Sunday, April 4, 2010

കുടിയൊഴിപ്പിക്കലിനെതിരെ സായാഹ്നധർണ്ണ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള വയ്യാമൂല, വള്ളക്കടവ്, കാരാളി എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന അറുനൂറില്‍ പരം കുടുംബങ്ങള്‍ ഏറെ കൊല്ലങ്ങളായി വിമാനത്താവള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. കുടിയൊഴിപ്പിക്കലിനെതിരെ അവര്‍ ഒരു ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ഇഞ്ചക്കല്‍ ജങ്ഷനില്‍ ഒരു സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കപ്പെട്ടു.

വിമാനത്താവള വികസനപദ്ധതിയുടെ ഭാഗമായ അത്യാധുനിക ടെര്‍മിനലും അനുബന്ധ സജ്ജീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി ആക്ഷന്‍ കൌന്‍സില്‍ ഇന്നലെ പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറയുന്നു. അധികൃതരുടെ അലംഭാവം മൂലം ഉത്ഘാടനം നീണ്ടുപോകുന്നെന്ന് മാത്രം. വികസന പരിപാടിക്ക് അത്യന്താപേക്ഷിതമെന്ന് അധികൃതര്‍ പറഞ്ഞ 27 ഏക്കര്‍ സ്ഥലവാസികള്‍ വിട്ടുകൊടുക്കുകയുണ്ടായി. പുതിയ ടെര്‍മിനല്‍ കെട്ടിടം അവിടെയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം അനാ‍ാവശ്യമാണെന്ന് അവര്‍ കരുതുന്നു. അതിനെതിരെയാണ് സമരം.

സ്ഥലവാസികള്‍ ഘോഷയത്രയായി ഇഞ്ചക്കല്‍ ജങ്ഷനില്‍ എത്തിയാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ ഞാന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു. എം.എല്‍.എ. മാരായ വി. ശിവന്‍കുട്ടി (സി.പി.എം), വി. സുരേന്ദ്രന്‍പിള്ള (കേരളാ കോണ്‍ഗ്രസ്-ജോസഫ്), മുന്‍ എം.എല്‍.എ. ശരത് ചന്ദ്ര പ്രസാദ് (കോണ്‍ഗ്രസ്) എന്നിവര്‍ ആക്ഷന്‍ കൌന്‍സിലിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു.

കുടിയൊഴിപ്പിക്കലിനെതിരെ വിമാനത്താവള പരിസരത്ത് നടക്കുന്ന ധര്‍ണ്ണയും ദേശീയപാതയില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രക്ഷോഭ പരിപാടികളുമെല്ലാം വികസന വിഷയത്തില്‍ ഭരണകൂടങ്ങള്‍ അവലംബിക്കുന്ന തെറ്റായ സമീപനത്തിന്റെ ഫലമാണെന്ന് ഞാന്‍ പറഞ്ഞു. ഈ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ വികസനത്തിനെതിരല്ല. ജനങ്ങളുടെ താലപര്യം കണക്കിലെടുത്തുകൊണ്ടാണ് വികസന പരിപാടികള്‍ തയ്യാറാക്കേണ്ടത്. ഭരണാധികാരികള്‍ ആപ്പീസിലിരുന്ന് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നുകൂടി ആലോചിക്കണം. ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണെങ്കില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. സ്ഥല ദൌര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശമാണ് കേരളം. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം സ്ഥാപിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഭരണാധികാരികള്‍ക്ക് തെങ്ങിന്റെ മണ്ടയില്‍ ആളുകള്‍ക്ക് താമസിക്കാനാവില്ലെന്നും മനസ്സിലാക്കാന്‍ കഴിയണം.

വിമാനത്താവള വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത് 300ല്‍ പരം ഏക്കര്‍ ഭൂമിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തതിന്റെ ഫലമായി 27 ഏക്കര്‍ ആയി കുറയ്ക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.

8 comments:

Manoj മനോജ് said...

