ഭ്രാന്താലയമെന്ന ദുഷ്പേര്‍ നേടിയ നാടിന്‍, സമൂഹികമായും സാമ്പത്തികമായും മുന്നേറാനുള്ള അവസരം ഒരുക്കിയിട്ടാണ്‍ അവര്‍ കടന്നു പോയത്. ആ അവ്സരം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്കായില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ രാഷ്ട്രീയ ഔദ്യോഗിക ഭരണ നേതൃത്വങ്ങള്‍‌ക്കൊപ്പം പൊതുസമൂഹത്തിനും പങ്കുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിനു പുറത്തു കഴിഞ്ഞ നാല്‍ പതിറ്റാണ്ടു കാലത്ത് ഇക്കാര്യത്തിലെ നമ്മുടെ വീഴ്ചയെക്കുറിച്ച് ചിന്തിച്ചിരുന്നു. മലയാളികള്‍ അജ്ഞന്മാരും അഹങ്കാരികളുമാണോയെന്ന ചോദ്യം അപ്പോള്‍ മനസ്സിലുദിക്കുകയുണ്ടായി. മുപ്പത് കൊല്ലം മുമ്പ് ഗള്‍ഫ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു അറബി മുതലാളി പറഞ്ഞു: “എന്റെ സ്ഥാപനത്തില്‍ ധാരാളം മലയാളികളുണ്ട്. എല്ലാം നല്ലപോലെ പണിയെടുക്കുന്നവര്‍. കൂടുതല്‍ ആളുകള്‍ വേണമെങ്കില്‍ ഞാന്‍ കൂടുതല്‍ മലയാളികളെ കൊണ്ടുവരും.“ പ്രശ്നം മലയാളികളിലല്ല അവര്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ നിരീക്ഷണം സഹായിച്ചു.

എന്റെ കുട്ടിക്കാലത്ത് കേരളം ദരിദ്രപ്രദേശമായിരുന്നു. മഹായുദ്ധം നടക്കുകയാണ്‍. ആഹാരം കിട്ടാനില്ല. അരിക്കു പകരം റേഷന്‍ കടകള്‍ പഞ്ഞപ്പുല്ല്ല് നല്‍കുന്നു. പണി കിട്ടാനില്ലാത്തതുകൊണ്ട് അത് വാങ്ങാനുള്ള കഴിവുപോലും പലര്‍ക്കുമില്ല. എളുപ്പം പണി കിട്ടാവുന്നത് പട്ടാളത്തിലൊ പട്ടാള ആവശ്യം മുന്‍ നിര്‍ത്തിയുള്ള സംരംഭങ്ങളിലൊ ആണ്‍. അസം അതിര്‍ത്തിയില്‍ റോഡ് പണിയ്ക്ക് പോകുന്നവരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക തീവണ്ടികള്‍ പതിവ് കാഴ്ചയായിരുന്നു.

ജനങ്ങള്‍ വിദ്യാഭ്യാസത്തെ രക്ഷാമാര്‍ഗ്ഗമായി കണ്ടു. പക്ഷെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ പരിമിതമായിരുന്നു. അത് ഭാവിയെക്കുറിച്ചുള്ള മുന്‍ തലമുറയുടെ സങ്കല്പം ശ്രീപത്മനാഭന്റെ ചക്രം വാങ്ങാനുള്ള യോഗ്യത നേടുകയെന്നതായിരുന്നു. മുതിര്‍ന്നവര്‍ ഞങ്ങളെ ഉപദേശിച്ചത് ‘ചിറകുവെച്ച് പറന്നുപോ‘കാനായിരുന്നു. ആ തന്ത്രം ഞങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും അയല്‍ രാജ്യങ്ങളിലുമെത്തിച്ചു. ആ രക്ഷാമന്ത്രമാണ്‍ പിന്നാലെ വന്നവരെ കുതിച്ചുയര്‍ന്ന എണ്ണ വില പെട്ടെന്ന് സമ്പന്നമാക്കിയ ഗള്‍ഫ് നാടുകളിലെത്തിച്ചതും. അതേ കാലത്തു തന്നെ ചെറിയ തോതില്‍ പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റവും നടന്നു. മറുനാടുകളുകളില്‍ പണിയെടുക്കുന്നവര്‍ നാട്ടിലെ കുടുംബങ്ങളെ കരകയറ്റാന്‍ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് അയച്ചുകൊടുക്കുന്ന പതിവ് നേരത്തെ ആരംഭിച്ചിരുന്നു. ഗള്‍ഫിലും പാശ്ചാത്യ നാടുകളിലും പോയവര്‍ക്ക് മുന്‍ പ്രവാസികള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാഞ്ഞ തോതില്‍ മിച്ചം പിടിക്കാനും പണമയക്കാനും കഴിഞ്ഞു. ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊല്ലം തോറും ഏകദേശം 300 കോടി രൂപയാണ്‍ കേരളത്തില്‍ എത്തിയിരുന്നത്. കാലക്രമത്തില്‍ അത് 30,000 കോടിയായി ഉയര്‍ന്നു. കാല്‍ നൂറ്റാണ്ടു കാലത്ത് കുറഞ്ഞത് ഒന്നൊ ഒന്നരയൊ ലക്ഷം കോടി രൂപ എത്തിയിരിക്കണം. ആ പണം മണിമന്ദിരങ്ങളും ആഢംബരവസ്തുക്കളും ആഭരണങ്ങളും വാഹനങ്ങളുമായി മാറി. ഏതാണ്ട് 25,000 കോടി രൂപ ബാങ്കുകളില്‍ കിടന്നു.

പുറത്തുനിന്നു ഒഴുകിയെത്തിയ പണത്തിന്റെ ബലത്തില്‍, കൃഷിയില്‍ പിന്നാക്കം പോയിട്ടും വ്യവസായത്തില്‍ പുരോഗതി നേടാനാകാഞ്ഞിട്ടും പ്രതിശീര്‍ഷ വരുമാനത്തിലും ചിലവിലും ഈ രണ്ട് മേഖലകളിലും വലിയ മുന്നേറ്റം നടത്തിയ പഞ്ചാബിനൊപ്പമെത്താന്‍ കേരളത്തിനായി. ആ പണത്തിന്റെ നല്ല ഭാഗം ഉല്പാദനക്ഷമമായ മേഖലകളിലെത്തിയിരുന്നെങ്കില്‍ സാമൂഹിക വികസനത്തില്‍ ലോകത്തെ മുന്‍ നിര രാജ്യങ്ങള്‍‌ക്കൊപ്പം നില്‍ക്കുന്ന ഈ നാടിന്‍ സാമ്പത്തിക വികസനത്തിലും ഒരുപക്ഷെ അവയ്‌ക്കൊപ്പം എത്താനാകുമായിരുന്നു. പക്ഷെ നിരാശപ്പെടേണ്ടതില്ല. അത് കൂടാതെ തന്നെ കേരളം ഡെങ് സ്യാഓപിങ് കാട്ടിയ പാതയിലൂടെ വികസിച്ച മധുര മനോജ്ഞ ചൈനയ്ക്ക് മുകളിലാണ്‍. ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്ക് താഴെ തന്നെ.

