Saturday, May 21, 2011

മാധ്യമപ്രവർത്തനം: മാറുന്ന മുഖം

ബി.ആർ.പി. ഭാസ്കർ

മാറ്റം തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്. ചിലപ്പോൾ അത് മെല്ലെസംഭവിക്കുന്നു. അതുകൊണ്ട് എളുപ്പം ശ്രദ്ധയിൽ പെട്ടില്ലെന്ന് വരും. മറ്റ് ചിലപ്പോൾ അത് വളരെ വേഗത്തിൽ സംഭവിക്കുന്നു. അതുകൊണ്ട് അത് പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നു. മാത്രമല്ല അതുമായി എങ്ങനെ പൊരുത്തപ്പെടാമെന്ന് ചിന്തിക്കാൻ നാം നിർബന്ധിതരാവുകയും ചെയ്യുന്നു. അതിവേഗത്തിൽ മാറ്റങ്ങളുണ്ടാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അര നൂറ്റാണിലധികമായി പുതിയ സാങ്കേതികവിദ്യ പല മേഖലകളിലും അത്ഭുതാവഹമായ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലകളിലൊന്ന് മാധ്യമരംഗമാണ്. എല്ലാ മാറ്റങ്ങളും നല്ലതാകണമെന്നില്ല. വിവേകമുള്ള സമൂഹം നല്ല മാറ്റങ്ങളെയും ചീത്ത മാറ്റങ്ങളെയും വേർതിരിച്ചുകാണണം, നല്ലതിനെ പ്രോത്സാഹിപ്പിക്കണം, ചീത്തയെ നിരുത്സാഹപ്പെടുത്തണം.

1927ൽ ആദ്യ റേഡിയൊ സ്റ്റേഷൻ സ്ഥാപിതമാകുന്നതുവരെ ഇന്ത്യയിൽ അച്ചടിമാധ്യമങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മിക്കവയും ആനുകാലികങ്ങൾ. കേരളത്തിലെ വർത്തമാനപത്രങ്ങൾ ആഴ്ചയിൽ രണ്ടോ മുന്നോ ദിവസങ്ങളിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. അവ വായനക്കാരിലെത്തിയത് തപാൽ വഴിയും. പിന്നിട് ദിനപത്രങ്ങളുണ്ടായി. അങ്ങനെ ഓരോ ദിവസത്തെയും സംഭവവികാസങ്ങളെ കുറിച്ച് അന്ന് വൈകിട്ടൊ അടുത്ത പ്രഭാതത്തിലൊ അറിയാൻ കഴിയുന്ന അവസ്ഥയായി. ഇന്ന് വാർത്തക്കുവേണ്ടി അടുത്ത ദിവസത്തെ പത്രത്തിനായി കാത്തിരിക്കേണ്ടതില്ല. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ സംസ്ഥാനത്തെയും രാജ്യത്തെയും ലോകത്തെയും പ്രധാന സംഭവവികാസങ്ങൾ നമുക്ക് അപ്പോഴപ്പോൾ അറിയാനാകുന്നു. ഇരുപത് കൊല്ലം മുമ്പു വരെ റേഡിയോയും ടെലിവിഷനും കേന്ദ്ര സർക്കാരിന്റെ കുത്തകയായിരുന്നു. ഉപഗ്രഹ സാങ്കേതികവിദ്യ വരികയും സർക്കാർ സാമ്പത്തിക ഉദാരവത്കരണ നയം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമായി സ്വകാര്യ സംരംഭകർക്ക് ഈ രംഗങ്ങളിലേക്ക് കടന്നുവരാനായി. ഇന്ന് രാജ്യത്ത് 500ലധികം സ്വകാര്യ ചാനലുകളുണ്ട്. അവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമങ്ങളുടെ വൈവിധ്യവും പെരുപ്പവും, തത്വത്തിൽ, അവയുടെ ഉപഭോക്താക്കളായ ജനങ്ങൾക്ക് ഗുണകരമാണ്. കാരണം അത് അവർക്ക് ഒന്നിന് പകരം മറ്റൊന്ന് തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. എന്നാൽ ബഹുഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളും ഒരേ തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതുകൊണ്ട്, വൈവിധ്യത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തപ്പെടുന്നു. അങ്ങനെ, ഫലത്തിൽ, തെരഞ്ഞെടുക്കാനുള്ള അവസരം ചുരുങ്ങുന്നു.

കേരളീയർക്ക് ഏറെ പരിചിതമായ മാധ്യമരൂപം അച്ചടി മാധ്യമമാണ്. അതിന് 150ൽ പരം കൊല്ലത്തെ ചരിത്രം പറയാനുണ്ട്. ഇന്ന് ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 90 ശതമാനവും 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയശേഷം തുടങ്ങിയവയാണ്. എന്നാൽ രണ്ട് മലയാള ദിനപത്രങ്ങൾ 120ലധികം കൊല്ലം മുമ്പ് ആനുകാലികങ്ങളായി ആരംഭിച്ചവയാണ്. മൂന്നായി വിഭജിച്ചു കിടന്ന മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും ഒരു ഭരണസംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്നതിലും അച്ചടിമാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ഒരു ചെറിയ കാലയളവിൽ മാത്രം നിലനിന്ന സ്വദേശാഭിമാനി പത്രം രണ്ട് കാരണങ്ങളാൽ ഇന്നും ഓർമ്മിക്കപ്പെടുന്നു. പത്രാധിപർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകിക്കൊണ്ട് അതിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൌലവിയും ഭരണകൂട ദുഷ്ചെയ്തികളെ നിശിതമായി വിമർശിച്ചുകൊണ്ട് അതിന്റെ പത്രാധിപർ കെ. രാമകൃഷ്ണപിള്ളയും സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളായി.

ലോകത്തെ മറ്റ് ഭാഗങ്ങളിലെന്നപോലെ, കേരളത്തിലും, അച്ചടി മാധ്യമങ്ങളുടെ സ്വഭാവത്തിലും സമീപനങ്ങളിലും അടുത്ത കാലത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സാക്ഷരതയും വായനാശീലവും വളർന്നതും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും പത്രങ്ങളുടെ പ്രചാരത്തിൽ വലിയ വർദ്ധനയുണ്ടാക്കി. ഇന്ന് രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള പത്ത് പത്രങ്ങളുടെ പട്ടികയിൽ രണ്ട് മലയാള പത്രങ്ങളുണ്ട്. എന്നാൽ സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആനുകാലികങ്ങളുടെ പ്രചാരത്തിൽ കഴിഞ്ഞ പതിറ്റാണ്ടു കാലത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ടെലിവിഷന്റെ വരവ് വായനയെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമായാവാം ഇത് സംഭവിച്ചത്. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ വായനക്കാരെ ആകർഷിക്കാനും ടെലിവിഷൻ ഉയർത്തുന്ന വെല്ലുവിളി നേരിടാനുമുള്ള ശ്രമത്തിലാണ് ദിനപത്രങ്ങളിപ്പോൾ.
ദൃശ്യമാധ്യമരംഗത്ത് വിസ്ഫോടനാത്മകമായ വളർച്ചയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാളി ഇന്ന് പ്രധാന സംഭവങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് ടെലിവിഷനിലൂടെയാണ്. പക്ഷെ ആശയവിനിമയത്തിന് കൂടുതൽ ഉപയോഗപ്രദമായ മാധ്യമമെന്ന നിലയിൽ അച്ചടിക്ക് തുടർന്നും പ്രസക്തിയുണ്ട്. എന്നാൽ തങ്ങളുടെ ശക്തിയും ദൌർബല്യവും വ്യക്തമായി തിരിച്ചറിയാതെ ദൃശ്യമാധ്യമങ്ങളുമായി മത്സരിക്കാനുള്ള പ്രവണത ചില അച്ചടിമാധ്യമങ്ങളിൽ കാണാനുണ്ട്.