വളരെ രസകരമായ വാര്‍ത്ത. വികസനത്തിന്റെ പേരില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് രംഗത്ത് :)

ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്ന വികസനത്തിന്റെ പേരിലുള്ള കുടി ഒഴിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ്സ് കേന്ദ്ര നേതാക്കളെ ഇത് ഒന്ന് കാണിച്ച് കൊടുക്കണം. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് മാവോയിസ്റ്റുകളെ പോലുള്ളവര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ വേരുകള്‍ ഉറപ്പിക്കുവാന്‍ കഴിയുന്നതെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും ഭരണ നേതൃത്വം മനസ്സിലാക്കി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍.... അക്രമങ്ങള്‍ക്ക് പകരം നമുക്കാവശ്യം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി വെമ്പുന്ന കുഞ്ഞ് മനസ്സുകളെയാണ്.... ഇനിയെങ്കിലും അതിനായി ശ്രമിക്കാം....

Anonymous said...

മാഷേ,
സ്വകാര്യ മുതലാളിക്ക് ഷോപ്പിങ്ങ് സെന്ററുകളും റിയലെസ്റ്റേറ്റ് കച്ചവടം നടത്താനും മറ്റും NH ന് സമീപം 3000 ത്തോളം ഏക്കര്‍ ജനങ്ങളില്‍ നിന്ന് ഏറ്റെടുത്തു നല്‍കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്.
താങ്കള്‍ക്ക് അതി വേഗത്തില്‍ കാറില്‍ പാഞ്ഞു പറക്കാനുള്ള സൗകര്യം ലഭിക്കുന്നതിനാല്‍ ആ സ്ഥലം ഏറ്റെടുക്കല്‍ അവശ്യമായിരിക്കും അല്ലേ. 3000 ഏക്കറിനേക്കാള്‍ വലുതല്ലേ 300 ഏക്കര്‍.

BOT-road

Suraj said...

സാറ് വയനാട്ടിലേയ്ക്കും പ്ലാച്ചിമടയ്ക്കും പോകുന്നതെന്നാണ് ?

-: നീരാളി :- said...

മനോജ്‌, സൂരജ്‌,
'വികസനം' എന്ന പേരില്‍ വന്‍വ്യവസായികള്‍ക്കും, വന്‍ മൂലധന ശക്തികള്‍ക്കും കൂട്ടിക്കൊടുപ്പു നടത്തിയ ചരിത്രങ്ങളെ ഏക പക്ഷീയമായി കാണരുതേ, കോണ്‍ഗ്രസ്സിനെ പോലെ തന്നെ സിപിഎമ്മും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന്‌ ചരിത്രവും വര്‍ത്തമാനവും വിളിച്ചു പറയുന്നു. ലജ്ജയില്ലാത്തെ ഇങ്ങിനെ പുലമ്പാതെ.
ഇ.എം.എസ്‌. ബിര്‍ളിയെ മാവൂരിലേക്ക്‌ കൂട്ടികൊണ്ടു വന്നതിന്റെ ചരിത്രവും രേഖകളും പരിശോധിച്ചു നോക്കൂ. ഇന്ന്‌ പ.ബംഗാളിലെ കൂട്ടക്കുരുതികളും കൂട്ടിക്കൊടുപ്പുകളും അങ്ങാടി പാട്ടല്ലെ, എന്തിന്‌്‌ കേരളത്തിലെ കളികള്‍ ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌. അക്കമിട്ടു നിരത്തണോ ?

ജഗദീഷിന്‌,
ഒരു കാര്യത്തെ കൂറിച്ച്‌ സൂചിപ്പിക്കുമ്പോള്‍, മറ്റു ചിലയിടങ്ങളിലേക്ക്‌ കൊളുത്തി വലിക്കുന്നതെന്ത്‌ 'പാരിസ്ഥിതികബോധം' ? മനസ്സിലാക്കിയിടത്തോളം ബിആര്‍പിയും NH ന്റെ പേരിലുള്ള കൂട്ടിക്കൊടുപ്പിന്‌ എതിരാണ്‌. അതു മറച്ചു വെക്കാനുള്ള ചീപ്പ്‌ രാഷ്ട്രീയ അടിയൊഴുക്കുകളില്‍ നിന്നും മോചിതനാവൂ മാഷേ, ഇന്നത്തെ 'ഇ.പക്ഷ' സര്‍ക്കാറെടുത്ത പാരിസ്ഥിതിക വിരുദ്ധമായ നടപടികളെക്കുറിച്ച്‌ നാവനക്കാന്‍ വയ്യാത്ത ജഗദീഷ്‌ ഏതു 'ഗാന്ധി' യെയാണ്‌ കൂട്ടി പുടിക്കുന്നത്‌ ആവോ ?

Anonymous said...

പ്രിയ നീരാളി,
താങ്കള്‍ പറഞ്ഞത് ശരിയാണ്. കൊളുത്തി വലിക്കേണ്ട കാര്യമില്ലായിരുന്നു. BOT-road പ്രശ്നത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും (ഇടത് ഉള്‍പ്പടെ), മാധ്യമങ്ങളും, മാധ്യമപ്രവര്‍ത്തകരും നിശബ്ദരാണ്. സ്ഥലം നഷ്ടപ്പെടുന്നവര്‍ വളരെ തകര്‍ന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം അവരുടെ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. ആരും അവരുടെ ശബ്ദം കേള്‍ക്കുന്നില്ല. അതുകൊണ്ട് അങ്ങനെ പറഞ്ഞു പോയതാണ്.

'ഇ.പക്ഷ' സര്‍ക്കാറെടുത്ത പാരിസ്ഥിതിക വിരുദ്ധമായ നടപടികളെക്കുറിച്ച്‌ പറയാന്‍ ഇവിടെ ധാരാളം 'സിന്‍ഡിക്കേറ്റ്'മാധ്യമങ്ങളുണ്ടല്ലോ. അവ വളരെ ഭംഗിയായി അത് തച്ചിന് ചെയ്യുന്നുണ്ട്. ഞാനെന്തിന് അത് വീണ്ടും ചെയ്യണം. എനിക്ക് ധാരാളം ജോലി വേറെയുണ്ടല്ലോ.

കൊളുത്തി വലിക്കുന്നതും പാരിസ്ഥിതികബോധവും തമ്മിലുള്ള ബന്ധം മനസിലായില്ല.

-: നീരാളി :- said...

'സിന്‍ഡിക്കേറ്റ്‌ ' പ്രയോഗങ്ങള്‍ അധികാര രാഷ്ട്രീയക്കാരന്റെ ഒളിയുദ്ധ പ്രയോഗങ്ങള്‍ മാത്രം. അല്ലെങ്കിലും 'സിന്‍ഡിക്കേറ്റു' മാര്‍ കൈകാര്യം ചെയ്‌തു എന്നതുകൊണ്ടു മാത്രം അവര്‍ മുന്നില്‍ കൊണ്ടു വന്ന വസ്‌തുതകള്‍ ഇല്ലാതാവുന്നില്ലല്ലൊ. (ഇന്നിതാ കണ്ണൂര്‍ ജില്ലയില്‍ വളപട്ടണത്ത്‌ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള 'ഇക്കോ ടൂറിസം' സൊസൈറ്റി, കണ്ടല്‍ കാടുകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്‌ത നാട്ടുകാരെ തല്ലി അവശരാക്കി ആശുപത്രിയിലാക്കിയിരിക്കുന്നു. ഈയൊരു വാര്‍ത്ത എങ്ങിനെയാണ്‌ പുറംലോകമറിയുക ? വേറെ ഏറെ പണികളുള്ള ജഗദീഷു വഴിയോ ?)

N.H. വികസനവുമായി അടിസ്ഥാനപരമായ കുറേ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുണ്ട്‌. അത്‌ മറ്റൊരു വേദിയില്‍ സംസാരിക്കാം.

