Showing posts with label Mathrubhumi. Show all posts
Showing posts with label Mathrubhumi. Show all posts

Monday, April 26, 2010

അൽമായർക്കെതിരെ സഭയ്‌ക്കൊപ്പം നിൽക്കുന്ന മാധ്യമ സിൻഡിക്കേറ്റ്

സി.പി.എം സിൻഡിക്കേറ്റ് പത്രമായി കണ്ടെത്തിയിട്ടുള്ള മലയാള മനോരമ, മാതൃഭൂമി എന്നിവയുടെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെയും താല്പര്യങ്ങൾ ഒന്നിക്കുന്നു. ഇടഞ്ഞു നിൽക്കുന്ന വിശ്വാസികൾക്കെതിരെ സഭാ അധികാരികളുടെ ഭാഗത്താണ് മൂന്ന് ചങ്ങല പത്രങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്.

അഞ്ചു നൂറ്റാണ്ടിലധികം നീളുന്ന പാരമ്പര്യം അവകാശപ്പെടുന്ന പള്ളിയാണ് കൊല്ലം ജില്ലയിലെ പുല്ലിച്ചിറയിലുള്ള ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ചർച്ച്. നിർമ്മിച്ചത് 1572ൽ. 1627ൽ റോമൻ കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിചു. ഏകദേശം 900 കുടുംബങ്ങളിൽ‌പെട്ട 3,500ലധികം അംഗങ്ങളാണ് ഇടവകയിലുള്ളത്. 2005ൽ ഇടവക വികാരിയായി ചുമതലയേറ്റ റവ. ലാസർ വലിയ പണച്ചെലവുള്ള ചില നിർമ്മാണ പദ്ധതികൾ മുന്നോട്ടു വെച്ചപ്പോൾ സഭാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. അവർ കൊല്ലം ബിഷപ്പ് റൈറ്റ് റവ. സ്റ്റാൻലി റോമന് പരാതി നൽകി. അദ്ദേഹം അത് അവഗണിച്ചു. തുടർന്ന് അമ്പതോളം ഇടവകാംഗങ്ങൾ യോഗം ചേർന്ന് പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പാതിരിയെ പിന്തുണയ്ക്കുന്ന ഏതാനും പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഉത്തരവിട്ടു. ആ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സൊസൈറ്റി ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എപ്പിസ്‌കോപ്പൽ വികാരി റവ. പോൾ മുല്ലശ്ശേരി കാനൻ ചട്ടങ്ങളനുസരിച്ച് ശിക്ഷാനടപടികൾ ഒഴിവാക്കണമെങ്കിൽ സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയും വിവരം ബിഷപ്പിനെ അറിയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാർക്ക് നോട്ടീസ് നൽകി. സൊസൈറ്റി കഴിഞ്ഞ നവംബർ 18ന് ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർജിക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തീരദേശ മേഖലാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളി അധികൃതർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.

ഇതിനിടെ എപ്പിസ്‌കോപ്പൽ വികാരി ഒന്നും രണ്ടും ഹർജിക്കാരായ സെലസ്റ്റിൻ ദിസ്മസ്, എസ്. അഗസ്റ്റിൻ എന്നിവർക്കും സൊസൈറ്റി സെക്രട്ടറിക്കും പള്ളിയിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടും മറ്റ് ഹർജിക്കാരെയും ദാസൻ ലാസർ എന്നയാളെയും ശാസിച്ചുകൊണ്ടും നോട്ടീസ് നൽകി. ഈ നടപടി സദുദ്ദേശപരമല്ലെന്നും കാനൺ ചട്ടങ്ങൾക്കും ക്രിസ്തുമതത്തിന്റെ അന്ത:സത്തക്കും നിരക്കുന്നതല്ലെന്നും ബിഷപ്പ് അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരത്തിലുള്ള ശിക്ഷാനടപടിയെടുക്കാൻ എപ്പിസ്‌കോപ്പൽ വികാരിക്ക് അധികാരമില്ലെന്നും കാണിച്ച് ഹർജിക്കാർ കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ബിഷപ്പ് സ്റ്റാൻലി റോമൻ, എപ്പിസ്‌കോപ്പൽ വികാരി പോൾ ആന്റണി മുല്ലശ്ശേരി, ഇടവക വികാരി ലാസർ എന്നിവരായിരുന്നു എതിർകക്ഷികൾ.

ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷം രണ്ടാം എതിർകക്ഷിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിൽ നിന്ന് മൂവരെയും താൽക്കാലികമായി വിലക്കിക്കൊണ്ട് പ്രിൻസിപ്പൽ മുൻസിഫ് കെ. കമനീഷ് മാർച്ച് 29ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സൊസൈറ്റി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂദാശ നിഷേധികാനുള്ള സഭാധികൃതരുടെ നീക്കം അങ്ങനെ തടയപ്പെട്ടു. മലയാള മനൊരമയും മാതൃഭൂമിയും ദേശാഭിമാനിയും ഇത് സംബന്ധിച്ച വാർത്ത തമസ്കരിച്ചു.

കോടതി ഉത്തരവിന്റെ പകർപ്പുമായി പത്രപ്രതിനിധികളെ സമീപിച്ച അഡ്വ. ബോറിസ് പോൾ തന്റെ അനുഭവം വിവരിക്കുന്നു:

മലയാള മനോരമയുടെ കൊല്ലം യൂണിറ്റ് മേധാവി വാർത്ത പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കടലാസുകൾ അപ്പോൽ തന്നെ മടക്കി നൽകി.

മാതൃഭൂമിയും ദേശാഭിമാനിയും വാർത്താക്കുറിപ്പും വിധിപ്പകർപ്പും വാങ്ങി. പക്ഷെ വാർത്ത പ്രസിദ്ധീകരിച്ചില്ല.

കേരള കൌമുദി, ജനയുഗം എന്നീ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു.

അഡ്വ. ബോറിസ് പോൾ പറയുന്നു: “സുപ്രധാനമായ ഒരു കോടതി ഉത്തരവ് സംബന്ധിച്ച വാർത്ത പ്രധാന മാധ്യമങ്ങളിൽ തമസ്കരിക്കാൻ കൊല്ലം ബിഷപ്പിന്റെ ദു:സ്വാധീനത്തിന് സാധിച്ചു!“

മനോരമയുടെ കൊല്ലം യൂണിറ്റിൽ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പത്രത്തിന്റെ ചീഫ് എഡിറ്റർക്ക് കത്തയച്ചു. കോടതി ഉത്തരവിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പ്രതികരണവുമുണ്ടായില്ല.

വാർത്താക്കുറിപ്പ് കൈപ്പറ്റിയ ദേശാഭിമാനി റിപ്പോർട്ടറുമായി അടുത്ത ദിവസം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് പ്രസിദ്ധീകരിക്കാനാവില്ലെന്ന് പറഞ്ഞു.

നേരത്തെ ഇടവക സംരക്ഷണ സമിതി ചിന്നക്കടയിൽ നടത്തിയ പ്രകടനം സംബന്ധിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വ. ബോറിസ് പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. പാർട്ടിയുടെ വെബ്‌സൈറ്റിലുള്ള ഇ-മെയിൽ അഡ്രസുകളിലും പരാതി അയച്ചു. അവയ്ക്കും പ്രതികരണമുണ്ടായില്ല.

Tuesday, August 4, 2009

മലയാളം കോഴ്സിന് ശാപമോക്ഷം

ഒരു നല്ല വാര്‍ത്ത. കുട്ടികളില്ലാത്തതുകൊണ്ട് നിര്‍ത്തേണ്ടിവരുമെന്ന് കരുതിയ ചെന്നൈ പ്രസിഡന്‍സി കോളെജിലെ ബി.എ. മലയാളം കോഴ്സിന് ശാപമോക്ഷം. രണ്ട് വിദ്യാര്‍ത്ഥികളെ കിട്ടിയതുകൊണ്ട് കോഴ്സ് തുടര്‍ന്നും നിലനില്‍ക്കും.

