Sunday, April 25, 2010

കൊല്ലം മെത്രാന്റെ സഭാവിലക്ക് ഉത്തരവിനെതിരെ കോടതിവിധി

പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി, കൊല്ലം, പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിൽ നിന്ന്:

കൊല്ലം രൂപതയിലെ വിവിധ ഇടവകകളിലെ ലത്തീൻ കത്തോലിക്ക സമുദായ അംഗങ്ങളെ ചില വസ്തുതകളും സത്യങ്ങളും അറിയിക്കാൻ ആഗ്രഹിക്കുന്നു. വൈദിക വർഷം കൊണ്ടാടുമ്പോഴും നമ്മുടെ വൈദികർ പരസ്യമായി പത്ത് കല്പനകൾ ലംഘിച്ച് സമൂഹത്തിൽ നമ്മുടെ സമുദായത്തിന് പേരുദോഷം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വൈദികരെ ഒറ്റപ്പെടുത്തി ചൂണ്ടിക്ക്ക്കാട്ടിക്കൊടുക്കുമ്പോൾ അവരെ തിരുത്താൻ ബാധ്യസ്ഥനായ കൊല്ലം മെത്രാൻ സ്റ്റാൻലി റോമൻ തെറ്റുകാരെ സംരക്ഷിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടിയ അൽമായരെ കാനൻ നിയമം ഉദ്ധരിച്ച് ശിക്ഷിക്കുകയും ചെയ്യുന്നു. നീതിക്കുവേണ്ടി ഭാരതത്തിലെ വ്യവസ്ഥാപിത നിയമങ്ങൾ പ്രകാരം കോടതികളെ ആശ്രയിച്ച് തെളിവുകൾ ഹാജരാക്കി അനുകൂല വിധികൾ സമ്പാദിച്ചതിന് പുല്ലിച്ചിറയിലെ അൽമായരെ കാനൻ നിയമം ഉദ്ധരിച്ച് വിലക്കു കൽ‌പ്പിച്ച് ഉത്തരവുകൾ ഇറക്കി കുപ്രസിദ്ധനായിരിക്കുകയാണ് കൊല്ലം മെത്രാൻ. അദ്ദേഹത്തിന്റെ ഉത്തരവുകൾ പ്രകാരം കുടുംബാംഗങ്ങൾക്കുപോലും നോമ്പുകാലത്തും ആചാരാനുഷ്ഠാനങ്ങൾ വിലക്കിയിട്ടുണ്ട്. തെറ്റുചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ക്രിസ്തുവചനം അറിയാത്തയാളാണോ കൊല്ലം മെത്രാൻ?

മെത്രാന്റെ മഹറോൻ, സഭാവിലക്ക് ഉത്തരവുകൾ നടപ്പാക്കുന്നത് കൊല്ലം മുൻസിഫ് കോടതി നിരോധിച്ചു. ഞങ്ങൾ ബോധിപ്പിച്ച കേസിൽ മെത്രാനും എപ്പിസ്‌കോപ്പൽ വികാരി ഫാ. പോൾ മുല്ലശ്ശേരിയും ഇടവക വികാരി ഫാ. ലാസർ പട്ടകടവും പ്രതികളായിരുന്നു. ദിവസങ്ങൾ നീണ്ട വാദത്തിനും എതിർവാദത്തിനും ശേഷം സുദീർഘവും സുപ്രധാനവുമായ വിധിയാണ് ബഹുമാനപ്പെട്ട കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് ശ്രീ. കെ. കമനീഷ് പ്രസ്താവിച്ചത്. മതപരമായ സംഗതികൾ കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്നായിരുന്നു മെത്രാന്റെ പ്രധാന തർക്കം. സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചാണ് കോടതി അത് നിരാകരിച്ചത്. മെത്രാന്റെ ഉത്തരവുകൾ നിരോധിച്ച കോടതി ഞങ്ങൾക്ക് ലഭിക്കേണ്ട കൂദാശകളും മറ്റും നിഷേധിക്കാൻ പാടില്ലെന്നും മെത്രാനെയും വികാരിമാരെയും നിരോധിച്ച് ഉത്തരവായിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ഈ സുപ്രധാന വിധി ഇവരുടെ കണ്ണു തുറപ്പിക്കുമോ? ….

