Friday, October 26, 2018

അപരന്‍  എന്ന അപകടകാരി

ബി.ആര്‍.പി. ഭാസ്കര്‍
കുട്ടികളുടെ ഭാവന ഇല്ലാത്ത കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍  മുതിര്‍ന്നവരുടെ ഭാവന ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിക്കുന്നു എന്ന് പറയാറുണ്ട്. കുട്ടികള്‍ അപരന്മാരെ മിത്രങ്ങളായും മുതിര്‍ന്നവര്‍ ശതുക്കളായും കാണുന്നതെന്തെന്ന് വിശദീകരിക്കേണ്ടത് മന:ശാസ്ത്രജ്ഞരാണ്. അപരന്‍, യാഥാര്‍ത്ഥ്യമായോ ഭാവനാസൃഷ്ടിയായോ, നമ്മോടൊപ്പം സഞ്ചരിക്കുന്നു എന്നതാണ് വാസ്തവം. 
ഒരു വ്യക്തി സൃഷ്ടിക്കുന്ന അപരനെ അയാള്‍ക്ക് നിയന്ത്രിക്കാനാകും. കാരണം അയാളാണ് അതിന്‍റെ സ്രഷ്ടാവ്. എന്നാല്‍ വ്യക്തികളെ കൂടാതെ പ്രസ്ഥാനങ്ങളും – ഇക്കൂട്ടത്തില്‍ മതങ്ങളും രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടുന്നു – അപരനെ സൃഷ്ടിക്കുന്നുണ്ട്.അത് യഥാര്‍ത്ഥത്തിലുള്ള  വ്യക്തിയോ പ്രസ്ഥാനമോ ആകാം.
ഞാനും നീയും ഉണ്ടായപ്പോള്‍ അവന്‍ എന്ന അപരന്‍ അല്ലെങ്കില്‍ അവള്‍ എന്ന അപരയുമുണ്ടായി എന്ന് സാമാന്യേന പറയാം. ഞാനും നീയും ചേര്‍ന്ന്‍ നമ്മള്‍ ആകുമ്പോള്‍ അപരസാന്നിധ്യം ഇല്ലാതാകുന്നു. അന്യോന്യം ശത്രുതയില്ലെങ്കില്‍ നമ്മള്‍ ആയില്ലെങ്കിലും പ്രശ്നമില്ല. എന്നാല്‍ നമ്മള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള മത്സരമുണ്ടെങ്കില്‍ –- അത് വ്യക്തിപരമൊ സാമുഹികമൊ സാമ്പത്തികമൊ രാഷ്ട്രീയപരമൊ ആയ കാരണങ്ങളാലാകാം --- അപരസാന്നിധ്യം അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. മത്സരത്തില്‍ ജയിക്കാന്‍ ഇല്ലാത്ത അപരന്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം.
എല്ലാ മതങ്ങളും പ്രാരഭ ഘട്ടത്തില്‍ സാഹോദര്യം വളര്‍ത്തിയവയാണ്. വളരുന്ന സാഹോദര്യം അപരസൃഷ്ടിയിലേക്ക് നയിച്ച അവസരങ്ങളുമുണ്ട്. ഫരോവാ ചക്രവര്‍ത്തിമാരുടെ കീഴില്‍ ദുരിതമനുഭവിച്ചിരുന്ന തന്റെ ആളുകളെ ഒന്നിപ്പിച്ച് ഈജിപ്തില്‍ നിന്ന് പ്രവാചകനായ മോസസ് പുറപ്പെട്ടത് യഹൂദ സാഹോദര്യം വളര്‍ത്തി.  യഹൂദരുടെ ദൈവമായ യഹോവ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. അയല്‍ക്കാരന്‍  തന്നെപ്പോലെ ഒരാള്‍ --- അതായത് മറ്റൊരു യഹൂദന്‍ --- ആണെങ്കില്‍ ആ സ്നേഹസങ്കല്‍പം വിശാലമായ ഒന്നല്ല. യഹൂദ  പൌരോഹിത്യത്തെ വെല്ലുവിളിച്ച യേശു ക്രിസ്തുവിനെ അവര്‍ അപരനാക്കി. അവനെ കുരിശിലേറ്റുക, കള്ളനായ ബാറബാസിനെ മോചിപ്പിക്കുക എന്ന് ജനം ആര്‍ത്തുവിളിച്ചു. യേശുവിന്റെ സഹോദര സങ്കല്‍പം മോസസിന്റെതിനേക്കാള്‍ വിശാലമായിരുന്നു. അയല്‍ക്കാരനെ ആര്‍ക്കും സ്നേഹിക്കാനാകും, നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന് യേശു പറഞ്ഞു. യരുശലേം തകരുകയും യഹൂദര്‍ ലോകമാകെ ചിതറുകയും ചെയ്തപ്പോള്‍  എത്തിപ്പെട്ടയിടങ്ങളിലെ  ജനങ്ങള്‍ അവരെ അപരന്മാരായി കാണുകയും ദ്രോഹിക്കുകയും ചെയ്തു. രണ്ടായിരം കൊല്ലത്തിനുശേഷം തിരിച്ചുവന്ന യഹൂദര്‍ അവിടെയുള്ള പലസ്തീനികളെ അപര്ന്മാരായി പ്രഖ്യാപിച്ച്, ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.      