പലപ്പോഴും പണം ചിലവാക്കുന്നത് അത് സമ്പാദിക്കുന്നവരല്ല, നാട്ടിലിരിക്കുന്ന അവരുടെ ബന്ധുക്കളാണ്‍. പണത്തിന്റെ വിലയെക്കുറിച്ച് വിയര്‍‌പ്പൊഴുക്കി അത് സമ്പാദിക്കുന്നവരുടേതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്‍ വിയര്‍പ്പൊഴുക്കാതെ അത് ചിലവാക്കുന്നവരുടേത്. ഈ വസ്തുത നമ്മുടെ വലിയ ഉപഭോഗവസ്തു വിപണിയ്ക്ക് സവിശേഷമായ സ്വഭാവം നല്‍കുന്നു. വിദേശപ്പണം ഒഴുകുന്ന ചാലിന്റെ അരികുകളില്‍ കഴിയുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുന്നു. നിര്‍മ്മാണം, വ്യാപാരം, ആശുപത്രി എന്നിങ്ങനെയുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെക്കുറെ ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെയും കോഴ വാങ്ങുന്ന സ്കൂള്‍, കോളെജ് ഉടമകള്‍, ഉദ്യോഗസ്ഥന്മാര്‍, നേതാക്കന്മാര്‍ തുടങ്ങിയവര്‍ക്ക് ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയും അതിന്റെ ഗുണം ലഭിക്കുന്നു. വിവാഹക്കമ്പോളത്തിലൂടെയും ആ പണം ഒഴുകുന്നുണ്ട്. അതൊഴുകുന്ന ചാലുകളില്‍ നിന്ന് ദൂരത്ത് കഴിയുന്ന ആദിവാസികള്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. അവര്‍ ദരിദ്രരായി തുടരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ബീപ്പീയെല്‍ എന്ന ലേബല്‍ നല്‍കി സൌജന്യങ്ങള്‍ നല്‍കുന്നു. ബീപ്പീയെല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ കോഴ കൊടുത്തൊ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചൊ ലേബല്‍ സംഘടിപ്പിക്കുന്നു. ഗള്‍ഫ് കുടുംബങ്ങളും അക്കൂട്ടത്തിലുണ്ടത്രെ.

വന്‍ തോതിലുള്ള പണമൊഴുക്ക് ജീവിതരീതികളില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സ്വാഭാവികം മാത്രം. കൃഷിയില്‍ പിന്നിലാണെങ്കിലും ആഹാരം ഇന്ന് പ്രശ്നമല്ല. ആവശ്യമുള്ളത് മറ്റിടങ്ങളില്‍ നിന്ന് വാങ്ങി കഴിക്കാനുള്ള പണമുള്ളതുകൊണ്ട് നാം രേഷന്‍ കടയില്‍ പോകുന്നില്ല. നമ്മുടെ പേരില്‍ സര്‍ക്കാര്‍ റേഷന്‍ കടകളിലെത്തിക്കുന്ന അരി മറ്റെവിടെയോ പോകുന്നു. നാം ഹാപ്പി, സര്‍ക്കാര്‍ ഹാപ്പി, റേഷന്‍ കടക്കാര്‍ ഹാപ്പി.

വാര്‍ത്ത അറിയാന്‍ നമുക്കിന്ന് ചായക്കടയിലൊ വായനശാലയിലൊ പോകേണ്ട പത്രമെത്തും മുമ്പെ വീട്ടിലെ ടെലിവിഷന്‍ സെറ്റ് വാര്‍ത്ത ‘പൊട്ടിക്കുന്നു‘. അത് ആവശ്യാനുസരണം നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും കൂടി ചെയ്യുന്നു. അത് കാണിച്ചുര്തരുന്ന റീയാലിറ്റി പുറംലോകത്തെ റീയാലിറ്റിയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്നു. ടിവിയിലൂടെയൊ വ്യാജ സിഡിയിലൂടെ സിനിമ കാണാമെന്നതു കൊണ്ട്‍ നമുക്ക് തിയേറ്ററിലേക്കും പോകേണ്ട. പോകേണ്ടിവന്നാല്‍ ബാല്‍ക്കണിയാണ്‍ ലക്ഷ്യം. അവിടെ ഇടം കിട്ടിയില്ലെങ്കിലെ മറ്റൊരിടത്ത് ഇരിക്കുന്ന കാര്യം ചിന്തിക്കൂ. ജീവിതം സുരക്ഷിതമാക്കാന്‍ നമുക്ക് ധാരാളം സംവിധാനങ്ങളുണ്ട്. ആദ്യമായി ചെയ്യേണ്ടത് ആപത്തില്‍ പെട്ടാല്‍ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയാണ്‍. ജാതിയും മതവും പോലെ രാഷ്ട്രീയവും ഇപ്പോള്‍ ജന്മസിദ്ധമാണ്‍. കക്ഷി ബന്ധം ഉറപ്പാക്കിക്കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികാലവും തൊഴില്‍ ജീവിതകാലവുമുള്‍പ്പെടെ എല്ലാ കാലത്തും നമ്മെ സംരക്ഷിക്കാന്‍ സംഘടനകളായി. കാലം രാഷ്ട്രീയത്തിലും മറ്റം വരുത്തി. പരിപ്പു വട തിന്ന്, കട്ടന്‍ കാപ്പി കുടിച്ച്, വിപ്ലവ സന്ദേശം പ്രചരിപ്പിച്ചവര്‍ക്ക് വംശനാശം സംഭവിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ആഢംഭര കാറുകളില്‍ ഓടിനടന്ന് മുതലാളിത്ത വികസനത്തിന്റെ സന്ദേശം പരത്തുന്ന പുതിയ ജനുസ് രംഗം കയ്യടക്കിയിരിക്കുന്നു. രസീതു പുസ്തകവുമായി നടന്ന് പിരിക്കുന്ന ചെറിയ തുകകള്‍ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്ന കാലം കഴിഞ്ഞു. അതുകൊണ്ട് പാര്‍ട്ടികള്‍ ഇപ്പോള്‍ പതിനായിരം ചോദിച്ചാല്‍ ലക്ഷം കൊടുക്കാന്‍ തയ്യാറുള്ള ഉദാരമതികളെ ആശ്രയിക്കുന്നു. നാം ഹാപ്പി, പാര്‍ട്ടി ഹാപ്പി, കോടിപതി ഹാപ്പി. .