ആശയവിനിമയമാണ് തങ്ങളുടെ പ്രാഥമിക ദൌത്യമെന്ന് ആദ്യകാലത്ത് മാധ്യമങ്ങൾ വിശ്വസിച്ചിരുന്നു. ആശയങ്ങൾ പ്രചരിപ്പിക്കാനും അഭിപ്രായം സ്വരൂപിക്കാനും അവ ബോധപൂർവ്വം ശ്രമിച്ചു. ഇന്ന് അവ വ്യവസായങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. വിജയത്തിന്റെ അളവുകോൽ ലാഭമാണെന്ന ആഗോളീകൃതലോക തത്വം അവ സ്വീകരിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ, വാർത്താപംക്തികൾ പോലും വിറ്റ് പണം സമ്പാദിക്കുന്ന തലത്തിലേക്ക് മാധ്യമ പ്രവർത്തനം കൂപ്പുകുത്തിയിരിക്കുന്നു. മാധ്യമ നടത്തിപ്പുകാർക്ക്, തങ്ങളുടേത് ഏറ്റവും നല്ല പത്രമാണെന്നും, അല്ലെങ്കിൽ ഏറ്റവും നല്ല ചാനലാണെന്ന് അറിയപ്പെടാനല്ല, ഏറ്റവുമധികമാളുകൾ വായിക്കുന്ന പത്രം, അല്ലെങ്കിൽ ഏറ്റവുമധികമാളുകൾ കാണുന്ന് ചാനൽ എന്നറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം. കൂടുതൽ ആളുകളെ ആകർഷിക്കാനായി നിലവാരം താഴ്ത്തുവാനും മടിയില്ലാത്ത ഉടമകളും മാധ്യമ പ്രവർത്തകരുമുണ്ട്. വായനക്കാരും പ്രേക്ഷകരും ഈ പ്രവണതക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. മാധ്യമങ്ങൾ ശീലങ്ങളാണ്. അവയിലൂടെ ചീത്ത ശീലങ്ങൾ ഉൾക്കൊണ്ടാൽ അവയുടെ സ്വാധീനത്തിൽ നിന്ന് മോചനം നേടാൻ കഴിയാതെ വന്നേക്കും. അതുകൊണ്ട് മാധ്യമങ്ങൾ ആശാസ്യമല്ലാത്ത രീതികൾ സ്വീകരിക്കുമ്പോൽ ജനങ്ങൾ അത് തിരിച്ചറിയുകയും അത് തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യണം.

സാമ്പ്രദായിക മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം ഏറെക്കുറെ ഏകപക്ഷീയമാണ്. മാധ്യമങ്ങൾ സംസാരിക്കുന്നു, ജനങ്ങൾ വായിക്കുകയും കാണുകയും കേൾക്കുകയും ചെയ്യുന്നു. എന്ത് എഴുതണമെന്നും എങ്ങനെ എഴുതണമെന്നും, അല്ലെങ്കിൽ എന്ത് കാണിക്കണമെന്നും കേൾപ്പിക്കണമെന്നും എങ്ങനെ കാണിക്കണമെന്നും കേൾപ്പിക്കണെമെന്നും, മാധ്യമങ്ങൾ തീരുമാനിക്കുന്നു. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പരിമിതമായ അവസരം മാത്രമാണുള്ളത്. അവർ മാധ്യമങ്ങൾ നൽകുന്ന വിവരം നിശ്ശബ്ദരായി ഏറ്റുവാങ്ങുന്നു. ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള കഴിവ് ഇന്റർനെറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ മാധ്യമങ്ങളെ വ്യത്യസ്തമാക്കുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയുന്ന ആർക്കും ഇന്ന് ബ്ലോഗ് തുടങ്ങിക്കൊണ്ടൊ ഫേസ്ബുക്ക്, ട്വിറ്റർ തുറങ്ങിയ സാമൂഹിക ശൃംഖലകളിൽ ചേർന്നുകൊണ്ടൊ സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരെ അറിയിക്കാനാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏതൊരാൾക്കും സ്വയം മാധ്യമപ്രവർത്തകനാകാൻ കഴിയുന്നു, ഏതൊരു പ്രശ്നത്തിലും ഇടപെടാൻ കഴിയുന്നു.

ടുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ സമീപകാലത്തുണ്ടായ ഭരണമാറ്റം സാധ്യമാക്കിയത് പുതുമാധ്യമങ്ങളാണ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ചിലർ നടത്തിയ ആഹ്വാനങ്ങളെ തുടർന്ന് ജനങ്ങൾ പൊതുസ്ഥലങ്ങളിൽ തടിച്ചുകൂടി. അവരുടെ സമാധാനപരമായ പ്രതിഷേധം ശ്രദ്ധിക്കാൻ ഭരണാധികാരികൾ നിർബന്ധിതരായി. ജനവികാരം സ്വരൂപിക്കുന്നതിലും അതിനെ കർമ്മതലത്തിലേക്ക് തിരിച്ചുവിടുന്നതിനും സാമ്പ്രദായിക മാധ്യമങ്ങളേക്കാൾ കഴിവ് പുതുമാധ്യമങ്ങൾക്കുണ്ടെന്ന് ഇത് തെളിയിച്ചു.

പുതുമാധ്യമങ്ങളുടെ സഹായത്തൊടെ കേരളത്തിനകത്തും പുറത്തും ചിതറി കിടക്കുന്ന മലയാളികളെ ഒന്നിപ്പിക്കാൻ തീവ്രശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. പുതുമാധ്യമങ്ങൾക്ക് ഒരു ഗുരുതരമായ ദൌർബല്യമുണ്ട്. അത്, ആർക്കും കയറി എന്തും എഴുതാവുന്ന സാഹചര്യത്തിൽ, പരമ്പരാഗത മാധ്യമങ്ങളുടെ വിശ്വാസ്യത അവയ്കില്ലെന്നതാണ്.

മാധ്യമങ്ങളുടെ സ്വഭാവവും സമീപനവും മാറുമ്പോഴും മാറ്റം കൂടാതെ നിൽക്കുന്ന, അഥവാ നിൽക്കേണ്ട, ഒരു ഘടകമുണ്ട്. അത് മാധ്യമധർമ്മം സംബന്ധിച്ച്, നീണ്ട കാലത്തെ പ്രവർത്തനത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള, തത്വങ്ങളാണ്. ഇതിൽ പ്രധാനം വസ്തുതകളെ മാനിക്കാനുള്ള ബാധ്യതയാണ്. വസ്തുതകൾക്ക് വില കല്പിക്കാതെയുള്ള ആശയവിനിമയം കേവലം പ്രചാരണമാണ്, മാധ്യമ പ്രവർത്തനമല്ല.

(ആകാശവാണി തിരുവനന്തപുരം നിലയം 2011 മേയ് 21ന് പ്രക്ഷേപണം ചെയ്തത്)

Thursday, May 19, 2011

നേരിയ ഭൂരിപക്ഷവും ഇടുങ്ങിയ അടിത്തറയും ഉയർത്തുന്ന പ്രശ്‌നങ്ങൾ

ബി.ആർ.പി. ഭാസ്‌കർ
മാധ്യമം

വോട്ടർമാർ യു.ഡി.എഫിനു കരുതിക്കൂട്ടിയെന്നോണം നല്‍കിയ 72/68 ഭൂരിപക്ഷം ഗുണകരമായ ഒരു ഫലം നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിപദത്തിന് ഉമ്മൻ ചാണ്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പലരും കോൺഗ്രസ് നിയമസഭാ കക്ഷിയിലുണ്ടാകാം. എന്നാൽ, ആ കക്ഷിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയേക്കാൾ യോഗ്യത അവകാശപ്പെടാവുന്ന ഒരാളെ കണ്ടെത്താനാവില്ല.

യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ ഉമ്മൻ ചാണ്ടി തന്നെയാകും മുഖ്യമന്ത്രിയെന്ന് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. വൈകിയ വേളയിൽ ഇനിയും വ്യക്തമായിട്ടില്ലാത്ത സാഹചര്യങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല സ്ഥാനാർഥിയായി പ്രത്യക്ഷപ്പെട്ടപ്പോൾ സ്വാഭാവികമായും അത് നായർ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. ഏത് നായർക്ക് ഏത് സ്ഥാനം നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് എൻ.എസ്.എസ് കരുതുന്നതുകൊണ്ടാണ് ശശി തരൂരിനെ 'ദൽഹി നായർ' എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയത്തോട് എൻ.എസ്.എസ് നേതൃത്വം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു നായർ ഒഴിഞ്ഞ സീറ്റിലേക്ക് മറ്റൊരു നായരെ നിർത്താതിരുന്നതാണ് അതിനെ ചൊടിപ്പിച്ചത്. ചില സ്ഥാനങ്ങൾ പരമ്പരാഗതമായി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ധാരണ ആ സംഘടനയുടെ നേതൃത്വത്തിനുണ്ട്. ഈ ധാരണയാണ് സംവരണത്തിനെതിരെ നിരന്തരം കോടതിയെ സമീപിക്കാൻ അതിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തിരുവിതാംകൂർ സംസ്ഥാനത്ത് സർക്കാർ നിയമനങ്ങളിൽ നായർ സമുദായത്തിന് കുത്തകയുണ്ടായിരുന്ന ഫ്യൂഡൽ കാലത്തിന്റെ മധുരസ്മരണകളാണ് അതിനെ ഇന്നും നയിക്കുന്നത്.

ആരു മുഖ്യമന്ത്രിയാകണമെന്ന് തെരഞ്ഞെടുപ്പിനുശേഷം ഹൈകമാൻഡ് തീരുമാനിക്കുമെന്നു പറഞ്ഞ് രമേശ് ചെന്നിത്തല ഊഹാപോഹങ്ങൾക്ക് പിൻബലമേകുകയുണ്ടായി. മന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷനായി തുടരാനാണ് താല്‍പര്യമെന്നുമുള്ള പുതിയ പ്രഖ്യാപനത്തെ അദ്ദേഹത്തിന്റെയും യു.ഡി.എഫിന്റെയും നേരിയ ഭൂരിപക്ഷത്തോടെയുള്ള ജയം സൃഷ്ടിച്ച സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമമായി കാണാവുന്നതാണ്. പക്ഷേ, അതിനപ്പുറം ഏതാനും കൊല്ലങ്ങളായി സംസ്ഥാന കോണ്‍ഗ്രസിൽ നിലനില്‍ക്കുന്ന ഗ്രൂപ്പ് സമവാക്യത്തെ ഊട്ടിയുറപ്പിക്കാനുള്ള മോഹവും അതിൽനിന്ന് വായിച്ചെടുക്കാം.

ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല ജോടിയുടെ കീഴിൽ കോൺഗ്രസിന്റെ സാമൂഹികാടിത്തറ ഭയാനകമാം വിധം ചുരുങ്ങിയതായി തെരഞ്ഞെടുപ്പ് ഫലങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ യു.ഡി.എഫ് നിയമസഭാകക്ഷിയിലെ ജാതിമത പ്രാതിനിധ്യം ഇങ്ങനെയാണ്: മുസ്‌ലിംകൾ 27, ക്രിസ്ത്യാനികൾ 22, നായന്മാർ 14, ഈഴവര്‍ർ 3, പട്ടികജാതി/പട്ടികവർഗം 2, മറ്റുള്ളവർ 4 (ഇതിൽ നാടാർ, വിശ്വകർമർ, ധീവരർ എന്നീ സമുദായങ്ങൾ ഉൾപ്പെടുന്നു).

യു.ഡി.എഫിലെ 72 എം.എൽ.എ മാരിൽ 49 പേർ, അതായത് 68 ശതമാനം, ജനസംഖ്യയുടെ 45 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളിൽ പെടുന്നവരാണ്. വിഭാഗീയാടിത്തറയുള്ള ഘടകകക്ഷികളാണ് യു.ഡി.എഫിൽ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷം നേടിക്കൊടുത്തിട്ടുള്ളത്. നിലവിലുള്ള കോൺഗ്രസ്‌സംവിധാനം ദലിത്-പിന്നാക്ക വിഭാഗങ്ങളിൽനിന്ന് എത്രമാത്രം അകന്നുനിൽക്കുന്നുവെന്ന് ഈ കണക്കുകൾ കാണിക്കുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള ഗ്രൂപ്പ്‌സമവാക്യം നിലനിര്‍ത്തുന്നത് ഗുണകരമാണോ എന്ന് കോൺഗ്രസ് പാർട്ടിയും അതിന്റെ കേന്ദ്ര നേതൃത്വവും ആലോചിക്കേണ്ടതാണ്.

ജാതിമതപ്രാതിനിധ്യം മാറ്റിവെച്ച് സ്ത്രീപ്രാതിനിധ്യം പരിശോധിക്കുമ്പോൾ യു.ഡി.എഫിന്റെ സാമൂഹികാടിത്തറ പൊതുവിലും കോൺഗ്രസിന്റേത് പ്രത്യേകിച്ചും എത്ര ശുഷ്‌കവും അപകടകരവുമാണെന്ന് വ്യക്തമാകും. പട്ടികജാതി,പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പി.കെ. ജയലക്ഷ്മിയാണ് യു.ഡി.എഫ് നിയമസഭാ കക്ഷിയിലെ ഏക വനിതാ അംഗം. കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷികൾ ഒരു സ്ത്രീയെ പോലും നിർത്തിയിരുന്നില്ല. കോൺഗ്രസാകട്ടെ, തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളാണ് സ്ത്രീകൾക്ക് നല്‍കിയത്.

ജയലക്ഷ്മിയിലൂടെ മാത്രമാണ് യു.ഡി.എഫിന് മന്ത്രിസഭയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനാവുക. ഗ്രൂപ്പ്‌സമ്മർദങ്ങളുടെ ഫലമായി ജയലക്ഷി ഒഴിവാക്കപ്പെടുകയാണെങ്കിൽ കേരളത്തിൽ ആദ്യമായി സ്ത്രീപ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയുണ്ടാകും. അത് സാമൂഹികരംഗത്ത് ഇതിനകംതന്നെ പ്രകടമായ പ്രതിലോമപ്രവണതകൾക്ക് ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയംവേണ്ട. (മാധ്യമം, മേയ് 19, 2011)

Monday, May 16, 2011

ആർ.ബാലകൃഷ്ണപിള്ളയുടെ ആത്മകഥയിൽ കുറെ കാക്കകൾ

മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപർക്ക് എഴുതിയതും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കത്താണിത്

പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ചെറിയ ക്ലാസിൽ പഠിപ്പിച്ചിരുന്ന ഒരു പുസ്തകത്തിൽ ‘മൂന്ന് കാക്കയെ ഛർദ്ദിച്ച കഥ’ എന്നൊരു പാഠമുണ്ടായിരുന്നു. ഒരാൾ മൂന്ന് കാക്കയെ ഛർദ്ദിച്ചെന്ന് കേട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ കഥയാണത്. ഛർദ്ദിച്ചതിൽ കറുത്ത എന്തൊ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം പരന്നപ്പോൾ ആ കറുത്ത സാധനം ആദ്യം ഒരു കാക്കയും, പിന്നീട് രണ്ട് കാക്കയും, അതിനുശേഷം മൂന്ന് കാക്കയും ആയി രൂപാന്തരപ്പെടുകയായിരുന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ 45ആം ഭാഗം (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 690, മേയ് 9, 2011) വായിച്ചപ്പോൾ അതിൽ ഇത്തരത്തിൽ രൂപപ്പെട്ട കാക്കകൾ കടന്നുകൂടിയതു പോലെ തോന്നി.

എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണത്തെ കുറിച്ച് ശാശ്വതീകാനന്ദ സ്വാമിയിൽ നിന്ന് അറിഞ്ഞതും ഈഴവസമുദായാംഗങ്ങളിൽ പലർക്കും അറിയാത്തതും എന്ന മുഖവുരയോടെ ബാലകൃഷ്ണപിള്ള അവതരിപ്പിക്കുന്ന കഥ ഇങ്ങനെ പോകുന്നു: ഡോ. പി. പൽ‌പു കൊൽക്കത്തയിൽ പോയി സ്വാമി വിവേകാനന്ദനെ കണ്ടു. നിങ്ങളുടെ കൂട്ടത്തിലുള്ള നാണു എന്ന സന്ന്യാസിയെ ചെന്ന് കാണണമെന്നും അദ്ദേഹത്തെ മുന്നിൽ നിർത്തി പ്രവർത്തിച്ചാൽ ഈഴവർക്ക് അനാചാരങ്ങളിൽ നിന്ന് മോചിതരാകാൻ കഴിയുമെന്നും വിവേകനന്ദൻ പറഞ്ഞു. അങ്ങനെ പൽ‌പു ശ്രീനാരായണനെ കാണുകയും അതുവരെ സന്ന്യാസി മാത്രമായിരുന്ന ഗുരുദേവൻ സാമൂഹ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയും ചെയ്തു.

പൽ‌പു വിവേകാനാന്ദനുമായി ബന്ധപ്പെട്ടതിനെ കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സമകാലികരും എഴുതിയിട്ടുണ്ട്. വിവേകാനന്ദനെ കാണാൻ കൊൽക്കത്തയിൽ പോയെന്നല്ല, സ്വാമി ബംഗ്ലൂരു സന്ദർശിച്ചപ്പോൾ തിരുവിതാംകൂറിലെ സാമൂഹ്യപ്രശ്നത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. (ബംഗ്ലൂരുവിൽ സ്വാമി പൽ‌പുവിന്റെ വീട്ടിലാണ് താമസിച്ചതെന്നും ഒരു ഗ്രന്ഥകർത്താവ് പറയുന്നു.) ഒരു ആത്മീയപുരുഷന്റെ നേതൃത്വത്തിൽ സംഘടിച്ച് അവശതകൾക്ക് പരിഹാരം കാണുന്നതാവും നല്ലതെന്ന് വിവേകാനന്ദൻ പറഞ്ഞു എന്നല്ലാതെ ശ്രീനാരായണ ഗുരുവിന്റെ പേരു നിർദ്ദേശിച്ചതായി ആരും പറയുന്നില്ല. ബ്രാഹ്മണരെ സമീപിക്കേണ്ടെന്ന് വിവേകാനന്ദൻ ഉപദേശിച്ചതായി ഒരു പുസ്തകത്തിൽ കാണുന്നു. ശാശ്വതീകാനന്ദ ഭാഷ്യം ഒരാവർത്തി കൂടി കഴിയുമ്പോൾ ഒരു കാക്ക കൂടി അതിൽ കടന്ന്, വിവേകാനന്ദൻ നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്രീനാരായണൻ സമൂഹ്യപരിഷ്കരണ പ്രവർത്തനം ആരംഭിച്ചത് എന്ന തരത്തിൽ കഥ രൂപാന്തരപ്പെടാതിരിക്കട്ടെ.

രേഖപ്പെടുത്തുന്ന വസ്തുതകൾ ശരിയാണെന്നുറപ്പു വരുത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ബാലകൃഷ്ണപിള്ളക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ഓർമ്മപിശകുമൂലം കടന്നുകൂടുന്ന തെറ്റുകൾ ക്ഷമിക്കാം. അതേസമയം രാഷ്ട്രീയ സമീപനത്തിലെ വൈകല്യം മൂലമുണ്ടാകുന്ന തെറ്റുകളെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.

“ഈഴവർക്ക് സംവരണം നടപ്പാക്കിയ“ സി.കേശവനെതിരെ വെണ്ടർ കൃഷ്ണപിള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമുദായം സി.എൻ.രാഘവൻപിള്ളയ്ക്ക് വോട്ടു ചെയത് സി. കേശവനെ തോല്പിച്ചതായി ബാലകൃഷ്ണപിള്ള എഴുതുന്നു. “സി.കേശവന്റെ മകൻ കെ. ബാലകൃഷ്ണൻ പോലും ഈ രീതിയിലാണ് പെരുമാറിയത്“ എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിക്കുന്നു. കൂടാതെ എസ്.എൻ. ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ആർ. ശങ്കറിനെ ഈഴവസമുദായം നശിപ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിന് തെളിവായി ശങ്കർ മത്സരിച്ചപ്പോൾ സമുദായം “എസ്.എൻ.ഡി.പി.ക്കു വേണ്ടി ചെറുവിരൽ പോലും അനക്കാതിരുന്ന” കെ. അനിരുദ്ധനെ വിജയിപ്പെച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വിവരണങ്ങളിൽ ചിതറി കിടക്കുന്ന എല്ലാ കാക്കളെയും വേർതിരിച്ചെടുക്കാൻ സമയപരിമിതിയും സ്ഥലപരിമിതിയും എന്നെ അനുവദിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചേ മതിയാകൂ.

സി.കേശവൻ വെണ്ടർ കൃഷ്ണപിള്ളയോട് പരാജയപ്പെട്ടെന്ന പരാമർശം തെറ്റാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കേശവൻ ഒരു പ്രാദേശിക കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണപിള്ളയെ നേരിയ ഭൂരിപക്ഷത്തോടെ -- 11,121 വോട്ടിനെതിരെ 11,895 വോട്ടു – തോല്പിക്കുകയാണുണ്ടായത്. ആർ.എസ്.പി. സ്ഥാനാർത്ഥിയായിരുന്ന കെ.വി. (ശരിയായ ഇനിഷ്യലുകൾ ഇതാണ്) രാഘവൻപിള്ള 9,841 വോട്ട് പിടിച്ചിരുന്നില്ലെങ്കിൽ സി. കേശവന് വലിയ ഭൂരിപക്ഷം നേടാൻ തീർച്ചയായും കഴിയുമായിരുന്നു.

ആർ.എസ്.പി.നേതാവായിരുന്ന കെ. ബാലകൃഷ്ണൻ അച്ഛനെതിരെ മത്സരിച്ച സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചത് ബാലകൃഷ്ണപിള്ളക്ക് മനസിലാക്കാനാകാത്തത് മക്കൾ അച്ചന്റെ രാഷ്ട്രീയം പിന്തുടരണമെന്ന ഫ്യൂഡൽ വിശ്വാസം വെച്ചുപുലർത്തുന്നതുകൊണ്ടാണ്. കെ.അനിരുദ്ധൻ ആർ.ശങ്കറെ തോല്പിച്ചതിന് ഈഴവസമുദായത്തെ പഴിക്കുന്നത് എല്ലാവരും ജാതി സംഘടനകളുടെ താല്പര്യപ്രകാരമാണ് വോട്ട് ചെയ്യേണ്ടതെന്ന ചിന്ത മനസിലുള്ളതുകൊണ്ടാണ്.