ക്രിസ്തുമതം പടിഞ്ഞാറോട്ട് വ്യാപിച്ചശേഷം മദ്ധ്യപൂര്‍വ പ്രദേശത്ത് നിന്ന്  സാഹോദര്യത്തിന്റെ പുതിയൊരു സന്ദേശം ഉയര്‍ന്നു. മോസസ് മുതല്‍ യേശു വരെയുള്ള എല്ലാ പ്രവാചകന്മാരെയും ഇസ്ലാം അംഗീകരിച്ചു. പക്ഷെ മുഹമ്മദ്‌ നബിയുടെ അനുയായികളെ മുന്‍ പ്രവാചകരുടെ അനുയായികള്‍ അപരന്മാരായി കണ്ടു. അവര്‍ മറിച്ചും. ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏറെ കാലം യുദ്ധം ചെയ്തെങ്കിലും ഒന്നിന് മറ്റേതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രാചീന മതഗ്രന്ഥമായ   ഋഗ്വേദതിലെ നിരവധി സൂക്തങ്ങള്‍ വൈദിക സമുഹത്തില്‍ പെട്ടവര്‍ 3,500കൊല്ലം മുമ്പ് അവ രചിക്കുമ്പോള്‍ ചുറ്റും അവരേക്കാള്‍ സമ്പന്നരായ ഒരു നാഗരികസമൂഹം ഉണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആ അപരന്മാരുടെ  പശുക്കളെ തങ്ങള്‍ക്ക് തരണേ എന്ന് അവര്‍ പ്രാര്‍ത്‌ഥിച്ചു. (ഇന്ന് ആ പ്രാര്‍ത്ഥനകള്‍ക്കൊക്കെ തത്വചിന്താപരമായ ഭാഷ്യങ്ങളുണ്ട്. അവ പതിന്നാലാം നൂറ്റാണ്ടില്‍ സായണന്‍ എന്ന പണ്ഡിതന്‍ ചമച്ചവയാണ്. സായണനും മൂത്ത സഹോദരന്‍ മാധവനും വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരായിരുന്നു. സംസ്കൃതഭാഷയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും അര്‍ത്ഥം അറിയാതെയാണ് പുരോഹിതന്മാര്‍ സൂക്തങ്ങള്‍ ഉരുവിടുന്നതെന്നും അതുകൊണ്ട് ശരിയായ അര്‍ഥം കണ്ടെത്തണമെന്നുമുള്ള അപേക്ഷയുമായി ചിലര്‍ ചക്രവര്‍ത്തിയെ സമീപിച്ചു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാധവന്‍ സായണന്റെ നേതൃത്വത്തില്‍ ഒരു പണ്ഡിത സദസ് സംഘടിപ്പിച്ചു. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സായണഭാഷ്യം തയ്യാറാക്കപ്പെട്ടത്. അതിനെ ആസ്പദമാക്കി മാക്സ്മുള്ളര്‍ ഇംഗ്ലീഷിലും ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് മലയാളത്തിലും ഋഗ്വേദം അവതരിപ്പിച്ചു.)
ഭാരതീയ തതത്വചിന്തയിലെ അത്യുദാത്തമായ ആശയങ്ങള്‍ വൈദികസമൂഹവും ഇന്ത്യയിലെ ഇതര സമൂഹങ്ങളും തമ്മില്  ഇടപഴകിയശേഷമുണ്ടായ ഉപനിഷത്തുകളിലാണുള്ളത്. മറ്റിടങ്ങളില്‍ ഒരു ജനവിഭാഗം മറ്റൊന്നിനെ കീഴ്പ്പെടുത്തിയപ്പോള്‍ തോറ്റവരുടെ ദൈവം പുറത്തായി. യഹോവ താന്‍ മാത്രമാണ് സത്യദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും അബ്രഹാമിനോട് പറയുന്നുണ്ട്. യഹോവ പേരെടുത്തു പറയുന്ന വ്യാജന്മാരില്‍ ഒരാളായ ബാല്‍ ഫിനീഷ്യക്കാരുടെയും സുമേരിയക്കാരുടെയും ആരാധനാമൂര്‍ത്തിയായിരുന്നു. ഈ രീതിയില്‍ നിന്നു തികച്ചും വ്യത്യസ്തമായി ഇവിടെ  ആധിപത്യം സ്ഥാപിച്ച വൈദിക സമൂഹം മറ്റുള്ളവരൂടെ ദൈവങ്ങളെ പുറത്താക്കിയില്ല. പുരോഹിതരായി തങ്ങളെ അംഗീകരിച്ചവരുടെ ദൈവങ്ങളെ സ്വീകരിച്ചുകൊണ്ട് അവര്‍ ബഹുദൈവ ഹിന്ദു സംവിധാനമുണ്ടാക്കി. ദൈവങ്ങള്‍ തമ്മില്‍ വഴക്കടിച്ച കഥകളുണ്ട്. പക്ഷെ ആരും വ്യാജന്മാരെന്ന് മുദ്രകുത്തി പുറത്താക്കപ്പെട്ടില്ല. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തങ്ങളുടെ ആദി ദേവീദേവന്മാരെ കൈവിട്ടുകൊണ്ട് വൈദിക സമൂഹം  ഇതര സമൂഹങ്ങളുടെ ദേവീദേവന്മാരുടെ ഉപാസകരായി എന്ന് പറയാം.    
വേദകാലത്തിനുശേഷം ഉയര്‍ന്നു വന്ന അദ്വൈത സങ്കല്‍പം തത്വത്തില്‍ അപരത്വം ഇല്ലാതാക്കി. ഒന്നേയുള്ളൂ എന്നു വരുമ്പോള്‍ അപരന് ഇടമില്ലല്ലോ. പക്ഷെ പഴയതിനെ പൂര്‍ണ്ണമായും പിന്തള്ളിക്കൊണ്ടല്ല മനുഷ്യന്‍ പലപ്പോഴും പുതിയതിനെ സ്വീകരിക്കുന്നത്. യേശു പുതിയ ചിന്ത അവതരപ്പിച്ചശേഷവും മോസസിന്റെ കാലത്തെ കല്പനകളും ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ പോലുള്ള പ്രാകൃത നിയമബോധവും നിലനിന്നതുപോലെ അദ്വൈതം പ്രചരിച്ചശേഷവും വേദസമൂഹം പ്രചരിപ്പിച്ച ഭിന്നതകളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നാലായുള്ള വിഭജനം സമൂഹത്തിനുള്ളില്‍ ഭേദചിന്ത വളര്‍ത്തി. നാലിനും പുറത്തുള്ളവര്‍ അപരന്മാരായി. അവര്‍ക്കെതിരെ നാലും ഒന്നിച്ചു.
ബി.സി.ഇ. ആറാം നൂറ്റാണ്ടില ജനിച്ച ബുദ്ധനും മഹാവീരനും ഭേദചിന്ത അവസാനിപ്പിച്ച് ജനങ്ങളെ  ഒന്നിപ്പിക്കാനുതകുന്ന ആശയങ്ങള്‍ അവതരിപ്പിച്ചു. ഒരേ കാലത്ത് അവരുടെ വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിച്ച  അനുയായികള്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചിരിക്കണം. എന്നാല്‍, അപരത്വ ബോധം ബാധിച്ചിട്ടില്ലാതിരുന്നതുകൊണ്ടാകാം, അവരുടെ   പ്രവര്‍ത്തനത്തില്‍ വിദ്വേഷം ഉണ്ടായിരുന്നതായി കാണുന്നില്ല.   