പണ്ട് പണ്ട് കൊച്ചിയില്‍ നാലര ലക്ഷം രൂപയുടെയും തിരുവിതാംകൂറില്‍ രണ്ടര ലക്ഷം രൂപയുടെയും അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഒരു ഹാസ്യ മാസിക കൊച്ചു കൊച്ചി തിരുവിതാംകൂറിനെ പിന്നിലാക്കിയതില്‍ പരിതപിച്ചു. ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് 300 കോടിയുടെ ആരോപണമാണ്‍. പുതിയ നേതാക്കള്‍ തങ്ങളെ പരിഹാസ്യരാക്കുന്നെന്ന് ജനങ്ങള്‍ പരാതിപ്പെടുമെന്ന് തോന്നുന്നില്ല. നേതാക്കള്‍ക്ക് വേണമെങ്കില്‍ ബ്രിട്ടനിലെ പാര്‍ലമെന്റില്‍ അഴിമതിക്ക് വിചാരണ ചെയ്യപ്പെട്ട വാറന്‍ ഹേസ്റ്റിങ്സിനെപ്പോലെ എത്ര കുറച്ചാണ്‍ തങ്ങള്‍ വാങ്ങിയതെന്നോര്‍ത്ത് അത്ഭുതം കൂറാം. ആദ്യ കേരള സര്‍ക്കാര്‍ ക്ഷണിച്ചു കൊണ്ടുവന്ന മുതലാളി വലിയ ലാഭമുണ്ടാക്കി. നാട്ടില്‍ ഏറെ നാശം വിതറുകയും ചെയ്തു. തുടര്‍ന്നുവന്ന സര്‍ക്കാര്‍ മൂന്നാം അഞ്ചാണ്ട് പദ്ധതി തയ്യാറാക്കിയപ്പോള്‍ ഇരുമ്പൊ കല്‍ക്കരിയൊ ഇല്ലാത്തതുകൊണ്ട് നമുക്ക് ചോദിക്കാനുള്ള അര്‍ഹതപോലുമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇഞ്ചിനീയറിങ് പ്രോജക്ടിനു വേണ്ടി വെറുതെ ഒന്ന് പിടിച്ചുനോക്കി. പിന്നീട് നമുക്ക് ഒരു കപ്പല്‍ നിര്‍മ്മാണശാല കിട്ടി. പക്ഷെ കപ്പല്‍ നിര്‍മ്മിക്കാന്‍ കാര്യമായ അവസരം ലഭിച്ചില്ല. നീണ്ട കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യബോധത്തോടെ ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ട് അവയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്‍ നാം. സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ വ്യവസായങ്ങളുടെ ശവപറമ്പുകളായി മാറിയ ഘട്ടത്തില്‍ അവയ്ക്ക് പുറത്ത് സ്വകാര്യ സംരഭകര്‍, പല വ്യവസായങ്ങളും വിജയകരമായി നടത്തിവരുന്നുണ്ട്. പക്ഷെ നേരത്തെ തുടങ്ങിയ, പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിശേഷിക്കപ്പെടുന്നവ ഇല്ലാതായി. അവയുടെ തകര്‍ച്ചയുടെ ഒരു കാരണം നമ്മുടെ മുതലാളിമാരുടെ പിന്നാക്കാവസ്ഥയായിരുന്നു. മറ്റൊരു കാരണം തൊഴിലാളി പ്രസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയും. രണ്ട് കൂട്ടരുടെയും പ്രശ്നം ഫ്യൂഡല്‍ സ്വാധീനത്തില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ലെന്നതാണ്‍. അര്‍ബുദം ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്തെങ്കിലും ബാക്കി നിന്നാല്‍ അത് വളര്‍ന്ന് എല്ലായിടത്തേക്കും പടരുന്നതുപോലെ നിര്‍വര്‍ഗ്ഗീകരിച്ച് വിപ്ലവകാരികളായ ജന്മിമാരുടെ ഉള്ളില്‍ അവശേഷിച്ച ജന്മിത്വത്തിന്റെ അംശം വളര്‍ന്ന് മനസ് മുഴുവന്‍ വ്യാപിച്ചു. ജന്മിത്വപാരമ്പര്യമില്ലാത്തവര്‍ പിന്നീട് ഉയര്‍ന്ന് വന്നെങ്കിലും അവരുടെ റോള്‍ മോഡലുകള്‍ മുന്‍‌ഗാമികളായ മുന്‍‌ജന്മിമാരായിരുന്നു. അവരിലൂടെ ഫ്യൂഡല്‍ പാരമ്പര്യം തുടരുന്നു.

മലയാളി സമൂഹത്തിന്റെ ഭാവിയെക്കുറിച്ച്? ഭരണഘടന ഇന്നത്തെ നിലയില്‍ നിലനില്‍ക്കുന്നിടത്തോളം കേരളവും കേരളസമൂഹവുമുണ്ടാകും. എന്നാല്‍ മലയാളവും മലയാള സമൂഹവുമുണ്ടാകണമെന്നില്ല. ഇംഗ്ലീഷിലൂടെ മാത്രമെ മക്കള്‍ക്ക് രക്ഷപ്പെടാനാകൂയെന്ന മാതാപിതാക്കളുടെ വിശ്വാസം പുതിയ തലമുറയെ മലയാളത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്‍. പുതിയ സാങ്കേതികവിദ്യ തുറന്നുകൊടുക്കുന്ന ലോകത്ത് വിജയിക്കാന്‍ മലയാളം മതിയാവില്ലെന്ന് വന്നാല്‍ ഭാഷ പഠിച്ചവരും അതിനെ ഉപേക്ഷിച്ചെന്ന് വരും. സമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം അച്ചടി മാദ്ധ്യമങ്ങളും ഇന്നത്തെ മലയാളി സമൂഹത്തിന്റെ സൃഷ്ടിയില്‍ ഒരു പങ്ക് വഹിക്കുകയുണ്ടായി. വരും തലമുറകളെ അവയേക്കാളേറെ സ്വാധീനിക്കുക ദൃശ്യമാധ്യമങ്ങളും ഇന്റര്‍‌നെറ്റ്, മൊബൈല്‍ തുടങ്ങിയ സങ്കേതങ്ങളിലൂടെ വികസിക്കുന്ന നവമാധ്യമങ്ങളാവും. പത്രത്തില്‍ നിന്ന് വ്യത്യസ്തമായി ടെലിവിഷന്‍ മലയാളത്തിന്‍ ഗുണത്തേക്കാളേറെ ദോഷമാണ്‍ ചെയ്യുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. അതിന്‍ പരിപാടിക്ക് പേര്രിടാന്‍ ഇംഗ്ലീഷ് വേണ്ടിവരുന്നു. റീയാലിറ്റി ഷോയില്‍ പാടാന്‍ തമിഴൊ ഹിന്ദിയൊ വേണ്ടിവരുന്നു. ഏതാനും നൂറ്റാണ്ട് മുമ്പുവരെ മലയാളമില്ലായിരുന്നു. ഏതാനും നൂറ്റാണ്ടിനുശേഷം മലയാളം ഉണ്ടാകണമെന്നില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന ഭാഷയ്‌ക്കെ നിലനില്‍പ്പുള്ളു.

സെതല്‍‌വാദില്‍ നിന്ന് പഠിച്ച പാഠം

ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറലായിരുന്ന എം.സി.സെതല്‍‌വാദ് പ്രഗത്ഭനായ അഭിഭാഷകനഅയിരുന്നു. ജഡ്ജിയാകാന്‍ താല്പര്യമുണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതി ജഡ്ജിയൊ ഇന്ത്യയുടെ ചീഫ് ജസ്റ്റിസൊ ആകാമായിരുന്നു. പക്ഷെ
അദ്ദേഹത്തിന്‌ വക്കീലായി തുടരാനായിരുന്നും ആഗ്രഹം

പത്രമുതലാളിമാര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിനെ ചോദ്യം ചെയ്തപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നീതീകരിക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവെന്ന നിലയില്‍ അദ്ദേഹത്തിലാണ്‌ നിക്ഷിപ്തമായത്. നിരവധി ദിവസമെടുത്താണ്‌ സെതല്‍‌വാദ് തന്റെ വാദമുഖങ്ങള്‍ നിരത്തിയത്. നിയമം നിലനില്‍ക്കണമെന്നത് പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഈ നിയമം പാസാക്കിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സും (ഐ.എഫ്.ഡബ്ലിയു.ജെ) കേസില്‍ കക്ഷിചേര്‍ന്നിരുന്നു. കല്‍ക്കത്താ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്
എന്‍.സി.ചാറ്റര്‍ജി ആയിരുന്നു ഐ.എഫ്.ഡബ്ലിയു.ജെ.യുടെ അഭിഭാഷകന്‍.

സെതല്‍‌വാദ് വാദിച്ചിരുന്ന സമയത്ത് ഐ.എഫ്.ഡബ്ലിയു.ജെ. സെക്രട്ടറി ജനറലായിരുന്ന എം.കെ. രാമമൂര്‍ത്തിയും മദ്രാസ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍. നരസിംഹനും എന്നും രാത്രി ഒമ്പത് മണിക്ക് സെതല്‍‌വാദിന്റെ വീട്ടിലെത്തും. അദ്ദേഹം അടുത്ത ദിവസം കോടതിയില്‍ ഉന്നയിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അവരുമായി
ചര്‍ച്ച ചെയ്യും. അവിടെ നിന്ന് അവര്‍ ചാറ്റര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ വിവരം ധരിപ്പിക്കും. സര്‍ക്കാരിന്റെയും ഫെഡറേഷന്റെയും വാദങ്ങള്‍ തമ്മില്‍ പൊരുത്തക്കേട് ഒഴിവാക്കാനായിരുന്നു ഈ ചര്‍ച്ചകള്‍.