“ഞാനും ആർ.ശങ്കറിനെതിരെ കൈപൊക്കിയിട്ടുണ്ട്,” ബാലകൃഷ്ണപിള്ള എഴുതുന്നു. “അത് പക്ഷെ രാഷ്ട്രീയമാണ്.” ഒരേസമയം എൻ.എസ്.എസിലൂടെ ജാതിരാഷ്ട്രീയവും സ്വന്തം പാർട്ടിയുണ്ടാക്കി അതിലൂടെ അധികാരരാഷ്ട്രീയവും കളിച്ചു കൊണ്ടിരിക്കുന്ന ബാലകൃഷ്ണപിള്ളക്ക് പ്രത്യയശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം.

Saturday, May 14, 2011

വി.എസ്. വീണ്ടും അവതരിക്കുമ്പോൾ

ബി.ആർ.പി.ഭാസ്കർ

എൽ.ഡി.എഫ്.പക്ഷ കേരളം വി.എസ്. അച്യുതാനന്ദന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. അതുണ്ടാകുമോ? ഉണ്ടായാൽതന്നെ മുഖ്യമന്ത്രിയായിട്ടാകുമോ പ്രതിപക്ഷനേതാവായിട്ടാകുമോ അദ്ദേഹം പുനരവതരിക്കുക? അതോ മൂന്നാമതൊരു പുതിയ രൂപത്തിലാകുമോ?

അഞ്ചു കൊല്ലം മുമ്പ് അച്യുതാനന്ദന്റെ രൂപം പാർട്ടിയുടെ മേൽക്കൂര തകർത്ത് വളരാൻ തുടങ്ങിയപ്പോൾ അതിനെ ഒതുക്കി നിർത്താൻ സി.പി.എം സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും വെവ്വേറെയും കൂട്ടായും ശ്രമിക്കുകയുണ്ടായി. പാർട്ടി നിയോഗിച്ച മന്ത്രവാദികൾക്ക് ആൾദൈവത്തെ ആവാഹിച്ച് കുടത്തിലടയ്ക്കാൻ കഴിഞ്ഞില്ല. പക്ഷെ അദ്ദേഹം തങ്ങൾക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് തടയാൻ പാർട്ടിനേതൃത്വത്തിനായി.

വി.എസിന് തടയിടാനുള്ള ശ്രമം പതിനഞ്ചു കൊല്ലം മുമ്പെ തുടങ്ങിയതാണ്. എൽ.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായ 1996ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് സ്വന്തം സഖാക്കൾ അദ്ദേഹം മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പുവരുത്തിയത്. കൂടുതൽ ഭദ്രമായ മണ്ഡലത്തിലേക്ക് മാറി 2001ൽ വീണ്ടും നിയമസഭയിലെത്തിയപ്പോൾ ഭൂരിപക്ഷം യു.ഡി.എഫിനായതുകൊണ്ട് അദ്ദേഹത്തിന് പ്രതിപക്ഷനേതാവാകാനെ കഴിഞ്ഞുള്ളു. ആ സ്ഥാനത്തിരുന്നുകൊണ്ട് ജനകീയപ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകൾ പാർട്ടിക്കകത്തും പുറത്തുമുള്ള ആർക്കും അദ്ദേഹത്തെ തടയാനാവാത്ത സാഹചര്യം സൃഷ്ടിച്ചു.

മുഖ്യമന്ത്രിപദം നിഷേധിക്കാനാവാതെ വന്നപ്പോൾ നിയന്ത്രിച്ചു നിർത്താനായി ശ്രമം. നേതൃത്വം അദ്ദേഹത്തിന് താല്പര്യമില്ലാതിരുന്നവരെക്കൊണ്ട് മന്ത്രിസഭ നിറച്ചു. പ്രധാന വകുപ്പുകൾ അവർക്ക് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ആഭ്യന്തര വകുപ്പ് കിട്ടില്ലെന്നായപ്പോൾ വി.എസ്. വിജിലൻസ് വകുപ്പിനായി പിടിച്ചു നോക്കി. അത് കേന്ദ്രനേതൃത്വം തടഞ്ഞു. അങ്ങനെ അഴിമതിക്കാരെയും പെൺ‌വാണിഭക്കാരെയും കയ്യാമം വെച്ചു നടത്തിക്കുമെന്ന് പ്രഖ്യാപിച്ച വി.എസ്. പാർട്ടി ഇട്ട കയ്യാമവുമായി ഭരണം തുടങ്ങി.

വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പദ്ധതികൾ നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത് സംസ്ഥാന സെക്രട്ടറിയും അദ്ദേഹവുമായി ദ്വന്ദയുദ്ധത്തിന് വഴിയൊരുക്കി. കേന്ദ്ര നേതൃത്വം സമദൂരം പാ;ഒച്ചുകൊണ്ട് രണ്ടു പേരേയും പോളിറ്റ്ബ്യൂറൊയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതോടെ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള സംസ്ഥാനത്ത് --- അന്ന് രാജ്യത്ത് ആകെയുണ്ടായിരുന്ന 9,82,155 അംഗങ്ങളിൽ 3,36,644 പേർ കേരളത്തിലും 3,21,682 പേർ പശ്ചിമ ബംഗാളിലുമായിരുന്നു -- ഒരു പോളിറ്റ്ബ്യൂറൊ അംഗമില്ലാത്ത അവസ്ഥയുണ്ടായി. (ആ ഉന്നത സമിതിയിൽ രണ്ട് മലയാളികൾ അവശേഷിച്ചെങ്കിലും അവർ ദേശീയ ആസ്ഥാനത്ത് പ്രവർത്തിക്കുന്നവരായിരുന്നു.) ഏതാനും മാസങ്ങൾക്കുശേഷം സസ്പെൻഷനുകൾ പിൻ‌വലിക്കപ്പെട്ടു. പക്ഷെ തമ്മിലടി തുടർന്നു. കേന്ദ്രനേതൃത്വം കേരളത്തിൽ നിന്ന് ഒരാളെ കൂടി പി.ബി.യിൽ എടുത്തു. മുഖ്യമന്ത്രിയെയൊ സംസ്ഥാന സെക്രട്ടറിയെയൊ മാറ്റിനിർത്തേണ്ടി വന്നാൽ പകരക്കാരനാകാൻ കൂടുതൽ യോഗ്യൻ എന്ന നിലയിലാവണം കേന്ദ്ര കമ്മിറ്റിയിൽ നേരത്തെ എത്തിയ എം.എ. ബേബിയെയും പാലോളി മുഹമ്മദ്കുട്ടിയെയും ഒഴിവാക്കി കോടിയേരി ബാലകൃഷ്ണന് സ്ഥാനക്കയറ്റം നൽകിയത്.

വി.എസിന്റെ നിരവധി അനുയായികൾ പുറത്താക്കപ്പെടുകയൊ സ്വയം പുറത്തു പോകുകയൊ ചെയ്തു. കേന്ദ്രനേതൃത്വം വിഭാഗീയതയിൽ അവലംബിച്ചിരുന്ന നിഷ്പക്ഷത ഉപേക്ഷിച്ച് സംസ്ഥാന ഘടകത്തിനുമേൽ പൂർണ്ണനിയന്ത്രണമുള്ള സെക്രട്ടറിയുടെ പിന്നിൽ നിൽ‌പായി. എന്നിട്ടും വി.എസിനെ പിടിച്ചുനിർത്താനാകാതെ വന്നപ്പോൾ അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയിൽ നിന്ന് പുറത്താക്കി.