മാതൃഭൂമിയുടെ ചെന്നൈ പതിപ്പിലാണ് ഈ നല്ല വാര്‍ത്ത കണ്ടത്. ചെന്നൈയിലെ കേരള വിദ്യാലയത്തില്‍ നിന്ന് സപ്ലിമെന്ററി പരീക്ഷ എഴുതി ജയിച്ച ഒരു വിദ്യാര്‍ത്ഥിയെ കോളെജിലെ ഒരധ്യാപകന്‍ കയ്യോടെ പിടികൂടുകയായിരുന്നെന്ന് പത്രം പറയുന്നു. പ്ലസ് ടുവിന് മലയാളം രണ്ടാം ഭാഷയായി എടുത്ത് പഠിച്ചതുകൊണ്ട് ചെന്നൈയിലെ മറ്റ് കോളെജുകളില്‍ പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിച്ച നാഗര്‍കോവില്‍ സ്വദേശിയെ മലയാളം വകുപ്പ് അദ്ധ്യക്ഷ രാധാമണിയമ്മ കത്തയച്ചു വിളിച്ചുവരുത്തി പ്രവേശനം നല്‍കുകയായിരുന്നു.

മലയാളം പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന ധാരണ ശരിയല്ലെന്ന് രാധാമണിയമ്മ പറയുന്നു. “ഇവിടെ പഠിച്ചവരില്‍ ഭൂരിഭാഗവും ഇന്ന് കേരളത്തിലെ കോളെജുകളിലും സ്കൂളുകളിലും അധ്യാപകരാണ്. മിക്കവാറും പേരും ഇപ്പോള്‍ നല്ല സ്ഥിതിയിലുമാണ്. ഇപ്പോഴാണെങ്കില്‍ കാള്‍ സെന്ററിലും മറ്റും മലയാളം പഠിച്ചവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ട്.“

ഇപ്പോള്‍ സ്വയംഭരണ കോളെജായ പ്രസിഡന്‍സി കോളെജില്‍ 1981ലാണ് മലയാളം ബി.എ. കോഴ്സ് തുടങ്ങിയത്.

Monday, July 27, 2009

ആദ്യ മലയാള പത്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി


ഇന്ന് കണ്ണൂരില്‍ അന്തരിച്ച യശോദ ടീച്ചറാണ് മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യ സ്ത്രീസാന്നിധ്യമെന്ന് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത യശോദ ടീച്ചര്‍ ദേശാഭിമാനിയുടെ ലേഖികയായിരുന്നു. മുന്‍ കമ്യൂണിസ്റ്റ് മന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവായിരുന്നു ഭര്‍ത്താവ്.

പയ്യനാടന്‍ ഗോവിന്ദന്റെയും അടിയേരി ജാനകിയുടെയും മകളായി 1916 ഫിബ്രവരി 12 ന് ജനിച്ച യശോദ കല്യാശ്ശേരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. സ്കൂളിലെ ഏക പെണ്‍കുട്ടിയായിരുന്നു. പഠനശേഷം കല്യാശേരി യു.പി സ്കൂളില്‍ തന്നെ അധ്യാപികയായി.

സ്ത്രീകള്‍ പഠിക്കാനോ പഠിപ്പിക്കാനോ പുറത്തിറങ്ങാതിരുന്ന കാലത്തായിരുന്നു അവര്‍ പഠിച്ച് അധ്യാപികയായത്. പരിഹാസവും കളിയാക്കലും കൂസാതെ അവര്‍ കുട്ടികളെ പഠിപ്പിച്ചു. ക്ലാസ്മുറിയില്‍ മാത്രം ഒതുങ്ങാതെ കര്ഷകസംഘവുമായും അധ്യാപകപ്രസ്ഥാനവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തി.

യശോദ ടീച്ചര്‍ക്ക് ആദരാഞ്ജലി.

Tuesday, May 19, 2009

പ്രഭാകരന്റെ കൊല്ലം ബന്ധം സംശയാസ്പദം

വേലുപ്പിള്ള പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ച് മാതൃഭൂമിയിൽ കഴിഞ്ഞ മാസം വന്ന റിപ്പോർട്ടിന്റെ ആധികാരത സംശയിക്കേണ്ടിയിരിക്കുന്നു. (മുൻ പോസ്റ്റ് കാണുക)

കൊല്ലത്തുനിന്നുള്ള റിപ്പോർട്ടിൽ വി.ബി. ഉണ്ണിത്താൻ പറഞ്ഞത് പ്രഭാകരന്റെ അച്ഛൻ കണ്ണനല്ലൂർ ഞാറവിള വീട്ടിൽ നിന്ന് സിലോണിലേക്ക് കുടിയേറിയ വേലുപ്പിള്ള ആണെന്നാണ്.