പരമ്പരാഗത വിശ്വാസപ്രകാരം രണ്ടു ഘട്ടങ്ങളില്‍ വൈദിക സമൂഹം വലിയ മുന്നേറ്റം നടത്തുകയുണ്ടായി. ഇതില്‍ ആദ്യത്തേത് ബി.സി.ഇ രണ്ടാം നൂറ്റാണ്ടില്‍ പുഷ്യമിത്ര സുംഗന്‍ മൌര്യ ചക്രവര്‍ത്തി ബ്രഹദത്തനെ കൊന്നു അധികാരം പിടിച്ചെടുത്തശേഷം ബുദ്ധമതാനുയായികളെ ഉന്മൂലനം ചെയ്തപ്പോഴായിരുന്നു. അന്നാണ് ഭൃഗുകുലത്തില്‍പെട്ട സുമതി പിന്നീട് മനുസ്മൃതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട മാനവധര്‍മ്മശാസ്ത്രം രചിച്ചത്. രണ്ടാമത്തേത് രാജ്യം മുഴുവന്‍ സഞ്ചരിച്ച് ബുദ്ധമത പണ്ഡിതരെ വാദത്തില്‍ തോല്പിച്ച് വൈദിക സമൂഹത്തിന്റെ ആധിപത്യം സ്ഥാപിച്ചുവെന്നു കരുതപ്പെടുന്ന ശങ്കരാചാര്യര്‍ ജീവിച്ചിരുന്ന സി.ഇ. ഏഴ്-എട്ട് നൂറ്റാണ്ടുകളാണ്. ഈ രണ്ടു ഘട്ടങ്ങളെയും വടക്കും തെക്കും ബുദ്ധ-ജൈന മതങ്ങള്ക്കുമേല്‍ വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ച കാലങ്ങളായും കാണാവുന്നതാണ്. 
അടുത്ത കാലത്ത് ഇന്ത്യക്കകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഡിഎന്‍എ പഠനങ്ങള്‍ ഏകദേശം 2,000 കൊല്ലം മുമ്പ് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവര്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മതിയാക്കിയതായി  കണ്ടെത്തിയിട്ടുണ്ട്. ഉറച്ച ജാതിവ്യവസ്ഥയുടെ തുടക്കം കുറിക്കുന്ന സംഭവവികാസമായാണ് അവര്‍ അതിനെ . വിശേഷിപ്പിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വൈദികസമൂഹം മേല്‍കൈ നേടിയ ഘട്ടത്തിലാണ് ഇതുണ്ടായതെന്നത് ശ്രദ്ധയര്‍ഹിക്കുന്നു. എല്ലാ പ്രദേശങ്ങളിലേക്കും ആധിപത്യം നീട്ടാന്‍ അവര്‍ക്ക് പത്ത് പതിനഞ്ച് നൂറ്റാണ്ട് വേണ്ടി വന്നു. 
വടക്കേ ഇന്ത്യയില്‍ വൈദിക സമൂഹം ആധിപത്യം നേടിയ ശേഷമാണ് മലനിരകല്‍ക്കപ്പുരത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടായതും വിദേശികള്‍ക്ക് സാമ്രാജ്യങ്ങള്‍ കേട്ടിപ്പടുക്കാനായതും. തെക്കേ ഇന്ത്യയില്‍ വൈദിക സമൂഹം ആധിപത്യം നേടിയ ശേഷമാണ് കടല്‍ കടന്നു വന്ന വിദേശികള്‍ക്ക് ഉപഭൂഖണ്ഡത്തെ കോളനിയാക്കാന്‍ കഴിഞ്ഞത്. ജനങ്ങളെ വിഭജിക്കുകയും അവര്‍ക്കിടയില്‍ അപരബോധം വളരത്തി ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിനു വിഘാതം സൃഷ്ടിക്കുകയും ചെയ്ത ജാതിവ്യവസ്ഥ വിദേശാധിപത്യം സാദ്ധ്യമാക്കിയതില്‍ വഹിച്ച പങ്ക് ചരിത്രകാരന്മാര്‍ ഇനിയും ഗൌരവപൂര്‍വം പഠിച്ചിട്ടില്ല.
തുല്യതയും തുല്യാവകാശങ്ങളും അംഗീകരിക്കുന്ന ഒരു ജനാധിപത്യ സംവിധാനമുള്ള രാജ്യത്തിനകത്ത് അപരന്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ജാതിവ്യസ്ഥയുടെ സ്വാധീനം  നിലനില്‍ക്കുന്നതിനാല്‍ അപരന്മാര്‍ അവശേഷിക്കുന്നു. മാംസാഹാരത്തിന്റെയും പശുസംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളിലെ ഇരകള്‍ പ്രധാനമായും മുസ്ലിങ്ങളും ദലിതരും ആയതില്‍ പഴയ അപര സങ്കല്‍പത്തിന്റെ തുടര്‍ച്ച കാണാം. സ്വാതന്ത്ര്യപ്രാപ്തിയോടോപ്പമുണ്ടായ രാജ്യത്തിന്റെ വിഭജനം അയലത്ത് ഒരു അപരനെ സൃഷ്ടിച്ചു.            
ഒരു ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിനായി മത്സരിക്കുന്ന കക്ഷികള്‍ കൂടിയേ തീരൂ. എതിരാളികളെ ശത്രുക്കളായി കാണുന്ന പാര്‍ട്ടികളുടെ ജനാധിപത്യവിരുദ്ധ സമീപനം പുതിയ അപരന്മാരെ സൃഷ്ടിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍, കോണ്ഗ്രസ് വിരുദ്ധന്‍ എന്നീ പഴയ പ്രയോഗങ്ങളും ‘സിക്കുലര്‍ (sickular) ലിബറല്‍’ എന്ന പുതിയ പ്രയോഗവും രാഷ്ട്രീയ രംഗത്തെ അപരസൃഷ്ടിയുടെ സന്തതികളാണ്.