തെരഞ്ഞെടുപ്പെത്തിയപ്പോൾ ഇടതു മുന്നണിക്ക് പാർട്ടി കുടത്തിലാക്കാൻ ശ്രമിച്ച ആൾദൈവത്തെ ആശ്രയിക്കേണ്ടി വന്നു. അദ്ദേഹത്തെ മുന്നിൽ നിർത്തി മത്സരിക്കാൻ തയ്യാറായി സംസ്ഥാന സെക്രട്ടറിയുടെ അനുചരന്മാർ തന്നെ മുന്നോട്ടു വന്നു. അപ്പോഴും അദ്ദേഹത്തെ പിബി.യിൽ തീരിച്ചെടുക്കാൻ കേന്ദ്രനേതൃത്വം തയ്യാറായില്ല. അങ്ങനെനെയൊരാവശ്യം സംസ്ഥാനനേതൃത്വം ഉന്നയിച്ചതുമില്ല. ഈ സാഹചര്യത്തിൽ, പാർട്ടി അവകാശപ്പെടുന്നതുപോലെ, പതിവ് തെറ്റിച്ചുകൊണ്ട് ഭരണത്തുടർച്ച ഉണ്ടായാൽ വി.എസിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകുമൊ? ഭരണത്തുടർച്ച കൊണ്ടുദ്ദേശിക്കുന്നത് എൽ.ഡി.എഫിന്റെ തുടർച്ചയാണ്, വി.എസിന്റെ തുടർച്ചയല്ല, എന്ന് സംസ്ഥാന സെക്രട്ടറി ഇതിനകം വ്യക്തമായിട്ടുണ്ട്. പക്ഷെ കേന്ദ്രനേതൃത്വത്തിൽ വി.എസിന് ഇനിയു, പ്രതീക്ഷ വെച്ചു പുലർത്താം. അദ്ദേഹത്തിനെതിരെ പാർട്ടിതല നടപടികൾ എടുത്തതല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് ഒരിക്കൽ പോലും അത് ആലോചിച്ചിരുന്നില്ലെന്ന് ഓർക്കുക.

വ്യക്തി പാർട്ടിക്കതീതനല്ലെന്നത് എല്ലാ പാർട്ടികളും ഉരുവിടുന്ന തത്വമാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അത് അടിസ്ഥാനപരമായ സംഘടനാതത്വമാണ്. പക്ഷെ വി.എസ്. അച്യുതാനന്ദൻ അനുഭവിച്ച തരത്തിലുള്ള പരാധീനത കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും മുമ്പുണ്ടായിട്ടില്ല. ഒരുപക്ഷെ അതിന് മറ്റാരേക്കാളും ഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയാണുള്ളത്. അദ്ദേഹം പാർട്ടിയിൽ ശക്തനും എൽ.ഡി.എഫിന്റെ കൺ‌വീനറുമായിരുന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടുന്ന സമ്പ്രദായം തുടങ്ങിയത്. രണ്ടാം ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണത്. മുഖ്യമന്ത്രിയുടെ ആഫീസിൽ കുടിയിരുത്തിയ പി.ശശിയിലൂടെയാണ് അന്ന് പാർട്ടി നേതൃത്വം അതിന്റെ അജണ്ട നടപ്പിലാക്കിയത്. നായനാർക്ക് അതൊരു പ്രശ്നമായില്ല. പക്ഷെ പാർട്ടിയുടെ അവശേഷിക്കുന്ന ഏക സ്ഥാപക നേതാവായ വി.എസിനെ നോക്കുകുത്തിയാക്കിയിട്ട് പൊളിറ്റിക്കൽ സെക്രട്ടറി വഴി കാര്യങ്ങൾ സാധിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മന്ത്രിസഭാ യോഗങ്ങൾക്കു മുമ്പ് പാർട്ടി സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ഉത്തരവുകൾ എഴുതിക്കൊടുക്കുന്ന രീതി നിലവിൽ വന്നു. അത്തരത്തിലുള്ള ഒരു ഭരണത്തുടർച്ചയാണോ കേരളത്തെ കാത്തിരിക്കുന്നത്?

വോട്ടർമാർ കൈക്കൊണ്ട, ഇപ്പോഴും വെളിപ്പെട്ടിട്ടില്ലാത്ത, തീരുമാനം ആ വിധിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിച്ചാലും മറ്റൊരു പ്രശ്നം സി. പി.എമ്മിന്റെ മുന്നിലുണ്ടാകും. അത് വി.എസിനെ. വീണ്ടും പ്രതിപക്ഷനേതാവാക്കണോ എന്നതാണ്.

വി.എസ്. അച്യുതാനന്ദനെ തീർച്ചയായും ഒരുത്തിയെ തോല്പിച്ച് വീണ്ടും നിയമസഭയിലെത്തിയ ഒരുത്തനായി മാത്രം കാണാനാവില്ല. തെരഞ്ഞെടുപ്പിനുശേഷം ഉപവാസ സമരത്തിൽ പങ്കെടുത്തു കൊണ്ട് നേരത്തെ തന്നെ ഇടപെട്ടിരുന്ന എൻഡോസൾഫാൻവിരുദ്ധ പ്രക്ഷോഭത്തിനു പുതുജീവൻ നൽകുക വഴി അദ്ദേഹം തന്റെ തുടർന്നുമുള്ള പ്രസക്തി വെളിപ്പെടുത്തിക്കഴിഞ്ഞു. ബഹുജനപ്രക്ഷോഭത്തിന്റെ നേതൃത്വം അദ്ദേഹത്തിൽ കേന്ദ്രീകൃതമാകുന്നെന്ന തിരിച്ചറിവാണ് സി.പി.എമ്മിനെ ആ വിഷയത്തിൽ അനാവശ്യമായ ഒരു ഹർത്താൽ ആഹ്വാനം ചെയ്യാൻ പ്രേരിപ്പിച്ചത്. അഴിമതി, പെൺ‌വാണിഭം എന്നീ ഇഷ്ടവിഷയങ്ങളിൽ വി.എസ്. ഇതുവരെ നടത്തിയിട്ടുള്ള ഇടപെടലുകൾ പരിശോധിക്കുമ്പോൾ അവയൊക്കെയും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളായിരുന്നെന്ന് കാണാം. ചിലർ പാർട്ടിക്കകത്തു തന്നെയുള്ള എതിരാളികളാണ്. അദ്ദേഹം പിന്തുടർന്ന ഉദ്യോഗസ്ഥന്മാർ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്നവരാണ്.

എൻഡോസൾഫാൻ പ്രശ്നത്തിലെ അദ്ദേഹത്തിന്റെ പുതിയ ഇടപെടലിനെയും കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി കാണാമെങ്കിലും അടിസ്ഥാനപരമായി അത് കേരളം നേരിടുന്ന അതീവ ഗുരുതരമായ മാനുഷിക-പാരിസ്ഥിതിക പ്രശ്നത്തിലുള്ള ഗുണപരമായ ഇടപെടലാണ്. അതുകൊണ്ടാണ് പാർട്ടിക്ക് പുറത്തുള്ളവരെയും ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മുഖ്യമന്ത്രിയല്ലെങ്കിലും പ്രതിപക്ഷനേതാവല്ലെങ്കിലും പൊതുരംഗത്ത് വലിയ ദൌത്യങ്ങൾ നിർവഹിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് വി.എസ്. അതിലൂടെ തെളിയിച്ചിരിക്കുകയാണ്.

മാധ്യമം ആഴ്ചപ്പതിപ്പ് ഈ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനതിന്റെ മൂലരൂപം

Sunday, May 1, 2011

തെരഞ്ഞെടുപ്പിൽ വെളിപ്പെട്ട പ്രവണതകൾ

ബി.ആർ.പി.ഭാസ്കർ

ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. അവരുടെ തീരുമാനം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിനിടയിൽ തെരഞ്ഞെടുപ്പിൽ വെളിപ്പെട്ട ചില പ്രവണതകൾ നമുക്ക് പരിശോധിക്കാം.