വാദം നടക്കുന്ന സമയത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്കോളര്‍ഷിപ്പ് ഇന്റര്വ്യൂവിനായി ഞാന്‍ ഡല്‍ഹിയിലെത്തി. അങ്ങനെ രാമമൂര്‍ത്തിയോടും നരസിംഹനോടുമൊപ്പം രാത്രിചര്‍ച്ചകളില്‍ പങ്കെടുക്കാനും കോടതിയില്‍ പോയി സെതല്‍‌വാദിന്റെ വാദം കേള്‍ക്കാനുമുള്ള അവസരം ലഭിച്ചു.

ഒരു ദിവസം സെതല്‍‌വാദ് മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വാദങ്ങള്‍
അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, ബെഞ്ചിലെ അംഗമായ ജ്. ജീവന്‍ ലാല്‍
കപൂര്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു: "കച്ഛ് മിത്രയെക്കുറിച്ച് എന്ത്
പറയാനുണ്ട്?"
ഗുജറാത്തിലെ ഭുജ് നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രമാണ്‍്‌
കച്ഛ് മിത്ര. അന്ന് അതൊരു ചെറിയ പത്രമായിരുന്നു. അതിന്റെ ഉടമയായ
ട്രസ്റ്റിന്റെ കീഴില്‍ ബോംബേയിലും അഹമ്മദാബാദിലും നിന്നിറങ്ങുന്ന വലിയ
പത്രങ്ങളുണ്ട്. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിലെ നിബന്ധന പ്രകാരം
സര്‍ക്കാര്‍ നിയോഗിച്ച വേജ് ബോര്‍ഡ് ശിപാര്‍ശ ചെയ്ത ശമ്പള സ്കെയില്‍
കൊച്ചു പത്രങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുമെന്ന് വാദിക്കാനായാണ്‌
കച്ഛ് മിത്രയുടെ പേരില്‍ ട്രസ്റ്റ് ഹര്‍ജി കൊടുത്തത്.
താന്‍ വാദിച്ചുകൊണ്‍റ്റിരിക്കുന്ന വിഷയത്തില്‍ നിന്ന് മറ്റൊരു
വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ ജഡ്ജി ശ്രമിച്ചത് സെതല്‍‌വാദിന്‌
തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ജ. കപൂറിനു നല്‍കിയ മറുപടി അത്
വ്യക്തമാക്കി. ഒരു കൈ ഉയര്‍ത്തി വീശിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "ആ
പീറപത്രമോ, മൈ ലോര്‍ഡ്, അതിലേക്ക് ഞാന്‍ പിന്നെ വന്നോള്ളാം‌."
ഇത്തരത്തിലുള്ള മറുപടി സെതല്‍‌വാദിന്റെ മൂപ്പും തലയെടുപ്പുന്മില്ലാത്ത ഒരു
അഭിഭാഷകനില്‍ നിന്നാണ്‌ വന്നിരുന്നതെങ്കില്‍ ജഡ്ജി ഒരുപക്ഷെ നിശ്ശബ്ദത
പാലിക്കുമായിരുന്നില്ല.
അന്ന് രാത്രി സെതല്‍‌വാദിന്റെ വീട്ടില്‍ പോയപ്പോള്‍ ഈ അഭിപ്രായം ഞാന്‍
പ്രകടിപ്പിച്ചു. അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്‌: "These
children, they must have their fun." (പിള്ളേര്‍ക്ക് തമാശ വേണം.) തന്റെ
വാദത്തിന്റെ അടുക്കും ചിട്ടയും തെറ്റിക്കാന്‍ അനുവദിക്കില്ലെന്ന
കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്താറുണ്ടെന്നും സെതല്‍‌വാദ് പറഞ്ഞു. അതിനെ
ഒരു നല്ല പാഠമായി ഞാന്‍ കണ്ടു.

Saturday, August 15, 2009

കൊരട്ടി പ്ലാറ്റ്ഫോമില്‍ ഒരു രാത്രി

കേരളശബ്ദം വാരിക ‘വ്യക്തിപരം’ എന്നൊരു പംക്തി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വായനക്കാരുമായി അനുഭവം പങ്കു വെയ്ക്കുന്ന ഒരു പംക്തിയാണത്. പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആ പംക്തിയിലേക്കായി എഴുതിയ ലേഖനമാണ് താഴെ കൊടുക്കുന്നത്

കൊല്ലം എസ്. എന്‍. കോളെജില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ബി.എസ്‌സി. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ തുടര്‍ന്നുള്ള പഠനം സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും കോളെജിലാക്കുന്നതാവും നല്ലതെന്ന് അച്ഛന്‍ നിശ്ചയിച്ചു. അങ്ങനെ യു.സി. കോളെജിലേക്ക് മാറ്റം കിട്ടാനുള്ള സാധ്യത തേടി ഞാന്‍ ആലുവായിലെത്തി. പ്രിന്‍സിപ്പല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് പറഞ്ഞതുകൊണ്ട് വൈ.എം.സി.എ.യില്‍ മുറിയെടുത്തു. ശനിയാഴ്ച എറണാകുളത്തേക്ക് പോയി. അവിടത്തെ പത്രപ്രവര്‍ത്തകര്‍ എം.പി. കൃഷ്ണപിള്ളയുടെ എം.പി. സ്റ്റുഡിയോയില്‍ പതിവായി ഒത്തുകൂടിയിരുന്നു. അച്ഛന്‍ നടത്തിയിരുന്ന നവഭാരതം പത്രത്തിനുവേണ്ടി സര്‍ദാര്‍ പട്ടേലിന്റെ കൊച്ചി സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണാന്‍ അവിടെ പോയി. സൊറ പറഞ്ഞിരുന്ന് സമയം പോയതുകൊണ്ട് രാത്രി എറണാകുളത്ത് തമ്പടിച്ചു. കാലത്ത് ആലുവായ്ക്ക് പോകാന്‍ കയറിയ ബസില്‍ നല്ല തിരക്കായിരുന്നു. യാത്രക്കാരിലേറെയും സ്ത്രീകളും കുട്ടികളും. സംഭാഷണത്തില്‍നിന്ന് അവരെല്ലാം കന്യാമറിയത്തെ കാണാന്‍ പോകുന്ന മദ്ധ്യതിരുവിതാംകൂറുകാരാണെന്ന് മനസ്സിലായി. തൃശ്ശൂരിലെ ഒരു പള്ളിയില്‍ എല്ലാ മാസവും ഒരു ഞായറാഴ്ച ദിവസം കന്യാമറിയം രണ്ട് കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിവരുന്നതായി ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ദര്‍ശന ദിവസവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആ പുണ്യദിനം അന്നാണ്. ആലുവായില്‍ ഇറങ്ങാതെ, നവഭാരതത്തിനായി ദിവ്യാത്ഭുതം റിപ്പോര്‍ട്ടു ചെയ്യാന്‍ തൃശ്ശൂര്‍ക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

അച്ഛനുമൊത്ത് 1945ലെ സ്കൂള്‍ അവധിക്കാലത്ത് കാറില്‍ മലബാറിലേക്ക് പോയപ്പോള്‍ റൗണ്ടിലുള്ള ഒരു ഹോട്ടലില്‍ കാപ്പി കുടിക്കാന് കയറിയതു മാത്രമാണ് തൃശ്ശൂരുമായുള്ള എന്റെ പൂര്‍‌വ ബന്ധം. കടയുടെ പുറത്ത് 'ബ്രാഹ്മണാള്‍ കാപ്പി ഹോട്ടല്' എന്നും അകത്ത് 'താണജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്നും എഴുതിവെച്ചിരുന്നു. കന്യാമറിയം പ്രത്യക്ഷപ്പെടുന്ന പള്ളി എവിടെയാണെന്നൊന്നും എനിക്കറിയില്ല. മറ്റ് യാത്രക്കാര്‍ ഇറങ്ങിയിടത്ത് ഞാനും ഇറങ്ങി. അവരുടെ പിന്നാലെ നടന്ന് പള്ളിമുറ്റത്തെത്തി. ഒന്നും കഴിക്കാതെയാണ് കാലത്തെ ബസില്‍ കയറിയത്. അതുകൊണ്ട് ആദ്യം കാപ്പി കുടിക്കാമെന്ന് കരുതി. ജുബ്ബയുടെ പോക്കറ്റില്‍ തപ്പിയപ്പോള്‍ പഴ്സില്ല. ആരൊ പോക്കറ്റടിച്ചിരിക്കുന്നു. തൃശ്ശൂര്‍ക്ക് ടിക്കറ്റ് നീട്ടി വാങ്ങിയപ്പോള്‍ കണ്ടക്ടര്‍ തിരിച്ചുതന്ന ചില്ലറ പഴ്സിലിട്ടിരുന്നില്ല. അത് പോക്കറ്റില്‍ തന്നെയുണ്ട്. പക്ഷെ അത് മടക്കയാത്രയ്ക്കുതന്നെ തികയില്ല. കാപ്പി വേണ്ടെന്നു വെച്ചു.

പതിനൊന്ന് മണിയോടെ പള്ളിപ്പറമ്പ് മാതാവിനെ കാണാനെത്തിയവരെക്കൊണ്ട് നിറഞ്ഞു. എല്ലാ കണ്ണുകളും ആകാശത്തേയ്ക്ക്. പതിവായി ദര്‍ശനം ലഭിച്ചിരുന്നെന്ന് ദീപിക പറഞ്ഞ കുട്ടികള്‍ പള്ളിയ്ക്കടുത്തുള്ള കെട്ടിടത്തില്‍ ഒന്നാം നിലയിലെ വരാന്തയില്‍ നില്‍ക്കുപ്പുണ്ട്. അവരും ആകാശത്തേക്ക് നോക്കി നില്‍‌പ്പാണ്‌. അടുത്ത് ഒരു പുരോഹിതനുമുണ്ട്. മാതാവ് ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. ഒന്നര മണിയോടെ അന്ന് ദര്‍ശനം ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ ദിവ്യാത്ഭുതനാടകം അവസാനിച്ചു. എനിക്ക് എഴുതാനുള്ള വകയായി. പക്ഷെ അതിനുമുമ്പ് വിശപ്പടക്കണം, ആലുവായിലെത്തണം. അതിനുള്ള കാശില്ല. നേരേ റയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു. അപ്പോള്‍ മനസ്സില്‍ രണ്ട് ആശയങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ പോക്കറ്റടിക്കപ്പെട്ട കാര്യം പറഞ്ഞ് ആരോടെങ്കിലും കാശ് ചോദിക്കുക. അല്ലെങ്കില്‍ കള്ളവണ്ടി കയറുക. തട്ടിപ്പ് പറിപാടിയാണെന്ന് കരുതുമെന്ന ഭയം മൂലം ആദ്യത്തേതും പിടിക്കപ്പേടുമെന്ന ഭയം മൂലം രണ്ടാമത്തേതും ചെയ്യാനായില്ല. റയില്‍‌വേ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന യാത്രാനിരക്ക് പട്ടിക നോക്കിയപ്പോള്‍ കയ്യിലുള്ള കാശ് കൊണ്ട് ചാലക്കുടി വരെ പോകാമെന്ന് കണ്ടു. ചാലക്കുടിയില്‍ വി. ഗംഗാധരന്‍ വൈദ്യന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. പത്രം വായിക്കുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേര് പരിചിതമായിരുന്നു. കാരണം അദ്ദേഹത്തിന്റെ കരിംകുരങ്ങ് രസായനത്തിന്റെ പരസ്യം പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണ്. അച്ഛന്റെ സുഹൃത്തും. മലബാര്‍ യാത്രയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വണ്ടിയില്‍ കയറി ചാലക്കുടിയില്‍ ഇറങ്ങി വൈദ്യരുടെ വീട് കണ്ടുപിടിച്ചു. അത് പൂട്ടിക്കിടക്കുന്നു. വൈദ്യരും കുടുംബവും നാട്ടില്‍ പോയിരിക്കുകയാണെന്ന് അയല്‍‌വാസി പറഞ്ഞു. അദ്ദേഹത്തില്‍ അര്‍പ്പിച്ച പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ പഴയ രണ്ട് ആശയങ്ങളും വീണ്ടും മനസിലുദിക്കുകയും വീണ്ടും തിരസ്കരിക്കപ്പെടുകയും ചെയ്തു. പിന്നീട് റയില്‍ പാളത്തിനരികിലൂടെ ആലുവാ ലക്ഷ്യമാക്കി നടന്നു. ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. പക്ഷെ അതൊന്നും കണ്ട് രസിക്കാന്‍ സാഹചര്യം അനുവദിച്ചില്ല. കൊരട്ടി അങ്ങാടി റയില്‍‌വേ സ്റ്റേഷനിലെത്തിയപ്പോള്‍ സന്ധ്യയായി. ഇരുട്ടത്ത് പാളത്തിലൂടെ നടക്കുന്നത് ബുദ്ധിയല്ലാത്തതുകൊണ്ട് അവിടെ തങ്ങാന്‍ തീരുമാനിച്ചു. പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരിക്കുമ്പോള്‍ ഒരു വണ്ടിയുടെ വരവ് അറിയിക്കുന്ന മണിയടിച്ചു. അത് എറണാകുളത്തേക്കുള്ള അവസാന വണ്ടിയാണെന്ന് റയില്‍‌വെ സിഗ്നല്‍മാന് ഒരു യാത്രക്കാരനോട് പറയുന്നത് കേട്ടു. പഴയ ആശയങ്ങള്‍ വീണ്ടും തലപൊക്കി. തീരുമാനവും പഴയതുതന്നെ. വണ്ടി വന്നു, നിന്നു, പോയി. സ്റ്റേഷന്‍ നിശബ്ദമായി. ഞാന്‍ ബെഞ്ചില്‍ നിവര്‍ന്ന് കിടന്നുറങ്ങി.

വെളുപ്പിന് സ്റ്റേഷനില്‍ വീണ്ടും ആളനക്കമുണ്ടായപ്പോള്‍ ഉണര്‍ന്നു. ആഹാരം കഴിച്ചിട്ട് 24 മണിക്കൂറിലേറെയായി. നടക്കാനാണെങ്കില്‍ ആലുവായ്ക്ക് ഇനിയും ധാരാളം ദൂരമുണ്ട്. ആ പഴയ രണ്ട് ആശയങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചേ മതിയാകൂ. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറയാന്‍ ഞാന്‍ തീരുമാനിച്ചു. തൃശ്ശൂരില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടെന്നും ആലുവായിലെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി. ഇത്തരം തട്ടിപ്പുകാരെ ധാരാളം കണ്ടിട്ടുണ്ടെന്ന് പറയാന്‍ പോകയണെന്ന് ഞാന്‍ ഭയന്നു. പക്ഷെ അദ്ദേഹം അനുകമ്പാപൂര്‍‌വമാണ് പ്രതികരിച്ചത്.

"നിങ്ങളെ ഇന്നലെ രാത്രി ഇവിടെ കണ്ടതാണല്ലൊ. ഇവിടെത്തന്നെ കിടക്കുകയായിരുന്നു, അല്ലേ?" അദ്ദേഹം ചോദിച്ചു.

എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ അദ്ദേഹം തുടര്‍ന്നു: "ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലൊ. ഇവിടെ ഈ സമയത്ത് ഒന്നും കിട്ടില്ല. കടകള്‍ തുറക്കാന്‍ വൈകും"

"ആലുവായിലെ മുറിയില്‍ പണമിരിപ്പുണ്ട്. അവിടെ ചെന്നു പറ്റിയാല്‍ മതി," ഞാന്‍ പറഞ്ഞു.

അപ്പൊഴേക്കും വണ്ടിയെത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ആലുവാ ടിക്കറ്റ് അടിച്ച് എനിക്ക് നീട്ടി.
ഞാന്‍ അത് വാങ്ങി നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഓടി വണ്ടിയില്‍ കയറി.

ആലുവായിലെത്തിയ ഉടന്‍ നടക്കാതെപോയ അത്ഭുതത്തിന്റെ കഥ വിശദമായി എഴുതി നവഭാരതത്തിന്‌ അയച്ചുകൊടുത്തു. എസ്.എന്‍.കോളെജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ എടുക്കേണ്ടെന്നുള്ള യു.സി.കോളെജിന്റെ തീരുമാനം ബുധനാഴ്ച പ്രിന്‍സിപ്പല്‍ എന്നെ അറിയിച്ചു. തിരിച്ചുപോകുന്നതിനു മുമ്പ് സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് ടിക്കറ്റ് കൂലി കൊടുക്കാനും സഹായിച്ചത് തട്ടിപ്പുകാരനെയല്ലെന്ന് ബോധ്യപ്പെടുത്താനും ഞാന്‍ കൊരട്ടിക്ക് വണ്ടി കയറി. അവിടെ ചെന്നപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു.

"സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ലേ?" ഞാന്‍ ചോദിച്ചു.
"ഞാനാണ് സ്റ്റേഷന്‍ മാസ്റ്റര്‍," അദ്ദേഹം പറഞ്ഞു. "എന്താ വേണ്ടത്?"
"തിങ്കളാഴ്ച വെളുപ്പിന് മറ്റൊരാളെയാണല്ലൊ ഞാന്‍ കണ്ടത്. അദ്ദേഹമില്ലേ?"
"മേനനയാ തെരക്കണത്? ആള് പോയല്ലൊ."

അദ്ദേഹം അവധിയിലായിരുന്നപ്പോള്‍ ഏതാനും ദിവസത്തേക്ക് പകരക്കാരനായി വന്ന ബാലകൃഷ്ണ മേനോന്‍ ആയിരുന്നു എന്റെ രക്ഷിതാവ്. മേനോന്‍ എവിടെയുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് കടപ്പാട് തീര്‍ക്കാനും കഴിഞ്ഞില്ല. ദീര്‍ഘദൂര വണ്ടിയിലിരുന്ന് കൊരട്ടി സ്റ്റേഷന്‍ കാണുമ്പോള്‍ ഞാന്‍ ആ നല്ല മനുഷ്യനെ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കും.

Friday, August 14, 2009

ചെങ്ങറയില്‍ സമരവും ജീവിതവും ഒന്നിക്കുന്നു

ചെങ്ങറയില്‍ ഭൂരഹിതര്‍ ആരംഭിച്ച സമരം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തില്‍ രണ്ട് വര്ഷം ഒരു നീണ്ട കാലയളവല്ല. അതിലേറെക്കാലം നീണ്ടുനിന്ന സമരങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെയും വ്യക്തികളൊ കുടുംബങ്ങളൊ ഏറിയാല്‍ ചെറിയ ജനവിഭാഗങ്ങളൊ നടത്തിയതൊ നടത്തുന്നവയൊ ആണ്. ചെങ്ങറയില്‍ നടക്കുന്നത് അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഭൂരഹിതരായ ഒരു വലിയ സമൂഹത്തിന്റെ സമരമാണത്. സമരഭൂമിയില്‍ രണ്ട് കൊല്ലമായി കൊടിയ ദുരിതം അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നവരുടെ മാത്രം സമരമല്ലത്. സംസ്ഥാനമൊട്ടുക്ക് ചിതറിക്കിടക്കുന്ന എല്ലാ ഭൂരഹിതരുടെയും സമരമാണത്. അവര്‍ ഉയര്‍ത്തുന്ന പ്രശ്നം അവരുടെ നിലനില്‍പ്പിന്റേത് മാത്രമല്ല. കേരള സമൂഹത്തിന്റെ തന്നെ നിലനില്‍പ്പിന്റേതാണ്.

ഭൂരഹിതര്‍ക്ക് ജീവിതം എല്ലായ്പ്പോഴും അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമരമാണ്. ചെങ്ങറയില്‍ ഒത്തുകൂടിയിട്ടുള്ളവര്‍ സമരത്തെ ജീവിതമാക്കിയിരിക്കുന്നു. അവിടെ സമരവും ജീവിതവും ഒന്നിച്ചിരിക്കുന്നു.

ചെങ്ങറ സമരത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം ഒരു കാര്യം വ്യക്തമാക്കുന്നു. ഈ സമരത്തിന്റെ സവിശേഷ സ്വഭാവം മനസ്സിലാക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായെന്ന് സമ്മതിക്കാന്‍ അതിന് കഴിയുന്നില്ല. അര നൂറ്റാണ്ട് കാലമായി കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചും അതിന്റെ മുഖ്യധാരയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഉന്നയിച്ചുപോന്ന, തങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗ താല്പര്യ സംരക്ഷകരാണെന്ന അവകാശവാദം ഈ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ പൊളിച്ചടക്കിയിരിക്കുന്നു. അവര്‍ നടപ്പിലാക്കിയെന്ന് പറയുന്ന വിപ്ലവകരമായ ഭൂപരിഷ്കരണം ഫ്യൂഡല്‍ സമൂഹ്യഘടനയില്‍ ഒരു അഴിച്ചുപണിയും ആവശ്യപ്പെടാത്ത തൊലിപ്പുറ ചികിത്സ മാത്രമായിരുന്നു. അത് യഥാസമയം തിരിച്ചറിയാന്‍ അതിന്റെ ദോഷം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരെന്ന് കരുതപ്പെട്ട ജന്മിമാര്‍ക്കൊ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്നവരെന്ന കരുതപ്പെട്ട കര്‍ഷകത്തൊഴിലാളികല്‍ക്കൊ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സ്വന്തം സമുദായത്തില്‍ പെട്ട ജന്മിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ വിമോചനസമരത്തില്‍ പങ്കാളിയായ മന്നത്ത് പത്മനാഭന്‍ അത് ചെയ്യുമായിരുന്നില്ല. കര്‍ഷകതൊഴിലാളികള്‍ ഭൂപരിഷ്കരണത്തില്‍ അമിതാവേശം കൊള്ളുകയും ചെയ്യുമായിരുന്നില്ല.

ഭൂപരിഷ്കരണം ഫ്യൂഡല്‍ വ്യവസ്ഥയെ ഇല്ലാതാക്കിയില്ലെന്നും അതിനെ മാര്‍ക്സിസത്തിന്റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും അടിസ്ഥാനവര്‍ഗ്ഗം തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ചെങ്ങറ സംഭവിച്ചത്. ഭൂപരിഷകരണമെന്ന പേരില്‍ നടത്തിയ മറിമായം കേരളത്തിലെ കാര്‍ഷിക വ്യവസ്ഥയെ തകര്‍ത്തു. ഭൂപരിഷ്കരണം കര്ഷകത്തൊഴിലാളികളെ ഭൂമിയുടെ കാര്യത്തില്‍ തഴഞ്ഞതു പോകട്ടെ അവര്‍ക്ക് പണിയെടുക്കാന്‍ പാടങ്ങള്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ഉപജീവനം നടത്താന്‍ കൃഷിഭൂമി നല്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടുള്ളത്.

കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി നല്കാനാവില്ലെന്നാണ് ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വവും പറയുന്നത്. ഭൂരഹിതര്‍ക്ക് കൂര കെട്ടാന്‍ തുണ്ട് ഭൂമി കൊടുക്കാനെ അവര്‍ തയ്യാറുള്ളു. അവര്‍ ഉന്മൂലനം ചെയ്തെന്ന് അവകാശപ്പെടുന്ന ജന്മിമാരുടെ സമീപനം തന്നെയാണ് അവരുടേതുമെന്നു ഇത് വ്യക്തമാക്കുന്നു. കൂര കെട്ടി താമസിക്കാന്‍ സ്ഥലം നല്കാന്‍ ജന്മിയും തയ്യാറായിരുന്നു. ഒരേ വ്യവസ്ഥയിലാണ് ജന്മിയും പാര്‍ട്ടിയും കൂര കെട്ടാന്‍ സ്ഥലം നല്കുന്നത്. ആശ്രിതത്വമാണ് ഇരുകൂട്ടരും ആവശ്യപ്പെടുന്ന വില.

മാറി മാറി നമ്മെ ഭരിച്ചവര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം കേവലം ആശ്വാസ നടപടികളാണെന്ന് കാണാം. അവയുടെ ലക്ഷ്യം ദുര്‍ബല വിഭാഗങ്ങളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുകയായിരുന്നില്ല. അവരെ ആശ്രിതരാക്കി നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്കായി ചില ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് അവര് ചെയ്തത്. സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രാപ്തി സമ്പാദിച്ചവര്‍ ഇവിടെ തീര്‍ച്ചയായുമുണ്ട്. ഗള്‍ഫ് പ്രവാസികളെപ്പോലെ, സര്‍ക്കാരിന്റെ ഔദാര്യം കൂടാതെ, സ്വന്തം പരിശ്രമത്തിലൂടെയാണ് അവരൊക്കെയും രക്ഷാമാര്‍ഗ്ഗം കണ്ടെത്തിയത്.

സി.പി.എം നേതൃത്വം നിരവധി വികസന പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നും അതെല്ലാം മുഖ്യമന്ത്രി തടഞ്ഞുവെച്ചിരിക്കുന്നെന്നും പാര്‍ട്ടി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അവയെല്ലാം അടിസ്ഥാനപരമായി റീയല്‍ എസ്റ്റേറ്റ് പദ്ധതികളാണെന്ന് കാണാനാകും. റീയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വ്യവസായികളെ കൊണ്ടുവരുമെന്നും അങ്ങനെ തൊഴിലുകള്‍ ഉണ്ടാകുമെന്നുമുള്ള ന്യായം പറഞ്ഞാണ് ബന്ധപ്പെട്ടവര്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. തെങ്ങിന്റെ മണ്ടയില്‍ വ്യവസായമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് കടല്‍ നികത്തിയാണെങ്കിലും വ്യവസായത്തിന് സ്ഥലമുണ്ടാക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അതിനാവശ്യമായ ഭൂമി കണ്ടെത്താന്‍ അത് തയ്യാറില്ല. ചെങ്ങറയിലെ സമരഭൂമി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തോട്ടം മുതലാളിമാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമത്തിന്റെയൊ കരാറിന്റെയൊ പിന്‍ബലമില്ലാതെ കൈവശം വെച്ചുകൊണ്ടിരിക്കുകയും അത് യഥേഷ്ടം മുറിച്ച് വില്ക്കുകയും ചെയ്യുന്നുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഉപയോഗിച്ചാണ് തോട്ടം വസ്തുവിന്റെ ചില്ലറ വില്പന നടക്കുന്നതെന്ന് ദൂര്‍ദര്‍ശനില്‍ ചെങ്ങറ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വക്താവ് പറയുകയുണ്ടായി. ഏത് നിയമത്തിന്റെ കാര്യമാണ് പറയുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യു.ഡി.എഫ് നേതാവ് ചോദിച്ചപ്പോള്‍ നിയമമല്ല ചട്ടമാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ അദ്ദേഹം ശ്രമിച്ചു. അങ്ങനെയൊരു നിയമമൊ ചട്ടമൊ നിലവിലുണ്ടെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് എന്തുകൊണ്ട് എടുത്തുമാറ്റുന്നില്ല? ഉത്തരം ലളിതമാണ്: വ്യവസ്ഥയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്ന് ചേട്ടന്‍ ബാവയും മറ്റേത് അനിയന്‍ ബാവയും ആണ്.

സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും മുത്തങ്ങയിലും നടന്ന സമരങ്ങളുടെ തുടര്ച്ചയാണ് ളാഹ ഗോപാലന്‍ നേതൃത്വം നല്കുന്ന ചെങ്ങറ സമരം. ഇത്തരത്തിലുള്ള സമരം നേരിടുന്നതിന് ഒരു മാര്‍ഗ്ഗമെ ഭരണകൂടത്തിനറിയൂ. അത് ഫ്യൂഡല്‍-കൊളോണിയല്‍ അധികാരികള്‍ പഠിപ്പിച്ച മാര്‍ഗ്ഗമാണ്. പൊലീസിനെയൊ പട്ടാളത്തെയൊ ഉപയോഗിച്ച് സമരക്കാരെ തുരത്തുകയൊ കൊല്ലുകയൊ ചെയ്യുന്ന മാര്‍ഗ്ഗമാണത്. ജീവിതവും സമരവും ഒന്നാകുന്നിടത്ത് അത് ഫലപ്രദമാകില്ലെന്ന് മുത്തങ്ങയില്‍ അത് പ്രയോഗിച്ച ഭരണാധികാരി തിരിച്ചറിയുകയും ജാനുവുമായി ചര്ച്ചയിലേര്‍പ്പെട്ട് സമാധാനപരമായ പരിഹാരം തേടുകയും ചെയ്തു. അദ്ദേഹത്തിന്റെ സര്ക്കാരിന് വാഗ്ദാനം പാലിക്കാനായില്ല. പിന്നീട് വന്ന സര്‍ക്കാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഭരണാധികാരികളുടെ താല്പര്യം മുന്‍ നിര്‍ത്തിയാണ് തോട്ടം ഉടമ ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിപ്പിക്കല്‍ രക്തച്ചൊരിച്ചില്‍ കൂടാതെയാകണമെന്ന കോടതി നിബന്ധന മുത്തങ്ങ മാര്‍ഗ്ഗം അവലംബിക്കുന്നതിന് തടസ്സമായി നില്ക്കുന്നു. മുത്തങ്ങ അനുഭവം ഓര്‍ത്തുകൊണ്ട് ഹൈക്കോടതി മനുഷ്യാവകാശ മൂല്യങ്ങളില്‍ അധിഷ്ടിതമായ ആ നിബന്ധന വിധിയില്‍ ഉള്‍പ്പെടുത്തി സര്ക്കാരിന്റെ കൈകള്‍ ബന്ധിച്ചപ്പോള്‍ പാര്‍ട്ടി തൊഴിലാളികളെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് സമരം പൊളിക്കാന്‍ ശ്രമം തുടങ്ങി. അവരുടെ നിരന്തരമായ പീഢനം അതിജീവിച്ചുകൊണ്ടാണ് ഭൂരഹിതര്‍ സമരം തുടരുന്നത്.