അടുത്ത കാലത്തു നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ട അറസ്റ്റ് ഭരണകൂട താല്പര്യം മുന്‍നിര്‍ത്തി അപരനെ സൃഷ്ടിക്കാനുള്ള ഒരു ഹീന ശ്രമത്തിന്റെ ഭാഗമായിരുന്നു. പൂനെയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ഒരു പ്രഭാതത്തില്‍ മഹാരാഷ്ട്രയ്ക്കകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തി അഭിഭാഷകയും പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ സിവില്‍ ലിബരട്ടീസിന്റെ ഛത്തിസ്ഗഡ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ സുധ ഭരദ്വാജ്, പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ ഡിമോക്രാറ്റിക് റൈറ്റ്സിന്റെ പ്രവര്‍ത്തകനും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയുടെ എഡിറ്റോറിയല്‍ കണ്സല്ട്ടന്റുമായ ഗൌതം നവ്‌ലഖതെലുങ്ക് കവി വരവര റാവുമുന്‍ ബോംബെ യൂണിവേഴ്സിറ്റി പ്രോഫസര്‍ വെര്ണന്‍ ഗൊണ്സല്‍വെസ്കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ അരുണ്‍ ഫെരേര എന്നിവരെ കസ്റ്റഡിയിലെടുത്തു. ആദിവാസികളുടെയും മറ്റ് പ്രാന്തവത്കരിക്കപ്പെട്ട ജനങ്ങളുടെയും അവകാശ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കുന്നവരെന്ന നിലയില്‍ അറിയപ്പെടുന്ന അവരുടെ അറസ്റ്റ് പൊതുസമൂഹത്തെ ഞെട്ടിച്ചു. പ്രശസ്ത ചരിത്രകാരി റൊമിള ഥാപറും മറ്റെതാനും പേരും പൂനെ പോലീസ് നടപടി തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചു. പ്രാരംഭവാദം കേട്ടശേഷം വിഷയം വിശദമായി പരിശോധിക്കുന്നതുവരെ അറസ്റ്റ് ചെയ്തവരെ സ്വന്തം വീടുകളില്‍ തന്നെ വെച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു. 
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരാനെന്നാണ് പൂനെ പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ്  ത്തിസ്ഗഡ പോലീസ് ഡോ. ബിനായക് സെന്നിനെതിരെ ഉയര്‍ത്തി പരാജയപ്പെട്ട ആരോപണമാണിത്. വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ നല്‍കിയ ശേഷമാണ് സുപ്രീം കോടതി സെന്നിനു ജാമ്യം നല്‍കിയത്. പൂനെ പോലീസ് അറസ്റ്റ് ചെയ്തവരെ  “അര്‍ബന്‍ നക്സലുകള്‍” എന്ന് മുദ്രകുത്തി. ഉടന്‍ തന്നെ ഭരണകൂട അനുകൂലികള്‍ 'അര്‍ബന്‍ നക്സലുകള്‍'ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അഴിച്ചുവിട്ട പ്രചാരണം അപര നിര്‍മ്മിതിയുടെ ഒരു ക്ലാസിക് ഉദാഹരണമാണ്. (എഴുത്ത് മാസിക, ഒക്ടോബര്‍ 2018)

Thursday, October 18, 2018

ഇടതുപക്ഷവും ബ്രാഹ്മണശാപം ഭയക്കുന്നുവോ?
ബി.ആര്‍.പി. ഭാസ്കര്‍
കേരളത്തിലെ പല ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ശബരിമല ശാസ്താ ക്ഷേത്രമുള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലെ അമ്പലങ്ങളുടെ ചുമതലയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ഏഴു പതിറ്റാണ്ടിന്‍റെ ചരിത്രം പോലുമില്ല. തിരുവിതാംകൂര്‍1947ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോള്‍ രാജഭരണകൂടത്തിന്‍റെ കീഴില്‍ 1,249 ക്ഷേത്രങ്ങളുണ്ടായിരുന്നു. രാജാവ് 1949ല്‍ ഒപ്പിട്ടതും ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചതുമായ ഉടമ്പടി പ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഒഴികെയുള്ള അമ്പലങ്ങളുടെ ഭരണത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തിരു-കൊച്ചി നിയമസഭ 1950ല്‍ നിയമം ഉണ്ടാക്കി. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അമ്പലങ്ങള്‍ ഭരിക്കുന്നത് ശരിയല്ലെന്നതുകൊണ്ടാണ് സ്വയംഭരണാധികാരമുള്ള ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആദ്യ ബോര്‍ഡിലെ മൂന്നു അംഗങ്ങളില്‍ ഒരാളെ മുന്‍ മഹാരാജാവും മറ്റൊരാളെ ഹിന്ദു മന്ത്രിമാരും മൂന്നാമനെ ഹിന്ദു എം.എല്‍.എമാരും തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ മഹാരാജാവിന്റെ കാലശേഷം ഒരംഗത്തെ ഹിന്ദു മന്ത്രിമാരും രണ്ടു പേരെ ഹിന്ദു എം.എല്‍.എമാരും തെരഞ്ഞെടുക്കുന്നു.
ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍  എന്തിനാണ് ബോര്‍ഡ് ഉണ്ടാക്കുന്നതെന്നു ചിലര്‍ ചോദിക്കാറുണ്ട്. ഈ അമ്പലങ്ങള്‍ എങ്ങനെ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ കീഴില്‍ വന്നുവെന്ന് അവര്‍ ചോദിക്കാറില്ല, വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവനന്തപുരത്ത് ആധിപത്യം ഉറപ്പിച്ചപ്പോള്‍ ആദ്യം  ചെയ്തത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കയ്യടക്കുകയായിരുന്നു. നമ്പൂതിരിമാരെ പുറത്താക്കിയശേഷം പൂജാദി കര്‍മ്മങ്ങള്‍ നടത്താന്‍ അദ്ദേഹം തുളു ബ്രാഹ്മണരായ പോറ്റിമാരെ കൊണ്ടുവന്നു. തന്‍റെ രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയതും ആറു കൊല്ലത്തിലൊരിക്കല്‍ നടത്തിയതുമായ മുറജപം എന്ന ചടങ്ങ് പുറത്താക്കിയ നമ്പൂതിരിമാരുടെ ശാപത്തില നിന്ന് മുക്തിനേടാന്‍  ഏര്‍പ്പെടുത്തിയതാണ്. അമ്പത്തിയാറു ദിവസം നീണ്ടുനില്‍ക്കുന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍  നമ്പൂതിരിമാര്‍ കൂട്ടത്തോടെ എത്തി. രാജാവ് ഭക്ഷണവും പാരിതോഷികവും നല്‍കി അവരെ തൃപ്തിപ്പെടുത്തി ബ്രാഹ്മണശാപത്തില്‍ നിന്നു മോചനം നേടി.
ശബരിമല ക്ഷേത്രം വൈദിക ബ്രാഹ്മണര്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പേയുള്ളതാണ്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹുആന്‍ സാങ്ങ്‌ എന്ന ചീനക്കാരന്‍റെ യാത്രാവിവരണങ്ങളില്‍ പശ്ചിമഘട്ടത്തിലെ ഒരു വലിയ ബുദ്ധകേന്ദ്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. പന്തളം കഥകളില്‍ രാജാവിന്‍റെ വളര്‍ത്തുപുത്രനായ മണികണ്‍ഠന്‍ ആക്രമണങ്ങളില്‍ നിന്ന്‍ സംരക്ഷിച്ചത് ആ ബുദ്ധകേന്ദ്രത്തിന്റെ ഭാഗമായിരുന്ന അമ്പലത്തെയാകണം. പാണ്ഡിരാജ്യത്തിന്‍റെ പതനത്തെ തുടര്‍ന്ന്‍ പതിന്നാലാം നൂറ്റാണ്ടില്‍ മധുരയില്‍ നിന്ന്‍ പലായനം ചെയ്ത ഒരു കുടുംബം അഭയാര്‍ത്ഥികളായി പന്തളത്തെത്തി. അവിടെ അതിനകം ആധിപത്യം സ്ഥാപിച്ചിരുന്ന വൈദിക ബ്രാഹ്മണരുടെ സഹായത്തോടെ അവര്‍ ഒരു കൊച്ചു രാജ്യം സ്ഥാപിച്ചു. വേണാട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും അവര്‍ക്കുവേണ്ടി യുദ്ധം ചെയ്ത നായന്മാര്‍ക്കും ക്ഷത്രിയ പദവി നിഷേധിച്ച വൈദിക സമൂഹം മധുരയില്‍ നിന്ന് വന്ന പൂഞ്ഞാര്‍, പന്തളം രാജാക്കന്മാര്‍ക്ക് ആ പദവി നല്‍കി. ശബരിമല ക്ഷേത്രം ആദ്യം പന്തളം രാജാവിന്‍റെയും പിന്നീട് അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് തിരുവിതാംകൂര്‍ മഹാരാജാവായ വേണാടരചന്‍റെയും നിയന്ത്രണത്തിലായത് രാഷ്ട്രീയാധികാരത്തിലൂടെയാണ്.
ജമ്മു-കശ്മീരിന്‍റെ ചരിത്രം പരിശോധിച്ചാല്‍ രാജാവ് അമ്പലങ്ങള്‍ കയ്യടക്കുന്ന രീതി മനസിലാക്കാം. ആ രാജ്യം നിലവില്‍ വന്നത് 1848ല്‍ മാതമാണ്. പഞ്ചാബ് ചക്രവത്തി രഞ്ജിത്ത് സിംഗിന്‍റെ ജമ്മു-കശ്മീര്‍ പ്രദേശത്തെ സൈന്യാധിപന്‍ ഗുലാബ് സിംഗ് ബ്രിട്ടീഷുകാര്‍ക്ക് കാശ് കൊടുത്ത് രാജപദവി നേടുകയായിരുന്നു. അദ്ദേഹം  ധര്മ്മാര്‍ത്ഥ ട്രസ്റ്റ്‌ എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടാക്കി. അതിലെ ഏക ട്രസ്റ്റി രാജാവ് തന്നെ. ഒരു രാജകീയ വിളംബരത്തിലൂടെ അദ്ദേഹം സംസ്ഥാനത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനത്തിന്‍റെ മൂന്നിലൊന്നു ആ ട്രസ്റ്റിന് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. ജമ്മുവിലെ പ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ വരുമാനം ബ്രാഹ്മണ പൂജാരിമാരും താക്കൂര്‍ മാടമ്പിമാരുമായി അദ്ദേഹം തുല്യമായി പങ്കു വെച്ചു. ആണ്ടിലൊരിക്കല്‍ മാത്രം ഭക്തരെത്തുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ വരുമാനത്തിന്‍റെ മൂന്നിലൊന്നു രാജാവിന്, മൂന്നിലൊന്ന്‍ ബ്രാഹ്മണ പൂജാരിമാര്‍ക്ക്, മൂന്നിലൊന്ന്‍ ഗുഹയിലേക്കുള്ള നഷ്ടപെട്ട മലമ്പാത കണ്ടെത്തിയ മുസ്ലിം ഇടയ കുടുംബത്തിന്.  
തിരുവിതാംകൂര്‍ മഹാരാജാവ് കയ്യിലെടുത്ത അമ്പലങ്ങളെ സര്‍ക്കാരിന്‍റെ കീഴിലാക്കിയത് ജോണ് മണ്‍റൊ എന്ന സായ്പാണ്. ഖജനാവ് കാലിയായ ഘട്ടത്തില്‍ റീജന്റായി ഭരിച്ചിരുന്ന റാണി ബ്രിട്ടീഷ് റസിഡന്റായി വന്ന മണ്‍റൊയെ ദിവാന്‍റെ ജോലിയും ഏല്പിച്ചു. സര്‍ക്കാരിന്‍റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ മണ്‍റൊ അമ്പലങ്ങള്‍ അതിന്‍റെ കീഴിലാക്കി. 
ഇത്രയും വായിച്ചിട്ടും അമ്പലങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബോര്‍ഡിനെ എല്പിക്കണോ എന്നു ചോദിച്ചാല്‍ എന്‍റെ ഉത്തരം യോഗക്ഷേമ സഭയെയോ എന്‍.എസ്.എസിനെയോ തന്ത്രി കുടുംബംഗങ്ങളെയോ ഏല്പിക്കുന്നതിനേക്കാള്‍ നല്ലത് തെരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡിനെ എല്പിക്കുന്നതാണ് എന്നാണ്. ഇതിന്‍റെ അര്‍ഥം ബോര്‍ഡിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്നല്ല. പാര്‍ട്ടികള്‍ ഇപ്പോള്‍ ബോര്‍ഡിലേക്ക് നിയോഗിക്കുന്നത് പ്രബല ജാതികളുടെ സംഘടനകള്‍ക്ക് സ്വീകാര്യമായവരെയാണ്. . പാര്‍ട്ടികളും ഈ സംഘടനകളും നിയമപ്രകാരമുള്ള സ്വയംഭരണാവകാശം ഉപയോഗിക്കാന്‍ ബോര്‍ഡിനെ അനുവദിക്കാറില്ല.
ആദ്യകാലത്ത് ദേവസ്വം ബോര്‍ഡിനു ഈ ദുരവസ്ഥ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കേരളം നവോത്ഥാനം പൂട്ടിക്കെട്ടി ഇരുമുന്നണി സമ്പ്രദായം ഉണ്ടാക്കിയശേഷമാണ് അതുണ്ടായത്. ബ്രാഹ്മണന് സ്വയം നല്‍കിയ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുഅബ്രാഹ്മണര്‍ക്ക് ശാന്തിമാരായും തന്ത്രിമാരായും പ്രവര്‍ത്തിക്കാനുള്ള പരിശീലനം നല്‍കാനും ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ശ്രീനാരായണ സ്വാധീനത്തില്‍ വന്ന മാമന്‍ വൈദ്യരുടെ മകന്‍ പറവൂര്‍ ശ്രീധരന്‍ ഗുരുകുല സമ്പ്രദായത്തിലൂടെ തന്ത്രവിദ്യ അഭ്യസിച്ച് വലിയതോതില്‍ അംഗീകാരം നേടുകയുണ്ടായി. ജീവിതകാലത്ത് അദ്ദേഹം ഇരുനൂറോളം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയും അത്ര തന്നെ ക്ഷേത്രങ്ങളിൽ മുഖ്യതന്ത്രിസ്ഥാനം വഹിക്കുകയും  ചെയ്തു. അദ്ദേഹത്തിന്‍റെ മകന്‍ പറവൂര്‍ രാകേഷ് അതെ പാത പിന്തുടരാന്‍ തീരുമാനിച്ചതോടെ അവരുടെത് ഒരു തന്ത്രി കുടുംബമായി. രാകേഷിനെ ദേവസ്വം ബോര്‍ഡ് നീറിക്കോട്‌ ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചപ്പോള്‍ മാടമ്പികള്‍ എതിര്‍ത്തു, ബോര്‍ഡ് രണ്ടു ദിവസത്തില്‍ അദ്ദേഹത്തെ മാറ്റി. രാകേഷ് അതിനെതിരെ കോടതിയെ സമീപിച്ചു. കേസ്സുപ്രീംകോടതിവരെ എത്തുകയും ആ കോടതി അദ്ദേഹത്തിനു അനുകൂലമായി വിധിക്കുകയും ചെയ്തു.
നിയമപോരാട്ടത്തിലെ തന്‍റെ വിജയത്തെ കാലാനുസൃത മാറ്റം എന്നാണു ഒരു അഭിമുഖത്തില്‍ രാകേഷ് വിശേഷിപ്പിച്ചത്. പക്ഷെ ഈ മാറ്റങ്ങള്‍ക്ക് മറ്റൊരു വശം കൂടിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.  നമ്പൂതിരിപോറ്റി സമുദായങ്ങളിലെ പുതിയ തലമുറ ഈ പരമ്പരാഗത തൊഴില്‍ മേഖലയിലേക്ക്‌ വരുന്നില്ല. ശാന്തിമാരെ കല്യാണം കഴിക്കാന്‍ നമ്പൂതിരി പെണ്‍കുട്ടികള്‍ തയ്യാറുമല്ല.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബീഹാറിലെ ഒരു ഗോത്ര വര്‍ഗത്തെ വൈദിക സമൂഹം കീഴടക്കിയതെങ്ങനെയെന്നു ഒരു ബ്രിട്ടീഷുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ അമ്പലത്തിലെ ദേവിയെ നിലനിര്‍ത്തി, ആരാധനാരീതിയും നിലനിര്‍ത്തി. പക്ഷെ  ഗോത്ര പൂജാരിയെ മാറ്റി ബ്രാഹ്മണ പൂജാരിയെ നിയമിച്ചു. ബ്രാഹ്മണന്‍റെ പൌരോഹിത്യ കുത്തക അവസാനിപ്പിക്കാതെ ജാതിമേധാവിത്വം ഇല്ലാതാകില്ല. ഹിന്ദു ദേവീദേവന്മാര്‍ ബ്രാഹ്മണര്‍ കൊണ്ടു വന്നവരല്ല. അവര്‍ വരുന്നതിനു മുമ്പേ ഉപഭൂഖണ്ഡത്തിലെ വിവിധ ജനവിഭാഗങ്ങള്‍ ആരാധിച്ചിരുന്നവരാണവര്‍. ദൈവങ്ങളെ മന്ത്രങ്ങള്‍ നിയന്ത്രിക്കുന്നു, മന്ത്രങ്ങളെ ബ്രാഹ്മണര്‍ നിയന്ത്രിക്കുന്നു എന്ന മൂഡവിശ്വാസം പരത്തിയാണ് അവര്‍ ആധിപത്യം സ്ഥാപിച്ചത്.
ആര്‍.എസ്.പി. നേതാവ് പ്രാക്കുളം ഭാസി 1960കളില്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനായിരിക്കുമ്പോള്‍ ശാന്തിമാരായി പ്രവര്‍ത്തിക്കാന്‍ അവര്‍ണ്ണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശീലനം നല്‍കാന്‍ വ്യവസ്ഥ ചെയ്തു. തുടര്‍ന്ന് വന്നവര്‍ ആ പരിപാടി ആത്മാര്‍ത്ഥമായി നടപ്പാക്കാനും കാലോചിതമായ മറ്റ് നടപടികള്‍ കൈക്കൊള്ളാനും കൂട്ടാക്കിയില്ല. അതിനാല്‍ അര നൂറ്റാണ്ടിനു ശേഷവും ബോര്‍ഡിന്റെ കീഴിലുള്ള  അമ്പലങ്ങളില്‍ ബ്രാഹ്മണാധിപത്യം തുടരുന്നു. ബോര്‍ഡ് പരിശീലനം നല്‍കിയ അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുമ്പോള്‍ നഷ്ടപ്രതാപമോര്ത്ത് കഴിയുന്ന മാടമ്പിമാര്‍ ഇപ്പോഴും എതിര്‍പ്പുമായി മുന്നോട്ടു വരാറുണ്ട്.
ആദ്യഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ പരിഷ്കാരങ്ങളുടെ ഫലമായി പരമ്പരാഗത ശാന്തിപ്പണിയില്‍ മാറ്റമുണ്ടായി. പല ക്ഷേത്രങ്ങളിലെയും ശാന്തിമാരെ ഇപ്പോള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു വരുന്നു. ഈ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ദൈവകോപമോ ബ്രാഹ്മണശാപമോ ഏറ്റുവാങ്ങേണ്ടി വന്നതായി അറിയില്ല. എന്നിട്ടും പില്‍ക്കാല ബോര്‍ഡുകള്‍ മാറ്റം വരുത്താന്‍ ധൈര്യപ്പെടാത്തത് രാഷ്ട്രീയ കേരളം പിന്നോട്ട് സഞ്ചരിച്ചു തുടങ്ങിയതുകൊണ്ടാണ്. മുന്നണി സമ്പ്രദായം നിലവില്‍ വന്നശേഷം നിരവധി സി.പി.എം അംഗങ്ങളും അനുഭാവികളും ബോര്‍ഡിന്‍റെ തലപ്പതത് വന്നിട്ടുണ്ട്. പരമ്പരാഗത തന്ത്രി സമ്പ്രദായം അഴിച്ചു പണിയുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്കും കഴിയാത്തത് ബ്രാഹ്മനശാപം ഭയക്കുന്നത് കൊണ്ടാണോ? അതോ ജാതിമേധാവിത്വമായി സന്ധി ചെയ്തതുകൊണ്ടാണോ? രണ്ടായാലും അത് ഇടതു പക്ഷത്തിനു ചേര്‍ന്നതല്ല. (ജനശക്തി ഒക്ടോബര്‍ 16-31, 2018) 

Friday, October 5, 2018


ശബരിമല വിധിയുടെ മുതലെടുപ്പുകാലം  

ബി.ആര്‍.പി. ഭാസ്കര്‍                                                                                                                മാധ്യമം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീം കോടതി വിധി ചിലര്‍ അവകാശപ്പെടുന്നതുപോലെ വിപ്ലവകരമായ ഒന്നല്ല. അവിടെ 10 മുതല്‍ 50വയസുവരെ പ്രായമുള്ള സ്ത്രീകളുടെ പ്രവേശം പരമ്പരാഗതമായി വിലക്കിയിരുന്നില്ല. ആ വിലക്ക് ഏര്‍പ്പെടുത്തിയത് കേരള ഹൈക്കോടതിയാണ്. അതും 27 കൊല്ലം മുമ്പ് മാത്രം. അതിനു മുമ്പ് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. മല കയറുന്ന പുരുഷന്‍ അയ്യപ്പനെന്നും സ്ത്രീ മാളികപ്പുറം എന്നും അറിയപ്പെട്ടിരുന്നു. അയ്യപ്പക്ഷേത്രത്തിന് സമീപത്തുള്ള അമ്പലത്തിലെ ദേവിയായ മാളികപ്പുറത്തമ്മയുടെ പേരില്‍ നിന്നാണ് ആ വിളിപ്പേര്‍ ഉണ്ടായത്  
ഹൈക്കോടതിയുടെ 1991ലെ ഇടപെടലില്‍ ജഡ്ജി കെ.എസ്.പരിപൂര്‍ണ്ണന്‍റെ വ്യക്തിപരമായ താല്പര്യം പ്രകടമാണ്. ഒരാള്‍ അദ്ദേഹത്തിനെഴുതിയ കത്ത് പോതുതാല്പര്യ ഹര്‍ജിയാക്കിക്കൊണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ എതിര്കക്ഷിയാക്കിക്കൊണ്ടും അദ്ദേഹവും ജ കെ. ബാലകൃഷ്ണ മാരാരും കൂടി വാദം കേട്ടശേഷം 10നും 50നും ഇടയ്ക്ക്   പ്രായമുള്ള സ്ത്രീകളുടെ പ്രവേശം മൊത്തത്തില്‍ നിരോധിക്കുകായയിരുന്നു   
അതിനു മുമ്പ് മണ്ഡലം, മകരവിളക്ക് വിഷു എന്നീ അവസരങ്ങളിലൊഴികെ 10 മുതല്‍50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. ഇക്കാര്യം  ബോര്‍ഡും  മുന്‍ ദേവസ്വം കമ്മിഷണര്‍ എസ്. ചന്ദ്രികയും സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. എന്നിട്ടും ജ. പരിപൂര്‍ണ്ണന്‍ തന്ത്രിയെയും മുന്‍ പന്തളം രാജാവിനെയും അയ്യപ്പ സേവാ സംഘം പ്രതിനിധിയെയും വിളിച്ചു വരുത്തി അനുകൂല മൊഴി നേടിയശേഷം 10-50 പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുകയായിരുന്നു. നായനാര്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഹൈക്കോടതി വിധിയെ  സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തില്ല.
സുപ്രീം കോടതിയുടെ മുന്നില്‍ ഒരു ഹര്‍ജിയിലൂടെ ഈ വിഷയം വന്നത് 2006ലാണ്. എല്‍.ഡി.എഫ് കാലത്ത് സ്ത്രീപ്രവേശത്തെ അനുകൂലിച്ചും യു.ഡി.എഫ് കാലത്ത് എതിര്‍ത്തും സര്‍ക്കാര്‍ സത്യവാങ്ങ്മൂലങ്ങള്‍ നല്‍കി. ഇപ്പോഴത്തെ എല്‍.ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ് അദ്ധ്യക്ഷന്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചത് അദ്ദേഹം ആരോടോപ്പമാണ് എന്ന ചോദ്യം ഉയര്‍ത്തുന്നു.
സുപ്രീം കോടതി ഈ വിഷയം പരിശോധിച്ചത് ഭരണഘടനയുടെയും  മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തിലാണ്. ആ രീതിയില്‍ കാണാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ബെഞ്ചിലെ വനിതാ ജഡ്ജിക്ക് വിയോജിപ്പ്‌ രേഖപ്പെടുത്തേണ്ടി വന്നത്. വിശ്വാസത്തേക്കാള്‍ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളാണ് വിധിയെ എതിര്‍ക്കുന്നവരെ പൊതുവെ നയിക്കുന്നത്. റിവ്യൂ ഹര്‍ജി നല്‍കണമെന്ന യു.ഡി.എഫ് നേതാക്കളുടെ ആവശ്യം അത്തരത്തിലുള്ളതാണ്. സ്ത്രീപ്രവേശത്തോട് എതിര്‍പ്പില്ലെന്ന്‍ ആര്‍.എസ്.എസ് വ്യക്തമാക്കിയിട്ടും അതിനോട ആഭിമുഖ്യം പുലര്‍ത്തുന്ന ചിലര്‍ പ്രക്ഷോഭത്തിനീറങ്ങുന്നതും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ്. അവരില്‍ ചിലര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ താല്പര്യങ്ങളുമുണ്ടാകാം.. 