പതിറ്റാണ്ടുകളായി ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്ന കേരളത്തിൽ പതിവനുസരിച്ച് ഇനി യു.ഡി.എഫിന്റെ ഊഴമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ലോക് സഭാ തെരഞ്ഞെടുപ്പിലുമുണ്ടായ ദയനീയ പരാജയവും സോഷ്യലിസ്റ്റ് ജനത, കേരളാ കോൺഗ്രസ് (ജോസഫ്), ഐ.എൻ.എൽ എന്നീ കക്ഷികൾ മറുകണ്ടം ചാടിയതും എൽ.ഡി.എഫിന്റെ നില മോശമാക്കിയതിന്റെ ഫലമായി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകുമെന്ന ധാരണ പരക്കുകയുണ്ടായി. സി.പി.എം. നേതൃത്വം വി.എസ്. അച്യുതാനന്ദനെ മാറ്റിനിർത്താൻ വീണ്ടും ശ്രമിക്കുകയും അണികൾ മുന്നേക്കാൾ ശക്തമായി അതിനെതിരെ രംഗത്തു വരികയും ചെയ്തതോടെ കാര്യങ്ങൾ മാറിമറഞ്ഞു. സി.പി.എം. വി.എസിന്റെ വൻ സ്വീകാര്യത മനസിലാക്കി അദ്ദേഹത്തെ മുന്നിൽ ‌നിർത്തി രണ്ടാമൂഴത്തിനായി പിടിച്ചുനോക്കാൻ തീരുമാനിച്ചു. തരം കിട്ടിയപ്പോഴൊക്കെ എല്ലാരും കൂടിയാണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും മത്സരരംഗത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുയായികൾ പോലും പ്രതീക്ഷ അർപ്പിച്ചത് വി.എസിൽ തന്നെ. മത്സരിക്കുന്ന എൽ.ഡി.എഫുകാരെല്ലാം പ്രചാരണത്തിനായി അദ്ദേഹത്തെ ക്ഷണിച്ചു. അഞ്ചു കൊല്ലം മുമ്പ് വി.എസിനെ വിഗ്രഹം ചുമക്കുന്ന കഴുതയോട് ഉപമിച്ച നേതാവ് അദ്ദേഹത്തെ മണ്ഡലത്തിൽ ആഘോഷപൂർവ്വം എഴുന്നള്ളിച്ചു. രണ്ട് പതിറ്റാണ്ടിലേറെ സ്വന്ത നിലയിൽ ഇടമലയാർ കേസ് പിന്തുടർന്ന് ആർ. ബാലകൃഷ്നപിള്ളയ്ക്ക് ജയിൽശിക്ഷ വാങ്ങിക്കൊടുത്ത തനിക്ക് അഞ്ചു കൊല്ലം കൂടി നൽകിയാൽ കൂടുതൽ പേരെ ജയിലിൽ അയക്കാനാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് വി.എസ്. അഴിച്ചുവിട്ട പ്രചണ്ഡ പ്രചാരണം അനായാസം ജയിക്കാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷ തകർത്തു

പ്രചാരണവേളയിൽ ഇത്തവണ അണികളേക്കാളേറെ വീറാണ് നേതാക്കൾ കാട്ടിയത്. പ്രത്യേകിച്ചും, എൽ. ഡി.എഫ്. ഭാഗത്ത് അച്യുതാനന്ദനും യു.ഡി.എഫ്. ഭാഗത്ത് കേന്ദ്ര മന്ത്രി എ.കെ.ആന്റണിയും. എല്ലാ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളും വി.എസിന്റെ ഫോട്ടോ കാണിച്ച് വോട്ട് ചോദിച്ചു. അങ്ങനെ സ്വന്തം പാർട്ടി ഒഴിവാക്കാൻ ശ്രമിച്ച വി.എസ്. ഫലത്തിൽ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയായി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾ ശ്രീരാമന്റെ പകരക്കാരനായ ഭരതന്റെ വേഷം സ്വീകരിച്ചു. വി.എസിന്റെ കറയില്ലാത്ത പ്രതിച്ഛാ‍യ പ്രതിരോധിക്കാൻ യു.ഡി.എഫ്. കറയില്ലാത്ത പ്രതിച്ഛായയുള്ള ആന്റണിയെ ഇറക്കി. അവരുടെ പരസ്പര പ്രതിച്ഛായാ തകർക്കൽ യജ്ഞം കോമഡി റീയാലിറ്റി ഷോ ആയി മാറി. ഇരുഭാഗത്തെയും സമുന്നതരായ നേതാക്കൾ ഇത്ര താണ പ്രചാരണം മുമ്പൊരിക്കലും നടത്തിയിരുന്നില്ല.

ചില സ്ഥാനാർത്ഥികൾ അല്പം കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന അനുഭവം എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാകാറുള്ളതാണ്. വോട്ടർ പട്ടിക പുതുക്കുന്ന ഘട്ടത്തിൽ എതിർമുന്നണിക്ക് വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെ വെട്ടുക, വ്യാജന്മാരെ തിരുകി കയറ്റുക, ‘അപര’ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക തുടങ്ങിയ പരിപാടികളിൽ ഒതുങ്ങിയിരുന്ന കുതന്ത്ര പ്രവർത്തനം ഇത്തവണ പുതിയ മേഖലകളിലേക്ക് വ്യാപിച്ചു. അതിന്റെ പിന്നിൽ ആസൂത്രിതവും കേന്ദ്രീകൃതവുമായ പ്രവർത്തനം ഉണ്ടായിരുന്നെന്ന് കരുതാൻ ന്യായമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് – അതായത് മാതൃകാ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് -- എല്ലാ വകുപ്പുകളും സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പു പരസ്യങ്ങൾ കൊണ്ട് പത്രത്താളുകളും ചെറു സ്ക്രീനും നിറച്ചു. ചിലത് പദ്ധതി ഉത്ഘാടനങ്ങളുടെ പേരിലായിരുന്നെങ്കിൽ മറ്റ് ചിലത് മറകളില്ലാതെയുള്ള എൽ.ഡി.എഫ്. പരസ്യങ്ങളായിരുന്നു. അഞ്ചു കൊല്ലത്തിൽ അമ്പതു കൊല്ലത്തെ പുരോഗതി നേടി എന്നാണ് ഒരു പരസ്യവാചകം പ്രഖ്യാപിച്ചത്! എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുള്ള പ്രചാരണങ്ങളിൽ ഈ നേട്ടങ്ങളെ എൽ.ഡി.എഫ്. നേതാക്കൾ വളരെയൊന്നും പരാമർശിച്ചില്ല. പകരം അവർ പഴയ കേസുകൾക്ക് പുതുജീവൻ നൽകിക്കൊണ്ട് യു.ഡി.എഫ്. നേതാക്കളെ മുൾമുനയിൽ നിർത്തി. ഐസ് ക്രീം കേസ് പിന്തുടരുന്ന ദൌത്യം മുൻ‌കൂട്ടി‘ഔട്ട്‌സോഴ്സ് ‘ ചെയ്യപ്പെട്ടിരുന്നു. ദീർഘ കാലമായി പാമൊലിൻ കേസ് പിന്തുടരുന്ന മുഖ്യമന്ത്രി തന്നെ അത് സജീവമാക്കി.