കാനൻ നിയമവും പാതിരിമാരും

കാനൻ നിയമം പാതിരിമാർക്ക് ബാധകമാക്കാൻ മെത്രാൻ സ്റ്റാൻലി റോമന് ഭയമാണ്. കൊല്ലം രൂപതയിലെ പാതിരിമാർ കൊലക്കേസിലും പെണ്ണുകേസുകളിലും പ്രതികളായിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നാളിതുവരെ ഇത്തരക്കാരായ പാതിരിമാരെയോ അവരുടെ കുടുംബാംഗങ്ങളെയോ സഭയിൽ നിന്നും വിലക്കിയിട്ടില്ല. ആന്റണി ലാസർ കൊലപാതകിയെന്ന് കോടതി വിധിച്ചു. ശിക്ഷിച്ചു ജയിലിൽ ആക്കി. സഭ വിലക്കിയില്ല. പെണ്ണുകേസുകളിൽ പ്രതിയാകുകയും സഭയെ അപമാനിക്കുകയും ചെയ്ത പാതിരിമാർ കൊല്ലത്ത് നിരവധിയാണ്. അവരുടെ പേരുകൾ ഞങ്ങൾ ഇപ്പോൾ പരാമർശിക്കുന്നില്ല. ഒരാൾക്കെതിരെയെങ്കിലും നിയമപ്രകാരം നടപടിയെടുക്കാൻ കൊല്ലം മെത്രാൻ തയ്യാറായില്ല. ളോഹ ഊരി മാറ്റാതെ പെണ്ണുകേസിൽ പിടിക്കപ്പെട്ട് നിർബന്ധിതരായി വിവാഹിതരായ പാതിരിമാരും കൊല്ലം രൂപതയിൽ വിലക്കുകൾ നേരിടാതെ സ്വസ്ഥജീവിതം നയിക്കുന്നു. നിയമപരമായി കോടതി നടപടികൾ നടത്തി അഴിമതിക്കും ജീർണ്ണതയ്ക്കും എതിരെ പോരാടുന്ന ഞങ്ങൾക്കെതിരെ സഭാവിലക്കു ഉത്തരവുകൾ പുറപ്പെടുവിക്കാൻ കൊല്ലം മെത്രാന് യാതൊരു ധാർമ്മിക അവകാശവുമില്ല….

സ്വത്ത് ഭരണം – നിയമം

നമ്മുടെ രൂപതയിലും ഇടവകകളിലും സ്വത്ത് ഭരണത്തിൽ ജനാധിപത്യമില്ല. ഭൂരിപക്ഷം അൽമായരെ ന്യൂനപക്ഷമായ പാതിരിമാർ സ്വയം സ്വത്ത്ഭരണം ഏറ്റെടുത്ത് ഭരിക്കുന്നു. കണക്കുകൾ ആരെയും ബോധ്യപ്പെടുത്തുന്നില്ല. ഭരണത്തിൽ സുതാര്യതയില്ല. വൈദികരുടെ സ്വേച്ഛാധിപത്യം മാത്രം! … ഇതവസാനിപ്പിക്കേണ്ടേ? പുരോഹിതർ ആത്മീയകാര്യങ്ങൾ നടത്തട്ടെ. സ്വത്തുക്കൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതികൾ ഭരിക്കട്ടെ…. കൊല്ലം രൂപതയെയും ഇടവകകളെയും നിയമലംഘകരും അഴിമതിക്കാരുമായ പാതിരിമാരുടെ ദുർഭരണത്തിൽ നിന്നും മോചിപ്പിക്കാൻ ഞങ്ങൾക്കൊപ്പം കൈകോർക്കുക! കൊല്ലം രൂപതയെയും കത്തോലിക്ക സഭയെയും സംരക്ഷിക്കുക! രക്ഷിക്കുക!

പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി (ക്യു. 308/2009),
പുല്ലിച്ചിറ പി.ഒ.
കൊല്ലം
വെബ്‌പേജ്: http://pullichira.wordpress.com

1 comment:

Manoj മനോജ് said...

“നമ്മുടെ രൂപതയിലും ഇടവകകളിലും സ്വത്ത് ഭരണത്തിൽ ജനാധിപത്യമില്ല. ഭൂരിപക്ഷം അൽമായരെ ന്യൂനപക്ഷമായ പാതിരിമാർ സ്വയം സ്വത്ത്ഭരണം ഏറ്റെടുത്ത് ഭരിക്കുന്നു. കണക്കുകൾ ആരെയും ബോധ്യപ്പെടുത്തുന്നില്ല. ഭരണത്തിൽ സുതാര്യതയില്ല. വൈദികരുടെ സ്വേച്ഛാധിപത്യം മാത്രം!”

അല്‍മായക്കാരില്‍ നിന്ന് ഇത് പോലുള്ള എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ഒരൊറ്റ പേടി കൊണ്ടല്ലേ കത്തോലിക്ക സഭ പുതിയ വിദ്യാഭ്യാസ നിയമത്തിലെ 21ആം വകുപ്പിനെതിരെ - സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയെ നിയമിക്കണം - രംഗത്തിറങ്ങിയിരിക്കുന്നത് :)