പ്രഭാകരന്റെ ജീവചരിത്രക്കുറിപ്പുകളനുസരിച്ച് അച്ഛന്റെ പേരു തിരുവെങ്കടം വേലുപ്പിള്ളയെന്നായിരുന്നു. അമ്മയുടേത് വള്ളിപുരം പാർവതി എന്നും. തിരുവെങ്കടം എന്നത് വേലുപ്പിള്ളയുടെ അച്ഛന്റെ പേരാകണം. അതൊരു തമിഴ് പേരാണ്.

ലേഖകൻ റിപ്പോർട്ടിലെ വിവരത്തിന് ആശ്രയിച്ച നാണി അമ്മയുടെ സഹോദരൻ വേലുപ്പിള്ളയും പ്രഭാകരന്റെ അച്ഛൻ വേലുപ്പിള്ളയും ഒരാളാകണമെന്നില്ല.

Monday, November 3, 2008

പത്രത്തിലൂടെ പ്രചരിക്കുന്ന സംസ്കാരം

പത്രത്തിലൂടെ സംസ്കാരം പ്രചരിപ്പിക്കുന്നെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ ഏതോ പരസ്യനിര്‍മ്മാതാവിന്റെ ഭാവനയില്‍ പൊട്ടിവിടര്‍ന്ന ഒരു മുദ്രാവാക്യമായെ ഞാന്‍ അതിനെ കണ്ടുള്ളു. മതങ്ങളും ഭാഷകളും, എന്തിനു, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും, സംസ്കാരത്തിന്റെ പ്രചാരകരുടെ വേഷം കെട്ടാറുണ്ടല്ലൊ. പക്ഷെ ഒരു മതത്തില്‍ വിശ്വസിക്കുന്നവരിലും ഒരു ഭാഷ സംസാരിക്കുന്നവരിലും ഒരു രാഷ്ട്രീയകക്ഷിയില്‍ അംഗത്വമുള്ളവരിലും സാംസ്കാരികമായി വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവരുണ്ടെന്ന് മനസ്സിലാക്കാന്‍ ചുറ്റും ഓടിച്ചൊന്ന് നോക്കിയാല്‍ മതി. മതത്തിലൂടെയും ഭാഷയിലൂടെയും പ്രത്യയശാസ്ത്രതിലൂടെയും സാംസ്കാരത്തിന്റെ അംശങ്ങള്‍ കൈമാറപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനു അവയുടെ വക്താക്കള്‍ കല്പിക്കുന്ന പ്രാധാന്യമുണ്ടോയെന്ന് സംശയിക്കണം.

മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ എനിക്ക് അത് വിശ്വസനീയമായി തോന്നിയില്ല. മതങ്ങളെയും ഭാഷകളെയും രാഷ്ട്രീയപ്രസ്ഥാനത്തെങ്ങളെയും പോലെ സംസ്കാരത്തിന്റെ പ്രചാരകരെന്ന് അവകാശപ്പെടാന്നുള്ള അര്‍ഹത പത്രങ്ങള്‍ക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഇപ്പോള്‍ ആ അഭിപ്രായം ഭേദഗതി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. എന്നാല്‍ അതിന് എന്നെ പ്രേരിപ്പിച്ചത് മാത്രുഭൂമിയല്ല, മലയാള മനോരമയാണ്. കൃത്യമായി പറഞ്ഞാല്‍, മലയാള മനോരമ നവമ്പര്‍ 2നു പ്രസിദ്ധീകരിച്ച വരാപ്പുഴയില്‍നിന്നുള്ള നാട്ടുവിശേഷം: മലയാളത്തിന്റെ നിത്യകാമുകി. സെറ്റ് മുണ്ടുടുത്ത്, കൂനമ്മാവിലെ വീട്ടിലിരുന്ന് നിറഞ്ഞ ചിരിയുമായി യഥാര്‍ഥ ഈന്ണവും ചന്തവുമുള്ള മലയാളം സംസാരിക്കുന്ന തക്കാക്കോ എന്ന ജപ്പാന്‍‌കാരിയെക്കുറിച്ചാണ് ലേഖനം. കൂനമ്മാവ് മുല്ലൂര്‍ തോമസിന്റെ ഭാര്യയാണ് തക്കാക്കോ.