പാർട്ടി നേതൃത്വം വി.എസിനെ തഴയുമെന്ന ധാരണയിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ യു.ഡി.എഫിന് പെട്ടെന്ന് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടിവന്നു. വിപുലമായ റോഡ് റയിൽ സംവിധാനമുള്ള ചേറിയ സംസ്ഥാനമായ കേരളത്തിൽ പ്രാദേശിക നേതാക്കൾക്ക് ഹെലികോപ്ടറില്ലാതെ തന്നെ എല്ലായിടത്തും ഓടിയെത്താൻ കഴിയുമെന്ന് മനസിലാക്കാതെ എ.ഐ.സി.സി. അവർക്കായി രണ്ടെണ്ണം അയച്ചു കൊടുത്തു. പി.സി.സി. അദ്ധ്യക്ഷൻ അതിലൊന്നിൽ സവാരി നടത്തിയപ്പോൾ എൽ.ഡി.എഫ് നേതാക്കൾ ‘ഫൌൾ’ വിളിച്ചു. കേന്ദ്ര നേതാക്കൾക്കായി കൊണ്ടു വന്ന ഹെലികോപ്ടറിൽ താൻ വെറുതെ കയറിയതാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അതുപേക്ഷിച്ചു. ഗൾഫിൽനിന്ന് ചാർട്ടർ വിമാനത്തിൽ കുറെ പ്രവാസി വോട്ടർമാരെ യു.ഡി.എഫ്. കൊണ്ടുവന്നു. അവിടെ നിരവധി ലക്ഷം മലയാളികളുണ്ടെങ്കിലും ഏകദേശം 8,000 പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേരു ചേർത്തത്. അവരിൽ തന്നെ ഒരു ചെറിയ ശതമാനത്തിനു മാത്രമെ വോട്ട് ചെയ്യാ‍ൻ വരാനായുള്ളു. ചാർട്ടർ വിമാനം ഒരു പച്ചക്കൊടി പരിപാ‍ടിയായിരുന്നു.

ഒരു മുന്നണി ചെയ്യുന്നതൊക്കെ മറ്റേ മുന്നണി അനുകരിക്കുന്ന രീതി ഇവിടെയുള്ളതു കൊണ്ട് അടുത്ത തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി. എഫ്. ഹെലികോപ്ടറുകളും ഗൾഫിൽ നിന്നുള്ള ചുവപ്പുകൊടി വിമാനങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. കെ.പി.സി. സി.യുടെ കുതന്ത്ര വകുപ്പും അപ്പോഴേക്കും പ്രവർത്തന സജ്ജമാകും

തെരഞ്ഞെടുപ്പു കാലം കാലുമാറ്റത്തിന്റെ കാലമാണ്. ഏതാനും കൊല്ലം മുമ്പു വരെ ഒഴുക്ക് ഒരു ദിശയിൽ മാത്രമായിരുന്നു. ടി.കെ. ഹംസയും ലോനപ്പൻ നമ്പാടനും മുതൽ ചെറിയാൻ ഫിലിപ്പും കെ.ടി. ജലീലും വരെ നിരവധി പേരുടെ കാലുകൾ വെളുപ്പിച്ചെടുത്ത ചരിത്രം സി.പി.എമ്മിനുണ്ട്. എൽ.ഡി.എഫ് എം.പി.മാരായിരുന്ന എ.പി. അബ്ദുള്ളകുട്ടിയും കെ.എസ്. മനോജും മറുദിശയിലുള്ള ഒഴുക്കിന് തുടക്കം കുറിച്ചു. ഒരു ഘട്ടത്തിൽ ഇടതുപക്ഷത്ത് അതിവേഗം ഉയർന്ന സിന്ധു ജോയി ഈ തെരഞ്ഞെടുപ്പു കാലത്ത് അവഹേളനത്തിന്റെ കദനകഥയുമായി യു.ഡി.എഫ്. കൂടാരത്തിൽ കടന്നു ചെന്നു. കോൺഗ്രസിലെ ജയ ഡാളി എന്ന ദു:ഖപുത്രിക്ക് എൽ.ഡി.എഫ്. ടിക്കറ്റ് നൽകിക്കൊണ്ട് സി.പി.എം. തിരിച്ചടിച്ചു. പ്രത്യയശാസ്ത്രവും പ്രകടനപത്രികയുമൊക്കെ അപ്രസക്തമാകുന്ന സാഹചര്യത്തിൽ വരും കാലങ്ങളിൽ ഇരുദിശയിലുമുള്ള ഗതാഗതം കൂടാനിടയുണ്ട്.

എഴുത്തുകാരെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിക്കാനുള്ള കഴിവ് ഒരു കാലത്ത് സി.പി.എമ്മിന്റെ പുരോഗമനസ്വഭാവത്തിന്റെ പ്രകടമായ തെളിവായി കണക്കാക്കപ്പെട്ടിരുന്നു. മൂരാച്ചികളുടെ ഭാഗത്താണെന്ന ആക്ഷേപം ഒഴിവാക്കാനായി മറുപക്ഷത്തോട് അനുഭാവമുള്ള സാംസ്കാരികപ്രവർത്തകർ അവരുടെ ചായ്‌വ് കഴിവതും മറച്ചു പിടിച്ചു. ഈ തെരഞ്ഞെടുപ്പു കാലത്ത് ആ സ്ഥിതിയിൽ മാറ്റമുണ്ടായി. സി.പി.എമ്മിന്റേതിനു സമാനമായ സാംസ്കാരിക കൂട്ടായ്മകൾ കെട്ടിപ്പടുക്കുന്നതിന് കോൺഗ്രസ് നടത്തി വരുന്ന ശ്രമങ്ങളുടെ വിജയമായി ഇതിനെ കാണാവുന്നതാണ്. അതേസമയം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ആശയപരമായ അന്തരം പഴയതുപോലെ നിലനിന്നിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നോയെന്ന് സംശയിക്കണം.

യു.ഡി.എഫിനു വേണ്ടി പ്രവർത്തിച്ച അഭിനേതാക്കളുടെ പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിച്ച് സി.പി.എം. അണികൾ അമർഷം പ്രകടിപ്പിച്ചുകഴിഞ്ഞു. കാവ്യാ മാധവന് കരിങ്കൊടി പ്രകടനവും നേരിടേണ്ടി വന്നു. നടന്മാരിൽ നിന്ന് വ്യത്യസ്തമായ ശിക്ഷാ മുറ നടിക്ക് വിധിച്ചതിനു പിന്നിൽ സ്ത്രീയെ പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ എളുപ്പമാണെന്ന ചിന്തയാണ്ടാകാം.

ചാണകത്തിന്റെയും മൂത്രത്തിന്റെയും ഉപയോഗം സംബന്ധിച്ച പരീക്ഷണങ്ങളാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. പാർട്ടിക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ പറഞ്ഞതിന് സക്കറിയയെയും സി.ആർ. നീലകണ്ഠനെയും തല്ലി ഒതുക്കാൻ കുറച്ചു നാൾ മുമ്പ് ആസൂത്രിതമായ ശ്രമം നടക്കുകയുണ്ടായി. പിന്നീട് ഒരു പ്രാദേശിക നേതാവ് പോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥയുടെ കരണത്തടിച്ച് രോഷം തീർത്തു. ഒരു ചാനലിന്റെ തെരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി അണികളോടെപ്പം അവതാരകനെ തല്ലുകയും അതുകൊണ്ട് അരിശം തീരാഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഈ തെരഞ്ഞെടുപ്പു കാലത്താണുണ്ടായത്. ഇത്തരം അക്രമ സംഭവങ്ങൾ പാർട്ടിക്ക് പേരുദോഷം വരുത്തുന്നുവെന്ന തിരിച്ചറിവാകാം മറ്റ് രോഷപ്രകടന മുറകൾ പരീക്ഷിക്കാൻ സി. പി. എമ്മിനെ പ്രേരിപ്പിക്കുന്നത്. ഹിംസാംശം കുറവാണെങ്കിലും ചാണകവു, മൂത്രവും പോലുള്ള ആയുധങ്ങൾ സാംസ്കാരികാ‍ധ:പതനം വിളംബരം ചെയ്യുന്നവയാണ്. അതുകൊണ്ട് അണികൾ അവ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്താൻ നേതൃത്വം തയ്യാറാകണം. സ്വന്തം അന്തസ്സും എതിരാളികളുടെ അന്തസ്സും നിലനിർത്തിക്കൊണ്ടുള്ള പ്രചാരണ രീതികളാണ് കാലം ആവശ്യപ്പെടുന്നത്.

മാധ്യമം ആഴ്ചപ്പതിപ്പ്, മേയ് 2, 20110ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം