Friday, April 9, 2010

ഭരണകൂട ഭീകരതയുടെ വിവരണവുമായി നാട്ടുവിശേഷം

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കേരളത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ ദലിത് വേട്ടയുടെ ഫലമായി പ്രസിദ്ധീകരണം നിലച്ച ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ.എം) മുഖപത്രമായ സ്വതന്ത്ര നാട്ടുവിശേഷം ആഴ്ചപ്പതിപ്പിന്റെ നവീകരിച്ച പതിപ്പ് ഇന്ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.

നേരത്തെ ടാബ്ലോയ്ഡിന്റെ രൂപത്തിലായിരുന്ന വാരിക ഇപ്പോൾ മാസികയുടെ രൂപത്തിലാണ്. ‘ജനാധിപത്യത്തിന്റെ കാവലാളും ജാതി ഇരകളുടെ വഴികാട്ടിയും’ എന്നാണ് നാട്ടുവിശേഷം അവകാശപ്പെടുന്നത്.

മൂന്ന് യുവതികളാണ് നാട്ടുവിശേഷത്തിന്റെ പിന്നിൽ. എഡിറ്റർ: രമ്യ കെ. ആർ, സബ് എഡിറ്റർ: സരിതാ ദാസ്, മാനേജിംഗ് എഡിറ്റർ: സന്ധ്യ പള്ളിമൺ..

പ്രസിദ്ധീകരണം നിലച്ചിരുന്ന കാലത്തെ സംഭവങ്ങൾ സ്വാഭാവികമായും പുതിയ ലക്കത്തിൽ പ്രാമുഖ്യം നേടിയിരിക്കുന്നു. “കേരളം ദലിത് വംശഹത്യയിൽ” എന്ന തലക്കെട്ടിലുള്ള കവർ സ്റ്റോറി പറയുന്നു: “ഭരണകൂട ഭീകരതയും മാധ്യമ ഭീകരതയും ദലിത് കൂട്ടായ്മയെ വേട്ടയാടുന്നു.” കവർ പേജിലെ മറ്റൊരു തലക്കെട്ട്: വർക്കലകൊല്ലം സംഭവം: നിങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതും യഥാർത്ഥത്തിൽ സംഭവിച്ചതും” (ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ തീവ്രവാദി ആരോപണം ഉന്നയിച്ച സംസ്ഥാന പൊലീസ് വർക്കല കൊലപാതകം കൂടാതെ കൊല്ലത്തെ കോടതിയിൽ നടന്ന തീവെയ്പിന്റെയും ഉത്തരവാദിത്തം അവരുടെമേൽ കെട്ടി വെച്ചിട്ടുണ്ട്.)

രമ്യ കെ.ആർ. പേരുവെച്ചെഴുതിയ മുഖലേഖനം ആവശ്യപ്പെടുന്നു: “ഇടതു സർക്കാർ സത്യം പറയുക: ദലിതർ തീവ്രവാദികളോ?” സരിതാ ദാസിന്റെ “ദലിതരോട് ദയ അരുത്” എന്ന ലേഖനം ഭരണകൂട ഭീകരതയുടെ സാക്ഷ്യപ്പെടുത്തലാണ്. പൊലീസ് അതിക്രമങ്ങൾ വിവരിക്കുന്ന മറ്റൊരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: “ദലിത് സഹോദരിമാരേ ….മനക്കരുത്ത് നേടൂ … നഗ്നരാകാൻ?”

ദലിത് വേട്ടയുടെ കാഴ്ചകൾ എന്ന ഫോട്ടൊ ഫീച്ചറിൽ അതിക്രമനത്തിനിരയായ നിരവധി പേരുടെ ചിത്രങ്ങൾ കാണാം.

മനുമനസ് എന്ന കവിതയിൽ തത്തു എഴുതുന്നു:

മനുവിൻ രക്തം മാർക്സിസ്തായാൽ
വേട്ട മറക്കണമെന്നോ?
പാടില്ല അതു പാടില്ല.


ഈ ലക്കതിലെ ഒരു കാർട്ടൂണിൽ പൊലീസ് ഇൻസ്പെക്ടർ ടെലിഫോനിലൂടെ മേലുദ്യോഗസ്ഥനോട് പറയുന്നു: “നിരപരാധിയെ കൊന്നതിന് നിരപരാധികളെ തന്നെ അറസ്റ്റ് ചെയ്തൂ സാ‍ാർ”.മറ്റൊന്നിൽ ഇൻസ്പെക്ടർ പറയുന്നു: “കോടതി മാത്രമല്ല വേൾഡ് ട്രെയിഡ് സെന്റർ തകർത്തതും ഇവന്മാരാ‍ാ...കത്താതെ കിടക്കുന്നത് സാർ കത്തിച്ചൊ. ഹരിജനങ്ങൾ ഇനിയും കസ്റ്റഡിയിലുണ്ട്“

2 comments:

parakkandy said...

ധളിതരെയും ന്വൂന പക്ഷത്തെയും വേട്ടയാടുന്ന ഭരണകൂട ഭീകരത തുറന്നു കാട്ടുക... തീവ്രവാദവും ഭീകരവാദവും മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഇവരുടെ മേല്‍ അടിച്ചെല്പിക്കുമ്പോള്‍ നോകിനില്‍കാന്‍ മനസ്സില്ലാത്തവര്‍ ഒരുമിക്കട്ടെ .....അവരും മനുഷ്യരാണ് അവരും ജീവിക്കട്ടെ മനുഷ്യരെപ്പോലെ ....

നന്ദന said...

മനുഷ്യമക്കളെ ഒന്നിക്കൂ.