ലേഖകന്‍ എഴുതുന്നു:

ജപ്പാനിലെ ഒരു ബസ് ടെര്‍മിനലില്‍ 1960ലാണ് തക്കാ‍ാക്കോ തന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടിയത്. പ്രണയം പൂത്തുനിന്ന കാലത്താണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍‘ തോമസ് തക്കാക്കോയ്ക്ക് നല്‍കിയത്. കയറിന്റെ പരിഭാഷ വായിച്ചപ്പോള്‍ നാമ്പിട്ട മോഹമാണ് തക്കാ‍ാക്കോയെ തികഞ്ഞ മലയാളിയാക്കിയത്. കേരളത്തിലെത്തിയ തക്കാക്കോ കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ ഹിലാരിയയുടെ ശിക്ഷണത്തില്‍ മലയാളപഠനം തുടങ്ങി. മൂന്നു വര്‍ഷം കൊണ്ട് സംസാരിക്കാനും വായിക്കാനും എഴുതാനും പഠിച്ച് തക്കാക്കോ ഗുരുവിനെ ഞെട്ടിച്ചു.

അന്നു മുതല്‍ മലയാള മനോരമയുടെ പതിവു വായനക്കാരിയാണു താനെന്നു തക്കാക്കോ പറയുന്നു. തകഴിയുടെ അനുമതിയോടെ കയര്‍ ജപ്പാനീസ് ഭാഷയിലെക്കു തക്കാക്കോ മൊഴിമാറ്റുകയും ചെയ്തു...


വാര്‍ത്ത്കള്‍ക്ക് കൊഴുപ്പേകാന്‍ വസ്തുതകള്‍ മാറ്റിമറിക്കുന്ന ആധുനിക പത്രസംസ്കാരമാണ് മേല്‍കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍ പ്രതിഫലിക്കുന്നത്. തക്കാക്കോ കയര്‍ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെന്നത് ശരിയാവാം. പക്ഷെ തോമസ് 1960ല്‍ കാമുകിക്ക് കയറിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ വായിക്കാന്‍ കൊടുത്തെന്ന പ്രസ്താവം ശുദ്ധ അസംബന്ധമാണ്. കാരണം 1960ല്‍ കയറിന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നില്ല. എങ്ങനെ ഉണ്ടാകാനാണ്? കയര്‍ അന്ന് മലയാളത്തില്‍തന്നെ ലഭ്യമായിരുന്നില്ല. തകഴി അത് എഴുതിക്കഴിഞ്ഞിരുന്നില്ല.

വാര്‍ത്തയിലെ സത്യത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ എത്തിച്ചേരാവുന്ന നിഗമനം തോമസ് തക്കാക്കോക്ക് നല്‍കിയത് തകഴിയുടെ ചെമ്മീന്‍ ആണെന്നാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ യൂനെസ്കോയുടെ ആഭിമുഖ്യത്തില്‍ 1960കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ തക്കാക്കോ ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തതും അതാവണം. താന്‍ വായിച്ചതും പരിഭാഷപ്പെടുത്തിയതും ഏത് കൃതിയാണെന്ന കാര്യത്തില്‍ തക്കാക്കോക്ക് തെറ്റുപറ്റിയെന്ന് കരുതാന്‍ ന്യായമില്ല. ചെമ്മീനെ കയറാക്കിയത് മനോരമ ലേഖകന്റെ ചെപ്പടി വിദ്യയാകണം. ചെമ്മീനേക്കാള്‍ എത്രയോ കൂടുതല്‍ വലിപ്പമുണ്ടല്ലൊ കയറിന്.