ചരിത്രവസ്തുതകള്‍ അറിയാത്ത സ്ത്രീകളെ അണിനിരത്തി ശരണം വിളിയുമായി തുടങ്ങിയ പ്രക്ഷോഭത്തിന്റെ നേതൃനിര കാണുക: നാല് നൂറ്റാണ്ടായി രാജ്യമില്ലാത്ത പന്തളം രാജാവ് രാമ വര്‍മ്മ, തന്ത്രികുടുംബാംഗമല്ലെങ്കിലും ആണെന്ന ധാരണ പരത്തുന്ന രാഹുല്‍ ഈശ്വര്‍, അവര്‍ണ്ണ പൂജാരി യദുവിനെതിരെ കഴിഞ്ഞ കൊല്ലം പ്രക്ഷോഭം സംഘടിപ്പിച്ച യോഗക്ഷേമ സഭാ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി (ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ സ്ഥാനാരത്ഥിയുമായിരുന്നു.) ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ ഉല്‍ക്കണ്ഠയുള്ള മറ്റൊരാള്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി ആണ്. സ്വന്തം അമ്മൂമ്മ മകന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുമൊത്ത്   44ആം വയസില്‍ ശബരിമലയില്‍ പോയ വിവരം അവര്‍ മറക്കുന്നു  
നിയമ തടസം നീങ്ങിയതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടും എന്ന പ്രതീക്ഷയില്‍ അവര്‍ക്കായി സൌകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വലിയ തിരക്കുള്ള ഉത്സവകാലത്ത് എത്ര സ്ത്രീകള്‍ വരുമെന്ന് അനുമാനിക്കാന്‍ കഴിയില്ല. പുതിയ കോടതി വിധിയിലൂടെ കിട്ടിയ അവകാശം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഉണ്ടാകും. അതേസമയം സ്ത്രീവിലക്ക് പരമ്പരാഗതമായുള്ളതാണെന്ന അന്ധവിശാസം മൂലം പോകേണ്ടെന്ന് തീരുമാനിക്കുന്നവരുമുണ്ടാകും. കുറെ കൊല്ലങ്ങളായി ശബരിമലയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‍ ധാരാളം പേരെത്തുന്നുണ്ട്. ഒരുപക്ഷെ ആദ്യഘട്ടത്തില്‍ പുറത്തുനിന്നാവും കൂടുതല്‍ സ്ത്രീകളും വരിക.
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ എത്രമാത്രം വര്ദ്ധനവുണ്ടാകുമെന്നു കണക്കാക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ ചിലര്‍  കൂടുതല്‍ വനം വെട്ടിത്തെളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് പ്രളയത്തില്‍നിന്ന് അവര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. അവശേഷിക്കുന്ന വനം സംരക്ഷിക്കാനുള്ള ചുമതയും അതിനുണ്ട്. വനം നശിപ്പിക്കാതെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകുന്നില്ലെങ്കില്‍ നിലയ്ക്കല്‍ താവളത്തില്‍ നിന്ന്‍ മുകളിലേക്ക് കയറുന്നവരുടെ എണ്ണം ക്ലിപ്തപ്പെടുത്തി തിരക്ക് നിയന്ത്രിക്കണം. ഈ പശ്ചാത്തലത്തില്‍ ഒരു ദിവസം മല കയറുന്നവരുടെ എണ്ണം ഒരു ലക്ഷമായി ക്രമീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെടുത്ത തീരുമാനം സ്വാഗതാര്‍ഹാമാണ്. ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലും ജമ്മു-കശ്മീരിലെ അമര്‍നാഥ് ഗുഹ, വൈഷ്ണോദേവി എന്നിവിടങ്ങളിലും ക്ഷേത്ര ഭരണാധികാരികള്‍ സര്‍ക്കാര്‍ ഇടപ്ടല്‍ കൂടാതെ തന്നെ ഇത്തറാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശനകാലം നീട്ടിക്കൊണ്ട് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. അയ്യപ്പസന്നിധിയിലെത്താന്‍ വന്യമൃഗങ്ങളുള്ള കാടുകളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന കാലത്ത്  മണ്ഡലം, മകരവിളക്ക് എന്നീ അവസരങ്ങളില്‍ മാത്രമാണ് തീര്‍ത്ഥാടകാര്‍ എത്തിയിരുന്നത്. പിന്നീട് വിഷുവിനും ഭക്തര്‍ക്ക് പോകാന്‍ അനുവാദം നല്‍കി. അതിനുശേഷം എല്ലാ മലയാള മാസത്തിലും ആദ്യ ദിവസങ്ങളിലെ പൂജകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. യാത്ര കൂടുതല്‍ സുഗമമായ സാഹചര്യത്തില്‍ കൊല്ലം മുഴുവനും സന്ദര്‍ശനം അനുവദിക്കുന്നതും ആലോചിക്കാവുന്നതാണ്.
പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിപ്പുകാരായി അഭിനയിക്കുന്ന ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍ 1947ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്ന അമ്പലങ്ങളുടെ ഭരണം സംബന്ധിച്ചുണ്ടാക്കിയ കരാര്‍ പ്രകാരം നിലവില്‍ വന്നതാണ്. ഇതിനകം പാരമ്പര്യങ്ങളില്‍ പല മാറ്റങ്ങളും അത് വരുത്തിയിട്ടുണ്ട്. പോന്നമ്പലമെട്ടില്‍ മകരവിളക്ക് തെളിയിച്ചിരുന്ന മലയരയന്മാരെ അത് പുറത്താക്കി. അതിനുശേഷം ആ പണി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. സുശീലാ ഗോപാലന്റെ ചേര്‍ത്തലയിലെ ചീരപ്പന്‍ചിറ കുടുംബത്തിനു പരമ്പരാഗതമായി ലഭിച്ച വെടിവഴിപാട് അവകാശം അത് ലേലം ചെയതു. ആ നടപടികള്‍ വൈദിക ബ്രാഹ്മണരുടെ വരവിനു മുമ്പ് ശബരിമലയ്ക്ക് അവര്‍ണ്ണ ജനതയുമായുണ്ടായിരുന്ന ബന്ധം മുറിച്ചു. ശരണം വിളിച്ചുകൊണ്ട് പ്രക്ഷോഭം നടത്തുന്ന കപട പാരമ്പര്യവാദികള്‍ ശരണം വിളി ശബരിമലയുടെ ബുദ്ധപാരമ്പര്യത്തിന്റെ ശേഷിപ്പ് ആണെന്ന് അറിഞ്ഞുകൂടാത്തവരാകണം.