ഉത്തര്‍ പ്രദേശിലെ ദലിതരേക്കാള്‍ ഭൂരാഹിത്യം അനുഭവിക്കുന്നവരാണ് കേരളത്തിലെ ദലിതരെന്നത് നാം അഭിമാനം കൊള്ളുന്ന സാമൂഹിക വളര്‍ച്ചയ്ക്ക് കളങ്കം ചാര്‍ത്തുന്ന വസ്തുതയാണ്. ഇത് ഭൂദൌലഭ്യം അനുഭവിക്കുന്ന പ്രദേശമായതുകൊണ്ട് ഭുവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യക്തമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിനോദസഞ്ചാരത്തിന് സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് നല്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ കൊടുത്തേ മതിയാകൂ. കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അവയ്ക്കാവശ്യമായ രീതിയില്‍ സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളായി തിരിക്കണം. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെ താല്പര്യങ്ങളേക്കാള്‍ ഭൂമാഫിയാകളെ പോലുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുകൊണ്ടാണ് ഭരണകൂടത്തിന് ഇത് ചെയ്യാന്‍ കഴിയാത്തത്.(ജനശക്തി)

Thursday, August 13, 2009

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം?

സി.പി.എമ്മിനെ അന്ധമായി എതിര്‍ക്കാത്തതുകൊണ്ട് സുകുമാര്‍ അഴീക്കോട് വേട്ടയാടപ്പെടുന്നെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന്‌ കോട്ടം തട്ടാതെ പുരോഗമനശക്തികള്‍ നോക്കിക്കൊള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിസ്ഥാനപരമായി കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഇന്ന് നിര്‍‌വഹിക്കുന്ന കര്‍ത്തവ്യം സം‌രക്ഷണമാണ്‌. പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്നവരെ പലപ്പോഴും അതിന്‌ പ്രേരിപ്പിക്കുന്നത് ആപത്തില്‍ പെട്ടാല്‍ സം‌രക്ഷിക്കാന്‍ ആരെങ്കിലും വേണമെന്ന ചിന്തയാണ്‌. പാര്‍ട്ടിയുടെ ബന്ധു ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് നേതൃത്വം വിശ്വസിക്കുകയും ചെയ്യുന്നു.

ഈ പരാമര്‍ശങ്ങള്‍ പൊതിവില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെങ്കിലും സം‌രക്ഷണച്ചുമതല നിര്‍‌വഹിക്കുന്നതില്‍ ഏറ്റവുമധികം പ്രതിബദ്ധത കാട്ടുന്നത് സി.പി.എമ്മാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്‌ വകയില്ല. ആ നിലയ്ക്ക് പിണറായി വിജയന്റെ സം‌രക്ഷകഭാവം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ സുകുമാര്‍ അഴീക്കോട് സി.പി.എം. സം‌രക്ഷണം ആവശ്യമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും മാത്രമല്ല കേരളസമൂഹത്തിനു തന്നെയും അപമാനകരമാണ്‌.

എഴുത്തുകാരനായതുകൊണ്ട് ഇടത്തോട്ട് മാറേണ്ടിവന്നുവെന്ന് അഴീക്കോട് പറഞ്ഞതായും മാദ്ധ്യമങ്ങളില്‍ കാണുന്നു. എന്നാല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം, അഴീക്കോടിന്‌ മാറേണ്ടിവന്നത് എഴുത്തുകാരനായതുകൊണ്ടല്ല, പ്രഭാഷകനായതുകൊണ്ടാണ്‌. പ്രഭാഷണം അദ്ദേഹത്തിന്‌ ജീവവായുപോലെ അനുപേക്ഷണീയമാണ്‌. പ്രഭാഷണത്തിന്‌ വേദികള്‍ വേണം‌. കേരളത്തില്‍ വേദികള്‍ നല്‍കാന്‍ കഴിവുള്ള ധാരാളം സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവയിലേറെയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്‌. എം. എന്‍. വിജയന്‍ ജീവിതാന്ത്യത്തില്‍ തിരിച്ചറിഞ്ഞതുപോലെ, സി.പി.എമ്മിന്‌ സ്വീകാര്യനല്ലാത്തയാള്‍ക്ക് വേദി കിട്ടാന്‍ എളുപ്പമല്ല.

Tuesday, August 4, 2009

മലയാളം കോഴ്സിന് ശാപമോക്ഷം

ഒരു നല്ല വാര്‍ത്ത. കുട്ടികളില്ലാത്തതുകൊണ്ട് നിര്‍ത്തേണ്ടിവരുമെന്ന് കരുതിയ ചെന്നൈ പ്രസിഡന്‍സി കോളെജിലെ ബി.എ. മലയാളം കോഴ്സിന് ശാപമോക്ഷം. രണ്ട് വിദ്യാര്‍ത്ഥികളെ കിട്ടിയതുകൊണ്ട് കോഴ്സ് തുടര്‍ന്നും നിലനില്‍ക്കും.

മാതൃഭൂമിയുടെ ചെന്നൈ പതിപ്പിലാണ് ഈ നല്ല വാര്‍ത്ത കണ്ടത്. ചെന്നൈയിലെ കേരള വിദ്യാലയത്തില്‍ നിന്ന് സപ്ലിമെന്ററി പരീക്ഷ എഴുതി ജയിച്ച ഒരു വിദ്യാര്‍ത്ഥിയെ കോളെജിലെ ഒരധ്യാപകന്‍ കയ്യോടെ പിടികൂടുകയായിരുന്നെന്ന് പത്രം പറയുന്നു. പ്ലസ് ടുവിന് മലയാളം രണ്ടാം ഭാഷയായി എടുത്ത് പഠിച്ചതുകൊണ്ട് ചെന്നൈയിലെ മറ്റ് കോളെജുകളില്‍ പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിച്ച നാഗര്‍കോവില്‍ സ്വദേശിയെ മലയാളം വകുപ്പ് അദ്ധ്യക്ഷ രാധാമണിയമ്മ കത്തയച്ചു വിളിച്ചുവരുത്തി പ്രവേശനം നല്‍കുകയായിരുന്നു.

മലയാളം പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന ധാരണ ശരിയല്ലെന്ന് രാധാമണിയമ്മ പറയുന്നു. “ഇവിടെ പഠിച്ചവരില്‍ ഭൂരിഭാഗവും ഇന്ന് കേരളത്തിലെ കോളെജുകളിലും സ്കൂളുകളിലും അധ്യാപകരാണ്. മിക്കവാറും പേരും ഇപ്പോള്‍ നല്ല സ്ഥിതിയിലുമാണ്. ഇപ്പോഴാണെങ്കില്‍ കാള്‍ സെന്ററിലും മറ്റും മലയാളം പഠിച്ചവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ട്.“

ഇപ്പോള്‍ സ്വയംഭരണ കോളെജായ പ്രസിഡന്‍സി കോളെജില്‍ 1981ലാണ് മലയാളം ബി.എ. കോഴ്സ് തുടങ്ങിയത്.