മനോരമ പ്രചരിപ്പിക്കുന്ന ഈ പത്രസംസ്കാരത്തെക്കുറിച്ച് ഞാന്‍ ആദ്യം ബോധവാനായത് രണ്ട് പതിറ്റാണ്ട് മുന്‍പ് മൊയ്തു എന്ന ഒരു പഴയ പട്ടാളക്കാരണെക്കുറിച്ച് അത് പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്. അതില്‍ അവതരിപ്പിച്ച, രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച മലപ്പുറം സ്വദേശി മൊയ്തുവിന്റെ കദനകഥ ഏതാണ്ട് ഇങ്ങനെയായിരുന്നു (പൂര്‍ണ്ണമായും ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത വാക്കുകളില്‍ എഴുതുന്നതുകൊണ്ടാണ് ‘ഏതാണ്ട്’ എന്ന് പറയുന്നത്):

രാജ്ഞിയുടെ കിരീദം കാക്കാനാണ് മൊയ്തു പടക്കളത്തിലേക്ക് കുതിച്ചത്. ഡച്ച് യുദ്ധക്കളത്തില്‍ ഘോര്‍ഘോരം പൊരുതി, മുറിവേറ്റ് ബോധംകെട്ടുവീണു. ബോധം തെളിഞ്ഞപ്പോള്‍ ജപ്പാന്‍‌കാരുടെ തടവുകാരന്‍‍. യുദ്ധം കഴിഞ്ഞാണ് മോചിതനായത്. പിന്നീട് രണ്ടു കൊല്ലം വടക്കേ ഇന്ത്യയിലായിരുന്നു. അക്കാലത്ത് അലഹബാദില്‍ നെഹ്രുവിന്റെ ഡ്രൈവറായി പണിയെടുത്തു. അന്ന് മൊയ്തു ഇന്ദിരയെ കാറില്‍ സ്കൂളില്‍ കൊണ്ടുപോയിരുന്നു.

ഉപജീവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്ന മൊയ്തുവിനെ രാജ്ഞിയുടെ കിരീടത്തിന്റെ കാവല്‍ക്കാരനാക്കിയത് ലേഖകന്റെ മനോധര്‍മമാവണം. രണ്ടാം മഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേയും ഇന്ത്യയിലേയും കിരീടം ധരിച്ചിരുന്നത് ജോര്‍ജ് ആറാമനാണ്. കഥ കൊഴുപ്പിക്കാന്‍ ലേഖകന്‍ എലിസബെത്ത് രാജ്ഞിയെ മുന്‍‌കാലപ്രാബല്യത്തോടെ രാജ്ഞിയാക്കി.

അദ്ദേഹത്തിന്റെ ഭാവനാവിലാസം അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അദ്ദേഹം മൊയ്തുവിനെ ഡച്ച് കോളനിയായിരുന്ന ഇന്തൊനേഷ്യയില്‍നിന്ന് ഹോളണ്ടിലേക്ക് സ്ഥലം മാറ്റി. (മറ്റൊരു ഡച്ച് പോര്‍ക്കളത്തിലും ജപ്പാന്‍‌കാര്‍ എത്തിയിരുന്നില്ല. ജപ്പാന്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ഇന്തൊനേഷ്യ തിരിച്ചുപിടിക്കാന്‍ വേണ്ട സൈനികശക്തി ഡച്ചുകാര്‍ക്കില്ലാതിരുന്നതുകൊണ്ട് ബ്രിട്ടീഷുകാര്‍ ആ ദൌത്യം ഏറ്റെടുക്കുകയുണ്ടായി. അതിനവര്‍ ഇന്ത്യന്‍ പട്ടാളക്കാരെയാണ് ഉപയോഗിച്ചത്.)

യുദ്ധം അവസാനിച്ചത് 1945 ആഗസ്റ്റിലാണ്. തടവില്‍ന്നു നേരേ അലഹബാദില്‍ ചെന്ന് നെഹ്രുവിന്റെ ഡ്രൈവര്‍ ആയെന്ന് കരുതിയാല്‍ പോലും മൊയ്തുവിനു ഇന്ദിരയെ സ്കൂളില്‍കൊണ്ടുപോകാന്‍ ആവുമായിരുന്നില്ല. കാരണം ഇന്ദിര അപ്പൊഴേക്കും കല്യാണം കഴിച്ച് അമ്മയായി കഴിഞ്ഞിരുന്നു. പക്ഷെ അതൊന്നും ലേഖകന്റെ നിലയ്ക്കാത്ത ഭാവനാവിലാസത്തിനു പ്രശ്നമായില്ല. അദ്ദേഹം ഇന്ദിരയെ യൂണിഫാം അണിയിച്ച് മൊയ്തുവിന്റെ വണ്ടിയില്‍ കയറ്റി സ്കൂളിലേക്കയച്ചു.