Anonymous said...

പ്രയോഗമേതായാലും കാര്യം മനസിലാല്‍ മതി എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്.

സമരം ചെയ്‌ത നാട്ടുകാരെ സര്‍ക്കാര്‍ പോലീസ് തല്ലി അവശരാക്കി ആശുപത്രിയിലാക്കിയിരിക്കുന്നു വാര്‍ത്ത 'സിന്‍ഡിക്കേറ്റ്‌' മാധ്യമക്കാരും അവഗണിച്ചെന്നോ?. വിശ്വസിക്കാനാവുന്നില്ല. എങ്കിലും ജഗദീശും 'സിന്‍ഡിക്കേറ്റ്‌' മാധ്യമക്കാരും ഇല്ലാതെ ഈ വിവരം ജനങ്ങള്‍ അറിഞ്ഞല്ലോ. ഭാഗ്യം.

ചങ്ങാതി നമ്മള്‍ ഇവിടെ ചെയ്യുന്നത് നമ്മള്‍ അറിഞ്ഞ വിവരങ്ങള്‍ പങ്കുവെക്കുകലാണ്. ശരിയുള്ളവ സ്വീകരിക്കുന്നു അല്ലാത്തവ തള്ളിക്കളയുന്നു. ഇതിന് നമുക്ക് ആരും പണം തരുന്നില്ല. പ്രശസ്തിയോ അധികാരമോ കിട്ടുന്നില്ല.

എന്നാല്‍ ഒരു പത്രപ്രവര്‍ത്തകന്റെ കാര്യം അങ്ങനെയല്ല. സത്യം ജനങ്ങളില്‍ എത്തിക്കേണ്ട കടമ അയാള്‍ക്കുണ്ട്.

ബിആര്‍പി BOT-road പദ്ധതിക്ക് എതിരാണെന്ന് താങ്കള്‍ പറയുന്നു. ഇ. പക്ഷം മുതല്‍ എല്ലാ രാഷ്ട്രീയക്കാരും ഇതിനെ എതിര്‍ക്കുന്നു. പക്ഷേ ആരും ഒരു പൊതു പ്രസ്ഥാവന നടത്തുന്നതായി കണ്ടില്ല. എന്താണങ്ങനെ. കുറേ ദിവസങ്ങള്‍ക്ക് മുമ്പ് ഇ.പക്ഷത്തിന്റെ വൈക്കം വിശ്വന്‍ സമരക്കാരേ അനുകൂലിച്ച് സംസാരിച്ചു. എന്നാല്‍ ആ വാര്‍ത്ത എറണാകുളം എഡിഷനില്‍ മാത്രം വന്നു. ഇതിനേക്കുറിച്ചുള്ള മിക്ക വര്‍ത്തകളും അങ്ങനെയാണ്. അതേ ഇ.സര്‍ക്കാര്‍ ഇന്ന് ഓച്ചിറയില്‍ BOT-road വിരുദ്ധ സമരക്കാരെ തല്ലി ചതച്ചു. മുന്‍സിപാലിറ്റി ജീവനക്കാരനായ ഒരാളുടെ നില ഗൗരവകരമാണ്.

300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രശ്നമായും 3000 അക്കര്‍ സ്വകാര്യ വ്യക്തി ഏറ്റെടുക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന പത്ര പ്രവര്‍ത്തനശൈലി തെറ്റാണെന്ന് പറയുകമാത്രമാണ് ഉദ്ദേശിച്ചത്.

ജനശക്തി said...

ബുദ്ധിജീവികളും മനുഷ്യാവകാശക്കാരും ചാനല്‍ വിദഗ്ദരും മാധ്യമസിംഹങ്ങളും കാണാന്‍ മറന്ന വെള്ളാരം കുന്നിലെ ആദിവാസി ചെറുത്തുനില്‍പ്പിനെപ്പറ്റി..

വയനാട്ടില്‍ ജനകീയ ചെറുത്തുനില്‍പ്പ്